വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര-സംസ്ഥാന ഏകോപനം ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവര-പൊതുജന സമ്പര്‍ക്ക സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പോസ്റ്റഡ് ഓണ്‍: 25 AUG 2026 6:46PM by PIB Thiruvananthpuram
വിവരസാങ്കേതികവിദ്യ, പ്രക്ഷേപണം, മാദ്ധ്യമങ്ങൾ, സർഗ സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിലെ പ്രധാന പദ്ധതികൾ ചർച്ച ചെയ്യാനും പരസ്പര ഏകോപനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുത്തു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ സമ്മേളനത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിച്ചു. രാജ്യ പുരോഗതി ലക്ഷ്യമിടുന്ന സപ്തധാരകളില്‍ പ്രധാനമന്ത്രി ഉൾപ്പെടുത്തിയ ഇന്ത്യയുടെ സാംസ്കാരിക സ്വാധീനത്തെയും സർഗ സമ്പദ്‌വ്യവസ്ഥയെയും പരാമർശിച്ച അദ്ദേഹം രാജ്യത്തിന്റെ വിപുലമായ സർഗാത്മക ശേഷി പ്രയോജനപ്പെടുത്താനും പൊതുവിനിമയം കൂടുതൽ ശക്തിപ്പെടുത്താനും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ കരുത്തുറ്റതും വ്യവസ്ഥാപിതവുമായ സഹകരണം ആവശ്യമാണെന്ന് വ്യക്തമാക്കി. സംസ്കാരം, സർഗാത്മകത, വാണിജ്യം എന്നിവ ഉൾക്കൊള്ളുന്ന സര്‍ഗ സമ്പദ്ഘടനയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും ഇന്ത്യയുടെ ആഗോള സ്വാധീനം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വ്യത്യസ്തമായ കരുത്ത് എടുത്തുപറഞ്ഞ ശ്രീ ചഞ്ചൽ കുമാർ സർഗ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഏകമാതൃക പര്യാപ്തമല്ലെന്ന് വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും സർഗശേഷി പൂർണമായി വിനിയോഗിക്കാൻ അവരുടെ സാംസ്കാരിക കരുത്തിനെയും സ്ഥാപനപരമായ ശേഷികളെയും പ്രാദേശിക പ്രതിഭകളെയും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ, സംരംഭകത്വ നടപടികള്‍ സുഗമമാക്കല്‍, ശേഷിവികസനം, പ്രാദേശിക ഉള്ളടക്കങ്ങൾ, സർഗാത്മക ആവാസവ്യവസ്ഥ എന്നിവയുൾപ്പെടെ കേന്ദ്ര-സംസ്ഥാന സഹകരണം കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളും അദ്ദേഹം വിശദീകരിച്ചു. വേവ്സ് 2027, വേവ്സ് ബസാർ, വേവ്എക്സ്, 'ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചുകൾ തുടങ്ങിയ ദേശീയ വേദികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും സ്റ്റാർട്ടപ്പുകൾക്കും വിപണികൾ, നിക്ഷേപകർ, സാങ്കേതികവിദ്യ, ആഗോള പങ്കാളിത്തം എന്നിവയിലേക്ക് മികച്ച പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
 
വിവിധ പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ച സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ മന്ത്രാലയവുമായി ഏകോപനവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു. കൂടുതൽ മികച്ച ആശയവിനിമയം, പങ്കാളിത്തം, കൃത്യമായ ഇടവേളകളിലെ സമ്മേളനങ്ങൾ എന്നിവയിലൂടെ സംസ്ഥാനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്ന് കൂടുതൽ പിന്തുണ വേണമെന്ന ആവശ്യവും സംസ്ഥാനതല ശേഷിവികസനത്തിന്റെ പ്രാധാന്യവും യോഗത്തിൽ ചര്‍ച്ചയായി. മന്ത്രാലയവുമായി കൂടുതൽ ചേർന്നു പ്രവർത്തിക്കാനും ഓറഞ്ച് എക്കോണമി അഥവാ സർഗ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ സജീവമായി പങ്കുചേരാനും ഉദ്യോഗസ്ഥർ സന്നദ്ധത പ്രകടിപ്പിച്ചു.
 
സംസ്ഥാന ഗവണ്‍മെന്റുകള്‍ കേബിൾ ഓപ്പറേറ്റർമാർക്കുവേണ്ടി നടപ്പാക്കുന്ന റൈറ്റ് ഓഫ് വേ സംവിധാനം, വേവ്സ് 2027 മാർഗരേഖ, വേവ്സ് ബസാറും വിപണി ലഭ്യതയും ശക്തിപ്പെടുത്തൽ, പൊതുസേവന പ്രക്ഷേപണ അടിസ്ഥാന സൗകര്യ വിപുലീകരണം, വേവ്സ് ഒടിടി പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കൾ സൃഷ്ടിക്കുന്ന സര്‍ഗാത്മക ഉള്ളടക്കങ്ങളുടെ പ്രോത്സാഹനം, ഇന്ത്യൻ സിനി ഹബ്ബ് - ഫിലിം ഫെസിലിറ്റേഷൻ ഓഫീസ് പോർട്ടലുകളുടെ സംയോജനം, സിനിമാ ചിത്രീകരണങ്ങൾക്കും തത്സമയ പരിപാടികൾക്കും അനുമതി തേടാന്‍ ഏകജാലക ഐസിഎച്ച് പോർട്ടൽ എന്നിവയുൾപ്പെടെ സുപ്രധാന വിഷയങ്ങള്‍ ‍സമ്മേളനത്തില്‍ ചര്‍ച്ചയായി.
 
ഉള്ളടക്കങ്ങളുടെ സംയുക്ത നിർമ്മാണത്തിലൂടെയും സംസ്ഥാനാടിസ്ഥാനത്തിലെ പ്രോഗ്രാമിങിലൂടെയും മികച്ച ജനസമ്പർക്കത്തിലൂടെയും പൊതുസേവന പ്രക്ഷേപണം ശാക്തീകരിക്കൽ, തത്സമയ പരിപാടികളുടെ പ്രോത്സാഹനം, ഐഐഎംസി പരിശീലന സൗകര്യങ്ങളിലൂടെ വിവര-പൊതുജന സമ്പര്‍ക്ക ഉദ്യോഗസ്ഥരുടെ ശേഷിവികസനം, പ്രസ് സേവാ പോർട്ടൽ വഴി 2023-ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് നിയമത്തിന് കീഴിലെ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള മാറ്റം, സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിൽ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പുസ്തകങ്ങൾ നൽകി ലൈബ്രറികൾ ശാക്തീകരിക്കല്‍ എന്നിവയും സമ്മേളനം ചർച്ച ചെയ്തു.
 
പൊതുജനസമ്പർക്ക പരിപാടികൾ, തത്സമയ പരിപാടികള്‍, വിവര-പൊതുജന സമ്പര്‍ക്ക ഉദ്യോഗസ്ഥരുടെ ശേഷി വികസനം, മാദ്ധ്യമ-പ്രസിദ്ധീകരണ മേഖലകളിലെ ഡിജിറ്റൽ പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സമ്മേളനം അവലോകനം ചെയ്തു.
 
സംസ്ഥാനാടിസ്ഥാനത്തിലെ ഉള്ളടക്കങ്ങൾക്കും ജനസമ്പർക്കത്തിനും പിഐബി മേഖലാ ഓഫീസുകൾ, സംസ്ഥാന വിവര-പൊതുജന സമ്പര്‍ക്ക വകുപ്പുകൾ, ദൂരദർശൻ-ആകാശവാണി പ്രാദേശിക നിലയങ്ങൾ എന്നിവ തമ്മിൽ കൂടുതൽ അടുത്ത ഏകോപനമുണ്ടാകണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. സർഗ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും പൊതുവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്ന പുതിയ ആശയങ്ങൾക്കും സംസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങൾക്കും പങ്കാളിത്ത മാതൃകകൾക്കും മന്ത്രാലയം എപ്പോഴും തുറന്ന പിന്തുണ നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ അടുത്ത ഏകോപനത്തിന്റെയും കൂട്ടായ പ്രതിബദ്ധതയുടെയും പ്രതിഫലനമായി മാറിയ സമ്മേളനത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറിമാരും പ്രതിനിധികളും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
***

( റിലീസ് ഐ.ഡി: 2303369) സന്ദര്‍ശക കൗണ്ടര്‍ : 10