വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പി.ഐ.ബി ഫാക്‌ട്-ചെക്കിംഗ്, പൊതുജനസേവന പ്രക്ഷേപണം , ഡിജിറ്റൽ മീഡിയ നിയന്ത്രണങ്ങൾ എന്നിവയിലൂടെ വിശ്വസനീയമായ വിവര വിനിമയം കേന്ദ്ര ഗവൺമെന്റ് ശക്തമാക്കുന്നു
प्रविष्टि तिथि:
12 AUG 2026 3:01PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വിവര വിനിമയ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB), വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സമയബന്ധിതവും വിശ്വസനീയവും കൃത്യവുമായ വിവരങ്ങൾ നൽകാനായി പ്രവർത്തിക്കുന്നു. പൊതുജനസേവന പ്രക്ഷേപണം എന്ന ലക്ഷ്യം നിറവേറ്റുന്നതിൽ പ്രസാർ ഭാരതി പ്രധാന പങ്കുവഹിക്കുന്നു. പ്രാദേശിക ഭാഷകളും നാട്ടുഭാഷകളും (dialects) ഉൾപ്പെടെയുള്ള ഒന്നിലധികം ഭാഷകളിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു.
ഗവൺമെന്റിന്റെ പദ്ധതികളെയും നയങ്ങളെയും കുറിച്ചുള്ള വ്യാജ വാർത്തകൾ തടയുന്നതിനായി പി.ഐ.ബി-യിൽ ഒരു വസ്തുതാ പരിശോധന വിഭാഗം (Fact Check Unit - FCU) ഗവൺമെന്റ് സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSUs), മറ്റ് കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ വ്യവസ്ഥാപിതമായ വസ്തുതാ പരിശോധന പ്രക്രിയയിലൂടെ FCU പരിശോധിക്കുന്നു. തുടർന്ന്, സ്ഥിരീകരിച്ച വിവരങ്ങൾ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വിനിമയം ചെയ്യുന്നു.
ദൂരദർശനും ആകാശവാണിയും വാർത്താ ബുള്ളറ്റിനുകൾ, പരിപാടികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ സ്ഥിരീകരിച്ച വിവരങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നു. സംപ്രേഷണത്തിന് മുമ്പ് കർശനമായ വസ്തുതാ പരിശോധന, വിവിധ വിശ്വസനീയ സ്രോതസ്സുകളിലൂടെയുള്ള പരിശോധിച്ച് ഉറപ്പുവരുത്തൽ (cross-verification), എഡിറ്റോറിയൽ പരിശോധന എന്നിവ ഉൾപ്പെടുന്ന ബഹുതല എഡിറ്റോറിയൽ സംവിധാനമാണ് ഡി.ഡി ന്യൂസ് പിന്തുടരുന്നത്. തെറ്റായ വിവരങ്ങളെയും വ്യാജ പ്രചാരണങ്ങളെയും പ്രതിരോധിക്കുന്നതിന് പി.ഐ.ബി വസ്തുതാ പരിശോധന വിഭാഗത്തിന്റെ സ്ഥിരീകരിച്ച ഉള്ളടക്കം ദൂരദർശന്റെയും ആകാശവാണിയുടെയും വാർത്തകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പതിവായി ഉൾപ്പെടുത്താറുണ്ട്.
2000-ലെ വിവരസാങ്കേതികവിദ്യ നിയമപ്രകാരം (Information Technology Act, 2000), 'വിവരസാങ്കേതിക വിദ്യ (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ 2021' ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. ഈ ചട്ടങ്ങൾ ഇന്റർമീഡിയറി പ്ലാറ്റ്ഫോമുകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുകയും, ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഒ.ടി.ടി (OTT) പ്ലാറ്റ്‌ഫോമുകൾക്കുമായി പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുകയും ചെയ്യുന്നു. പ്രസാധകരുടെ സ്വയം നിയന്ത്രണ സംവിധാനം,സ്വയം നിയന്ത്രിത സമിതികൾ, കേന്ദ്ര ഗവൺമെന്റിന്റെ മേൽനോട്ട സംവിധാനം എന്നിവ അടങ്ങുന്ന മൂന്ന് തലങ്ങളുള്ള പരാതി പരിഹാര സംവിധാനം ഇത് സ്ഥാപിക്കുന്നു.
ചലച്ചിത്ര സാങ്കേതിക ഉള്ളടക്കങ്ങളുടെ വികസനം, ആശയവിനിമയം, വിതരണം (DCDFC) പദ്ധതി, ഇന്ത്യ സിനി ഹബ് (ICH), നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ (NFHM) തുടങ്ങിയ സംരംഭങ്ങളിലൂടെ ചലച്ചിത്ര-മാധ്യമ മേഖലയെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ചലച്ചിത്ര മേളകൾ, ഇന്ത്യൻ സിനിമയുടെ പ്രചരണം, അന്താരാഷ്ട്ര പങ്കാളിത്തം, സംരക്ഷണം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഡി.സി.ഡി.എഫ്.സി (DCDFC) പദ്ധതി സാമ്പത്തിക സഹായം നൽകുന്നു. ഇന്ത്യ സിനി ഹബ് ഏകജാലക സംവിധാനത്തിലൂടെ സിനിമ ചിത്രീകരണ അനുമതികൾ സുഗമമാക്കുകയും ഇന്ത്യയെ ഒരു സിനിമാ ചിത്രീകരണ കേന്ദ്രമായി ആവിഷ്കരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ചലച്ചിത്ര പാരമ്പര്യത്തിന്റെ സംരക്ഷണം, പുനരുദ്ധാരണം, ഡിജിറ്റലൈസേഷൻ, ആർക്കൈവിംഗ് എന്നിവ എൻ.എഫ്.എച്ച്.എം (NFHM) നടത്തിവരുന്നു .
മാധ്യമ, സംപ്രേഷണ മേഖലകളിലെ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തിക്കൊണ്ട് ഗവൺമെന്റ് അന്താരാഷ്ട്ര മാധ്യമ സഹകരണവും പ്രോത്സാഹിപ്പിക്കുന്നു.
2025 മേയിൽ മുംബൈയിൽ പ്രഥമ ദൃശ്യ ശ്രവ്യ &വിനോദ ഉച്ചകോടിക്ക് (WAVES 2025) ഇന്ത്യ ഗവൺമെന്റ് ആതിഥേയത്വം വഹിച്ചു. " ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക" എന്ന കാഴ്ചപ്പാടിലൂടെ ഇന്ത്യയെ ഉള്ളടക്ക നിർമ്മാണത്തിന്റെ (content creation) ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മാധ്യമ-വിനോദ മേഖലയെ ഇത് ഒരുമിച്ച് കൊണ്ടുവന്നു. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആഗോള ബയർമാർ, നിക്ഷേപകർ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, ടെക്‌നോളജി ലീഡർമാർ എന്നിവരുമായി ഇടപഴകാൻ ഇന്ത്യൻ സ്രഷ്ടാക്കൾക്കും നിർമ്മാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും ഈ ഉച്ചകോടി ഒരു മികച്ച വേദിയൊരുക്കി.
പ്രക്ഷേപണ മേഖലയിൽ, അന്താരാഷ്ട്ര പ്രക്ഷേപകരുമായുള്ള ഉള്ളടക്ക,- പങ്കാളിത്ത ക്രമീകരണങ്ങളിലൂടെയും പങ്കാളി സംഘടനകളുമായുള്ള കരാറുകളിലൂടെയും ലോകമെമ്പാടുമുള്ള പ്രക്ഷേപണ സ്ഥാപനങ്ങളുമായി പ്രസാർ ഭാരതി സജീവമായ ബന്ധം പുലർത്തുന്നു.
സംപ്രേഷണം, ഉള്ളടക്ക കൈമാറ്റം, പ്രൊഫഷണൽ വൈദഗ്ദ്ധ്യം, മികച്ച രീതികൾ എന്നിവയിൽ സഹകരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റർമാരുമായി 48 സജീവ ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ന് ലോക്‌സഭയിൽ ഡോ. അലോക് കുമാർ സുമൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.
*****
(रिलीज़ आईडी: 2298343)
आगंतुक पटल : 19