വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേദിയൊരുങ്ങുന്നു: 2030 ഓടെ ലൈവ് ഇവന്റ് മേഖലയിൽ ആഗോള നേതൃത്വം ലക്ഷ്യമിട്ട് ഇന്ത്യ
മോഡൽ ലൈസൻസിംഗ് ഫ്രെയിംവർക്ക്, ഹെറിറ്റേജ് വെന്യൂ എസ്ഒപി, ഗ്രീൻഫീൽഡ് വെന്യൂ പോളിസി എന്നിവ പ്രധാന LEDC പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു
ഇന്ത്യ സിനി ഹബ് ഓൺലൈൻ പോർട്ടൽ മുഖേന ലൈവ് പരിപാടികൾക്കുള്ള അനുമതികൾ കൈകാര്യം ചെയ്യുന്നതിനായി 29 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
MESC, EEMA എന്നിവയുമായി സഹകരിച്ച് IIMC ലൈവ് ഇവന്റുകളിൽ സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകൾ വികസിപ്പിക്കുന്നു
प्रविष्टि तिथि:
29 JUL 2026 3:16PM by PIB Thiruvananthpuram
സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, വിനോദസഞ്ചാരം, സാംസ്കാരിക പ്രോത്സാഹനം എന്നിവയുടെ പ്രധാന ചാലകശക്തിയെന്ന നിലയിലാണ് ലൈവ് ഇവന്റ് മേഖലയെ ഗവണ്മെന്റ് വീക്ഷിക്കുന്നത്.
ലൈവ് ഇവന്റ് മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുന്നതിനും 2030 ആകുമ്പോഴേക്കും ഇന്ത്യയെ ലൈവ് ഇവന്റുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുമായി, ഗവണ്മെന്റ് 2025 ജൂലൈയിൽ ലൈവ് ഇവന്റ്സ് ഡെവലപ്‌മെന്റ് സെൽ (LEDC) സ്ഥാപിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി അധ്യക്ഷനായ LEDCയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന ഗവണ്മെന്റുകൾ, വ്യാവസായിക അസോസിയേഷനുകൾ അടക്കമുള്ള വിവിധ മേഖലകളിലെ പ്രതിനിധികൾ ഉൾപ്പെടുന്നു.
26.08.2025, 16.10.2025, 04.02.2026, 30.04.2026 എന്നീ തീയതികളിലായി LEDC യുടെ നാല് യോഗങ്ങൾ നടന്നു, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും, നിയന്ത്രണ പ്രക്രിയകൾ ലളിതമാക്കുന്നതിനും, ബിസിനസ് സുഗമമാക്കുന്നതിനും, ലൈവ് ഇവന്റ് മേഖലയ്ക്കായി ശക്തമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും ഉള്ള നടപടികൾ ആരംഭിച്ചു.
പ്രധാന ഗുണഫലങ്ങൾ താഴെ പറയുന്നു:
ഈ മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനുമായി വിശദമായ ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കുകയും ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ സിനി ഹബ് (ICH) പോർട്ടലിൽ ലൈവ് ഇവന്റ് പരിപാടികൾക്ക് അനുമതി നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം വികസിപ്പിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കാനും, പണമടയ്ക്കാനും, അവരുടെ അപേക്ഷാ നില തത്സമയം നിരീക്ഷിക്കാനും, വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കാനും, പരിശോധനകൾ ഷെഡ്യൂൾ ചെയ്യാനും, എല്ലാ പ്രക്രിയകളും സുരക്ഷിതമായ ഡിജിറ്റൽ രേഖകൾ ഉപയോഗിച്ച് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാകുന്നുണ്ടെന്ന് ഉറപ്പാക്കാനും പോർട്ടൽ ഉപയോക്താക്കളെ സഹായിക്കുന്നു.
ICH പോർട്ടലിൽ ലൈവ് ഇവെന്റുകൾക്കുള്ള അനുമതികൾക്കായി 29 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
"ഇന്ത്യയിലെ ലൈവ് ഇവെന്റുകൾക്കുള്ള ലൈസൻസിംഗും അനുമതികളും കാര്യക്ഷമമാക്കുന്നതിനുള്ള മോഡൽ എക്സിക്യൂട്ടീവ് ഓർഡർ, 2026" തയ്യാറാക്കി 13.03.2026 ന് എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കും LEDC വിതരണം ചെയ്തു. നിലവിൽ, 3 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്.
സംരക്ഷിത സ്മാരകങ്ങളിൽ ലൈവ് ഇവെന്റുകൾ സംഘടിപ്പിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രൂപപ്പെടുത്തിയിട്ടുണ്ട്, ഇതിനായി 224 പൈതൃക സ്ഥലങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
ഗ്രീൻഫീൽഡ് വേദി വികസന നയത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് തയ്യാറാക്കി സംസ്ഥാന ഗവണ്മെന്റുകൾക്കും, കായിക അധികാരികൾക്കും, വ്യവസായ പങ്കാളികൾക്കും വിതരണം ചെയ്തിട്ടുണ്ട്.
ഒരു സ്കില്ലിംഗ് കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ ആൻഡ് എന്റർടൈൻമെന്റ് സ്കിൽസ് കൗൺസിൽ, ഇവന്റ് ആൻഡ് എന്റർടൈൻമെന്റ് മാനേജ്മെന്റ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ച്, ലൈവ് ഇവന്റുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്സുകൾ, ഇലക്ടീവ് മൊഡ്യൂളുകൾ അടക്കമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
വിദേശ കലാകാരന്മാർക്കും സംഘങ്ങൾക്കും വിസയും അനുമതിയും, വേദികളിലേക്കുള്ള പ്രവേശനം, സംഗീത ലൈസൻസിംഗ്, രാത്രി 10 മണിക്ക് ശേഷമുള്ള പരിപാടികൾക്ക് അനുമതി, നികുതി, സാമ്പത്തിക സഹായം എന്നിവയുൾപ്പെടെ ലൈവ് ഇവന്റ് മേഖലയെ ബാധിക്കുന്ന ഒട്ടേറെ വെല്ലുവിളികൾ LEDC തിരിച്ചറിഞ്ഞിട്ടുണ്ട്. അവലോകനത്തിനും സാധ്യമായ പരിഹാരങ്ങൾക്കുമായി ബന്ധപ്പെട്ട ഗവണ്മെന്റ് മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഈ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്.
LEDC ശുപാർശയുടെ അടിസ്ഥാനത്തിൽ, 2026 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് റെഗുലേഷൻസ് പ്രകാരം സേവനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് 500,000 യുഎസ് ഡോളറോ അതിൽ കൂടുതലോ മുൻകൂർ പണമിടപാടുകൾ നടത്തുമ്പോൾ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന ആവശ്യകത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവാക്കി. 2026 ജനുവരി 15 ന് വിജ്ഞാപനം ചെയ്ത ഈ പുതിയ നിയമങ്ങൾ, 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
***
(रिलीज़ आईडी: 2291325)
आगंतुक पटल : 8