വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ആകാശവാണിയുടെ 90-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘സ്വർ പ്രേരണ വീഥിക’ തുറന്നു
प्रविष्टि तिथि:
01 JUL 2026 6:23PM by PIB Thiruvananthpuram
ആകാശവാണിയുടെ 90 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായും 2027-ൽ ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മു ന്നോടിയായും, ആകാശവാണിയും ഇന്ത്യയിലെ ഇതിഹാസ സംഗീതജ്ഞരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ‘സ്വർ പ്രേരണ വീഥിക’ എന്ന ഫോട്ടോ ഗാലറി ഇന്ന് ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ ആകാശവാണി ഭവനിലെ ആകാശവാണി രംഗ് ഭവൻ ഓഡിറ്റോറിയത്തിൽ പത്മവിഭൂഷൺ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയാണ് ഗാലറിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
കഴിഞ്ഞ ഒമ്പത് ദശാബ്ദങ്ങളായി, ഇതിഹാസ കലാകാരന്മാരുടെ പ്രകടനങ്ങൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ശ്രോതാക്കളിൽ എത്തിച്ചുകൊണ്ട് ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യത്തെ പ്രമുഖ പൊതുജന സേവന പ്രക്ഷേപകരായി ആകാശവാണി പ്രവർത്തിക്കുന്നു. ഈ പൈതൃകത്തോടുള്ള ആദരസൂചകമായി വിഭാവനം ചെയ്ത 'സ്വർ പ്രേരണ വീഥിക'യിലൂടെ ആകാശവാണിയുമായി അടുത്ത ബന്ധം പുലർത്തുകയും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിക്കപ്പെടുകയും ചെയ്ത പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കുന്നു. ഇന്ത്യൻ സംഗീതത്തിന് അവർ നൽകിയ അമൂല്യമായ സംഭാവനകൾ സംരക്ഷിക്കുന്നതിനൊപ്പം ഭാവി തലമുറയിലെ കലാകാരന്മാർക്കും സംഗീത പ്രേമികൾക്കും പ്രചോദനം നൽകാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ഈ ഉദ്യമത്തിൻ്റെ ആദ്യഘട്ടത്തിൽ 20 പ്രഗത്ഭ സംഗീതജ്ഞരുടെ ഛായാചിത്രങ്ങൾ അനാവരണം ചെയ്തു. ഭാരതരത്ന ജേതാക്കളായ വിദുഷി എം.എസ്. സുബ്ബലക്ഷ്മി (കർണാടക സംഗീതം), പണ്ഡിറ്റ് രവിശങ്കർ (സിത്താർ), വിദുഷി ലതാ മങ്കേഷ്കർ (പിന്നണി ഗായിക), ഉസ്താദ് ബിസ്മില്ലാ ഖാൻ (ഷെഹ്നായി), പണ്ഡിറ്റ് ഭീംസെൻ ജോഷി (ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ), ഡോ. ഭൂപൻ ഹസാരിക (നാടൻ പാട്ട്) എന്നിവരുടെ ചിത്രങ്ങൾ ഗാലറിയിലുണ്ട്. കൂടാതെ പത്മവിഭൂഷൺ ജേതാക്കളായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ (പുല്ലാങ്കുഴൽ), ഉസ്താദ് അംജദ് അലി ഖാൻ (സരോദ്), ഉസ്താദ് അലാവുദ്ദീൻ ഖാൻ (സരോദ്) എന്നിവരെയും പത്മഭൂഷൺ ജേതാക്കളായ ഉസ്താദ് ഹാഫിസ് അലി ഖാൻ (സരോദ്), പണ്ഡിറ്റ് ബിർജു മഹാരാജ് (കഥക്), ഉസ്താദ് അഹമ്മദ് ജാൻ തിരാക്വ (തബല), പണ്ഡിറ്റ് കൃഷ്ണറാവു ശങ്കർ പണ്ഡിറ്റ് (ഹിന്ദുസ്ഥാനി വോക്കൽ), വിദുഷി ഷന്നോ ഖുറാന (വോക്കൽ), പണ്ഡിറ്റ് ദേബു ചൗധരി (സിത്താർ), വിദുഷി ശരൺ റാണി ബാക്ലിവാൾ (സരോദ്), ഉസ്താദ് സാബ്രി ഖാൻ (സാരംഗി), പണ്ഡിറ്റ് രാജൻ മിശ്ര, പണ്ഡിറ്റ് സാജൻ മിശ്ര (ഹിന്ദുസ്ഥാനി വോക്കൽ), ഉസ്താദ് അസദ് അലി ഖാൻ (രുദ്രവീണ), ഉസ്താദ് മുഷ്താഖ് ഹുസൈൻ ഖാൻ (ഹിന്ദുസ്ഥാനി വോക്കൽ) എന്നിവരെയും ആദരിക്കുന്നു.

ആകാശവാണിയെ രാജ്യത്തെ മുൻനിര സാംസ്കാരിക സ്ഥാപനങ്ങളിലൊന്നാക്കി മാറ്റാൻ സഹായിച്ച പ്രഗത്ഭരായ കലാകാരന്മാരോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ആകാശവാണിയുടെ ശ്രമങ്ങളുടെ ആദ്യപടിയാണ് 'സ്വർ പ്രേരണ വീഥിക'യുടെ ഉദ്ഘാടനമെന്ന് പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ഗൗരവ് ദ്വിവേദി ചടങ്ങിൽ പറഞ്ഞു. വരും ഘട്ടങ്ങളിൽ പ്രഗത്ഭരായ കൂടുതൽ കലാകാരന്മാരുടെ ഛായാചിത്രങ്ങൾ ഗാലറിയിൽ ഉൾപ്പെടുത്തുമെന്നും, പ്രമുഖ പ്രാദേശിക സംഗീതജ്ഞർക്കായി സമർപ്പിച്ചിരിക്കുന്ന സമാനമായ ഗാലറികൾ രാജ്യത്തുടനീളമുള്ള ആകാശവാണി കേന്ദ്രങ്ങളിൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സംഗീതത്തോടുള്ള ആകാശവാണിയുടെ നിതാന്ത പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, തലമുറകളിലെ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി ഒരുക്കി നൽകിക്കൊണ്ടും ശ്രോതാക്കളുടെ വ്യത്യസ്തമായ അഭിരുചികൾക്കനുസരിച്ച് പ്രവർത്തിച്ചുകൊണ്ടും വൈവിധ്യമാർന്ന സംഗീത പാരമ്പര്യങ്ങളെ ആകാശവാണി സദാ പരിപോഷിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിനായുള്ള 'രാഗം', ഭക്തിഗാനങ്ങൾക്കായുള്ള 'ആരാധന' എന്നീ ആകാശവാണിയുടെ ഡിജിറ്റൽ ചാനലുകൾ യൂട്യൂബ്, ന്യൂസ്-ഓൺ-എയർ ആപ്പ്, വേവ്സ് (WAVES) ഒടിടി പ്ലാറ്റ്‌ഫോം എന്നിവയിൽ മുഴുവൻ സമയവും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകം രാജ്യത്തുടനീളവും ലോകത്തിനു മുന്നിലും എത്തിക്കുന്നതിൽ ആകാശവാണിയിലെ കലാകാരന്മാർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സദസ്സിനെ അഭിസംബോധന ചെയ്ത പത്മവിഭൂഷൺ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ആകാശവാണിയിലെ കുട്ടികളുടെ പരിപാടിയിലൂടെയാണ് തൻ്റെ സംഗീത യാത്ര ആരംഭിച്ചതെന്ന് അനുസ്മരിച്ചുകൊണ്ട് ഈ അവസരത്തെ "വീട്ടിലേക്കുള്ള മടക്കം" എന്ന് വിശേഷിപ്പിച്ചു. തലമുറകളോളം കലാകാരന്മാരെ വളർത്തിയെടുത്ത ഒരു കുടുംബമാണ് ആകാശവാണിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം തുടർന്നും തഴച്ചുവളരുമെന്നും രാജ്യത്തുടനീളമുള്ള ശ്രോതാക്കളുടെ സ്നേഹവും വാത്സല്യവും ഈ സ്ഥാപനത്തിന് എന്നും ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളായ പണ്ഡിറ്റ് രൂപക് കുൽക്കർണിയുടെ ആകർഷകമായ പുല്ലാങ്കുഴൽ കച്ചേരി ഈ അവസരത്തെ കൂടുതൽ മനോഹരമാക്കി. മെയ്ഹർ ഘരാനയുടെ വക്താവായ പണ്ഡിറ്റ് കുൽക്കർണി, അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ പുല്ലാങ്കുഴൽ വാദകനും നിരവധി ദേശീയ, അന്തർദേശീയ ബഹുമതികൾക്ക് അർഹനുമായ ആകാശവാണിയുടെ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്. ആദരണീയനായ ഗുരുവിൻ്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിൻ്റെ ഹൃദ്യമായ പ്രകടനം സദസ്സ് ഊഷ്മളമായി സ്വീകരിച്ചു.
ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകം സംരക്ഷിക്കുന്നതിനും രാജ്യത്തെ പൊതുജന പ്രക്ഷേപക സംവിധാനത്തിൻ്റെ പാരമ്പര്യത്തെ സമ്പന്നമാക്കിയ ഇതിഹാസ കലാകാരന്മാരെ ആദരിക്കുന്നതിനുമുള്ള ആകാശവാണിയുടെ നിരന്തരമായ ശ്രമങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് 'സ്വർ പ്രേരണ വീഥിക'.
***
(रिलीज़ आईडी: 2280087)
आगंतुक पटल : 9