ആയുഷ്‌
azadi ka amrit mahotsav

യൂട്യൂബ് യോഗാ തത്സമയ പരിപാടിയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ഗിന്നസ് ലോക റെക്കോർഡുമായി ആയുഷ് മന്ത്രാലയം

2026 അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായുള്ള ആഗോള തത്സമയ യോഗാപരിപാടിയിൽ 4.35 ലക്ഷം പ്രേക്ഷകർ പങ്കാളികളായി.

प्रविष्टि तिथि: 14 JUN 2026 12:56PM by PIB Thiruvananthpuram

2026-ലെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി രാജ്യത്തിന് അഭിമാനകരമായ ചരിത്ര നേട്ടം. യൂട്യൂബ് ലൈവ് യോഗാ സ്ട്രീമിംഗിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ പങ്കെടിപ്പിച്ചതിന് കേന്ദ്ര ആയുഷ് മന്ത്രാലയം പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. മന്ത്രാലയത്തിൻ്റെ   ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്ത പ്രത്യേക ആഗോള ഓൺലൈൻ യോഗാ സെഷനിൽ 4,35,831 പ്രേക്ഷകരാണ് ഒരേസമയം പങ്കാളികളായത്.
 

2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്   മുന്നോടിയായുള്ള മന്ത്രാലയത്തിൻ്റെ   പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ റെക്കോർഡ് ശ്രമം സംഘടിപ്പിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള യോഗാ പരിശീലകർ, വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, യോഗാ പ്രേമികൾ എന്നിവർ ഈ വലിയ ഡിജിറ്റൽ മുന്നേറ്റത്തിൽ ആവേശത്തോടെ പങ്കുചേർന്നു.യോഗയെ ഒരു ദിവസത്തെ ആചരണമായി കാണാതെ, നിത്യജീവിതത്തിൻ്റെ   ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം നടപ്പിലാക്കുന്ന 'യോഗ 365' (Yoga 365) പദ്ധതിയുടെ വലിയൊരു വിജയമായാണ് ഈ റെക്കോർഡ് വിലയിരുത്തപ്പെടുന്നത്.


2024-ൽ സ്ഥാപിക്കപ്പെട്ട 2,46,252 പ്രേക്ഷകർ എന്ന മുൻ ഗിന്നസ് റെക്കോർഡാണ് ഇത്തവണ ആയുഷ് മന്ത്രാലയം തിരുത്തിക്കുറിച്ചത്. മുൻ റെക്കോർഡിനേക്കാൾ 1,89,579 പ്രേക്ഷകരെ അധികമായി അണിനിരത്താൻ ഇത്തവണ മന്ത്രാലയത്തിന് കഴിഞ്ഞു.തത്സമയ സ്ട്രീമിംഗിൽ പങ്കെടുത്ത ഓരോ ഉപഭോക്താവിനെയും ഗിന്നസ് അധികൃതർ കൃത്യമായി പരിശോധിച്ച ശേഷമാണ് ഈ പുതിയ ആഗോള റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

"വ്യത്യസ്ത സംസ്കാരങ്ങളെയും രാജ്യങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കാൻ യോഗയ്ക്കുള്ള അസാധാരണമായ കരുത്തിൻ്റെ   തെളിവാണിത്" എന്ന് പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ  കേന്ദ്ര ആയുഷ് സഹമന്ത്രിയും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ് റാവു ജാദവ് പറഞ്ഞു. ഇതൊരു വെറും റെക്കോർഡ് മാത്രമല്ലെന്നും യോഗയെ ഒരു നിത്യജീവിത ശൈലിയാക്കി മാറ്റാനുള്ള ആഗോള സ്വീകാര്യതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എല്ലാവരും 'യോഗ 365' എന്ന ആപ്തവാക്യം നെഞ്ചിലേറ്റണമെന്നും ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ പങ്കാളികളാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ഈ ചരിത്ര നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച അഭിനന്ദിച്ചു."ഈ നേട്ടം വെറുമൊരു ലോക റെക്കോർഡ് സ്ഥാപിക്കൽ മാത്രമല്ല; നമ്മൾ ലോകത്തിന് നൽകുന്ന ശക്തമായൊരു സന്ദേശമാണ്. യോഗയെ ഒരു ദിവസത്തെ മാത്രം പരിപാടിയായി കാണാതെ, ജീവിതകാലം മുഴുവൻ പിന്തുടരേണ്ട ഒരു ശീലമാക്കി മാറ്റുകയും 'യോഗ 365' യാഥാർത്ഥ്യമാക്കുകയുമാണ് നമ്മുടെ ലക്ഷ്യം."എന്നും അദ്ദേഹം പറഞ്ഞു .

ഒഡീഷ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി മുകേഷ് മഹാലിംഗ്, കേന്ദ്ര പാർലമെൻ്ററി കാര്യ - ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് എന്നിവരുൾപ്പെടെ ആദരണീയ മന്ത്രിമാരുടെ പ്രത്യേക സന്ദേശങ്ങൾ പരിപാടിയിൽ സംപ്രേഷണം ചെയ്തു. ചരിത്രപരമായ നേട്ടത്തിന് പങ്കെടുത്തവരെ അഭിനന്ദിച്ചുകൊണ്ട്, പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനും സമഗ്രമായ ക്ഷേമത്തിനുമുള്ള ഒരു ഉപകരണമെന്ന നിലയിൽ യോഗയുടെ പ്രാധാന്യം അവർ അടിവരയിട്ടു, കൂടാതെ യോഗയെ  ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്തിക്കൊണ്ട് യോഗ 365 ൻ്റെ   ആത്മാവ് സ്വീകരിക്കാൻ  അവർ പൗരന്മാരോട് ആഹ്വാനം ചെയ്തു.

ആഗോള ഓൺലൈൻ യോഗാ പരിപാടി കേന്ദ്ര ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും (MDNIY) മറ്റ് പങ്കാളിത്ത സംഘടനകളും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള പങ്കാളികൾ ആയുഷ് മന്ത്രാലയത്തിൻ്റെ   ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയ സെഷനിൽ പങ്കുചേർന്നു. പ്രമുഖ ഓൺലൈൻ യോഗാ പ്ലാറ്റ്‌ഫോമായ 'ഹാബിൽഡ്' (Habuild) ടീമിൻ്റെ   വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശത്തിലാണ് പങ്കെടുത്തവർ പൊതു യോഗാ പ്രോട്ടോക്കോൾ പ്രകാരമുള്ള യോഗാസനങ്ങൾ പരിശീലിച്ചത്.

"ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" (Yoga for Healthy Ageing) എന്ന സന്ദേശവുമായാണ് 2026-ലെ അന്താരാഷ്ട്ര യോഗാദിനം രാജ്യം ആഘോഷിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിലും, വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ കുറച്ച് ദീർഘായുസ്സും ജീവിതഗുണനിലവാരവും ഉറപ്പാക്കുന്നതിലും യോഗയ്ക്കുള്ള പങ്കിനെ അടിവരയിടുന്നതാണ് ഈ വർഷത്തെ പ്രമേയം.ആരോഗ്യത്തിനും ഐക്യത്തിനും വേണ്ടിയുള്ള ആഗോള പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നതിനായി യോഗ പ്രേമികളെയും പ്രാക്ടീഷണർമാരെയും പങ്കാളികളെയും ഒരുമിച്ച് കൊണ്ട് 2026 ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ   പ്രധാന ദേശീയതല ആഘോഷങ്ങൾക്ക് പശ്ചിമ ബംഗാളിലെ കൊൽക്കത്ത വേദിയാകും.

ഗിന്നസ് ലോക റെക്കോർഡ് എന്ന ചരിത്ര നേട്ടത്തിൽ പങ്കാളികളായ ലോകമെമ്പാടുമുള്ള യോഗാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ഗവൺമെൻ്റ് വകുപ്പുകൾ, കോർപ്പറേറ്റ് സംഘടനകൾ, സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ, ആഗോള പ്രവാസി മലയാളി കൂട്ടായ്മകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ തുടങ്ങി  എല്ലാവർക്കും കേന്ദ്ര ആയുഷ് മന്ത്രാലയം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.  

2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിലേക്ക് രാജ്യം അടുക്കുമ്പോൾ, യോഗയെ കേവലം ഒരു ദിനാചരണമായി കാണാതെ സ്വന്തം ജീവിതശൈലിയുടെ ഭാഗമാക്കാനും "ഹർ ഘർ യോഗ, ഹർ ദിൻ യോഗ" (എല്ലാ വീട്ടിലും യോഗ, എല്ലാ ദിവസവും യോഗ)  എന്ന സന്ദേശം ഓരോ വ്യക്തിയിലേക്കും എത്തിക്കാനും ആയുഷ് മന്ത്രാലയം ജനങ്ങളോട്  ആഹ്വാനം ചെയ്തു.

********


(रिलीज़ आईडी: 2272656) आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Gujarati , Odia , Tamil , Telugu , Kannada