പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു


സ്ത്രീകൾ എല്ലാം മറന്നേക്കാം; എന്നാൽ ആത്മാഭിമാനത്തിനേറ്റ ക്ഷതം അവർ ഒരിക്കലും മറക്കില്ല: പ്രധാനമന്ത്രി

പാർലമെന്റിൽ നാരീശക്തി വന്ദൻ നിയമഭേദഗതിയെ എതിർത്ത പാർട്ടികൾ സ്ത്രീശക്തിയെ നിസ്സാരമായി കാണുന്നു: പ്രധാനമന്ത്രി​

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ‘മഹായജ്ഞ’മായിരുന്നു നാരീശക്തി വന്ദൻ നിയമഭേദഗതി: പ്രധാനമന്ത്രി

കുടുംബാധിപത്യപ്പാർട്ടികൾ നാരീശക്തി വന്ദൻ നിയമത്തെ എതിർക്കുന്നതിന്റെ പ്രധാന കാരണം ഭയമാണ്: പ്രധാനമന്ത്രി

രാജ്യത്തെ നൂറുശതമാനം സ്ത്രീശക്തിയുടെയും അനുഗ്രഹം നമുക്കൊപ്പമുണ്ട്: പ്രധാനമന്ത്രി

വനിതാസംവരണത്തിനു പ്രതിബന്ധമായി നിൽക്കുന്ന ഓരോ തടസ്സവും ഞങ്ങൾ നീക്കം ചെയ്യും: പ്രധാനമന്ത്രി

സ്ത്രീകളുടെ അവകാശങ്ങൾ തട്ടിയെടുത്ത്, ഇക്കൂട്ടർ മേശപ്പുറത്തു തട്ടി ആവേശം പ്രകടിപ്പിക്കുകയായിരുന്നു; അതു സ്ത്രീകളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും നേർക്കുള്ള കടന്നാക്രമണമായിരുന്നു: പ്രധാനമന്ത്രി

വനിതാസംവരണത്തെ എതിർത്തതിലൂടെ ചെയ്ത പാപത്തിനു പ്രതിപക്ഷത്തിനു തീർച്ചയായും ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 18 APR 2026 11:39PM by PIB Thiruvananthpuram


രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പുത്രിമാരെയും സംബന്ധിക്കുന്ന അതീവ ഗുരുതരമായ വിഷയത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സ്ത്രീകളുടെ പുരോഗതി തടസ്സപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗവണ്മെന്റിന്റെ പരമാവധി ശ്രമങ്ങളും ആത്മാർഥമായ പരിശ്രമവും ഉണ്ടായിട്ടും നാരീശക്തി വന്ദൻ നിയമഭേദഗതി പാസാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഇതു സ്ത്രീസമൂഹത്തിന്റെ ന്യായമായ സ്വപ്നങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഈ നിർഭാഗ്യകരമായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ അഗാധമായി മാപ്പു ചോദിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

രാജ്യതാൽപ്പര്യത്തിനാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ പാർട്ടിയുടെ നേട്ടങ്ങൾക്കു മുൻഗണന നൽകുന്ന ചില രാഷ്ട്രീയ വിഭാഗങ്ങളെ രൂക്ഷമായി വിമർശിച്ചു.

രാജ്യത്തുടനീളം പ്രകടമായ വലിയ നിരാശയെക്കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, ഈ ബില്ലിന്റെ പരാജയം സ്ത്രീകളുടെ ആത്മാഭിമാനത്തിനു നേരിട്ട പ്രഹരമാണെന്നും, വനിതാ വോട്ടർമാർ ഈ അപമാനം എന്നെന്നും ഓർമയിൽ സൂക്ഷിക്കുമെന്നും ചൂണ്ടിക്കാട്ടി. “സ്ത്രീകൾ മറ്റെല്ലാം മറന്നേക്കാം, എന്നാൽ അഭിമാനത്തിന് ഏറ്റ പ്രഹരം അവർ ഒരിക്കലും മറക്കില്ല”- ശ്രീ മോദി പറഞ്ഞു.

ഇന്ത്യയിലെ സ്ത്രീകൾ ദുഷ്ടലാക്കോടെയുള്ള ഇത്തരം നീക്കങ്ങളെക്കുറിച്ചു തികഞ്ഞ ബോധവതികളാണെന്നും ഭാവിയിൽ ഈ രാഷ്ട്രീയക്കാരെ അവർ കടുത്ത രീതിയിൽ വിചാരണ ചെയ്യുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നാരീശക്തി വന്ദൻ നിയമഭേദഗതിയുടെ പരിവർത്തന കാഴ്ചപ്പാടിനെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗത്തിനു കാലങ്ങളായി നിഷേധിക്കപ്പെട്ട അവകാശങ്ങൾ നൽകുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത മഹത്തായ ശ്രമമായിരുന്നു ഈ നിയമനിർമാണമെന്നു വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ വലിപ്പമോ പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയശക്തി ഒരുപോലെ വർധിപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ഈ ബിൽ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം നിരീക്ഷിച്ചു. “ഇന്ത്യയുടെ വികസന യാത്രയിൽ സ്ത്രീകളെ തുല്യ സഹയാത്രികരാക്കാനുള്ള ആത്മാർഥമായ ശ്രമമായിരുന്നു ഈ ഭേദഗതി” - ശ്രീ മോദി ചൂണ്ടിക്കാട്ടി.

​ഇന്ത്യയിലെ പൗരന്മാർ രാഷ്ട്രീയത്തിലെ ഈ നെറികെട്ട രീതിയെ പൂർണമായും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനുപിന്നിലെ താൽപ്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “സ്ത്രീകളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ഉപയോഗിക്കുന്ന രാഷ്ട്രീയത്തിലെ ഈ നെറികെട്ട രീതി രാജ്യം ഇപ്പോൾ പൂർണമായും മനസ്സിലാക്കിക്കഴിഞ്ഞു” - ശ്രീ മോദി പറഞ്ഞു.

സ്വന്തം കുടുംബത്തിനു പുറത്തുനിന്ന്, ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ ഉയർന്നു വരുന്നതു പ്രാദേശിക നേതൃത്വത്തിനു ഭീഷണിയാകുമെന്നു കുടുംബാധിപത്യപ്പാർട്ടികൾ ഭയപ്പെടുന്നതായി പ്രധാനമന്ത്രി വിശദീകരിച്ചു. നിലവിൽ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിനു കഴിവുറ്റ സ്ത്രീകൾ, കുടുംബാധിപത്യ രാഷ്ട്രീയക്കാരുടെ ആഴത്തിലുള്ള അരക്ഷിതാവസ്ഥയ്ക്കു നേരിട്ടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ പൊളിച്ചടുക്കി, ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം നഷ്ടമാകില്ലെന്നും എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ തുല്യവും നീതിയുക്തവുമായ അനുപാതത്തിൽ വർധിക്കുമെന്നു ഗവണ്മെന്റ് കൃത്യമായി ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രാദേശിക വികസനത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, ഈ ഭേദഗതി തമിഴ്‌നാട്, ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാർലമെന്റ് സീറ്റുകൾ ഗണ്യമായി വർധിപ്പിക്കുമായിരുന്നുവെന്നും പ്രസ്താവിച്ചു.

ജനധൻ-ആധാർ-മൊബൈൽ (JAM) ത്രയം, ഡിജിറ്റൽ പണമിടപാട്, GST, മുത്തലാഖിനെതിരായ നിയമം തുടങ്ങിയ പരിവർത്തനപരമായ നടപടികളെയും മുൻപ് ഇത്തരത്തിൽ എതിർത്തിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തെ (CAA) ചൊല്ലി മുൻപു രാജ്യത്തു വലിയ തോതിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കപ്പെട്ടുവെന്നും മാവോയിസ്റ്റ് അക്രമങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നിരന്തരം തടസ്സപ്പെടുത്തപ്പെട്ടുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ വികസനത്തിലുണ്ടായ ചരിത്രപരമായ കാലതാമസത്തെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, അനിവാര്യമായ തീരുമാനങ്ങൾ എടുക്കാതെ മാറ്റിവയ്ക്കുന്ന രീതി പിന്തുടർന്നതു കാരണം സ്വാതന്ത്ര്യാനന്തരം മറ്റു രാജ്യങ്ങൾ ഇന്ത്യയെ മറികടക്കുന്ന സാഹചര്യമുണ്ടായെന്നു പ്രസ്താവിച്ചു. അതിർത്തിത്തർക്ക പരിഹാരങ്ങൾ, OBC സംവരണം, സൈനികർക്കുള്ള ‘ഒരു റാങ്ക് ഒരു പെൻഷൻ’ പദ്ധതി തുടങ്ങിയ സുപ്രധാന ദേശീയ തീരുമാനങ്ങൾ നടപ്പാക്കാതെ 40 വർഷത്തോളം വൈകിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള അനിശ്ചിതത്വവും വഞ്ചനയും കാരണം ഇന്ത്യയിലെ തലമുറകൾ അഗാധമായി ദുരിതം അനുഭവിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. നിലവിലെ രാഷ്ട്രീയ പോരാട്ടം നിയമനിർമാണത്തെക്കുറിച്ചു മാത്രമല്ല; മറിച്ച്, അങ്ങേയറ്റം നിഷേധാത്മകവും പരിഷ്കരണ വിരുദ്ധവുമായ മാനസികാവസ്ഥയ്ക്കെതിരെയുള്ള വിശാലമായ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ എല്ലാ സഹോദരിമാരും പുത്രിമാരും ഈ വിഷലിപ്തമായ മാനസികാവസ്ഥയ്ക്ക് അർഹമായ മറുപടി നൽകുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല”- ശ്രീ മോദി ചൂണ്ടിക്കാട്ടി.

​ബില്ലിന്റെ പരാജയം ഗവണ്മെന്റിന്റെ വീഴ്ചയാണെന്ന വാദങ്ങൾ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി, പ്രതിപക്ഷം ഈ നിയമനിർമാണത്തെ പിന്തുണച്ചിരുന്നെങ്കിൽ അവർക്ക് ഇതിന്റെ പൂർണമായ ഖ്യാതി പരസ്യങ്ങളിലൂടെ നൽകാൻ തയ്യാറായിരുന്നുവെന്ന് ആവർത്തിച്ചു. “ഈ വിഷയം ഒരിക്കലും രാഷ്ട്രീയമായ ഖ്യാതി എടുക്കുന്നതിനെക്കുറിച്ചായിരുന്നില്ല; മറിച്ച്, അവകാശങ്ങൾ നേടിയെടുക്കുന്നതിനെക്കുറിച്ചായിരുന്നു” - ശ്രീ മോദി പറഞ്ഞു.

വനിതാ ശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, ദശലക്ഷക്കണക്കിനു സ്ത്രീകൾ അനുഭവിക്കുന്ന വിഷമത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പാർലമെന്റിൽ ആവശ്യമായ അംഗബലം ഇല്ലാതിരുന്നിട്ടും തന്റെ ദൃഢനിശ്ചയത്തിന് ഒട്ടും കുറവു വന്നിട്ടില്ലെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി. ഈ നിയമനിർമാണത്തിന്റെ പാതയിൽ ഭാവിയിലെ എല്ലാ തടസ്സങ്ങളും നീക്കംചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. രാജ്യത്തെ നൂറുശതമാനം സ്ത്രീകളുടെയും അനുഗ്രഹത്തോടെ ഗവണ്മെന്റ് ഇതിൽ വിജയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “പകുതിയോളം വരുന്ന ജനവിഭാഗത്തിന്റെ സ്വപ്നങ്ങൾക്കും രാജ്യത്തിന്റെ ഭാവിക്കുമായി ഈ സങ്കൽപ്പം നമുക്കു യാഥാർഥ്യമാക്കേണ്ടതുണ്ട്” - ശ്രീ മോദി പറഞ്ഞു.

,/center>


-SK-

( റിലീസ് ഐ.ഡി: 2253481) സന്ദര്‍ശക കൗണ്ടര്‍ : 8