പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 14 APR 2026 4:23PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ഉത്തരാഖണ്ഡ് ഗവർണർ ഗുർമീത് സിംഗ് ജി, ഇവിടുത്തെ ജനപ്രിയനും കഠിനാധ്വാനിയുമായ യുവ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ നിതിൻ ഗഡ്കരി ജി, അജയ് തംത ജി, സാങ്കേതികവിദ്യയുടെ സഹായത്താൽ  നമ്മോടൊപ്പം ചേർന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഗവർണർ ആനന്ദിബെൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, വേദിയിലുള്ള സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ മഹേന്ദ്ര ഭട്ട് ജി, മുൻ ഗവർണർ ഭഗത് സിംഗ് കോശിയാരി ജി, മുൻ മുഖ്യമന്ത്രിമാരായ സഹോദരൻ രമേഷ് പൊഖ്രിയാൽ, വിജയ് ബഹുഗുണ ജി, തീരഥ് സിംഗ് റാവത്ത് ജി, ത്രിവേന്ദ്ര സിംഗ് റാവത്ത് ജി, ഉത്തരാഖണ്ഡ് സർക്കാരിലെ എല്ലാ മന്ത്രിമാരേ, എം.പിമാരേ, എം.എൽ.എമാരേ, വലിയ സംഖ്യയിൽ ഇവിടെ എത്തിച്ചേർന്നിട്ടുള്ള എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.

ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ഈ പുണ്യഭൂമിയിൽ നിങ്ങൾക്കേവർക്കും എന്റെ പ്രണാമം. വളരെ വലിയ സംഖ്യയിൽ ഇവിടെ എത്തിച്ചേർന്നിട്ടുള്ള വന്ദ്യരായ സന്യാസിശ്രേഷ്ഠർക്കും എന്റെ വന്ദനം. പ്രിയപ്പെട്ട അനുജന്മാർക്കും ജ്യേഷ്ഠത്തിമാർക്കും സഹോദരിമാർക്കും ഉത്തരാഖണ്ഡിലെ മുതിർന്നവർക്കും നിങ്ങൾക്കെല്ലാവർക്കും എന്റെ നമസ്കാരം! എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരങ്ങൾക്കും സഹോദരിമാർക്കും മുത്തശ്ശിമാർക്കും മുത്തച്ഛന്മാർക്കും ഞാൻ എന്റെ ആദരപൂർവ്വമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

സാങ്കേതികവിദ്യയുടെ സഹായത്താൽ ഈ പരിപാടിയിൽ ബന്ധപ്പെട്ടിരിക്കുന്ന ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ജനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. ആദ്യമായി, നിങ്ങളോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു; ഉത്തർപ്രദേശി ഡൽഹി എന്നിവടങ്ങളിൽ നിന്ന് ഈ  പരിപാടികളിൽ പങ്കുചേരുന്നവരോടും ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ഇവിടെ എത്താൻ എനിക്ക് ഒരു മണിക്കൂറിലധികം വൈകി, നിങ്ങൾക്കെല്ലാവർക്കും എല്ലാ സ്ഥലങ്ങളിലും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല: ഞാൻ കൃത്യസമയത്ത് തന്നെ ഇറങ്ങിയതാണ്, പക്ഷേ കാളി ക്ഷേത്രം മുതൽ ഇവിടം വരെയുള്ള ഏകദേശം 12 കിലോമീറ്റർ നീണ്ട റോഡ് ഷോയിൽ ജനങ്ങളുടെ ആവേശവും ഉന്മേഷവും അത്രത്തോളമായിരുന്നു. അതിനാൽ വാഹനം വേഗത്തിൽ ഓടിച്ചു വരിക എന്നത് എനിക്ക് വളരെ പ്രയാസകരമായിരുന്നു. അങ്ങനെ സാവധാനം ജനങ്ങളെ അഭിവാദ്യം ചെയ്തും 'ജനാർദ്ദനന്റെ' അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയും മുന്നോട്ട് നീങ്ങിയതുകൊണ്ടാണ് ഇവിടെ എത്താൻ ഒരു മണിക്കൂറിലധികം വൈകിയത്; ഇതിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ വെയിലത്തും 12 കിലോമീറ്ററോളം നീളുന്ന ഈ ജനസാഗരം, ഉത്തരാഖണ്ഡിന്റെ ഈ സ്നേഹം, അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹങ്ങൾ - ഇന്ന് ഉത്തരാഖണ്ഡിൽ നിന്ന് ഞാൻ ഒരു പുതിയ ഊർജ്ജം ഉൾക്കൊള്ളും, പുതിയ പ്രചോദനം ഉൾക്കൊള്ളും. ഇതിനായി ഹൃദയത്തിന്റെ അന്തരാളത്തിൽ നിന്ന് എല്ലാവരോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,

ഇന്ന് രാജ്യത്ത് ഉത്സവങ്ങളുടെ ആവേശമാണ്. വിവിധ ഭാഗങ്ങളിൽ പുതുവർഷം എത്തിക്കഴിഞ്ഞു. ഞാൻ എല്ലാ നാട്ടുകാർക്കും വൈശാഖി, ബൊഹാഗ് ബിഹു, പുത്തണ്ട് ആശംസകൾ നേരുന്നു!

സുഹൃത്തുക്കളെ,

അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ യമുനോത്രി, ഗംഗോത്രി, ബാബ കേദാർനാഥ്, ബദരീനാഥ് ധാം എന്നിവിടങ്ങളിലേക്കുള്ള യാത്രയും ആരംഭിക്കാൻ പോകുകയാണ്. രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികൾ ഭക്തിയോടെ ഈ പുണ്യസമയത്തിനായി കാത്തിരിക്കുന്നു. പഞ്ച ബദ്രി, പഞ്ച കേദാർ, പഞ്ച പ്രയാഗ്, ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ എന്നിവരെ ഞാൻ ആദരപൂർവ്വം വണങ്ങുന്നു. ശാന്തളാ മാതാവിനെയും ഞാൻ വണങ്ങുന്നു. ഇവിടെ വരുന്നതിന് മുമ്പ് മാതാ  ദാത്ത് കാളിയുടെ ദർശനം ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഡെറാഡൂൺ നഗരത്തിന് മേൽ മാതാ ദാത്ത് കാളിയുടെ വലിയ കൃപയുണ്ട്. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി  പോലെയുള്ള ഇത്രയും വലിയൊരു പദ്ധതി പൂർത്തിയാക്കുന്നതിൽ മാതാ ദാത്ത് കാളിയുടെ അനുഗ്രഹം വലിയൊരു കരുത്തായിരുന്നു.

സുഹൃത്തുക്കളെ,

ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരണത്തിന്റെ 25 വർഷം പൂർത്തിയാക്കി ഇരുപത്തിയാറാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് ഡൽഹി-ഡെറാഡൂൺ അതിവേഗ പാതയുടെ ഉദ്ഘാടനത്തിലൂടെ ഈ പുരോഗതിയിലേക്ക് മറ്റൊരു വലിയ നേട്ടം കൂടി ചേർക്കപ്പെട്ടിരിക്കുന്നു. ബാബ കേദാറിന്റെ ദർശനത്തിന് ശേഷം, ഈ നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ട് ഉത്തരാഖണ്ഡിന്റേതായിരിക്കുമെന്ന് എന്റെ ഉള്ളിൽ നിന്ന് സ്വഭാവികമായി വന്ന വാക്ക് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഡബിൾ എഞ്ചിൻ ഗവൺമെൻ്റിൻ്റെ നയങ്ങളും ഉത്തരാഖണ്ഡിലെ ജനങ്ങളുടെ കഠിനാധ്വാനവും കാരണം ഈ യുവ സംസ്ഥാനം വികസനത്തിന്റെ പുതിയ തലങ്ങൾ കൈവരിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഈ പദ്ധതി ഉത്തരാഖണ്ഡിന്റെ വികസനത്തിന് പുതിയ വേഗതയും നൽകും. ഈ അതിവേഗ പാതയുടെ വലിയൊരു ഭാഗം കടന്നുപോകുന്നത് ഉത്തർപ്രദേശിലൂടെയാണ്. ഇതിലൂടെ ഗാസിയാബാദ്, ബാഗ്പത്, ബറൗട്ട്, ഷാംലി, സഹാറൻപൂർ തുടങ്ങിയ നിരവധി നഗരങ്ങൾക്കും വലിയ ഗുണം ലഭിക്കും. ടൂറിസം മേഖലയിലും ഈ പദ്ധതി വളരെ പ്രധാനപ്പെട്ടതാണ്. ഈ പദ്ധതിയുടെ പേരിൽ ഞാൻ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന് ഡോക്ടർ ബാബാസാഹേബ് അംബേദ്കറുടെ ജന്മവാർഷികം കൂടിയാണ്. കോടിക്കണക്കിന് വരുന്ന എന്റെ നാട്ടുകാർക്ക് വേണ്ടി ഞാൻ ബാബാസാഹേബിന് പ്രണാമം അർപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ നമ്മുടെ ഗവൺമെൻറ്  രൂപീകരിച്ച നയങ്ങളും എടുത്ത തീരുമാനങ്ങളും ഭരണഘടനയുടെ അന്തസ്സ് പുനഃസ്ഥാപിക്കുന്നവയാണ്. ആർട്ടിക്കിൾ 370 നീക്കം ചെയ്തതോടെ, ഇന്ന് ഇന്ത്യയുടെ ഭരണഘടന രാജ്യം മുഴുവൻ ബാധകമാണ്. മാവോയിസം-നക്സലിസം അവസാനിച്ച ഡസൻ കണക്കിന് ജില്ലകളിൽ ഇപ്പോൾ ഭരണഘടനാ തത്വങ്ങൾക്ക് അനുസൃതമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ പ്രതീക്ഷയാണ്. ഭരണഘടനയുടെ ആ വികാരം ഉൾക്കൊണ്ടുകൊണ്ട് ഉത്തരാഖണ്ഡ് ഇന്ന് രാജ്യത്തിന് മുഴുവൻ വഴി കാണിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളെ,

പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചൂഷിതർക്കും നീതിയുക്തമായ ഒരു സംവിധാനം ഒരുക്കി നൽകാനാണ് ബാബാസാഹേബിന്റെ ജീവിതം സമർപ്പിച്ചിരുന്നത്. ഇന്ന് നമ്മുടെ ഗവൺമെൻറ്  അതേ വികാരത്തോടെ ഓരോ ദരിദ്രനും ഓരോ നിരാലംബനും യഥാർത്ഥ സാമൂഹിക നീതി ലഭ്യമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ സന്തുലിതമായ വികസനം, എല്ലാവർക്കും സൗകര്യങ്ങൾ, എല്ലാവർക്കും ഐശ്വര്യം എന്നിവയാണ് സാമൂഹിക നീതിയുടെ അടിസ്ഥാന തത്വം . അതുകൊണ്ടാണ് ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾക്കും വ്യവസായവൽക്കരണത്തിനും വേണ്ടി ബാബാസാഹേബ് ശക്തമായി വാദിച്ചിരുന്നത്.

സുഹൃത്തുക്കളെ,

ഭാവിയിലെ അവസ്ഥയും ദിശയും എന്തായിരിക്കുമെന്ന് അറിയാൻ ആളുകൾ പലപ്പോഴും കൈരേഖകൾ നോക്കാറുണ്ട്. കൈരേഖകൾ നോക്കി ഓരോ വ്യക്തിയുടെയും ഭാവി പ്രവചിക്കുന്നവരുണ്ട്. എനിക്ക് ഈ ശാസ്ത്രത്തെക്കുറിച്ച് അറിയില്ല, എങ്കിലും ഇതൊരു ശാസ്ത്രമാണെന്ന് അവർ പറയാറുണ്ട്. ഇത് ഒരു വ്യക്തിയുടെ വിധിയെക്കുറിച്ചാണെങ്കിൽ, ഇതിനെ ദേശീയ ജീവിതവുമായി ബന്ധിപ്പിച്ചു നോക്കിയാൽ ഒരു രാഷ്ട്രത്തിന്റെ വിധിരേഖകൾ ഏതാണ്? നമ്മുടെ ഈ റോഡുകൾ, ഉയരപാതകൾ , അതിവേഗ പാതകൾ, വ്യോമപാതകൾ, റെയിൽവേകൾ, ജലപാതകൾ - ഇവയാണ് നമ്മുടെ രാഷ്ട്രത്തിന്റെ വിധിരേഖകൾ. കഴിഞ്ഞ ഒരു ദശകമായി, വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി ഇത്തരം വികസന വിധിരേഖകളുടെ നിർമ്മാണത്തിലാണ് നമ്മുടെ രാജ്യം ഏർപ്പെട്ടിരിക്കുന്നത്. ഈ വികസനരേഖകൾ ഇന്നത്തെ സൗകര്യങ്ങൾ മാത്രമല്ല; വരാനിരിക്കുന്ന തലമുറകളുടെ സമൃദ്ധിയുടെ ഉറപ്പ് കൂടിയാണ്, ഇതാണ് മോദിയുടെ ഗ്യാരണ്ടി.കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ ഗവൺമെൻറ്  രാജ്യത്തിന്റെ ഈ വികസനരേഖകളിൽ അഭൂതപൂർവ്വമായ നിക്ഷേപം നടത്തിവരികയാണ്. ഞാൻ നിങ്ങൾക്ക് ഒരു കണക്ക് നൽകാം. ഇപ്പോൾ നിതിൻ ജി ഉത്തരാഖണ്ഡിനെ സംബന്ധിക്കുന്ന പല കണക്കുകളും നിങ്ങളോട് പറഞ്ഞു. നോക്കൂ, 2014 വരെ ഇത്തരം അടിസ്ഥാന സൗകര്യങ്ങൾക്കായി രാജ്യത്താകമാനം ഒരു വർഷം 2 ലക്ഷം കോടി രൂപ പോലും ചിലവഴിച്ചിരുന്നില്ല. ഞാൻ ഇന്ത്യയുടെ മുഴുവൻ കാര്യമാണ് പറയുന്നത് - അത് 2 ലക്ഷം കോടി പോലും തികയുമായിരുന്നില്ല; ഇന്ന് അത് ആറിരട്ടിയിലധികമായി വർദ്ധിച്ച് 12 ലക്ഷം കോടി രൂപയിലധികമായിരിക്കുന്നു. ഇവിടെ ഉത്തരാഖണ്ഡിൽ മാത്രം രണ്ടേകാൽ  ലക്ഷം കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ പ്രവൃത്തികൾ നടന്നുവരികയാണ്. 2014-ന് മുമ്പ് രാജ്യം മുഴുവനായി 2 ലക്ഷം കോടി; ഇന്ന് ഉത്തരാഖണ്ഡിന് മാത്രം രണ്ടേകാൽ ലക്ഷം കോടി രൂപ.ഒരുകാലത്ത് ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ ഒരു റോഡിനായി തലമുറകൾ തന്നെ കാത്തിരിക്കേണ്ടി വരുമായിരുന്നു. ഇന്ന് ഡബിൾ എഞ്ചിൻ ഗവൺമെൻ്റിൻ്റെ  പരിശ്രമഫലമായി റോഡുകൾ ഗ്രാമങ്ങളിലേക്ക് എത്തുന്നു; മുമ്പ് വിജനമായിരുന്ന ഗ്രാമങ്ങൾ വീണ്ടും സജീവമാകുന്നു. ചാർധാം മഹാമാർഗ് പദ്ധതിയോ, റെയിൽവേ പദ്ധതികളുടെ വിപുലീകരണമോ, കേദാർനാഥ്-ഹേമകുണ്ഡ് സാഹിബ് റോപ്‌വേയോ ആകട്ടെ - ഈ വികസനരേഖകൾ ഈ പ്രദേശത്തിന്റെ ഓരോ കോണിലും ജീവിതത്തിന്റെ വിധിരേഖകളായി മാറുകയാണ്.

സുഹൃത്തുക്കളെ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ഇന്ന് പ്രവർത്തിക്കുന്ന വേഗതയെയും വ്യാപ്തിയെയും കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഡൽഹി എന്നിവയെ തന്നെ ഞാൻ ഉദാഹരണമായി നൽകാം. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ഡൽഹി മെട്രോ വികസിപ്പിച്ചത്, മീററ്റിൽ മെട്രോ സർവീസ് ആരംഭിച്ചു, ഡൽഹി-മീററ്റ് 'നമോ ഭാരത്' റെയിൽ രാജ്യത്തിന് സമർപ്പിച്ചു, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി, വിമാനങ്ങൾക്കായുള്ള എം.ആർ.ഒ (MRO) സൗകര്യത്തിന്റെ നിർമ്മാണം ആരംഭിച്ചു, ഇന്ന് ഇതാ ഡെറാഡൂൺ-ഡൽഹി അതിവേഗ പാതയും  ആരംഭിക്കുന്നു.

സുഹൃത്തുക്കളെ,

ഇത്രയും ചെറിയൊരു പ്രദേശത്ത്, ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്. രാജ്യത്ത് എത്ര വലിയ തോതിലാണ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെടുന്നതെന്ന് സങ്കൽപ്പിക്കുക. അതുകൊണ്ടാണ് ഞാൻ പറയുന്നത് - ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ പ്രവേശിച്ചിരിക്കുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ ഈ പുതിയ യുഗം അഭൂതപൂർവ്വവും അചിന്തനീയവുമാണ്.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി സാമ്പത്തിക ഇടനാഴികളുടെ (Economic Corridors) പ്രവർത്തനം നടക്കുന്നുണ്ട്. ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി , ബെംഗളൂരു-മുംബൈ വ്യാവസായിക ഇടനാഴി , ഈസ്റ്റ് കോസ്റ്റ് സാമ്പത്തിക ഇടനാഴി , അമൃത്സർ-കൊൽക്കത്ത വ്യാവസായിക ഇടനാഴി - തുടങ്ങി നിരവധി സാമ്പത്തിക ഇടനാഴികൾ രാജ്യത്ത് നിർമ്മിക്കപ്പെടുന്നു. ഈ സാമ്പത്തിക ഇടനാഴികൾ പുരോഗതിയുടെ പുതിയ വാതിലുകളാണ്, പ്രവേശന കവാടങ്ങളാണ്. നമ്മുടെ പ്രതീക്ഷകളുടെ ഇഴകളും ഇവയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ സാമ്പത്തിക ഇടനാഴികൾ റോഡുകൾക്ക് പുറമെ പുതിയ വ്യാപാര-വാണിജ്യ മേഖലകൾക്കും വഴിയൊരുക്കുന്നു. ഫാക്ടറികൾക്കും വെയർഹൗസുകൾക്കുമായുള്ള ഒരു ശൃംഖലയുടെ തന്നെ അടിത്തറ ഇവ പാകുന്നു.

സുഹൃത്തുക്കളെ,

ഈ പ്രദേശം മുഴുവൻ മാറാൻ പോകുന്നത് ഈ ഡെറാഡൂൺ-ഡൽഹി സാമ്പത്തിക ഇടനാഴിയിലൂടെ കൂടിയാണ്. ഇതിന്റെ ആദ്യ ഗുണം സമയം ലാഭിക്കാം എന്നതാണ്; യാത്ര ചിലവ് കുറഞ്ഞതും വേഗതയുള്ളതുമാകും, പെട്രോളിനും ഡീസലിനുമുള്ള ചിലവ് കുറയും, യാത്രാക്കൂലിയും കുറയും. രണ്ടാമത്തെ വലിയ നേട്ടം തൊഴിലവസരമാണ്. ഇതിന്റെ നിർമ്മാണത്തിനായി ഇപ്പോൾ 12,000 കോടി രൂപ ചിലവഴിച്ചു, അതിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി ലഭിച്ചു. അതോടൊപ്പം തന്നെ എഞ്ചിനീയർമാർക്കും മറ്റ് നൈപുണ്യരായ  തൊഴിലാളികൾക്കും ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പങ്കാളികൾക്കും വലിയ തോതിൽ ജോലി ലഭിച്ചിട്ടുണ്ട്. കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും ഉൽപ്പന്നങ്ങൾ ഇനി വലിയ മണ്ഡികളിലേക്കും(മാർക്കറ്റുകളിലേക്കും)  വിപണികളിലേക്കും അതിവേഗം എത്തിച്ചേരും.

സുഹൃത്തുക്കളെ,

ഈ മനോഹരമായ അതിവേഗ പാതയിലൂടെ ഉത്തരാഖണ്ഡിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമുണ്ടാകും. ഡെറാഡൂൺ, ഹരിദ്വാർ, ഋഷികേശ്, മുസ്സൂറി, ചാർധാം യാത്ര എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പാതയായി ഇത് മാറും. വിനോദസഞ്ചാരം വികസിക്കുമ്പോൾ എല്ലാവർക്കും അതിന്റേതായ വരുമാനം ലഭിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഹോട്ടലുകൾ, ധാബകൾ, ടാക്സികൾ, ഓട്ടോകൾ, ഹോംസ്റ്റേകൾ എന്നിവ നടത്തുന്നവർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളെ,

ശീതകാല വിനോദസഞ്ചാരത്തിനും , ശീതകാല കായിക വിനോദങ്ങൾക്കും, 'വെഡ് ഇൻ ഇന്ത്യ' (Wed in India) അതായത് വിവാഹങ്ങൾക്കും ഉത്തരാഖണ്ഡ് ഇന്ന് ഒരു മികച്ച കേന്ദ്രമായി മാറുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,

ഉത്തരാഖണ്ഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിനോദസഞ്ചാരം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ശീതകാലത്ത് നടക്കുന്ന തീർത്ഥാടന യാത്രകളുടെ കാര്യത്തിൽ ഞാൻ പ്രത്യേകം താൽപ്പര്യമെടുത്തത്. ഓരോ വർഷവും ഈ യാത്രകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. 2023-ൽ ഞാൻ ആദി കൈലാസത്തിലേക്കും ഓം പർവ്വതത്തിലേക്കും യാത്ര പോയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. മുമ്പ് ഞാൻ അവിടെ ഒരുപാട് പോകാറുണ്ടായിരുന്നു, ഇടയ്ക്ക് ഒട്ടും പോകാൻ കഴിഞ്ഞില്ല, വർഷങ്ങൾക്ക് ശേഷമാണ് പോയത്. ഞാൻ 2023-ൽ അവിടെ പോയതിന് ശേഷം ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി മുഖ്യമന്ത്രിയും ഗവർണറും എന്നോട് പറയുകയുണ്ടായി. മുമ്പ് ഏതാനും നൂറ് പേർ മാത്രമായിരുന്നു ശീതകാലത്ത് അവിടെ യാത്ര പോയിരുന്നത്. എന്നാൽ 2025-ൽ ഏകദേശം 40,000-ത്തിലധികം ആളുകൾ ഈ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. ഒരുകാലത്ത് ആയിരം പേർ പോലും തികയാതിരുന്നിടത്ത് 40,000 പേർ എത്തുമ്പോൾ ഇവിടുത്തെ ജനങ്ങളുടെ ഉപജീവനത്തിന് അത് എത്രത്തോളം കരുത്തുപകരുമെന്ന് ചിന്തിച്ചുനോക്കൂ. അതുപോലെ, 2024-ലെ ശീതകാല ചാർധാം യാത്രയിൽ ഏകദേശം എൺപതിനായിരം ഭക്തർ എത്തിയിരുന്നു. 2025-ൽ ഈ എണ്ണം ഒന്നര ലക്ഷം കടന്നിരിക്കുകയാണ്.

സുഹൃത്തുക്കളെ,

പുരോഗതിയും പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് നടക്കുന്ന ഓരോ നിർമ്മാണവും പുരോഗതി, പ്രകൃതി, സംസ്കാരം എന്നീ മൂല്യങ്ങളുടെ ഈ 'ത്രിവേണി' സംഗമത്തെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലൂടെ മനുഷ്യർക്ക് സൗകര്യങ്ങൾ ലഭിക്കുമ്പോൾ തന്നെ, അവിടെ വസിക്കുന്ന വന്യജീവികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതാണ് ഞങ്ങളുടെ ശ്രമം. അതുകൊണ്ടാണ് ഈ അതിവേഗ പാതയിൽ ഏകദേശം 12 കിലോമീറ്റർ നീളമുള്ള ഒരു എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ (ഉയർന്നു നിൽക്കുന്ന വന്യജീവി ഇടനാഴി) നിർമ്മിച്ചിരിക്കുന്നത്. ആനകൾക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഇതിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.

അതുപോലെ സുഹൃത്തുക്കളെ,

ഇന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാരികളോടും തീർത്ഥാടകരോടും എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നമ്മുടെ മലനിരകൾ, ഈ വനപ്രദേശങ്ങൾ, ദേവഭൂമിയുടെ ഈ പൈതൃകം - ഇവയെല്ലാം അത്യന്തം പാവനമായ സ്ഥലങ്ങളാണ്. ഇത്തരം സ്ഥലങ്ങൾ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ഇവിടെ താമസിക്കുന്നവരുടെയും യാത്രക്കാരായി വരുന്നവരുടെയും കടമയാണത്. പ്ലാസ്റ്റിക് കുപ്പികളും മാലിന്യക്കൂമ്പാരങ്ങളും ഈ പ്രദേശങ്ങളിൽ ഉണ്ടാകുന്നത് ദേവഭൂമിയുടെ പവിത്രതയ്ക്ക് മുറിവേൽപ്പിക്കും. അതിനാൽ, ദേവഭൂമിയിലെ ഈ സ്ഥലങ്ങളും നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളും വൃത്തിയും മനോഹരവുമായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സുഹൃത്തുക്കളെ,

അടുത്ത വർഷം ഹരിദ്വാറിൽ കുംഭമേളയും നടക്കാൻ പോകുകയാണ്. വിശ്വാസത്തിന്റെ ഈ മഹാസംഗമം ദിവ്യവും ഗംഭീരവും വൃത്തിയുള്ളതുമാക്കാൻ നാം ഒരു വിട്ടുവീഴ്ചയും വരുത്തരുത്.

സുഹൃത്തുക്കളെ,

ഉത്തരാഖണ്ഡിൽ നന്ദാദേവി രാജ് ജാട്ട് യാത്രയും നടക്കാറുണ്ട്. ഇത് വിശ്വാസത്തിന്റെ ഉത്സവമാണ്, ഒപ്പം നമ്മുടെ സാംസ്കാരിക ബോധത്തിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ്. അവിടെ നന്ദാദേവിയെ ഒരു മകളായി കണക്കാക്കുകയും പൂർണ്ണമായ ആദരവോടെ യാത്രയാക്കുകയും ചെയ്യുന്നു. ഈ യാത്രയിൽ സഹോദരിമാരുടെയും മക്കളുടെയും പങ്കാളിത്തം അതിനെ സവിശേഷമാക്കുന്നു. നന്ദാ മാതാവിനെ വണങ്ങിക്കൊണ്ട്, രാജ്യത്തെമ്പാടുമുള്ള സഹോദരിമാർക്കും മക്കൾക്കും ഒരു പ്രത്യേക സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. വികസിത ഇന്ത്യയുടെ നിർമ്മാണത്തിൽ നിങ്ങൾക്ക് വലിയൊരു പങ്കുണ്ട്. ഈ രാജ്യത്തെ പെൺമക്കൾക്കും അമ്മമാർക്കും സഹോദരിമാർക്കും വലിയൊരു പങ്കുവഹിക്കാനുണ്ടെന്ന് ഞാൻ കാണുന്നു. സഹോദരിമാരുടെയും മക്കളുടെയും സൗകര്യം, സുരക്ഷ, ജനാധിപത്യത്തിലെ പങ്കാളിത്തം എന്നിവ ഡബിൾ എഞ്ചിൻ ഗവൺമെൻ്റിൻ്റെ  വലിയ മുൻഗണനയാണ്. ലോകത്ത് ഇപ്പോൾ എത്ര വലിയ പ്രതിസന്ധിയാണ് വന്നിരിക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ. ഇതിൽ നിന്ന് ലോകത്തിലെ വികസിത രാജ്യങ്ങളിൽ പോലും എത്രത്തോളം രോദനങ്ങൾ  ഉയരുന്നുണ്ട്. ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിലും നമ്മുടെ സഹോദരിമാർക്ക് കുറഞ്ഞ ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നു.

സുഹൃത്തുക്കളെ,

സഹോദരിമാരുടെയും മക്കളുടെയും പങ്കാളിത്തത്തിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ല് ഇപ്പോൾ രാജ്യത്തിന് മുന്നിലുണ്ട്. 4 പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം പാർലമെന്റ് 'നാരി ശക്തി വന്ദൻ അധിനിയം' പാസാക്കിയിരുന്നു. ഇതിലൂടെ നിയമസഭകളിലും ലോക്‌സഭയിലും സ്ത്രീകൾക്ക് മുപ്പത്തിമൂന്ന് ശതമാനം സംവരണം നിശ്ചയിച്ചു. എല്ലാ കക്ഷികളും മുന്നോട്ടുവന്ന് ഈ സുപ്രധാന നിയമത്തെ പിന്തുണച്ചു. ഇപ്പോൾ സ്ത്രീകൾക്ക് ഈ അവകാശം ലഭിച്ച സാഹചര്യത്തിൽ, അത് നടപ്പിലാക്കുന്നതിൽ ഇനി കാലതാമസം ഉണ്ടാകരുത്. ഇത് ഇപ്പോൾ തന്നെ നടപ്പിലാക്കണം. ഇനി 2029-ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ഇത് പ്രാബല്യത്തിൽ വരണം. തുടർന്നു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും — ഏത് തിരഞ്ഞെടുപ്പുകൾ വന്നാലും — 2029 മുതൽ തന്നെ ഇത് നടപ്പിലാക്കണം. ഇതാണ് രാജ്യത്തിന്റെ വികാരം; ഇതാണ് രാജ്യത്തെ ഓരോ സഹോദരിയുടെയും മകളുടെയും ആഗ്രഹം. മാതൃശക്തിയുടെ ഈ ആഗ്രഹത്തെ മാനിച്ചുകൊണ്ട്, ഏപ്രിൽ 16 മുതൽ പാർലമെന്റിൽ പ്രത്യേക ചർച്ച നിശ്ചയിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുചേർന്ന്, ഐക്യകണ്ഠേന രാജ്യത്തെ സഹോദരിമാരുടെയും മക്കളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുകയും പൂർത്തിയാക്കുകയും വേണം.ഇന്ന് രാജ്യത്തെ എല്ലാ സഹോദരിമാരുടെയും പേരിൽ ഞാൻ ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്; ഒരുപക്ഷേ എന്റെ ഈ കത്ത് സോഷ്യൽ മീഡിയയിലൂടെ നിങ്ങളിലേക്ക് എത്തിയിട്ടുണ്ടാകും; ടിവിയിലും പത്രങ്ങളിലും ഈ കത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടാകാം. ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ഞാൻ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും വളരെ നിർബന്ധപൂർവ്വം ക്ഷണിച്ചിട്ടുണ്ട്. എന്റെ രാജ്യത്തെ അമ്മമാരും സഹോദരിമാരും തീർച്ചയായും ആ കത്ത് വായിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അവർ ഓരോ വാക്കുകളെക്കുറിച്ചും ചിന്തിക്കും. ഇത്തരം വലിയൊരു പുണ്യപ്രവൃത്തി ചെയ്യുന്നതിനായി 16, 17, 18 തീയതികളിൽ പാർലമെന്റിലെത്തുന്ന എംപിമാർക്ക് അവരുടെ അനുഗ്രഹവും ലഭിക്കും. ഇന്ന് ദേവഭൂമിയിൽ നിന്ന്, നാരി ശക്തി വന്ദൻ അധിനിയത്തിലെ ഭേദഗതിയെ തീർച്ചയായും പിന്തുണയ്ക്കണമെന്ന് ഞാൻ രാജ്യത്തെ എല്ലാ പാർട്ടികളോടും വീണ്ടും അഭ്യർത്ഥിക്കുന്നു. 2029-ൽ നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും മക്കൾക്കും നമുക്ക് അവരുടെ അവകാശം നൽകാം.

സുഹൃത്തുക്കളെ,

ഞാൻ ഉത്തരാഖണ്ഡിൽ വന്നിട്ട് സൈന്യത്തെക്കുറിച്ച് സംസാരിച്ചില്ലെങ്കിൽ ആ സംസാരം അപൂർണ്ണമായിരിക്കും. ഈ ഗർഹി കാന്റ് (Garhi Cantt), ഈ സമ്മേളന വേദി, ഉത്തരാഖണ്ഡിന്റെ മഹത്തായ സൈനിക പാരമ്പര്യത്തിന്റെ തെളിവാണ്. രാജ്യത്തിന്റെ പ്രതിരോധവുമായും സുരക്ഷയുമായും ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഇവിടെ അടുത്തായുണ്ട്; 1962-ലെ യുദ്ധത്തിൽ ഷഹീദ് ജസ്വന്ത് സിംഗ് റാവത്ത് ജി കാണിച്ച വീര്യം രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല.

സുഹൃത്തുക്കളെ,

സൈന്യത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നതായാലും നമ്മുടെ സൈനിക കുടുംബങ്ങളുടെ സൗകര്യത്തിന്റെയും ബഹുമാനത്തിന്റെയും കാര്യമായാലും, അതിനായി നമ്മുടെ ഗവൺമെൻറ്  നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 'വൺ റാങ്ക് വൺ പെൻഷൻ' (One Rank One Pension) വഴി നമ്മുടെ ഗവൺമെൻറ്  ഇതുവരെ ഏകദേശം ഒന്നേകാൽ ലക്ഷം കോടി രൂപ മുൻ സൈനികരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുകൂടാതെ, മുൻ സൈനികർക്കായുള്ള ആരോഗ്യ പദ്ധതിയുടെ ബജറ്റ് ഈ വർഷം മുപ്പത്തിയാറ് ശതമാനം വർദ്ധിപ്പിച്ചു. 70 വയസ്സും അതിൽ കൂടുതലുമുള്ള വിരമിച്ച സൈനികർക്കായി മരുന്നുകൾ വീട്ടിലെത്തിച്ചു നൽകുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്. മുൻ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ഗ്രാന്റ് ഇരട്ടിയാക്കി. പെൺമക്കളുടെ വിവാഹത്തിനായി നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു.

സുഹൃത്തുക്കളെ,

ദേശസ്‌നേഹം, ദൈവഭക്തി, പുരോഗതി എന്നിങ്ങനെയുള്ള എല്ലാ വശങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് നമുക്ക് രാജ്യത്തെ വികസിതമാക്കണം. ഒരിക്കൽ കൂടി ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾക്കും, ഒരുതരത്തിൽ എല്ലാ നാട്ടുകാർക്കും, ഈ മനോഹരമായ എക്സ്പ്രസ് വേയുടെ പേരിൽ ഞാൻ നിരവധി ആശംസകൾ നേരുന്നു.

എന്നോടൊപ്പം പറയൂ -

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

ഒരുപാട്, ഒരുപാട് നന്ദി!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൻ്റെ ഏകദേശ വിവർത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാർത്ഥ പ്രസംഗം.

 

-NK-


( റിലീസ് ഐ.ഡി: 2252841) സന്ദര്‍ശക കൗണ്ടര്‍ : 7