|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രധാന മേഖലകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
04 APR 2026 3:06PM by PIB Thiruvananthpuram
പ്രധാന മേഖലകളിലെല്ലാം സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ തയ്യാറെടുപ്പും നടപടികളും ഇന്ത്യാ ഗവണ്മെൻ്റ് സദാ സ്വീകരിച്ചു പോരുന്നു. പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, സുസ്ഥിരമായ ഊർജ്ജ വിതരണം, സുരക്ഷിതവും കാര്യക്ഷമവുമായ സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പിന്തുണയും സഹായവും തുടങ്ങിയ മേഖലകളിൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നു:
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയ ഇന്ധന ഉത്പന്നങ്ങൾ രാജ്യത്തുടനീളം തടസ്സരഹിതമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സജീവമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നു. മന്ത്രാലയം വ്യക്തമാക്കുന്ന കാര്യങ്ങൾ:
പൊതുജന മാർഗ്ഗനിർദ്ദേശവും പൗരന്മാർക്ക് അവബോധവും
- പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം ഉറപ്പാക്കാൻ ഗവണ്മെൻ്റ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും, പരിഭ്രാന്തരായി പെട്രോൾ, ഡീസൽ അടക്കമുള്ള ഇന്ധനങ്ങൾ സംഭരിക്കരുതെന്നും അനാവശ്യമായി എൽപിജി ബുക്ക് ചെയ്യരുതെന്നും പൗരന്മാരോട് നിർദ്ദേശിക്കുന്നു.
- കിംവദന്തികളെക്കുറിച്ച് ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് നിർദ്ദേശിക്കുന്നു.
- ഓൺലൈനായോ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയോ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യണമെന്നും അത്യാവശ്യമില്ലെങ്കിൽ എൽപിജി വിതരണക്കാരുടെ സമീപിക്കുന്നത് ഒഴിവാക്കണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചു.
- സാധ്യമാകുന്നിടത്തെല്ലാം പിഎൻജി, ഇൻഡക്ഷൻ, ഇലക്ട്രിക് കുക്ക് ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
- നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ദൈനംദിന ഉപയോഗത്തിൽ കഴിയുന്നത്ര ഊർജ്ജം ലാഭിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സർക്കാരിൻ്റെ തയ്യാറെടുപ്പുകളും വിതരണ കൈകാര്യ നടപടികളും
- യുദ്ധ സാഹചര്യത്തിനിടയിലും, ഗാർഹിക എൽപിജി, പിഎൻജി വിതരണത്തിനും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള എൽപിജി, പിഎൻജി വിതരണത്തിനും ഗവണ്മെൻ്റ് ഉയർന്ന മുൻഗണന നൽകി വരുന്നു.
- എണ്ണ ശുദ്ധീകരണശാലകളിൽ ഉത്പാദനം വർദ്ധിപ്പിക്കൽ, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കൽ, പ്രധാന മേഖലകൾക്ക് മുൻഗണന നൽകൽ എന്നിവയുൾപ്പെടെ വിതരണത്തിലും ആവശ്യകതയിലും ഗവണ്മെൻ്റ് യുക്തിസഹമായ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
- എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
- ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്കും മറ്റ് ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗറേനി കൊളിയറിസിനോടും നിർദ്ദേശിച്ചു.
- ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
- നിലവിലെ ഇന്ധന വിതരണ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയും (ഭക്ഷ്യ, സിവിൽ സപ്ലൈസ്) ഒരു യോഗം വിളിച്ചു ചേർത്തു. ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ യോഗത്തിൽ സെക്രട്ടറി വിശദീകരിച്ചു. വീടുകൾക്കും അവശ്യ സേവനങ്ങൾക്കും എൽപിജി വിതരണം ഉറപ്പാക്കുന്നതിന് മുൻഗണന നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, കിംവദന്തികൾ പ്രചരിപ്പിക്കുന്നത് എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കാനും തടയാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികൾക്കുള്ള എൽപിജി വിതരണവുമായി ബന്ധപ്പെട്ട്, ഒരു തടസ്സവുമില്ലെന്നും വിതരണം സുസ്ഥിരമാണെന്നും സംസ്ഥാനങ്ങൾ സ്ഥിരീകരിച്ചു. എണ്ണ വിപണന കമ്പനികളുമായി ഏകോപിപ്പിച്ച് പ്രാദേശിക ആവശ്യത അടിസ്ഥാനമാക്കി 5 കിലോഗ്രാം FTL എൽപിജി സിലിണ്ടറുകളുടെ വിതരണം സംസ്ഥാനങ്ങൾക്ക് പരിഗണിക്കാവുന്നതാണെന്ന് സെക്രട്ടറി നിർദ്ദേശിച്ചു.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തോടെയുള്ള ഉദ്യമങ്ങൾ
- 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം, പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സ്ഥിതി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകൾ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. കൃത്യമായ നിയന്ത്രണവും മേൽനോട്ടവും ഉറപ്പാക്കാനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഈ ഉത്തരവാദിത്തത്തെക്കുറിച്ച് കത്തുകൾ മുഖേനയും വീഡിയോ കോൺഫറൻസുകൾ മുഖേനയും ഇന്ത്യാ ഗവണ്മെൻ്റ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ, അഡിഷണൽ ചീഫ് സെക്രട്ടറിമാർ/പ്രിൻസിപ്പൽ സെക്രട്ടറി/ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറി എന്നിവരോടുള്ള അഭ്യർത്ഥന -
Ø സംസ്ഥാന/ജില്ലാ തലങ്ങളിൽ ദിവസേന വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കുകയും പൊതുജനങ്ങൾക്ക് പതിവായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക.
Ø സമർപ്പിത കൺട്രോൾ റൂമുകൾ/ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കുക
Ø സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ/തെറ്റായ വിവരങ്ങൾ എന്നിവ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
Ø ജില്ലാ ഭരണകൂടത്തിൻ്റെ ദൈനംദിന നിയമ നിർവ്വഹണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുക.
Ø അതത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉള്ളിൽ വാണിജ്യ എൽപിജി അലോക്കേഷൻ ഓർഡറുകൾ പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകുക.
Ø സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച അധിക മണ്ണെണ്ണക്കായി മണ്ണെണ്ണ അലോക്കേഷൻ ഓർഡറുകൾ പുറപ്പെടുവിക്കാനുള്ള നിർദ്ദേശം.
Ø സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) നെറ്റ്‌വർക്കുകളുടെ വികാസം ത്വരിതപ്പെടുത്തുക. റൈറ്റ് ഓഫ് വേ അല്ലെങ്കിൽ റൈറ്റ് ഓഫ് യൂസ് അനുമതികൾ വേഗത്തിലാക്കുകയും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുക.
Ø പിഎൻജി ഉപയോഗവും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
Ø പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നതിനുള്ള സമ്പർക്ക കേന്ദ്രങ്ങളായി മുതിർന്ന ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നാമനിർദ്ദേശം ചെയ്യുക.
- തെറ്റായ വിവരങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും, എൽപിജിയുടെ മതിയായ ലഭ്യതയും സുഗമമായ വിതരണവും പൗരന്മാർക്ക് ഉറപ്പുനൽകുന്നതിനും സാമൂഹിക- ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി പ്രചരിപ്പിക്കുന്നതിനൊപ്പം, കരുതലോടെയും പതിവായും, ഉചിതമായ ഉന്നത തലത്തിൽ പൊതുജനങ്ങളുമായി ആശയവിനിമയം ശക്തിപ്പെടുത്താനായി എല്ലാ ദിവസവും വാർത്താസമ്മേളനങ്ങൾ നടത്തണമെന്ന് 27.03.2026 ലും 02.04.2026 ലും ഇന്ത്യാ ഗവണ്മെൻ്റ് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് അഭ്യർത്ഥിച്ചു.
- നിലവിൽ, 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ പതിവായി വാർത്താസമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നു.
നിർവ്വഹണ, നിരീക്ഷണ നടപടികൾ
- എൽപിജിയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെയ്ഡുകൾ തുടരുകയാണ്, ഇന്നലെ മാത്രം 3,700 ൽ അധികം റെയ്ഡുകൾ നടത്തി.
- പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിന് മിന്നൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ എൽപിജി വിതരണക്കാർക്ക് 1,000 കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്, കൂടാതെ 27 വിതരണക്കാരുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുണ്ട്.
എൽപിജി വിതരണം
ഗാർഹിക എൽപിജി വിതരണത്തിൻ്റെ നിലവിലെ സാഹചര്യം:
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചിട്ടുണ്ട്, എന്നാൽ ഇതുവരെ എൽപിജി വിതരണക്കാരാരും ലഭ്യത തടസ്സമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
- വ്യവസായ അടിസ്ഥാനത്തിൽ ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗുകൾ ഇന്നലെ 95% ആയി വർദ്ധിച്ചു.
- വിതരണക്കാരുടെ തലത്തിൽ എൽപിജി വഴിതിരിച്ചുവിടുന്നത് തടയുന്നതിനുള്ള, ഡെലിവറി ഓതൻ്റിക്കേഷൻ കോഡിൻ്റെ (ഡിഎസി) ഉപയോഗം 2026 ഫെബ്രുവരിയിൽ 53% ആയിരുന്നത് ഇന്നലെ 89% ആയി ഉയർന്നു.
- ഏകദേശം 51 ലക്ഷം ഗാർഹിക എൽപിജി സിലിണ്ടറുകൾ ഇന്നലെ വിതരണം ചെയ്തു.
വാണിജ്യ എൽപിജി വിതരണവും അനുവദിക്കൽ നടപടികളും:
- 01.04.2026 ലെ ഒരു ഉത്തരവിലൂടെ, സുപ്രധാന മേഖലകളിലേക്ക് C3, C4 സ്ട്രീമുകൾ നിശ്ചിത അളവിൽ വിതരണം ചെയ്യാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള ശുദ്ധീകരണ കമ്പനികൾക്ക് ഇന്ത്യാ ഗവണ്മെൻ്റ് അനുമതി നൽകിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കെമിക്കൽസ്- പെട്രോകെമിക്കൽസ് വകുപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വിതരണങ്ങൾക്കായുള്ള നിർദ്ദിഷ്ട അളവുകളും ശുദ്ധീകരണ സ്രോതസ്സുകളും സെൻ്റർ ഫോർ ഹൈ ടെക്നോളജി (സിച്ച്ടി) നിർണ്ണയിക്കുന്നു, സുപ്രധാന വ്യവസായങ്ങൾക്ക് ആവശ്യമായ ലഭ്യത ഉറപ്പാക്കുന്നു.
- പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിൻ്റെ 70% വാണിജ്യ എൽപിജി വിതരണം ഉറപ്പാക്കാൻ ഇന്ത്യാ ഗവണ്മെൻ്റ് തീരുമാനിച്ചിട്ടുണ്ട്, പരിഷ്കാരങ്ങളെ അടിസ്ഥാനമാക്കിയുള്ള 10% വിഹിതം ഉൾപ്പെടെയാണിത്.
- ഇന്നലെ, 71,000-ത്തിലധികം 5 കിലോഗ്രാം FTL സിലിണ്ടറുകൾ വില്പന നടത്തി.
- 2026 മാർച്ച് 23 മുതൽ, ഏകദേശം 570,000-ത്തിലധികം 5 കിലോഗ്രാം FTL എൽപിജി സിലിണ്ടറുകൾ വില്പന നടത്തി.
- 5 കിലോഗ്രാം FTL എൽപിജി സിലിണ്ടറുകൾ അടുത്തുള്ള വിതരണക്കാരിൽ നിന്ന് ലഭിക്കും. വിലാസ തെളിവ് ആവശ്യമില്ല, സാധുവായ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കി ഇവ വാങ്ങാവുന്നതാണ്.
- ഐഒസിഎൽ, എച്ച്‌പിസിഎൽ, ബിപിസിഎൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ മൂന്നംഗ സമിതി, സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച്, സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിൽ വാണിജ്യ എൽപിജി വിൽപ്പനയ്ക്കുള്ള പദ്ധതിക്ക് അന്തിമരൂപം നൽകിവരുന്നു.
- 2026 മാർച്ച് 14 മുതൽ ആകെ 72047 മെട്രിക് ടൺ വാണിജ്യ എൽപിജി വിറ്റഴിച്ചു.
പ്രകൃതിവാതക വിതരണ, പിഎൻജി വിപുലീകരണ സംരംഭങ്ങൾ
- ഉപഭോക്താക്കൾക്ക് മുൻഗണന നൽകി, ആഭ്യന്തര ഗതാഗതത്തിനായി പിഎൻജി, സിഎൻജി എന്നിവയുടെ പൂർണ്ണമായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
- ശരാശരി ഉപഭോഗത്തിൻ്റെ 80% ആണ് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം.
- നിലവിൽ, പ്രവത്തനക്ഷമമായ യൂറിയ പ്ലാൻ്റുകളിലേക്കുള്ള ഗ്യാസ് വിതരണം കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ 70–75% ആയി തുടരുന്നു. ലഭ്യമായ ഇൻവെൻ്ററിയും എൽഎൻജി കാർഗോകളുടെ ഷെഡ്യൂൾ ചെയ്ത വരവും കണക്കിലെടുക്കുമ്പോൾ, വളം നിർമ്മാണശാലകളിലേക്കുള്ള മൊത്തത്തിലുള്ള ഗ്യാസ് വിതരണം 06.04.2026 മുതൽ അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 90% ആയി വർദ്ധിപ്പിക്കും. കൂടാതെ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കുകൾ മുഖേന നൽകുന്നവ ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള ഗ്യാസ് വിതരണം അതേ തീയതി മുതൽ 10% കൂടി വർദ്ധിപ്പിക്കും.
- വളം നിർമ്മാണശാലകൾ ഉൾപ്പെടെ എല്ലാ വ്യാവസായിക ഉപഭോക്താക്കളും അധിക ഗ്യാസ് ആവശ്യകതകൾ സ്പോട്ട് അടിസ്ഥാനത്തിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, അതുവഴി വാതക വിപണന കമ്പനികൾക്ക് വിതരണം ക്രമീകരിക്കാൻ കഴിയും.
- വാണിജ്യ എൽപിജിയുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിജിഡി സ്ഥാപനങ്ങൾക്കും ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
- സിജിഡി കമ്പനികളായ ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നവർക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- സിജിഡി ശൃംഖല വിപുലീകരിക്കുന്നതിന് ആവശ്യമായ അപേക്ഷകൾ വേഗത്തിൽ അംഗീകരിക്കണമെന്ന് സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്മെൻ്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ഇന്ത്യാ ഗവണ്മെൻ്റ് അഭ്യർത്ഥിക്കുന്നു.
- എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല പരിവർത്തനത്തെ പിന്തുണയ്ക്കുന്ന പക്ഷം, എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10% അധിക വിഹിതം നൽകുമെന്ന് 18.03.2026 ലെ ഒരു കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വാഗ്ദാനം നൽകി. നിലവിൽ, പിഎൻജി വിപുലീകരണത്തിനായുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായി 12 സംസ്ഥാനങ്ങൾക്ക് ഈ അധിക വാണിജ്യ എൽപിജി വിഹിതം ലഭിക്കുന്നു. കൂടാതെ, അധിക വിഹിതത്തിനായി ഒരു കേന്ദ്രഭരണ പ്രദേശം കൂടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്, അത് നിലവിൽ പരിശോധനയിലാണ്.
- വരുന്ന അഞ്ച് ദിവസത്തിനുള്ളിൽ പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ സ്ഥലങ്ങളിലെ റെസിഡൻഷ്യൽ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, സാമൂഹിക അടുക്കളകൾ, അങ്കണവാടി അടുക്കളകൾ എന്നിവയെ പിഎൻജിയുമായി ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് 23.03.2026 ലെ ഉത്തരവിലൂടെ, പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് എല്ലാ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികളോടും നിർദ്ദേശിച്ചു. സ്ഥാപനങ്ങൾക്ക് പൈപ്പ് വഴി പ്രകൃതിവാതകം കാലതാമസമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
- മൂന്ന് മാസത്തേക്കുള്ള ഒരു പ്രത്യേക നടപടിയായി "കുറഞ്ഞ സമയപരിധികളോടെ സിജിഡി അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ത്വരിതപ്പെടുത്തിയ അംഗീകാര ചട്ടക്കൂട്" അവതരിപ്പിച്ചതായി റോഡ്, ഗതാഗത, ദേശീയ പാതാ മന്ത്രാലയം 24.03.2026 ലെ ഒരു കത്തിൽ പ്രസ്താവിച്ചു. ഈ ചട്ടക്കൂടിന് കീഴിൽ, സിജിഡി അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ പരിഗണിക്കും.
- 1955 ലെ അവശ്യവസ്തു നിയമപ്രകാരം 24.03.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രകൃതിവാതക, പെട്രോളിയം ഉത്പന്ന വിതരണ (പൈപ്പ്‌ലൈനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026 ഇന്ത്യാ ഗവണ്മെൻ്റ് പുറപ്പെടുവിച്ചു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് മുന്നോട്ട് വയ്ക്കുന്നു, അംഗീകാരങ്ങൾക്കും പ്രവേശനങ്ങൾക്കും ഉള്ള കാലതാമസം പരിഹരിക്കുന്നു. റെസിഡൻഷ്യൽ ഏരിയകൾ ഉൾപ്പെടെയുള്ള പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാക്കുക, പിഎൻജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക, അവസാന ഉപഭോക്താവിലേക്കുമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുക, ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക, ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം.
- 2026 ജൂൺ 30 വരെ പ്രാബല്യമുള്ള ഒരു ഹ്രസ്വകാല നയമാറ്റം പ്രതിരോധ മന്ത്രാലയം 27.03.2026-ന് പുറത്തിറക്കിയ കത്തിൽ പ്രഖ്യാപിച്ചു. പ്രതിരോധത്തിന് കീഴിലുള്ള എല്ലാ റെസിഡൻഷ്യൽ ഏരിയകളിലും യൂണിറ്റ് ലൈനുകളിലും പിഎൻജി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാൻ ഇത് ലക്ഷ്യമിടുന്നു. പ്രതിരോധ ഉദ്യോഗസ്ഥർക്കും സൗകര്യങ്ങൾക്കും പൈപ്പ് മുഖേന പ്രകൃതിവാതകം വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് ഈ നടപടി.
- പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികൾക്ക് ആഭ്യന്തര പിഎൻജി കണക്ഷനുകൾ നൽകുന്നത് വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, രാജ്യത്തുടനീളമുള്ള പിഎൻജി നെറ്റ്‌വർക്ക് വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി, 01.01.2026 മുതൽ 31.03.2026 വരെയുള്ള നാഷണൽ പിഎൻജി ഡ്രൈവ് 2.0, 30.06.2026 വരെ നീട്ടിയിട്ടുണ്ട്.
- 2026 മാർച്ച് മുതൽ, 350,000-ത്തിലധികം പിഎൻജി കണക്ഷനുകൾ നൽകി, കൂടാതെ 380,000-ത്തിലധികം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തു.
ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്കും രാജ്യം നിലനിർത്തുന്നുണ്ട്.
• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
ചില്ലറ ഇന്ധന ലഭ്യതയും വില സംബന്ധിച്ച നടപടികളും
• രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ വില്പനശാലകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
• മിഡിൽ ഈസ്റ്റ് പ്രതിസന്ധികൾ കാരണം അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിൻ്റെ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചുകൊണ്ട് ഈ സാമ്പത്തിക ഭാരത്തിൻ്റെ ഒരു ഭാഗം ഏറ്റെടുക്കാൻ ഇന്ത്യാ ഗവണ്മെൻ്റ് തീരുമാനിച്ചു.
• കൂടാതെ, ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് ഡീസലിന് ലിറ്ററിന് 21.5 രൂപയും വിമാന ഇന്ധനത്തിന് ലിറ്ററിന് 29.5 രൂപയും കയറ്റുമതി നികുതി ഏർപ്പെടുത്തി.
• അഭ്യൂഹങ്ങൾ വിശ്വസിച്ച് ചിലയിടങ്ങളിൽ ജനങ്ങൾ ഇന്ധനം പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അസാധാരണമാംവിധം ഉയർന്ന വില്പനയ്ക്കും ചില്ലറ വില്പന കേന്ദ്രങ്ങളിൽ വലിയ തിരക്കിനും കാരണമായി. എന്നിരുന്നാലും, രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിൻ്റേയും ഡീസലിൻ്റേയും മതിയായ ശേഖരം ലഭ്യമാണെന്ന് അറിയിക്കുന്നു.
• പെട്രോൾ, ഡീസൽ എന്നിവയുടെ സാധാരണ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല.
• കിംവദന്തികൾ വിശ്വസിക്കരുതെന്ന നിർദ്ദേശം ഗവണ്മെൻ്റ് വീണ്ടും ആവർത്തിക്കുന്നു. വ്യാജവാർത്തകൾ തടയുന്നതിനായി, പത്രസമ്മേളനങ്ങളിലൂടെ ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന ഗവണ്മെൻ്റുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
• എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
• 2026 മാർച്ച് 29-ലെ ഗസറ്റ് വിജ്ഞാപനം വഴി, മണ്ണെണ്ണ വിതരണം ഇല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പാചകത്തിനും വെളിച്ചത്തിനും വേണ്ടി മാത്രമായി റേഷൻ മണ്ണെണ്ണ വിതരണം ചെയ്യാൻ ഇന്ത്യാ ഗവണ്മെൻ്റ് സൗകര്യമൊരുക്കിയിട്ടുണ്ട് -
◦ ഒരു ജില്ലയിൽ പരമാവധി രണ്ട് പൊതുമേഖലാ ഓയിൽ കമ്പനി സർവീസ് സ്റ്റേഷനുകൾക്ക് (കമ്പനി നേരിട്ട് നടത്തുന്നവയ്ക്ക് മുൻഗണന) 5,000 ലിറ്റർ വരെ പിഡിഎസ് മണ്ണെണ്ണ സംഭരിക്കാൻ അനുമതിയുണ്ട്.
◦ ഓരോ ജില്ലയിലും ഇത്തരം പൊതുമേഖലാ ഓയിൽ കമ്പനി സർവീസ് സ്റ്റേഷനുകളെ അതത് സംസ്ഥാന ഗവണ്മെൻ്റോ കേന്ദ്രഭരണ പ്രദേശ ഭരണകൂടമോ നിശ്ചയിക്കേണ്ടതാണ്.
• 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിൽ മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം പറയുന്നതനുസരിച്ച്:
• തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം കപ്പലുകളുടെ നീക്കം, തുറമുഖ പ്രവർത്തനങ്ങൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. അതോടൊപ്പം, സമുദ്ര വ്യാപാരത്തിൻ്റെ തുടർച്ചയും ഉറപ്പാക്കുന്നു.
• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
• 46,650 മെട്രിക് ടൺ എൽപിജി ചരക്കും 25 നാവികരും ഉൾപ്പെടുന്ന ഗ്രീൻ സാൻവി എന്ന എൽപിജി കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു.
• 460 ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന 17 ഇന്ത്യൻ കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. കപ്പൽ ഉടമകൾ, ആർപിഎസ്എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണ്.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതുവരെ 5,015 കോളുകളും 10,425 ഇമെയിലുകളും ഈ കേന്ദ്രം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31 കോളുകളും 129 ഇമെയിലുകളും ലഭിച്ചു.
• ഇതുവരെ 1,320- ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങൾ വഴിയും ഗൾഫിലുടനീളമുള്ള വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ 190 പേരും ഇതിൽ ഉൾപ്പെടുന്നു.
• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന മാരിടൈം ബോർഡുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
• നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത തുറമുഖ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവയുമായി ഏകോപനം തുടരുന്നു.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
മേഖലയിലുടനീളം, ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുവരികയും സഹായങ്ങൾ നല്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. കൂടാതെ, അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഉചിതമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. മന്ത്രാലയം അറിയിച്ചതനുസരിച്ചുള്ള വിവരങ്ങൾ താഴെ നല്കുന്നു:
• ഇറാനിൽ കുടുങ്ങിയ ഒരു കൂട്ടം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അർമേനിയ വഴി ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇവരുടെ വിമാനം ഇന്ന് വൈകുന്നേരം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
• ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ക്ഷേമത്തിനുമാണ് മന്ത്രാലയം ഏറ്റവും ഉയർന്ന മുൻഗണന നല്കുന്നത്.
• മന്ത്രാലയത്തിൽ ഒരു പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നു. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഇന്ത്യൻ മിഷനുകളുമായും കൃത്യമായ ഏകോപനം നടത്തിവരുന്നു.
• മേഖലയിലുടനീളമുള്ള മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ സമുദായ സംഘടനകളുമായും കമ്പനികളുമായും പ്രാദേശിക അധികാരികളുമായും നിരന്തരം സമ്പർക്കം പുലർത്തുകയും കൃത്യമായ ഇടവേളകളിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
• വിസ, കോൺസുലാർ സേവനങ്ങൾ, വ്യോമപാത നിയന്ത്രണങ്ങൾക്കിടയിൽ അയൽരാജ്യങ്ങൾ വഴിയുള്ള ഗതാഗതം എന്നിവയ്ക്ക് മിഷനുകൾ സൗകര്യമൊരുക്കുന്നു. ആവശ്യമുള്ളയിടങ്ങളിൽ ലോജിസ്റ്റിക്കൽ പിന്തുണയും നല്കുന്നുണ്ട്.
• ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് മുൻഗണന നല്കുന്നു. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രാദേശിക അധികാരികൾ, ഇന്ത്യൻ സ്കൂളുകൾ, ബോർഡുകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്നിവയുമായി മിഷനുകൾ ഏകോപനം നടത്തുന്നു.
• കപ്പലുകളിലെ ഇന്ത്യൻ ക്രൂ അംഗങ്ങളുമായി മിഷനുകൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കോൺസുലാർ സഹായം, കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം, നാട്ടിലേക്ക് മടങ്ങാനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യൽ എന്നിവ ഉറപ്പാക്കുന്നു.
• വിമാന സർവീസുകൾ മെച്ചപ്പെട്ടുവരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 6,75,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തു.
Ø യുഎഇ: പരിമിതമായ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ത്യയിലേക്ക് ഏകദേശം 90 വിമാനങ്ങൾ പ്രതീക്ഷിക്കുന്നു.
Ø സൗദി അറേബ്യയും ഒമാനും: ഒന്നിലധികം വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നു.
Ø ഖത്തർ: വ്യോമപാത ഭാഗികമായി തുറന്നതോടെ ഇന്ന് ഏകദേശം 8–10 വിമാനങ്ങൾ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നു.
Ø കുവൈറ്റും ബഹ്‌റൈനും: വ്യോമപാത അടച്ചിട്ടിരിക്കുകയാണ്, ബന്ധപ്പെട്ട വിമാനക്കമ്പനികൾ സൗദി അറേബ്യയിലെ ദമാം വഴി സർവീസ് നടത്തുന്നു.
Ø ഇറാൻ: വ്യോമപാത അടച്ചതിനാൽ അർമേനിയ, അസർബൈജാൻ വഴി യാത്ര സുഗമമാക്കിയിട്ടുണ്ട്.
Ø ഇസ്രായേൽ: നിയന്ത്രണങ്ങൾക്കിടയിൽ ഈജിപ്ത്, ജോർദ്ദാൻ വഴി യാത്രാ സൗകര്യമൊരുക്കി.
Ø ഇറാഖ്: ജോർദ്ദാൻ, സൗദി അറേബ്യ വഴി യാത്ര സുഗമമാക്കി.
Ø കുവൈത്തിലും ബഹ്റൈനിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സൗദി അറേബ്യ വഴി യാത്രകൾ ക്രമീകരിക്കുന്നു.
• അബുദാബിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു, ഇതിൽ നാല് പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു, ഒരാൾ ചികിത്സയിൽ തുടരുന്നു. മിഷൻ ഇവർക്ക് പൂർണ്ണ സഹായം നല്കുകയും പ്രാദേശിക അധികാരികളുമായി ഏകോപനം നടത്തുകയും ചെയ്യുന്നു.
***
( റിലീസ് ഐ.ഡി: 2249035)
|