പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ സംബന്ധിച്ച് അന്തര്‍മന്ത്രാലയ വാര്‍ത്താസമ്മേളനം

പോസ്റ്റഡ് ഓണ്‍: 16 MAR 2026 5:09PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ പതിവായി അന്തര്‍മന്ത്രാലയ വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവരുന്നു.  2026 മാര്‍ച്ച് 16ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, തുറമുഖ കപ്പല്‍ ഗതാഗത ജലപാത മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ ഊര്‍ജ വിതരണവും സമുദ്ര പ്രവര്‍ത്തനങ്ങളും മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമവും അനുബന്ധ പൊതുവിവര വിനിമയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച്  ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചു. നേരത്തെ മാര്‍ച്ച് 11, 12, 13, 14 തീയതികളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.  

ഊര്‍ജ വിതരണവും ഇന്ധന ലഭ്യതയും

ഹോര്‍മൂസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധന വിതരണ  സാഹചര്യം സംബന്ധിച്ചും പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മാധ്യമങ്ങളോട് വിശദീകരിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം:

ക്രൂഡ് ഓയിലും എണ്ണ സംസ്‌കരണശാലകളും  

എല്ലാ എണ്ണ സംസ്‌കരണശാലകളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുകയും ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം നിലനിര്‍ത്തുകയും ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ ഉല്പാദനത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമായി തുടരുന്നു. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഈ ഇന്ധനങ്ങളുടെ ഇറക്കുമതി ആവശ്യമില്ല.

ചില്ലറ വില്‍പന കേന്ദ്രങ്ങള്‍  

എണ്ണ വിപണന കമ്പനികളുടെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ ഇന്ധനം തീര്‍ന്നുപോയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെട്രോള്‍, ഡീസല്‍ വിതരണം കൃത്യമായി നിലനിര്‍ത്തിവരുന്നു.  

രാജ്യത്ത് ആവശ്യത്തിന് പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്. ഈ സാഹചര്യത്തില്‍  ജനങ്ങള്‍ പരിഭ്രാന്തി മൂലം അനാവശ്യ വാങ്ങിക്കൂട്ടലുകളിലേക്ക്  കടക്കരുതെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു.

പ്രകൃതിവാതകം

പി.എന്‍.ജി, സി.എന്‍.ജി എന്നിവയുടെ 100 ശതമാനം വിതരണം ഉള്‍പ്പെടെ മുന്‍ഗണനാ മേഖലകള്‍ക്ക് സംരക്ഷിത ഗ്യാസ് വിതരണം തുടരുന്നു. അതേസമയം വ്യാവസായിക-വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഏകദേശം 80 ശതമാനമായി വിതരണം നിയന്ത്രിച്ചിരിക്കുന്നു.

പ്രധാന നഗരങ്ങളിലെയും നഗരപ്രദേശങ്ങളിലെയും വാണിജ്യ എല്‍.പി.ജി ഉപഭോക്താക്കളെ പി.എന്‍.ജിയിലേക്ക് മാറാന്‍ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അംഗീകൃത സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങള്‍ വഴി പി.എന്‍.ജി കണക്ഷനുകള്‍ നേടാം.

ഇ-മെയില്‍, കസ്റ്റമര്‍ പോര്‍ട്ടലുകള്‍, കത്തുകള്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴി സിറ്റി ഗ്യാസ് വിതരണ കമ്പനികളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് പി.എന്‍.ജി കണക്ഷന് അപേക്ഷിക്കാം. നിലവില്‍  പൈപ്പ് ലൈന്‍ ശൃംഖല ലഭ്യമായ ഇടങ്ങളില്‍ വേഗത്തില്‍ കണക്ഷനുകള്‍ നല്‍കാനാവും.  

പി.എന്‍.ജി കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡും ഗെയില്‍ ഗ്യാസ് ലിമിറ്റഡും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ സൗജന്യ ഗ്യാസ് നല്‍കുന്നു. മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ്  ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജും വാണിജ്യ ഉപഭോക്താക്കള്‍ക്ക് സുരക്ഷാനിക്ഷേപവും ഒഴിവാക്കി നല്‍കുന്നു. ബി.പി.സി.എല്‍  എല്ലാ വാണിജ്യ കണക്ഷനുകള്‍ക്കും സുരക്ഷാ നിക്ഷേപത്തുക ഒഴിവാക്കിയിട്ടുണ്ട്.

സിറ്റി ഗ്യാസ് വിതരണ ശൃംഖല സര്‍ക്കാര്‍  വിപുലീകരിക്കുകയാണ്. വിഭവ വിന്യാസം  ത്വരിതപ്പെടുത്താനും നിലവിലെ കണക്ഷനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും വിതരണ സമയപരിധി കുറയ്ക്കാനും പി.എന്‍.ജി.ആര്‍.ബി  സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്‍.പി.ജി  

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍.പി.ജി വിതരണത്തിന്റെ സൂക്ഷ്മ നിരീക്ഷണം തുടരുന്നു.

എല്‍.പി.ജി വിതരണ ഏജന്‍സികളില്‍ ഇന്ധനം തീര്‍ന്നുപോയ  സാഹചര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മേഖലയിലുടനീളം ഓണ്‍ലൈന്‍ എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ് ഏകദേശം 84 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി വര്‍ധിച്ചു.

വിതരണ തലത്തില്‍ സിലിണ്ടറുകള്‍ വകമാറ്റുന്നത് തടയാന്‍ ഡെലിവറി ഓഥന്റിക്കേഷന്‍ കോഡ്  പരിധി 53 ശതമാനത്തില്‍ നിന്ന് (പ്രതിസന്ധിക്ക് മുന്‍പത്തെ കണക്ക്) 72 ശതമാനമായി ഉയര്‍ത്തി.

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ബിഹാര്‍, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മണിപ്പൂര്‍, മഹാരാഷ്ട്ര ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഗാര്‍ഹികേതര എല്‍.പി.ജി വിഹിതം നിശ്ചയിച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ യോഗങ്ങള്‍

പെട്രോള്‍, ഡീസല്‍, എല്‍.പി.ജി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സുപ്രധാന പങ്കുവഹിക്കുന്നത് തുടരുന്നു.

ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സാഹചര്യം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ജനങ്ങളെ വിവരങ്ങള്‍ അറിയിക്കുന്നതിന് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

നിയമപാലന നടപടികള്‍

പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

എല്‍.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പരിശോധിക്കുന്നതിന് ഉത്തര്‍പ്രദേശ്, ഹരിയാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, അസം, മിസോറാം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ നടന്നുവരുന്നു.

തടസരഹിത വിതരണം ഉറപ്പാക്കാനും ക്രമക്കേടുകള്‍ തടയാനും പൊതുമേഖലാ എണ്ണ വിപണന കമ്പനികളിലെ ഉദ്യോഗസ്ഥര്‍ 1,100ലധികം ചില്ലറ വില്‍പന കേന്ദ്രങ്ങളിലും എല്‍.പി.ജി വിതരണ ഏജന്‍സികളിലും മിന്നല്‍ പരിശോധനകള്‍ നടത്തി.

മറ്റ് സര്‍ക്കാര്‍ നടപടികള്‍

വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്ക് തടസരഹിത എല്‍.പി.ജി വിതരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പ്രഥമ മുന്‍ഗണന നല്‍കുന്നത്.

എണ്ണ സംസ്‌കരണശാലകളിലെ ആഭ്യന്തര എല്‍.പി.ജി ഉല്പാദനം ഏകദേശം 36 ശതമാനം വര്‍ധിപ്പിച്ചു.

2026 മാര്‍ച്ച് 14ലെ എല്‍.പി.ജി നിയന്ത്രണ ഉത്തരവ് ഭേദഗതി പ്രകാരം പി.എന്‍.ജി  കണക്ഷനുള്ള ഉപഭോക്താക്കള്‍ അവരുടെ ആഭ്യന്തര എല്‍.പി.ജി കണക്ഷനുകള്‍ തിരിച്ചേല്‍പ്പിക്കേണ്ടതുണ്ട്.  കൂടാതെ ഇവര്‍ക്ക് പുതിയ എല്‍.പി.ജി കണക്ഷനുകള്‍ നേടാനും കഴിയില്ല.  

തുല്യമായ എല്‍.പി.ജി വിതരണം ഉറപ്പാക്കുന്നതിന് സിലിണ്ടര്‍ ബുക്കിങ് ഇടവേള  നഗരപ്രദേശങ്ങളില്‍ 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും പുനര്‍നിശ്ചയിച്ചു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബദല്‍ ഇന്ധന ആവശ്യങ്ങള്‍ക്ക് 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചു. എല്‍.പി.ജി ആവശ്യകതയുടെ സമ്മര്‍ദം കുറയ്ക്കാന്‍  മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡിജിറ്റല്‍ ബുക്കിങ് പ്രോത്സാഹിപ്പിക്കുകയും പരിഭ്രാന്തി മൂലം ജനങ്ങള്‍ അനാവശ്യമായി ബുക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ക്രമക്കേടുകള്‍ തടയാന്‍ ഏകോപിത പരിശോധനകള്‍ക്ക് സംസ്ഥാനങ്ങളിലെയും  കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍

വീടുകള്‍ക്കും അവശ്യ മേഖലകള്‍ക്കും ആവശ്യമായ എല്‍.പി.ജി ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  ജനങ്ങള്‍ ഇക്കാര്യത്തില്‍  പരിഭ്രാന്തരാകരുതെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു.

നേരത്തെ നിയന്ത്രിച്ച വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില്‍പന ഭാഗികമായി പുനഃസ്ഥാപിക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണത്തിന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

ഐ.വി.ആര്‍.എസ്, എസ്.എം.എസ്, വാട്ട്‌സ്ആപ്പ്, എണ്ണക്കമ്പനികളുടെ മൊബൈല്‍ അപ്ലിക്കേഷനുകള്‍, പ്രമുഖ ഇ-വിപണന പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ എല്‍.പി.ജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം.

പരിഭ്രാന്തി മൂലം അനാവശ്യമായി ബുക്ക് ചെയ്യുന്നത്  ഒഴിവാക്കാനും ഡിജിറ്റല്‍ ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാനും എല്‍.പി.ജി വിതരണക്കാരെ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സാധ്യമായ ഇടങ്ങളിലെല്ലാം പി.എന്‍.ജി, ഇന്‍ഡക്ഷന്‍ അല്ലെങ്കില്‍ ഇലക്ട്രിക് കുക്ക്‌ടോപ്പുകള്‍ തുടങ്ങിയ ബദല്‍ ഇന്ധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും ഊര്‍ജം ലാഭിക്കാനും ഉപഭോക്താക്കളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.

തടസരഹിത എല്‍.പി.ജി റീഫില്‍ വിതരണം സംബന്ധിച്ച് സര്‍ക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തെറ്റായ വിവരങ്ങളും അനാവശ്യ പരിഭ്രാന്തിയും ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിക്കുന്നു.

സമുദ്ര സുരക്ഷയും കപ്പല്‍ ഗതാഗത പ്രവര്‍ത്തനങ്ങളും

പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യന്‍ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ തുറമുഖ കപ്പല്‍ ഗതാഗത  ജലപാത മന്ത്രാലയം പങ്കുവെച്ചു. മന്ത്രാലയം നല്‍കിയ വിവരങ്ങള്‍ പ്രകാരം:

മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെട്ട സമുദ്ര അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിലവില്‍ 611 നാവികരുമായി ഇന്ത്യന്‍ പതാക വഹിക്കുന്ന 22 കപ്പലുകള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തുണ്ട്. കപ്പല്‍ ഗതാഗത ഡയറക്ടറേറ്റ് ജനറല്‍  കപ്പലുടമകളുമായും ആര്‍.പി.എസ്.എല്‍  ഏജന്‍സികളുമായും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുമായും ചേര്‍ന്ന് സാഹചര്യം നിരീക്ഷിക്കുന്നത് തുടരുന്നു.

മാര്‍ച്ച് 14ന് ഏകദേശം 92,712 മെട്രിക് ടണ്‍ എല്‍.പി.ജി.യുമായി ഹോര്‍മൂസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ കപ്പലുകളില്‍ 'ശിവാലിക്'  എന്ന കപ്പല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ചരക്കിറക്കം ഉറപ്പാക്കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് 5 മണിയോടെ മുന്ദ്ര തുറമുഖത്തെത്തും.  'നന്ദാദേവി'  എന്ന കപ്പല്‍ നാളെ പുലര്‍ച്ചെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ഏകദേശം 80,800 മെട്രിക് ടണ്‍ മര്‍ബന്‍ ക്രൂഡ് ഓയിലുമായി 2026 മാര്‍ച്ച് 14ന് യു.എ.ഇയില്‍ നിന്ന് പുറപ്പെട്ട ഇന്ത്യന്‍ കപ്പലായ 'ജഗ് ലാഡ്കി'  സുരക്ഷിതമായി ഇന്ത്യയിലേക്ക് യാത്ര തുടരുന്നു.  കപ്പലും അതിലെ  ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്.

കപ്പല്‍ ഗതാഗത ഡയറക്ടറേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ സഹായം തേടി നാവികരില്‍നിന്നും അവരുടെ കുടുംബങ്ങളില്‍നിന്നും മറ്റ് സമുദ്ര മേഖലയിലെ  ബന്ധപ്പെട്ട കക്ഷികളില്‍നിന്നും ലഭിച്ച 3,030 ഫോണ്‍ കോളുകളും 5,497 ഇ-മെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ ലഭിച്ച 310 കോളുകളും 597 ഇ-മെയിലുകളും ഇതിലുള്‍പ്പെടുന്നു.

കഴിഞ്ഞ 48 മണിക്കൂറിനിടെ തിരിച്ചെത്തിയ 33 പേരടക്കം ഇതുവരെ 286 ഇന്ത്യന്‍ നാവികരെ ഗള്‍ഫ് മേഖലയില്‍ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഡയറക്ടറേറ്റ് സൗകര്യമൊരുക്കി.

കപ്പല്‍ നീക്കങ്ങളും ചരക്കുനീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ നങ്കൂര നിരക്കുകള്‍, കപ്പല്‍ അടുപ്പിക്കുന്നതിന്റെ വാടക,  സംഭരണ നിരക്കുകള്‍ എന്നിവയില്‍ ഇളവുകള്‍ നല്‍കി കപ്പല്‍ കമ്പനികള്‍ക്കും ചരക്കുടമകള്‍ക്കും പിന്തുണ നല്‍കുന്നു.  

ചരക്ക് നീക്കം സുഗമമാക്കാന്‍ കസ്റ്റംസുമായും മറ്റ് ബന്ധപ്പെട്ടവരുമായും തുറമുഖങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.  

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പോകുന്ന കണ്ടെയ്‌നറുകള്‍ക്ക് ജെ.എന്‍.പി.എ താല്‍ക്കാലിക ചരക്ക് കൈമാറ്റ സംഭരണ സൗകര്യം നല്‍കുകയും സ്ഥലവാടകയിലും താമസ കാലയളവ്  നിരക്കുകളിലും  100 ശതമാനം ഇളവും ശീതീകരണ കണ്ടെയ്‌നര്‍ വൈദ്യുതി നിരക്കുകളില്‍  15 ദിവസം വരെ 80 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.  

നിലവില്‍ പ്രധാന തുറമുഖങ്ങളിലൊന്നും തിരക്ക് അനുഭവപ്പെടുന്നില്ല. ജെ.എന്‍.പി.എയില്‍ കയറ്റുമതി കണ്ടെയ്‌നറുകളുടെ എണ്ണം 5,600ല്‍ നിന്ന് 3,900 ആയി കുറഞ്ഞു.

നിലവില്‍ യാത്ര തുടരാന്‍ സാധിക്കാത്തതും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടതുമായ ചരക്ക് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ തുറമുഖങ്ങള്‍ സുരക്ഷിത  സൗകര്യം നല്‍കുന്നുണ്ട്.

പ്രവര്‍ത്തനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കസ്റ്റംസ്, തുറമുഖങ്ങള്‍ എന്നിവയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കപ്പല്‍ ഗതാഗത ഡയറക്ടറേറ്റിന് കീഴില്‍  അന്തര്‍മന്ത്രാലയ സംഘം രൂപീകരിച്ചു.

സമുദ്ര വ്യാപാരത്തിന്റെയും തുറമുഖ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ച നിലനിര്‍ത്തുന്നതിനൊപ്പം ഇന്ത്യന്‍ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍, കപ്പല്‍ ഗതാഗത കമ്പനികള്‍ എന്നിവരുമായി മന്ത്രാലയം ഏകോപനം തുടരുന്നു.

മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ

മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ പ്രവാസി സമൂഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വിശദാംശങ്ങള്‍ താഴെ:

ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിവരുന്ന കേന്ദ്രസര്‍ക്കാര്‍   സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇറാനിലെ 550ലേറെ ഇന്ത്യന്‍ പൗരന്മാര്‍ കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തി കടന്നു. കൂടാതെ 90ലധികം പേര്‍ അസര്‍ബൈജാനിലേക്കും പ്രവേശിച്ചു.  

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി പൂര്‍ണ പ്രവര്‍ത്തനസജ്ജമാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെഹ്‌റാന് പുറത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന്  ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇറാനിലെ തന്നെ ചില സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇറാനിലെ ഇന്ത്യന്‍ നാവികരുടെയും മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടുവരുന്നു. എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.  

പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും മാറിവരുന്ന സാഹചര്യം വിദേശകാര്യ മന്ത്രാലയം തുടര്‍ച്ചയായി നിരീക്ഷിച്ചുവരുന്നു. പ്രവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവുമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണന.

ഇന്ത്യന്‍ പൗരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മന്ത്രാലയം ഏകോപനം തുടരുന്നു.

മേഖലയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും കോണ്‍സുലര്‍ ഓഫീസുകളും 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും പ്രവാസി സംഘടനകളുമായി ബന്ധം പുലര്‍ത്തുകയും പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

പ്രാദേശിക അധികാരികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നയതന്ത്ര കാര്യാലയങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്കും ഹ്രസ്വകാല സന്ദര്‍ശകര്‍ക്കും വിസ സഹായം, ലോജിസ്റ്റിക്കല്‍ സഹായം, യാത്രാസൗകര്യം സുഗമമാക്കല്‍ എന്നിവയുള്‍പ്പെടെ പിന്തുണ നല്‍കുന്നു.  മേഖലയിലെ ഇന്ത്യന്‍ നാവികരെ സഹായിക്കുന്നതിന് തുറമുഖ കപ്പല്‍ ഗതാഗത ജലപാത മന്ത്രാലയവുമായും ഏകോപനം നടത്തിവരുന്നു.

2026 ഫെബ്രുവരി 28 മുതല്‍ ഏകദേശം 2,20,000 യാത്രക്കാര്‍ പശ്ചിമേഷ്യയില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന യുഎഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ  സര്‍വീസുകള്‍ ക്രമേണ പുനരാരംഭിച്ചു.

അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍, യു.എ.ഇ വിമാനക്കമ്പനികള്‍ പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇന്ന് 45ലേറെ വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.  

പുതുക്കിയ സമയക്രമത്തിന് യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണം. സഹായത്തിന്  അബുദാബിയിലെ ഇന്ത്യന്‍ എംബസിയെയോ ദുബായ് കോണ്‍സുലേറ്റിനെയോ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനുകള്‍ വഴി ബന്ധപ്പെടാം.

സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇന്ന് ഡല്‍ഹിയിലേക്ക് ഒരു വിമാനമുള്‍പ്പെടെ ഖത്തര്‍ എയര്‍വേയ്‌സ് ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 3 സര്‍വീസുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കുവൈറ്റ് വ്യോമപാത 2026 ഫെബ്രുവരി 28 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. അല്‍ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളം (സൗദി അറേബ്യ) വഴി ജസീറ എയര്‍വേയ്‌സിന്റെ പ്രത്യേക വാണിജ്യ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യോമപാത അടച്ചിട്ട ബഹ്‌റൈനിലെയും ഇറാഖിലെയും  ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യ വഴി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നത് തുടരുന്നു.

2026 മാര്‍ച്ച് 13ന് ഒമാനിലെ സോഹാര്‍ നഗരത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട കുടുംബങ്ങളുമായും ഒമാന്‍ അധികൃതരുമായും ബന്ധപ്പെട്ടുവരുന്നു. മരണപ്പെട്ടവരുടെ ഭൗതികശരീരം ഉടന്‍ നാട്ടിലെത്തിക്കും. പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥയും എംബസി നിരീക്ഷിച്ചുവരികയാണ്.  ആരുടെയും പരിക്ക് ഗുരുതരമല്ല.

ബാസ്രയിലെ നയതന്ത്ര ദൗത്യ സംഘം 'സേഫ്‌സീ വിഷ്ണു'  കപ്പലിലെ 15 ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കിവരുന്നു. സുരക്ഷിതമായി ഒഴിപ്പിക്കപ്പെട്ട ഇവര്‍ നിലവില്‍ ബാസ്രയിലെ  ഹോട്ടലിലാണ് തങ്ങുന്നത്.  ഇവര്‍ക്ക് ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനും മരണപ്പെട്ട ഇന്ത്യന്‍ പൗരന്റെ ഭൗതികദേഹം നാട്ടിലെത്തിക്കാനും നയതന്ത്രകാര്യാലയത്തിന്റെ നേതൃത്വത്തില്‍  ഇറാഖി അധികൃതരുമായി ഏകോപനം നടത്തുന്നുണ്ട്.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ നിരീക്ഷണം തുടരുമെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജന്‍സികളും തമ്മിലെ ഏകോപനം നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പ്രധാന മേഖലകളിലെ തയ്യാറെടുപ്പുകള്‍ ഉറപ്പാക്കാനും ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു.
***
 

( റിലീസ് ഐ.ഡി: 2241003) സന്ദര്‍ശക കൗണ്ടര്‍ : 10