പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള ഊർജ വിതരണ തടസങ്ങൾ പരിഹരിക്കാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി പാർലമെന്റിൽ നടത്തിയ പ്രസ്താവന
പോസ്റ്റഡ് ഓണ്‍:
12 MAR 2026 5:09PM by PIB Thiruvananthpuram
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഊർജ വിതരണത്തിലുണ്ടായ തടസങ്ങൾ പരിഹരിക്കാൻ പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി ഇന്ന് ലോക്സഭയില്‍ പ്രസ്താവനയില്‍ അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ തുടർച്ചയായ ലഭ്യതയും ഇന്ത്യയുടെ ഊർജ സുരക്ഷയും ഉറപ്പാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് സഭയെ അദ്ദേഹം ധരിപ്പിച്ചു.
മന്ത്രിയുടെ പ്രസ്താവന താഴെ:
ബഹുമാനപ്പെട്ട സ്പീക്കർ സർ,
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഊർജ വിതരണത്തിലുണ്ടായ തടസങ്ങൾ പരിഹരിക്കാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് സഭയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
- ആധുനിക ഊർജ ചരിത്രത്തിൽ ഇതുവരെ നേരിടാത്ത സാഹചര്യത്തെയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഇറാൻ, ഇസ്രയേൽ, യു.എസ് എന്നീ രാജ്യങ്ങള്‍ക്കിടയിലെ സൈനിക നീക്കത്തെത്തുടർന്ന് ലോകത്തെ ക്രൂഡ് ഓയിലിന്റെ 20 ശതമാനവും പ്രകൃതിവാതകത്തിന്റെ 20 ശതമാനവും എൽ.പി.ജിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസ്സപ്പെട്ടിട്ട് ഇന്ന് 13-ാം ദിവസമാണ്. ചരിത്രത്തിലാദ്യമായി ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കുമുന്നില്‍ ഫലത്തിൽ അടച്ചിരിക്കുകയാണ്. സംഘർഷത്തില്‍ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെങ്കിലും മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയും അതിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നു.
- മറ്റ് രാജ്യങ്ങൾ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രതികരണം എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാണ്. നമ്മുടെ ഒരു അയല്‍രാജ്യം രണ്ടാഴ്ചത്തേക്ക് എല്ലാ സ്കൂളുകളും അടച്ചു; സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയിൽ നാലുദിവസമായി ചുരുക്കി; 50 ശതമാനം സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചു; ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധന ആനുകൂല്യം പകുതിയായി കുറച്ചു; 60 ശതമാനം സർക്കാർ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു. പെട്രോളിന് ഒരാഴ്ചയ്ക്കിടെ ഏകദേശം 20 ശതമാനം വില വർധിച്ചതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ ഇന്ധനവില വർധനയ്ക്കും ആ രാജ്യം സാക്ഷ്യം വഹിച്ചു. മറ്റൊരു അയൽരാജ്യം ഇന്ധനം ലാഭിക്കാന്‍ സർവകലാശാലകൾ നേരത്തെ അടയ്ക്കുകയും ചെറിയപെരുന്നാള്‍ അവധി നേരത്തെയാക്കുകയും ചെയ്തു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും ഊർജ നിയന്ത്രണങ്ങളും സംരക്ഷണ നടപടികളും സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്.
ക്രൂഡ് ഓയിലും പെട്രോളും ഡീസലും:
ബഹുമാനപ്പെട്ട സ്പീക്കർ സർ,
- ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണ സാഹചര്യം സുരക്ഷിതമാണ്. ഹോർമുസ് കടലിടുക്ക് വഴി ലഭിക്കുമായിരുന്നതിനേക്കാൾ കൂടുതൽ അളവ് ഇപ്പോൾ ഉറപ്പാക്കിയിട്ടുണ്ട്. പ്രതിസന്ധിക്ക് മുന്‍പ് ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം 45 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ മികച്ച നയതന്ത്ര ഇടപെടലുകൾക്കും സൗമനസ്യത്തിനും നന്ദി; തടസപ്പെട്ട പാതയിലൂടെ ഇക്കാലയളവിൽ ലഭിക്കുമായിരുന്നതിനേക്കാൾ കൂടുതൽ ക്രൂഡ് ഓയിൽ ഉറപ്പാക്കാൻ രാജ്യത്തിന് സാധിച്ചു. ഹോർമുസ് ഇതര സ്രോതസ്സുകളിലെ ക്രൂഡ് ഇറക്കുമതി വിഹിതം സംഘർഷത്തിന് മുന്‍പ് 55 ശതമാനമായിരുന്നത് ഏകദേശം 70 ശതമാനമായി ഉയർന്നു. 2006-07 കാലഘട്ടത്തിൽ 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇറക്കുമതിയെങ്കിൽ ഇപ്പോൾ ഇന്ത്യ 40 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ശേഖരിക്കുന്നു. വർഷങ്ങളായി തുടരുന്ന നയപരമായ പ്രതിബദ്ധതയിലൂടെ കെട്ടിപ്പടുത്ത ഈ വൈവിധ്യവൽക്കരണം ഇന്ന് മറ്റ് രാജ്യങ്ങൾക്കില്ലാത്ത അവസരങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നു. എണ്ണസംസ്കരണശാലകൾ ഉയർന്ന ശേഷിയിലാണ് പ്രവർത്തിക്കുന്നത്; പലയിടത്തും ശേഷിയുടെ 100 ശതമാനത്തിന് മുകളിലും ഇവ പ്രവർത്തിക്കുന്നു.
- പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം, ഫ്യുവൽ ഓയിൽ എന്നിവയ്ക്ക് യാതൊരു ക്ഷാമവുമില്ല. ഇവയുടെ ലഭ്യത പൂർണമായി ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം ചില്ലറവില്പന കേന്ദ്രങ്ങളില്‍ ഇന്ധന ശേഖരമുണ്ടെന്നും ഇവയുടെ വിതരണ ശൃംഖല സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും റേഷൻ മണ്ണെണ്ണയുടെ അധിക വിഹിതവും അനുവദിച്ചിട്ടുണ്ട്.
പ്രകൃതി വാതകം:
ബഹുമാനപ്പെട്ട സ്പീക്കർ സർ,
5. മുൻഗണനാക്രമത്തിലുള്ള വിതരണത്തിലൂടെ പ്രകൃതി വാതക വിതരണം നിയന്ത്രിച്ചു വരികയാണ്. നിലവിലെ സാഹചര്യം ഉടനടിയുള്ള ആവശ്യങ്ങൾക്കും അപ്പുറം സുസ്ഥിരമാണ്. ഇന്ത്യ ആഭ്യന്തരമായി പ്രതിദിനം ഏകദേശം 90 MMSCMD പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്നുണ്ട്. ഖത്തറിലെ ഒരു പ്രധാന സംസ്കരണ ശാലയിൽ നിന്നുള്ള ഫോഴ്‌സ് മജ്യൂർ പ്രഖ്യാപനം ഗൾഫ് സ്രോതസ്സുകളിൽ നിന്നുള്ള 30 MMSCMD ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. അവശ്യസാധന നിയമപ്രകാരം 2026 മാർച്ച് 9-ന് പുറപ്പെടുവിച്ച പ്രകൃതി വാതക നിയന്ത്രണ ഉത്തരവ് ഒരു അടിയന്തര മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. വീടുകളിലേക്കുള്ള ഗാർഹിക പൈപ്പ് ഗ്യാസിനും വാഹനങ്ങൾക്കുള്ള സിഎൻജി വിതരണത്തിനും യാതൊരു കുറവും കൂടാതെ 100 ശതമാനം വിതരണവും ലഭിക്കും. വ്യവസായങ്ങൾക്കും നിർമ്മാണ മേഖലയിലുള്ള ഉപഭോക്താക്കൾക്കും അവരുടെ കഴിഞ്ഞ ആറുമാസത്തെ ശരാശരിയുടെ 80 ശതമാനം വരെ ലഭിക്കും. വിതയ്ക്കൽ സീസണിന് മുന്നോടിയായി കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനായി വളം നിർമ്മാണ ശാലകൾക്ക് 70 ശതമാനം വരെ വിതരണം ലഭിക്കും. റിഫൈനറികളും പെട്രോകെമിക്കൽ യൂണിറ്റുകളും വിതരണത്തിലെ നിയന്ത്രിത കുറവ് ഉൾക്കൊള്ളുകയും, ആ വാതകം ഉയർന്ന മുൻഗണനയുള്ള മേഖലകളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. ഇതര മാർഗ്ഗങ്ങളിലൂടെയുള്ള സംഭരണത്തിലൂടെ ഈ കുറവ് ഗണ്യമായി നികത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് സഭയെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബദൽ വിതരണ മാർഗ്ഗങ്ങളിലൂടെ വലിയ എൽഎൻജി ചരക്കുകൾ ഏതാണ്ട് എല്ലാ ദിവസവും എത്തിക്കൊണ്ടിരിക്കുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു സംഘർഷമുണ്ടായാൽ പോലും ഈ നില തുടരാൻ ആവശ്യമായ വാതക ഉത്പാദനവും വിതരണ ക്രമീകരണങ്ങളും ഇന്ത്യയ്ക്കുണ്ട്. എല്ലാ വീടുകൾക്കും വ്യവസായങ്ങൾക്കും ആവശ്യമായ വൈദ്യുതി ഉത്പാദനം പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
എൽപിജി :
ബഹുമാനപ്പെട്ട സ്പീക്കർ സർ,
6. ഇന്ത്യ മുൻപ്, ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എൽപിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത്. 40 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ഗൾഫ് സ്രോതസ്സുകൾക്ക് പുറമെ യുണൈറ്റഡ് സ്റ്റേറ്റ്സ്, നോർവേ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കുകൾ ഉറപ്പാക്കിക്കൊണ്ട് സംഭരണ ശൃംഖല സജീവമായി വൈവിധ്യവൽക്കരിച്ചിട്ടുണ്ട്.
2026 മാർച്ച് 8-ന് പുറപ്പെടുവിച്ച എൽപിജി നിയന്ത്രണ ഉത്തരവ് പ്രകാരം, എൽപിജി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കാനും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടീൻസ് എന്നിവ ഉൾപ്പെടുന്ന C3, C4 ഹൈഡ്രോകാർബൺ സ്ട്രീമുകളുടെ മുഴുവൻ ഉത്പാദനവും ഗാർഹിക പാചക വാതകത്തിനായി മൂന്ന് എണ്ണ വിപണന കമ്പനികൾക്ക് മാത്രമായി നല്കാനും എല്ലാ റിഫൈനറികൾക്കും നിർദ്ദേശം നല്കി. ഇതിൻ്റെ ഫലമായി കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ റിഫൈനറി നിർദ്ദേശങ്ങളിലൂടെ എൽപിജി ഉൽപ്പാദനം 28 ശതമാനം വർദ്ധിച്ചു, കൂടുതൽ സംഭരണത്തിനായുള്ള നടപടികൾ സജീവമായി നടക്കുന്നു.
7. ഇന്ത്യയിലെ 33 കോടിയിലധികം വരുന്ന കുടുംബങ്ങളുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടേയും പിന്നാക്ക വിഭാഗങ്ങളുടേയും അടുക്കളകളിൽ യാതൊന്നിനും ക്ഷാമം ഉണ്ടാകരുത് എന്നതാണ് മോദി സർക്കാരിൻ്റെ പ്രധാന മുൻഗണന. ഗാർഹിക വിതരണം പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു, വിതരണ ക്രമത്തിൽ മാറ്റമില്ല. ഗാർഹിക എൽപിജി സിലിണ്ടറുകൾ ബുക്കിംഗ് മുതൽ ഡെലിവറി വരെയുള്ള സാധാരണ സമയം 2.5 ദിവസമായി തുടരുന്നു, ഇത് പ്രതിസന്ധിക്ക് മുമ്പുള്ള മാനദണ്ഡങ്ങളിൽ നിന്ന് മാറ്റമില്ലാത്തതാണ്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാത്ത മുൻഗണനാ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. വിപണിയിലെ ഡിമാൻഡ് സാഹചര്യങ്ങൾ എന്തുതന്നെയായാലും അവർക്ക് എൽപിജി ലഭ്യമാകുമെന്ന് പൂർണ്ണമായും ഉറപ്പുനല്കുന്നു. വിതരണക്കാരുടെ നിലവാരത്തിലും ചില്ലറ വിൽപ്പന തലത്തിലും പൂഴ്ത്തിവെയ്പ്പും പരിഭ്രാന്തി മൂലമുള്ള ബുക്കിംഗും നടക്കുന്നതായി ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത് യഥാർത്ഥ വിതരണ ക്ഷാമം കൊണ്ടല്ല, മറിച്ച് ഉപഭോക്താക്കളുടെ ആശങ്ക മൂലമാണ്. സഭയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വേണം: ചിലയിടങ്ങളിലെ അമിത ബുക്കിംഗ് സമ്മർദ്ദം വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ഡിമാൻഡിലെ വ്യതിയാനമാണ് പ്രതിഫലിപ്പിക്കുന്നത്. ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് വ്യാപ്തി 50 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്തുകയാണ്. ഈ സംവിധാനത്തിന് കീഴിൽ, ഉപഭോക്താവ് തൻ്റെ രജിസ്റ്റർ ചെയ്ത മൊബൈലിൽ ലഭിക്കുന്ന വൺ ടൈം കോഡ് വഴി സ്ഥിരീകരിച്ചാൽ മാത്രമേ സിലിണ്ടർ വിതരണം ചെയ്തതായി രേഖപ്പെടുത്താൻ കഴിയൂ. ഇതുവഴി വിതരണത്തിലെ തിരിമറികൾ മറച്ചുവെക്കുന്നത് അസാധ്യമാകും. ഡിമാൻഡ് മാനേജ്‌മെൻ്റ് നടപടിയുടെ ഭാഗമായി നഗരപ്രദേശങ്ങളിൽ കുറഞ്ഞത് 25 ദിവസത്തേയും ഗ്രാമീണ, ദുർഘട പ്രദേശങ്ങളിൽ 45 ദിവസത്തേയും ബുക്കിംഗ് ഇടവേള ഏർപ്പെടുത്തിയിട്ടുണ്ട്. ഒഎംസി ഫീൽഡ് ഓഫീസർമാരും ആൻ്റി അഡൽട്ടറേഷൻ സെല്ലും വിതരണക്കാരുടെ തലത്തിൽ ഇത് നടപ്പിലാക്കാൻ ഏകോപിതമായി പ്രവർത്തിക്കുന്നു. കേന്ദ്ര വിതരണ സംവിധാനവുമായി സംസ്ഥാന ഭരണകൂടങ്ങളെ സമന്വയിപ്പിക്കുന്നതിനായി ആഭ്യന്തര സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ഒരു യോഗം ചേർന്നു.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
8. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പിഴ ചുമത്താനല്ല, കരിഞ്ചന്ത തടയുന്നതിനാണ് വാണിജ്യ എൽപിജി നിയന്ത്രിക്കുന്നത്.
വാണിജ്യ എൽപിജി, നിയന്ത്രണമൊന്നുമില്ലാതെയും, ഗവണ്മെന്റ് സബ്‌സിഡി ഇല്ലാതെയും, വിപണി വിലയ്ക്ക്, നേരിട്ട് ആവശ്യക്കാർക്ക് വിൽക്കുന്നു. ഇതിന് രജിസ്ട്രേഷൻ സംവിധാനമില്ല, ബുക്കിംഗ് ആവശ്യകതയില്ല, ഡിജിറ്റൽ പ്രാമാണീകരണമോ വിതരണസ്ഥിരീകരണ സംവിധാനമോ ഇല്ല. സാധാരണ സമയങ്ങളിൽ ഗവണ്മെന്റ് നിയന്ത്രണമില്ലാതെ, ഏതൊരു ബിസിനസ് സംരംഭത്തിനോ വ്യക്തിക്കോ വിൽപ്പന കേന്ദ്രത്തിൽ നിന്നും എത്ര വേണമെങ്കിലും സിലിണ്ടറുകൾ വാങ്ങാം. എന്നാൽ വിതരണത്തിന്റെ പരിമിതമായ അന്തരീക്ഷത്തിൽ, പൊതുജനങ്ങളുടെ ഉത്കണ്ഠ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണരഹിത ഘടന പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കൽ എന്നിവയ്ക്ക് പ്രത്യക്ഷത്തിൽ ഒരു പാത സൃഷ്ടിക്കുന്നു. വാണിജ്യ വിതരണം പൂർണ്ണമായും നിയന്ത്രണമില്ലാതെ വിട്ടിരുന്നെങ്കിൽ, കൗണ്ടറിൽ നിന്ന് വാങ്ങിയ സിലിണ്ടറുകൾ ഗാർഹിക കുടുംബങ്ങളെപ്പോലെ യഥാർത്ഥ വാണിജ്യ ഉപഭോക്താക്കൾക്കും ലഭിക്കാതിരിക്കുകയും കരിഞ്ചന്തയിലേക്ക് മാറ്റപ്പെടുകയും ചെയ്യുമായിരുന്നു . അതിനാൽ ഗവൺമെന്റ് ഉത്തരവാദിത്വപൂർണമായ നടപടി സ്വീകരിച്ചു: വ്യക്തമായ മുൻഗണനകളും സുതാര്യമായ വിതരണ രീതിയും ഉപയോഗിച്ച് ഈ സംവിധാനം നിയന്ത്രിക്കുക. ഇതിനായി ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റി 2026 മാർച്ച് 9-ന് രൂപീകരിച്ചു. രാജ്യത്തുടനീളമുള്ള സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പുകളുമായും റസ്റ്റോറന്റ് അസോസിയേഷനുകളുമായും വിപുലമായ യോഗങ്ങൾ നടന്നിട്ടുണ്ട്, അവ തുടരുകയാണ്. ലഭ്യമായ വാണിജ്യ ഇന്ധനം ആദ്യം യഥാർത്ഥ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രദേശാടിസ്ഥാനത്തിലും മേഖലാടിസ്ഥാനത്തിലുമുള്ള ആവശ്യകത കമ്മിറ്റി വിലയിരുത്തി. ഒരു പ്രധാന തീരുമാനത്തിൽ, പൂഴ്ത്തിവയ്പ്പോ കരിഞ്ചന്തയോ ഉണ്ടാകാതിരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളുമായി ഏകോപിപ്പിച്ച്, ശരാശരി പ്രതിമാസ വാണിജ്യ എൽപിജി ആവശ്യകതയുടെ 20% ഇന്ന് മുതൽ എണ്ണവിതരണ കമ്പനികൾ അനുവദിക്കും.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
9. എൽപിജി, ഗ്യാസ് മേഖലയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് ഇതര ഇന്ധന സാധ്യതകൾ സജീവമാക്കിവരികയാണ്. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പിഡിഎസ് കേന്ദ്രങ്ങൾ വഴി മണ്ണെണ്ണ ലഭ്യമാക്കുന്നുണ്ട്. വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് ഇന്ധന എണ്ണ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ, ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റ് വിഭാഗത്തിന് ബദൽ ഇന്ധനമായി ബയോമാസ്, ആർഡിഎഫ് പെല്ലറ്റുകൾ, മണ്ണെണ്ണ/കൽക്കരി എന്നിവയുടെ ഉപയോഗം ഒരു മാസത്തേക്ക് അനുവദിക്കണമെന്ന് MoEFCC സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഗണ്യമായ എണ്ണം സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുകയും അതുവഴി മുൻഗണനാ ഉപഭോക്താക്കൾക്കായി എൽപിജി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പ്രാപ്തമാക്കും.
10. ആഗോള വിപണി സാഹചര്യങ്ങളിൽ നിന്ന് ഉപഭോക്തൃ വിലകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 2023 ജൂലൈ മുതൽ 2026 മാർച്ച് വരെ സൗദി കരാർ വില 41 ശതമാനം ഉയർന്നിട്ടും, അതേ കാലയളവിൽ PMUY ഗുണഭോക്തൃ വില 32 ശതമാനം കുറഞ്ഞ് ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന് 613 രൂപയായി. സബ്‌സിഡിയില്ലാത്ത ഉപഭോക്തൃ സിലിണ്ടർ വില അടുത്തിടെ 60 രൂപ ക്രമീകരണം വരുത്തി 913 രൂപയായി. വിപണി നിശ്ചയിച്ച വില ഏകദേശം 987 രൂപയായിരുന്നു. നിലവിലുള്ള ആഗോള വിപണി സാഹചര്യങ്ങൾക്കനുസരിച്ച് സിലിണ്ടറിന് 134 രൂപ ക്രമീകരണം ആവശ്യമായതിനാൽ, ഗവണ്മെന്റ് 74 രൂപ ഏറ്റെടുത്തു. ഒരു പിഎംയുവൈ കുടുംബത്തിന് പ്രതിദിനം 80 പൈസയിൽ താഴെയാണ് യഥാർത്ഥത്തിൽ അധിക ചെലവ്. അയൽ രാജ്യങ്ങളിലെ എൽപിജി വില പാകിസ്ഥാനിൽ 1,046 രൂപയും ശ്രീലങ്കയിൽ 1,242 രൂപയും നേപ്പാളിൽ 1,208 രൂപയുമാണ്. 2024-25 ൽ ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായതിൽ 30,000 കോടി രൂപയുടെ നഷ്ടപരിഹാരം ഒഎംസികൾക്ക് അനുവദിച്ചു
ബഹുമാനപ്പെട്ട സ്പീക്കർ സർ,
11. സംസ്ഥാന ഗവണ്മെന്റുകൾ പൂർണ്ണ സഹകരണത്തോടെയും സജീവമായ ഏകോപനത്തോടെയും പ്രതികരിച്ചു. 2026 മാർച്ച് 11 ന്, മുതിർന്ന OMC ഉദ്യോഗസ്ഥർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഗോവ, ഒഡീഷ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ പ്രധാന സംസ്ഥാനങ്ങളിലുടനീളമുള്ള ഭരണകൂടങ്ങളുമായി കൂടിക്കാഴ്ച നടത്തി. വിതരണ സ്ഥിതി , മുൻഗണനാ ക്രമം, നിർവ്വഹണ ചട്ടക്കൂട് എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും അറിയിച്ചു. ജില്ലാതല നിരീക്ഷണ സമിതികൾ സ്ഥാപിച്ചുവരികയാണ്. വിവിധ സംസ്ഥാനങ്ങളിൽ പൂഴ്ത്തിവെയ്പ്പിനെതിരെ റെയ്ഡുകൾ നടത്തുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു ദേശീയ വെല്ലുവിളിയോട് അത് ആവശ്യപ്പെടുന്ന ഏകോപനത്തോടെ പ്രതികരിക്കുന്ന സഹകരണ ഫെഡറലിസമാണിത്.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
12. കിംവദന്തികൾക്കോ വ്യാജ വിവരണങ്ങൾക്കോ ഉള്ള സമയമല്ല ഇത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഗുരുതരമായ ആഗോള ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ക്രൂഡ് വിതരണത്തിന് തടസമില്ല. വീടുകൾക്കും കൃഷിയിടങ്ങൾക്കുമുള്ള വാതകത്തിന് മുൻഗണന നൽകുന്നു. എൽപിജി ഉത്പാദനം 28 ശതമാനം വർദ്ധിപ്പിച്ചു. വിപണികളും പ്രാദേശിക താരതമ്യ വിദഗ്ധരും പറയുന്നതിനേക്കാൾ വളരെ താഴെയാണ് ഉപഭോക്തൃ വിലകൾ പിടിച്ചു നിർത്തുന്നത്. സ്കൂളുകൾ തുറന്നിരിക്കുന്നു. പെട്രോൾ ലഭ്യമാണ് . രാഷ്ട്രീയ ബന്ധങ്ങൾ പരിഗണിക്കാതെ ഓരോ പൗരനും അതിൽ പങ്കുണ്ട്. ഇന്ത്യ അതിന്റെ ഊർജ്ജ യോദ്ധാക്കളുടെ പിന്നിലും, ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ പിന്നിലും, ദേശീയ താൽപ്പര്യത്തിന്റെ പിന്നിലും ഒറ്റക്കെട്ടായി നിൽക്കണം. തയ്യാറെടുപ്പിന്റെയും പ്രതികരണത്തിന്റെയും രേഖകൾ സ്വയം സംസാരിക്കുന്ന തെളിവുകളാണ്.
***
( റിലീസ് ഐ.ഡി: 2239254)
സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Assamese
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada