പോസ്റ്റഡ് ഓണ്‍:
23 FEB 2026 2:42PM by PIB Thiruvananthpuram
ഭാരത് ടാക്സിയിലെ 'സാരഥി'കളുമായി (ഡ്രൈവർമാർ) കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. അധ്വാനിക്കുന്നവർക്ക് തന്നെ ലാഭത്തിന്റെ വിഹിതം ലഭ്യമാക്കണമെന്നതാണ് സർക്കാരിന്റെ നയമെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.ഭാരത് ടാക്സിയുടെ യഥാർത്ഥ ഉടമകൾ അതിലെ സാരഥികളാണെന്നും ലാഭവിഹിതത്തിന് അവർക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും ഭാരത് ടാക്സിയുടെ സേവനം ലഭ്യമാക്കുമെന്ന് സഹകരണ മന്ത്രി പറഞ്ഞു.
രാജ്യത്തെ അഞ്ച് പ്രമുഖ സഹകരണ സംഘങ്ങൾ ഒത്തുചേർന്നാണ് 'ഭാരത് ടാക്സി'ക്ക് രൂപം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ വെളിപ്പെടുത്തി. സാധാരണക്കാരായ ഡ്രൈവർമാരെ ഉടമകളാക്കി മാറ്റുന്ന വിപ്ലവകരമായ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.കേവലം 500 രൂപയുടെ ഓഹരികൾ വാങ്ങുന്നതിലൂടെ ഏതൊരു 'സാരഥി'ക്കും (ഡ്രൈവർ) ഭാരത് ടാക്സിയുടെ പങ്കാളിയാകാനും ഉടമസ്ഥാവകാശം നേടാനും സാധിക്കും.ഭാരത് ടാക്സിയുടെ ഭരണസമിതി (Board of Directors) തിരഞ്ഞെടുപ്പിൽ ഡ്രൈവർമാർക്കായി പ്രത്യേക സീറ്റുകൾ സംവരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർമാർ ഭരണസമിതിയുടെ ഭാഗമാകുന്നതോടെ, സഹപ്രവർത്തകരുടെ പ്രശ്നങ്ങളും താൽപ്പര്യങ്ങളും കൃത്യമായി സംരക്ഷിക്കപ്പെടുന്നുവെന്ന് അവർക്ക് തന്നെ ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ കമ്പനികളെപ്പോലെ വൻ ലാഭമുണ്ടാക്കുകയല്ല, മറിച്ച് ഡ്രൈവർമാരായ സാരഥികളെ ശാക്തീകരിക്കുകയാണ് 'ഭാരത് ടാക്സി'യുടെ ലക്ഷ്യമെന്ന് കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രസ്താവിച്ചു. ഭാരത് ടാക്സിയുടെ ഓഹരികൾ സാരഥികളുടെ കൈവശമായതിനാൽ, കമ്പനിയുടെ നയങ്ങൾ തീരുമാനിക്കുന്നതും അവർ തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഭാരത് ടാക്സി, ഡ്രൈവർമാരുടെ സ്വന്തം കമ്പനിയാണെന്നും 'സഹകരണം' എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വമെന്നും മന്ത്രി പറഞ്ഞു. സാരഥികളെ ചൂഷണം ചെയ്യുന്നതിന് പകരം അവരുടെ കഴിവുകളെ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആകെ വരുമാനത്തിന്റെ 20 ശതമാനം സാരഥികളുടെ മൂലധനമായി ഭാരത് ടാക്സിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.ബാക്കി 80 ശതമാനം തുക സാരഥികൾ ടാക്സി ഓടിച്ച കിലോമീറ്ററിന് ആനുപാതികമായി അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് തിരികെ നൽകും.ആദ്യത്തെ മൂന്ന് വർഷം ലാഭം കമ്പനിയുടെ വിപുലീകരണത്തിനായി വിനിയോഗിക്കും. അതിനുശേഷം എത്ര ലാഭം ലഭിച്ചാലും, അതിന്റെ 20 ശതമാനം ഭാരത് ടാക്സിയിൽ തന്നെ തുടരുമെന്നും, ലാഭത്തിന്റെ 80 ശതമാനവും സാരഥികൾക്ക് തിരികെ നൽകുമെന്നും ശ്രീ ഷാ പറഞ്ഞു.
ഭാരത് ടാക്സിയുടെ തുടക്കം ഒരു പ്രധാന സഹകരണ മുന്നേറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര -സഹകരണ മന്ത്രി പറഞ്ഞു. ഇതിന് കീഴിൽ സാരഥികളുടെ (ഡ്രൈവർമാരുടെ) ടാക്സികൾ ഈടായി (Mortgage) സ്വീകരിച്ച് അവർക്ക് ആവശ്യമായ വായ്പകൾ ലഭ്യമാക്കും.
ഭാരത് ടാക്സിയിൽ മറച്ചുവെക്കാൻ ഒന്നുമില്ലെന്നും സാരഥികൾക്ക് (ഡ്രൈവർമാർക്ക്) എല്ലാ വിവരങ്ങളും അറിയിപ്പുകളിലൂടെ ലഭ്യമാക്കുന്ന ലോകത്തിലെ ഏറ്റവും സുതാര്യമായ ടാക്സി സേവനമായി ഇത് മാറുമെന്നും കേന്ദ്ര മന്ത്രി ശ്രീ അമിത് ഷാപറഞ്ഞു . സാരഥികൾ തന്നെ ഉടമകളായ ഈ സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം ലാഭമുണ്ടാക്കലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.സാരഥികളുടെ ഏറ്റവും കുറഞ്ഞ പ്രവർത്തനക്ഷമതയെ അടിസ്ഥാനമാക്കി സാരഥികൾക്ക് നഷ്ടം സംഭവിക്കാത്ത രീതിയിലുള്ള ഒരു ശാസ്ത്രീയ നിരക്ക് സംവിധാനമാണ് ഭാരത് ടാക്സി വിഭാവനം ചെയ്യുന്നത്.വാഹനത്തിന്റെ വില, ഇന്ധനച്ചെലവ്, സാരഥിയുടെ മിനിമം ലാഭം എന്നിവ കണക്കിലെടുത്തായിരിക്കും ഒരു കിലോമീറ്ററിനുള്ള അടിസ്ഥാന നിരക്ക് നിശ്ചയിക്കുക.നിശ്ചയിച്ചിട്ടുള്ള ഈ മിനിമം നിരക്കിന് താഴെയായി സർവീസ് നടത്തില്ലെന്നും മന്ത്രി പറഞ്ഞു
ഭാരത് ടാക്സി പദ്ധതിയിലൂടെ വനിതാ ഡ്രൈവർമാരുടെ ശാക്തീകരണവും യാത്രികരുടെ സുരക്ഷയും ലക്ഷ്യമിട്ട് 'സാരഥി ദീദി' എന്ന പുതിയ ആശയം കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതമായ യാത്രാ സാഹചര്യമൊരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഭാരത് ടാക്സിയിലെ വനിതാ ഡ്രൈവർമാരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാൻ ഈ പദ്ധതി സഹായിക്കും.ഭാരത് ടാക്സി ആപ്പിൽ 'സാരഥി ദീദി' എന്ന പേരിൽ പ്രത്യേക സംവിധാനം ഇതിനായി ഏർപ്പെടുത്തുമെന്നും അതുവഴി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യാത്രക്കാരി ഉണ്ടെങ്കിൽ, സ്വാഭാവികമായും അവർ 'സാരഥി ദീദി'ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ടാക്സിയിലെ സാരഥികളുടെ (ഡ്രൈവർമാർ) പരാതികൾ കേൾക്കാനും അവ പരിഹരിക്കാനുമായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് ശ്രീ അമിത് ഷാ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തിക്കൊപ്പം സാരഥികളുടെ ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഒരു സേവനമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.സാരഥികൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് സമർപ്പിക്കാനും ഇതിലൂടെ സാധിക്കും.ഭാരത് ടാക്സിയുടെ ലക്ഷ്യം ഉപഭോക്താവിന്റെ സന്തുഷ്ടി നിലനിർത്തുന്നതിനൊപ്പം സാരഥികളുടെ ക്ഷേമവും ഉറപ്പാക്കുക എന്നതായിരിക്കണമെന്ന് ശ്രീ ഷാ പറഞ്ഞു.
ടാക്സി മേഖലയിൽ ജോലി ചെയ്യുന്നവരെ 'ഡ്രൈവർമാർ' എന്ന് വിളിക്കുന്നതിന് പകരം 'സാരഥികൾ' എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ. സാരഥികളിൽ അന്തസ്സും ആത്മാഭിമാനവും വളർത്തുക എന്നത് ഭാരത് ടാക്സിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ടാക്സി മുന്നോട്ട് പോകുന്നതിനനുസരിച്ച് ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും കൃത്യമായ പരിഹാരങ്ങൾ കണ്ടെത്തുമെന്നും കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പുനൽകി.സാരഥികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ടത് സാരഥികളുടെ തന്നെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ടാക്സി മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ കൃത്യമായ ഒരു സംവിധാനം വികസിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് കേന്ദ്ര മന്ത്രി ശ്രീ അമിത് ഷാപറഞ്ഞു . നിലവിലുള്ള ടാക്സി കമ്പനികളുടെ ലക്ഷ്യം സാരഥികളുടെ (ഡ്രൈവർമാരുടെ) ക്ഷേമമല്ലെന്ന് അദ്ദേഹം പറഞ്ഞു .സാരഥികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനും അവരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേൾക്കുന്നതിനുമുള്ള പരിപാടികൾ ഭാരത് ടാക്സി തുടർച്ചയായി സംഘടിപ്പിക്കും.സാരഥികളുമായുള്ള ബന്ധം നിലനിർത്താൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ, കോൾ സെന്ററുകൾ എന്നിവ പ്രയോജനപ്പെടുത്തും.സാരഥികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ഏതുസമയത്തും അധികൃതരെ അറിയിക്കാനുള്ള സൗകര്യം ഇതിലൂടെ ഉറപ്പാക്കും.വെറുമൊരു സേവന ദാതാവ് എന്നതിലുപരി, സാരഥികളുടെ ജീവിതനിലവാരം ഉയർത്തുന്ന ഒരു സഹകരണ പ്രസ്ഥാനമായി ഭാരത് ടാക്സി മാറുമെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേർത്തു.