പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് എസ്റ്റോണിയയുടെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
18 FEB 2026 8:35PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് ഉച്ചകോടിയുടെ ' (AI Impact Summit) ഭാഗമായി 2026 ഫെബ്രുവരി 18-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് എസ്റ്റോണിയയുടെ പ്രസിഡന്റ് ആദരണീയനായ അലർ കരിസുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വർഷം പാരിസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെയുണ്ടായ കൂടിക്കാഴ്ചയെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് കരിസും ഊഷ്മളമായി അനുസ്മരിച്ചു. ജനാധിപത്യം, നിയമവാഴ്ച എന്നീ പങ്കിട്ട മൂല്യങ്ങളിലും അന്താരാഷ്ട്ര സമാധാനവും സ്ഥിരതയും എന്ന ലക്ഷ്യങ്ങളിലും ഊന്നി നിന്നുകൊണ്ട് ഇന്ത്യ-എസ്റ്റോണിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ആവർത്തിച്ചു.
2026 ജനുവരിയിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു (EU) ഉച്ചകോടിയിൽ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ വിജയകരമായി പൂർത്തിയാക്കിയതിലൂടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിലുണ്ടായ ശ്രദ്ധേയവും തന്ത്രപ്രധാനവുമായ മുന്നേറ്റത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
ഐടിയും ഡിജിറ്റലൈസേഷനും ഉൾപ്പെടെ നിലവിലുള്ള ഉഭയകക്ഷി സഹകരണങ്ങൾ നേതാക്കൾ അവലോകനം ചെയ്തു. ഭാവി സാങ്കേതികവിദ്യകൾ, ഇ-ഗവേണൻസ്, സൈബർ സുരക്ഷ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ-നൈപുണ്യ മേഖലകളിലുൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. ശുദ്ധമായ ഊർജ്ജം, സ്മാർട്ട് എനർജി മാനേജ്‌മെന്റ് എന്നീ മേഖലകളിലെ സഹകരണ സാധ്യതകളും അവർ ചർച്ച ചെയ്തു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഇരു നേതാക്കളും ആശയവിനിമയം നടത്തി.
ഇന്ത്യയും എസ്റ്റോണിയയും തമ്മിൽ വളർന്നുവരുന്ന സാംസ്കാരിക-ജനകീയ ബന്ധങ്ങളിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. എസ്റ്റോണിയയുടെ വികസനത്തിൽ ഇന്ത്യൻ പ്രൊഫഷണലുകൾ നൽകുന്ന സംഭാവനകളെ പ്രസിഡന്റ് കരിസ് അഭിനന്ദിച്ചു. കൂടുതൽ തൊഴിൽ വൈദഗ്ധ്യമുള്ളവരുടെ കൈമാറ്റത്തിനും ടൂറിസം മേഖലയ്ക്കും സൗകര്യമൊരുക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
***
NK
( റിലീസ് ഐ.ഡി: 2230113)
സന്ദര്‍ശക കൗണ്ടര്‍ : 5