प्रविष्टि तिथि:
01 FEB 2026 1:14PM by PIB Thiruvananthpuram
2026-2027-ലെ കേന്ദ്ര ബജറ്റ് കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചു.
ഭാഗം-A
മാഘപൂർണിമയുടെയും ഗുരു രവിദാസിൻ്റെ ജന്മവാർഷികത്തിൻ്റെയും പരിപാവന വേളയില്‍ കർത്തവ്യ ഭവനിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണിതെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് 'കർത്തവ്യ'ങ്ങളിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
-
ഉല്പാദനക്ഷമതയും മത്സരക്ഷമതയും വർധിപ്പിക്കുന്നതിലൂടെയും അസ്ഥിര ആഗോള സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുകയാണ് പ്രഥമ കർത്തവ്യം.
-
ജനാഭിലാഷങ്ങൾ നിറവേറ്റുകയും അവരുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ അഭിവൃദ്ധിയിലേക്കുള്ള പാതയിൽ ജനങ്ങളെ കരുത്തുറ്റ പങ്കാളികളാക്കുകയാണ് രണ്ടാമത്തെ കർത്തവ്യം.
-
അർത്ഥപൂര്‍ണ പങ്കാളിത്തത്തിന് ഓരോ കുടുംബത്തിനും സമൂഹത്തിനും പ്രദേശത്തിനും മേഖലയ്ക്കും വിഭവങ്ങളും സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് 'സബ്കാ സാത്ത്, സബ്കാ വികാസ്' കാഴ്ചപ്പാടിനോട് ചേർന്നുനിൽക്കുന്ന മൂന്നാമത്തെ കർത്തവ്യം.
പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും മുൻഗണന നൽകുന്ന സർക്കാരിൻ്റെ ദൃഢനിശ്ചയം എടുത്തുപറയുന്ന ബജറ്റ് രാജ്യത്തെ യുവശക്തിയിലൂടെ മുന്നോട്ടുനയിക്കപ്പെടുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും അഭിലാഷങ്ങളും സന്തുലിതമാക്കി 'വികസിത ഭാരത'ത്തിലേക്ക് ആത്മവിശ്വാസത്തോടെ രാജ്യം ചുവടുവെയ്പ്പ് തുടരുമെന്ന് ബജറ്റിൻ്റെ അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ വികസിച്ചുവരുന്ന വ്യാപാര-മൂലധന ആവശ്യങ്ങൾ മുൻനിർത്തി ആഗോള വിപണികളുമായി ആഴമേറിയ സംയോജനം ഇന്ത്യ തുടരണമെന്നും കൂടുതൽ കയറ്റുമതി ഉറപ്പാക്കി സ്ഥിരതയാര്‍ന്ന ദീർഘകാല നിക്ഷേപങ്ങളെ ആകർഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വ്യാപാരവും ബഹുരാഷ്ട്ര സഹകരണവും വലിയ വെല്ലുവിളികൾ നേരിടുകയും വിഭവങ്ങളിലേക്കും വിതരണ ശൃംഖലകളിലേക്കും പ്രവേശനം തടസ്സപ്പെടുകയും ചെയ്യുന്ന ആഗോള സാഹചര്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും ധനമന്ത്രി പരാമർശിച്ചു. പുതിയ സാങ്കേതികവിദ്യകൾ ഉല്പാദന സംവിധാനങ്ങളെ മാറ്റിമറിക്കുന്നതിനൊപ്പം ജലം, ഊർജ്ജം, നിർണായക ധാതുക്കൾ എന്നിവയുടെ ആവശ്യകത ഗണ്യമായി വർധിപ്പിക്കുകയും ചെയ്യുന്നു.
2025-ലെ സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം 350-ലേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയതായി ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി ലളിതവല്‍ക്കരണം, തൊഴില്‍ നിയമങ്ങളുടെ വിജ്ഞാപനം, നിർബന്ധിത ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ യുക്തിസഹമാക്കൽ എന്നിവ ഇതിലുൾപ്പെടുന്നു. ഉന്നതതല സമിതികൾ രൂപീകരിച്ചതിനൊപ്പം ചട്ടങ്ങൾ ലഘൂകരിക്കാനും നിബന്ധനകൾ പാലിക്കുന്നതിലെ സങ്കീര്‍ണതകള്‍ കുറയ്ക്കാനും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും നിലനിർത്താനും ലക്ഷ്യമിടുന്ന ആദ്യ കർത്തവ്യത്തിന് കീഴിൽ ആറ് മേഖലകളിൽ ഇടപെടലുകൾ നിർദേശിക്കപ്പെട്ടു:
-
തന്ത്രപ്രധാനവും അത്യാധുനികവുമായ ഏഴു മേഖലകളിൽ നിർമാണ പ്രവർത്തനങ്ങളുടെ വർധന;
-
പരമ്പരാഗത വ്യാവസായിക മേഖലകളുടെ പുനരുജ്ജീവനം;
-
"ചാമ്പ്യൻ എം.എസ്.എം.ഇ"കളുടെ സൃഷ്ടി;
-
അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ ഉത്തേജനം;
-
ദീർഘകാല ഊർജ്ജ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കല്‍;
-
നഗര സാമ്പത്തിക മേഖലകളുടെ വികസനം.
ഇന്ത്യയെ ആഗോള ബയോഫാർമ നിർമാണ കേന്ദ്രമായി വികസിപ്പിക്കാന്‍ ജൈവ ഔഷധങ്ങളുടെയും തത്തുല്യ ജൈവ ഔഷധങ്ങളുടെയും ആഭ്യന്തര ഉല്പാദനത്തിന് ആവാസവ്യവസ്ഥയൊരുക്കാന്‍ 10,000 കോടി രൂപ വകയിരുത്തി. അടുത്ത 5 വർഷത്തിനകം 'ബയോഫാർമ ശക്തി' എന്ന പേരില്‍ കേന്ദ്രം സ്ഥാപിക്കും. ഈ ആശയത്തിൻ്റെ ഭാഗമായി 3 പുതിയ ദേശീയ ഔഷധനിര്‍മാണ പഠന ഗവേഷണ കേന്ദ്രങ്ങള്‍ (NIPER) സ്ഥാപിക്കുകയും നിലവിലെ ഏഴ് കേന്ദ്രങ്ങള്‍ നവീകരിക്കുകയും ചെയ്യുന്നതിലൂടെ ബയോഫാർമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശൃംഖല രൂപീകരിക്കും. കൂടാതെ 1000-ത്തിലേറെ അംഗീകൃത ഇന്ത്യൻ ക്ലിനിക്കൽ പരിശോധനാ കേന്ദ്രങ്ങളുടെ ശൃംഖലയും രൂപീകരിക്കും. പ്രത്യേക ശാസ്ത്രീയ അവലോകന കേഡറും വിദഗ്ധരെയും ഉപയോഗപ്പെടുത്തി കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സംഘടനയെ ആഗോള നിലവാരത്തിനും അനുമതി സമയപരിധികൾക്കും അനുസൃതമായി ശക്തിപ്പെടുത്തും.
കൂടുതൽ തൊഴിലാളികളെ ആവശ്യമായ തുണിത്തര മേഖലയ്ക്കായി അഞ്ച് ഉപവിഭാഗങ്ങളോടെ സംയോജിത പരിപാടിയും ബജറ്റില്‍ നിർദേശിച്ചു. പട്ട്, കമ്പിളി, ചണം തുടങ്ങിയ പ്രകൃതിദത്ത നാരുകളിലും മനുഷ്യനിർമിത ഫൈബറുകളിലും ആധുനിക ഫൈബറുകളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ദേശീയ ഫൈബർ പദ്ധതി; യന്ത്രസാമഗ്രികള്‍ക്ക് മൂലധന സഹായം, സാങ്കേതിക വിദ്യ നവീകരണം, പൊതു പരിശോധന-സാക്ഷ്യപത്ര കേന്ദ്രങ്ങൾ എന്നിവയിലൂടെ പരമ്പരാഗത കേന്ദ്രങ്ങളെ നവീകരിക്കുന്ന തുണിത്തര വിപുലീകരണ തൊഴില്‍ പദ്ധതി; നിലവിലെ പദ്ധതികളെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും കൃത്യമായ പിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ദേശീയ കൈത്തറി കരകൗശല പരിപാടി; ആഗോള മത്സരക്ഷമതയും സുസ്ഥിരതയുമുള്ള തുണിത്തരങ്ങളും വസ്ത്രങ്ങളും പ്രോത്സാഹിപ്പിക്കുന്ന ടെക്-ഇക്കോ സംരംഭം; വ്യാവസായിക-അക്കാദമിക സ്ഥാപനങ്ങളുമായി സഹകരിച്ച് വസ്ത്ര വ്യവസായത്തിലെ നൈപുണ്യ വികസന സംവിധാനം ആധുനികവൽക്കരിക്കാനും നവീകരിക്കാനും ലക്ഷ്യമിടുന്ന സമർത്ഥ് 2.0 എന്നിവയാണ് പദ്ധതികള്‍.
വളർച്ചയുടെ സുപ്രധാന ചാലകശക്തിയായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയെ (എംഎസ്എംഇ) അംഗീകരിച്ച് തിരഞ്ഞെടുത്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഭാവി 'ചാമ്പ്യന്മാരെ' സൃഷ്ടിക്കാനും 10,000 കോടി രൂപയുടെ പ്രത്യേക എസ്.എം.ഇ വളര്‍ച്ചാ ഫണ്ട് ബജറ്റില്‍ നിർദേശിച്ചു.
പൊതു മൂലധനച്ചെലവ് 2014-15 സാമ്പത്തിക വർഷത്തെ 2 ലക്ഷം കോടി രൂപയിൽ നിന്ന് 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റില്‍ 11.2 ലക്ഷം കോടിയായി അനേകം മടങ്ങ് വർധിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ഈ കുതിപ്പ് നിലനിർത്താന്‍ 2026-27 സാമ്പത്തിക വർഷം ഇത് 12.2 ലക്ഷം കോടിയായി ഉയർത്താൻ അവർ നിർദേശിച്ചു.
പരിസ്ഥിതി സൗഹൃദ ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്നതിന് കിഴക്കന്‍ ദങ്കുനിയെയും പടിഞ്ഞാറന്‍ സൂറത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ സമര്‍പ്പിത ചരക്കുനീക്ക ഇടനാഴികള്‍ ധനമന്ത്രി നിർദേശിച്ചു. കൂടാതെ, അടുത്ത 5 വർഷത്തിനകം 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനക്ഷമമാക്കും; ഇതിലാദ്യമായി ഒഡീഷയിലെ താൽച്ചർ, അംഗുൽ തുടങ്ങി ധാതുസമ്പന്ന പ്രദേശങ്ങളെയും കലിംഗ നഗർ ഉള്‍പ്പെടെ വ്യവസായ കേന്ദ്രങ്ങളെയും പാരദീപ്, ധാമ്ര തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-5 യാഥാര്‍ത്ഥ്യമാക്കും. ഇതിനാവശ്യമായ മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന് പ്രാദേശിക മികവുകേന്ദ്രങ്ങളെന്ന നിലയിൽ പരിശീലന സ്ഥാപനങ്ങൾ രൂപീകരിക്കും.
നഗര വളർച്ചാ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നഗര സാമ്പത്തിക മേഖലകള്‍ ആസൂത്രണം ചെയ്ത് നഗരങ്ങളുടെ സാമ്പത്തിക ശേഷി വർധിപ്പിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. മത്സരാധിഷ്ഠിത രീതികളിലും പരിഷ്കരണ-ഫലാധിഷ്ഠിത ധനസഹായ സംവിധാനത്തിലൂടെയും പദ്ധതികൾ നടപ്പിലാക്കാന്‍ ഓരോ സാമ്പത്തിക മേഖലയ്ക്കും അഞ്ചു വർഷത്തേക്ക് 5,000 കോടി രൂപ വീതം വകയിരുത്താൻ ബജറ്റില്‍ നിർദേശിക്കുന്നു.
പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന് നഗരങ്ങൾക്കിടയിൽ 'വളര്‍ച്ചാ സമ്പര്‍ക്ക സൗകര്യങ്ങള്‍' എന്ന നിലയില്‍ ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ വികസിപ്പിക്കും. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് ഈ ഇടനാഴികള്‍.
ജനാഭിലാഷങ്ങൾ നിറവേറ്റാനും ശേഷി വർധിപ്പിക്കാനുമാണ് 'രണ്ടാമത്തെ കർത്തവ്യ'മെന്ന് ധനമന്ത്രി വ്യക്തമാക്കി. ദശാബ്ദങ്ങൾ നീണ്ടുനിന്ന സർക്കാരിൻ്റെ പരിഷ്കരണാധിഷ്ഠിത പരിശ്രമങ്ങളിലൂടെ ഏകദേശം 25 കോടി പേര്‍ ബഹുതല ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി അവർ വ്യക്തമാക്കി.

മെഡിക്കൽ ടൂറിസം സേവനങ്ങളുടെ കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് പ്രാദേശിക മെഡിക്കൽ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതി ധനമന്ത്രി നിർദേശിച്ചു. ഈ കേന്ദ്രങ്ങള്‍ വൈദ്യശാസ്ത്ര, വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ ഒത്തുചേരുന്ന സംയോജിത ആരോഗ്യ സമുച്ചയങ്ങളായി നിലകൊള്ളും. ആയുഷ് കേന്ദ്രങ്ങള്‍, മെഡിക്കൽ മൂല്യാധിഷ്ഠിത വിനോദസഞ്ചാര കേന്ദ്രങ്ങള്‍, രോഗനിർണയം, ചികിത്സയ്ക്ക് ശേഷമുള്ള പരിചരണം, പുനരധിവാസം എന്നിവയ്ക്കായി അടിസ്ഥാന സൗകര്യങ്ങളും ഇതിൻ്റെ ഭാഗമായി ലഭ്യമാകും. ഡോക്ടർമാരും അനുബന്ധ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ ആരോഗ്യരംഗത്തെ വിദഗ്ധര്‍ക്ക് ഈ കേന്ദ്രങ്ങള്‍ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കും.
ജന്തുരോഗ ചികിത്സാ വിദഗ്ധരുടെ ലഭ്യത 20,000-ത്തിലധികം വർധിപ്പിക്കാന്‍ സ്വകാര്യ മേഖലയിൽ ജന്തുരോഗ, സമാന്തര വെറ്ററിനറി കോളജുകളും ജന്തുരോഗ ആശുപത്രികളും പരിശോധനാ ലബോറട്ടറികളും പ്രജനന സൗകര്യങ്ങളും സ്ഥാപിക്കുന്ന പദ്ധതിയെ പിന്തുണയ്ക്കാന്‍ വായ്പാ അനുബന്ധ മൂലധന സബ്‌സിഡിയും ബജറ്റില്‍ നിർദേശിച്ചു.
ഇന്ത്യയുടെ ആനിമേഷൻ, വിഷ്വൽ എഫക്റ്റ്സ്, ഗെയിമിങ്, കോമിക്സ് (എവിജിസി) മേഖല വളർന്നുവരുന്ന വ്യവസായമാണ്. 2030-ഓടെ രണ്ട് ദശലക്ഷം പ്രൊഫഷണലുകളെ ഈ മേഖലയില്‍ ആവശ്യമായി വരുമെന്ന് കണക്കാക്കുന്നു. 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളജുകളിലും എവിജിസി ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ലാബുകൾ സ്ഥാപിക്കുന്നതിന് മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിനെ പിന്തുണയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ്, ഗണിത സ്ഥാപനങ്ങളില്‍ ദീർഘകാല പഠനവും ലബോറട്ടറി ജോലികളും പെൺകുട്ടികൾക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. വിജിഎഫ്/മൂലധന സഹായത്തിലൂടെ പെൺകുട്ടികള്‍ക്ക് ഓരോ ജില്ലയിലും ഓരോ ഹോസ്റ്റൽ സ്ഥാപിക്കും.
നിലവിലെ ദേശീയ ഹോട്ടൽ മാനേജ്‌മെൻ്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി സമിതി നവീകരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കാൻ ധനമന്ത്രി നിർദേശിച്ചു. അക്കാദമിക മേഖലയ്ക്കും വ്യാവസായിക രംഗത്തിനും സർക്കാറിനുമിടയില്‍ ഇതൊരു പാലമായി പ്രവർത്തിക്കും. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റുമായി സഹകരിച്ച് 20 വിനോദസഞ്ചാര മേഖലകളിലെ 10,000 വിനോദസഞ്ചാര മാര്‍ഗനിര്‍ദേശകര്‍ക്ക് ഹൈബ്രിഡ് രീതിയില്‍ 12 ആഴ്ചകളിലായി ഉന്നതനിലവാര പരിശീലനത്തിലൂടെ നൈപുണ്യ വികസനം നൽകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനും ധനമന്ത്രി നിർദേശിച്ചു.
കായിക പ്രതിഭകളെ ചിട്ടയായി വളർത്തിയെടുക്കുകയെന്ന ഖേലോ ഇന്ത്യ പരിപാടിയിലൂടെ തുടക്കം കുറിച്ച രീതി മുൻപോട്ട് കൊണ്ടുപോകുന്നതിന് അടുത്ത ദശകം കായിക മേഖലയെ മാറ്റിമറിക്കാൻ 'ഖേലോ ഇന്ത്യ ദൗത്യം' ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പരിശീലന കേന്ദ്രങ്ങളുടെ പിന്തുണയോടെ സംയോജിത പ്രതിഭ വികസന പാത, പരിശീലകരുടെയും പിന്തുണാ ജീവനക്കാരുടെയും വ്യവസ്ഥാപിത വികസനം, കായിക ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും സംയോജനം, കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും വേദികളൊരുക്കാനും മത്സരങ്ങളും ലീഗുകളും, പരിശീലനത്തിനും മത്സരങ്ങൾക്കും കായിക അടിസ്ഥാന സൗകര്യ വികസനം എന്നിവ ഈ ദൗത്യം സുഗമമാക്കും.
വികസിത ഭാരതത്തിലേക്ക് നടത്തുന്ന പ്രയാണത്തിലെ 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന കാഴ്ചപ്പാടുമായി ചേർന്നുനിൽക്കുന്നതാണ് ബജറ്റിൻ്റെ മൂന്നാമത്തെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം വർധിപ്പിക്കുക, ദിവ്യാംഗരെ ശാക്തീകരിക്കുക, ദുർബല വിഭാഗങ്ങൾക്ക് മാനസികാരോഗ്യവും അപകടാനന്തര ചികിത്സയും ലഭ്യമാക്കാൻ ശാക്തീകരിക്കുക, വികസനവും തൊഴിലവസരങ്ങളും ത്വരിതപ്പെടുത്തുന്‍ പൂർവോദയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ലക്ഷ്യമിടുന്ന ശ്രമങ്ങള്‍ ഇതിനാവശ്യമാണ്.
അഗ്രിസ്റ്റാക്ക് പോർട്ടലുകളെയും കാർഷിക രീതികള്‍ സംബന്ധിച്ച ഐ.സി.എ.ആർ പാക്കേജിനെയും നിര്‍മിതബുദ്ധി സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ബഹുഭാഷാ എ.ഐ ടൂള്‍ - ഭാരത് വിസ്താര്‍ എന്ന ആശയം ധനമന്ത്രി മുന്നോട്ടുവെച്ചു. കൃഷിയിടത്തിലെ ഉല്പാദനക്ഷമത വർധിപ്പിക്കുന്ന ഈ പദ്ധതി മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാന്‍ കർഷകരെ പ്രാപ്തരാക്കുകയും വ്യക്തിഗത ഉപദേശക പിന്തുണ നൽകി അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.
ലഖ്പതി ദീദി പരിപാടിയുടെ വിജയം മുൻനിർത്തി മെച്ചപ്പെട്ടതും നൂതനവുമായ സാമ്പത്തിക ഉപകരണങ്ങളിലൂടെ മേഖലാകേന്ദ്ര തലത്തിലെ ഫെഡറേഷനുകളില്‍ സാമുദായിക ഉടമസ്ഥതയിലെ ചില്ലറ വില്പന കേന്ദ്രങ്ങളായി സ്വയംസഹായ സംരംഭക കേന്ദ്രങ്ങള്‍ (ഷീ മാര്‍ട്ടുകള്‍) സ്ഥാപിക്കും.
മാനസികാരോഗ്യത്തോടും അപകടാനന്തര അടിയന്തര ചികിത്സകളോടും പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് നിംഹാൻസ്-2 സ്ഥാപിക്കുമെന്നും റാഞ്ചിയിലെയും തേജ്പൂരിലെയും ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങളെ പ്രാദേശിക പരമോന്നത കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ദുർഗാപൂരിൽ മികച്ച ഗതാഗത സൗകര്യങ്ങളോടെ സംയോജിത കിഴക്കന്‍ തീര വ്യാവസായിക ഇടനാഴി വികസിപ്പിക്കാനും 5 പൂർവോദയ സംസ്ഥാനങ്ങളിൽ 5 വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനും 4,000 ഇ-ബസ്സുകൾ നൽകാനും ധനമന്ത്രി നിർദേശിച്ചു. അരുണാചൽ പ്രദേശ്, സിക്കിം, അസം, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി ആരംഭിക്കാനും ബജറ്റില്‍ നിർദേശമുണ്ട്. ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സംരക്ഷണം, തീർത്ഥാടന വ്യാഖ്യാന കേന്ദ്രങ്ങള്‍, ഗതാഗത സൗകര്യം, തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും.
ധനപരമായ ഏകീകരണം
കടവും മൊത്ത ആഭ്യന്തര ഉല്പാദനവും തമ്മിലെ അനുപാതം 2025-26 ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിലെ 56.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റില്‍ ജി.ഡി.പിയുടെ 55.6 ശതമാനമായിരിക്കുമെന്ന് വിലയിരുത്തുന്നു. കടം-ജിഡിപി അനുപാതം കുറഞ്ഞുവരുന്നത് പലിശ തിരിച്ചടവിൻ്റെ ചെലവ് കുറയ്ക്കുകയും മുൻഗണനാ മേഖലകളിലെ ചെലവുകൾക്ക് വിഭവങ്ങൾ ക്രമേണ ലഭ്യമാക്കുകയും ചെയ്യും. 2025-26 ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിലെ ധനക്കമ്മി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റിന് തുല്യമായി ജി.ഡി.പിയുടെ 4.4 ശതമാനമായി കണക്കാക്കിയിരിക്കുന്നു. കടം ഏകീകരിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ സാമ്പത്തിക അച്ചടക്ക പാതയ്ക്ക് അനുസൃതമായി 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റിലെ ധനക്കമ്മി ജി.ഡി.പിയുടെ 4.3 ശതമാനമായി കണക്കാക്കുന്നു.
2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റ്
കടമല്ലാത്ത വരവുകളുടെ പുതുക്കിയ എസ്റ്റിമേറ്റ് 34 ലക്ഷം കോടി രൂപയാണ്; ഇതിൽ കേന്ദ്രത്തിൻ്റെ അറ്റ നികുതി വരവ് 26.7 ലക്ഷം കോടി രൂപയാണ്. ആകെ ചെലവിൻ്റെ പുതുക്കിയ എസ്റ്റിമേറ്റ് 49.6 ലക്ഷം കോടി രൂപയാണ്. ഇതിൽ ഏകദേശം 11 ലക്ഷം കോടി രൂപയാണ് മൂലധന ചെലവ്.

2026-27 ലെ ബജറ്റ് എസ്റ്റിമേറ്റ്

2026-27 ല്‍ കടമല്ലാത്ത വരവുകളും ചെലവും യഥാക്രമം 36.5 ലക്ഷം കോടി രൂപയും 53.5 ലക്ഷം കോടി രൂപയുമായി കണക്കാക്കുന്നു. 28.7 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിൻ്റെ അറ്റ നികുതി വരവ്.
ധനക്കമ്മി പരിഹരിക്കാന്‍ നിശ്ചിത കാലാവധി കടപ്പത്രങ്ങളിലൂടെയുള്ള അറ്റ വിപണി വായ്പകൾ 11.7 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ബാക്കി തുക ചെറുകിട സമ്പാദ്യങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആകെ വിപണി വായ്പകൾ 17.2 ലക്ഷം കോടി രൂപയായും കണക്കാക്കുന്നു.

ഭാഗം-B
പ്രത്യക്ഷ നികുതികൾ:
പ്രത്യക്ഷ നികുതികളിൽ, 2026-27 ലെ കേന്ദ്ര ബജറ്റിൽ നിരവധി പുതിയ പരിഷ്കാരങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പുതിയ ആദായ നികുതി നിയമം-2025 ഈ വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ലളിതമാക്കിയ ആദായ നികുതി നിയമങ്ങളും ഫോമുകളും ഉടൻ തന്നെ വിജ്ഞാപനം ചെയ്യും. ഈ ആവശ്യത്തിനുള്ള ഫോമുകൾ സാധാരണ പൗരന്മാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു.
TCS നിരക്കുകളിൽ കുറവ് വരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. തുകയുടെ യാതൊരു നിബന്ധനയും കൂടാതെ വിദേശ ടൂർ പ്രോഗ്രാം പാക്കേജ് നിലവിലുള്ള 5 ശതമാനത്തിൽ നിന്നും 20 ശതമാനത്തിൽ നിന്നും 2 ശതമാനമായി കുറച്ചിരിക്കുന്നു. കൂടാതെ, ഉദാരവൽകൃത പണമയയ്ക്കൽ പദ്ധതി (Liberalized Remittance Scheme) പ്രകാരം വിദ്യാഭ്യാസം നേടുന്നതിനും മെഡിക്കൽ ആവശ്യങ്ങൾക്കുമുള്ള ടിസിഎസ് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു.
TDS ആവശ്യത്തിനായി കോൺട്രാക്ടർമാർക്ക് പണമടയ്ക്കുന്നതിന്റെ പരിധിയിൽ മനുഷ്യവിഭവ ശേഷി വിതരണ സേവനങ്ങൾ ഉൾപ്പെടുത്താനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ സേവനങ്ങളുടെ TDS 1 ശതമാനമോ 2 ശതമാനമോ മാത്രമായിരിക്കും. ചെറുകിട നികുതിദായകർക്ക്, അസസ്സിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുപകരം, നിയമാധിഷ്ഠിതമായ ഒരു ഓട്ടോമേറ്റഡ് പ്രക്രിയ വഴി നികുതി കുറവോ അല്ലെങ്കിൽ നികുതി ഇല്ലാത്തതോ ആയ കിഴിവ് സർട്ടിഫിക്കറ്റ് നേടാൻ സഹായിക്കും. കൂടാതെ, റിട്ടേണുകൾ പുതുക്കുന്നതിനുള്ള സമയം, നാമമാത്രമായ ഫീസ് അടച്ചുകൊണ്ട് ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടാൻ നിർദ്ദേശിക്കുന്നു. കൂടാതെ, നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധിയിലും മാറ്റം ഉണ്ടാകും.
ചെറുകിട നികുതിദായകരുടെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, ടെക് ജീവനക്കാർ, സ്ഥലംമാറിയ NRI-കൾ, മറ്റുള്ളവർ എന്നിവർക്കായി ഒരു നിശ്ചിത പരിധിയിൽ താഴെയുള്ള വരുമാനമോ ആസ്തികളോ വെളിപ്പെടുത്തുന്നതിന് 6 മാസത്തെ ഒറ്റത്തവണ വിദേശ ആസ്തി വെളിപ്പെടുത്തൽ പദ്ധതി അവതരിപ്പിക്കും.
പിഴയും പ്രോസിക്യൂഷൻ നടപടികളും യുക്തിസഹമാക്കൽ
പിഴയും പ്രോസിക്യൂഷൻ നടപടികളും യുക്തിസഹമാക്കുക എന്ന ലക്ഷ്യത്തോടെ, 2026-27ലെ കേന്ദ്ര ബജറ്റ് നടപടികളുടെ ബാഹുല്യം കുറയ്ക്കാൻ നിർദ്ദേശിക്കുന്നു. രണ്ടിനും പൊതുവായ ഒരു ക്രമത്തിലൂടെ മൂല്യനിർണയവും പിഴ നടപടികളും സംയോജിപ്പിക്കും. കൂടാതെ, പ്രധാന നികുതി ആവശ്യത്തെ മാത്രം അടിസ്ഥാനമാക്കി പ്രീ-പേയ്‌മെന്റിന്റെ അളവ് 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. വ്യവഹാരങ്ങൾ കുറയ്ക്കുന്നതിന്, പുനർമൂല്യനിർണ്ണയ നടപടികൾ ആരംഭിച്ചതിനുശേഷവും, ബന്ധപ്പെട്ട വർഷത്തേക്ക് ബാധകമായ നിരക്കിനേക്കാൾ 10 ശതമാനം അധിക നികുതി നിരക്കിൽ നികുതിദായകർക്ക് അവരുടെ റിട്ടേണുകൾ പുതുക്കാൻ അനുവദിക്കും.
റിപ്പോർട്ട് ചെയ്യാത്തതും, തെറ്റായി റിപ്പോർട്ട് ചെയ്യുന്നതുമായ കേസുകളിൽ പിഴയിൽ നിന്നും പ്രോസിക്യൂഷനിൽ നിന്നും ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകൾ വിപുലീകരിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. നികുതിദായകൻ, നികുതിയും പലിശയും കൂടാതെ അധിക ആദായനികുതിയായി നികുതി തുകയുടെ 100 ശതമാനം അടയ്‌ക്കേണ്ടിവരും. കൂടാതെ, ആദായനികുതി നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ ചട്ടക്കൂട് യുക്തിസഹമാക്കും. അക്കൗണ്ട് ബുക്കുകളും രേഖകളും ഹാജരാക്കാതിരിക്കുന്നതും, പെയ്മെന്റ് ആയി പണം നൽകാത്ത ഇടങ്ങളിൽ TDS പേയ്‌മെന്റ് നിർബന്ധമാക്കുന്നതും കുറ്റകരമല്ലാതാക്കും. 20 ലക്ഷം രൂപയിൽ താഴെ മൊത്തം മൂല്യമുള്ള സ്ഥാവരമല്ലാത്ത വിദേശ ആസ്തികൾ വെളിപ്പെടുത്താത്തതിന് 1.10.2024 മുതൽ മുൻകാല പ്രാബല്യത്തോടെ പ്രോസിക്യൂഷനിൽ നിന്ന് ഇളവ് നൽകും.
സഹകരണ സംഘങ്ങൾ
പാൽ, എണ്ണക്കുരുക്കൾ, പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ അവയുടെ തന്നെ അംഗങ്ങളായ കർഷകർ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള കിഴിവ്, അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കാലിത്തീറ്റ, പരുത്തി വിത്ത് എന്നിവയ്ക്കും ഉൾപ്പെടുത്തുമെന്ന് ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ നടത്തിയ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പുതിയ നികുതി വ്യവസ്ഥ പ്രകാരം, ഇന്റർ-കോപ്പറേറ്റീവ് സൊസൈറ്റി വിഹിതം, അതിന്റെ അംഗങ്ങൾക്ക് കൂടുതലായി വിതരണം ചെയ്യുന്ന വരെയുള്ള വരുമാന പരിധിയിൽ കിഴിവ് അനുവദിക്കും. കമ്പനികളിലെ നിക്ഷേപങ്ങളിൽ നിന്ന് (31.1.2026-നകം നടത്തിയവ) ലഭിക്കുന്ന ലാഭവിഹിത വരുമാനത്തിൽ ഒരു വിജ്ഞാപനം ചെയ്യപ്പെട്ട ദേശീയ സഹകരണ ഫെഡറേഷന് 3 വർഷത്തെ ഇളവ് ലഭിക്കും. അവർ ഈ ലാഭവിഹിതം അവരുടെ അംഗ സഹകരണ സ്ഥാപനങ്ങൾക്ക് കൈമാറുകയാണെങ്കിൽ ഇത് ലഭ്യമാകും.
ഇന്ത്യയുടെ വളർച്ചാ എഞ്ചിനായി ഐടി മേഖലയെ പിന്തുണയ്ക്കുന്നു
ഇന്ത്യയുടെ വളർച്ചാ പാതയിൽ ഐടി മേഖലയുടെ പ്രാധാന്യം അടിവരയിട്ട്, സോഫ്റ്റ്‌വെയർ വികസന സേവനങ്ങൾ, ഐടി അധിഷ്ഠിത സേവനങ്ങൾ, വിജ്ഞാന പ്രക്രിയ ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങൾ, സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട ഗവേഷണ-വികസന സേവനങ്ങൾ എന്നിവ 15.5 ശതമാനം പൊതുവായ സുരക്ഷിത മാർജിനോടെ ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളുടെ വിഭാഗത്തിന് കീഴിൽ സംയോജിപ്പിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. കൂടാതെ, IT സേവനങ്ങൾക്ക് നികുതി സംരക്ഷണം ലഭിക്കുന്നതിനുള്ള പരിധി 300 കോടി രൂപയിൽ നിന്ന് 2,000 കോടി രൂപയായി ഉയർത്തും. IT സേവനങ്ങൾക്ക് സുരക്ഷിത പരിധി ഒരു ഓട്ടോമേറ്റഡ് ചട്ട അധിഷ്ഠിത പ്രക്രിയയിലൂടെ അംഗീകരിക്കപ്പെടു. കൂടാതെ ഒരു IT സർവീസസ് കമ്പനി ഒരിക്കൽ അപേക്ഷിച്ചാൽ, അതേ നികുതി സംരക്ഷണം തുടർച്ചയായി 5 വർഷത്തേക്ക് തുടരാം.
IT സേവനങ്ങൾക്കായുള്ള ഏകപക്ഷീയമായ അഡ്വാൻസ്ഡ് പ്രൈസിംഗ് എഗ്രിമെന്റ് (എപിഎ) പ്രക്രിയ രണ്ട് വർഷത്തിനുള്ളിൽ അവസാനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വേഗത്തിൽ നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നികുതിദായകരുടെ അഭ്യർത്ഥനപ്രകാരം ഇത് 6 മാസത്തേക്ക് കൂടി നീട്ടാൻ കഴിയും. കൂടാതെ, APA-യിൽ പ്രവേശിക്കുന്ന സ്ഥാപനത്തിന് ലഭ്യമായ പരിഷ്കരിച്ച റിട്ടേണുകളുടെ സൗകര്യം അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും ലഭ്യമാക്കും.
ആഗോള ബിസിനസും നിക്ഷേപവും ആകർഷിക്കൽ
ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി അവധി നൽകുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ഇന്ന് കേന്ദ്ര ബജറ്റ് അവതരണ വേളയിൽ പ്രസ്താവിച്ചു. ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി ബന്ധപ്പെട്ട സ്ഥാപനമാണെങ്കിൽ ചെലവിൽ 15 ശതമാനം സംരക്ഷണ പരിധി നൽകണമെന്നും അവർ കൂട്ടിച്ചേർത്തു. മാത്രമല്ല, ഇൻവോയ്സ് മൂല്യത്തിന്റെ 2 ശതമാനം ലാഭ മാർജിനിൽ ഒരു ബോണ്ടഡ് വെയർഹൗസിൽ ഘടക വെയർഹൗസിംഗിനായി പ്രവാസികൾക്ക് ഒരു സുരക്ഷിത ആവാസം നൽകും. തത്ഫലമായുണ്ടാകുന്ന ഏകദേശം 0.7 ശതമാനം നികുതി മത്സര രംഗത്തുള്ള മറ്റ് അധികാര സ്ഥാപനങ്ങളെക്കാൾ വളരെ കുറവായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ബോണ്ടഡ് മേഖലയിലെ ഏതെങ്കിലും ടോൾ നിർമ്മാതാവിന് മൂലധന സാധനങ്ങൾ, ഉപകരണങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ നൽകുന്ന ഏതൊരു പ്രവാസിക്കും 5 വർഷത്തേക്ക് ആദായനികുതിയിൽ നിന്ന് ഇളവ് നൽകാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ കൂടുതൽ കാലം ജോലി ചെയ്യാൻ ആഗോള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, വിജ്ഞാപനം ചെയ്ത പദ്ധതികൾ പ്രകാരം ഒരു പ്രവാസി വിദഗ്ദ്ധന്റെ ആഗോള (ഇന്ത്യയിൽ നിന്നല്ലാത്ത) വരുമാനത്തിന്, 5 വർഷത്തെ താമസ കാലയളവിലേക്ക് ഇളവ് നൽകും. കൂടാതെ, അനുമാന അടിസ്ഥാനത്തിൽ നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികളെയും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഒഴിവാക്കും.
നികുതി ഭരണം
നികുതി ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്സിൽ (IndAS) തന്നെ വരുമാന കണക്കുകൂട്ടൽ, വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾ (ICDS) എന്നിവയുടെ ആവശ്യകതകൾ ഉൾപ്പെടുത്തുന്നതിനായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെയും സംയുക്ത സമിതി രൂപീകരിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. 2027-28 നികുതി വർഷം മുതൽ ICDS അടിസ്ഥാനമാക്കിയുള്ള പ്രത്യേക അക്കൗണ്ടിംഗ് ആവശ്യകത ഒഴിവാക്കും. സുരക്ഷിത പരിധി നിയമങ്ങളുടെ ആവശ്യങ്ങൾക്കായി അക്കൗണ്ടന്റിന്റെ നിർവചനവും യുക്തിസഹമാക്കും.
മറ്റ് നികുതി നിർദ്ദേശങ്ങൾ
ന്യൂനപക്ഷ ഓഹരി ഉടമകളുടെ താൽപ്പര്യാർത്ഥം, എല്ലാത്തരം ഓഹരി ഉടമകൾക്കും തിരികെ വാങ്ങൽ (ബൈ-ബാക്ക്) തുകയെ മൂലധന നേട്ടമായിക്കരുതി നികുതി ചുമത്തുമെന്ന് 2026-27 ലെ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. പ്രൊമോട്ടർമാർ അധിക ബൈബാക്ക് നികുതി അടയ്ക്കേണ്ടതുണ്ട്. ഇത് കോർപ്പറേറ്റ് പ്രൊമോട്ടർമാർക്ക് 22 ശതമാനവും കോർപ്പറേറ്റ് ഇതര പ്രൊമോട്ടർമാർക്ക് 30 ശതമാനവും പ്രാബല്യത്തിലുള്ള നികുതിയായി മാറ്റുന്നു.
മദ്യം, സ്ക്രാപ്പ്, ധാതുക്കൾ തുടങ്ങിയ നിർദ്ദിഷ്ട വസ്തുക്കളുടെ വിൽപ്പനക്കാർക്കുള്ള TCS നിരക്ക് 2 ശതമാനമായി യുക്തിസഹമാക്കുമെന്നും ബീഡി ഇലകളുടെ നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കുമെന്നും ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. ഫ്യൂച്ചേഴ്സിലെ STT നിലവിലുള്ള 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായി ഉയർത്താനുള്ള നീക്കമാണ് മറ്റൊരു ശ്രദ്ധേയമായ നികുതി നിർദ്ദേശം. ഓപ്ഷൻസ് പ്രീമിയം STT നിലവിലുള്ള 0.1 ശതമാനത്തിൽ നിന്നും, ഓപ്ഷനുകളുടെ വിനിയോഗത്തിലെ STT നിലവിലെ 0.125 ശതമാനത്തിൽ നിന്നും 0.15 ശതമാനമായി ഉയർത്തും.
പുതിയ വ്യവസ്ഥയിലേക്ക് മാറാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി, പുതിയ വ്യവസ്ഥ സ്വീകരിക്കുന്ന കമ്പനികൾക്ക് മാത്രമേ MAT ക്രെഡിറ്റിന്റെ സെറ്റ്-ഓഫ് അനുവദിക്കാവൂ എന്ന് ബജറ്റ് നിർദ്ദേശിക്കുന്നു. ലഭ്യമായ MAT ക്രെഡിറ്റ് ഉപയോഗിച്ച് സെറ്റ്-ഓഫ് പുതിയ വ്യവസ്ഥയിൽ നികുതി ബാധ്യതയുടെ 1/4 പരിധി വരെ അനുവദിക്കും. MAT അന്തിമ നികുതിയാക്കാൻ നിർദ്ദേശിച്ച ശ്രീമതി. സീതാരാമൻ, 2026 ഏപ്രിൽ 1 മുതൽ കൂടുതൽ വായ്പ സമാഹരണം ഉണ്ടാകില്ല എന്ന് പറഞ്ഞു. അന്തിമ നികുതി നിരക്ക് നിലവിലെ MAT നിരക്കായ 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറയ്ക്കും. കൂടാതെ, 2026 മാർച്ച് 31 വരെ സമാഹരിച്ച നികുതിദായകരുടെ സമാഹൃത MAT ക്രെഡിറ്റ്, മുകളിൽ പറഞ്ഞതുപോലെ സെറ്റ്-ഓഫിനായി അവർക്ക് തുടർന്നും ലഭ്യമാകും.
പരോക്ഷ നികുതികൾ:
താരിഫ് ഘടന കൂടുതൽ ലളിതമാക്കുക, ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുക, കയറ്റുമതി മത്സരക്ഷമത പ്രോത്സാഹിപ്പിക്കുക, തീരുവയലെ വിപരീത ഘടന ശരിയാക്കുക എന്നിവയാണ് കസ്റ്റംസ്, സെൻട്രൽ എക്സൈസ് എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
കസ്റ്റം തീരുവകളുടെ യുക്തിസഹീകരണം:
സമുദ്ര ഉൽപ്പന്നങ്ങൾ, തുകൽ, തുണിത്തരങ്ങൾ എന്നിവയിലും കയറ്റുമതിക്കായി സമുദ്രോത്പന്നങ്ങൾ സംസ്കരിക്കുന്നതിന് ഉപയോഗിക്കുന്ന നിർദ്ദിഷ്ട ഇൻപുട്ടുകളുടെയും തീരുവ രഹിത ഇറക്കുമതിയുടെ പരിധി നിലവിലുള്ള 1 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഉയർത്തും. തുകൽ അല്ലെങ്കിൽ സിന്തറ്റിക് പാദരക്ഷകളുടെ കയറ്റുമതിക്ക് നിലവിൽ ലഭ്യമായ നിർദ്ദിഷ്ട ഇൻപുട്ടുകളുടെ തീരുവ രഹിത ഇറക്കുമതി അനുവദിക്കും.
ഊർജ്ജ മേഖലയിൽ, ബാറ്ററികൾക്കായുള്ള ലിഥിയം-അയൺ സെല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്ക് നൽകുന്ന അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് വർദ്ധിപ്പിക്കുകയും സോളാർ ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിന് സോഡിയം ആന്റിമോണേറ്റ് ഇറക്കുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കുകയും ചെയ്യും.
ആണവോർജ്ജ പദ്ധതികൾക്ക് ആവശ്യമായ വസ്തുക്കളുടെ ഇറക്കുമതിക്ക് നിലവിലുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് 2035 വരെ നീട്ടുമെന്നും മൈക്രോവേവ് ഓവനുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന നിർദ്ദിഷ്ട ഭാഗങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
നിർണായക ധാതുക്കളുടെ സംസ്കരണത്തിന് ആവശ്യമായ മൂലധന വസ്തുക്കളുടെ ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കുകയും ബയോഗ്യാസ് മിശ്രിത സിഎൻജിക്ക് നൽകേണ്ട കേന്ദ്ര എക്സൈസ് തീരുവ കണക്കാക്കിക്കൊണ്ട് ബയോഗ്യാസിന്റെ മുഴുവൻ മൂല്യവും ഒഴിവാക്കുകയും ചെയ്യും.
സിവിൽ, പ്രതിരോധ വ്യോമയാന മേഖലയിൽ, സിവിലിയൻ, പരിശീലനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങളുടെയും ഭാഗങ്ങളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കുകയും പ്രതിരോധ മേഖലയിലെ യൂണിറ്റുകളുടെ അറ്റകുറ്റപ്പണി, അല്ലെങ്കിൽ ഓവർഹോൾ ആവശ്യകതകൾക്കായി വിമാന ഭാഗങ്ങളുടെ നിർമ്മാണത്തിനായി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റം തീരുവ ഒഴിവാക്കുകയും ചെയ്യും.
കൂടാതെ, പ്രത്യേക സാമ്പത്തിക മേഖലയിലെ അർഹരായ നിർമ്മാണ യൂണിറ്റുകൾക്ക് ആഭ്യന്തര താരിഫ് ഏരിയയിലേക്ക് (ഡിടിഎ) ഇളവ് നിരക്കിൽ വിൽപ്പന സുഗമമാക്കുന്നതിന് ഒരു പ്രത്യേക ഒറ്റത്തവണ നടപടി നിർദ്ദേശിക്കുന്നു.
ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി, വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന എല്ലാ നികുതി ബാധകമായ വസ്തുക്കളുടെയും താരിഫ് നിരക്ക് 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചു. 17 മരുന്നുകൾ അല്ലെങ്കിൽ ഔഷധങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കും. ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ, ഔഷധങ്ങൾ, പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഭക്ഷണ വസ്തു (FSMP) എന്നിവയുടെ വ്യക്തിഗത ഇറക്കുമതിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിനായി 7 അപൂർവ രോഗങ്ങൾ കൂടി ചേർക്കും.