ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വികസിത ഭാരതത്തിലേക്കുള്ള 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള കർത്തവ്യത്തെക്കുറിച്ച് രൂപരേഖ നൽകി 2026-27 ലെ കേന്ദ്ര ബജറ്റ്


കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, ഭിന്നശേഷിക്കാരെ ശാക്തീകരിക്കുക, ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുക, പൂർവ്വോദയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയ്ക്കായി ലക്ഷ്യാധിഷ്ഠിത ശ്രമങ്ങൾ

നാളികേര വികസന പദ്ധതി, ഇന്ത്യൻ കശുവണ്ടി, കൊക്കോ മേഖലകൾക്കായി പ്രത്യേക പദ്ധതി, ചന്ദനകൃഷി പ്രോത്സാഹിപ്പിക്കൽ, വാൾനട്ട്, ബദാം, പൈൻ നട്‌സ് എന്നിവയ്ക്കായുള്ള പ്രത്യേക പദ്ധതി എന്നിവ പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 01 FEB 2026 12:50PM by PIB Thiruvananthpuram

മൂന്നാമത്തെ കർത്തവ്യം 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന ഗവൺമെന്റ് കാഴ്ചപ്പാടിന് അനുസൃതമാണെന്നും അർത്ഥവത്തായ പങ്കാളിത്തത്തിനായി ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭാഗത്തിനും വിഭവങ്ങളും സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാണെന്ന് ഇത് ഉറപ്പാക്കുമെന്നും ഇന്ന് പാർലമെന്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.

മൂന്നാമത്തെ കർത്തവ്യം കൈവരിക്കുന്നതിനായുള്ള വിപുലമായ ഒരു കർമ്മപദ്ധതി കേന്ദ്ര ധനകാര്യ മന്ത്രി പ്രതിപാദിച്ചു. "ഇതിന് ലക്ഷ്യാധിഷ്ഠിത ശ്രമങ്ങൾ ആവശ്യമാണ്: എ) ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും സംരംഭകത്വത്തിലൂടെയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം കർഷകർക്ക് പ്രത്യേക പരിഗണന നൽകുക; ബി) ഉപജീവന അവസരങ്ങൾ, പരിശീലനം, ഉയർന്ന ഗുണമേന്മയുള്ള സഹായ ഉപകരണങ്ങൾ എന്നിവയിലൂടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുക; സി) മാനസികാരോഗ്യ ചികിത്സയും ട്രോമ കെയറും പ്രാപ്യമാക്കുന്നതിന് ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുക; ഡി) വികസനവും തൊഴിലവസരങ്ങളും വേഗത്തിലാക്കാൻ പൂർവ്വോദയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുക." എന്ന് ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കൽ

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന വിപുലമായ ലക്ഷ്യത്തിന് കീഴിൽ 500 ജലസംഭരണികളുടെയും അമൃത് സരോവരങ്ങളുടെയും സംയോജിത വികസനം തീരദേശ മേഖലകളിലെ മത്സ്യബന്ധന മൂല്യശൃംഖല ശക്തിപ്പെടുത്തൽ, സ്റ്റാർട്ടപ്പുകളെയും വനിതാ സംഘങ്ങളെയും മത്സ്യകർഷക ഉൽ‌പാദക സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപണി ബന്ധങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ബജറ്റിൽ ഉൾപ്പെടുന്നു.

കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന മേഖലകളിൽ ഒന്നായിരിക്കും മൃഗസംരക്ഷണമെന്ന് ശ്രീമതി നിർമ്മല സീതാരാമൻ പ്രസ്താവിച്ചു. ഗ്രാമപ്രദേശങ്ങളിലും നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ നൽകുന്നതിന്, താഴെ പറയുന്നവയിലൂടെ മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ വികസനത്തിന് ഗവൺമെന്റ് പിന്തുണ നൽകും: (എ) ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി പ്രോഗ്രാം (ബി) കന്നുകാലി വളർത്തൽ സംരംഭങ്ങളുടെ വിപുലീകരണവും നവീകരണവും (സി) കന്നുകാലി, പാൽ, കോഴി വളർത്തൽ എന്നിവയിൽ അധിഷ്ഠിതമായ സംയോജിത മൂല്യശൃംഖലകൾ മെച്ചപ്പെടുത്തുക (ഡി) കന്നുകാലി കർഷക ഉൽ‌പാദക സംഘടനകളുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുക.

തീരദേശ മേഖലകളിൽ നാളികേരം, ചന്ദനം, കൊക്കോ, കശുവണ്ടി തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകളെ പിന്തുണച്ചുകൊണ്ട് 'ഹൈ വാല്യൂ അഗ്രികൾച്ചറിന്' കേന്ദ്ര ധനമന്ത്രി ഊന്നൽ നൽകി. വടക്കുകിഴക്കൻ മേഖലയിൽ അകിൽ മരങ്ങൾക്കും മലയോര മേഖലകളിൽ ബദാം, വാൾനട്ട്, പൈൻ നട്‌സ് തുടങ്ങിയവയ്ക്കും പിന്തുണ നൽകും. 

"ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. ഏകദേശം 10 ദശലക്ഷം കർഷകർ ഉൾപ്പെടെ 30 ദശലക്ഷത്തോളം ആളുകൾ തങ്ങളുടെ ഉപജീവനത്തിനായി നാളികേരത്തെ ആശ്രയിക്കുന്നു. നാളികേര ഉൽപ്പാദനത്തിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രധാന നാളികേര ഉൽപ്പാദന സംസ്ഥാനങ്ങളിൽ ഉൽപ്പാദനക്ഷമമല്ലാത്ത പഴയ തെങ്ങുകൾക്ക് പകരം പുതിയ തൈകൾ/ഇനങ്ങൾ വച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ഇടപെടലുകളിലൂടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ഒരു 'നാളികേര വികസന പദ്ധതി' ഞാൻ നിർദ്ദേശിക്കുന്നു." എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി അസംസ്‌കൃത കശുവണ്ടി, കൊക്കോ എന്നിവയുടെ ഉൽപ്പാദനത്തിലും സംസ്‌കരണത്തിലും ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനും കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും 2030-ഓടെ ഇന്ത്യൻ കശുവണ്ടിയെയും കൊക്കോയെയും ആഗോള പ്രീമിയം ബ്രാൻഡുകളായി മാറ്റുന്നതിനുമായി 2026-27 ലെ കേന്ദ്ര ബജറ്റിൽ ഒരു പ്രത്യേക പരിപാടി നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യൻ ചന്ദന ആവാസവ്യവസ്ഥയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി കൃഷിയും വിളവെടുപ്പിന് ശേഷമുള്ള സംസ്‌കരണവും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ​ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കും.

കുറഞ്ഞ വിളവ് നൽകുന്ന പഴയ തോട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാനും വാൾനട്ട്, ബദാം, പൈൻ നട്‌സ് എന്നിവയുടെ ഹൈ-ഡെൻസിറ്റി കൃഷി വ്യാപിപ്പിക്കാനും യുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് മൂല്യവർദ്ധനവ് കൊണ്ടുവരുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഒരു പ്രത്യേക പരിപാടിയെ പിന്തുണയ്ക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു.

ഭാരത്-വിസ്താർ (കാർഷിക വിഭവങ്ങൾ പ്രാപ്യമാക്കുന്നതിനുള്ള വിർച്വലി ഇന്റഗ്രേറ്റഡ് സിസ്റ്റം)

ഭാരത്-വിസ്താർ (കൃഷി വിഭവങ്ങൾ പ്രാപ്യമാക്കുന്നതിനുള്ള വിർച്വലി ഇന്റഗ്രേറ്റഡ് സിസ്റ്റം) ആരംഭിക്കാനുള്ള നിർദ്ദേശം കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. അഗ്രിസ്റ്റാക്ക് പോർട്ടലുകളെയും ICAR കാർഷിക രീതികളെയും നിർമിത ബുദ്ധി (AI) സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ഒരു ബഹുഭാഷാ AI ടൂളായാണ് വിസ്താർ (VISTAAR) വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കൃഷിയിടത്തിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കർഷകരെ മികച്ച തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും പ്രത്യേകമായ ഉപദേശക പിന്തുണ നൽകിക്കൊണ്ട് കൃഷിയിലെ നഷ്ടസാധ്യതകൾ കുറയ്ക്കുകയും ചെയ്യും.

***

NK


( റിലീസ് ഐ.ഡി: 2221594) സന്ദര്‍ശക കൗണ്ടര്‍ : 33