ധനകാര്യ മന്ത്രാലയം
റോഡുകൾ, പാർപ്പിടം, പൈപ്പ് വെള്ളം, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിൽ അതിവേഗത്തിലുള്ള കുതിച്ചുചാട്ടം: സാമ്പത്തിക സർവ്വേ 2025-26
പി.എം.ജി.എസ്.വൈ-I പദ്ധതിക്ക് കീഴിൽ അർഹരായ 99.6 ശതമാനത്തിലധികം വീടുകൾക്കും റോഡ് കണക്റ്റിവിറ്റി ലഭ്യമാക്കി
പി.എം.ജി.എസ്.വൈ-II പ്രകാരം 6,664 റോഡുകളും (49,791 കിലോമീറ്റർ), 759 പാലങ്ങളും പൂർത്തിയാക്കി. ഒന്നാം ഘട്ടത്തിന്റെയും രണ്ടാം ഘട്ടത്തിന്റെയും വിജയകരമായ നടപ്പാക്കലിന് ശേഷം പി.എം.ജി.എസ്.വൈ-III ഇപ്പോൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്
‘എല്ലാവർക്കും വീട്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G) നടപ്പിലാക്കി വരുന്നു; കഴിഞ്ഞ 11 വർഷത്തിനിടെ 3.70 കോടി വീടുകൾ പൂർത്തിയാക്കി
ഗ്രാമീണ മേഖലകളിലെ ‘ഹർ ഘർ ജൽ’ (എല്ലാ വീട്ടിലും കുടിവെള്ളം) എന്ന ആശയം നിറവേറ്റുന്നതിനായി, ജൽ ജീവൻ മിഷനിലൂടെ (JJM) ഏകദേശം 15.74 കോടി (81.31 ശതമാനം) വീടുകളിൽ കുടിവെള്ളം എത്തിച്ചു
SVAMITVA പദ്ധതി പ്രകാരമുള്ള ഡ്രോൺ സർവേ, വിജ്ഞാപനം ചെയ്ത ഏകദേശം 3.44 ലക്ഷം ഗ്രാമങ്ങളിൽ 3.28 ലക്ഷം ഗ്രാമങ്ങളിലും ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു
प्रविष्टि तिथि:
29 JAN 2026 1:58PM by PIB Thiruvananthpuram
റോഡുകൾ, പാർപ്പിടം, പൈപ്പ് വഴിയുള്ള കുടിവെള്ള കണക്ഷനുകൾ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇവ സമൂഹങ്ങളെ വിപണികളുമായും വിവിധ സേവനങ്ങളുമായും മികച്ച അവസരങ്ങളുമായും ബന്ധിപ്പിക്കുകയും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ പ്രധാന നിരീക്ഷിച്ചു.
ഗ്രാമീണ ഇന്ത്യയിലെ റോഡ് സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് കണക്റ്റിവിറ്റി നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 2000 ഡിസംബർ 25-നാണ് സർക്കാർ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY-I) ആരംഭിച്ചത് (2001-ലെ സെൻസസ് പ്രകാരം സമതലങ്ങളിൽ 500-ഉം അതിനുമുകളിലും, മലയോര-വടക്കുകിഴക്കൻ മേഖലകളിൽ 250-ഉം അതിനുമുകളിലും ജനസംഖ്യയുള്ള പ്രദേശങ്ങൾ). 2026 ജനുവരി 15-ലെ കണക്കനുസരിച്ച്, അർഹമായ 99.6 ശതമാനത്തിലധികം വീടുകൾക്കും കണക്റ്റിവിറ്റി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, PMGSY-I പ്രകാരം 1,64,581 റോഡുകളും (6,44,735 കി.മീ) 7,453 പാലങ്ങളും അനുവദിച്ചതിൽ 1,63,665 റോഡുകളും (6,25,117 കി.മീ) 7,210 പാലങ്ങളും പൂർത്തിയായി. 2013-ൽ ആരംഭിച്ച PMGSY-II പ്രകാരം 6,664 റോഡുകളും (49,791 കി.മീ) 759 പാലങ്ങളും അനുവദിച്ചതിൽ 6,612 റോഡുകളും (49,087 കി.മീ) 749 പാലങ്ങളും 2026 ജനുവരി 15 വരെ പൂർത്തിയായിട്ടുണ്ട്.
ഗ്രാമങ്ങളിലെ പ്രധാന പാതകളും റോഡ് ശൃംഖലകളും ശക്തിപ്പെടുത്തുന്നതിനായി 2019 ജൂലൈയിലാണ് സർക്കാർ PMGSY മൂന്നാം ഘട്ടത്തിന് അംഗീകാരം നൽകിയത്. ഗ്രാമീണ കാർഷിക വിപണികൾ (GrAMs), ഹയർ സെക്കൻഡറി സ്കൂളുകൾ, ആശുപത്രികൾ എന്നിവയുമായി ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 1,25,000 കിലോമീറ്റർ റോഡുകളുടെ നവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026 ജനുവരി 15-ലെ കണക്കനുസരിച്ച്, PMGSY-III പ്രകാരം 15,965 റോഡുകളും (1,22,363 കി.മീ) 3,211 പാലങ്ങളും അനുവദിച്ചു. ഇതിൽ 12,699 റോഡുകളും (1,02,926 കി.മീ) 1,734 പാലങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
‘എല്ലാവർക്കും വീട്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി, 2029-ഓടെ ഗ്രാമീണ മേഖലയിലെ വീടില്ലാത്തവർക്കും തകർന്നതോ താൽക്കാലികമോ ആയ വീടുകളിൽ താമസിക്കുന്ന അർഹരായ എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ 4.95 കോടി ഉറപ്പുള്ള വീടുകൾ (Pucca houses) നൽകുക എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ നടപ്പിലാക്കി വരുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ആകെ 4.14 കോടി വീടുകളുടെ ലക്ഷ്യമാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 3.86 കോടി വീടുകൾക്ക് അംഗീകാരം നൽകുകയും 2.93 കോടി വീടുകൾ ഇതുവരെ പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ, പഴയ പദ്ധതികളിൽ പൂർത്തിയാകാതെ കിടന്നിരുന്ന 76.98 ലക്ഷം വീടുകളും പൂർത്തിയാക്കി. ഇതോടെ കഴിഞ്ഞ 11 വർഷത്തിനിടെ ഗ്രാമീണ മേഖലയിൽ പൂർത്തിയാക്കിയ ആകെ വീടുകളുടെ എണ്ണം 3.70 കോടിയായി ഉയർന്നു.
ഗ്രാമീണ മേഖലകളിലെ ‘ഹർ ഘർ ജൽ’ (എല്ലാ വീട്ടിലും കുടിവെള്ളം) എന്ന ആശയം നിറവേറ്റുന്നതിനായി, 2019 ഓഗസ്റ്റ് മുതൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് സർക്കാർ ജൽ ജീവൻ മിഷൻ (JJM) നടപ്പിലാക്കി വരുന്നു. ഈ പദ്ധതി ആരംഭിക്കുമ്പോൾ വെറും 3.23 കോടി (17 ശതമാനം) ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമായിരുന്നു പൈപ്പ് വഴിയുള്ള കുടിവെള്ള കണക്ഷൻ ഉണ്ടായിരുന്നത്. 2025 നവംബർ 20-ഓടെ, 12.50 കോടിയിലധികം കുടുംബങ്ങളെ കൂടി ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നു. ഇതോടെ ആകെ കവറേജ് ഏകദേശം 15.74 കോടി (81.31 ശതമാനം) വീടുകളായി വർദ്ധിക്കുകയും ഗ്രാമീണ കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്തു.
ഗ്രാമീണ ഇന്ത്യയുടെ സാങ്കേതികവിദ്യാധിഷ്ഠിത പങ്കാളിത്തം
തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനും എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭ്യമാക്കുന്നതിനും സാങ്കേതികവിദ്യ ഒരു ശക്തമായ ചാലകശക്തിയായി വർത്തിക്കുന്നു. അത്യാധുനിക മൊബൈൽ ഫോണുകൾ, സാറ്റലൈറ്റ് ഇന്റർനെറ്റ്, കൃഷിക്കായുള്ള ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയ നവീകരണങ്ങൾ 'ഡിജിറ്റൽ വിടവ്' (digital divide) നികത്താൻ സഹായിക്കുന്നു. ഇത് ഏറ്റവും വിദൂരമായ പ്രദേശങ്ങളിൽ പോലും സുപ്രധാന സേവനങ്ങൾ എത്തിക്കുന്നു. ഈയിടെ പുറത്തുവന്ന 'കോംപ്രിഹെൻസീവ് മോഡുലാർ സർവേ: ടെലികോം 2025' ഈ ക്രിയാത്മകമായ പ്രവണതയെ ശരിവെക്കുന്നു. ഗ്രാമീണ ജീവിതത്തിൽ സാങ്കേതികവിദ്യ എങ്ങനെ ഉൾപ്പെടുത്തൽ (inclusivity) സാധ്യമാക്കുന്നു എന്നതിന് മികച്ച ഉദാഹരണങ്ങളാണ് സ്വമിത്വ (SVAMITVA), നമോ ഡ്രോൺ ദീദി തുടങ്ങിയ പദ്ധതികൾ.
2025 ഡിസംബറിലെ കണക്കനുസരിച്ച്, ഡ്രോൺ സർവേയ്ക്കായി വിജ്ഞാപനം ചെയ്ത ഏകദേശം 3.44 ലക്ഷം ഗ്രാമങ്ങളിൽ 3.28 ലക്ഷം ഗ്രാമങ്ങളിലും SVAMITVA പദ്ധതി പ്രകാരമുള്ള ഡ്രോൺ സർവേ പൂർത്തിയായി. ഏകദേശം 1.82 ലക്ഷം ഗ്രാമങ്ങളിലായി 2.76 കോടി പ്രോപ്പർട്ടി കാർഡുകൾ (വസ്തു ഉടമസ്ഥാവകാശ രേഖകൾ) തയ്യാറാക്കി കഴിഞ്ഞു. പ്രമുഖ വളം നിർമ്മാണ കമ്പനികൾ അവരുടെ സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് 2023-24 കാലയളവിൽ കുടുംബശ്രീ/സ്വയം സഹായ സംഘങ്ങളിലെ (SHG) 'ഡ്രോൺ ദീദിമാർക്കായി' 1,094 ഡ്രോണുകൾ വിതരണം ചെയ്തു; ഇതിൽ 500 ഡ്രോണുകൾ നമോ ഡ്രോൺ ദീദി പദ്ധതിക്ക് കീഴിലാണ് നൽകിയത്.
കൂടാതെ, ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡേണൈസേഷൻ പ്രോഗ്രാം (DILRMP) വഴി 2008 സാമ്പത്തിക വർഷം മുതൽ ഗ്രാമീണ ഭൂരേഖകളുടെ കമ്പ്യൂട്ടർവൽക്കരണവും ഡിജിറ്റൈസേഷനും സർക്കാർ നടപ്പിലാക്കി വരുന്നു. അഖിലേന്ത്യാ തലത്തിൽ, ഗ്രാമീണ മേഖലകളിലെ അവകാശ രേഖകളുടെ (Record of Rights - RoRs) ഡിജിറ്റൈസേഷൻ ലഭ്യമായ ഭൂരേഖകളുടെ 99.8 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.
***
SK
(रिलीज़ आईडी: 2220302)
आगंतुक पटल : 8