പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിൽ നടക്കുന്ന അഞ്ചാമത് ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
ഭരണനിർവ്വഹണം, വിതരണ സംവിധാനം, ഉൽപ്പാദനം എന്നിവയിലെ ഗുണനിലവാരത്തിന്റെയും മികവിന്റെയും പര്യായമാണ് വികസിത് ഭാരത്: പ്രധാനമന്ത്രി
യുവത്വത്തിന്റെ ശക്തിയാൽ മുന്നോട്ട് കുതിക്കുന്ന ഇന്ത്യ ഇപ്പോൾ 'റിഫോം എക്സ്പ്രസിൽ' സഞ്ചരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം വികസിത് ഭാരതിലേക്കുള്ള പ്രയാണത്തിന്റെ വേഗത ഗണ്യമായി ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
'മെയ്ഡ് ഇൻ ഇന്ത്യ' ആഗോള മികവിന്റെയും മത്സരക്ഷമതയുടെയും പ്രതീകമായി മാറണം: പ്രധാനമന്ത്രി
ആത്മനിർഭരതയെ ശക്തിപ്പെടുത്തേണ്ടതിന്റെയും 'സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ്' എന്നതിനായുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറയുന്നു
ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തിനായി 100 ഉൽപ്പന്നങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു
ഉടൻ ആരംഭിക്കുന്ന ദേശീയ ഉൽപ്പാദന ദൗത്യത്തിന് എല്ലാ സംസ്ഥാനങ്ങളും പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും 'ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക' എന്നത് വ്യാപിപ്പിക്കാനും ഇന്ത്യയെ ഒരു ആഗോള സേവന മേഖലയിലെ ഭീമനാക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്യുന്നു
ഇന്ത്യയെ ലോകത്തിന്റെ ഭക്ഷ്യ കലവറ ആക്കുക എന്ന ലക്‌ഷ്യം കൈവരിക്കാൻ ഉയർന്ന മൂല്യമുള്ള കൃഷി രീതികളിലേക്ക് മാറുന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകുന്നു
ആഗോളതലത്തിലുള്ള മികച്ച ടൂറിസം കേന്ദ്രങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നതിനുള്ള റോഡ്മാപ്പ് തയ്യാറാക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു
പോസ്റ്റഡ് ഓണ്‍:
28 DEC 2025 9:32PM by PIB Thiruvananthpuram
ഇന്ന് ഡൽഹിയിൽ നടന്ന അഞ്ചാമത് ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2025 ഡിസംബർ 26 മുതൽ 28 വരെ ഡൽഹിയിലെ പുസയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടന്നത്.
വികസിത് ഭാരത് എന്ന ദർശനം കൈവരിക്കുന്നതിനായി സഹകരണ ഫെഡറലിസത്തിന്റെ ആത്മാവ് ശക്തിപ്പെടുത്തുന്നതിലും കേന്ദ്ര-സംസ്ഥാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിലും ഈ സമ്മേളനം മറ്റൊരു നിർണായക ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അറിവ്, നൈപുണ്യം, ആരോഗ്യം, ശേഷി എന്നിവ ഉൾക്കൊള്ളുന്ന മാനവ മൂലധനം സാമ്പത്തിക വളർച്ചയുടെയും സാമൂഹിക പുരോഗതിയുടെയും അടിസ്ഥാന ചാലകമാണെന്നും അത് ഏകോപിതമായ ഒരു സമ്പൂർണ്ണ ഗവൺമെന്റ് സമീപനത്തിലൂടെ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
'വികസിത് ഭാരതത്തിനായുള്ള മനുഷ്യ മൂലധനം' എന്ന മുഖ്യ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾ സമ്മേളനത്തിൽ നടന്നു. ജനസംഖ്യയുടെ ഏകദേശം 70 ശതമാനവും തൊഴിൽ ചെയ്യാൻ ശേഷിയുള്ള പ്രായത്തിലുള്ളവരാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം എടുത്തുകാണിച്ചു.
ഇത് സാമ്പത്തിക പുരോഗതിയുമായി സംയോജിപ്പിക്കുമ്പോൾ, വികസിത് ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ വേകത ത്വരിതപ്പെടുത്താൻ കഴിയുന്ന ഒരു സവിശേഷ ചരിത്ര അവസരം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവ ജനസംഖ്യയുടെ ശക്തിയാൽ നയിക്കപ്പെടുന്ന "പരിഷ്കരണ എക്സ്പ്രസിൽ" ഇന്ത്യ കുതിപ്പ് തുടങ്ങിയെന്നും, ഈ ജനസംഖ്യാശാക്തീകരണം സർക്കാരിന്റെ പ്രധാന മുൻഗണനയായി തുടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അടുത്ത തലമുറ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ഒരു പ്രധാന ആഗോള സാമ്പത്തിക ശക്തിയായി മാറുന്നതിലേക്ക് സ്ഥിരമായി നീങ്ങുകയും ചെയ്യുന്ന സമയത്താണ് സമ്മേളനം നടക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഗുണനിലവാരത്തിന്റെയും മികവിന്റെയും പര്യായമാണ് വിക്‌സിത് ഭാരത് എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. എല്ലാ പങ്കാളികളെയും ശരാശരി ഫലങ്ങൾക്കപ്പുറം ഇനിയും മികച്ചത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഭരണം, സേവന വിതരണം, ഉൽപ്പാദനം എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, "മെയ്ഡ് ഇൻ ഇന്ത്യ" എന്ന ലേബൽ മികവിന്റെയും ആഗോള മത്സരക്ഷമതയുടെയും പ്രതീകമായി മാറണമെന്ന് ആഹ്വനം ചെയ്തു.
കുറവുകൾ ഇല്ലാത്ത മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ചും, പരിസ്ഥിതി ആഘാതം കുറച്ചും സ്വാശ്രയത്വത്തിലേക്കുള്ള മാറ്റം ഇന്ത്യ പിന്തുടരണമെന്ന് പ്രസ്താവിച്ചുകൊണ്ട് ആത്മനിർഭരതയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന ലേബലിനെ ഗുണനിലവാരത്തിന്റെ പര്യായമാക്കി മാറ്റുകയും 'സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ്' എന്നതിനായുള്ള നമ്മുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും വേണം. വിക്‌സിത് ഭാരതിന്റെ ദർശനത്തിന് അനുസൃതമായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തിനായി 100 ഉൽപ്പന്നങ്ങൾ സംയുക്തമായി കണ്ടെത്താൻ അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
നൈപുണ്യ ആവശ്യകതയുടെ സാദ്ധ്യതകൾ സംസ്ഥാന തലത്തിലും ആഗോള തലത്തിലും മനസ്സിലാക്കി, നൈപുണ്യ വികസന തന്ത്രങ്ങൾ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉയർന്ന നിലവാരമുള്ള പ്രതിഭകളെ സൃഷ്ടിക്കുന്നതിന് അക്കാദമിക മേഖലയും വ്യവസായ മേഖലയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് അനിവാര്യമാണ്.
യുവാക്കളുടെ ഉപജീവനമാർഗ്ഗത്തിന്, വിനോദസഞ്ചാര മേഖലക്ക് വലിയ പങ്കു വഹിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ആഗോളതലത്തിൽ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാകാൻ സാധ്യതയുള്ള സമ്പന്നമായ ഒരു പൈതൃകവും ചരിത്രവും ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള തല നിലവാരത്തിലുള്ള കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും സൃഷ്ടിക്കുന്നതിനും, മുഴുവൻ വിനോദസഞ്ചാര ആവാസവ്യവസ്ഥയെയും പരിപോഷിപ്പിക്കുന്നതിനുമായി ഒരു രൂപരേഖ തയ്യാറാക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ദേശീയ കായിക കലണ്ടർ ആഗോള കായിക കലണ്ടറുമായി യോജിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ലക്ഷ്യമിട്ടാണ് നാം പ്രവർത്തിക്കുന്നത്. ആഗോള നിലവാരത്തിന് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങളും കായിക ആവാസവ്യവസ്ഥയും ഇന്ത്യ ഒരുക്കേണ്ടതുണ്ട്. അതിലേക്ക് മത്സരിക്കാൻ ഇപ്പോഴേ ചെറിയ കുട്ടികളെ
കണ്ടെത്തുകയും വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അടുത്ത 10 വർഷം ഈ ലക്ഷ്യത്തിലേക്കായി നിക്ഷേപിക്കണമെന്നും അപ്പോൾ മാത്രമേ അത്തരം കായിക ഇനങ്ങളിൽ ഇന്ത്യയ്ക്ക് മികച്ച വിജയങ്ങൾ ലഭിക്കൂ എന്നും അദ്ദേഹം സംസ്ഥാനങ്ങളോട് പറഞ്ഞു. പ്രാദേശിക, ജില്ലാ തലങ്ങളിൽ കായിക പരിപാടികളും ടൂർണമെന്റുകളും സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും, കളിക്കാരുടെ ഡാറ്റ സൂക്ഷിക്കുകയും ചെയ്യുന്നത് ഊർജ്ജസ്വലമായ ഒരു കായിക അന്തരീക്ഷം സൃഷ്ടിക്കും.
ഇന്ത്യ ഉടൻ തന്നെ ദേശീയ ഉൽപ്പാദന മിഷൻ (NMM) ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഓരോ സംസ്ഥാനവും ഇതിന് മുൻതൂക്കം നൽകുകയും ആഗോള കമ്പനികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും വേണം. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കൽ, എന്ന ആശയം ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഭൂമിയുമായി ബന്ധപ്പെട്ട വ്യാപാരം, സേവന മേഖല, സാമൂഹിക അടിസ്ഥാന സൗകര്യ മേഖല എന്നിവയിലെല്ലാം ഈ സൗകര്യം ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും, 'ബിസിനസ്സ് ചെയ്യാൻ എളുപ്പമാക്കൽ' മികച്ചതാക്കാനും സേവന മേഖലയെ ശക്തിപ്പെടുത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയെ ആഗോള സേവന മേഖലയിലെ ഏറ്റവും മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ടൂറിസം, പ്രൊഫഷണൽ സേവനങ്ങൾ, AI തുടങ്ങിയ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യ ലോകത്തിന്റെ ഭക്ഷ്യ കലവറയാകാൻ ലക്ഷ്യമിടുന്നതിനാൽ, കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന മൂല്യമുള്ള കൃഷി, പാലുൽപ്പന്നങ്ങൾ, മത്സ്യബന്ധനം എന്നിവയിലേക്ക് മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ധൻ ധാന്യ പദ്ധതിയിൽ ഉൽപ്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളെ കണ്ടെത്തിയട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ, സംസ്ഥാനങ്ങൾ ഏറ്റവും മോശപ്പെട്ട 100 ജില്ലകളെ കണ്ടെത്തി, അവർ പിന്നാക്കം നിൽക്കുന്ന സൂചകങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കുകയും വേണം.
കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൈസേഷനായി ഗ്യാൻ ഭാരതം മിഷൻ ഉപയോഗിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളിൽ ലഭ്യമായ അത്തരം കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുന്നതിന് സംസ്ഥാനങ്ങൾക്കായി ഒരു പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാൽ, ലഭ്യമായ ജ്ഞാനവും അറിവും സമന്വയിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധിയെ ഉപയോഗിക്കാം.
ഇന്ത്യയുടെ കൂട്ടായ ചിന്തയുടെയും സൃഷ്ടിപരമായ നയ സംഭാഷണത്തിന്റെയും പാരമ്പര്യമാണ് സമ്മേളനം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിക്കുന്ന ചീഫ് സെക്രട്ടറിമാരുടെ സമ്മേളനം കൂട്ടായ ചർച്ചകൾക്ക് ഫലപ്രദമായ ഒരു വേദിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണവും നടപ്പാക്കലും ശക്തിപ്പെടുത്തുന്നതിന്, ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും സമ്മേളനങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ചർച്ചകളോടും തീരുമാനങ്ങളോടും, സംസ്ഥാനങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വീകസിത് ഭാരത് പിന്തുടരുന്നതിനായി ഉദ്യോഗസ്ഥർക്കിടയിൽ ദേശീയ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിനും ഭരണപരമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വകുപ്പുതലത്തിൽ സമാനമായ സമ്മേളനങ്ങൾ ആവർത്തിക്കാമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൈപുണ്യ വികസന പദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണത്തിൽ AI യുടെ ഉപയോഗവും സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പൗരന്റെയും സുരക്ഷയ്ക്കായി സംസ്ഥാനങ്ങളും കേന്ദ്രവും സൈബർ സുരക്ഷയിൽ ഊന്നൽ നൽകേണ്ടതുണ്ട്.
നമ്മുടെ മുഴുവൻ ജീവിതചക്രത്തിലും സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരങ്ങൾ നൽകാൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണത്തിൽ ഗുണനിലവാരം കൈവരിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതുണ്ട്.
ഉപസംഹാരമായി, ഈ സമ്മേളനത്തിന്റെ ചർച്ചകളെ അടിസ്ഥാനമാക്കി ഓരോ സംസ്ഥാനവും 1, 2, 5, 10 വർഷത്തെ സമയക്രമങ്ങളുള്ള 10 വർഷത്തെ പ്രവർത്തനക്ഷമമായ പദ്ധതികൾ സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു, അതിൽ സാങ്കേതികവിദ്യ പതിവ് നിരീക്ഷണത്തിനായി ഉപയോഗിക്കാം.
മൂന്ന് ദിവസത്തെ സമ്മേളനം, വെല്ലുവിളികൾ നേരിടുന്നതിന് മികച്ച പ്രതിരോധശേഷിയുള്ളതും, എല്ലാപേരെയും ഉൾക്കൊള്ളുന്നതും ഭാവിക്കായി തയ്യാറായതുമായ ഒരു തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുന്നതിൽ അവയുടെ പങ്ക് തിരിച്ചറിയുന്ന പ്രത്യേക വിഷയങ്ങൾക്ക് ഊന്നൽ നൽകി.
സമ്മേളനത്തിനിടെ നടന്ന ചർച്ചകൾ
സമ്മേളനത്തിനിടെ നടന്ന ചർച്ചകൾ ടീം ഇന്ത്യ എന്ന ആശയം പ്രതിഫലിപ്പിച്ചു, അവിടെ കേന്ദ്രവും സംസ്ഥാനങ്ങളും ആശയങ്ങൾ നടപ്പിലാക്കുന്നതിനായുള്ള കൂട്ടായ പ്രവർത്തനം ഉറപ്പാക്കി. ചർച്ചയിൽ അംഗീകരിച്ച തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചകളിൽ ഊന്നിപ്പറഞ്ഞു. വികസിത ഭാരതമെന്ന ദർശനം പൗരന്മാരുടെ ജീവിതത്തിൽ പ്രകടമായി എത്തിക്കണമെങ്കിൽ ഇത്തരം പ്രവർത്താനം അനിവാര്യമാണ്. മനുഷ്യ മൂലധന വികസനവുമായി ബന്ധപ്പെട്ട മുൻഗണനാ മേഖലകളിലെ നിലവിലെ സാഹചര്യം, പ്രധാന വെല്ലുവിളികൾ, സാധ്യമായ പരിഹാരങ്ങൾ എന്നിവയുടെ സമഗ്രമായ വിലയിരുത്തൽ സെഷനുകൾ നൽകി.
പൈതൃക ഭക്ഷണം - കൈയെഴുത്തുപ്രതി സംരക്ഷണവും ഡിജിറ്റൈസേഷനും; പ്രാഥമിക ആരോഗ്യ സംരക്ഷണത്തിൽ അറിവുകൾ സംയോജിപ്പിക്കുക എന്നതിൽ ഊന്നൽ നൽകി "എല്ലാവർക്കും ആയുഷ്" എന്നീ വിഷയങ്ങളെക്കുറിച്ചുള്ള കേന്ദ്രീകൃത ചർച്ചകൾക്കും സമ്മേളനം വേദിയായി.
വികസന സംരംഭങ്ങൾ പ്രത്യക്ഷമായി തന്നെ നടപ്പിലാകുന്നുണ്ടെന്നും ഉദ്ദേശിച്ച ഫലപ്രാപ്തിയിൽ എത്തുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന് ഫലപ്രദമായ സേവന വിതരണ സംവിധാനം, പൗര കേന്ദ്രീകൃത ഭരണം, ഫലാധിഷ്ഠിത നടപ്പാക്കൽ പ്രക്രിയ എന്നിവയുടെ പ്രാധാന്യവും ചർച്ചകൾ ഊന്നിപ്പറഞ്ഞു. സ്ഥാപന ശേഷി ശക്തിപ്പെടുത്തേണ്ടതിന്റെയും, വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെയും, സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് ഡാറ്റാധിഷ്ഠിത നിരീക്ഷണ ചട്ടക്കൂടുകൾ സ്വീകരിക്കേണ്ടതിന്റെയും ആവശ്യകത ചർച്ചകളിൽ ഉയർന്നു നിന്നു. വികസിത ഭാരത ദർശനത്തിന് അനുസൃതമായി, വികസനത്തിന്റെ നേട്ടങ്ങൾ സമയബന്ധിതമായും സുതാര്യമായും എല്ലാ പൗരന്മാർക്കും എത്തിച്ചേരുന്ന തരത്തിൽ പ്രക്രിയകൾ ലളിതമാക്കുന്നതിലും, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും, അവസാന ആളിലേക്ക് വരെ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അധ്വാനം ഉണ്ടായി.
വിവിധ മേഖലകളുടെ സംയോജനം, ഉയർന്നുവരുന്ന മുൻഗണനകൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ സമ്മേളനത്തിലെ വിവിധ സെഷനുകളിലായി ഉണ്ടായിരുന്നു. സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കൽ, ഭരണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം : അവസരങ്ങൾ, അപകടസാധ്യതകൾ , ലഘൂകരണം; മികച്ച വിതരണ ശ്രിംഖല - മാർക്കറ്റ് ലിങ്കേജുകൾക്കായുള്ള അഗ്രിസ്റ്റാക്ക്; ഒരു സംസ്ഥാനം, ഒരു ലോകോത്തര ടൂറിസ്റ്റ് ലക്ഷ്യസ്ഥാനം; ആത്മനിർഭർ ഭാരത് - സ്വദേശി; ഇടതുപക്ഷ തീവ്രവാത്തെ ഇല്ലാതാക്കിയതിന് ശേഷമുള്ള ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള നയപരമായ പാതകളും മികച്ച രീതികളും ഈ സെഷനുകൾ പരിശോധിച്ചു. സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യം, വിജയകരമായ സംസ്ഥാനതല സംരംഭങ്ങളുടെ ആവർത്തനം, ചർച്ചകളെ പ്രത്യക്ഷ ഫലങ്ങളാക്കി മാറ്റുന്നതിനുള്ള സമയബന്ധിതമായ പദ്ധതി നടപ്പാക്കൽ എന്നിവ ചർച്ചകളിൽ ഉയർന്നു നിന്നു..
എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഡൊമെയ്ൻ വിദഗ്ധർ, കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
*****
SK
( റിലീസ് ഐ.ഡി: 2212982)
സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada