പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഇന്ത്യയിലെ നിർമിതബുദ്ധി സ്റ്റാർട്ടപ്പുകൾക്കൊപ്പമുള്ള വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു
‘ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026’-ലെ അടിസ്ഥാനമാതൃകാഘടകത്തിനുകീഴിൽ യോഗ്യത നേടിയ 12 ഇന്ത്യൻ നിർമിതബുദ്ധി സ്റ്റാർട്ടപ്പുകൾ ആശയങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിച്ചു
ഈ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നത് ആരോഗ്യസംരക്ഷണം, ബഹുഭാഷാ LLM, മെറ്റീരിയൽ ഗവേഷണം, ഡേറ്റ അനലിറ്റിക്സ്, എൻജിനിയറിങ് സിമുലേഷനുകൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ
നിർമിതബുദ്ധി മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയും വിശാലമായ ഭാവിസാധ്യതകളും സ്റ്റാർട്ടപ്പുകൾ എടുത്തുകാട്ടി; നിർമിതബുദ്ധി നവീകരണത്തിന്റെയും വിന്യാസത്തിന്റെയും കേന്ദ്രം ഇന്ത്യയിലേക്കു മാറുകയാണെന്നു സ്റ്റാർട്ടപ്പുകൾ
നിർമിതബുദ്ധി ആവാസവ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ കരുത്തുറ്റ പ്രതിജ്ഞാബദ്ധതയെ സ്റ്റാർട്ടപ്പുകൾ അഭിനന്ദിച്ചു
സ്റ്റാർട്ടപ്പുകളും നിർമിതബുദ്ധി സംരംഭകരും ഇന്ത്യയുടെ ഭാവിയുടെ സഹശിൽപ്പികളാണെന്നു പ്രധാനമന്ത്രി
ഇന്ത്യൻ നിർമിതബുദ്ധി മാതൃകകൾ പ്രാദേശികവും തദ്ദേശീയവുമായ ഉള്ളടക്കവും പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കണമെന്നു പ്രധാനമന്ത്രി
ഇന്ത്യൻ നിർമിതബുദ്ധി മാതൃകകൾ ധാർമികവും പക്ഷപാതരഹിതവും സുതാര്യവും ഡേറ്റ സ്വകാര്യതാ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി
നിർമിതബുദ്ധി മാതൃകകളുടെ വിജയത്തിനു പ്രധാനമന്ത്രി ഗവണ്മെന്റിന്റെ സമ്പൂർണ പിന്തുണ ഉറപ്പുനൽകി
प्रविष्टि तिथि:
08 JAN 2026 2:48PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലുള്ള ഏഴാം നമ്പർ വസതിയിൽ ഇന്ത്യയിലെ നിർമിതബുദ്ധി സ്റ്റാർട്ടപ്പുകൾക്കൊപ്പമുള്ള വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ‘ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി 2026’-നു മുന്നോടിയായി, ഉച്ചകോടിയിൽ അടിസ്ഥാനമാതൃകാഘടകത്തിനുകീഴിൽ യോഗ്യത നേടിയ 12 ഇന്ത്യൻ AI സ്റ്റാർട്ടപ്പുകൾ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയും ആശയങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ ഭാഷാ അടിസ്ഥാനമാതൃകകൾ, ബഹുഭാഷാ LLM, സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-ഓഡിയോ, ടെക്സ്റ്റ്-ടു-വീഡിയോ; ഇ-കൊമേഴ്സ്, മാർക്കറ്റിങ്, വ്യക്തിഗത ഉള്ളടക്കസൃഷ്ടി എന്നിവയ്ക്കായി ജനറേറ്റീവ് AI ഉപയോഗിച്ചുള്ള 3D ഉള്ളടക്കങ്ങൾ; എൻജിനിയറിങ് സിമുലേഷനുകൾ, മെറ്റീരിയൽ ഗവേഷണം, വിവിധ വ്യവസായങ്ങളിലെ ഡേറ്റാധിഷ്ഠിത തീരുമാനങ്ങൾക്കായുള്ള അഡ്വാൻസ്ഡ് അനലിറ്റിക്സ്; ആരോഗ്യപരിചരണരംഗത്തെ രോഗനിർണയം, വൈദ്യശാസ്ത്രഗവേഷണം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലാണ് ഈ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നത്.
രാജ്യത്തെ നിർമിതബുദ്ധി ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യയുടെ കരുത്തുറ്റ പ്രതിജ്ഞാബദ്ധതയെ AI സ്റ്റാർട്ടപ്പുകൾ അഭിനന്ദിച്ചു. AI മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയും വിപുലമായ ഭാവിസാധ്യതകളും അവർ എടുത്തുപറഞ്ഞു. AI നവീകരണത്തിന്റെയും വിന്യാസത്തിന്റെയും കേന്ദ്രബിന്ദു ഇന്ത്യയിലേക്കു മാറാൻ തുടങ്ങിയതായി അവർ നിരീക്ഷിച്ചു. AI വികസനത്തിന് അനുയോജ്യമായ കരുത്തുറ്റ സാാഹചര്യം ഇന്ത്യയിപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത് ആഗോള AI ഭൂപടത്തിൽ രാജ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുവെന്നും സ്റ്റാർട്ടപ്പ് പ്രതിനിധികൾ പറഞ്ഞു.
സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ നിർമിതബുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത മാസം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി’യിലൂടെ സാങ്കേതിക മേഖലയിൽ രാജ്യം സുപ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. AI പ്രയോജനപ്പെടുത്തി, പരിവർത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്റ്റാർട്ടപ്പുകളും AI സംരംഭകരും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന സഹശിൽപ്പികളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നവീകരണത്തിനും അവ വൻതോതിൽ നടപ്പാക്കാന്നതിനുമുള്ള അപാരമായ ശേഷി ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിൽ നിർമിച്ചത്, ലോകത്തിനായി നിർമിച്ചത്’ എന്ന ആപ്തവാക്യത്തെ പ്രതിഫലിപ്പിക്കുന്ന സവിശേഷമായ AI മാതൃക ഇന്ത്യ ലോകത്തിനു മുന്നിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസമാണു രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ AI മാതൃകകൾ ധാർമികവും പക്ഷപാതരഹിതവും സുതാര്യവും ഡേറ്റാ സ്വകാര്യതാ തത്വങ്ങളിൽ അധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽനിന്നുതന്നെ ആഗോള നേതൃത്വത്തിലേക്കുയരാൻ ലക്ഷ്യമിടണമെന്നും, ചെലവു കുറഞ്ഞതും ഏവരെയും ഉൾക്കൊള്ളുന്നതും ലളിതവും കാര്യക്ഷമവുമായ നവീകരണങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ AI മാതൃകകൾ സവിശേഷമായിരിക്കണമെന്നും അവ പ്രാദേശികവും തദ്ദേശീയവുമായ ഉള്ളടക്കങ്ങളെയും പ്രാദേശിക ഭാഷകളെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അവതാർ, ഭാരത്‌ജെൻ, ഫ്രാക്ടൽ, ഗാൻ, ജെൻലൂപ്, ജ്ഞാനി, ഇന്റലിഹെൽത്ത്, സർവം, ശോധ് AI, സോക്കറ്റ് AI, ടെക് മഹീന്ദ്ര, സെന്റൈക് എന്നീ ഇന്ത്യൻ AI സ്റ്റാർട്ടപ്പുകളുടെ CEO-മാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും സഹമന്ത്രി ശ്രീ ജിതിൻ പ്രസാദും യോഗത്തിൽ പങ്കെടുത്തു.
***
NK
(रिलीज़ आईडी: 2212602)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada