ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ചവയ്ക്കുന്ന പുകയില, ജാർദ സുഗന്ധ പുകയില, ഗുട്ട്ക തുടങ്ങിയ ഉത്പന്നങ്ങളുടെ യന്ത്രാധിഷ്ഠിത തീരുവ സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

प्रविष्टि तिथि: 01 JAN 2026 11:32AM by PIB Thiruvananthpuram

*(ഉത്പാദന ശേഷിയോ ഉത്പാദന യന്ത്രങ്ങളുടെ എണ്ണമോ അനുസരിച്ച് നിർണ്ണയിക്കുന്ന തീരുവയാണ്  യന്ത്രാധിഷ്ഠിത തീരുവ അഥവാ Machine Based levy) 

 

1. പുകയിലയ്ക്കും പുകയില ഉത്പന്നങ്ങൾക്കും നിലവിൽ ബാധകമായ കേന്ദ്ര എക്സൈസ് തീരുവയുടെ യഥാർത്ഥ നിരക്കുകൾ ഏതൊക്കെയാണ്?

 

പുകയിലയും പുകയില ഉത്പന്നങ്ങളും സംബന്ധിച്ച പ്രാബല്യത്തിലുള്ള തീരുവ നിരക്കുകൾ 31.12.2025 തീയതിയിലുള്ള …/2025-ാം നമ്പർ സെൻട്രൽ എക്സൈസ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ തീരുവ നിരക്കുകൾ 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും.

 

2. ചവയ്ക്കുന്ന പുകയില, ജാർദ സുഗന്ധ പുകയില, ഗുട്ട്ക എന്നിവയുടെ പാക്കിംഗ് മെഷീനുകൾ (ശേഷി നിർണ്ണയവും തീരുവ ശേഖരണവും) സംബന്ധിച്ച ചട്ടങ്ങൾ, 2025 എവിടെയാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്?

 

31.12.2025 തീയതിയിലുള്ള …/2025-ാം നമ്പർ സെൻട്രൽ എക്സൈസ് (എൻ.ടി.) വിജ്ഞാപനത്തിലൂടെ ഈ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത ചട്ടങ്ങൾ 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും.

 

3. ഈ ചട്ടങ്ങൾ ബാധകമാകുന്ന ഉത്പന്നങ്ങൾ ഏതൊക്കെയാണ്?

 

1944-ലെ സെൻട്രൽ എക്സൈസ് ആക്ടിലെ സെക്ഷൻ 3A പ്രകാരം വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങളാണ് ഈ ചട്ടങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നത്. 31.12.2025 തീയതിയിലുള്ള വിജ്ഞാപന നമ്പർ …/2025-ാം സെൻട്രൽ എക്സൈസ് (എൻ.ടി.) പ്രകാരം വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങൾ, അതായത് ചവയ്ക്കുന്ന പുകയില (ഫിൽട്ടർ ഖൈനി ഉൾപ്പെടെ), ജാർദ സുഗന്ധ പുകയില, ഗുട്ട്ക എന്നിവ ഈ ചട്ടങ്ങളുടെ പരിധിയിൽ വരും.

 

4.ചവയ്ക്കുന്ന പുകയില, ജാർദ സുഗന്ധ പുകയില, ഗുട്ട്ക എന്നിവയുടെ പാക്കിംഗ് മെഷീനുകൾ (ശേഷി നിർണ്ണയവും തീരുവ ശേഖരണവും) സംബന്ധിച്ച ചട്ടങ്ങൾ, 2025 എന്തിനെക്കുറിച്ചാണ്?

 

ചവയ്ക്കുന്ന പുകയില (ഫിൽട്ടർ ഖൈനി ഉൾപ്പെടെ), ജർദ സുഗന്ധ പുകയില, ഗുട്ട്ക തുടങ്ങിയ വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങളുടെ ഉൽപാദന ശേഷി നിർണ്ണയിക്കുന്നതിനും അവയ്‌ക്കുള്ള കേന്ദ്ര എക്സൈസ് തീരുവ കണക്കാക്കുന്നതിനുമുള്ള നടപടിക്രമങ്ങളാണ് ഈ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നത്.

 

5. സെൻട്രൽ എക്സൈസ് രജിസ്ട്രേഷൻ ഉള്ള നികുതിദായകർക്ക്, ഈ ചട്ടങ്ങൾ പ്രകാരം പ്രത്യേകമായോ അധികമായോ രജിസ്ട്രേഷൻ ആവശ്യമുണ്ടോ?

 

നിലവിൽ സെൻട്രൽ എക്സൈസ് രജിസ്ട്രേഷൻ ഉള്ള നികുതിദായകർക്ക് ഈ ചട്ടങ്ങൾ പ്രകാരം പ്രത്യേകമായോ അധികമായോ രജിസ്ട്രേഷൻ ആവശ്യമില്ല.

 

6. വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങളുടെ നിർമ്മാതാക്കളെല്ലാം ഈ ചട്ടങ്ങൾ നിർദ്ദേശിക്കുന്ന ഡീംഡ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ടോ?

 

ഇല്ല. ഈ നിയമങ്ങൾ വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങളുടെ പൗച്ചുകൾ നിർമ്മിക്കുന്ന നിർമ്മാതാക്കൾക്ക് മാത്രമേ ബാധകമായിരിക്കൂ. മറ്റു രൂപങ്ങളിൽ (ഉദാഹരണത്തിന് ടിന്നുകൾ) നിർമ്മിക്കുന്നവർ, അവയുടെ വിലയിരുത്താവുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പ്രാബല്യത്തിലുള്ള തീരുവ അടയ്ക്കേണ്ടതാണ്.

 

7. തീരുവ കണക്കാക്കുന്നതിനായി വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങളുടെ ചില്ലറവിൽപ്പന വിലയിൽ  കുറവ് വരുത്തിയോ?

 

അതെ, ഇളവ് ലഭ്യമാണ്. 31.12.2025-ലെ വിജ്ഞാപന നമ്പർ …/2025-ൽ ഉത്പന്നങ്ങൾക്ക് ബാധകമായ തീരുവ നിരക്കുകൾ വിജ്ഞാപനം ചെയ്തപ്പോൾ ഈ ഇളവ് ഉൾപ്പെടുത്തിയിട്ടുണ്ട്.

 

8. വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങളുടെ നിലവിലുള്ള നിർമ്മാതാക്കൾ പ്രസ്താവന സമർപ്പിക്കേണ്ട അവസാന തീയതി എന്താണ്?

 

ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് ഏഴ് ദിവസത്തിനുള്ളിൽ, അതായത് 2026 ഫെബ്രുവരി 7-നകം, ഫോം CE DEC-01 മുഖേന പ്രസ്താവന ഔദ്യോഗിക പോർട്ടലിൽ ഫയൽ ചെയ്യേണ്ടതാണ്.

 

9. ഫോം CE DEC-01 ഫയൽ ചെയ്യുന്നത് നിർബന്ധമാണോ ?

 

അതെ, നിർബന്ധമാണ്.

 

10. ഫയൽ ചെയ്യേണ്ട പ്രസ്താവനയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ എന്തൊക്കെയാണ്?

 

യന്ത്രങ്ങളുടെ എണ്ണം, പരമാവധി ശേഷി, ഗിയർ ബോക്സ് അനുപാതങ്ങൾ തുടങ്ങി യന്ത്രങ്ങളുടെ സവിശേഷതകൾ, സൂചിപ്പിച്ചതുപോലെയുള്ള ചില്ലറ വിൽപ്പന വിലകളുടെ വിശദാംശങ്ങൾ എന്നിവ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

 

11. ഒരു ചാർട്ടേഡ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

 

ട്രാക്കുകളുടെ/ഫണലുകളുടെ എണ്ണം, ഗിയർ ബോക്സ് അനുപാതങ്ങൾ, പ്രധാന മോട്ടോറിന്റെ ഒരു മിനിറ്റിലെ   പരിക്രമണ നിരക്ക് എന്നിവയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ നൽകുന്നതിന് ഇത് ആവശ്യമാണ്.

 

12. ഫയൽ ചെയ്യുമ്പോൾ യഥാർത്ഥ ഉത്പാദന വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ടോ?

 

ഇല്ല. ഡ്യൂട്ടി കണക്കാക്കുന്നത് യഥാർത്ഥ ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ അല്ല, മറിച്ച് യന്ത്രങ്ങളുടെ പരമാവധി ശേഷി അനുസരിച്ച് കണക്കാക്കുന്ന ഉത്പാദന ശേഷി അടിസ്ഥാനമാക്കിയാണ് നിർണ്ണയിക്കുന്നത്.

 

13. നൽകേണ്ട തീരുവ എങ്ങനെ കണക്കാക്കാം?

 

സെൻട്രൽ എക്സൈസ് ആക്ടിലെ സെക്ഷൻ 3A പ്രകാരം, നിർമ്മാതാക്കൾ വർഷാന്ത്യ ഉത്പാദന ശേഷിയുടെ അടിസ്ഥാനത്തിൽ തീരുവ അടയ്ക്കേണ്ടതാണ്.

 

എന്നിരുന്നാലും, ഫയൽ ചെയ്ത പ്രസ്താവന പരിശോധിക്കുന്നതുവരെ, നിർമ്മാതാവ് അതേ മാസത്തിൽ നിർമ്മിച്ച പൗച്ചുകളുടെ ചില്ലറവിൽപ്പന വിലകളും, പാക്കിംഗ് മെഷീനിന്റെ മിനിറ്റിൽ പരമാവധി റേറ്റു ചെയ്യപ്പെട്ട വേഗത (പൗച്ചുകളിൽ) ആധാരമാക്കിയും തീരുവ അടയ്ക്കേണ്ടതാണ്.

 

ചവയ്ക്കുന്ന പുകയില ഉത്പാദിപ്പിക്കുന്ന യന്ത്രത്തിന്റെ പരമാവധി ശേഷി 500 പൗച്ചും ചില്ലറവില (RSP) 2 രൂപയുമാണെങ്കിൽ, ഓരോ പാക്കിംഗ് മെഷീനിനും പ്രതിമാസം ഡ്യൂട്ടി നിരക്ക് ഏകദേശം 0.83 കോടി രൂപയായി കണക്കാക്കപ്പെടും.

 

അതേ യന്ത്രത്തിന്റെ പരമാവധി റേറ്റുചെയ്ത ശേഷി 500 പൗച്ചും RSP 4 രൂപയുമാണെങ്കിൽ, പ്രതിമാസ ഡ്യൂട്ടി നിരക്ക് ഏകദേശം 1.52 കോടി രൂപയാകും. (അതായത്, അടിസ്ഥാന നിരക്ക് 0.83 കോടി രൂപയിൽ കൂടുതലോ, 0.38 × RSP രൂപയോ സ്വീകരിക്കണം.)

 

14. ആദ്യ പ്രസ്താവന സമർപ്പിക്കുന്നതിനും, കേന്ദ്ര എക്സൈസിന്റെ അധികാരപരിധിയിലുള്ള ഡെപ്യൂട്ടി കമ്മീഷണറോ സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറോ വാർഷിക ഉത്പാദന ശേഷി നിർണ്ണയിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിനും മദ്ധ്യേ ഒരു നികുതിദായകന് പുതിയ പ്രസ്താവന സമർപ്പിക്കാൻ കഴിയുമോ?

 

പ്രസ്തുത ചട്ടത്തിലെ ചട്ടം 6 അനുസരിച്ച്, സെൻട്രൽ എക്സൈസ് അധികാരപരിധിയിലുള്ള ഡെപ്യൂട്ടി കമ്മീഷണർ അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർ, മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചട്ടം 8 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ, പുതിയ പ്രസ്താവന ഫയൽ ചെയ്യാൻ സാധ്യമല്ല.

 

15. വാർഷിക ഉത്പാദന ശേഷി വകുപ്പ് എങ്ങനെ നിർണ്ണയിക്കും?

 

ഫാക്ടറിയുടെ ഭൗതിക പരിശോധനയും യന്ത്രങ്ങളുടെ സാങ്കേതിക സവിശേഷതകളും പരിശോധിച്ചതിനു ശേഷം, അധികാരപരിധിയുള്ള കേന്ദ്ര എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർ, സാഹചര്യമനുസരിച്ച്, വാർഷിക ഉത്പാദന ശേഷി നിർണ്ണയിക്കും. പ്രസ്തുത ചട്ടം 5 അനുസരിച്ച്, ഒരു മാസത്തിൽ ഉത്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്ന വിജ്ഞാപനം ചെയ്ത ഉത്പ്പന്നങ്ങളുടെ അളവ് 12 മാസത്തേക്ക് ഗുണിച്ചാണ് വാർഷിക ഉത്പാദന ശേഷി നിർണ്ണയിക്കുന്നത്.

 

16. വകുപ്പ് നിശ്ചയിച്ച വാർഷിക ഉല്പാദന ശേഷി ഉല്പാദകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ കണക്കിനേക്കാൾ കൂടുതലായാൽ എന്ത് സംഭവിക്കും?

 

ഉല്പാദകന് പറയാനുള്ളത് കേൾക്കാൻ ന്യായമായ അവസരം നൽകിയ ശേഷം ബന്ധപ്പെട്ട കേന്ദ്ര എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറോ അസിസ്റ്റന്റ് കമ്മീഷണറോ പരിശോധന നടത്തി 30 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും. മെഷീൻ സ്ഥാപിച്ച തീയതി മുതലോ  ഉല്പാദന ഘടകങ്ങളിൽ മാറ്റം വന്ന തീയതി മുതലോ പണമടയ്ക്കുന്ന ദിവസം വരെ അധികമായി വരുന്ന നികുതിയും അതിന്റെ പലിശയും നൽകണം. നിലവിലെ ഉല്പാദകര്‍ ആദ്യമായി ശേഷി നിർണയിക്കുന്ന സാഹചര്യത്തില്‍ നികുതി വ്യത്യാസവും പലിശയും 2026 ഫെബ്രുവരി 1 മുതൽ കണക്കാക്കി നൽകണം.

 

17. കേന്ദ്ര എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറോ അസിസ്റ്റന്റ് കമ്മീഷണറോ നിശ്ചയിച്ച തീരുമാനത്തിനെതിരെ ഉല്പാദകന്‍ അപ്പീൽ സമര്‍പ്പിക്കാന്‍  ആഗ്രഹിച്ചാൽ?

 

നികുതിദായകൻ അപ്പീൽ സമര്‍പ്പിക്കാനാഗ്രഹിച്ചാലും ഉത്തരവിന് ശേഷമുള്ള കാലയളവില്‍ അധികാരപരിധിയിലെ കേന്ദ്ര എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറോ അസിസ്റ്റന്റ് കമ്മീഷണറോ സന്ദർഭോചിതമായി നിശ്ചയിച്ച  നികുതി അടയ്ക്കേണ്ടതാണ്.

 

18. അധികാരപരിധിയിലെ ഉദ്യോഗസ്ഥൻ എല്ലാ മാസവും ഈ നിർണയം നടത്തുമോ?

 

ഇല്ല. പാക്കിങ് മെഷീനുകളുടെ എണ്ണം, മെഷീനുകളുടെ പരമാവധി നിശ്ചിത ഉല്പാദന ശേഷി തുടങ്ങിയ വാർഷിക ഉല്പാദന ശേഷിയെ ബാധിക്കുന്ന ഘടകങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമാണ് പുതിയ നികുതി നിർണയം നടത്തുക.

 

19. 2026 ഫെബ്രുവരി 1-ന് ശേഷം രജിസ്റ്റർ ചെയ്ത  ഉല്പാദകന്‍ ഒരു മാസം പത്താം തീയതി മെഷീനുകൾ സ്ഥാപിച്ച് ഉല്പാദനം തുടങ്ങിയാൽ ആ മാസത്തെ നികുതി പൂര്‍ണമായി അടയ്ക്കേണ്ടതുണ്ടോ?

 

ഉണ്ട്. ചട്ടം 13(3) പ്രകാരം മെഷീനുകൾ സ്ഥാപിച്ച മാസത്തെ നികുതി പൂർണമായും ഉല്പാദകന്‍ അടയ്ക്കേണ്ടതുണ്ട്.

 

20. നികുതി കണക്കാക്കാന്‍ മെഷീനുകളുടെ എണ്ണം എങ്ങനെയാണ്  നിശ്ചയിക്കുന്നത്?

 

ഒരു മാസത്തിൽ സ്ഥാപിച്ച മെഷീനുകളുടെ എണ്ണമായി ആ മാസം ഏതെങ്കിലും ഒരു ദിവസം സ്ഥാപിച്ച  പരമാവധി മെഷീനുകളുടെ എണ്ണമാണ് കണക്കാക്കുന്നത്.

 

21. ഓരോ മാസവും സമർപ്പിക്കേണ്ട ഫോമുകളും റിട്ടേണുകളും ഏതൊക്കെയാണ്?

 

ഉല്പാദകന്‍ എല്ലാ മാസവും പത്താം തീയതിയോ അതിന് മുൻപോ FORM CE STR-1 എന്ന പ്രതിമാസ ഫോം സമർപ്പിക്കേണ്ടതുണ്ട്. കേന്ദ്ര എക്സൈസ് നിയമത്തിലെ ചട്ടം 12 പ്രകാരം സമർപ്പിക്കേണ്ട പ്രതിമാസ റിട്ടേണിന് പുറമെയാണിത്.

 

22. നികുതി ഇളവ് എങ്ങനെ കണക്കാക്കും?

 

താഴെ പറയുന്ന സൂത്രവാക്യം ഉപയോഗിച്ച് ആനുപാതിക അടിസ്ഥാനത്തിലാണ് നികുതി ഇളവ്  കണക്കാക്കുന്നത്: ‌

 

നികുതി ഇളവ് = (പ്രതിമാസ നികുതി ബാധ്യത × മെഷീൻ പ്രവർത്തിക്കാത്ത ദിവസങ്ങള്‍) ÷ മാസത്തിലെ ആകെ ദിവസങ്ങള്‍

 

23. ഒരു മെഷീൻ ഫെബ്രുവരി 15 മുതൽ മാർച്ച് 5 വരെ പ്രവർത്തിക്കുന്നില്ലെന്ന് കരുതുക, എങ്കിൽ എത്ര നികുതി ഇളവ് ആവശ്യപ്പെടാം?

 

തുടർച്ചയായി പതിനഞ്ച് ദിവസത്തേക്ക് മെഷീൻ പ്രവർത്തിക്കുന്നില്ലെങ്കിൽ നികുതി ഇളവ് ആവശ്യപ്പെടാം.  ഇക്കാലയളവ് ഒരേ കലണ്ടർ മാസത്തിലാണോ എന്നത് നികുതി ഇളവിനെ ബാധിക്കില്ല.

 

24. നികുതി ഇളവിന് അവകാശവാദം ഉന്നയിക്കാനാവശ്യമായ നിബന്ധനകൾ എന്തെല്ലാമാണ്?

 

നികുതി ഇളവ് ആവശ്യപ്പെടുന്നതിന് ഉല്പാദകന്‍ കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്ക് മുൻപെങ്കിലും വകുപ്പിനെ വിവരം അറിയിക്കേണ്ടതും വകുപ്പ്  മെഷീൻ സീൽ ചെയ്യേണ്ടതുമാണ്.

 

25. മെഷീനുകൾ ഉപയോഗത്തിലില്ലെങ്കിലും അവ പ്രവർത്തിക്കുന്നതായി കണക്കാക്കുമോ?

 

അതെ. ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം സീൽ ചെയ്യാത്ത സാഹചര്യത്തില്‍ ഒരു ഫാക്ടറിയിൽ സ്ഥാപിച്ച ഏതൊരു പാക്കിങ് മെഷീനും പ്രവർത്തിക്കുന്നതായാണ് കണക്കാക്കുക.

 

26. മെഷീനുകൾ സീൽ ചെയ്യാനുള്ള നടപടിക്രമം എന്താണ്?

 

സ്ഥാപിച്ച മെഷീൻ പതിനഞ്ച് ദിവസമോ അതിൽ കൂടുതലോ കാലയളവിലേക്ക് തുടർച്ചയായി പ്രവർത്തിപ്പിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 3 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ് അധികാരപരിധിയിലെ കേന്ദ്ര എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെയോ അസിസ്റ്റന്റ് കമ്മീഷണറെയോ ഉല്പാദകന്‍ വിവരമറിയിക്കണം.

 

27. സീൽ ചെയ്ത മെഷീനിന്റെ സീൽ എങ്ങനെ നീക്കം ചെയ്യാം?

 

പ്രവർത്തനം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതിക്ക് കുറഞ്ഞത് 3 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ് അധികാരപരിധിയിലെ കേന്ദ്ര എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെയോ അസിസ്റ്റന്റ് കമ്മീഷണറെയോ അറിയിക്കണം. അധികാരപരിധിയിലെ കേന്ദ്ര എക്സൈസ് സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരിക്കും മെഷീനുകളിലെ സീല്‍ നീക്കം ചെയ്യുന്നത്. 

 

28. വില്പനയ്ക്കോ നീക്കം ചെയ്യാനോ വേണ്ടി ഫാക്ടറിയിൽ നിന്ന് മെഷീനുകൾ മാറ്റുന്നതിന്റെ നടപടിക്രമം എന്താണ്?

 

മെഷീന്‍ മാറ്റാനുദ്ദേശിക്കുന്ന തീയതിക്ക് കുറഞ്ഞത് 3 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ് അധികാരപരിധിയിലെ കേന്ദ്ര എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെയോ അസിസ്റ്റന്റ് കമ്മീഷണറെയോ വിവരമറിയിക്കണം.

 

29. നിരീക്ഷണ ക്യാമറ സ്ഥാപിക്കൽ നിർബന്ധമാണോ?

 

അതെ. പാക്കിങ് മെഷീൻ പ്രവർത്തിപ്പിക്കുന്ന ഓരോ ഉല്പാദകനും  മെഷീനുകള്‍ സ്ഥാപിച്ച എല്ലാ ഭാഗങ്ങളും  ഉൾപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ സംവിധാനം സ്ഥാപിക്കേണ്ടതും ദൃശ്യങ്ങൾ കുറഞ്ഞത് 24 മാസത്തേക്ക് സൂക്ഷിക്കേണ്ടതുമാണ്.

 

30. റിബേറ്റ്  ലഭ്യമാണോ?

 

അല്ല. കേന്ദ്ര എക്സൈസ് ചട്ടം സെക്ഷൻ 18 പ്രകാരം കേന്ദ്ര എക്സൈസ് നികുതിയിൽ റിബേറ്റ് ലഭ്യമാകില്ല.

 

31. ഒരു ഫാക്ടറിയുടെ പ്രവർത്തനം നിലച്ചാൽ മുൻകൂര്‍ അടച്ച നികുതിയ്ക്ക് എന്ത് സംഭവിക്കും?

 

ഉല്പാദകന്‍ രജിസ്ട്രേഷൻ റദ്ദാക്കുന്നത് സംബന്ധിച്ച  വിവരം സമര്‍പ്പിക്കണം.  ചട്ടം 21-ൽ നിർദ്ദേശിച്ച രീതിയിൽ നികുതി ക്രമീകരിക്കുകയോ തിരികെ നല്‍കുകയോ ചെയ്യും.

 

32. നികുതി അടയ്ക്കാതെ കയറ്റുമതി അനുവദിക്കുമോ?

 

ഇല്ല. ഉല്പാദന ശേഷി അധിഷ്ഠിത നികുതി വ്യവസ്ഥയില്‍ വിജ്ഞാപനം ചെയ്ത ചരക്കുകളുടെ കയറ്റുമതി  നികുതി അടയ്ക്കാതെ അനുവദനീയമല്ല.

 

******


(रिलीज़ आईडी: 2210397) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Tamil , Kannada