പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നിതി ആയോഗ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി


കൂടിക്കാഴ്ചയുടെ പ്രമേയം - ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത് ഭാരതത്തിനായുള്ള അജണ്ട

2047-ഓടെ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് ഒരു ജനകീയ അഭിലാഷമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

ദീർഘകാല വളർച്ച നിലനിർത്തുന്നതിന്, വിവിധ മേഖലകളിൽ ദൗത്യ രീതിയിലുള്ള പരിഷ്കാരങ്ങൾക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

2025-ൽ വിവിധ മേഖലകളിൽ ഉണ്ടായ അഭൂതപൂർവമായ പരിഷ്കാരങ്ങളെക്കുറിച്ച് സാമ്പത്തിക വിദഗ്ധർ ചർച്ച ചെയ്യുകയും, ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു

प्रविष्टि तिथि: 30 DEC 2025 6:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ നീതി ആ യോഗ് ആസ്ഥാനത്ത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻമാരുമായും വിദഗ്ധരുമായും സംവദിച്ചു. ‘ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത് ഭാരതത്തിനായുള്ള അജണ്ട’ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രമേയം.

സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2047-ലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ പ്രധാന സ്തംഭങ്ങളെ കുറിച്ച് പരാമർശിച്ചു. വികസിത് ഭാരതം ഒരു ദേശീയ അഭിലാഷമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന കാഴ്ചപ്പാട് ഇപ്പോൾ കേവലം ഒരു ഗവൺമെൻ്റ് നയം എന്നതിലുപരി ജനങ്ങളുടെ യഥാർത്ഥ അഭിലാഷമായി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കി. വിദ്യാഭ്യാസം, ഉപഭോഗ രീതികൾ, ആഗോള ചലനാത്മകത എന്നിവയിൽ കാണുന്ന മാറ്റങ്ങൾ ഇതിന് തെളിവാണ്.  ജനങ്ങളുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ഥാപനങ്ങളുടെ ശേഷി വർദ്ധനയും അടിസ്ഥാന സൗകര്യങ്ങളുടെ മുൻകൂട്ടിയുള്ള  ആസൂത്രണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ കഴിവ് തെളിയിക്കുന്നതിനും ലോക വിപണിയുമായി സംയോജിക്കുന്നതിനും ദൗത്യാധിഷ്ഠിത പരിഷ്കാരങ്ങൾ വേണമെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ദീർഘകാല വളർച്ച നിലനിർത്തുന്നതിന് വിവിധ മേഖലകളിൽ ദൗത്യ രീതിയിലുള്ള  പരിഷ്കാരങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ നയരൂപീകരണവും ബജറ്റും 2047-ലേക്കുള്ള കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള തൊഴിൽ ശക്തിയുടെയും അന്താരാഷ്ട്ര വിപണികളുടെയും  സുപ്രധാന കേന്ദ്രമായി രാജ്യം നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

കൂടിക്കാഴ്ചയിൽ, ഉൽപ്പാദന-സേവന മേഖലകളിൽ ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ ആശയങ്ങൾ സാമ്പത്തിക വിദഗ്ധർ പങ്കുവെച്ചു. ഗാർഹിക സമ്പാദ്യം വർദ്ധിപ്പിക്കുക, ശക്തമായ അടിസ്ഥാന സൗകര്യ വികസനം, അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലൂടെ ഘടനാപരമായ പരിവർത്തനം വേഗത്തിലാക്കുക എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ മേഖലകളിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ നിർമ്മിത ബുദ്ധിയുടെ പങ്ക്, ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ  വിപുലീകരണം എന്നിവയും സംഘം ചർച്ച ചെയ്തു.

2025-ൽ വിവിധ മേഖലകളിൽ ഉണ്ടായ അഭൂതപൂർവമായ പരിഷ്കാരങ്ങളും വരും വർഷങ്ങളിൽ അവയുടെ ഏകീകരണവും, ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും പുതിയ അവസരങ്ങൾ തുറക്കുന്നതിനും സഹായിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി നിലനിർത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി.

ശ്രീ ശങ്കർ ആചാര്യ, ശ്രീ അശോക് കെ ഭട്ടാചാര്യ, ശ്രീ എൻ ആർ ഭാനുമൂർത്തി, ശ്രീമതി അമിത ബത്ര, ശ്രീ ജൻമജയ സിൻഹ, ശ്രീ അമിത് ചന്ദ്ര, ശ്രീമതി രജനി സിൻഹ, ശ്രീ ദിനേശ് കനാബർ, ശ്രീ ബസന്ത പ്രധാൻ, ശ്രീ മദൻ സബ്നഷി, ശ്രീ ഉമാകാന്ത് ദാഷ്, ശ്രീ പിനാകി ചക്രവർത്തി, ശ്രീ ഇന്ദ്രനിൽ സെൻ ഗുപ്ത, ശ്രീ സമീരൻ ചക്രവർത്തി, ശ്രീ അഭിമാൻ ദാസ്, ശ്രീ രാഹുൽ ബജോറിയ, ശ്രീമതി മോണിക്ക ഹലൻ, ശ്രീ സിദ്ധാർത്ഥ സന്യാൽ തുടങ്ങിയുള്ള ഒട്ടേറെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും വിദഗ്ധരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

-SK-


(रिलीज़ आईडी: 2209934) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil