പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ അഭിലാഷ ജില്ലകളെക്കുറിച്ചുള്ള 'സങ്കൽപ് സപ്താഹ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
30 SEP 2023 6:29PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകരെയും, ഗവൺമെൻറ് ഉദ്യോഗസ്ഥരെയും, നിതി ആയോഗിലെ സഹപ്രവർത്തകരെയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വിവിധ ബ്ലോക്കുകളിൽ നിന്നുള്ള അടിസ്ഥാന തലത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് സഹപ്രവർത്തകരെയും, ഈ വിഷയത്തിൽ താൽപ്പര്യമുള്ള പ്രതിനിധികളെയും ഒപ്പം ഇന്ന് ഈ പരിപാടിയിൽ സന്നിഹിതരായിരിക്കുന്നവരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ പരിപാടി സംഘടിപ്പിച്ചതിന് നിതി ആയോഗിനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു, നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.
ഭാരത് മണ്ഡപത്തിൽ നിങ്ങൾ എല്ലാവരും ഒത്തുകൂടിയിരിക്കുന്നു , ഇത് രാജ്യത്തിന്റെയും ഇന്ത്യൻ ഗവൺമെൻ്റിന്റെയും സമീപനത്തെ വ്യക്തമാക്കുന്നു. ജി 20 ഉച്ചകോടി കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ, രാജ്യത്തെ വിദൂര ഗ്രാമങ്ങളെക്കുറിച്ച് ആശങ്കയുള്ളവരും, പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളെക്കുറിച്ച് ആശങ്കയുള്ളവരും, അവരുടെ ക്ഷേമത്തിനായി നയങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തിക്കുന്നവരുമായ ആളുകൾ ഇതാ ഇവിടെയുണ്ട് .ഈ ഒരു മാസത്തിനുള്ളിൽത്തന്നെയാണ് ലോകത്തിന് ദിശാബോധം നൽകാൻ പ്രവർത്തിച്ച ആളുകളും ഇവിടെ ഉണ്ടായിരുന്നത്. ഞാൻ ഉദ്ദേശിച്ചത്,സദസ്സിന്റെ വ്യാപ്തി നോക്കാനാണ്. ഈ മാസത്തിൽ തന്നെ , ലോകമെമ്പാടുമുള്ള നേതാക്കൾ ഭാരത് മണ്ഡപത്തിൽ ആഗോള ആശങ്കകളെ കൂട്ടായി അഭിസംബോധന ചെയ്തു. ഇന്ന് അതേ ഭാരത് മണ്ഡപത്തിൽ, എന്റെ രാജ്യത്ത് അടിസ്ഥാന തലത്തിൽ മാറ്റം കൊണ്ടുവരാൻ പ്രവർത്തിക്കുന്ന, ശക്തി പകരുന്ന, ഉയർന്ന മനസ്സോടെ പ്രവർത്തിക്കുന്ന ദശലക്ഷക്കണക്കിന് സഹപ്രവർത്തകരെ ഞാൻ കണ്ടുമുട്ടുന്നു. ഇത് എനിക്ക് അഭിമാനകരമായ കാര്യമാണ്. എനിക്ക്, ഈ ഉച്ചകോടി, ജി 20 യിൽ കുറഞ്ഞ ഒന്നല്ല .
നിരവധി ആളുകൾ ഞങ്ങളുമായി ഓൺലൈനിലും ബന്ധപ്പെട്ടിരിക്കുന്നു. 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം) എന്ന മനോഭാവത്തിന്റെ പ്രതീകമായ 'ടീം ഇന്ത്യയുടെ' വിജയത്തിന്റെ പ്രതീകമാണ് ഈ പരിപാടി. ഈ പരിപാടി ഭാരതത്തിന്റെ ഭാവിക്ക് പ്രധാനമാണ്, വിജയം അതിന്റെ ദൃഢനിശ്ചയത്തിൽ അന്തർലീനമാണ്, അത് അതിന്റെ പ്രതിഫലനവുമാണ്.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിനുശേഷം നടപ്പിലാക്കിയ മികച്ച 10 പദ്ധതികളെക്കുറിച്ച് ഒരു പഠനം നടത്തുമ്പോഴെല്ലാം, അഭിലാഷ ജില്ലകളെക്കുറിച്ചുള്ള പ്രോഗ്രാം സുവർണ്ണ ലിപികളിൽ എഴുതപ്പെടും. അഭിലാഷപരമായ ജില്ലാ പരിപാടിയായ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം രാജ്യത്തെ 112 ജില്ലകളിലായി 25 കോടിയിലധികം ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവരുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നിട്ടുണ്ട്, ഭരണത്തിന്റെ അനായാസതയിലും മാറ്റം വന്നിട്ടുണ്ട്, "നമുക്ക് എങ്ങനെയെങ്കിലും ജീവിതം നയിക്കാം, ഇങ്ങനെയാണ് നമ്മൾ ജീവിക്കേണ്ടത്" എന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ ആ ചിന്തയിൽ നിന്ന് പുറത്തുകടക്കാനുള്ള മാനസികാവസ്ഥയിലാണ്. ആ സമൂഹം ഇനി അതേപടി തുടരാൻ ആഗ്രഹിക്കുന്നില്ല; അവർ ഒരു മാറ്റമുണ്ടാക്കാൻ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ മാനസികാവസ്ഥ. ഇതൊരു വലിയ ശക്തിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ കാമ്പെയ്‌നിന്റെ വിജയം ഇപ്പോൾ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ അടിത്തറയായി മാറിയിരിക്കുന്നു. ജില്ലാ തലത്തിലെ അനുഭവം വളരെ വിജയകരമായതിനാൽ ലോകത്തിലെ വികസന മാതൃകകളെക്കുറിച്ച് ചർച്ച ചെയ്യുന്ന എല്ലാവരും നിരവധി പാഠങ്ങൾ നിർദ്ദേശിക്കുന്നു, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക്. അതിൽ നിന്ന് നമ്മൾ ധാരാളം കാര്യങ്ങൾ പഠിച്ചു, അതിൽ നിന്ന്, ഓരോ സംസ്ഥാനത്തെയും 500 ബ്ലോക്കുകളിൽ ഒരു മാനദണ്ഡത്തിന് കീഴിൽ ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്ന ആശയം ഉയർന്നുവന്നിട്ടുണ്ട്. നമ്മൾ അതിനെ സംസ്ഥാനത്തിന്റെ ശരാശരിയിലേക്കും , ദേശീയ ശരാശരിയിലേക്കും എടുത്താൽ, മാറ്റം എത്രത്തോളം പ്രാധാന്യമർഹിക്കുമെന്നും ഫലം എത്രത്തോളം പ്രാധാന്യമർഹിക്കുമെന്നും നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം വിജയത്തിന്റെ പതാക ഉയർത്തിയതുപോലെ, ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമും 100 ശതമാനം വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.കാരണം ഇത് പദ്ധതി അതിശയകരമാണെന്നതുകൊണ്ട് മാത്രമല്ല, അതിൽ പ്രവർത്തിക്കുന്ന ആളുകൾ പ്രഗത്ഭരാണെന്നതു കൊണ്ടും കൂടിയാണ് .
കുറച്ചു മുൻപ്, ഞാൻ മൂന്ന് സഹപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു; നിങ്ങൾ ചർച്ച കേട്ടിരിക്കാം . അവരുടെ ആത്മവിശ്വാസം നോക്കൂ. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഈ സഹപ്രവർത്തകരുടെ ആത്മവിശ്വാസം കാണുമ്പോൾ, എന്റെ ആത്മവിശ്വാസം വർദ്ധിക്കുക മാത്രമല്ല, ഇരട്ടിക്കുകയും ചെയ്യുന്നു. നിങ്ങൾക്കുള്ള എന്റെ ആശംസകൾ വെറും വാക്കുകളല്ല; ഞാൻ പൂർണ്ണമായും നിങ്ങളോടൊപ്പം നിൽക്കുന്നു. നിങ്ങൾ 2 ചുവടുകൾ വെച്ചാൽ, ഞാൻ 3 ചുവടുകൾ വയ്ക്കാൻ തയ്യാറാണ്, നിങ്ങൾ 12 മണിക്കൂർ ജോലി ചെയ്താൽ, ഞാൻ 13 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാണ്. നിങ്ങളുടെ സഹചാരിയായി, നിങ്ങളുടെ ടീമിലെ അംഗമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ടീം എന്ന നിലയിൽ, ഈ ആസ്പിറേഷണൽ ബ്ലോക്കിന്റെ വിജയം നമ്മൾ കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ 2 വർഷത്തെ സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, ഒന്നര വർഷത്തിനുള്ളിൽ ഞങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഒന്നര വർഷം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, ഞങ്ങൾ അത് ഒരു വർഷത്തിനുള്ളിൽ ചെയ്യും. ഇതാണ് എന്റെ ഉറച്ച വിശ്വാസം. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ചില ബ്ലോക്കുകൾ ഉയർന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അവയ്ക്ക് സാധാരണ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞത് ഒരു
മേഖലയിലെങ്കിലും ഉയരാൻ പ്രാപ്തിയുണ്ടാകും . ഞാൻ എല്ലാ ദിവസവും കാര്യങ്ങൾ വിശദമായി നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതിനാൽ അവർ അത് ചെയ്യുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഞാൻ നിങ്ങളുടെ ജോലി ഏറ്റെടുക്കുന്നതുകൊണ്ടല്ല , മറിച്ച് നിങ്ങളുടെ വിജയം കാണുമ്പോൾ, ആ ദിവസം എന്റെ ജോലി ചെയ്യാനുള്ള കഴിവ് വർദ്ധിക്കുകയും എന്റെ ഉത്സാഹം ഇരട്ടിക്കുകയും ചെയ്യുന്നു. "നിങ്ങൾ ഒരുപാട് ജോലി ചെയ്യുന്നു, ഞാൻ കുറച്ചുകൂടി ചെയ്യട്ടെ" എന്നും എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ചാർട്ട് എന്റെ പ്രചോദനവും ശക്തിയും ആകാൻ ഞാൻ സ്ഥിരമായി ചാർട്ട് നോക്കുന്നത്.
അതുകൊണ്ട് സുഹൃത്തുക്കളേ,
ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം അഞ്ച് വർഷമായി പ്രവർത്തിക്കുന്നു. ഒരു മൂന്നാം കക്ഷി ഏജൻസി പരിപാടി വിലയിരുത്തുമ്പോൾ, അവർ സംതൃപ്തി പ്രകടിപ്പിക്കുകയും, സജീവമായി ഉൾപ്പെട്ടിരിക്കുന്നവർ സ്വാഭാവിക സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു. നല്ല ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങൾ പോലും നേടിയെടുക്കാൻ കഴിയുമെന്നതാണ് ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം നിർണ്ണയിക്കുന്ന മറ്റൊരു വശം. ഈ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിനായി ഞങ്ങൾ ഒരു നേരായ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്.
ഒരാൾക്ക് അസുഖം വന്നാൽ അവർ ഒരു ഡോക്ടറെ സന്ദർശിക്കുന്നത് നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. പരിശോധനയിൽ ഡോക്ടർ തുടക്കത്തിൽ ഗുരുതരമായ ശസ്ത്രക്രിയ ആവശ്യമാണെന്ന് കരുതിയേക്കാം , എന്നാൽ അടിയന്തിര ആവശ്യമുണ്ടെങ്കിൽ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുന്നതുവരെ കാത്തിരിക്കാൻ അദ്ദേഹം രോഗിയോട് ഉപദേശിച്ചേക്കാം, അതുവഴി ശരീരം ശസ്ത്രക്രിയയോട് ഫലപ്രദമായി പ്രതികരിക്കുമെന്ന് ഉറപ്പാക്കുന്നു. രോഗിയുടെ ശേഷി ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ ചികിത്സയും സഹായവും നൽകുകയും രോഗിയെ അതിനനുസരിച്ച് തയ്യാറാക്കുകയും ചെയ്യുന്നു. ശരീരം പ്രതികരിക്കുകയും ശസ്ത്രക്രിയയ്ക്ക് തയ്യാറാകുകയും ചെയ്യുമ്പോൾ മാത്രമേ ഡോക്ടർ ശസ്ത്രക്രിയയ്ക്ക് തയ്യാറാകൂ, അതുവരെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കി മുന്നോട്ട് പോകും. ഏതെങ്കിലും പ്രധാന മെഡിക്കൽ നടപടിക്രമങ്ങൾ പരിഗണിക്കുന്നതിന് മുമ്പ്, രോഗിയുടെ ശരീരം പൂർണ്ണമായും ആരോഗ്യമുള്ളതാണെന്നും എല്ലാ അവയവങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പാക്കുന്നു. ഓരോ അവയവവും ശരിയായി പ്രവർത്തിക്കുന്നതുവരെ ആരെയും പൂർണ്ണമായും ആരോഗ്യവാനായി കണക്കാക്കില്ല. ഭാരം, ഉയരം, സുപ്രധാന ലക്ഷണങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് ഒരു ഡോക്ടർ ഒരു രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്തുന്നതുപോലെ, ചില ദേശീയ സൂചകങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ രാജ്യം പലപ്പോഴും വികസിതമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ശരീരത്തിലെ ഒരു തകരാറുള്ള അവയവം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതുപോലെ, രാജ്യത്തിനുള്ളിലെ പ്രത്യേക പ്രദേശങ്ങളുടെ വികസനം പുരോഗതിയെക്കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണയെ വളരെയധികം സ്വാധീനിക്കും. ശരീരത്തിന്റെ ഒരു ഭാഗം പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് ആരോഗ്യകരമാണെന്ന് കണക്കാക്കുമോ? തീർച്ചയായും ഇല്ല! അതുപോലെ, 2,4, 10 ജില്ലകൾ അല്ലെങ്കിൽ 2,4 ബ്ലോക്കുകൾ പിന്നിലായാൽ എന്ത് സംഭവിക്കും? അതിനാൽ, ഒരു ഡോക്ടർ ഒരു രോഗിയുടെ മുഴുവൻ ശരീരത്തെയും കണക്കിലെടുത്തുകൊണ്ട് പ്രവർത്തിക്കുന്നത് പോലെ, ഓരോ അവയവത്തിന്റെയും ആരോഗ്യം ഉറപ്പാക്കിക്കൊണ്ട് നമ്മളും നമ്മുടെ മുഴുവൻ ശരീരത്തിന്റെയും ആരോഗ്യം പരിഗണിക്കുന്നു.
അതുപോലെ, ഒരു കുടുംബത്തിൽ, ഒരു അംഗത്തിന് സുഖമില്ലെങ്കിൽ, മുഴുവൻ കുടുംബത്തിന്റെയും ശ്രദ്ധ,നോട്ടം,വിഭവങ്ങൾ എന്നിവ ആ വ്യക്തിയെ ചുറ്റിപ്പറ്റിയാണ്. മറ്റെല്ലാ കാര്യങ്ങളിലും നമ്മൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഒരു വ്യക്തിയുടെ ആരോഗ്യം ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുന്നു. ഒരാൾ രോഗിയാണെങ്കിൽ അയാൾ പുറത്തുപോകുന്നത് നിർത്തണം. കുടുംബം പൂർണ്ണമായും ആരോഗ്യമുള്ളതായിരിക്കുമ്പോൾ മാത്രമേ കുടുംബത്തിന് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഴിയൂ. അതുപോലെ, ജില്ലകളുടെയും ഗ്രാമങ്ങളുടെയും പ്രദേശങ്ങളുടെയും വികസനം മുഴുവൻ രാജ്യത്തിന്റെയും പുരോഗതിക്ക് കൂട്ടായി സംഭാവന നൽകുന്നു. അതുപോലെ, നമ്മുടെ ജില്ലയുടെയും, നമ്മുടെ ഗ്രാമത്തിന്റെയും, നമ്മുടെ തഹസിലിന്റെയും സമഗ്ര വികസനം, , സർവ്വോപരി പ്രയോജനകരമായ വികസനം എന്നിവ ചെയ്യുന്നില്ലെങ്കിൽ, സ്ഥിതിവിവരക്കണക്കുകൾ പുരോഗതി കാണിച്ചാലും അടിസ്ഥാനപരമായ മാറ്റം സാധ്യമല്ല, പക്ഷേ യഥാർത്ഥ സംതൃപ്തിയും പരിവർത്തനാത്മകമായ മാറ്റവും ഉണ്ടാകുന്നത് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും വികസനം താഴേത്തട്ടിൽ എത്തുകയും ചെയ്യുമ്പോഴാണ്. ഇന്ന്, ഈ ഉച്ചകോടിയിൽ എന്നോടൊപ്പം ഇരിക്കുന്ന ആളുകളെ നോക്കുമ്പോൾ, അതിന്റെ പിന്നിലെ ഉദ്ദേശ്യം നിങ്ങൾക്ക് കാണാൻ കഴിയും. കേന്ദ്ര ഗവൺമെന്റിലെ ഉന്നത സംഘം ഇവിടെയുണ്ട്, നയരൂപീകരണത്തിൽ പ്രവർത്തിക്കുന്ന എല്ലാ സെക്രട്ടറിമാരും ഇവിടെയുണ്ട്.
ഇനി എന്റെ മുന്നിൽ രണ്ട് വഴികളുണ്ട്. ഉന്നത ടീമിന്റെ ഫലപ്രാപ്തി ഉറപ്പാക്കാൻ ഞാൻ അവരുടെ പിന്നിലുള്ള ശക്തിയെ വിന്യസിക്കണോ അതോ അടിസ്ഥാന വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കണോ? അടിസ്ഥാന വിഭാഗങ്ങളിലെ ശക്തിക്കായി പ്രവർത്തിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അടിസ്ഥാന വിഭാഗങ്ങളിലെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പാത ഞാൻ തിരഞ്ഞെടുത്തു, അടിസ്ഥാന വിഭാഗങ്ങളുടെ ശക്തിയിലൂടെ നമ്മുടെ പിരമിഡ് ഉയരും. വികസനത്തിന്റെ ഏറ്റവും താഴ്ന്ന തലമായ അടിത്തറ കൂടുതൽ വികസിക്കുന്തോറും ഫലങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഈ രീതിയിൽ വികസനം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഇതായിരിക്കണം നമ്മുടെ ശ്രമം.
ഇവിടെ സന്നിഹിതരായിരിക്കുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുന്നത്, വികസന ബ്ലോക്കിനെക്കുറിച്ച് നമ്മൾ ഇതേ രീതിയിൽ തന്നെയാണ് ചിന്തിച്ചിട്ടുള്ളത് . നമുക്ക് രണ്ട് ദിശകളിൽ പ്രവർത്തിക്കാം, ഓരോ വകുപ്പിനും അതിന്റെ പ്രവർത്തനം പരിഗണിക്കാം. ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ രാജ്യത്തുടനീളമുള്ള 100 ബ്ലോക്കുകൾ തിരിച്ചറിയാം. അവർ ലോകം മുഴുവൻ കാണേണ്ടതില്ല; അവരുടെ വകുപ്പിൽ ഏതൊക്കെ ബ്ലോക്കുകളാണ് പിന്നിലെന്ന് അവർ തിരിച്ചറിഞ്ഞാൽ മതിയാകും. ഉദാഹരണത്തിന്, രാജ്യത്തുടനീളമുള്ള 100 ബ്ലോക്കുകൾ ആരോഗ്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതായി കണക്കാക്കിയാൽ, ആ 100 ബ്ലോക്കുകളിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ ആരോഗ്യ വകുപ്പ് ഒരു തന്ത്രം രൂപപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന് അവരുടെ വകുപ്പിനായി 100 ബ്ലോക്കുകൾ തിരഞ്ഞെടുക്കാം. ഏറ്റവും പിന്നിലുള്ള 100 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യൻ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കാണാൻ കഴിയും. ഈ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് അല്ലെങ്കിൽ ആസ്പിരേഷണൽ ബ്ലോക്ക് നിതി ആയോഗിന്റെ ഒരു പരിപാടിയായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സർക്കാരിന്റെ സ്വഭാവം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്വഭാവം, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെ സ്വഭാവം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഓരോ വകുപ്പും അവരുടെ പ്രദേശത്തെ അവസാനത്തെ 100 ബ്ലോക്കുകൾ ഇപ്പോൾ ശരാശരിയേക്കാൾ ഉയർന്നതാണെന്ന് തീരുമാനിക്കുമ്പോൾ, എല്ലാ മാനദണ്ഡങ്ങളും മാറുന്നത് നിങ്ങൾ കാണും. അതിനാൽ, ആസ്പിരേഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നതിനുള്ള സമീപനം സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും യൂണിറ്റുകളിലൂടെയായിരിക്കും. എന്നാൽ രാജ്യമെമ്പാടും ഈ ചിന്ത നമുക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമോ? ആ ദിശയിൽ നമ്മൾ ശ്രമങ്ങൾ നടത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ രീതിയിൽ, എല്ലാ വകുപ്പുകളിലും നൈപുണ്യ വികസനം ഉണ്ടെങ്കിൽ, ഇന്ത്യയിലെ ഏതൊക്കെ 100 ബ്ലോക്കുകളാണ് വകുപ്പുതല ശ്രദ്ധ ആവശ്യമുള്ളതെന്ന് അവർ നോക്കണം. അതുപോലെ, സംസ്ഥാന സർക്കാരുകൾ മുഴുവൻ സംസ്ഥാനത്തെ ഏറ്റവും പിന്നിലുള്ള 100 ഗ്രാമങ്ങളെ തിരഞ്ഞെടുക്കണം. ഒന്നോ രണ്ടോ മാസത്തിനുശേഷം അവ വിലയിരുത്തണം, സംയോജനം എങ്ങനെ സംഭവിക്കുന്നു, പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്ന് നിങ്ങൾക്ക് കണ്ടെത്താനാകും. അവിടെ ജീവനക്കാരില്ലെങ്കിൽ, നിയമനത്തിന്റെ ആവശ്യകതയുണ്ട്, അതിനാൽ, നിയമനം നടത്തണം. യുവ ഉദ്യോഗസ്ഥരെ കൊണ്ടുവരേണ്ട ആവശ്യമുണ്ടെങ്കിൽ, യുവ ഉദ്യോഗസ്ഥരെ നിയമിക്കണം. ഒരു മാസത്തിനുള്ളിൽ അവരുടെ 100 ഗ്രാമങ്ങളിലെ പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കാൻ കഴിയുമെങ്കിൽ, ആ മാതൃക അവരുടെ 1000 ഗ്രാമങ്ങളിലും കാലതാമസമില്ലാതെ പകർത്താൻ കഴിയും,അങ്ങനെ ഫലങ്ങൾ കൈവരിക്കാനുമാകും.
രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയാക്കി, 2047 ആകുമ്പോഴേക്കും വികസിത ഭാരതമായി, വികസിത രാജ്യമായി കാണാൻ നാം ആഗ്രഹിക്കുന്നു. വികസിത രാജ്യമെന്നാൽ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ആഡംബരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നമ്മുടെ ഗ്രാമങ്ങളെ പിന്നിലാക്കുകയും ചെയ്യണമെന്നല്ല. 1.4 ബില്യൺ ജനങ്ങളുടെ വിധി ഉൾക്കൊള്ളുന്ന മാതൃകയ്‌ക്കൊപ്പം നടക്കാനാണ് നമ്മൾ ആഗ്രഹിക്കേണ്ടത് . അവരുടെ ജീവിതം മാറേണ്ടതുണ്ട് , അതിനായി നിശ്ചിത മാനദണ്ഡങ്ങളെ സംബന്ധിച്ചിടത്തോളം അവർക്കിടയിൽ ഒരു മത്സരബോധം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിലാഷ ജില്ലകളുടെ പുരോഗതി ഞാൻ പതിവായി പരിശോധിക്കാറുണ്ടായിരുന്നപ്പോൾ, അത് എനിക്ക് വളരെയധികം സന്തോഷം നൽകി. ഒന്നാമതായി, ഡാറ്റ പൂരിപ്പിക്കുന്നതിൽ സൗകര്യമില്ല; ഒരു സൗകര്യവുമില്ലാതെ ഒരാൾ ഈ ജോലി ചെയ്യണം. നമുക്ക് പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ ലഭ്യമാകുന്നതുവരെ, അത്തരം കണക്കുകൾ പൂരിപ്പിക്കുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും, ഈ ജോലി ചെയ്യേണ്ടതുണ്ട്. എന്നാൽ , ചില ജില്ലാ ഉദ്യോഗസ്ഥർ വളരെ ആവേശഭരിതരാണെന്ന് ഞാൻ നിരീക്ഷിച്ചു, അവർ ഓരോ 2 അല്ലെങ്കിൽ 3 ദിവസത്തിലും അവരുടെ പ്രകടനം അപ്‌ലോഡ് ചെയ്യും, മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പ്രവർത്തിക്കും. അപ്പോള്‍, ആദ്യത്തെ 6 മാസങ്ങളില്‍ ഒരു ജില്ല മുന്നോട്ട് പോകുന്നതായി എനിക്ക് തോന്നുമായിരുന്നു, എന്നാല്‍ 24-48 മണിക്കൂറിനുള്ളില്‍ അത് പിന്നിലാണെന്ന് എനിക്ക് മനസ്സിലാകും. അത് മറ്റാരെയെങ്കിലും പിന്നിലാക്കിയെങ്കില്‍, 72 മണിക്കൂറിനുള്ളില്‍ അത് വീണ്ടും മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകും.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫലങ്ങൾ നൽകുന്നതിൽ കാര്യമായ മാറ്റം വരുത്തിയ ഒരു അനുകൂലവും മത്സരപരവുമായ സ്വഭാവം ഉണ്ടായിരുന്നു. ഇതിന്റെ ഏറ്റവും വലിയ നേട്ടം, മുമ്പ്, ഗുജറാത്തിൽ ജോലി ചെയ്ത എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കച്ച് ജില്ലയിൽ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയാൽ, അദ്ദേഹത്തിന്റെ എല്ലാ സഹപ്രവർത്തകരും അദ്ദേഹത്തോട് ചോദിക്കുമായിരുന്നു, "നിങ്ങൾക്ക് സർക്കാരുമായി എന്തെങ്കിലും തർക്കമുണ്ടോ? മുഖ്യമന്ത്രി നിങ്ങളോട് അസ്വസ്ഥനാണോ? നിങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടോ? എന്തുകൊണ്ടാണ് നിങ്ങൾക്ക് ഒരു ശിക്ഷാ നിയമനം നൽകിയത്?" അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ കളിയാക്കും, അദ്ദേഹം നാശത്തിലേക്ക് നീങ്ങി എന്ന് വിശ്വസിക്കാൻ തുടങ്ങും. എന്നിരുന്നാലും, കച്ച് ജില്ലയിലെ ഭൂകമ്പത്തിനുശേഷം, നല്ല ഉദ്യോഗസ്ഥരെ കൊണ്ടുവരേണ്ട ആവശ്യം വന്നപ്പോൾ, എല്ലാവർക്കും പ്രോത്സാഹനങ്ങൾ നൽകി, കൊണ്ടുവന്നവരെ ഇപ്പോൾ ഗുജറാത്തിലെ സർക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥരായി കണക്കാക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ, കച്ച് ജില്ലയിൽ ഒരാൾക്ക് നിയമനം ലഭിക്കുകയാണെങ്കിൽ, അവരെ സർക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായി കണക്കാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുമ്പ് ശിക്ഷാ നിയമനമായി കണക്കാക്കപ്പെട്ടിരുന്ന ഒരു സ്ഥലം ഏറ്റവും മാന്യമായ സ്ഥലമായി മാറിയിരിക്കുന്നു, ഇത് സാധ്യമാണ്.
ആസ്പിരേഷണൽ ജില്ലകളെ സംബന്ധിച്ചിടത്തോളം, സാധാരണയായി വളരെ പ്രായമായവരും ക്ഷീണിതരുമായ ആളുകൾ പറഞ്ഞേക്കാം, "ഓ, ഈ ജില്ല ഉപയോഗശൂന്യമാണ്; അങ്ങനെയാകട്ടെ." എന്നാൽ ആസ്പിരേഷണൽ ജില്ലകൾക്കായി ഞങ്ങൾ യുവ ഉദ്യോഗസ്ഥരെ കൊണ്ടുവരാൻ തുടങ്ങിയതിനുശേഷം, ഫലങ്ങൾ വേഗത്തിൽ ഒഴുകാൻ തുടങ്ങി, കാരണം അവർ ഉത്സാഹഭരിതരും, എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുള്ളവരുമായിരുന്നു, മൂന്ന് വർഷം ഇവിടെ ജോലി ചെയ്താൽ സർക്കാർ അവർക്ക് ഒരു നല്ല സ്ഥാനം നൽകുമെന്ന് വിശ്വസിച്ചിരുന്നു, അതാണ് സംഭവിച്ചത്. ആസ്പിരേഷണൽ ജില്ലകളിൽ ജോലി ചെയ്തിരുന്ന ആളുകൾക്ക് പിന്നീട് വളരെ നല്ല സ്ഥാനങ്ങൾ ലഭിച്ചു!
ആസ്പിരേഷണൽ ബ്ലോക്കുകളെ സംബന്ധിച്ചിടത്തോളം, സംസ്ഥാന സർക്കാരുകളോട് ഞാൻ അഭ്യർത്ഥിക്കുകയും ഇന്ത്യൻ ഗവൺമെന്റിന്റെ ഉദ്യോഗസ്ഥരെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ബ്ലോക്കിനുള്ളിൽ വിജയം നേടുന്നവർക്ക്, പ്രത്യേകിച്ച് ഓഫീസർമാർക്ക്, ഭാവിയിൽ ശോഭനമായ ഒരു ഭാവി ഉണ്ടാകണം. അവരാണ് അടിസ്ഥാനപരമായി ഫലങ്ങൾ കൊണ്ടുവരുന്നത്, ഈ ടീമുകളെ പ്രോത്സാഹിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും വേണം.
രണ്ടാമതായി, ഗവൺമെന്റിൽ ഒരു പാരമ്പര്യം സ്ഥാപിക്കപ്പെട്ടിരുന്നുവെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, അവിടെ ഉൽപ്പാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. എത്ര ബജറ്റ് അനുവദിച്ചു, എവിടേക്ക് പോയി, എത്ര ചെലവഴിച്ചു എന്നതൊക്കെയായിരുന്നു എല്ലാം. ഉൽപ്പാദനം ഒരു പ്രത്യേക രീതിയിൽ നേട്ടമായി കണക്കാക്കപ്പെട്ടു. 2014 ന് ശേഷം ഞങ്ങൾ ഔട്ട്‌കം ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ബജറ്റിനൊപ്പം, ഫലത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ആരംഭിച്ചു. ഫലങ്ങളിൽ ഈ ഊന്നൽ നൽകിയതിനാൽ, ഒരു പ്രധാന ഗുണപരമായ മാറ്റം സംഭവിച്ചു. ഇപ്പോൾ, നമ്മുടെ ബ്ലോക്കിനുള്ളിൽ, ഒരു പ്രത്യേക പദ്ധതിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ, സമയം, മനുഷ്യശക്തി എന്നിവ യഥാർത്ഥത്തിൽ എന്തെങ്കിലും ഫലം നൽകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് വിഭവങ്ങൾ അനുവദിക്കുക എന്നതിൽ മാത്രമല്ല; ഫലങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ കൂടിയാണ്.
പണം ജോലി ഉറപ്പാക്കുമെന്ന ചില ആളുകളുടെ വിശ്വാസത്തിന് വിരുദ്ധമായി, എന്റെ വിപുലമായ അനുഭവം മറിച്ചാണ് പറയുന്നത്, എന്റെ സുഹൃത്തുക്കളേ. ഇത്രയും കാലം ഒരു ഗവൺമെന്റ് നടത്തിയ അനുഭവം അധികമാർക്കും ഇല്ല, എനിക്ക് ഉള്ളതുപോലെ. എന്റെ അനുഭവത്തിൽ നിന്ന്, മാറ്റം ബജറ്റിൽ നിന്ന് മാത്രമല്ല വരുന്നതെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. വിഭവങ്ങളുടെ പരമാവധി വിനിയോഗത്തിലും സംയോജനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, പുതിയ ഫണ്ടുകൾക്കായി കാത്തിരിക്കാതെ നമ്മുടെ ബ്ലോക്കിൽ വികസനം കൊണ്ടുവരാൻ കഴിയും. MGNREGA പ്രകാരം നടന്നുകൊണ്ടിരിക്കുന്ന ജോലികളുടെ ഉദാഹരണം എടുക്കാം. എന്റെ വികസനത്തിന്റെ രൂപകൽപ്പനയുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഞാൻ MGNREGA പ്രവൃത്തി നടത്തും. ഒരു റോഡിൽ മണ്ണിടണമെങ്കിൽ, ആ നിർദ്ദിഷ്ട റോഡിൽ മണ്ണിടാൻ MGNREGA പ്രവൃത്തി ഉപയോഗിക്കുന്നുവെന്ന് ഞാൻ ഉറപ്പാക്കും. ഈ രീതിയിൽ, എന്റെ റോഡ് ജോലിയുടെ പകുതി പൂർത്തിയായി,അതോടൊപ്പം സംയോജനവും നടന്നിരിക്കും. ഉദാഹരണത്തിന്, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളുണ്ട്, വർഷത്തിൽ 3-4 മാസം വെള്ളത്തിനായി നിങ്ങൾ കഷ്ടപ്പെടേണ്ടിവരും. എന്നാൽ ഏറ്റവും കൂടുതൽ കുളങ്ങൾ നിർമ്മിക്കുന്നതിലും, ഏറ്റവും കൂടുതൽ വെള്ളം സംഭരിക്കുന്നതിലും, MGNREGA പ്രകാരം ദൗത്യം നടപ്പിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ, ജലക്ഷാമം കാരണം മാത്രം ആ നാല് മാസങ്ങളിൽ പിന്നാക്കം നിന്നിരുന്ന 25 ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സംയോജനത്തിന് ഗണ്യമായ ശക്തിയുണ്ട്, നല്ല ഭരണത്തിനുള്ള ആദ്യ വ്യവസ്ഥ വിഭവങ്ങളുടെ പരമാവധി വിനിയോഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
മറ്റൊരു അനുഭവം എന്റെ മനസ്സിലേക്ക് വരുന്നു. എന്റെ അനുഭവത്തിൽ നിന്ന്, എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ നിങ്ങളോട് പറയാം. ഒരു ക്ലാസ്സിലെ അധ്യാപകർ, പ്രത്യേകിച്ച് ഒരു വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്ക് വരുമ്പോൾ, മിടുക്കരായ വിദ്യാർത്ഥികൾക്ക് ചില നുറുങ്ങുകൾ നൽകുന്നത് തികച്ചും സ്വാഭാവികമാണ്. അവർ പറയും, "പരിശോധനയ്ക്കിടെ ഒരു ചോദ്യം ചോദിക്കുമ്പോൾ, ഉടൻ തന്നെ നിങ്ങളുടെ കൈ ഉയർത്തുക." അധ്യാപകന്റെ ബുദ്ധി,എല്ലാം എനിക്കറിയാം. ഇത് തികച്ചും സ്വാഭാവികമാണ്; നിങ്ങൾക്ക് ഒരു നല്ല മതിപ്പ് ഉണ്ടാക്കണമെങ്കിൽ, ഒരു നല്ല വിദ്യാർത്ഥി ഉടൻ തന്നെ കൈ ഉയർത്തും.എൻ്റെ അഭിപ്രായത്തിൽ ഉടനടി ഫലങ്ങൾ ലഭിക്കുന്ന മേഖലകളിൽ നമ്മൾ കൂടുതൽ നിക്ഷേപം നടത്താറുണ്ട് എന്നതാണ് സത്യം . സർക്കാരിൽ നിറവേറ്റാൻ എനിക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ, ഇന്ത്യൻ സർക്കാരിൽ പറയാം, ഈ 6 സംസ്ഥാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഞാൻ കരുതുന്നു, ഞാൻ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ശേഷിക്കുന്ന 12 സംസ്ഥാനങ്ങൾ, അവർക്ക് വിഭവങ്ങൾ ആവശ്യമാണെങ്കിൽ കൂടി ,അവർക്കു അത് കിട്ടില്ല,കാരണം അവരുടെ പ്രകടനം മോശമാണ്. ഇതിനകം മധുരമുള്ള ചായയിൽ ഞാൻ കുറച്ച് അധിക പഞ്ചസാര ചേർക്കും. വികസനം വന്നവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുമായവർക്ക് അമിതമായ വിഭവങ്ങൾ ലഭിക്കുന്നു, ഇത് പാഴാക്കലിലേക്ക് നയിക്കുന്നു എന്നതാണ് സംഭവിക്കുന്നത്.
ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു രീതിയുണ്ടായിരുന്നു , ആ ഭാഗ്യം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല, പക്ഷേ എന്റെ സുഹൃത്തുക്കളോട് അവരുടെ മാതാപിതാക്കൾ പറഞ്ഞു, "പത്താം ക്ലാസിൽ ഈ ഗ്രേഡ് ലഭിച്ചാൽ, ഞങ്ങൾ നിനക്ക് ഒരു വാച്ച് വാങ്ങിത്തരാം, പന്ത്രണ്ടാം ക്ലാസിൽ ഈ ഗ്രേഡ് ലഭിച്ചാൽ, നിനക്ക് ഒരു സമ്മാനം ലഭിക്കും." എന്റെ കാലത്ത് അതായിരുന്നു പതിവ്. ഇന്ന്, ഒരു വീടിന്റെ ഏത് കോണിലും 3-4 വാച്ചുകൾ നിങ്ങൾക്ക് കാണാം. അവയിൽ ചിലത് കഴിഞ്ഞ 6 മാസക്കാലം തൊട്ടിട്ടേ ഉണ്ടാവില്ല.പക്ഷേ ഒരു ദരിദ്ര കുടുംബത്തിൽ, ഒരു വാച്ച് ഉണ്ടെങ്കിൽ, അത് വർഷത്തിൽ 365 ദിവസവും ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യും. വിഭവങ്ങൾ ധാരാളമുള്ളിടത്ത് എന്തെങ്കിലും അധികമായി നൽകുന്നത് പാഴാക്കലിലേക്ക് നയിക്കുന്നു, അതേസമയം ആവശ്യമുള്ളിടത്ത് വിഭവങ്ങൾ ഉറപ്പാക്കുന്നത് അതിന്റെ ശരിയായ ഉപയോഗത്തിന് കാരണമാകുന്നു. അതിനാൽ, നമ്മുടെ വിഭവങ്ങളുടെ തുല്യ വിതരണത്തിന്റെ ശീലം നാം സ്വീകരിക്കുകയും പ്രത്യേകിച്ച് ആവശ്യാധിഷ്ഠിത വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ, അത് അവരെ ശാക്തീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ആ ദിശയിൽ നമ്മൾ പ്രവർത്തിക്കണം. അതുപോലെ, കാര്യങ്ങൾ ചെയ്തുതീർക്കുന്ന കാര്യത്തിൽ, സർക്കാർ എല്ലാം ചെയ്യുമെന്ന മിഥ്യാധാരണയിലാണ് നാം എന്നത് നിങ്ങൾ കണ്ടിരിക്കണം. കഴിഞ്ഞ നൂറ്റാണ്ടിലെ മനോഭാവമാണിത്, എന്റെ സുഹൃത്തുക്കളേ. ഗവൺമെന്റ് എല്ലാം ചെയ്യുമെന്ന ഈ വിശ്വാസത്തിൽ നിന്ന് നാം പുറത്തുകടക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ശക്തി വളരെ വലുതാണ്. ഉച്ചഭക്ഷണത്തിനുള്ള അടുക്കള നടത്താൻ നിങ്ങൾ സർക്കാരിനോട് പറഞ്ഞാൽ, അത് വിയർക്കാൻ തുടങ്ങും. നേരെമറിച്ച്, നമ്മുടെ സിഖ് സഹോദരീസഹോദരന്മാർ ആയിരക്കണക്കിന് ആളുകൾ ഭക്ഷണം കഴിക്കുന്ന 'ലങ്കാറുകൾ' (കമ്മ്യൂണിറ്റി അടുക്കളകൾ) നടത്തുന്നു, അവർക്ക് ഒരിക്കലും ക്ഷീണം തോന്നുന്നില്ല. ഇത് സംഭവിക്കുന്നു. സമൂഹത്തിന് ഒരു ശക്തിയുണ്ട്, ആ ശക്തിയെ നമ്മൾ കൂട്ടുമ്പോൾ , എന്താണ് സംഭവിക്കുന്നത്? സമൂഹത്തെ ചേർത്ത് പിടിക്കുന്ന നേതൃത്വം ഉള്ള ബ്ലോക്കുകളിലോ ജില്ലകളിലോ, എന്റെ അനുഭവത്തിൽ, പരിവർത്തനം അവിടെ വേഗത്തിൽ സംഭവിക്കുന്നു.
ഇന്ന് ശുചിത്വ പ്രചാരണം വിജയത്തിന്റെ ദിശയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മോദി കാരണമാണോ അത്? 5-50 പേർ ചൂലുകൊണ്ട് തൂത്തുവാരുന്നത് കൊണ്ടാണോ ഇത് സംഭവിക്കുന്നത്? ഇല്ല സർ. ഇനി മാലിന്യം ഇടില്ല എന്ന ഒരു മാനസികാവസ്ഥ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമൂഹം കൂട്ടായി മാലിന്യം ഇടരുതെന്ന് തീരുമാനിക്കുമ്പോൾ, ഒരു ശുചിത്വ പ്രചാരണത്തിന്റെ ആവശ്യമില്ല, എന്റെ സുഹൃത്തുക്കളേ. പൊതുജന പങ്കാളിത്തം നിർണായകമാണ്, ഖാദി ധരിച്ച ഒരു നീണ്ട കുർത്ത-പൈജാമ ധരിച്ച് വരുന്ന ഏതൊരാളും നേതാവാകുമെന്ന ഒരു വികലമായ വ്യാഖ്യാനമാണ് ഇവിടെ നമുക്കുള്ളത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വം നിലനിൽക്കുന്നു. വിദ്യാഭ്യാസത്തിലും കൃഷിയിലും നമുക്ക് നേതാക്കളെ വേണം, രാഷ്ട്രീയ നേതാക്കളെ ആവശ്യമില്ല. നമ്മുടെ ഉദ്യോഗസ്ഥരും നേതാക്കന്മാരാണ്; അവർ പ്രചോദനം നൽകുകയും ചെയ്യുന്നു.
ബ്ലോക്ക് തലത്തിൽ നേതൃത്വം വളർത്തിയെടുക്കുന്നതിനും 'സങ്കൽപ് സപ്താഹം' (പ്രതിജ്ഞാ വാരം) പോലുള്ള സംരംഭങ്ങളിൽ ടീം സ്പിരിറ്റിന്റെ ലക്ഷ്യം കൈവരിക്കുന്നതിനും, അവിടെ ഇരിക്കുന്ന ഓരോ ഗ്രൂപ്പിനും ഒരു പൊതു ലക്ഷ്യം ഉണ്ടായിരിക്കണം - ടീം സ്പിരിറ്റ്. ടീം സ്പിരിറ്റ് ഉള്ളപ്പോൾ നേതൃത്വം വരും, ടീം സ്പിരിറ്റുണ്ടെങ്കിൽ, പൊതുജന പങ്കാളിത്തത്തിനുള്ള പുതിയ ആശയങ്ങൾ ഉയർന്നുവരും. ഒരു പ്രകൃതി ദുരന്തം സംഭവിക്കുമ്പോൾ, സർക്കാർ വിഭവങ്ങൾക്ക് മാത്രം അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? വളരെ പെട്ടെന്ന്, ധാരാളം ആളുകൾ ഒത്തുചേരുന്നു, അവർ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തുടങ്ങുന്നു. ആളുകൾ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നു, ആ നിമിഷം, "കൊള്ളാം, സമൂഹം വളരെയധികം സഹായിച്ചു, എന്റെ ജോലി പൂർത്തിയായി" എന്ന് നമുക്ക് തോന്നുന്നു.ഈ അവസരത്തിൽ ഉദ്യോഗസ്ഥർ പോലും സന്തോഷിക്കുന്നു, "ഈ ആളുകൾ സഹായിച്ചത് വളരെ സന്തോഷകരമാണ്, എന്റെ ജോലി പൂർത്തിയായി" എന്ന് അവരും ചിന്തിക്കുന്നു.
സമൂഹത്തിന്റെ ശക്തി തിരിച്ചറിയുകയും അതിനെ ചേർത്തുപിടിക്കുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും അറിയാം. നമ്മുടെ സ്കൂളുകളും കോളേജുകളും അഭിവൃദ്ധി പ്രാപിക്കട്ടെ. കുടുംബാംഗങ്ങളും രക്ഷിതാക്കളും മാതാപിതാക്കളും ഉൾപ്പെട്ടാൽ, സ്കൂൾ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഇതിനുള്ള വഴികൾ അന്വേഷിക്കണം. ഞാൻ എപ്പോഴും പറയാറുണ്ട്, ഗ്രാമത്തിന്റെ ജന്മദിനം ആഘോഷിക്കുക; ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിൽ, അതിന്റെ ജനനത്തീയതി കണ്ടെത്തുക - അത് രേഖകളിൽ ഉണ്ടാകും, അതിന്റെ ജന്മദിനം ആഘോഷിക്കുക. നിങ്ങളുടെ സ്കൂളിന് 80 വയസ്സ്, 90 വയസ്സ്, അല്ലെങ്കിൽ 100 വയസ്സ് പോലും പഴക്കമുണ്ടാകാം. ആ സ്കൂളിന്റെ ജനനത്തീയതി കണ്ടെത്തുക, അവിടെ പഠിച്ച എല്ലാ ജീവിച്ചിരിക്കുന്ന വ്യക്തികളെയും ഒരുമിച്ച് കൊണ്ടുവരിക.
പൊതുജന പങ്കാളിത്തത്തിന് നിരവധി മാർഗങ്ങളുണ്ട്, അതിനർത്ഥം നിങ്ങൾ സംഭാവന നൽകണമെന്നില്ല. ഉദാഹരണത്തിന്, ബജറ്റിലൂടെ അംഗൻവാടികളിലെ (ശിശുസംരക്ഷണ കേന്ദ്രങ്ങൾ) പോഷകാഹാരക്കുറവ് പരിഹരിക്കണമെങ്കിൽ, അത് ഒരു വഴിയാണ്. എന്നാൽ "എന്റെ ഗ്രാമത്തിലെ ഒരു പ്രത്യേക തീയതിയിൽ ഞാൻ ഒരു കമ്മ്യൂണിറ്റി മീൽ പരിപാടി സംഘടിപ്പിക്കും" എന്ന് ഞാൻ പറഞ്ഞാൽ എന്തുചെയ്യും? ഈ കമ്മ്യൂണിറ്റി മീൽ പരിപാടിയിൽ, ആർക്കെങ്കിലും ജന്മദിനമോ, മാതാപിതാക്കളുടെ ചരമവാർഷികമോ , വിവാഹവാർഷികമോ ഉണ്ടെങ്കിൽ, ഞാൻ അവരെ ക്ഷണിച്ച് പറയും, നോക്കൂ, നമ്മുടെ ഗ്രാമത്തിൽ, അംഗൻവാടിയിൽ 100 കുട്ടികളുണ്ട്. നിങ്ങളുടെ ജന്മദിനമാണെങ്കിൽ, നിങ്ങൾ സാധാരണയായി വീട്ടിൽ നല്ല ഭക്ഷണം കഴിച്ച് ആഘോഷിക്കുകയാണെങ്കിൽ, ഒരു പഴം കൊണ്ടുവരുന്നത് പരിഗണിക്കുക. നമുക്കെല്ലാവർക്കും ഒത്തുചേരാം, നിങ്ങളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ 100 കുട്ടികളിൽ ഓരോരുത്തർക്കും ഒരു വാഴപ്പഴം വിതരണം ചെയ്യാം. അദ്ദേഹത്തിന്റെ ജന്മദിനവും ആഘോഷിക്കപ്പെടും. അവർ വന്ന് ആ കുട്ടികൾക്ക് അത് സ്വയം നൽകിയാൽ, സാമൂഹിക നീതി നിലനിൽക്കുന്നു, സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക അകലം കുറയാൻ തുടങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ, ഗ്രാമത്തിൽ 80-100 കുടുംബങ്ങൾ തീർച്ചയായും സ്കൂളിൽ വരും, അങ്കണവാടിയിൽ വരും, കുട്ടികൾക്ക് നല്ല എന്തെങ്കിലും കൊടുക്കും - സീസണൽ വിഭവങ്ങൾ, നമുക്ക് ഈത്തപ്പഴം എന്ന് പറയാം. ഈത്തപ്പഴം സീസണിലാണെങ്കിൽ, ആരെങ്കിലും പറഞ്ഞേക്കാം, “ശരി, ഇന്ന് ഞാൻ രണ്ട് -രണ്ട് ഈത്തപ്പഴം കൊണ്ടുവന്ന് ഈ 100 കുട്ടികൾക്ക് വിതരണം ചെയ്യും."ഇത് കമ്മ്യൂണിറ്റി പങ്കാളിത്തമാണ്. ഇത്തരത്തിലുള്ള സംരംഭങ്ങൾക്കായി സർക്കാരിന്റെ ബജറ്റിൽ തുക വകയിരുത്തുന്നില്ല. ഞാൻ ഗുജറാത്തിലായിരുന്ന സമയത്ത്, കമ്മ്യൂണിറ്റി ഭക്ഷണത്തിനായി ഒരു പ്രചാരണം നടത്തിയിരുന്നു. മത നേതാക്കന്മാർ പോലും തങ്ങളുടെ പ്രസംഗങ്ങളിൽ ജനങ്ങളോട് ഇതിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു.
ആ സമയത്ത് ഏകദേശം 80 ദിവസത്തെ കാര്യമാണ് ഞാൻ പറയുന്നത് — കൃത്യമായ എണ്ണം എനിക്കിപ്പോൾ ഓർമ്മയില്ല — ഏതാണ്ട് എല്ലാ ദിവസവും ഒരു കുടുംബത്തിന് സ്കൂൾ കുട്ടികളോടൊപ്പം വന്ന് ആഘോഷിക്കാനും അവർക്ക് നല്ല ഭക്ഷണം നൽകാനുമുള്ള അവസരമുണ്ടായിരുന്നു. പോഷകാഹാരക്കുറവിനെതിരെ ഒരു പോരാട്ടം കൂടിയായിരുന്നു അത്, ഒപ്പം അധ്യാപകർക്ക് കുട്ടികളെ ഊട്ടുന്നതിലുണ്ടായിരുന്ന ഭാരം കുറയ്ക്കാനും സാധിച്ചു.
എനിക്ക് പറയാനുള്ളത്, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കമ്മ്യൂണിറ്റി പങ്കാളിത്തം വളരെ ഫലപ്രദമാണ് എന്നാണ്.ഉദാഹരണത്തിന്, നമുക്ക് ക്ഷയം(T.B.) എടുക്കാം. നമ്മുടെ ബ്ലോക്കിൽ 10 ക്ഷയരോഗികൾ ഉണ്ടെങ്കിൽ പോലും, നമ്മൾ അവരെ ടി.ബി. മിത്ര പ്രോഗ്രാമുമായി ബന്ധിപ്പിക്കുക. നമുക്ക് അവരുമായി ബന്ധം നിലനിർത്താം, ആഴ്ചതോറും ഫോൺ വിളിക്കാം, അവരുടെ ക്ഷേമം അന്വേഷിക്കാം. നമ്മൾ ആറുമാസം സ്ഥിരമായി ഇത് ചെയ്താൽ, ക്ഷയം ഇല്ലാതാക്കാൻ സാധിക്കും. നമ്മൾ കൂടുതൽ ആളുകളെ ഇതിൽ ഉൾപ്പെടുത്തുമ്പോൾ, ആദ്യ ശ്രമം ബുദ്ധിമുട്ടായേക്കാം, പക്ഷേ പിന്നീട് അത് ശക്തിയുടെ സ്രോതസ്സായി മാറും.
ഇന്ന് ആഗോളതലത്തിൽ ഇന്ത്യയുടെ പേര് പ്രതിധ്വനിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. നിങ്ങൾക്കും അത് അനുഭവപ്പെടണം. മോദിയും മോദി സർക്കാരിന്റെ മികച്ച നയതന്ത്രവും വിവിധ നേട്ടങ്ങളുമാണ് ഇതിന് കാരണമെന്ന് പത്രങ്ങൾ പലപ്പോഴും പറയാറുണ്ട്. എനിക്കും അങ്ങനെ തന്നെ തോന്നുന്നു. എന്നിരുന്നാലും, വാസ്തവത്തിൽ, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു കാരണമുണ്ട്, അത് നമ്മുടെ പ്രവാസികളാണ്. ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ആളുകൾ, അവരിലെ ഉത്സാഹവും സംഘടിത ശക്തിയും, പൊതുജീവിതത്തിലെ വർദ്ധിച്ച പങ്കാളിത്തവും - ഈ ഘടകങ്ങൾ ആ രാജ്യങ്ങളിലെ ആളുകളെ ഈ വ്യക്തികൾ വളരെ വിലപ്പെട്ടവരാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. തൽഫലമായി, ഇന്ത്യയെ ഒരു വിലപ്പെട്ട സ്ഥാപനമായി കാണുന്നു.അതായത്, പങ്കാളിത്ത പ്രവർത്തനത്തിന്റെ ശക്തി വിദേശനയത്തിൽ ഉപയോഗിക്കാമെങ്കിൽ, അത് എന്റെ ബ്ലോക്കിലും വളരെ എളുപ്പത്തിൽ പ്രയോഗത്തിൽ വരുത്താൻ കഴിയും, സുഹൃത്തുക്കളേ.
അതുകൊണ്ട്, ഈ 'സങ്കല്പ് സപ്താഹം' പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, തുറന്ന ചർച്ചകളിൽ ഏർപ്പെടുക, വ്യായാമ പദ്ധതികൾ രൂപകൽപ്പന ചെയ്യുക. വിഭവങ്ങൾ അതേ രീതിയിൽ ഉപയോഗിക്കുക. ഇവിടെ, ഞങ്ങളുടെ ബ്ലോക്കിൽ, ഞങ്ങൾക്ക് ഏകദേശം 8-10 വാഹനങ്ങൾ ഉണ്ടായിരിക്കാം, ഒരുപക്ഷേ അതിലും കുറവായിരിക്കാം, കൂടാതെ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രമേ വാഹനങ്ങളുള്ളൂ. ഇപ്പോൾ, ദീർഘദൂര യാത്രയുടെ ഉത്തരവാദിത്തം മാർഗമില്ലാത്ത നിരവധി ആളുകളുടെ മേലാണ്. ഗുജറാത്തിൽ ഞാൻ ഒരു വിജയകരമായ പരീക്ഷണം നടത്തി. ഒരു ബ്ലോക്കിൽ 100 ഗ്രാമങ്ങളുണ്ടെന്ന് പറയാം. ഓരോ ഗ്രാമത്തിലേക്കും ഞാൻ 10 ഉദ്യോഗസ്ഥരെ നിയോഗിച്ചു. അവർ അവരുടെ കാറുകളിൽ പോകുമ്പോൾ, അഞ്ച് വകുപ്പുകളിലെ ജൂനിയർ ഉദ്യോഗസ്ഥരെ അവരുടെ കാറുകളിൽ കൊണ്ടുപോകണമെന്ന് ഞാൻ അവരോട് പറഞ്ഞു. ഒരു മാസത്തേക്ക്, ഈ 10 ഗ്രാമങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ ഉദ്യോഗസ്ഥരും, അവർ കൃഷി വകുപ്പിൽ നിന്നുള്ളവരാണെങ്കിൽ പോലും, ആ ഗ്രാമങ്ങളിലെ വിദ്യാഭ്യാസം, കൃഷി, വെള്ളം, കന്നുകാലികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യണം. തുടർന്ന്, അടുത്ത ഗ്രൂപ്പിനായി 10 ഗ്രാമങ്ങളുടെ മറ്റൊരു സെറ്റ്, അങ്ങനെ പലതും. അവർ ആ 10 ഗ്രാമങ്ങളിൽ ഒരു മാസം താമസിച്ച് ഒരു മാസത്തിനുശേഷം മാറിമാറി വരും. ഇത് ഒറ്റപ്പെടലുകൾ ഒഴിവാക്കി . മുഴുവൻ ഗവൺമെന്റിന്റെയും സമീപനം സ്വീകരിച്ചു എന്നതാണ് അനുഭവം. ഒറ്റപ്പെട്ട് ജോലി ചെയ്തിരുന്ന 10 ഉദ്യോഗസ്ഥർ ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ അവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ ഇരുന്നു. അവർ പറയും, "ഞാൻ ആ പ്രദേശത്തേക്ക് പോയി, എന്റെ വകുപ്പ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്, പക്ഷേ കൃഷിയിൽ ഇതെല്ലാം ഞാൻ നിരീക്ഷിച്ചു. ജലമേഖലയിൽ... വിഭവങ്ങളുടെ ശരിയായ വിനിയോഗം ഉണ്ടായിരുന്നു." ഫലങ്ങൾ കാണിക്കാൻ തുടങ്ങി, ഈ ഉദ്യോഗസ്ഥർക്ക് മുഴുവൻ ബ്ലോക്കിനെക്കുറിച്ചും സമഗ്രമായ ധാരണയുണ്ടായിരുന്നു. ചിലർ കാർഷിക മേഖലയിൽ നിന്നുള്ളവരായിരിക്കാം, പക്ഷേ അവർക്ക് വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള അറിവും ഉണ്ടായിരുന്നു. നമ്മുടെ തന്ത്രം മാറ്റേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭരണ തന്ത്രം മാറ്റിയാൽ, അത് നമ്മുടെ വിഭവങ്ങളുടെ ഉത്തമമായ ഉപയോഗത്തിലേക്ക് നയിക്കും.
ഇന്ന് ആശയവിനിമയത്തിന് ഗുണങ്ങളോടൊപ്പം ദോഷങ്ങളുമുണ്ട്. വീഡിയോ കോൺഫറൻസുകളിലൂടെയോ മൊബൈൽ ഫോണുകളിലൂടെയോ വിവരങ്ങൾ നേടുന്നതിന് അതിൻ്റേതായ പ്രയോജനങ്ങളുണ്ട്, പക്ഷേ, സുഹൃത്തുക്കളേ, ഒരിടത്ത് നേരിട്ട് പോകുന്നതിൻ്റെ ഗുണത്തിന് പകരമാവില്ല മറ്റൊന്നും. ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ, നിങ്ങൾ നിങ്ങളുടെ ഗ്രാമത്തിൽ താമസിക്കുകയാണെങ്കിൽ, ഒരു വീഡിയോ കോൺഫറൻസിൽ ഞാൻ ഒരുപക്ഷേ പുതിയതായി ഒന്നും പറയുകയില്ലായിരിക്കാം. എന്നാൽ, മുഖാമുഖം കണ്ടുമുട്ടിയ ശേഷം ലഭിക്കുന്ന ഒരു ശക്തിയുണ്ട്, അത് വീഡിയോ കോൺഫറൻസിൽ നിന്ന് ലഭിക്കില്ല. അതുകൊണ്ടാണ്, ഭൗതിക സാന്നിധ്യം ആവശ്യമുള്ള ഉത്തരവാദിത്തങ്ങളിൽ നമ്മൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്തത്. നമ്മൾ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അതിൻ്റെ ശക്തി മനസ്സിലാക്കുന്നു.
ഈ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിനിടയിൽ, ഒരുപക്ഷേ ഈ ഒരാഴ്ചക്കാലത്ത് ആദ്യമായി, നിങ്ങൾ ഇതുവരെ ശ്രദ്ധിക്കാത്ത നിങ്ങളുടെ സഹപ്രവർത്തകരുടെ ശക്തികൾ നിങ്ങൾ തിരിച്ചറിയും. ചിലപ്പോൾ, ഓഫീസിൽ ദിവസവും കാണുകയും അഭിവാദ്യം കൈമാറുകയും ചെയ്യുമ്പോഴും അവരുടെ പേരുകൾ പോലും നിങ്ങൾ അറിഞ്ഞിരിക്കില്ല. എന്നാൽ, നിങ്ങൾ ഒരാഴ്ച ഒരുമിച്ച് ഇരിക്കുമ്പോൾ, അവരുടെ ശക്തികളും, അവരുടെ അതുല്യമായ കഴിവുകളും നിങ്ങൾക്ക് അറിയാൻ സാധിക്കും, അത് നമ്മുടെ ടീം സ്പിരിറ്റിന് നിർണായകമാണ്. ഒരു ടീം രൂപീകരിക്കപ്പെടുമ്പോൾ, പ്രതീക്ഷിക്കുന്ന ഫലങ്ങൾ സ്വാഭാവികമായും അതിനെ പിന്തുടരും.
അതുകൊണ്ട്, അടുത്ത മൂന്ന് മാസത്തിനുള്ളിൽ കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. 30 മാനദണ്ഡങ്ങളിൽ 5 എണ്ണം നമുക്ക് തിരിച്ചറിയാം, അവിടെ നമുക്ക് സംസ്ഥാന ശരാശരിയെ പൂർണ്ണമായും മറികടക്കാനും,അത് സാധ്യമാക്കാനും കഴിയും.നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, 5 എണ്ണം നിങ്ങൾ നേടിയാൽ, നിങ്ങൾക്ക് 10 എണ്ണം ലക്ഷ്യമിടാം. ഇത് സ്കൂളിൽ പരീക്ഷ എഴുതാൻ ഇരിക്കുമ്പോൾ നമ്മുടെ അധ്യാപകർ പറയാറുണ്ടായിരുന്ന ഒരു കാര്യമാണ് എന്നെ ഓർമ്മിപ്പിക്കുന്നത്—എളുപ്പമുള്ള ഉത്തരങ്ങൾ ആദ്യം എഴുതുക. ഇതേ തത്വം ഇവിടെയും ബാധകമാണ്. ലളിതമായ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കുക, ക്രമേണ മുന്നോട്ട് പോകുക. 40 പ്രശ്നങ്ങളുണ്ടെങ്കിൽ, ആദ്യത്തെ 35-ൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പതുക്കെയാണെങ്കിലും തീർച്ചയായും, നിങ്ങൾ ഓരോ പ്രശ്നത്തെയും മറികടക്കും. അധികം വൈകാതെ, നിങ്ങളുടെ ബ്ലോക്കിന്റെ അഭിലാഷ ലക്ഷ്യങ്ങൾ മറ്റുള്ളവരുടെ അഭിലാഷങ്ങളായി മാറുന്നത് നിങ്ങൾ കാണും. അത് മറ്റുള്ളവർക്ക് പ്രചോദനമായി മാറും. ഇന്നലെ വരെ അഭിലാഷ ജില്ലകൾ ആയിരുന്ന നമ്മുടെ 112 ജില്ലകൾ ഇപ്പോൾ പ്രചോദനാത്മക ജില്ലകളായി മാറിയിരിക്കുന്നു. ഒരു വർഷത്തിനുള്ളിൽ, അടുത്ത 12 മാസത്തിനുള്ളിൽ, 500 അഭിലാഷ ബ്ലോക്കുകൾ ഉണ്ടാകും, അതിൽ കുറഞ്ഞത് 100 എണ്ണമെങ്കിലും പ്രചോദനാത്മക ബ്ലോക്കുകളായി മാറും. നമുക്ക് സംസ്ഥാനത്തുടനീളം പ്രചോദനാത്മക ബ്ലോക്കുകൾ ഉണ്ടാകും. നമുക്ക് ഈ ദൗത്യം പൂർത്തിയാക്കാം.
ഈ പരിപാടിയിൽ നിങ്ങളുമായി സംസാരിച്ചതിൽ ഞാൻ വളരെയധികം സന്തോഷിച്ചു. ഈ പരിപാടിയിൽ ഓൺലൈനായി എന്നെ ശ്രദ്ധിക്കുന്നവർക്ക് എൻ്റെ ആശംസകൾ നേരുന്നു. നമുക്ക് ഒരു ദൗത്യ മനോഭാവത്തോടെ മുന്നോട്ട് പോകാം. രാജ്യത്തുടനീളമുള്ള 100 ബ്ലോക്കുകൾ തിരഞ്ഞെടുത്ത്, അവയെ നിശ്ചിത സമയപരിധിക്കുള്ളിൽ ദേശീയ ശരാശരിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ വിവിധ വകുപ്പുകളിലെ ആളുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ വകുപ്പുകളും ഈ രീതിയിൽ പ്രവർത്തിക്കണം. അടിത്തട്ടിലുള്ള ഒരു ജോലിയും അവഗണിക്കപ്പെടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ ജോലികളും 1-2 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.സുഹൃത്തുക്കളേ, 2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും എന്ന് ഇപ്പോൾ ഞാൻ നിങ്ങളോട് പറയുകയാണ്, നമ്മൾ നേരിട്ട് കണ്ടുമുട്ടും, പുരോഗതി വിലയിരുത്തും. ആ സമയത്ത്, നിങ്ങളിൽ നിന്നുള്ള 10 പേരുടെ വിജയങ്ങളെക്കുറിച്ച് എനിക്ക് കേൾക്കാൻ താൽപ്പര്യമുണ്ട്. അതിനുശേഷം, അടുത്ത വർഷം ഒക്ടോബറിലോ നവംബറിലോ ഞാൻ എൻ്റെ ചിന്തകൾ നിങ്ങളുമായി പങ്കുവെക്കും. അതുവരെ, ഞാൻ നിങ്ങളുടെ സമയം അധികം എടുക്കുന്നില്ല, കാരണം നിങ്ങൾക്ക് വേഗത്തിൽ നിങ്ങളുടെ ബ്ലോക്കുകൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനാൽ, ഇപ്പോൾ ഞാൻ കൂടുതൽ സമയം എടുക്കാൻ ആഗ്രഹിക്കുന്നില്ല.
ആശംസകൾ, വളരെ നന്ദി.
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൻ്റെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
( റിലീസ് ഐ.ഡി: 2202972)
സന്ദര്‍ശക കൗണ്ടര്‍ : 22
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada