ആഭ്യന്തരകാര്യ മന്ത്രാലയം
ദേശീയ ഗീതം 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ പ്രത്യേക ചർച്ചയ്ക്ക് തുടക്കംകുറിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
प्रविष्टि तिथि:
09 DEC 2025 6:54PM by PIB Thiruvananthpuram
ദേശീയ ഗീതമായ 'വന്ദേമാതരം' രചിക്കപ്പെട്ടതിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ രാജ്യസഭയിൽ പ്രത്യേക ചർച്ചയ്ക്ക് തുടക്കം കുറിച്ചു.
വന്ദേമാതരത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതിൻ്റെയും ദേശീയഗീതത്തെ ഭക്തിയോടെ സമീപിക്കേണ്ടതിന്റെയും ആവശ്യകത അത് രചിക്കപ്പെട്ട സമയം മുതല്‍ സ്വാതന്ത്ര്യ സമര കാലത്തുടനീളം നിലനിന്നതായും വര്‍ത്തമാനകാലത്തും ഇന്ത്യ വികസിത രാഷ്ട്രമായി ഉയർന്നു വരുന്ന 2047 ലും ഇതേ പ്രാധാന്യം തുടരുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഭാരതാംബയ്ക്കുമുന്നില്‍ അർപ്പണ മനോഭാവത്തിന്റെയും ഭക്തിയുടെയും കർത്തവ്യബോധത്തിന്റെയും വികാരങ്ങളുണർത്തുന്ന അനശ്വര സൃഷ്ടിയാണ് വന്ദേമാതരം. പശ്ചിമ ബംഗാളിലോ ഇന്ത്യയിലോ മാത്രം വന്ദേമാതരം ഒതുങ്ങിനിന്നില്ലെന്നും ലോകത്തെവിടെയെല്ലാം സ്വാതന്ത്ര്യ സ്നേഹികളുണ്ടോ, അവരെല്ലാം രഹസ്യയോഗങ്ങളിൽ പോലും വന്ദേമാതരം ആലപിച്ചിരുന്നുവെന്നും ശ്രീ ഷാ പറഞ്ഞു. അതിർത്തി കാക്കുന്ന സൈനികനോ ആഭ്യന്തര സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനോ ജീവത്യാഗം ചെയ്യുമ്പോൾ അവരുടെ ചുണ്ടിലെ മന്ത്രം വന്ദേമാതരമായിരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ പ്രഖ്യാപനമായും സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമായും ഭാരതാംബയെ അടിമത്തത്തിൻ്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ച ശക്തിയായും വന്ദേമാതരം മാറിയെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തിനായി ജീവത്യാഗം ചെയ്യുമ്പോഴും അടുത്ത ജന്മത്തില്‍ ഭാരതാംബയ്ക്കുവേണ്ടി പുനര്‍ജനിക്കാനും ജീവിതം സമര്‍പ്പിക്കാനും ഭാരതത്തിന്റെ രക്തസാക്ഷികൾക്ക് പ്രചോദനമേകുന്നത് വന്ദേമാതരമാണ്. നിരവധി മഹദ് ചിന്തകരും ഋഷിവര്യരും വന്ദേമാതരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പൗരാണിക രാഷ്ട്രത്തെ നൂറ്റാണ്ടുകളായി സനാതന സംസ്കാരത്തിൻ്റെ പാതയിൽ മുന്നോട്ടു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൻ്റെ ഇരുസഭകളിലും വന്ദേമാതരത്തെക്കുറിച്ച് സംഘടിപ്പിക്കുന്ന ചർച്ചകളും ദേശീയഗീതത്തിന്റെ മഹത്വവൽക്കരണവും ആഘോഷവും രാജ്യത്തെ കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും വരും തലമുറകളെയും അതിൻ്റെ പരമപ്രാധാന്യം തിരിച്ചറിയാന്‍ സഹായിക്കുമെന്നും രാഷ്ട്ര പുനർനിർമാണത്തിന് വഴിയൊരുക്കുമെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
ലോകത്തെ അതുല്യ രാഷ്ട്രമാണ് ഇന്ത്യയെന്നും സംസ്കാരത്താൽ അതിര്‍ത്തികള്‍ നിർവചിക്കപ്പെട്ട ഒരേയൊരു രാജ്യമാണിതെന്നും ഈ സംസ്കാരമാണ് ഇന്ത്യയെ ഒരുമിച്ചു നിർത്തുന്നതെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. കൊളോണിയൽ അടിമത്ത കാലത്ത് സാംസ്കാരിക ദേശീയതയെന്ന ആശയമുണർത്തിയത് ബങ്കിം ചന്ദ്ര ചതോപാധ്യായയാണ്.. രാജ്യത്തെ ബന്ധിപ്പിക്കുന്ന മന്ത്രം നാടിന്റെ സംസ്കാരമാണെന്നും സാംസ്കാരിക ദേശീയതയുടെ തത്വം ആദ്യമായി അടയാളപ്പെടുത്തിയത് വന്ദേമാതരത്തിൻ്റെ ആഹ്വാനത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യം മുഴുവൻ സാംസ്കാരിക ദേശീയതയുടെ കാഴ്ചപ്പാട് കൈക്കൊണ്ട് മുന്നോട്ടുപോകുന്നതായി ശ്രീ ഷാ പറഞ്ഞു. ഇന്ത്യ കേവലമൊരു ഭൂപ്രദേശമല്ല; അത് ഭാരതാംബയുടെ മൂര്‍ത്തീഭാവമാണ്. നാം അതിനെ ആരാധിക്കുന്നു. ആ ഭക്തിയുടെ സൂക്ഷ്മ പ്രകടനമാണ് വന്ദേമാതരം. ഭാരതാംബയുടെ ആശയം ആഴമേറിയ വികാരത്തോടെയാണ് വന്ദേമാതരത്തിൽ വിവരിച്ചിരിക്കുന്നത്: വെള്ളവും പഴങ്ങളും സമൃദ്ധിയും നൽകുന്ന, പുഷ്പങ്ങളാൽ അലംകൃതമായി ഹൃദയത്തിനും മനസിനും സന്തോഷം പകരുന്ന, സരസ്വതിയുടെയും ലക്ഷ്മിയുടെയും ദുർഗയുടെയും രൂപം. രാജ്യത്തിന്റെ സമൃദ്ധിയും സുരക്ഷയും ജ്ഞാനവും പുരോഗതിയും ഭാരതാംബയോടുള്ള ആരാധനയിലൂടെയും മാതൃശക്തിയുടെ അനുഗ്രഹത്തിലൂടെയും മാത്രമേ കൈവരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ദുർഗാദേവിയുടെ വീര്യവും ലക്ഷ്മീദേവിയുടെ സമൃദ്ധിയും സരസ്വതീദേവിയുടെ പ്രതിഭയും പകര്‍ന്നു നല്‍കാനാവുന്നത് ഭാരതാംബയുടെ കൃപയിലൂടെയും ഈ മണ്ണിൻ്റെ പവിത്രതയിലൂടെയുമാണ്. അതിനാല്‍ നാം വീണ്ടും വീണ്ടും ഭാരതാംബയെ ആദരവോടെ നമസ്കരിക്കേണ്ടിയിരിക്കുന്നുവെന്നും ശ്രീ ഷാ പറഞ്ഞു.
1896-ലെ കോൺഗ്രസ് സമ്മേളനത്തിലാണ് ഗുരുദേവ് ടാഗോർ വന്ദേമാതരം ആദ്യമായി പരസ്യമായി ആലപിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 1905-ലെ വാരണാസി സമ്മേളനത്തിൽ മഹാകവി സരളാ ദേവി ചൗധുറാണി വന്ദേ മാതരം പൂർണമായി ആലപിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ഓഗസ്റ്റ് 15-ന് രാവിലെ 6:30-ന് സർദാർ പട്ടേലിൻ്റെ അഭ്യർത്ഥനപ്രകാരം പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂർ തൻ്റെ മനോഹരസ്വരത്തില്‍ ആകാശവാണിയിലൂടെ വന്ദേ മാതരം ആലപിച്ച് രാജ്യത്തെ ഒന്നടങ്കം ആവേശംകൊള്ളിച്ചു. 1950 ജനുവരി 24-ന് ഭരണഘടന സഭയുടെ അവസാന യോഗത്തിൽ ദേശീയ ഗാനത്തിന് തുല്യമായ ബഹുമതി നൽകി വന്ദേമാതരം ദേശീയ ഗീതമായി പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.
ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ 130-ാം ചരമവാർഷികത്തിൽ തപാൽ വകുപ്പ് സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയതായും സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ ഹർ ഘർ തിരംഗ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചതായും ശ്രീ അമിത് ഷാ പറഞ്ഞു. ദേശീയ പതാക ഉയർത്തുമ്പോൾ വന്ദേമാതരം ആലപിക്കാന്‍ മറക്കരുതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം വിപുലമായി ആഘോഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ വന്ദേമാതരത്തിന് ആദരമായി ആഘോഷിക്കാൻ തീരുമാനിച്ച് 2025 ഒക്ടോബർ 1-ന് ചേർന്ന മന്ത്രിസഭാ യോഗം പ്രമേയം പാസാക്കി. ദേശീയ അന്തർദേശീയ തലങ്ങളിലെ ഏകോപന രൂപരേഖ 2025 ഒക്ടോബർ 24-ന് അന്തിമമാക്കി. 2025 നവംബർ 7-ന് ഭാരതാംബയ്ക്ക് പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽ ഈ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തതായും ശ്രീ ഷാ പറഞ്ഞു. ഇതിൻ്റെ ആദ്യ ഘട്ടം നവംബറിൽ പൂർത്തിയായി. രണ്ടാം ഘട്ടം 2026 ജനുവരിയിലും മൂന്നാം ഘട്ടം ഓഗസ്റ്റിലും നാലാം ഘട്ടം നവംബറിലും സംഘടിപ്പിക്കും. സ്മരണിക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വന്ദേമാതരം – നാദം ഏകം രൂപം അനേകം’ എന്ന പേരിൽ 75 സംഗീതജ്ഞർ ചേർന്ന് പ്രത്യേക സാംസ്കാരിക അവതരണം ഒരുക്കിയതായും ശ്രീ അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആഹ്വാനത്തെത്തുടർന്ന് നവംബർ 7-ന് രാജ്യമെങ്ങും ജനങ്ങൾ കൂട്ടായി വന്ദേമാതരം ആലപിച്ചു. വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ അടയാളപ്പെടുത്തി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. ജില്ലകളിലും താലൂക്കുകളിലും വന്ദേമാതരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കായി പ്രദർശനങ്ങളൊരുക്കുമെന്നും കോടിക്കണക്കിന് പേര്‍ക്ക് ഈ പ്രദർശനം ഡിജിറ്റലായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആകാശവാണിയിലും ദൂരദർശനിലും എഫ്എം റേഡിയോ ചാനലുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ചർച്ചകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. എല്ലാ ഇന്ത്യൻ എംബസികളിലും വന്ദേമാതരത്തെ അടിസ്ഥാനമാക്കി സാംസ്കാരിക പരിപാടികൾ നടത്തും. ‘വന്ദേമാതരം: ഭൂമീദേവിയ്ക്കൊരു അഭിവാദ്യം’ എന്ന പേരിൽ വൃക്ഷത്തൈ നടീൽ യജ്ഞങ്ങളും നടന്നുവരുന്നു. ദേശീയപാതകളിലുടനീളം രാജ്യസ്നേഹമുണര്‍ത്തുന്ന ചുവർച്ചിത്രങ്ങളും വന്ദേമാതരത്തിൻ്റെ ചരിത്രപരമായ ചിത്രീകരണങ്ങളും പ്രദർശിപ്പിക്കും. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എൽഇഡി ഡിസ്പ്ലേകളിലൂടെ പൊതു അറിയിപ്പുകൾ പങ്കുവെയ്ക്കും. കൂടാതെ, വന്ദേമാതരത്തെയും ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജീവിതത്തെയും ആസ്പദമാക്കി 25 ഹ്രസ്വചിത്രങ്ങൾ നിർമിക്കാന്‍ പ്രവർത്തനങ്ങള്‍ ആരംഭിച്ചതായും ശ്രീ അമിത്ഷാ അറിയിച്ചു.
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം പൂർത്തീകരിച്ച വേളയില്‍ കൊവിഡ് മഹാമാരിയുടെ കാലമായിരുന്നിട്ടും രണ്ട് വർഷം മുഴുവൻ രാജ്യത്തെ ഗ്രാമങ്ങളിലെല്ലാം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിച്ചിരുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. 1857 മുതൽ 1947 വരെ സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ മുഴുവൻ കഥയും അമൃത് മഹോത്സവത്തിലൂടെ രാജ്യത്തെ യുവതലമുറയെ നാം പരിചയപ്പെടുത്തി. അംഗീകാരങ്ങളൊന്നും ലഭിക്കാതെ ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ തിരിച്ചറിഞ്ഞ് അവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ ആദരിച്ച് സ്മാരകങ്ങൾ പണിയുകയും രാജ്യത്തുടനീളം നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ദേശസ്നേഹത്തിൻ്റെ പുതിയ മുന്നേറ്റം സൃഷ്ടിക്കാൻ ഏകോപിത ശ്രമം നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഇത്ര വിപുലമായ പരിപാടികൾ സംഘടിപ്പിച്ചത് ആദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം ഒരിക്കലും അപ്രസക്തമാകില്ലെന്നും അത് രചിക്കപ്പെട്ട സമയത്തെ അതേ ആവശ്യകത ഇന്നും നിലനിൽക്കുന്നുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. അക്കാലത്ത് ഇന്ത്യയെ വൈദേശികാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുന്നതിലെ പ്രേരകശക്തിയായാണ് വന്ദേ മാതരം നിലകൊണ്ടതെങ്കില്‍ ഈ അമൃത കാലത്ത് രാജ്യത്തെ വികസിതവും മഹത്വപൂര്‍ണവുമാക്കുന്നതിലെ സുപ്രധാന മുദ്രാവാക്യമായി വന്ദേ മാതരം മാറുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഹൃദയത്തിൽ വന്ദേമാതരത്തിൻ്റെ ആത്മാവിനെ ഉണർത്തുകയും കൗമാരക്കാരുടെ മനസ്സിൽ വന്ദേമാതരത്തിൻ്റെ മന്ത്രമുറപ്പിക്കുകയും വന്ദേമാതരത്തിൻ്റെ യഥാർത്ഥ അർത്ഥത്താല്‍ പ്രകാശിതമായ പാതയിൽ ജീവിതം സമർപ്പിക്കാൻ യുവജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യേണ്ടത് സഭയിലെ ഓരോ അംഗത്തിൻ്റെയും പങ്കാളിത്ത ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യയെ സാക്ഷാത്ക്കരിക്കുന്നതിലെ പ്രേരകശക്തിയായി വന്ദേമാതരത്തിൻ്റെ ആഹ്വാനം മാറണമെന്നും അദ്ദേഹം പറഞ്ഞു.
******
(रिलीज़ आईडी: 2201328)
आगंतुक पटल : 2