പ്രധാനമന്ത്രിയുടെ ഓഫീസ്
ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
നൂറ്റാണ്ടുകളായി ഇന്ത്യയും ഭൂട്ടാനും വളരെ ആഴത്തിലുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധം പങ്കിട്ടു, അതിനാൽ, ഈ സുപ്രധാന അവസരത്തിൽ പങ്കെടുക്കുക എന്നത് ഇന്ത്യയുടെയും എന്റെയും പ്രതിബദ്ധതയായിരുന്നു, എന്നാൽ ഇന്ന്, വളരെ ദുഃഖഭരിതമായ ഹൃദയത്തോടെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്: പ്രധാനമന്ത്രി
ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും അസ്വസ്ഥരാക്കി, നമ്മുടെ ഏജൻസികൾ ഈ ഗൂഢാലോചനയുടെ അവസാന കണ്ണിയിൽ വരെ എത്തും, ഇതിന് പിന്നിലെ കുറ്റവാളികളെ ആരെയും വെറുതെ വിടില്ല, ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും: പ്രധാനമന്ത്രി
ഇന്ത്യ അതിന്റെ പുരാതന ആദർശമായ 'വസുധൈവ കുടുംബകം' എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു, ലോകം മുഴുവൻ ഒരു കുടുംബമാണ്, എല്ലാവർക്കും സന്തോഷം എന്നതിലാണ് ഇന്ത്യ ശ്രദ്ധ ചെലുത്തുന്നത് : പ്രധാനമന്ത്രി
ഭൂട്ടാൻ രാജാവ് മുന്നോട്ടുവച്ച "ഗ്രോസ് നാഷണൽ ഹാപ്പിനസ്" എന്ന ആശയം ലോകമെമ്പാടുമുള്ള വളർച്ചയെ നിർവചിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയും ഭൂട്ടാനും അതിർത്തികളാൽ മാത്രമല്ല, സംസ്കാരങ്ങളാലും ബന്ധപ്പെട്ടിരിക്കുന്നു, നമ്മുടെ ബന്ധം മൂല്യങ്ങളുടെയും വികാരങ്ങളുടെയും സമാധാനത്തിന്റെയും പുരോഗതിയുടെയും ഒന്നാണ്: പ്രധാനമന്ത്രി
ഇന്ന്, ഭൂട്ടാൻ ലോകത്തിലെ ആദ്യത്തെ കാർബൺ-മുക്ത രാജ്യമായി മാറിയിരിക്കുന്നു, ഇത് ഒരു അസാധാരണ നേട്ടമാണ്: പ്രധാനമന്ത്രി
പ്രതിശീർഷ പുനരുപയോഗ ഊർജ്ജോൽപ്പാദനത്തിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഭൂട്ടാൻ ഇടം നേടിയിട്ടുണ്ട്, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് 100% വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത്, ഈ ശേഷി വികസിപ്പിച്ചുകൊണ്ട് ഇന്ന് മറ്റൊരു പ്രധാന ചുവടുവെപ്പ് കൂടി നടത്തുന്നു: പ്രധാനമന്ത്രി
കണക്റ്റിവിറ്റി അവസരം സൃഷ്ടിക്കുന്നു, അവസരം സമൃദ്ധി സൃഷ്ടിക്കുന്നു, ഇന്ത്യയും ഭൂട്ടാനും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പങ്കിട്ട പുരോഗതിയുടെയും പാതയിൽ തുടരട്ടെ: പ്രധാനമന്ത്രി
Posted On:
11 NOV 2025 1:13PM by PIB Thiruvananthpuram
ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭൂട്ടാൻ-ലെ തിംഫുവിൽ, ചാങ്ലിമെതാങ് സെലിബ്രേഷൻ ഗ്രൗണ്ടിൽ ഇന്ന് നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭൂട്ടാൻ രാജാവായ ആദരണീയനായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനും നാലാമത്തെ രാജാവായ ആദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്കിനും പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. രാജകുടുംബത്തിലെ ആദരണീയരായ അംഗങ്ങളെയും ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗെയെയും സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളെയും അദ്ദേഹം ആദരപൂർവ്വം അഭിവാദ്യം ചെയ്തു.
ഭൂട്ടാനെ സംബന്ധിച്ചിടത്തോളം, ഭൂട്ടാൻ രാജകുടുംബത്തിന്, ലോകസമാധാനത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇന്ന് ഒരു സുപ്രധാന ദിവസമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും ഭൂട്ടാനും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആഴത്തിലുള്ള വൈകാരികവും സാംസ്കാരികവുമായ ബന്ധത്തെ അദ്ദേഹം എടുത്തുകാട്ടി, ഈ സുപ്രധാന അവസരത്തിൽ പങ്കെടുക്കുന്നത് ഇന്ത്യയുടെയും തന്റെയും പ്രതിബദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വല്ലാതെ അസ്വസ്ഥരാക്കിയതിനാൽ, താൻ ദുഃഖഭരിതമായ ഹൃദയത്തോടെയാണ് ഭൂട്ടാനിൽ എത്തിയതെന്ന് ശ്രീ മോദി പറഞ്ഞു. ദുരിതബാധിതരുടെ ദുഃഖം മനസ്സിലാക്കുന്നതായും മുഴുവൻ രാജ്യവും അവരോടൊപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും രാത്രി മുഴുവൻ താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഏജൻസികൾ ഗൂഢാലോചനയുടെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരുമെന്നും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഗുരു പദ്മസംഭവയുടെ അനുഗ്രഹത്താൽ, ഭൂട്ടാനിൽ ഇന്ന് ആഗോള സമാധാന പ്രാർത്ഥനാ ഉത്സവവും,അതോടൊപ്പം ഭഗവാൻ ബുദ്ധന്റെ പിപ്രഹ്വ തിരുശേഷിപ്പുകളുടെ പവിത്രമായ ദർശനവും നടക്കുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ-ഭൂട്ടാൻ ബന്ധങ്ങളുടെ ശക്തി പ്രതിഫലിപ്പിക്കുന്ന നിരവധി വ്യക്തികളുടെ സാന്നിധ്യത്തോടെ, നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മവാർഷികത്തിന്റെ ആഘോഷം കൂടിയാണ് ഈ അവസരമെന്നും അദ്ദേഹം പറഞ്ഞു.
"വസുധൈവ കുടുംബകം" - ലോകം ഒരു കുടുംബമാണ് എന്ന പുരാതന ആദർശത്തിൽ നിന്ന് ഇന്ത്യ പ്രചോദനം ഉൾക്കൊള്ളുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, "സർവേ ഭവന്തു സുഖിനഃ" എന്ന മന്ത്രത്തിലൂടെ സാർവത്രിക സന്തോഷത്തിനായുള്ള ഇന്ത്യയുടെ പ്രാർത്ഥന അദ്ദേഹം ആവർത്തിച്ചു. സ്വർഗ്ഗത്തിലും, ബഹിരാകാശത്തും, ഭൂമിയിലും, ജലത്തിലും, സസ്യങ്ങളിലും, സസ്യജാലങ്ങളിലും, എല്ലാ ജീവജാലങ്ങളിലും സമാധാനം വേണമെന്ന് ആഹ്വാനം ചെയ്യുന്ന വേദ വാക്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഈ വികാരങ്ങളോടെ, ലോകമെമ്പാടുമുള്ള സന്യാസിമാർ ആഗോള സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിൽ ഐക്യപ്പെടുന്ന ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിൽ ഇന്ത്യ ഭൂട്ടാനൊപ്പം ചേരുന്നുവെന്നും 140 കോടി ഇന്ത്യക്കാരുടെ പ്രാർത്ഥനകൾ ഈ കൂട്ടായ ഊർജത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ വാദ്‌നഗർ ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു പുണ്യസ്ഥലമാണെന്നും, തന്റെ പ്രവർത്തന മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസി ബുദ്ധമത ആരാധനയുടെ പരകോടിയാണെന്നും വളരെക്കുറച്ച് പേർക്ക് മാത്രമേ അറിയൂ എന്ന് ശ്രീ മോദി പങ്കുവെച്ചു. അതുകൊണ്ടുതന്നെ ഈ ചടങ്ങിൽ പങ്കെടുക്കുന്നത് വ്യക്തിപരമായി അർത്ഥവത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂട്ടാനിലും ലോകമെമ്പാടുമുള്ള എല്ലാ വീടുകളിലും സമാധാനത്തിന്റെ ദീപം പ്രകാശിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂട്ടാന്റെ നാലാമത്തെ രാജാവിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ജീവിതം, ജ്ഞാനം, ലാളിത്യം, ധൈര്യം, രാഷ്ട്രത്തിനായുള്ള നിസ്വാർത്ഥ സേവനം എന്നിവയുടെ സംഗമമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, 16 വയസ്സുള്ളപ്പോൾ തന്നെ വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത്, പിതൃവാത്സല്യവും ദീർഘവീക്ഷണമുള്ള നേതൃത്വവും നൽകി അദ്ദേഹം രാജ്യത്തെ വളർത്തിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി. 34 വർഷത്തെ ഭരണകാലത്ത്, വികസനം ഉറപ്പാക്കുന്നതിനൊപ്പം ഭൂട്ടാന്റെ പൈതൃകം സംരക്ഷിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തെ മുന്നോട്ട് നയിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നത് മുതൽ അതിർത്തി പ്രദേശങ്ങളിൽ സമാധാനം വളർത്തുന്നത് വരെ, അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ "ഗ്രോസ് നാഷണൽ ഹാപ്പിനസ്" എന്ന ആശയം വളർച്ചയെ നിർവചിക്കുന്നതിനുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാഷ്ട്രനിർമ്മാണമെന്നത് മൊത്തം ആഭ്യന്തര ഉല്പാദനം മാത്രമല്ല, മറിച്ച് മാനവികതയുടെ ക്ഷേമവും കൂടിയാണെന്ന് രാജാവ് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ ഭൂട്ടാനിലെ നാലാമത്തെ രാജാവ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അഭിവൃദ്ധിയിലേക്ക് എത്തിക്കുന്നതിൽ രാജാവ് സ്ഥാപിച്ച ശക്തമായ അടിത്തറ സുപ്രധാന പങ്ക് വഹിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഇന്ത്യക്കാരുടെയും പേരിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുകയും ചെയ്തു.
"ഇന്ത്യയും ഭൂട്ടാനും അതിർത്തികളാൽ മാത്രമല്ല, സംസ്കാരങ്ങളാലും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധം മൂല്യങ്ങളുടെയും വികാരങ്ങളുടെയും സമാധാനത്തിന്റെയും പുരോഗതിയുടേയുമാണ്", ശ്രീ മോദി ഊന്നിപ്പറഞ്ഞു. 2014ൽ അധികാരമേറ്റതിനുശേഷം ഭൂട്ടാനിലേക്കുള്ള തന്റെ ആദ്യ വിദേശ സന്ദർശനം അനുസ്മരിച്ച പ്രധാനമന്ത്രി, ആ സന്ദർശനത്തിന്റെ ഓർമ്മകൾ ഇപ്പോഴും തന്നെ വികാരഭരിതനാക്കുന്നുവെന്ന് പങ്കുവെച്ചു. ഇന്ത്യ-ഭൂട്ടാൻ ബന്ധങ്ങളുടെ ശക്തിയും സമ്പന്നതയും അദ്ദേഹം അടിവരയിട്ടു, ഇരു രാജ്യങ്ങളും ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഒരുമിച്ച് നിൽക്കുകയും വെല്ലുവിളികളെ സംയുക്തമായി നേരിടുകയും ഇപ്പോൾ പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിൽ ഒരുമിച്ച് മുന്നേറുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജാവ് ഭൂട്ടാനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നുവെന്നും ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വിശ്വാസത്തിന്റെയും വികസനത്തിന്റെയും പങ്കാളിത്തം മുഴുവൻ മേഖലയ്ക്കും മാതൃകയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഭൂട്ടാനും അതിവേഗം മുന്നേറുമ്പോൾ, അവരുടെ ഊർജ്ജ പങ്കാളിത്തം ഈ വളർച്ചയെ മുന്നോട്ട് നയിക്കുന്നുണ്ടെന്ന് എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യ-ഭൂട്ടാൻ ജലവൈദ്യുത സഹകരണത്തിന് അടിത്തറ പാകിയത് നാലാമത്തെ രാജാവിന്റെ നേതൃത്വത്തിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൂട്ടാനിൽ സുസ്ഥിര വികസനം, പരിസ്ഥിതിക്ക് മുൻഗണന നൽകുന്ന സമീപനം എന്നീ ദർശനങ്ങളെ പിന്തുണയ്ക്കാൻ ഭൂട്ടാനെ പ്രാപ്തമാക്കിയത് ഈ ദർശനാത്മക അടിത്തറയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു - ഇത് ഒരു അസാധാരണ നേട്ടമാണ്. പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ എന്നും നിലവിൽ അതിന്റെ വൈദ്യുതിയുടെ 100 ശതമാനവും പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ശേഷി കൂടുതൽ വികസിപ്പിച്ചുകൊണ്ട്, 1,000 മെഗാവാട്ടിൽ കൂടുതലുള്ള ഒരു പുതിയ ജലവൈദ്യുത പദ്ധതി ഇന്ന് ആരംഭിക്കുന്നു, ഇത് ഭൂട്ടാന്റെ ജലവൈദ്യുത ശേഷി 40% വർദ്ധിപ്പിക്കുന്നു. കൂടാതെ, വളരെക്കാലമായി മുടങ്ങിക്കിടന്ന മറ്റൊരു ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. ഈ പങ്കാളിത്തം ജലവൈദ്യുതിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു; പ്രധാന കരാറുകളിൽ ഇന്ന് ഒപ്പുവെച്ചുകൊണ്ട്, ഇന്ത്യയും ഭൂട്ടാനും ഇപ്പോൾ സൗരോർജ്ജത്തിലും ഒരുമിച്ച് സുപ്രധാന നടപടികൾ കൈക്കൊള്ളുന്നുണ്ട്,
ഊർജ്ജ സഹകരണത്തോടൊപ്പം, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, "കണക്റ്റിവിറ്റി അവസരം സൃഷ്ടിക്കുന്നു, അവസരങ്ങൾ സമൃദ്ധിയുണ്ടാക്കുന്നു" എന്ന് പറഞ്ഞു, ഈ ദർശനത്തിന്റെ അടിസ്ഥാനത്തിൽ, ഗെലെഫു, സാംത്സെ നഗരങ്ങളെ ഇന്ത്യയുടെ വിശാലമായ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ, ഭൂട്ടാനിലെ വ്യവസായങ്ങൾക്കും കർഷകർക്കും ഇന്ത്യയുടെ വലിയ വിപണിയിലേക്കുള്ള പ്രവേശനം അതിവേഗം മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റെയിൽ, റോഡ് കണക്റ്റിവിറ്റിക്ക് പുറമേ, ഇരു രാജ്യങ്ങളും അതിർത്തി അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാവ് ആരംഭിച്ച ദർശനാത്മകമായ ഗെലെഫു മൈൻഡ്ഫുൾനെസ് സിറ്റി സംരംഭത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, അതിന്റെ വികസനത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. സന്ദർശകർക്കും നിക്ഷേപകർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ഇന്ത്യ ഗെലെഫുവിന് സമീപം ഒരു ഇമിഗ്രേഷൻ ചെക്ക്‌പോയിന്റ് ഉടൻ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
"ഇന്ത്യയുടെയും ഭൂട്ടാന്റെയും പുരോഗതിയും ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു", പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു, ഈ മനോഭാവത്തിൽ, ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിക്കായി കഴിഞ്ഞ വർഷം ഇന്ത്യൻ ഗവൺമെന്റ് 10,000 കോടി രൂപയുടെ പിന്തുണ പാക്കേജ് പ്രഖ്യാപിച്ചുവെന്ന് കൂട്ടിച്ചേർത്തു. ഭൂട്ടാൻ പൗരന്മാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി റോഡുകൾ മുതൽ കൃഷി, ധനസഹായം മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള മേഖലകളിലെല്ലാം ഈ ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭൂട്ടാനിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ഭൂട്ടാനിൽ യുപിഐ പണമിടപാടുകളുടെ വ്യാപ്തി വികസിച്ചുവരികയാണെന്നും ഭൂട്ടാൻ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കുമ്പോൾ യുപിഐ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ഭൂട്ടാൻ പങ്കാളിത്തത്തിന്റെ ഏറ്റവും ശക്തമായ ഗുണഭോക്താക്കൾ ഇരു രാജ്യങ്ങളിലെയും യുവാക്കളാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ദേശീയ സേവനം, സന്നദ്ധസേവനം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ രാജാവിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സാങ്കേതികവിദ്യയിലൂടെ യുവാക്കളെ ശാക്തീകരിക്കാനുള്ള രാജാവിന്റെ ശ്രമങ്ങളെ എടുത്തുപറയുകയും ചെയ്തു. ഭൂട്ടാനിലെ യുവാക്കൾക്ക് ഇതിൽ നിന്ന് വളരെയധികം പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും, വിദ്യാഭ്യാസം, നവീകരണം, നൈപുണ്യ വികസനം, കായികം, ബഹിരാകാശം, സംസ്കാരം എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ ഇന്ത്യക്കാരും ഭൂട്ടാനിലെ യുവാക്കളും തമ്മിലുള്ള സഹകരണം വളർന്നുവരുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ഉപഗ്രഹം നിർമ്മിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും യുവാക്കൾ നിലവിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, ഇത് ഇന്ത്യയ്ക്കും ഭൂട്ടാനും ഒരുപോലെ ഒരു പ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിന്റെ ഒരു പ്രധാന ശക്തി ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തിലാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ രാജ്ഗീറിൽ അടുത്തിടെ നടന്ന രാജകീയ ഭൂട്ടാൻ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് അദ്ദേഹം എടുത്തുകാട്ടി, ഈ സംരംഭം ഇപ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂട്ടാൻ ജനതയുടെ അഭിലാഷങ്ങളോട് പ്രതികരിച്ചുകൊണ്ട്, വാരാണസിയിൽ ഒരു ഭൂട്ടാൻ ക്ഷേത്രവും ഗസ്റ്റ് ഹൗസും നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഇന്ത്യൻ ഗവൺമെന്റ് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അമൂല്യവും ചരിത്രപരവുമായ സാംസ്കാരിക ബന്ധത്തെ ഈ ക്ഷേത്രങ്ങൾ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ പ്രസംഗങ്ങൾ ഉപസംഹരിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പങ്കാളിത്ത പുരോഗതിയുടെയും പാതയിൽ തുടരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ബുദ്ധഭഗവാന്റെയും ഗുരു റിൻപോച്ചെയുടെയും അനുഗ്രഹങ്ങൾ ഇരു രാജ്യങ്ങൾക്കും തുടർന്നും ഉണ്ടാകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
***
--NK--
(Release ID: 2188908)
Visitor Counter : 13
Read this release in:
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada