തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദാരിദ്ര്യ നിർമാർജനത്തിലും സാമൂഹ്യ സുരക്ഷാ മുന്നേറ്റത്തിലും ഇന്ത്യ കൈവരിച്ച പരിവർത്തനാത്മക പുരോഗതി ദോഹയിലെ രണ്ടാമത് ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ എടുത്തുപറഞ്ഞ് ഡോ. മൻസുഖ് മാണ്ഡവ്യ

ജനങ്ങളെ നയങ്ങളുടെ കേന്ദ്രബിന്ദുവാക്കുകയും വികസനം പങ്കാളിത്ത പരിശ്രമമായി മാറുകയും ചെയ്യുമ്പോൾ സാമൂഹ്യ പുരോഗതി കൈവരിക്കാനാകുമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്കാ സാഥ്, സബ്കാ വികാസ്' കാഴ്ചപ്പാടിനെ എടുത്തുപറഞ്ഞ് കേന്ദ്ര തൊഴിൽ മന്ത്രി; ഇന്ത്യയുടെ പ്രയാണം നയിക്കുന്നത് 'അന്ത്യോദയ' തത്വശാസ്ത്രം

ഇന്ത്യയുടെ വികസന യാത്ര ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങള്‍ക്ക് അനുകരണീയ വികസന മാതൃക നൽകുന്നുവെന്നും കേന്ദ്ര തൊഴിൽ മന്ത്രി

ഖത്തറിലെ ദോഹയില്‍ നടന്ന രണ്ടാമത് ലോക സാമൂഹ്യ വികസന ഉച്ചകോടിയിലെ ഇന്ത്യയുടെ പ്രസ്താവന

Posted On: 05 NOV 2025 7:12PM by PIB Thiruvananthpuram

ആദരണീയരെ, വിശിഷ്ട പ്രതിനിധികളെ, സഹപ്രവർത്തകരെ,

ഈ മഹനീയ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. 

ദാരിദ്ര്യ നിർമാർജനത്തിലും സമ്പൂർണ തൊഴിലിലും മാന്യമായ ജോലിയിലും സാമൂഹ്യ ഉൾച്ചേര്‍ക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ച കോപ്പൻഹേഗൻ പ്രഖ്യാപനം 30 വർഷങ്ങള്‍ക്ക് മുന്‍പ് വികസനത്തിൻ്റെ കേന്ദ്രബിന്ദുവായി ജനങ്ങളെ പ്രതിഷ്ഠിച്ചു. സാമ്പത്തിക വളർച്ചയോടും സാമൂഹ്യപുരോഗതിയോടും ഇന്ത്യ കൈക്കൊള്ളുന്ന സമീപനം ഈ പ്രഖ്യാപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. 

ഇന്ത്യയുടെ വികസനഗാഥ അതിവിപുലമായ പരിവർത്തനത്തിൻ്റേതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ  നിരന്തര പരിഷ്കാരങ്ങളിലൂടെയും ക്ഷേമപദ്ധതികളുടെ സംയോജനത്തിലൂടെയും ഡിജിറ്റൽ നൂതനാശയങ്ങളിലൂടെയും  ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാരെയാണ് ബഹുതല ദാരിദ്ര്യത്തിൽ നിന്ന് രാജ്യം കരകയറ്റിയത്.

ആദരണീയരെ,

പൗരനിരയിലെ അവസാന വ്യക്തിയെയും ശാക്തീകരിക്കുക എന്നര്‍ത്ഥം വരുന്ന 'അന്ത്യോദയ' എന്ന മഹത്തായ തത്വമാണ് ഇന്ത്യയുടെ ഈ വിജയയാത്രയ്ക്ക് വഴികാട്ടുന്നത്. ഒരു കുട്ടിയ്ക്ക് ആരോഗ്യകരമായ ചെറുപ്പവും ഒരു യുവാവിന് വിദ്യാഭ്യാസ - ഉപജീവന പിന്തുണയും ഒരു തൊഴിലാളിക്ക് മാന്യമായ ജോലിയും വാർധക്യത്തിൽ ഒരു മുതിർന്ന പൗരന് ആത്മാഭിമാനവും വരുമാന സുരക്ഷയും ഉറപ്പാക്കുന്ന തരത്തില്‍ ജീവിത ചക്രം അടിസ്ഥാനമാക്കി നടപ്പാക്കുന്ന ചട്ടക്കൂടിൻ്റെ ഫലമാണ് രാജ്യത്തിൻ്റെ ഈ പുരോഗതി.

ഇന്ത്യയില്‍ ഇന്ന് 118 ദശലക്ഷം സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ലഭിക്കുന്നു. 800 ദശലക്ഷത്തിലേറെ പൗരന്മാർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. 425 ദശലക്ഷം ഇന്ത്യക്കാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും വരുമാനം കുറഞ്ഞവര്‍ക്ക് 37 ദശലക്ഷത്തിലധികം വീടുകള്‍ നിര്‍മിച്ച് നൽകുകയും ചെയ്തു.

2017-18നും 2023-24നും ഇടയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തില്‍നിന്ന് 3.2 ശതമാനമായി കുറയുകയും സ്ത്രീകളുടെ തൊഴിൽ നിരക്ക് ഏകദേശം ഇരട്ടിയാവുകയും ചെയ്തു. ദശലക്ഷക്കണക്കിന് സ്ത്രീകള‍െ സ്വയം സഹായ സംഘങ്ങളുടെ ഭാഗമാക്കി. വനിതകള്‍ നേതൃത്വം നല്‍കുന്ന പ്രാദേശിക സ്ഥാപനങ്ങളുടെ കരുത്തിന് വായ്പാ വിതരണം കൂടുതൽ ശക്തി പകർന്നു.

ഇന്ത്യയുടെ സാമൂഹ്യസുരക്ഷാ പരിരക്ഷ 2015-ലെ 19 ശതമാനത്തിൽ നിന്ന് 2025-ൽ 64.3 ശതമാനമായി വർധിച്ചു. രാജ്യത്തിൻ്റെ ഈ ശ്രമങ്ങളെ അംഗീകരിച്ച അന്താരാഷ്ട്ര സാമൂഹ്യസുരക്ഷാ അസോസിയേഷൻ ഈ വർഷം ഇന്ത്യയ്ക്ക് "സാമൂഹ്യ സുരക്ഷയിലെ മികച്ച നേട്ടത്തിനുള്ള ഐഎസ്എസ്എ പുരസ്കാരം" സമ്മാനിച്ചു.  

ഈ പദ്ധതികളെല്ലാം തടസരഹിതമായി ജനങ്ങളിലെത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇന്ത്യയുടെ ശ്രമങ്ങളുടെ കാതൽ. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഇൻ്റർനെറ്റ് ഉടമസ്ഥതയും പൗരൻ്റെ അതുല്യ തിരിച്ചറിയൽ രേഖകളുമടങ്ങുന്ന ശൃംഖലയുപയോഗിച്ച്  നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അവസാനതലം വരെ കാര്യക്ഷമമായ സേവനവിതരണം ഉറപ്പാക്കാൻ ഞങ്ങള്‍ക്ക് സാധിച്ചു.  

ആദരണീയരെ,

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനം, പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചാശക്തിയായി  അംഗീകരിക്കുന്നതടക്കം നാം ഈ ഉച്ചകോടിയിൽ അംഗീകരിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനം ആഗോള മുൻഗണനകളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്.   

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകളുടെയും ഭാഗമാണ് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയും സാമൂഹ്യവികസന പാതകളും. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അജണ്ടയിൽ രാജ്യം ഉറച്ചുനിൽക്കുന്നു. 

പാകിസ്ഥാൻ പ്രസിഡൻ്റ് ഇന്നലെ തൻ്റെ പ്രസംഗത്തിൽ ഇന്ത്യയെക്കുറിച്ച് നടത്തിയ നീതീകരിക്കാനാവാത്ത ചില പരാമർശങ്ങളില്‍ ഇന്ത്യ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.  

ഇന്ത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സാമൂഹ്യ വികസനത്തിൽ നിന്ന് ലോകശ്രദ്ധ വ്യതിചലിപ്പിക്കാന്‍  അന്താരാഷ്ട്ര വേദി പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുന്നു.  ഇക്കാര്യം ഇവിടെ കൃത്യമായി രേഖപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

സിന്ധു നദീജല ഉടമ്പടിയെ സംബന്ധിച്ചിടത്തോളം, അതിർത്തി കടന്നുള്ള ശത്രുതയിലൂടെയും ഭീകരവാദത്തിലൂടെയും പാകിസ്ഥാൻ അതിൻ്റെ ആത്മാവിനെ ദുർബലപ്പെടുത്തിയിരിക്കുന്നു. നിയമപരമായ ഇന്ത്യയുടെ പദ്ധതികളെ തടസ്സപ്പെടുത്താന്‍ ഉടമ്പടി സംവിധാനങ്ങളെ പാക്കിസ്ഥാന്‍ ആവർത്തിച്ച് ദുരുപയോഗം ചെയ്തു. 

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിനെ സംബന്ധിച്ചിടത്തോളം, ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ല. പ്രത്യേകിച്ച്, ഇന്ത്യയിലെ പൗരന്മാർക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തില്‍ ഇതിന് ഏറെ ഗൗരവമുണ്ട്.  

വികസനവുമായി ബന്ധപ്പെട്ട് നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെക്കുറിച്ച് പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തുകയും അവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഉചിതം. ഇതാണ് അവരെ അന്താരാഷ്ട്ര സമൂഹത്തിൻ്റെ സഹായങ്ങളെ ആശ്രയിക്കുന്ന രാജ്യമാക്കി മാറ്റിയത്. അന്താരാഷ്ട്ര വേദികളെ ദുരുപയോഗം ചെയ്യുന്നത് പാക്കിസ്ഥാന്‍ നിർത്തണം.

ആദരണീയയരെ,

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സബ്കാ സാഥ്, സബ്കാ വികാസ്' അഥവാ എല്ലാവര്‍ക്കുമൊപ്പം, എല്ലാവർക്കും വികസനം എന്ന മന്ത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നയങ്ങളുടെ കേന്ദ്രബിന്ദുവായി ജനങ്ങളെ കാണുന്നതിനൊപ്പം  നൂതനാശയങ്ങൾ ഉള്‍ച്ചേര്‍ക്കലിൻ്റെതായി മാറുകയും  വികസനം പങ്കാളിത്ത ശ്രമമായി പരിണമിക്കുകയും ചെയ്യുമ്പോഴാണ് സാമൂഹ്യപുരോഗതി കൈവരിക്കാനാവുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഓരോ രാജ്യത്തിൻ്റെയും വ്യത്യസ്ത സാഹചര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും സാമൂഹ്യ അനിവാര്യതകളും ഈ വേദി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഇന്ത്യയുടെ വികസന പാത ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങള്‍ക്ക്  ഒരു അനുകരണീയ വികസന മാതൃക നൽകുന്നു. സാമൂഹ്യ വികസനത്തിൻ്റെ ഭാവി ഗതി നാം കൂട്ടായി രൂപപ്പെടുത്തുമ്പോൾ മികച്ച മാതൃകകൾ പങ്കുവെക്കാനും ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യ സജ്ജമാണ്.  

സാമൂഹ്യ നീതിയുടെയും ഉള്‍ച്ചേര്‍ക്കലിൻ്റെയും ലോകം സൃഷ്ടിക്കുന്നതിന് പ്രതിബദ്ധത പുതുക്കാന്‍ ആഗോള നേതാക്കൾക്ക് വേദിയൊരുക്കുന്ന ഈ സമയബന്ധിത ഒത്തുചേരൽ സംഘടിപ്പിച്ചതിന് ഐക്യരാഷ്ട്രസഭയെയും ഖത്തർ സർക്കാരിനെയും ഞാന്‍ പ്രശംസിക്കുന്നു.  

നന്ദി.

 

****


(Release ID: 2186718) Visitor Counter : 18