പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 01 NOV 2025 3:22PM by PIB Thiruvananthpuram

ഛത്തീസ്ഗഢ് ഗവർണർ, രാമൻ ദേക ജി, ലോക്‌സഭാ സ്പീക്കർ, ഓം ബിർള ജി, ഛത്തീസ്ഗഢ് നിയമസഭാ സ്പീക്കർ, എന്റെ സുഹൃത്ത് രമൺ സിംഗ് ജി, സംസ്ഥാന മുഖ്യമന്ത്രി, വിഷ്ണു ദിയോ സായ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകൻ, തോഖൻ സാഹു ജി, ഉപമുഖ്യമന്ത്രിമാർ, വിജയ് ശർമ്മ ജിയും , അരുൺ സാവു ജിയും  സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ചരൺ ദാസ് മഹന്ത് ജി, മറ്റ് വിശിഷ്ട മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന മഹതികളെ,ബഹുമാന്യരേ!

ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഇന്ന് ഒരു സുവർണ്ണ തുടക്കം കുറിക്കുന്നു. വ്യക്തിപരമായി, ഇത് എനിക്ക് വളരെ സവിശേഷവും സന്തോഷകരവുമായ ദിവസമാണ്. പതിറ്റാണ്ടുകളായി ഈ മണ്ണുമായി എനിക്ക് ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ട്. ഒരു പൊതുപ്രവർത്തകൻ  എന്ന നിലയിൽ, ഞാൻ ഛത്തീസ്ഗഢിൽ ധാരാളം സമയം ചെലവഴിച്ചു, ഈ സ്ഥലത്ത് നിന്ന് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. ഛത്തീസ്ഗഢിലെ ജനങ്ങളും മണ്ണും എന്റെ ജീവിതത്തെ വളരെയധികം അനുഗ്രഹിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിന്റെ ആശയവും സങ്കൽപ്പവും മുതൽ, അതിന്റെ രൂപീകരണത്തിലേക്ക് നയിച്ച ദൃഢനിശ്ചയവും, ആ സ്വപ്ന സാക്ഷാത്കാരവും വരെ, സംസ്ഥാനത്തിന്റെ പരിവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും ഞാൻ ഒരു സാക്ഷിയാണ്. ഇന്ന്, ഛത്തീസ്ഗഢ് അതിന്റെ 25 വർഷത്തെ യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോൾ, ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ എനിക്ക് വീണ്ടും ബഹുമതി ലഭിച്ചിരിക്കുന്നു. ഈ രജതജൂബിലി ആഘോഷം ആഘോഷിക്കുന്നതിനായി സംസ്ഥാനത്തെ ജനങ്ങൾക്കായി ഈ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ട്. ഈ ശുഭകരമായ അവസരത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

2025 ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അമൃത് വർഷമായും ആഘോഷിക്കുന്നു. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, ഭാരതം അതിന്റെ ഭരണഘടന പൗരന്മാർക്ക് സമർപ്പിച്ചു. ഈ ചരിത്ര അവസരത്തിൽ, ഈ പ്രദേശത്തുനിന്ന് ഭരണഘടനാ അസംബ്ലിയിലെ പ്രമുഖ അംഗങ്ങളായ പണ്ഡിറ്റ് രവിശങ്കർ ശുക്ല ജി, ബാരിസ്റ്റർ താക്കൂർ ചെഡിലാൽ ജി, ഘനശ്യാം സിംഗ് ഗുപ്ത ജി, കിഷോരി മോഹൻ ത്രിപാഠി ജി, രാംപ്രസാദ് പൊട്ടായ് ജി, രഘുരാജ് സിംഗ് ജി എന്നിവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. വളരെ അവികസിതമായ ഈ പ്രദേശത്ത് നിന്ന് വരുന്ന ഈ ദർശകർ ഡൽഹിയിലെത്തി ഡോ. ബാബാസാഹേബ് അംബേദ്കറുടെ നേതൃത്വത്തിൽ നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

സുഹൃത്തുക്കളേ,

ഇന്ന് ഛത്തീസ്ഗഢിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമാണ്. ഈ മഹത്തായതും ആധുനികവുമായ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം വെറുമൊരു ഘടനയുടെ സമർപ്പണം മാത്രമല്ല, ജനങ്ങളുടെ അഭിലാഷങ്ങളുടെയും പോരാട്ടങ്ങളുടെയും അഭിമാനത്തിന്റെയും 25 വർഷത്തെ ആഘോഷം കൂടിയാണ്. ഇന്ന്, ഛത്തീസ്ഗഢ് അതിന്റെ സ്വപ്നങ്ങളുടെ ഒരു പുതിയ കൊടുമുടിയിൽ നിൽക്കുന്നു. ഈ അഭിമാനകരമായ നിമിഷത്തിൽ, ഈ സംസ്ഥാന രൂപീകരണത്തിന് ഹേതുവായ മഹാനായ ആ  ദർശകൻ്റെ തനതായ  ദീർഘവീക്ഷണത്തേയും കാരുണ്യത്തേയും  ഞാൻ നമിക്കുന്നു, ഭാരതരത്നമാണ് ആ മഹാനായ അടൽ ബിഹാരി വാജ്‌പേയി ജി.

സുഹൃത്തുക്കളേ,

2000-ൽ അടൽ ജി ഛത്തീസ്ഗഢ് സംസ്ഥാനം സൃഷ്ടിച്ചപ്പോൾ, അദ്ദേഹത്തിന്റെ തീരുമാനം കേവലം ഭരണപരമായ ഒന്നായിരുന്നില്ല. വികസനത്തിന്റെ പുതിയ പാതകൾ തുറക്കുന്നതിനും ഛത്തീസ്ഗഢിന്റെ ആത്മാവിന് തന്നെ വ്യക്തിത്വം നൽകുന്നതിനുമുള്ള ഒരു ദർശനാത്മകമായ ചുവടുവയ്പ്പായിരുന്നു ആ തീരുമാനം. അതുകൊണ്ടാണ് ഇന്ന്, അടൽ ജിയുടെ പ്രതിമ അനാച്ഛാദനത്തോടൊപ്പം മഹത്തായ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, എന്റെ ഹൃദയം വികാരഭരിതമാകുന്നത് . എനിക്ക് ഇങ്ങനെ പറയാൻ തോന്നുന്നു: അടൽ ജി, താങ്കൾ  എവിടെയായിരുന്നാലും, നോക്കൂ താങ്കളുടെ  സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. താങ്കൾ  നിർമ്മിച്ച ഛത്തീസ്ഗഢ് ഇന്ന് ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കുന്നു, പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തുന്നു.

സുഹൃത്തുക്കളേ,

ഛത്തീസ്ഗഢ് നിയമസഭയുടെ ചരിത്രം തന്നെ ഒരു പ്രചോദനമാണ്. 2000-ൽ ഈ മനോഹരമായ സംസ്ഥാനം രൂപീകൃതമായപ്പോൾ, റായ്പൂരിലെ രാജ്കുമാർ കോളേജിലെ ജാഷ്പൂർ ഹാളിലാണ് ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത്. പരിമിതമായ വിഭവങ്ങളുടെ നാളുകളായിരുന്നു അത്, എന്നാൽ പരിധിയില്ലാത്ത സ്വപ്നങ്ങളായിരുന്നു അത്. അക്കാലത്തെ ഒരേയൊരു വികാരം നമ്മൾ നമ്മുടെ വിധി രൂപപ്പെടുത്തുകയും അത് വേഗത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യുമെന്നതായിരുന്നു. പിന്നീട്, ഉയർന്നുവന്ന നിയമസഭാ കെട്ടിടവും യഥാർത്ഥത്തിൽ മറ്റൊരു വകുപ്പിന്റെ ഭാഗമായിരുന്നു. അവിടെ നിന്നാണ് ഛത്തീസ്ഗഢിന്റെ ജനാധിപത്യ യാത്ര ആരംഭിച്ചത്, പുതിയ ഊർജ്ജം പകർന്നതും . ഇന്ന്, 25 വർഷങ്ങൾക്ക് ശേഷം, അതേ ജനാധിപത്യവും അതേ ആളുകളും ഒരു ആധുനിക, ഡിജിറ്റൽ, സ്വാശ്രയ നിയമസഭാ സമുച്ചയം ഉദ്ഘാടനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഈ കെട്ടിടം ജനാധിപത്യത്തിന്റെ ഒരു പുണ്യസ്ഥലമാണ്. ഇവിടുത്തെ ഓരോ തൂണും സുതാര്യതയുടെ പ്രതീകമായി നിലകൊള്ളുന്നു. ഓരോ ഇടനാഴിയും നമ്മെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. ഓരോ മുറിയും ജനങ്ങളുടെ ശബ്ദത്തെ പ്രതിഫലിപ്പിക്കുന്നു. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ വരും ദശകങ്ങളിൽ ഛത്തീസ്ഗഢിന്റെ വിധി നിർണ്ണയിക്കും. ഇവിടെ സംസാരിക്കുന്ന ഓരോ വാക്കും ഛത്തീസ്ഗഢിന്റെ ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും ഒരു പ്രധാന ഭാഗമായി മാറും. തലമുറകളോളം സംസ്ഥാനത്തിന്റെ നയങ്ങളുടെയും, വിധിയുടെയും, നയരൂപീകരണക്കാരുടെയും കേന്ദ്രമായി ഈ കെട്ടിടം പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന്, മുഴുവൻ രാജ്യവും 'വിരാസത്ത്' (പൈതൃകം), 'വികാസ്' (വികസനം) എന്നിവയെ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. സർക്കാരിന്റെ ഓരോ നയത്തിലും തീരുമാനത്തിലും ഈ ചൈതന്യം ദൃശ്യമാണ്. പവിത്രമായ സെങ്കോൽ നമ്മുടെ പുതിയ പാർലമെന്റിനെ പ്രചോദിപ്പിക്കുന്നു. പാർലമെന്റിന്റെ പുതിയ ഗാലറികൾ ലോകത്തെ മുഴുവൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ പുരാതന വേരുകളുമായി ബന്ധിപ്പിക്കുന്നു. പാർലമെന്റ് സമുച്ചയത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമകൾ ഭാരതത്തിൽ ജനാധിപത്യത്തിന്റെ വേരുകൾ എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ഈ ദർശനവും ചൈതന്യവും ഛത്തീസ്ഗഢിലെ പുതിയ നിയമസഭാ കെട്ടിടത്തിലും പ്രതിഫലിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ഛത്തീസ്ഗഢിലെ പുതിയ നിയമസഭാ സമുച്ചയം സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ്. ഈ നിയമസഭയുടെ ഓരോ കോണിലും ഛത്തീസ്ഗഢിലെ പുണ്യഭൂമിയിൽ ജനിച്ച മഹാന്മാരുടെ പ്രചോദനം നിറഞ്ഞിരിക്കുന്നു. പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുന്ന 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക) ബിജെപി സർക്കാരിനു കീഴിലുള്ള സദ്ഭരണത്തിന്റെ മുഖമുദ്രകളാണ്, അവ രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവിനെയും പ്രതിനിധീകരിക്കുന്നു. ഈ മൂല്യങ്ങൾ നമ്മുടെ ഋഷിമാരുടെയും ഋഷീശ്വരൻമാരുടെയും മഹാന്മാരായ  നേതാക്കളുടെയും ശാശ്വത പ്രബോധനങ്ങളാണ് .

സുഹൃത്തുക്കളേ,

ഈ മനോഹരമായ കെട്ടിടം ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, ബസ്താർ കലയുടെ മനോഹരമായ ഒരു കാഴ്ച എനിക്ക് കാണാൻ കഴിഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ തായ്‌ലൻഡ് പ്രധാനമന്ത്രിക്ക് ബസ്താർ കലയുടെ ഒരു ഭാഗം സമ്മാനിച്ചത് ഞാൻ ഓർക്കുന്നു. ബസ്താറിൽ നിന്നുള്ള ഈ കലാരൂപം നമ്മുടെ സർഗ്ഗാത്മകതയുടെയും സാംസ്കാരിക ശക്തിയുടെയും പ്രതീകമാണ്.

സുഹൃത്തുക്കളേ,

ഈ അസംബ്ലിയുടെ ചുവരുകളിൽ ബാബാ ഗുരു ഗാസിദാസ് ജിയുടെ "മണിഖേ-മണിഖേ ഏക് സമാന്" (എല്ലാ മനുഷ്യരും തുല്യരാണ്) എന്ന സന്ദേശം ഉൾക്കൊള്ളുന്നു, അത് സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ സമ്മാൻ (ഒരുമ, എല്ലാവർക്കും വികസനം, എല്ലാവരോടും ബഹുമാനം) എന്നിവയുടെ സത്ത നമ്മെ പഠിപ്പിക്കുന്നു. ഈ കെട്ടിടത്തിന്റെ ഓരോ വാതിലിലും മാതാ ശബരി പഠിപ്പിച്ച ഊഷ്മളതയും വിനയവും ഉൾക്കൊള്ളുന്നു, ഓരോ അതിഥിയെയും ഓരോ പൗരനെയും വാത്സല്യത്തോടെ സ്വാഗതം ചെയ്യാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ അസംബ്ലിയിലെ ഓരോ ഇരിപ്പിടവും വിശുദ്ധ കബീർ പഠിപ്പിച്ച സത്യത്തിന്റെയും നിർഭയത്വത്തിന്റെയും ആത്മാവിനെ വഹിക്കുന്നു. ഈ കെട്ടിടത്തിന്റെ അടിത്തറയിൽ തന്നെ മഹാപ്രഭു വല്ലഭാചാര്യ ജിയുടെ ദൃഢനിശ്ചയമുണ്ട്, അത് 'നർ സേവ, നാരായണ സേവ' എന്നതാണ്  (മനുഷ്യരാശിക്കുള്ള സേവനം ദൈവത്തോടുള്ള സേവനമാണ്.)

സുഹൃത്തുക്കളേ,

ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്. നമ്മുടെ ഗോത്ര സമൂഹം തലമുറകളായി ഈ ജനാധിപത്യ പാരമ്പര്യങ്ങളിൽ  ജീവിക്കുകയും അവ പിന്തുടരുകയും ചെയ്തിട്ടുണ്ട്. ബസ്തറിലെ 'ആദിം സൻസദ്' (പുരാതന പാർലമെന്റ്) എന്നറിയപ്പെടുന്ന മുരിയ ദർബാർ ഈ പൈതൃകത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. നൂറ്റാണ്ടുകളായി, നമ്മുടെ സമൂഹവും ഭരണകൂടവും കൂട്ടായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി 'ആദിം സൻസദ്' വഴി ഒന്നിച്ചു. ഈ പുതിയ അസംബ്ലി മുരിയ ദർബാറിന്റെ പാരമ്പര്യത്തിന് അർഹമായ ഇടവും ബഹുമാനവും നൽകുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

സുഹൃത്തുക്കളേ,

ഒരു വശത്ത്, ഈ നിയമസഭയുടെ ഓരോ കോണിലും നമ്മുടെ മഹാന്മാരുടെ ആദർശങ്ങൾ പ്രതിഫലിക്കുമ്പോൾ, മറുവശത്ത്, അതിന്റെ സ്പീക്കറുടെ കസേര രാമൻ സിംഗ് ജിയുടെ പരിചയസമ്പന്നമായ നേതൃത്വത്താൽ അലങ്കരിച്ചിരിക്കുന്നു. സമർപ്പിതനായ ഒരു പാർട്ടി പ്രവർത്തകന് കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ജനാധിപത്യ വ്യവസ്ഥയെ അതിന്റെ യഥാർത്ഥ ആത്മാവിൽ ശക്തിപ്പെടുത്താനും ഉയർത്തിപ്പിടിക്കാനും എങ്ങനെ കഴിയുമെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി രാമൻ ജി നിലകൊള്ളുന്നു.

സുഹൃത്തുക്കളേ,

ക്രിക്കറ്റിൽ, ഒരിക്കൽ ക്യാപ്റ്റനായിരുന്ന ഒരാൾ പിന്നീട് ടീം അംഗമായി കളിക്കുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട്, എന്നാൽ രാഷ്ട്രീയത്തിൽ അത്തരം ഉദാഹരണങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. എന്നിട്ടും രാമൻ സിംഗ് ജി കൃത്യമായി ഈ മാതൃകയാണ് കാണിക്കുന്നത്. ഒരിക്കൽ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഇപ്പോൾ ഛത്തീസ്ഗഡിന്റെ പുരോഗതിക്കായി യഥാർത്ഥ മനസ്സോടെയും പ്രതിബദ്ധതയോടെയും സേവനം തുടരുന്നു. സംസ്ഥാന സേവനത്തിനായി സമർപ്പിതനായ ഓരോ പ്രവർത്തകനും  അദ്ദേഹം ഒരു പ്രചോദനമായി നിലകൊള്ളുന്നു.

സുഹൃത്തുക്കളേ,

രാഷ്ട്രകവി നിരാല ജി ഒരിക്കൽ സരസ്വതി ദേവിയോട് തന്റെ ശ്ലോകത്തിൽ പ്രാർത്ഥിച്ചിരുന്നു: प्रिय स्वतंत्र-रव अमृत-मंत्र नव भारत में भर दे (പ്രിയ സ്വാതന്ത്ര്യ മന്ത്രത്തിന്റെ  തേനിനാൽ  പുതിയ ഭാരതത്തെ നിറയ്ക്കുക). ഇവ വെറും കാവ്യാത്മകമായ വരികളല്ല, പുതിയതും സ്വതന്ത്രവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള മന്ത്രമായിരുന്നു. ഒരു പുതിയ താളം, പുതിയ വേഗത, പുതിയ ശബ്ദം, അതായത്, പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതും എന്നാൽ ഭാവിയിലേക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ മുന്നേറുന്നതുമായ ഒരു ഭാരതത്തിന്റെ ദർശനം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ന്, ഛത്തീസ്ഗഢിലെ ഈ പുതിയ നിയമസഭാ കെട്ടിടത്തിൽ നമ്മൾ നിൽക്കുമ്പോൾ, ആ ആത്മാവ് ഇവിടെ സജീവമായി അനുഭവപ്പെടുന്നു. പഴയ അനുഭവങ്ങളുടെ പ്രതിധ്വനി പുതിയ സ്വപ്നങ്ങളുടെ ഊർജ്ജവുമായി സംഗമിക്കുന്ന ആ 'പുതിയ ശബ്ദ'ത്തിന്റെ പ്രതീകമാണ് ഈ കെട്ടിടം. ഈ ഊർജ്ജം ഉപയോഗിച്ച്, നമ്മൾ ഒരു ഭാരതം നിർമ്മിക്കുകയും , 'വിരാസത്ത്' (പൈതൃകം) യുമായി ബന്ധപ്പെട്ടിരിക്കുന്നതും , എന്നാൽ 'വികാസ്' (വികസനം) പാതയിൽ ആത്മവിശ്വാസത്തോടെ മുന്നേറുന്നതുമായ  ഒരു ഛത്തീസ്ഗഢിന് അടിത്തറയിടുകയും വേണം.

സുഹൃത്തുക്കളേ,

‘നാഗരിക് ദേവോ ഭവ’ (പൗരൻ ദിവ്യനാണ്) എന്നതാണ് നമ്മുടെ സദ്ഭരണത്തിന്റെ മാർഗ്ഗനിർദ്ദേശ മന്ത്രം. അതുകൊണ്ടാണ് ഈ അസംബ്ലിയിൽ എടുക്കുന്ന ഓരോ തീരുമാനവും ജനങ്ങളുടെ ക്ഷേമത്തിൽ വേരൂന്നിയതായിരിക്കണം. പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുന്നതിനും, ജനങ്ങളുടെ ജീവിതം ലളിതമാക്കുന്നതിനും, അനാവശ്യമായ സർക്കാർ ഇടപെടൽ കുറയ്ക്കുന്നതിനും സഹായിക്കുന്ന നിയമങ്ങൾ ഇവിടെ നിർമ്മിക്കണം. സർക്കാരിന്റെ അഭാവമോ അമിതത്വമോ ഉണ്ടാകരുത്. ദ്രുതഗതിയിലുള്ള പുരോഗതിക്കുള്ള ഒരേയൊരു യഥാർത്ഥ മന്ത്രമാണിത്.

സുഹൃത്തുക്കളേ,

നമ്മുടെ ഛത്തീസ്ഗഢ് ഭഗവാൻ ശ്രീരാമന്റെ മാതൃഭവനമാണ്. ഭഗവാൻ ശ്രീരാമൻ ഈ നാടിന്റെ പ്രിയപ്പെട്ട അനന്തരവനാണ്. ഈ പുതിയ നിയമസഭാ സമുച്ചയത്തിൽ ഭഗവാൻ ശ്രീരാമന്റെ ആദർശങ്ങൾ ഓർക്കാൻ ഇന്നത്തേക്കാൾ നല്ല അവസരം മറ്റെന്തുണ്ട്. ഭഗവാൻ ശ്രീരാമന്റെ ആദർശങ്ങൾ നമ്മെ നല്ല ഭരണത്തിന്റെ തത്വങ്ങൾ പഠിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങിനിടെ, നാമെല്ലാവരും "ദേവ് ടു ദേശ്", "രാം ടു രാഷ്ട്ര് " (ദൈവത്തിൽ നിന്ന് രാഷ്ട്രത്തിലേക്ക്, രാമനിൽ നിന്ന് റിപ്പബ്ലിക്കിലേക്ക്) എന്നീ പ്രതിജ്ഞകൾ എടുത്തു."രാം ടു രാഷ്ട്ര് " എന്നാൽ रामराज बैठे त्रैलोका। हरषित भए गए सब सोका എന്നാണ് അർത്ഥമാക്കുന്നതെന്ന് നാം ഓർമ്മിക്കണം.അതായത്, നല്ല ഭരണത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും ഒരു വാഴ്ച. സബ്കാ സാത്ത്, സബ്കാ വികാസ് നയിക്കുന്ന ഒരു ഭരണം എന്നാണ് ഇതിനർത്ഥം. "രാം ടു രാഷ്ട്ര് " എന്നാൽ नहिं दरिद्र कोउ, दुखी न दीना,എന്നാണ്   അതായത്, ആരും ദരിദ്രരല്ലാത്ത, ആർക്കും  ദുരിതമില്ലാത്ത ഒരു രാഷ്ട്രം; ദാരിദ്ര്യമില്ലാത്ത ഒരു സമ്പന്നമായ ഭാരതം. “രാം ടു രാഷ്ട്ര് ” എന്നാൽ अल्पम्रत्यु नहिं कवनिउ पीरा എന്നും അർത്ഥമുണ്ട്  അതായത്, അകാല മരണമോ രോഗങ്ങളോ ഇല്ലാത്തത്; ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു ഭാരതത്തിന്റെ സൃഷ്ടി. “രാം ടു രാഷ്ട്ര്  ” എന്നാൽ मानउँ एक भगति कर नाता, അതായത്, സാമൂഹിക നീതിയുടെയും എല്ലാവർക്കും തുല്യതയുടെയും അടിത്തറയിൽ നിർമ്മിച്ച വിവേചനരഹിതമായ ഒരു സമൂഹം എന്നും അർത്ഥമാക്കുന്നു.

സുഹൃത്തുക്കളേ,

"രാം ടു രാഷ്ട്ര" എന്നതിന്റെ അർത്ഥം "निसिचर हीन करउँ महि भुज उठाइ पन कीन्ह" എന്നാണ്, അതായത്, മനുഷ്യത്വത്തിനെതിരായ ശക്തികളെ ഉന്മൂലനം ചെയ്യുന്നതിനും ഭീകരത അവസാനിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞ. ഓപ്പറേഷൻ സിന്ദൂരിൽ നമ്മൾ കണ്ടത് ഇതാണ്. ഭീകരതയെ തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട്, ഭാരതം ഭീകര ശൃംഖലകളുടെ നട്ടെല്ല് തകർക്കുകയാണ്. നക്സലിസവും മാവോയിസ്റ്റ് അക്രമവും അവസാനിപ്പിക്കുന്നതിലേക്ക് ഭാരതം ഇപ്പോൾ നിർണായകമായി നീങ്ങുകയാണ്. അഭൂതപൂർവമായ വിജയങ്ങളിൽ ഭാരതം ഇന്ന് അഭിമാനത്താൽ നിറഞ്ഞിരിക്കുന്നു, ഈ പുതിയ ഛത്തീസ്ഗഡ് നിയമസഭാ സമുച്ചയത്തിലുടനീളം ഇതേ അഭിമാനബോധം പ്രസരിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ ഛത്തീസ്ഗഡ് ശ്രദ്ധേയവും പ്രചോദനാത്മകവുമായ ഒരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ഒരുകാലത്ത് നക്സലിസത്തിനും പിന്നോക്കാവസ്ഥയ്ക്കും പേരുകേട്ട അതേ സംസ്ഥാനം ഇന്ന് സമൃദ്ധിയുടെയും സുരക്ഷയുടെയും സ്ഥിരതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. ബസ്തർ ഒളിമ്പിക്‌സിനെക്കുറിച്ച് ഇപ്പോൾ രാജ്യമെമ്പാടും ചർച്ചകൾ നടക്കുന്നു. ഒരുകാലത്ത് നക്സലിസം ബാധിച്ച പ്രദേശങ്ങൾ ഇപ്പോൾ വികസനത്തിന്റെ ഒരു തരംഗവും സമാധാനത്തിന്റെ പുഞ്ചിരിയും കാണുന്നു. ഈ പരിവർത്തനത്തിന് പിന്നിൽ ഛത്തീസ്ഗഡിലെ ജനങ്ങളുടെ കഠിനാധ്വാനവും ബിജെപി സർക്കാരുകളുടെ ദീർഘവീക്ഷണമുള്ള നേതൃത്വവുമാണ്.

സുഹൃത്തുക്കളേ,

ഛത്തീസ്ഗഢിന്റെ രജതജൂബിലി ആഘോഷങ്ങൾ വെറുമൊരു നാഴികക്കല്ല് മാത്രമല്ല, വലിയൊരു യാത്രയുടെ തുടക്കവുമാണ്. 2047 ആകുമ്പോഴേക്കും ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, 'വിക്ഷിത് ഭാരത്' (വികസിത ഇന്ത്യ) എന്ന ദർശനം കൈവരിക്കുന്നതിൽ ഛത്തീസ്ഗഢ് ഒരു പ്രധാന പങ്ക് വഹിക്കും. അതിനാൽ, ഇവിടെ സന്നിഹിതരായ എല്ലാവരോടും, ഓരോ പൊതുപ്രതിനിധികളോടും, 'വിക്ഷിത് ഭാരത്' എന്ന ആശയത്തിൽ  ഓരോ സംസ്ഥാനത്തിനും പുതിയ ഉയരങ്ങൾ കൈവരിക്കാൻ പ്രചോദനം നൽകുന്ന ഒരു സംവിധാനവും ഒരു അസംബ്ലിയും കെട്ടിപ്പടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ സഭയിൽ നടക്കുന്ന എല്ലാ ചർച്ചകളിലും, ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങളിലും,  മികവ് ഉണ്ടാകട്ടെ. നമ്മൾ എന്ത് ചെയ്താലും, ഏത് രൂപത്തിൽ ചെയ്താലും, നമ്മുടെ ആത്യന്തിക ലക്ഷ്യം "വിക്ഷിത് ഛത്തീസ്ഗഢ്, വിക്ഷിത് ഭാരത്" (വികസിത ഇന്ത്യയ്ക്ക് ഒരു വികസിത ഛത്തീസ്ഗഢ്) ആയിരിക്കണം.

സുഹൃത്തുക്കളേ,

ഈ പുതിയ നിയമസഭയുടെ യഥാർത്ഥ മഹത്വം അതിന്റെ വാസ്തുവിദ്യാ മഹത്വത്താൽ നിർവചിക്കപ്പെടില്ല, മറിച്ച് ഇവിടെ എടുക്കുന്ന ക്ഷേമാധിഷ്ഠിത തീരുമാനങ്ങളിലൂടെയാണ്. ജനങ്ങളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഈ സഭ എത്രത്തോളം ആഴത്തിൽ മനസ്സിലാക്കുന്നു, അവ നിറവേറ്റാൻ അത് എത്രത്തോളം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് അളക്കപ്പെടുന്നത്. ഇവിടുത്തെ ഓരോ തീരുമാനവും കർഷകരുടെ അധ്വാനത്തെ ബഹുമാനിക്കുകയും, യുവാക്കളുടെ അഭിലാഷങ്ങളെ നയിക്കുകയും, 'നാരി ശക്തി'യിൽ (സ്ത്രീ ശാക്തീകരണം) പുതിയ പ്രതീക്ഷകൾ കൊണ്ടുവരുകയും, സമൂഹത്തിലെ ഏറ്റവും ദരിദ്രരെ ഉയർത്തുകയും വേണം. ഈ നിയമസഭ നിയമങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു സ്ഥലം മാത്രമല്ല, ഛത്തീസ്ഗഢിന്റെ വിധി രൂപപ്പെടുത്തുന്നതിനുള്ള ഒരു ജീവസുറ്റ കേന്ദ്രമാണെന്ന് നാം ഓർമ്മിക്കണം. ഇവിടെ ജനിക്കുന്ന ഓരോ ആശയവും പൊതുജനസേവനത്തിന്റെ ആത്മാവും, വികസനത്തിനായുള്ള ദൃഢനിശ്ചയവും, ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ആത്മവിശ്വാസവും ഉൾക്കൊള്ളണം. അതാണ് നമ്മുടെ  കൂട്ടായ ദൃഢനിശ്ചയം.

സുഹൃത്തുക്കളേ,

ഒരു ജനാധിപത്യത്തിൽ, കടമ എപ്പോഴും ഒന്നാമതായിരിക്കണം. പുതിയ നിയമസഭയുടെ ഉദ്ഘാടനത്തിന്റെ ഈ നിമിഷത്തിൽ, നമ്മുടെ പൊതുജീവിതം സത്യസന്ധതയോടും പ്രതിബദ്ധതയോടും കൂടി നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി സമർപ്പിക്കുമെന്ന് നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം. ഈ പവിത്രമായ സമുച്ചയത്തിൽ നിന്ന്, നമ്മുടെ റിപ്പബ്ലിക്കിന്റെ അമൃത് വർഷത്തിൽ, ജനങ്ങളെ സേവിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ദൗത്യമാക്കുമെന്ന് നമുക്ക് ആണയിടാം.ജനാധിപത്യത്തിന്റെ ഈ മനോഹരമായ പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് എല്ലാവർക്കും ഞാൻ വീണ്ടും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഈ ദർശനം യാഥാർത്ഥ്യമാക്കിയതിന് മുഖ്യമന്ത്രിയെയും എന്റെ സുഹൃത്ത് രമൺ സിംഗ് ജിയെയും ഞാൻ പ്രത്യേകിച്ച് അഭിനന്ദിക്കുന്നു. ജയ് ഭാരത്! ജയ് ഛത്തീസ്ഗഡ്! വളരെ നന്ദി.

****


(रिलीज़ आईडी: 2185926) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Telugu , Kannada