ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'റൺ ഫോർ യൂണിറ്റി' കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു

Posted On: 31 OCT 2025 1:08PM by PIB Thiruvananthpuram
2025 ലെ ദേശീയ ഏകതാ ദിനത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിൽ ഇന്ന് സംഘടിപ്പിച്ച  'റൺ ഫോർ യൂണിറ്റി' കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജനങ്ങൾക്ക് ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ മനോഹർ ലാൽ, ഡോ.മൻസുഖ് മാണ്ഡവ്യ, ഡൽഹി ലെഫ്റ്റനൻ്റ്  ഗവർണർ ശ്രീ വി.കെ സക്‌സേന, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ബണ്ടി സഞ്ജയ് കുമാർ എന്നിവരും മറ്റ് നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

ഇന്നത്തെ ദിനം വളരെയേറെ  പ്രത്യേകതയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.2014 മുതൽ എല്ലാ വർഷവും ഒക്ടോബർ 31 ന് സർദാർ പട്ടേലിനോടുള്ള ബഹുമാനാർത്ഥം  'റൺ ഫോർ യൂണിറ്റി' സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികദിനമാണെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ഇതൊരു
പ്രത്യേക പരിപാടിയായി ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഇന്നത്തെ ഭൂപടം രൂപപ്പെടുത്തുന്നതിലും സർദാർ പട്ടേൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി.മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യസമരത്തിൽ പങ്കുചേരുന്നതിനായി സർദാർ പട്ടേൽ തൻ്റെ അഭിഭാഷകജീവിതം ഉപേക്ഷിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. കർഷകരോടുള്ള അനീതിക്കെതിരെ ആരംഭിച്ച 1928 ലെ ബർദോളി സത്യാഗ്രഹത്തിലൂടെയാണ് സർദാർ പട്ടേലിൻ്റെ നേതൃപാടവങ്ങൾ പ്രകടമായതെന്ന് ശ്രീ ഷാ പറഞ്ഞു.സർദാർ പട്ടേലിൻ്റെ നേതൃത്വത്തിൽ കർഷകർ അവരുടെ പ്രസ്ഥാനം ആരംഭിച്ചതായും ഒരു ചെറിയ പട്ടണത്തിൽ ആരംഭിച്ച ഈ സമരം താമസിയാതെ രാജ്യവ്യാപകമായ കർഷക പ്രസ്ഥാനമായി വളരുകയും ചെയ്തു. ഇത്  കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്ഥാനത്തിന് ശേഷമാണ് മഹാത്മാഗാന്ധി വല്ലഭായ് പട്ടേലിന് "സർദാർ" എന്ന പദവി നല്കിയതെന്നും അന്നുമുതൽ അദ്ദേഹം സർദാർ വല്ലഭായ് പട്ടേൽ എന്നറിയപ്പെട്ടുവെന്നും ശ്രീ ഷാ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ രാജ്യത്തെ 562 നാട്ടുരാജ്യങ്ങളായി വിഭജിച്ചുവെന്നും, ഇത്രയധികം സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ട ഒരു രാജ്യം എങ്ങനെ ഒരു സംയോജിത ഇന്ത്യയായി മാറുമെന്നതിനെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സർദാർ പട്ടേലിൻ്റെ  അക്ഷീണമായ പരിശ്രമം,ദൃഢനിശ്ചയം,രാഷ്ട്രതന്ത്രജ്ഞത എന്നിവ മൂലമാണ് 562 നാട്ടുരാജ്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകീകരിക്കപ്പെട്ടതെന്നും അതിലൂടെ ഇന്ത്യയുടെ ഇപ്പോഴത്തെ ഭൂപടത്തിന് രൂപം നല്കുകയും നമ്മുടെ രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തതെന്നും  അദ്ദേഹം പറഞ്ഞു.

കത്തിയവാർ,ഭോപ്പാൽ,ജുനഗഡ്,ജോധ്പൂർ,തിരുവിതാംകൂർ,ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങൾ വേറിട്ട് നിൽക്കാൻ വ്യത്യസ്ത തരത്തിലുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സർദാർ പട്ടേലിൻ്റെ ഉരുക്കുമുഷ്ടിയും വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യവും അവയെയെല്ലാം സംയോജിപ്പിച്ച് ഒരു ഏകീകൃത ഇന്ത്യ രൂപപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കശ്മീരിനെ ഇന്ത്യയുമായി പൂർണ്ണമായി സംയോജിപ്പിക്കുക എന്ന ദൗത്യം മാത്രമാണ് അദ്ദേഹത്തിന് പൂർത്തിയാക്കാൻ സാധിക്കാതെ പോയത്.ആർട്ടിക്കിൾ 370 മൂലം ആ ലക്ഷ്യം അന്നത്തെ കാലത്ത് കൈവരിക്കാനായില്ല.എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,സർദാർ പട്ടേലിൻ്റെ പൂർത്തിയാകാത്ത ആ ദൗത്യം നിറവേറ്റിയെന്നും ഇന്ന് നമ്മുടെ മുന്നിൽ ഒരു യഥാർത്ഥ ഏകീകൃത ഇന്ത്യയുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച ദിവസം എല്ലാവരും ദേശീയ പതാക ഉയർത്തുന്ന തിരക്കിലായിരുന്നപ്പോൾ സർദാർ പട്ടേൽ നാവിക യുദ്ധക്കപ്പൽ നിരീക്ഷിക്കുകയായിരുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.ആ സമയത്ത് ലക്ഷദ്വീപിൻ്റെ നിയന്ത്രണം ആർക്കായിരിക്കും എന്ന വിഷയം ഒരു പ്രധാന പ്രശ്നമായിരുന്നു.അവിടേക്ക്  ഉടനടി നാവികസേനയെ അയച്ച് ത്രിവർണ്ണ പതാക ഉയർത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിലൂടെ, ലക്ഷദ്വീപിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നതിൽ സർദാർ പട്ടേൽ ഗണ്യമായ സംഭാവന നല്കിയെന്നും അദ്ദേഹം പരാമർശിച്ചു.

അന്നത്തെ പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകൾ സർദാർ പട്ടേലിന് അർഹമായ ബഹുമാനം നല്കിയിട്ടില്ലെന്നും അദ്ദേഹത്തിന് ഭാരതരത്ന ലഭിക്കാൻ 41 വർഷമെടുത്തുവെന്നും കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി പറഞ്ഞു.സർദാർ പട്ടേലിൻ്റെ മഹത്തായ സംഭാവനകൾക്ക് അർഹമായ ഒരു സ്മാരകവും അതുവരെ നിർമ്മിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ, ലോകം മുഴുവൻ ശ്രദ്ധിക്കുന്ന തരത്തിൽ കെവാദിയ കോളനിയിൽ സർദാർ പട്ടേലിൻ്റെ മഹത്തായ സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചു.അവിടെയാണ് ഏകതാ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി)എന്ന ആശയം രൂപപ്പെട്ടത്.2013 ഒക്ടോബർ 31 ന് ഏകതാ പ്രതിമയുടെ ശിലാ സ്ഥാപനം നടത്തിയതായും വെറും 57 മാസങ്ങൾക്കുള്ളിൽ 182 മീറ്റർ ഉയരമുള്ള സർദാർ പട്ടേലിൻ്റെ  പ്രതിമ പൂർത്തിയായതായും ശ്രീ ഷാ പറഞ്ഞു.ഈ പ്രതിമ ഇപ്പോൾ മുഴുവൻ രാജ്യത്തിൻ്റേയും ഐക്യത്തിൻ്റെ പ്രതീകമായി നിലകൊള്ളുന്നു.സർദാർ പട്ടേൽ ഒരു കർഷക നേതാവായിരുന്നുവെന്നും പ്രതിമ നിർമ്മിക്കാൻ ഉപയോഗിച്ച 25,000 ടൺ ഇരുമ്പ് കർഷകരുടെ ഉപകരണങ്ങൾ ഉരുക്കിയതിൽ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഏകദേശം 25,000 ടൺ ഇരുമ്പ്,90,000 ക്യുബിക് മീറ്റർ കോൺക്രീറ്റ്,1700 ടൺ വെങ്കലം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ കൂറ്റൻ പ്രതിമ രണ്ടര കോടിയോളം ആളുകൾ ഇതിനോടകം സന്ദർശിച്ചിട്ടുണ്ട്.


രാജ്യത്തിൻ്റെ ഐക്യത്തിനും,അഖണ്ഡതയ്ക്കും,ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടി സർദാർ പട്ടേൽ കാണിച്ചുതന്ന പാതയിലൂടെയാണ് ഇന്ത്യ ഇന്ന് മുന്നോട്ട് പോകുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലേയും പോലീസ് സേനകളും കേന്ദ്ര സായുധ പോലീസ് സേനകളും(CAPFs)കെവാദിയയിൽ ഇന്ന് നടത്തിയ ഗംഭീരമായ പരേഡിലൂടെ സർദാർ പട്ടേലിന് ആദരാഞ്ജലി അർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.150-ാം ജന്മവാർഷികത്തിന് ശേഷം,സർദാർ പട്ടേലിനോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഗംഭീരമായ രീതിയിൽ ഏകതാ പരേഡ് സംഘടിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും ശ്രീ ഷാ അറിയിച്ചു.ഈ വർഷം 'റൺ ഫോർ യൂണിറ്റി' യും പ്രതിജ്ഞാ ചടങ്ങും പ്രത്യേക രീതിയിലാണ് ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർദാർ പട്ടേലിൻ്റെ ആശയങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ   പ്രചരിപ്പിക്കുന്നതിനായി കശ്മീർ മുതൽ കന്യാകുമാരി വരെയും ദ്വാരക മുതൽ കാമാഖ്യ വരെയും രാജ്യത്തുടനീളം പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുന്ന യുവജനങ്ങളായിരിക്കും ഇന്ത്യയുടെ ഭാവി ശിൽപ്പികൾ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
 
SKY
 
*****

(Release ID: 2184597) Visitor Counter : 5