വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തി ഇന്ത്യ-യുകെ സമ്പര്‍ക്കസൗകര്യ - നൂതനാശയ കേന്ദ്രത്തിന് തുടക്കം

Posted On: 10 OCT 2025 6:50PM by PIB Thiruvananthpuram

ഡിജിറ്റൽ ഉൾച്ചേര്‍ക്കല്‍ വർധിപ്പിക്കാനും സുരക്ഷിതവും നൂതനവുമായ ആശയവിനിമയത്തിൻ്റെ ഭാവി രൂപപ്പെടുത്താനും ഇന്ത്യയും യുകെ-യും ഇന്ന് തന്ത്രപരമായ സുപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും നൂതനാശയ ശക്തിയെ സംയോജിപ്പിക്കുന്ന ഇന്ത്യ-യു.കെ. സമ്പര്‍ക്കസൗകര്യ - നൂതനാശയ  കേന്ദ്രം സര്‍വകലാശാലകളിലെ അത്യാധുനിക ഗവേഷണങ്ങളെ ലാബ് പരിശോധന, പ്രായോഗിക പരീക്ഷണം,  ഉല്പന്നങ്ങൾ വിപണിയിലെത്തിക്കൽ എന്നിവയുമായി ബന്ധിപ്പിക്കാൻ  സഹായിക്കും. വ്യാവസായിക പങ്കാളികൾക്ക് ഉല്പന്നങ്ങളിൽ നൂതനാശയങ്ങൾ കൊണ്ടുവരാനും പരീക്ഷിക്കാനും വിപണിയിലെത്തിക്കാനും അവസരം നൽകുന്ന ഈ സംരംഭം പുതിയ വാണിജ്യ സാധ്യതകൾ സൃഷ്ടിക്കും.

6-ജി സാങ്കേതികവിദ്യയുടെ വാണിജ്യവും സാങ്കേതികവുമായ അടിസ്ഥാന മാനദണ്ഡങ്ങൾ രൂപപ്പെടുന്ന അടുത്ത നാല് വർഷത്തെ നിര്‍ണായക കാലയളവിൽ മൂന്ന് പ്രധാന മേഖലകളിലെ പുരോഗതിയ്ക്ക് കേന്ദ്രം നേതൃത്വം വഹിക്കും.  

  1. ടെലികോം മേഖലയുടെ നിര്‍മിതബുദ്ധി അധിഷ്ഠിത പരിവർത്തനം: നെറ്റ്‌വർക്കുകൾ മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും പുതിയ സേവനങ്ങൾ ലഭ്യമാക്കാനും അത്യാധുനിക എഐ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.  

  2. ഭൗമേതര ശൃംഖലകള്‍: ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ വിശ്വസ്തമായ അതിവേഗ കണക്ടിവിറ്റി നൽകാന്‍ ഉപഗ്രഹ, വ്യോമാധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കുന്നു.

  3. ടെലികോം സൈബർ സുരക്ഷ: ശൃംഖലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം തുറന്നതും പരസ്പരം യോജിച്ച് പ്രവർത്തിക്കുന്നതുമായ പരിഹാരങ്ങൾ വികസിപ്പിച്ച് വ്യാപാരസംരംഭങ്ങള്‍ക്കും ഉപഭോക്താക്കൾക്കും കൂടുതൽ ശക്തവും വിശ്വസ്തവുമായ ആശയവിനിമയ സംവിധാനങ്ങൾ ഉറപ്പാക്കുന്നു.  

  4. സമ്പര്‍ക്ക സൗകര്യങ്ങളും ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യകളും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെയും സമൂഹങ്ങളുടെയും അടിസ്ഥാന ഘടകമാണ്. ഇവ ഒരുമിച്ച് ഒരു വേദിയില്‍  വികസിപ്പിക്കുന്നത് ഇരു രാജ്യങ്ങൾക്കും സാമ്പത്തികവും സുരക്ഷാപരവുമായ നേട്ടങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സംരംഭത്തിനായി ഇന്ത്യയും യുകെ-യും നാലുവർഷത്തേക്ക് 24 മില്യൺ പൗണ്ടിൻ്റെ (ഏകദേശം 240 കോടി രൂപ) സംയുക്ത പ്രാഥമിക നിക്ഷേപം പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലെയും ഗവേഷണ കേന്ദ്രങ്ങൾ തമ്മിലെ പ്രായോഗിക ഗവേഷണത്തിനും വ്യാവസായിക-അക്കാദമിക പങ്കാളിത്തത്തിനും സംയുക്ത പരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ആഗോള സാങ്കേതിക മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിലെ സഹകരണത്തിനും ഈ  തുക പിന്തുണയേകും.  

  

യുകെആർഐയും ഡിഒടിയും സംയുക്തമായി യുകെ  - ഇന്ത്യ സാങ്കേതിക സുരക്ഷാ സംരംഭത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി യുകെ-ഇന്ത്യ ഗവേഷണ, നൂതനാശയ ഇടനാഴിയുടെ  മികച്ച ഉദാഹരണമാണ്. ഒപ്പം ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ മുന്നോട്ടുവെച്ച 2035 ദര്‍ശനമെന്ന ലക്ഷ്യത്തെ  സംരംഭം പ്രതിഫലിപ്പിക്കുന്നു.

***


(Release ID: 2177719) Visitor Counter : 10