പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 25 SEP 2025 8:59PM by PIB Thiruvananthpuram

റഷ്യയുടെ ഉപപ്രധാനമന്ത്രി ശ്രീ ദിമിത്രി പട്രുഷേവ്; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ രവ്നീത്; ശ്രീ പ്രതാപ് റാവു ജാദവ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രതിനിധികൾ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യന്മാരേ!

വേൾഡ് ഫുഡ് ഇന്ത്യയിലേക്ക് നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം. ഇന്ന്, ഈ പരിപാടിയിൽ, നമ്മുടെ കർഷകർ, സംരംഭകർ, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരു മേൽക്കൂരയ്ക്ക് കീഴിൽ അണിനിരന്നിരിക്കുന്നു. വേൾഡ് ഫുഡ് ഇന്ത്യ പുതിയ ബന്ധങ്ങളുടെയും ഇടപെടലുകളുടെയും സർഗ്ഗാത്മകതയുടെയും അവസരമായി മാറിയിരിക്കുന്നു. ഇവിടെ തയ്യാറാക്കിയിരിക്കുന്ന പ്രദർശനങ്ങൾ ഞാൻ ഇപ്പോൾ സന്ദർശിച്ചു. പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പരിപാടിക്ക് വേണ്ടി നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ, 
ഓരോ നിക്ഷേപകനും, നിക്ഷേപം നടത്തുന്നതിന് മുമ്പ്, താൻ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്വാഭാവിക ശേഷികൾ വിലയിരുത്തുന്നു. ഇന്ന് ലോകം, പ്രത്യേകിച്ച് ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപകർ, വലിയ പ്രതീക്ഷയോടെയാണ് ഭാരതത്തിലേക്ക് നോക്കുന്നത്. വൈവിധ്യം, ആവശ്യകത, വലിപ്പം എന്നിവയുടെ മൂന്ന് ശക്തികൾ ഭാരതത്തിനുണ്ട് എന്നതാണ് ഇതിന് കാരണം. എല്ലാ ധാന്യങ്ങളും എല്ലാ പഴങ്ങളും എല്ലാ പച്ചക്കറികളും ഭാരതത്തിൽ ഉത്പാദിപ്പിക്കുന്നു. ഈ വൈവിധ്യം കാരണം, ഭാരതം ലോകത്തിൽ തന്നെ അതുല്യമാണ്. നമ്മുടെ രാജ്യത്ത് ഓരോ നൂറു കിലോമീറ്ററിലും ഭക്ഷണവും രുചിയും മാറുന്നു. ഭാരതത്തിൽ, വ്യത്യസ്ത തരം ഭക്ഷണങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ട്. ഈ ഡിമാൻഡ് ഭാരതത്തിന് ഒരു മത്സരാധിഷ്ഠിത സ്ഥാനം നൽകുകയും നിക്ഷേപകർക്ക് പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു. 

സുഹൃത്തുക്കളേ,

ഇന്ന് ഭാരതം പ്രവർത്തിക്കുന്ന തോത് അഭൂതപൂർവവും സങ്കൽപ്പിക്കാൻ പോലും കഴിയാത്തതുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഭാരതത്തിലെ 25 കോടി ആളുകൾ ദാരിദ്ര്യത്തെ മറികടന്നു. ഈ സഹപൗരന്മാരെല്ലാം ഇപ്പോൾ നവ മധ്യവർഗത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ നവ മധ്യവർഗമാണ് രാജ്യത്തിന്റെ ഏറ്റവും ഊർജ്ജസ്വലരും അഭിലാഷമുള്ളവരുമായ വിഭാഗം. ഇത്രയധികം ആളുകളുടെ അഭിലാഷങ്ങൾ നമ്മുടെ ഭക്ഷണ പ്രവണതകളെ രൂപപ്പെടുത്തും. നമ്മുടെ ആവശ്യത്തെ നയിക്കുന്നത് ഈ അഭിലാഷമുള്ള വർഗ്ഗമാണ്.

സുഹൃത്തുക്കളേ,
ഇന്ന്, രാജ്യത്തെ കഴിവുള്ള യുവാക്കൾ എല്ലാ മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. നമ്മുടെ ഭക്ഷ്യ മേഖലയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയാണ് ഭാരതം. ഈ സ്റ്റാർട്ടപ്പുകളിൽ പലതും ഭക്ഷ്യ, കാർഷിക മേഖലകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. AI, ഇ-കൊമേഴ്‌സ്, ഡ്രോണുകൾ, ആപ്പുകൾ എന്നിവയും ഈ മേഖലയിലേക്ക് സംയോജിപ്പിക്കപ്പെടുന്നു. നമ്മുടെ സ്റ്റാർട്ടപ്പുകൾ വിതരണ ശൃംഖലകൾ, റീട്ടെയിൽ, പ്രോസസ്സിംഗ് എന്നിവയെ പരിവർത്തനം ചെയ്യുന്നു. അങ്ങനെ, ഭാരതം വൈവിധ്യം, ഡിമാൻഡ്, നവീകരണം എന്നിവയെല്ലാം ഒരേസമയം കൈവശപ്പെടുത്തിയിരിക്കുന്നു. ഈ ഘടകങ്ങൾ ഭാരതത്തെ നിക്ഷേപങ്ങൾക്ക് ഏറ്റവും ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു. അതിനാൽ, ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പറഞ്ഞത് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു: ഭാരതത്തിൽ നിക്ഷേപിക്കാനും വികസിപ്പിക്കാനുമുള്ള സമയമാണിത്, ശരിയായ സമയം.

സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നിൽ കൊണ്ടുവന്ന നിരവധി വെല്ലുവിളികളെക്കുറിച്ച് നമുക്കെല്ലാവർക്കും നന്നായി അറിയാം. ലോകത്തിന് മുന്നിൽ വെല്ലുവിളികൾ ഉയർന്നുവന്നപ്പോഴെല്ലാം, ഭാരതം ഒരു ഗുണാത്മകമായ പങ്ക് വഹിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും നിങ്ങൾക്കറിയാം. ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് ഭാരതം തുടർച്ചയായി സംഭാവന നൽകിയിട്ടുണ്ട്. നമ്മുടെ കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും ഗവൺമെൻ്റ് നയങ്ങളുടെയും ഫലമായി, ഭാരതത്തിന്റെ ശേഷി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ നമ്മുടെ ഭക്ഷ്യധാന്യ ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാണ് ഭാരതം, ലോകത്തിലെ പാൽ വിതരണത്തിന്റെ 25 ശതമാനം സംഭാവന ചെയ്യുന്നു. ചെറുധാന്യങ്ങളുടെ ഏറ്റവും വലിയ ഉൽപ്പാദകരും നമ്മളാണ്. അരി, ഗോതമ്പ് എന്നിവയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് നമ്മൾ. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യബന്ധനം എന്നിവയിലും ഭാരതം ഗണ്യമായ സംഭാവന നൽകുന്നു. അതുകൊണ്ടാണ് ലോകത്ത് വിളകളുടെ പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം, വിതരണ ശൃംഖലകൾ തടസ്സപ്പെടുമ്പോഴെല്ലാം, ഭാരതം അതിന്റെ ഉത്തരവാദിത്തം നിറവേറ്റാൻ ശക്തിയോടെ മുന്നോട്ട് വരുന്നത്.

സുഹൃത്തുക്കളേ,
ആഗോള ക്ഷേമത്തിനായി, ഭാരതത്തിന്റെ ശേഷിയും സംഭാവനയും കൂടുതൽ വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി, ഗവൺമെൻ്റ് എല്ലാ ഓഹരി പങ്കാളികളെയും ഭക്ഷണവും പോഷകാഹാരവുമായി ബന്ധപ്പെട്ട മുഴുവൻ ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്തുകയാണ്. ഭക്ഷ്യ സംസ്കരണ മേഖലയെ ഞങ്ങളുടെ ഗവൺമെൻ്റ് പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ് ഈ മേഖലയിൽ 100 ശതമാനം എഫ്ഡിഐ അനുവദിച്ചിരിക്കുന്നത്. കൂടാതെ, പിഎൽഐ പദ്ധതിയും മെഗാ ഫുഡ് പാർക്കുകളുടെ വിപുലീകരണവും ഈ മേഖലയ്ക്ക് ഒരു ഉത്തേജനം നൽകിയിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സംഭരണ അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഭാരതം നടത്തുന്നത്. ഈ ഗവൺമെൻ്റ് ശ്രമങ്ങളുടെ ഫലങ്ങളും ദൃശ്യമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഭാരതത്തിന്റെ സംസ്കരണ ശേഷി ഇരുപത് മടങ്ങ് വർദ്ധിച്ചു. സംസ്കരിച്ച ഭക്ഷണത്തിന്റെ കയറ്റുമതിയും ഇരട്ടിയിലധികമായി.

സുഹൃത്തുക്കളേ,
കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട സംസ്കരണ യൂണിറ്റുകൾ എന്നിവ ഭക്ഷ്യ വിതരണത്തിലും മൂല്യ ശൃംഖലയിലും നിർണായക പങ്ക് വഹിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, നമ്മുടെ ഗവൺമെൻ്റ് ഈ പങ്കാളികളെയെല്ലാം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിൽ, 85 ശതമാനത്തിലധികവും ചെറുകിട അല്ലെങ്കിൽ നാമമാത്ര കർഷകരാണെന്ന് നിങ്ങൾക്കറിയാം. അതിനാൽ, ഞങ്ങൾ നയങ്ങൾ രൂപീകരിക്കുകയും ഒരു പിന്തുണാ സംവിധാനം വികസിപ്പിക്കുകയും ചെയ്തു, അതിലൂടെ ഈ ചെറുകിട കർഷകർ ഇപ്പോൾ വിപണിയിൽ ഒരു പ്രധാന ശക്തിയായി ഉയർന്നുവരുന്നു.

സുഹൃത്തുക്കളേ,
ഉദാഹരണത്തിന്, മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകൾ നടത്തുന്നത് നമ്മുടെ സ്വയം സഹായ സംഘങ്ങളാണ്. ഈ സ്വയം സഹായ സംഘങ്ങൾ നമ്മുടെ ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരെ പിന്തുണയ്ക്കുന്നതിനായി, ഞങ്ങളുടെ ഗവൺമെൻ്റ് ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡികൾ നൽകുന്നു. ഇന്നും ഏകദേശം 800 കോടി രൂപയുടെ സബ്സിഡികൾ ഈ ഗുണഭോക്താക്കൾക്ക് കൈമാറി.

സുഹൃത്തുക്കളേ,
അതുപോലെ, നമ്മുടെ ഗവൺമെന്റ് കർഷക ഉൽപ്പാദക സംഘടനകളെ (FPO) വികസിപ്പിക്കുകയാണ്. 2014 മുതൽ, ലക്ഷക്കണക്കിന് ചെറുകിട കർഷകരെ ബന്ധിപ്പിക്കുന്ന പതിനായിരം എഫ്‌പി‌ഒകൾ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടു. ചെറുകിട കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വലിയ തോതിൽ വിപണിയിലെത്തിക്കാൻ ഇവ സഹായിക്കുന്നു. അവരുടെ പങ്ക് ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ഭക്ഷ്യ സംസ്കരണ മേഖലയിലും ഈ എഫ്‌പി‌ഒകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, കൂടാതെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ എഫ്‌പി‌ഒകളുടെ ശക്തി കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഇന്ന്, നമ്മുടെ എഫ്‌പി‌ഒകളുടെ 15,000-ത്തിലധികം ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. കശ്മീരിൽ നിന്നുള്ള ബസ്മതി അരി, കുങ്കുമപ്പൂവ്, വാൽനട്ട്; ഹിമാചലിൽ നിന്നുള്ള ജാമുകളും ആപ്പിൾ ജ്യൂസും; രാജസ്ഥാനിൽ നിന്നുള്ള മില്ലറ്റ് കുക്കികൾ; മധ്യപ്രദേശിൽ നിന്നുള്ള സോയ നഗ്ഗറ്റുകൾ; ബിഹാറിൽ നിന്നുള്ള സൂപ്പർഫുദായ മഖാന; മഹാരാഷ്ട്രയിൽ നിന്നുള്ള നിലക്കടല എണ്ണയും ശർക്കരയും; കേരളത്തിൽ നിന്നുള്ള വാഴപ്പഴ ചിപ്‌സും വെളിച്ചെണ്ണയും - കശ്മീർ മുതൽ കന്യാകുമാരി വരെ, നമ്മുടെ എഫ്‌പി‌ഒകൾ ഭാരതത്തിന്റെ കാർഷിക വൈവിധ്യം എല്ലാ വീടുകളിലും എത്തിക്കുന്നു. 1,100-ലധികം എഫ്‌പി‌ഒകൾ കോടിപതികളായി മാറിയിരിക്കുന്നു എന്നറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകും, അതായത് അവരുടെ വാർഷിക വിറ്റുവരവ് ഒരു കോടി രൂപ കവിഞ്ഞു. ഇന്ന്, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലും യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും എഫ്‌പി‌ഒകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സുഹൃത്തുക്കളേ,
എഫ്‌പി‌ഒകൾക്ക് പുറമേ, സഹകരണ സ്ഥാപനങ്ങളും ഭാരതത്തിൽ ഒരു വലിയ ശക്തിയാണ്. ഈ വർഷം അന്താരാഷ്ട്ര സഹകരണ വർഷമാണ്. ഭാരതത്തിൽ, സഹകരണ സ്ഥാപനങ്ങൾ നമ്മുടെ ക്ഷീരമേഖലയെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും പുതിയ ശക്തിയോടെ ശാക്തീകരിക്കുന്നു. സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് നയങ്ങൾ രൂപപ്പെടുത്തുന്നതിനായി ഞങ്ങൾ അവർക്കായി ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിച്ചു. ഈ മേഖലയ്ക്കായി നികുതി, സുതാര്യത പരിഷ്കാരങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഈ നയതല മാറ്റങ്ങൾ സഹകരണ മേഖലയ്ക്ക് പുതിയ ശക്തി നൽകി.

സുഹൃത്തുക്കളേ,
സമുദ്ര, മത്സ്യബന്ധന മേഖലകളിലെ ഭാരതത്തിന്റെ വളർച്ചയും ശ്രദ്ധേയമാണ്. കഴിഞ്ഞ ദശകത്തിൽ, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ വികസിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവും ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾക്ക് സഹായവും ഞങ്ങൾ നൽകിയിട്ടുണ്ട്. ഇത് നമ്മുടെ സമുദ്ര ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിച്ചു. ഇന്ന്, ഈ മേഖല ഏകദേശം 3 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നു. സമുദ്രോത്പന്നങ്ങളുടെ സംസ്കരണം വിപുലീകരിക്കുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഇതിനായി, ആധുനിക സംസ്കരണ പ്ലാന്റുകൾ, കോൾഡ് ചെയിനുകൾ, സ്മാർട്ട് ഹാർബറുകൾ എന്നിവയിൽ നിക്ഷേപം നടത്തുന്നു.

സുഹൃത്തുക്കളേ,
വിളകൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ആധുനിക സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുന്നു. കർഷകരെ ഭക്ഷ്യ വികിരണ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് നമ്മുടെ കാർഷിക ഉൽപ്പന്നങ്ങളുടെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂണിറ്റുകൾക്ക് ഗവൺമെൻ്റ് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നു.

സുഹൃത്തുക്കളേ,
ഇന്നത്തെ ഭാരതം നവീകരണത്തിന്റെയും പരിഷ്കാരങ്ങളുടെയും പുതിയ പാതയിലേക്ക് നീങ്ങുകയാണ്. നിലവിൽ, നമ്മുടെ രാജ്യത്ത് അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. കർഷകർക്ക്, ഈ പരിഷ്കാരങ്ങൾ കുറഞ്ഞ ചെലവും കൂടുതൽ നേട്ടങ്ങളും ഉറപ്പാക്കുന്നു. വെണ്ണയ്ക്കും നെയ്യിനും വെറും 5 ശതമാനം ജിഎസ്ടി ഉള്ളതിനാൽ, അവർക്ക് വളരെയധികം നേട്ടമുണ്ടാകും. പാൽ ക്യാനുകളുടെ നികുതി വെറും 5 ശതമാനം മാത്രമാണ്. ഇത് കർഷകർക്കും ഉൽപ്പാദകർക്കും മികച്ച വില ഉറപ്പാക്കും. ദരിദ്രർക്കും മധ്യവർഗത്തിനും കുറഞ്ഞ വിലയിൽ കൂടുതൽ പോഷകാഹാരം ഉറപ്പാക്കുകയും ചെയ്യും. ഭക്ഷ്യ സംസ്കരണ മേഖലയും ഈ പരിഷ്കാരങ്ങളിൽ നിന്ന് ഗണ്യമായ നേട്ടം കൈവരിക്കും. വേഗത്തിൽ ഉപയോഗിക്കാൻ തയ്യാറാക്കിയതും സംരക്ഷിതവുമായ പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ ലഭിക്കൂ. ഇന്ന്, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ 90 ശതമാനത്തിലധികവും പൂജ്യം അല്ലെങ്കിൽ 5 ശതമാനം നികുതി സ്ലാബിൽ വരുന്നു. ജൈവ കീടനാശിനികളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും നികുതി കുറച്ചു. ജിഎസ്ടി പരിഷ്കാരങ്ങൾ കാരണം, ബയോ - ഇൻപുട്ടുകൾ വിലകുറഞ്ഞതായി മാറി, ചെറുകിട ജൈവ കർഷകർക്കും എഫ്പിഒകൾക്കും നേരിട്ട് പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,
ഇന്ന് ബയോഡീഗ്രേഡബിൾ പാക്കേജിംഗും കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ ഉൽപ്പന്നങ്ങൾ പുതുമയുള്ളതും ഉയർന്ന നിലവാരമുള്ളതുമായി തുടരേണ്ടത് പ്രധാനമാണ്, എന്നാൽ ഇതോടൊപ്പം, പ്രകൃതിയോടുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. അതിനാൽ, ബയോഡീഗ്രേഡബിൾ പാക്കേജിംഗിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സർക്കാർ കുറച്ചിട്ടുണ്ട്. ബയോഡീഗ്രേഡബിൾ പാക്കേജിംഗുമായി ബന്ധപ്പെട്ട നൂതനാശയങ്ങളിൽ നിക്ഷേപിക്കാനും നമ്മുടെ എല്ലാ ഉൽപ്പന്ന പാക്കേജിംഗും എത്രയും വേഗം ബയോഡീഗ്രേഡബിൾ വസ്തുക്കളിലേക്ക് മാറ്റാനും എല്ലാ വ്യവസായ പങ്കാളികളോടും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,
ഭാരതം അതിന്റെ വാതിലുകൾ ഉദാരമായ മനോഭാവത്തോടെ ലോകത്തിന് തുറന്നിട്ടിരിക്കുന്നു. ഭക്ഷ്യ ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപകർക്കും ഞങ്ങൾ തുറന്നിട്ടിരിക്കുന്നു. തുറന്ന മനസ്സോടെയുള്ള സഹകരണത്തിന് ഞങ്ങൾ തയ്യാറാണ്. ഒരിക്കൽ കൂടി, ഭാരതത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപിക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. ഈ മേഖലയിൽ വളരെയധികം സാധ്യതകളുണ്ട്. അവ പ്രയോജനപ്പെടുത്തുക, ഈ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നന്ദി.

****


(Release ID: 2172174) Visitor Counter : 4