പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിൽ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു
ഈ മാസം ആദ്യം, ജീവിക നിധി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കാൻ എനിക്ക് അവസരം ലഭിച്ചു; ഇപ്പോൾ, ഇതിനെ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയുമായി സംയോജിപ്പിക്കുന്നതിലൂടെ ഈ സംരംഭത്തിന്റെ ശക്തി കൂടുതൽ വർദ്ധിക്കും: പ്രധാനമന്ത്രി
മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന കേന്ദ്ര സർക്കാരിന്റെ ലാഖ്പതി ദീദി കാമ്പെയ്‌നിനെ കൂടുതൽ ശക്തിപ്പെടുത്തി: പ്രധാനമന്ത്രി
സ്ത്രീകളെ കേന്ദ്രബിന്ദുവാക്കി ഒരു ഗവൺമെന്റ് നയങ്ങൾ രൂപീകരിക്കുമ്പോൾ, ആനുകൂല്യങ്ങൾ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കും, ഉജ്ജ്വല യോജനയുടെ പരിവർത്തനാത്മക സ്വാധീനം ഇപ്പോൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതുപോലെ: പ്രധാനമന്ത്രി
സ്വസ്ത് നാരി, സശക്ത് പരിവാർ കാമ്പെയ്‌നിന് കീഴിൽ, വിളർച്ച, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 4.25 ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു: പ്രധാനമന്ത്രി
ഒരു സ്ത്രീ പുരോഗമിക്കുമ്പോൾ, മുഴുവൻ സമൂഹവും മുന്നോട്ട് നീങ്ങുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
26 SEP 2025 1:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ബിഹാറിൽ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു. നവരാത്രിയുടെ ശുഭകരമായ ആഘോഷത്തിൽ ബിഹാറിലെ സ്ത്രീകളോടൊപ്പം ചേരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന ഇന്ന് ആരംഭിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 75 ലക്ഷം സ്ത്രീകൾ ഇതിനകം ഈ സംരംഭത്തിൽ ചേർന്നിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ 75 ലക്ഷം സ്ത്രീകളിൽ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരേസമയം 10,000 രൂപ വീതം ട്രാൻസ്ഫർ ചെയ്തതായി അദ്ദേഹം പ്രഖ്യാപിച്ചു.
ഈ പ്രക്രിയ പുരോഗമിക്കുമ്പോൾ തനിക്ക് രണ്ട് ചിന്തകളാണുള്ളതെന്ന് ശ്രീ മോദി പറഞ്ഞു. ഒന്നാമതായി, ബിഹാറിലെ സ്ത്രീകൾക്കും പെൺമക്കൾക്കും ഇന്നത്തെ ദിവസം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്ത്രീ ജോലിയിലോ സ്വയം തൊഴിലിലോ ഏർപ്പെടുമ്പോൾ, അവരുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ ലഭിക്കുകയും സമൂഹത്തിൽ അവരുടെ ബഹുമാനം വർദ്ധിക്കുകയും ചെയ്യുന്നു. രണ്ടാമതായി, പതിനൊന്ന് വർഷം മുമ്പ് ജൻ ധൻ യോജന ആരംഭിക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തില്ലായിരുന്നുവെങ്കിൽ, 30 കോടിയിലധികം സ്ത്രീകൾ ഈ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടുകൾ തുറന്നില്ലായിരുന്നുവെങ്കിൽ, ഈ അക്കൗണ്ടുകൾ മൊബൈൽ ഫോണുകളുമായും ആധാറുമായും ബന്ധിപ്പിച്ചിരുന്നില്ലായിരുന്നുവെങ്കിൽ, ഇന്ന് അത്തരം ഫണ്ടുകൾ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ പണം കൈമാറ്റപ്രക്രിയയ്ക്കിടെ നഷ്ടപ്പെടുമായിരുന്നുവെന്നും, ഗുണഭോക്താക്കൾക്ക് കടുത്ത അനീതി സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു സഹോദരി ആരോഗ്യവതിയും സമ്പന്നയും ആയിരിക്കുമ്പോഴും അവളുടെ കുടുംബം സാമ്പത്തികമായി ശക്തമാകുമ്പോഴുമാണ് ഒരു സഹോദരൻ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ക്ഷേമം ഉറപ്പാക്കാൻ ഒരു സഹോദരൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ബിഹാറിലെ സ്ത്രീകളുടെ സേവനത്തിനും സമൃദ്ധിക്കും അന്തസ്സിനും വേണ്ടി താനും ശ്രീ നിതീഷ് കുമാറും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പരിപാടി ഈ പ്രതിബദ്ധതയുടെ തെളിവാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന ആദ്യമായി അവതരിപ്പിച്ചപ്പോൾ, അത് തന്നെ ആകർഷിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും കുറഞ്ഞത് ഒരു സ്ത്രീ ഗുണഭോക്താവെങ്കിലും ഉണ്ടായിരിക്കുമെന്ന് ഊന്നിപ്പറഞ്ഞു. 10,000 രൂപയുടെ പ്രാരംഭ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച്, സംരംഭത്തിന്റെ വിജയത്തെ അടിസ്ഥാനമാക്കി പദ്ധതിയിലൂടെ 2 ലക്ഷം രൂപ വരെ നൽകാൻ കഴിയും. ഈ സംരംഭത്തിന്റെ വ്യാപ്തി പരിഗണിക്കണമെന്ന് ശ്രീ മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. ബിഹാറിലെ സ്ത്രീകൾക്ക് ഇപ്പോൾ പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി എന്നിവ വിൽക്കുന്ന കടകൾ തുറക്കാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കന്നുകാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയ സംരംഭങ്ങളും അവർക്ക് പിന്തുടരാം. ഈ സംരംഭങ്ങൾക്കെല്ലാം ആവശ്യമായ പരിശീലനം നൽകും. ബിഹാറിൽ ഇതിനകം തന്നെ 11 ലക്ഷം ഗ്രൂപ്പുകളുമായി സജീവമായി പ്രവർത്തിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളുടെ ശക്തമായ ഒരു ശൃംഖലയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനർത്ഥം ഒരു സുസ്ഥിരമായ സംവിധാനം ഇതിനകം നിലവിലുണ്ടെന്നാണ്. "ഈ മാസം ആദ്യം, ജീവിക നിധി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ സംവിധാനത്തിന്റെ ശക്തി ഇപ്പോൾ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയുമായി സംയോജിപ്പിക്കും. ഇത്, തുടക്കം മുതൽ തന്നെ ബിഹാറിൽ ഉടനീളം ഈ പദ്ധതിയെ ഫലപ്രദമാക്കും", പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ലാഖ്പതി ദീദി പദ്ധതിയെ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, രാജ്യത്തുടനീളം 3 കോടി ലാഖ്‍പതി ദീദികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ടെന്നും 2 കോടിയിലധികം സ്ത്രീകൾ ഇതിനകം ഈ നാഴികക്കല്ല് കൈവരിച്ചിട്ടുണ്ടെന്നും അടിവരയിട്ടു. അവരുടെ കഠിനാധ്വാനം ഗ്രാമങ്ങളെ പരിവർത്തനം ചെയ്യുകയും സമൂഹത്തെ പുനർനിർമ്മിക്കുകയും ചെയ്തു. ബിഹാറിലും ലക്ഷക്കണക്കിന് സ്ത്രീകൾ ലാഖ്‍പതി ദീദികളായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്ന രീതിയിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ ലാഖ്‍പതി ദീദികൾ ബിഹാറിൽ ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുദ്ര യോജന, ഡ്രോൺ ദീദി കാമ്പെയ്ൻ, ബീമ സഖി കാമ്പെയ്ൻ, ബാങ്ക് ദീദി കാമ്പെയ്ൻ തുടങ്ങിയ കേന്ദ്ര ഗവൺമെന്റിന്റെ സംരംഭങ്ങളെല്ലാം സ്ത്രീകൾക്ക് തൊഴിൽ, സ്വയം തൊഴിൽ എന്നിവയ്ക്കുള്ള വഴികൾ വികസിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. സ്ത്രീകൾക്ക് പരമാവധി അവസരങ്ങൾ നൽകിക്കൊണ്ട് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുക എന്നതാണ് ഈ ശ്രമങ്ങൾക്ക് പിന്നിലെ ഏക ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങളിലൂടെ രാജ്യത്തുടനീളം സ്ത്രീകൾക്കും പെൺമക്കൾക്കും പുതിയ മേഖലകൾ തുറന്നിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ന് ധാരാളം യുവതികൾ സായുധ സേനയിലും പോലീസിലും ചേരുന്നുണ്ടെന്നും യുദ്ധവിമാനങ്ങൾ പോലും പറത്തുന്നുണ്ടെന്നും എടുത്തുപറഞ്ഞു. എന്നാൽ, ബിഹാർ പ്രതിപക്ഷ ഭരണത്തിൻ കീഴിലായിരുന്ന ലാന്റേൺ ഗവേണൻസിന്റെ കാലഘട്ടം മറക്കരുതെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. ആ സമയത്ത്, ബിഹാറിലെ സ്ത്രീകൾ നിയമലംഘനത്തിന്റെയും അഴിമതിയുടെയും ആഘാതം അനുഭവിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിലെ പ്രധാന റോഡുകൾ തകർന്നതും, പാലങ്ങൾ ഇല്ലാതിരുന്ന അവസ്ഥയും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം സ്ത്രീകൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചതും, അതിന്റെ കാരണങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. വെള്ളപ്പൊക്ക സമയത്ത്, ബുദ്ധിമുട്ടുകൾ വർദ്ധിച്ചതുവഴി ഗർഭിണികൾക്ക് കൃത്യസമയത്ത് ആശുപത്രികളിൽ എത്താൻ കഴിയാതെ വരികയും ഗുരുതരമായ സാഹചര്യങ്ങളിൽ ശരിയായ ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്തതിനേയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകളെ ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ നിന്ന് കരകയറ്റാൻ സഹായിച്ചത് തന്റെ ഗവൺമെന്റാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും തങ്ങളുടെ ഗവൺമെന്റ് വന്നതിനുശേഷം, ബിഹാറിൽ റോഡ് നിർമ്മാണത്തിന് ആക്കം കൂടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഈ വികസനങ്ങൾ സംസ്ഥാനത്തെ സ്ത്രീകളുടെ ജീവിതത്തെ എളുപ്പമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിൽ ഇപ്പോൾ നടക്കുന്ന ഒരു പ്രദർശനത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, പഴയ പത്രങ്ങളിൽ നിന്നുള്ള തലക്കെട്ടുകളാണ് പ്രദർശനത്തിലുള്ളതെന്ന് പറഞ്ഞു, ബിഹാറിലെ പ്രതിപക്ഷ ഭരണകാലത്തെ ഭയത്തിന്റെ അന്തരീക്ഷത്തെ ഇത് വ്യക്തമായി ഓർമ്മിപ്പിക്കുന്നു. ആ സമയത്ത് ഒരു വീടും സുരക്ഷിതമായിരുന്നില്ലെന്നും നക്സലൈറ്റ് അക്രമത്തിന്റെ ഭീകരത നിയന്ത്രിക്കപ്പെട്ടില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആ വർഷങ്ങളിൽ സ്ത്രീകൾ ഏറ്റവും വലിയ ദുരിതങ്ങൾ സഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദരിദ്രർ മുതൽ ഡോക്ടർമാരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾ വരെ, ആരും പ്രതിപക്ഷ നേതാക്കൾ കാട്ടിക്കൂട്ടിയ അതിക്രമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ലെന്നതും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ശ്രീ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ നിയമവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടുവെന്നും ഈ മാറ്റത്തിന്റെ പ്രാഥമിക ഗുണഭോക്താക്കൾ സ്ത്രീകളാണെന്നും അടിവരയിട്ടുകൊണ്ട്, ബിഹാറിലെ പെൺമക്കൾ ഇപ്പോൾ ഭയമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും രാത്രി വൈകിയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ബിഹാർ സന്ദർശന വേളയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വൻതോതിലുള്ള വിന്യാസം കണ്ടതിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ബിഹാർ ഒരിക്കലും ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് മടങ്ങരുതെന്ന് എല്ലാവരും കൂട്ടായി പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സ്ത്രീകളെ കേന്ദ്രബിന്ദുവാക്കി ഒരു ഗവൺമെൻ്റ് നയങ്ങൾ രൂപീകരിക്കുമ്പോൾ, അതിന്റെ ഗുണങ്ങൾ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അത്തരം പരിവർത്തനാത്മക മാറ്റത്തിന്റെ ശക്തമായ ഉദാഹരണമായി ഉജ്ജ്വല യോജനയെ ഉദ്ധരിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഗ്യാസ് കണക്ഷൻ ഒരു വിദൂര സ്വപ്നമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദരിദ്രരായ അമ്മമാരും സഹോദരിമാരും പെൺമക്കളും പുക നിറഞ്ഞ അടുക്കളകളിൽ ചുമച്ചും ശ്വാസകോശ രോഗങ്ങൾ പിടിപെട്ടും കാഴ്ചശക്തി പോലും നഷ്ടപ്പെട്ടും ജീവിതം ചെലവഴിച്ചതെങ്ങനെയെന്ന് ശ്രീ മോദി കൂടുതൽ എടുത്തുകാണിച്ചു. ബിഹാറിൽ, വിറക് ശേഖരിക്കുന്നതിന്റെ ഭാരം സ്ത്രീകളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് അനേകം ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചു - മഴക്കാലത്ത് നനഞ്ഞ വിറക് കത്തുകയില്ല; വെള്ളപ്പൊക്ക സമയത്ത് വിറക് വെള്ളത്തിൽ മുങ്ങും. പലപ്പോഴും, വീട്ടിലെ കുട്ടികൾ പട്ടിണി കിടക്കുകയോ രാത്രിയിൽ മലർ കഴിച്ച് ജീവിക്കുകയോ ചെയ്യേണ്ടിവന്നു.
ഈ വേദന ഒരു പുസ്തകത്തിലും എഴുതിയിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, ബിഹാറിലെ സ്ത്രീകൾ ഇത് നേരിട്ട് അനുഭവിച്ചതായും ഓർമ്മിപ്പിച്ചു. സ്ത്രീകളെ കേന്ദ്രമാക്കി നയങ്ങൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങിയപ്പോൾ, ചിത്രം മാറാൻ തുടങ്ങി എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കോടിക്കണക്കിന് വീടുകളിൽ ഒരേസമയം ഗ്യാസ് കണക്ഷനുകൾ എത്തിച്ചു. ഇന്ന്, കോടിക്കണക്കിന് സ്ത്രീകൾ പുകയിൽ നിന്ന് മുക്തരായി, ശ്വസന, നേത്ര രോഗങ്ങളിൽ നിന്ന് മുക്തരായി, ഗ്യാസ് സ്റ്റൗവിൽ സമാധാനപരമായി പാചകം ചെയ്യുന്നു. വീട്ടിലെ കുട്ടികൾക്ക് ഇപ്പോൾ എല്ലാ ദിവസവും ചൂടുള്ള ഭക്ഷണം ലഭിക്കുന്നു. ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ ബിഹാറിലെ അടുക്കളകളെ പ്രകാശപൂരിതമാക്കുക മാത്രമല്ല, സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പൗരന്മാർ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കുക എന്നത് ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, കോവിഡ്-19 മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഗവൺമെൻ്റ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ച കാര്യം ഓർമ്മിപ്പിച്ചു. അത് നൽകിയ വലിയ ആശ്വാസം കണക്കിലെടുത്ത്, ഈ സംരംഭം തുടരാൻ തീരുമാനിച്ചു. ഇന്ന്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം, ബിഹാറിലെ 8.5 കോടിയിലധികം ദരിദ്രർക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. ഈ പദ്ധതി പൊതുജനങ്ങളുടെ ആശങ്കകൾ എത്രത്തോളം ലഘൂകരിച്ചുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബിഹാറിലെ ഒരു വലിയ പ്രദേശം ഉസ്ന അരിയാണ് ഇഷ്ടപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മറ്റൊരു ഉദാഹരണം വിവരിച്ചു. മുമ്പ്, അമ്മമാർക്കും സഹോദരിമാർക്കും ഗവൺമെൻ്റ്, റേഷൻ വഴി അർവ അരി നൽകിയിരുന്നു,ഇത് ജനങ്ങൾ വിപണിയിൽ ഉസ്ന അരിക്ക് പകരമായി നൽകുകയായിരുന്നു പതിവ് - പലപ്പോഴും 20 കിലോ അർവ അരിക്ക് പകരമായി 10 കിലോ ഉസ്ന അരി മാത്രമേ ലഭിച്ചിരുന്നുള്ളൂ. സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കുകയും ഇപ്പോൾ റേഷൻ സംവിധാനത്തിലൂടെ നേരിട്ട് ഉസ്ന അരി നൽകാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ സ്വത്ത് - അത് വീടായാലും കടയായാലും ഭൂമിയായാലും - പണ്ടേയ്ക്കുപണ്ടേ പുരുഷന്മാരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന ആരംഭിച്ചതോടെ, അമ്മമാർ, സഹോദരിമാർ, പെൺമക്കൾ എന്നിവരെയും ഈ വീടുകളുടെ ഉടമകളായി നാമനിർദ്ദേശം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഒരു പുതിയ വ്യവസ്ഥ കൊണ്ടുവന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. ബിഹാറിൽ 50 ലക്ഷത്തിലധികം പ്രധാനമന്ത്രി ആവാസ് വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ മിക്കതിലും സ്ത്രീകളെ സഹ ഉടമകളായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾ ഇപ്പോൾ അവരുടെ വീടുകളുടെ യഥാർത്ഥ ഉടമകളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഒരു സ്ത്രീയുടെ ആരോഗ്യം വഷളാകുമ്പോൾ അത് മുഴുവൻ കുടുംബത്തെയും ബാധിക്കുമെന്ന് അടിവരയിട്ടു പറഞ്ഞ ശ്രീ മോദി, സ്ത്രീകൾ നിശബ്ദമായി രോഗങ്ങളെ സഹിച്ചുകൊണ്ട് വീട്ടിലെ പണം ചികിത്സയ്ക്കായി ചെലവഴിക്കാൻ തയ്യാറാകാതെ ജീവിച്ച ഒരു കാലഘട്ടത്തെ ഓർമ്മിപ്പിച്ചു. ആയുഷ്മാൻ ഭാരത് യോജന ഈ ആശങ്ക പരിഹരിച്ചതായും ബിഹാറിലെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ വൈദ്യചികിത്സ നൽകുന്നതായും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗർഭിണികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം കൈമാറുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജനയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യം, ഗവൺമെന്റിന്റെ മുൻഗണനയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട്, 2025 സെപ്റ്റംബർ 17 ന് വിശ്വകർമ ജയന്തി ദിനത്തിൽ ആരംഭിച്ച സ്വസ്ത് നാരി, സശക്ത് പരിവാർ അഭിയാൻ എന്ന ഒരു പ്രധാന സംരംഭം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കാമ്പെയ്‌നിന്റെ കീഴിൽ, ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 4.25 ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വിളർച്ച, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള പരിശോധനകൾ ഈ ക്യാമ്പുകൾ നടത്തുന്നു. ഈ സംരംഭത്തിലൂടെ ഒരു കോടിയിലധികം സ്ത്രീകൾക്ക് ഇതിനകം സൗജന്യ ആരോഗ്യ പരിശോധനകൾ ലഭിച്ചിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ബിഹാറിലെ എല്ലാ സ്ത്രീകളും ഈ ക്യാമ്പുകളിൽ പങ്കെടുക്കാനും സ്വയം പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നതിനാലും ദീപാവലി, ഛഠ് പൂജ തുടങ്ങിയ ഉത്സവകാലങ്ങൾ അടുത്തുവരുന്നതിനാലും, ഈ സമയത്ത് സ്ത്രീകൾ വീട്ടുചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ലാഭിക്കാമെന്നും നിരന്തരം ചിന്തിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഈ ആശങ്ക ലഘൂകരിക്കുന്നതിനായി, 2025 സെപ്റ്റംബർ 22 മുതൽ രാജ്യത്തുടനീളമുള്ള ജിഎസ്ടി നിരക്കുകൾ കുറച്ചുകൊണ്ട് സ്ത്രീകളുടെ ഈ ഗവൺമെൻ്റ് ഒരു പ്രധാന നടപടി സ്വീകരിച്ചു. തൽഫലമായി, ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ, നെയ്യ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സ്റ്റേഷനറി, ഉത്സവ അവസരങ്ങൾക്കുള്ള വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലയും കുറഞ്ഞു. ഗാർഹിക, അടുക്കള ബജറ്റുകൾ കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് ഈ നീക്കം ഗണ്യമായ ആശ്വാസം നൽകുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉത്സവങ്ങളിൽ സ്ത്രീകളുടെ മേലുള്ള ഭാരം ലഘൂകരിക്കുകയും അവരുടെ മുഖത്ത് സന്തോഷം കൊണ്ടുവരികയും ചെയ്യുന്നത് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അവരുടെ ഗവൺമെന്റുകൾ ഗൗരവമായി എടുക്കുന്ന ഉത്തരവാദിത്തമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ബിഹാറിലെ സ്ത്രീകൾക്ക് എപ്പോഴെല്ലാം അവസരം ലഭിച്ചുവോ അപ്പോഴെല്ലാം അവർ തങ്ങളുടെ ധൈര്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും പരിവർത്തനാത്മകമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയിലേക്ക് നയിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കമിട്ടതിന് ബിഹാറിലെ ജനങ്ങളെ ഒരിക്കൽ കൂടി അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്നിവർ ചടങ്ങിൽ മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം പങ്കെടുത്തു.
പശ്ചാത്തലം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ബിഹാറിലെ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു. പരിപാടിയിൽ, പ്രധാനമന്ത്രി നേരിട്ട് ബിഹാറിലുടനീളമുള്ള 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറി, ആകെ 7,500 കോടി രൂപ.
ബിഹാർ സർക്കാരിന്റെ ഒരു സംരംഭമായ ഈ പദ്ധതി, സ്ത്രീകളെ ആത്മനിർഭർ ആക്കുകയും സ്വയം തൊഴിൽ, ഉപജീവന അവസരങ്ങൾ എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഓരോ കുടുംബത്തിൽ നിന്നും ഒരു സ്ത്രീക്ക് ഇത് സാമ്പത്തിക സഹായം നൽകും, ഇത് അവർക്ക് ഇഷ്ടമുള്ള തൊഴിൽ അല്ലെങ്കിൽ ഉപജീവന പ്രവർത്തനങ്ങൾ ആരംഭിക്കാൻ അവരെ പ്രാപ്തരാക്കുകയും അതുവഴി അവർക്കിടയിൽ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ശാക്തീകരണവും വളർത്തുകയും ചെയ്യും.
ഈ പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി 10,000 രൂപയുടെ പ്രാരംഭ ഗ്രാന്റ് ലഭിക്കും, തുടർന്നുള്ള ഘട്ടങ്ങളിൽ 2 ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായവും ലഭിക്കും. കൃഷി, മൃഗസംരക്ഷണം, കരകൗശല വസ്തുക്കൾ, തയ്യൽ, നെയ്ത്ത്, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവയുൾപ്പെടെ ഗുണഭോക്താവ് തിരഞ്ഞെടുക്കുന്ന മേഖലകളിൽ ഈ സഹായം പ്രയോജനപ്പെടുത്താം.
ഈ പദ്ധതി സമൂഹം നയിക്കുന്നതായിരിക്കും, സാമ്പത്തിക പിന്തുണയ്‌ക്കൊപ്പം, സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി റിസോഴ്‌സ് വ്യക്തികൾ അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി പരിശീലനം നൽകും. അവരുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ പിന്തുണയ്ക്കുന്നതിനായി, സംസ്ഥാനത്ത് ഗ്രാമീൺ ഹാട്ട്-ബസാറുകൾ കൂടുതൽ വികസിപ്പിക്കും.
മുഖ്യമന്ത്രി മഹിള റോജ്ഗർ യോജനയുടെ സമാരംഭത്തിൽ സംസ്ഥാനവ്യാപകമായി ഒന്നിലധികം ഭരണ തലങ്ങളിൽ - അതായത് ജില്ല, ബ്ലോക്ക്, ക്ലസ്റ്റർ, ഗ്രാമം - എന്നിവിടങ്ങളിൽ ഒരു പരിപാടി അവതരിപ്പിക്കും, പരിപാടിക്ക് 1 കോടിയിലധികം സ്ത്രീകൾ സാക്ഷ്യം വഹിക്കും.
***
SK
(रिलीज़ आईडी: 2171760)
आगंतुक पटल : 49
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada