പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെപ്റ്റംബർ 20ന് ഗുജറാത്ത് സന്ദർശിക്കും
'സമുദ്ര സെ സമൃദ്ധി' പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
ഭാവ്‌നഗറിൽ 34,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
സമുദ്ര മേഖല, LNG അടിസ്ഥാനസൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം, ഹൈവേകൾ, ആരോഗ്യ സംരക്ഷണം, നഗര ഗതാഗതം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ
പ്രധാനമന്ത്രി ലോഥലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് സന്ദർശിച്ച് അതിന്റെ പുരോഗതി വിലയിരുത്തും
കപ്പൽ നിർമ്മാണം, തുറമുഖ നവീകരണം, ഹരിത ഊർജ്ജം, തീരദേശ കണക്റ്റിവിറ്റി എന്നിവയിലൂടെയുള്ള സമുദ്രാധിഷ്ഠിത വളർച്ചയ്ക്ക് ഊന്നൽ
ധോലേരയിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തും
Posted On:
19 SEP 2025 5:22PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 20-ന് ഗുജറാത്ത് സന്ദർശിക്കും. ഭാവ്‌നഗറിൽ രാവിലെ 10:30-ന് 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും 34,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും ചെയ്യും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
തുടർന്ന്, പ്രധാനമന്ത്രി ധോലേരയിൽ വ്യോമനിരീക്ഷണം നടത്തും. ഉച്ചയ്ക്ക് 1:30-ന്, അദ്ദേഹം അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയും ലോഥലിലെ സമുദ്ര പൈതൃക സമുച്ചയം സന്ദർശിക്കുകയും ചെയ്യും.
സമുദ്രമേഖലയ്ക്ക് വലിയ ഉത്തേജനം നൽകുന്ന 7,870 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. ഇന്ദിരാ ഡോക്കിലെ മുംബൈ ഇൻ്റർനാഷണൽ ക്രൂയിസ് ടെർമിനൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് പുതിയ കണ്ടെയ്നർ ടെർമിനലിനും അനുബന്ധ സൗകര്യങ്ങൾക്കും, പാരദീപ് തുറമുഖത്ത് പുതിയ കണ്ടെയ്നർ ബെർത്ത്, കാർഗോ സൗകര്യങ്ങൾ, അനുബന്ധ വികസനങ്ങൾ, ട്യൂണ ടെക്ര മൾട്ടി കാർഗോ ടെർമിനൽ, എന്നൂരിലെ കാമരാജർ തുറമുഖത്ത് അഗ്നിശമന സൗകര്യങ്ങളും ആധുനിക റോഡ് കണക്റ്റിവിറ്റിയും, ചെന്നൈ തുറമുഖത്തെ കടൽഭിത്തികളും ബലപ്പെടുത്തലുകളും ഉൾപ്പെടെയുള്ള തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ, കാർ നിക്കോബാർ ദ്വീപിൽ കടൽഭിത്തി നിർമ്മാണം, ദീൻദയാൽ തുറമുഖത്ത് മൾട്ടി പർപ്പസ് കാർഗോ ബെർത്തും ഗ്രീൻ ബയോ-മെഥനോൾ പ്ലാൻ്റും, പട്നയിലും വാരാണസിയിലും കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിടും.
സമഗ്രവും സുസ്ഥിരവുമായ വികസനത്തോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഗുജറാത്തിലെ വിവിധ മേഖലകൾക്കായി 26,354 കോടി രൂപയിലധികം വരുന്ന കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഒന്നിലധികം പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഛാര തുറമുഖത്തെ HPLNG റീഗ്യാസിഫിക്കേഷൻ ടെർമിനൽ, ഗുജറാത്ത് ഐഒസിഎൽ റിഫൈനറിയിലെ അക്രിലിക്സ് & ഓക്സോ ആൽക്കഹോൾ പദ്ധതി, 600 മെഗാവാട്ട് ഗ്രീൻ ഷൂ ഉദ്യമം, കർഷകർക്കായുള്ള പിഎം-കുസും 475 മെഗാവാട്ട് കമ്പോണന്റ് സി സോളാർ ഫീഡർ, 45 മെഗാവാട്ട് ബഡേലി സോളാർ പിവി പ്രോജക്ട്, ധോർഡോ ഗ്രാമത്തിൻ്റെ സമ്പൂർണ സൗരോർജ്ജവൽക്കരണം എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും. എൽഎൻജി അടിസ്ഥാന സൗകര്യങ്ങൾ, അധിക പുനരുപയോഗ ഊർജ്ജ പദ്ധതികൾ, തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ, ഹൈവേകൾ, ഭാവ്‌നഗറിലെ സർ ടി. ജനറൽ ആശുപത്രിയുടെയും ജാംനഗറിലെ ഗുരു ഗോവിന്ദ് സിംഗ് ഗവണ്മെന്റ് ആശുപത്രിയുടെയും വിപുലീകരണം, ദേശീയപാതയുടെ 70 കിലോമീറ്റർ നാലുവരിപ്പാതയാക്കൽ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ, നഗര ഗതാഗത പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും.
സുസ്ഥിര വ്യവസായവൽക്കരണം, മികച്ച അടിസ്ഥാന സൗകര്യം, ആഗോള നിക്ഷേപം എന്നിവയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഗ്രീൻഫീൽഡ് വ്യാവസായിക നഗരമായി വിഭാവനം ചെയ്ത ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്മെൻ്റ് റീജിയണിൻ്റെ (DSIR) വ്യോമനിരീക്ഷണം പ്രധാനമന്ത്രി നടത്തും. ഇന്ത്യയുടെ പുരാതന സമുദ്ര പാരമ്പര്യങ്ങൾ ആഘോഷിക്കാനും സംരക്ഷിക്കാനും വിനോദസഞ്ചാരം, ഗവേഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കുള്ള ഒരു കേന്ദ്രമായി നിലകൊള്ളുന്നതിനുമായി ഏകദേശം 4,500 കോടി രൂപ ചെലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലോഥലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NHMC) പ്രധാന മന്ത്രി സന്ദർശിക്കുകയും അതിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യും.
-NK-
(Release ID: 2168653)