പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാർ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു
ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണു വികസിത ഇന്ത്യയുടെ അടിത്തറ; രാജ്യത്തെ സ്ത്രീശാക്തീകരണമാണു നമ്മുടെ ഗവൺമെന്റിന്റെ മുൻഗണന: പ്രധാനമന്ത്രി
സ്ത്രീകളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനു ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിച്ചുവരികയാണ്; ഭാവിയിലും അതു തുടരും: പ്രധാനമന്ത്രി
അമ്മയുടെ അന്തസ്സ്, ആദരം, ആത്മാഭിമാനം എന്നിവ നമ്മുടെ ഗവണ്മെന്റിനു വളരെ പ്രധാനമാണ്: പ്രധാനമന്ത്രി
Posted On:
02 SEP 2025 2:35PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബിഹാർ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡിനു തുടക്കംകുറിച്ചു. ഈ ശുഭകരമായ ചൊവ്വാഴ്ച, വളരെ പ്രതീക്ഷ നൽകുന്ന സംരംഭം ആരംഭിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ജീവിക നിധി സാഖ് സഹകാരി സംഘ് വഴി ബിഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും പുതിയ സൗകര്യം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജീവികയുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിലുടനീളം സ്ത്രീകൾക്ക് സാമ്പത്തിക സഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവരുടെ ജോലികളും കച്ചവടവും മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജീവിക നിധി സംവിധാനം പൂർണ്ണമായും ഡിജിറ്റൽ ആയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അതിനാൽ, നേരിട്ട് ഓഫീസ് സന്ദർശനം പോലുള്ളവയുടെ ആവശ്യകത ഇല്ലാതാക്കുന്നു. ഇപ്പോൾ എല്ലാം മൊബൈൽ ഫോൺ വഴി ചെയ്യാൻ കഴിയും. ജീവിക നിധി സാഖ് സഹകാരി സംഘം ആരംഭിച്ചതിന് ബിഹാറിലെ അമ്മമാരെയും സഹോദരിമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഈ ശ്രദ്ധേയമായ സംരംഭത്തിന് ശ്രീ നിതീഷ് കുമാറിനെയും ബിഹാർ ഗവണ്മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു.
“വികസിത ഇന്ത്യയുടെ പ്രധാന അടിത്തറയാണു ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ” - സ്ത്രീകളെ ശാക്തീകരിക്കുന്നതിന്, അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതം സുഗമമാക്കുന്നതിന് ഗവണ്മെന്റ് നിരവധി സംരംഭങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നതിൽനിന്ന് സ്ത്രീകളെ മോചിപ്പിക്കുന്നതിനായി കോടിക്കണക്കിന് ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ആവാസ് യോജനയ്ക്ക് കീഴിൽ ഉറപ്പുള്ള കോടിക്കണക്കിന് വീടുകൾ നിർമിച്ചിട്ടുണ്ടെന്നും ഈ വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ വീടിന്റെ ഉടമയാകുമ്പോൾ, അവളുടെ ശബ്ദത്തിന്റെ പ്രാധാന്യം വർദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഗവണ്മെന്റ് ‘ഹർ ഘർ ജൽ’ സംരംഭം ആരംഭിച്ചതെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, അമ്മമാർക്കും സഹോദരിമാർക്കും ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ചതായും വ്യക്തമാക്കി. അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഇതു വാഗ്ദാനം ചെയ്യുന്നു. കേന്ദ്രഗവണ്മെന്റ് സൗജന്യ റേഷൻ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഇത് ഓരോ അമ്മയെയും ഓരോ ദിവസവും തന്റെ കുട്ടികൾക്ക് എങ്ങനെ ഭക്ഷണം നൽകുമെന്ന ആശങ്കയിൽനിന്നു മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി, രാജ്യത്തുടനീളമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്ന ‘ലഖ്പതി ദീദി’, ‘ഡ്രോൺ ദീദി’, ബാങ്ക് സഖി തുടങ്ങിയ സംരംഭങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. അമ്മമാരെയും സഹോദരിമാരെയും സേവിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന മഹത്തായ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പദ്ധതികളെ അദ്ദേഹം വിശേഷിപ്പിച്ചത്. വരുംമാസങ്ങളിൽ ബിഹാറിലെ നമ്മുടെ ഗവണ്മെന്റ് ഈ ദൗത്യം കൂടുതൽ വേഗത്തിലാക്കുമെന്ന് ശ്രീ മോദി സദസ്സിന് ഉറപ്പ് നൽകി.
“മാതൃശക്തിയോടുള്ള ബഹുമാനവും മാതാവിനോടുള്ള ആദരവും എല്ലായ്‌പ്പോഴും ഏറ്റവും ഉയർന്ന സ്ഥാനത്തു നിർത്തുന്ന നാടാണ് ബിഹാർ” - പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ ഗംഗാ മൈയ, കോസി മൈയ, ഗണ്ഡകി മൈയ, പുൻപുൻ മൈയ തുടങ്ങിയ ദേവതകളെ അത്യധികം ഭക്തിയോടെ ആരാധിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജാനകിജി ബിഹാറിന്റെ മകളാണെന്നും, അതിന്റെ സാംസ്കാരിക ധർമചിന്തയിൽ വളർത്തിയെടുത്ത ഈ ദേശത്തിന്റെ ‘സിയ ധിയ’യാണെന്നും, ലോകമെമ്പാടും സീതാമാതാവായി ആദരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഛഠി മൈയയെ പ്രാർത്ഥിക്കുന്നത് എല്ലാവർക്കും അനുഗ്രഹകരമാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. പുണ്യമായ നവരാത്രി ഉത്സവം അടുത്തുവരികയാണെന്നും, ഈ സമയത്ത് രാജ്യമെമ്പാടും ഒമ്പത് രൂപത്തിലുള്ള ദുർഗാമാതാവിനെ ആരാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലും പൂർവാഞ്ചൽ മേഖലയിലും, തലമുറകളായി ഏഴ് സഹോദരിമാരെ ദിവ്യമാതാവിന്റെ ആവിഷ്കാരമായി ആരാധിക്കുന്ന ‘സത്ബഹിനി പൂജ’ എന്ന ആചാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയോടുള്ള ആഴത്തിലുള്ള വിശ്വാസവും ഭക്തിയും ബിഹാറിനെ നിർവചിക്കുന്ന പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായ ചൊല്ല് ഉദ്ധരിച്ച്, എത്ര പ്രിയപ്പെട്ടവരായാലും, ആർക്കും ഒരിക്കലും അമ്മയുടെ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തന്റെ ഗവൺമെന്റിന് അമ്മമാരുടെ അന്തസ്സും, ബഹുമാനവും, അഭിമാനവും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് വ്യക്തമാക്കിയ ശ്രീ മോദി, അമ്മ നമ്മുടെ ലോകത്തിന്റെ സാരമാണെന്നും നമ്മുടെ ആത്മാഭിമാനത്തെ ഉൾക്കൊള്ളുന്നുവെന്നും അഭിപ്രായപ്പെട്ടു. ബിഹാറിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് പരാമർശിക്കവേ, അടുത്തിടെ നടന്ന സംഭവത്തിൽ അദ്ദേഹം അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. അത് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ പ്രതിപക്ഷ സഖ്യത്തിന്റെ വേദിയിൽനിന്ന് തന്റെ അമ്മയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ഈ അപമാനം തന്റെ അമ്മയെ മാത്രമല്ല, രാജ്യത്തെ ഓരോ അമ്മയെയും സഹോദരിയെയും മകളെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പരാമർശങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ബിഹാറിലെ ജനങ്ങൾ, പ്രത്യേകിച്ച് അമ്മമാർ അനുഭവിക്കുന്ന വേദന ശ്രീ മോദി ചൂണ്ടിക്കാട്ടി. തന്റെ ഹൃദയത്തിൽ തോന്നുന്ന ദുഃഖം ബിഹാറിലെ ജനങ്ങളുടേതുകൂടിയാണെന്നും, ഈ ദുഃഖം ഇന്ന് ജനങ്ങളുമായി പങ്കിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 55 വർഷമായി താൻ സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കുന്നുണ്ടെന്നും, എല്ലാ ദിവസവും, ഓരോ നിമിഷവും, രാജ്യത്തിനായി പൂർണ സമർപ്പണത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ യാത്രയിൽ തന്റെ അമ്മയ്ക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതമാതാവിനെ സേവിക്കുന്നതിനായി, തനിക്കു ജന്മം നൽകിയ അമ്മ, തന്നെ കുടുംബബാധ്യതകളിൽ നിന്ന് മോചിപ്പിച്ചുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രസേവനത്തിനായി തന്നെ അനുഗ്രഹിച്ച, ഈ ലോകത്തിൽ ശാരീരികമായി ഇല്ലാത്ത, അമ്മയെ പ്രതിപക്ഷ സഖ്യത്തിന്റെ വേദിയിൽ അപമാനിച്ചതിൽ അദ്ദേഹം അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ഇത് അത്യന്തം വേദനാജനകവും, ദുഃഖകരവും, ഹൃദയഭേദകവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ അമ്മയും തന്റെ മക്കളെ അനവധി ത്യാഗങ്ങളിലൂടെയാണ് വളർത്തുന്നതെന്നും, മക്കളേക്കാൾ വലുതായി അമ്മയുടെ ജീവിതത്തിൽ ഒന്നുമില്ലെന്നും പറഞ്ഞ ശ്രീ മോദി, കുട്ടിക്കാലം മുതൽ ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ചു കുടുംബത്തെയും കുട്ടികളെയും പോറ്റുന്ന തരത്തിലാണ് അമ്മയെ കണ്ടിട്ടുള്ളതെന്നു വ്യക്തമാക്കി. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്, മേൽക്കൂര ചോർന്നൊലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തന്റെ അമ്മ എങ്ങനെയാണു പ്രവർത്തിച്ചതെന്നും, അങ്ങനെ കുട്ടികൾക്കു സമാധാനപരമായി ഉറങ്ങാൻ കഴിഞ്ഞതെങ്ങനെയെന്നും അദ്ദേഹം അനുസ്മരിച്ചു. അസുഖം ബാധിച്ചാൽപോലും, ഒരു ദിവസം വിശ്രമിച്ചാൽ തന്റെ കുട്ടികൾ കഷ്ടപ്പെടേണ്ടിവരുമെന്ന് അറിഞ്ഞ് അമ്മ ജോലി ചെയ്യുമായിരുന്നു. കുട്ടികൾക്കായി ഒരു ജോഡി വസ്ത്രങ്ങൾ തുന്നാൻ ഓരോ പൈസയും സൂക്ഷിച്ചുവച്ചിരുന്ന അമ്മ, ഒരിക്കലും പുതിയ സാരി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രയായ അമ്മ, ജീവിതകാലം മുഴുവൻ ത്യാഗത്തിലൂടെ, തന്റെ കുട്ടികൾക്ക് വിദ്യാഭ്യാസവും ശക്തമായ മൂല്യങ്ങളും നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അമ്മയുടെ സ്ഥാനം ദൈവങ്ങൾക്ക് മുകളിലായി കണക്കാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ചൊല്ലുദ്ധരിച്ച്, ബിഹാറിന്റെ സാംസ്കാരിക ധർമചിന്തയെ പരാമർശിച്ച അദ്ദേഹം, പ്രതിപക്ഷ വേദിയിൽ നിന്നുണ്ടായ അധിക്ഷേപം തന്റെ അമ്മയ്ക്കു മാത്രമല്ല - രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് അമ്മമാർക്കും അപമാനമാണെന്ന് ചൂണ്ടിക്കാട്ടി.
ഒരു ദരിദ്ര മാതാവിന്റെ ത്യാഗവും അവരുടെ മകന്റെ വേദനയും രാജകീയ കുടുംബങ്ങളിൽ ജനിച്ചവർക്ക് മനസ്സിലാക്കാൻ കഴിയില്ലെന്ന് ശ്രീ മോദി പറഞ്ഞു. ഈ പ്രത്യേക വ്യക്തികൾ വെള്ളി സ്പൂണും സ്വർണ്ണ സ്പൂണും നുണഞ്ഞു കൊണ്ടാണ് ജനിച്ചതെന്നും ബിഹാറിലെയും രാജ്യത്തുടനീളമുള്ള ഭാഗങ്ങളിലേയും അധികാരത്തെ കുടുംബ സ്വത്തായിട്ടാണ് അവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരക്കസേര തങ്ങളുടെ ജന്മാവകാശമാണെന്ന് അവർ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഒരു ദരിദ്ര മാതാവിന്റെ മകനെ—ഒരു കഠിനാധ്വാനിയെ—ഇന്ത്യയിലെ ജനങ്ങൾ അനുഗ്രഹിക്കുകയും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ യാഥാർത്ഥ്യം പ്രത്യേക വിഭാഗത്തിന് അംഗീകരിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക, അതിപിന്നാക്ക വിഭാഗങ്ങളുടെ വളർച്ച യോട് പ്രതിപക്ഷം ഒരിക്കലും സഹിഷ്ണുത പുലർത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഠിനാധ്വാനം ചെയ്യുന്നവരെ അപമാനിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഈ വ്യക്തികൾ വിശ്വസിക്കുന്നുവെന്നും അതിനാൽ അവർ അധിക്ഷേപ പ്രവാഹം നടത്തുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ബിഹാർ തിരഞ്ഞെടുപ്പിൽ പോലും തന്നെ അനാദരവോടെയും അധിക്ഷേപകരമായ ഭാഷയിലും അഭിസംബോധന ചെയ്തത് ഈ വ്യക്തികളുടെ മേധാവിത്വ ചിന്താഗതിയെ ആവർത്തിച്ച് തുറന്നുകാട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചിന്താഗതിയാണ് ഇപ്പോൾ തന്റെ അന്തരിച്ച അമ്മയെ അവരുടെ രാഷ്ട്രീയ ഗോദയിൽ നിന്ന് കൊണ്ട് അധിക്ഷേപിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമ്മമാരെയും സഹോദരിമാരെയും അധിക്ഷേപിക്കുന്ന ചിന്താഗതി സ്ത്രീകളെ ദുർബലരായി കാണുകയും ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കുകയും ചെയ്യുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരം സ്ത്രീവിരുദ്ധ മനോഭാവത്തിലുള്ളവർ അധികാരത്തിൽ വരുമ്പോഴെല്ലാം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ യാഥാർത്ഥ്യം ബിഹാറിലെ ജനങ്ങളെക്കാൾ നന്നായി ആർക്കും മനസ്സിലാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ പ്രതിപക്ഷ ഭരണകാലം ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, അക്കാലം അനിയന്ത്രിതമായ കുറ്റകൃത്യങ്ങളുടേയു കുറ്റവാളികളും കാലമായിരുന്നു, കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, ബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ സാധാരണമായിരുന്നു. അക്കാലത്തെ ഗവൺമെൻ്റ് കൊലപാതകികൾക്കും സ്ത്രീപീഡനം നടത്തുന്നവർക്കും സംരക്ഷണം നൽകിയിരുന്നുവെന്നും ആ ഭരണത്തിന്റെ കഷ്ടപ്പാടുകൾ ഏറ്റുവാങ്ങിയത് ബിഹാറിലെ സ്ത്രീകളാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾ വീടിന് പുറത്ത് ഇറങ്ങുന്നതുപോലും സുരക്ഷിതമായിരുന്നില്ലെന്നും, തങ്ങളുടെ ഭർത്താക്കന്മാരോ മക്കളോ വൈകുന്നേരത്തോടെ ജീവനോടെ തിരിച്ചെത്തുമോ എന്ന് ഉറപ്പില്ലാതെ കുടുംബങ്ങൾ നിരന്തരമായ ഭീതിയിൽ ജീവിച്ചിരുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. തങ്ങളുടെ കുടുംബങ്ങളെ നഷ്ടപ്പെടുമോ, മോചനദ്രവ്യം നൽകാൻ ആഭരണങ്ങൾ വിൽക്കേണ്ടി വരുമോ, മാഫിയാ സംഘങ്ങൾ തട്ടിക്കൊണ്ടുപോകുമോ, അല്ലെങ്കിൽ ദാമ്പത്യ സന്തോഷം നഷ്ടപ്പെടുമോ എന്ന ഭീഷണിയിൽ സ്ത്രീകൾ എങ്ങനെയാണ് ജീവിച്ചിരുന്നുവെന്ന് അദ്ദേഹം വിവരിച്ചു. ആ അന്ധകാരത്തിൽ നിന്ന് പുറത്തുവരാൻ ബിഹാർ ഒരുപാട് കാലം പോരാടിയെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഈ പ്രതിപക്ഷ പാർട്ടികളെ നീക്കം ചെയ്യുന്നതിലും ആവർത്തിച്ച് പരാജയപ്പെടുത്തുന്നതിലും ബിഹാറിലെ സ്ത്രീകൾ ഒരു വലിയ പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ്, ഇന്ന്, പ്രതിപക്ഷ പാർട്ടികൾക്ക് ബിഹാറിലെ സ്ത്രീകളോട് ഏറ്റവും കൂടുതൽ ദേഷ്യം തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പാർട്ടികൾ പ്രതികാരം ചെയ്യാനും വനിതകളെ ശിക്ഷിക്കാനും ആഗ്രഹിക്കുന്നുവെന്ന അവരുടെ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കാൻ ബിഹാറിലെ ഓരോ സ്ത്രീയോടും ശ്രീ മോദി അഭ്യർത്ഥിച്ചു.
സ്ത്രീകളുടെ മുന്നേറ്റത്തെ ചില പ്രതിപക്ഷ പാർട്ടികൾ തുടർച്ചയായി എതിർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, അതുകൊണ്ടാണ് അവർക്ക് വനിതാ സംവരണം പോലുള്ള ഉദ്യമങ്ങളോട് ശക്തമായ എതിർപ്പുള്ളതെന്ന് ശ്രീ മോദി പറഞ്ഞു. ദരിദ്ര കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീ ഉയർന്ന സ്ഥാനങ്ങളിൽ എത്തുമ്പോൾ പോലും അവരുടെ നിരാശ പ്രകടമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആദിവാസിയായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ പ്രതിപക്ഷം ആവർത്തിച്ച് അപമാനിച്ച ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. സ്ത്രീകളോടുള്ള വെറുപ്പിന്റെയും അവഹേളനത്തിന്റെയും ഈ രാഷ്ട്രീയം തടയണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 20 ദിവസത്തിനുള്ളിൽ നവരാത്രി തുടങ്ങുമെന്നും, തുടർന്ന് 50 ദിവസത്തിനുള്ളിൽ ഛാത്തി മയ്യക്ക് പ്രാർത്ഥനകൾ അർപ്പിക്കുന്ന ഛാത് എന്ന വിശുദ്ധ ഉത്സവം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ അപമാനിച്ചവരെ താൻ ക്ഷമിക്കുമെങ്കിലും അമ്മമാരോടുള്ള അനാദരവ് ഇന്ത്യയുടെ മണ്ണ് ഒരിക്കലും സഹിക്കില്ലെന്ന് ബിഹാറിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രവൃത്തികൾക്ക് സത്‌ബഹിനിയോടും ഛാത്തി മയ്യയോടും മാപ്പ് പറയേണ്ടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അമ്മമാരെ അപമാനിച്ചതിനുള്ള മറുപടി നൽകാനുള്ള ഉത്തരവാദിത്തം ബിഹാറിലെ ജനങ്ങൾ, പ്രത്യേകിച്ച് അവിടത്തെ പുത്രന്മാർ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പോകുന്നിടത്തെല്ലാം—ഏത് തെരുവിലായാലും ഏത് നഗരത്തിലായാലും—അമ്മമാരെ അപമാനിക്കുന്നത് തങ്ങൾക്ക് സഹിക്കാനാകില്ലെന്നും അന്തസ്സിനു നേരെയുള്ള ഒരു ആക്രമണവും അംഗീകരിക്കില്ലെന്നും ഉള്ള ജന ശബ്ദം അവർ കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ അടിച്ചമർത്തലും ആക്രമണവും സഹിക്കില്ലെന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് തന്റെ ഗവൺമെൻ്റിൻ്റ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് പറഞ്ഞു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന കഷ്ടപ്പാടുകൾ കുറയ്ക്കാൻ തങ്ങളുടെ ഗവൺമെൻ്റ് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും പൂർണ്ണ പ്രതിബദ്ധതയോടെ അത് തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തങ്ങളുടെ ഗവൺമെൻ്റിനെ തുടർന്നും അനുഗ്രഹിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും രാഷ്ട്രത്തിലെ ഓരോ അമ്മയ്ക്കും തന്റെ ആദരവുകൾ അർപ്പിച്ചുകൊണ്ട് പ്രസംഗം ഉപസംഹരിക്കുകയും ചെയ്തു.
"ഹർ ഘർ തിരംഗ" എന്ന മുദ്രാവാക്യം ഗ്രാമങ്ങളിലും തെരുവുകളിലും മുഴങ്ങിയ സ്വാതന്ത്ര്യദിനത്തിലെ സമീപകാല ദേശീയ വികാരം ഓർമ്മിപ്പിച്ചുകൊണ്ട്, നിലവിലെ ആവശ്യം "ഹർ ഘർ സ്വദേശി, ഘർ-ഘർ സ്വദേശി" ആണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കാനും ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കാനും ഈ പുതിയ മന്ത്രം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ദൗത്യത്തിൽ തനിക്ക് സ്ത്രീകളുടെ അനുഗ്രഹം വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഓരോ കടയുടമയും വ്യാപാരിയും "ഇത് സ്വദേശിയാണ്" എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. "വോകൽ ഫോർ ലോക്കൽ", 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾ എന്നിവ ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യ സ്വാശ്രയത്വത്തിന്റെ പാതയിൽ ശക്തമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ ശ്രീ സമ്രാട്ട് ചൗധരി, ശ്രീ വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.
പശ്ചാത്തലം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാർ സംസ്ഥാന ജീവിക നിധി സാഖ് സഹകാരി സംഘം ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു. ജീവിക നിധി സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം, ജീവികയുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് താങ്ങാനാവുന്ന പലിശ നിരക്കിൽ ഫണ്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ്. ജീവികയുടെ എല്ലാ രജിസ്റ്റർ ചെയ്ത ക്ലസ്റ്റർ-തല ഫെഡറേഷനുകളും സൊസൈറ്റിയിൽ അംഗങ്ങളാകും. ഈ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായി ബിഹാർ ഗവൺമെൻ്റും കേന്ദ്ര ഗവൺമെൻ്റും ഫണ്ട് നൽകും.
ജീവികയുടെ സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളിൽ സംരംഭകത്വം വർഷങ്ങളായി വളർന്നിട്ടുണ്ട്, ഇത് ഗ്രാമീണ മേഖലകളിൽ നിരവധി ചെറുകിട സംരംഭങ്ങളും ഉത്പാദന കമ്പനികളും സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. എന്നിരുന്നാലും, വനിതാ സംരംഭകർക്ക് പലപ്പോഴും 18% മുതൽ '24% വരെ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും കുറഞ്ഞ പലിശ നിരക്കിൽ സമയബന്ധിതമായി വലിയ വായ്പാ തുകകൾ ലഭ്യമാക്കുന്നതിനും ഒരു ബദൽ സാമ്പത്തിക സംവിധാനമായിട്ടാണ് ജീവിക നിധി വിഭാവനം ചെയ്തിട്ടുള്ളത്.
ഈ സംവിധാനം പൂർണ്ണമായും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കും, ഇത് ജീവിക ദീദിമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വേഗത്തിലും കൂടുതൽ സുതാര്യമായും ഫണ്ട് കൈമാറ്റം ഉറപ്പാക്കും. ഇത് സുഗമമാക്കാൻ, 12,000 കമ്മ്യൂണിറ്റി കേഡറുകൾക്ക് ടാബ്‌ലെറ്റുകൾ നൽകുന്നുണ്ട്.
ഈ സംരംഭം ഗ്രാമീണ സ്ത്രീകളുടെ സംരംഭകത്വ വികസനം ശക്തിപ്പെടുത്തുമെന്നും കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ബിഹാർ സംസ്ഥാനത്തുടനീളമുള്ള ഏകദേശം 20 ലക്ഷം സ്ത്രീകൾ ഈ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.
***
NK
(Release ID: 2163050)
Visitor Counter : 3
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada