പ്രധാനമന്ത്രിയുടെ ഓഫീസ്
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച
Posted On:
31 AUG 2025 1:58PM by PIB Thiruvananthpuram
ടിയാൻജിനിൽ, 2025 ഓഗസ്റ്റ് 31-ന് നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.
കസാനിൽ 2024 ഒക്ടോബറിൽ നടന്ന അവസാന കൂടിക്കാഴ്ചക്ക് ശേഷം ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ അനുകൂല മാറ്റങ്ങളെയും സ്ഥായിയായ പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും ശത്രുക്കളല്ല, വികസന പങ്കാളികളാണെന്നും അഭിപ്രായവ്യത്യാസങ്ങൾ പരസ്പരം തർക്കങ്ങളായി മാറരുതെന്നും നേതാക്കൾ ഊന്നിപ്പറഞ്ഞു. പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം, പരസ്പര സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയും ചൈനയും തമ്മിലെ സ്ഥായിയായ ബന്ധവും സഹകരണവും ഇരു രാജ്യങ്ങളുടെയും 2.8 ശതകോടി ജനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. ഇത് 21-ാം നൂറ്റാണ്ടിലെ പ്രവണതകൾക്ക് അനുയോജ്യമായ ബഹുമുഖ ലോകത്തിനും ബഹുമുഖ ഏഷ്യക്കും ആവശ്യവുമാണ്.
ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ വികസനത്തിന് അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വർഷം വിജയകരമായി നടത്തിയ സേനാ പിന്മാറ്റത്തെയും അതിനുശേഷം അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്ന സമാധാനം ശാന്തത എന്നിവയിലും ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടും ഇരു ജനതയുടെയും ദീർഘകാല താൽപ്പര്യങ്ങളും കണക്കിലെടുത്ത്, അതിർത്തി പ്രശ്‌നത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണാനുള്ള പ്രതിബദ്ധത നേതാക്കൾ പ്രകടമാക്കി. ഈ മാസം ആദ്യം നടന്ന ചർച്ചകളിൽ രണ്ട് പ്രത്യേക പ്രതിനിധികൾ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങൾ അവർ അംഗീകരിക്കുകയും അവരുടെ ശ്രമങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാൻ സമ്മതമറിയിക്കുകയും ചെയ്തു.
കൈലാസ് മാനസസരോവർ യാത്രയും ടൂറിസ്റ്റ് വിസയും പുനരാരംഭിക്കുന്നതിനെ അടിസ്ഥാനമാക്കി, നേരിട്ടുള്ള വിമാന സർവീസുകളിലൂടെയും വിസ സൗകര്യത്തിലൂടെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. സാമ്പത്തിക, വ്യാപാര ബന്ധങ്ങളിലൂടെ, ലോക വ്യാപാരം സുസ്ഥിരമാക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയ്ക്കുള്ള പങ്ക് അവർ അംഗീകരിച്ചു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപ ബന്ധങ്ങളും വിപുലീകരിക്കാനും വ്യാപാരക്കമ്മി കുറയ്ക്കാനും രാഷ്ട്രീയവും തന്ത്രപരവുമായ ദിശയിൽ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.
ഇന്ത്യയും ചൈനയും തന്ത്രപരമായ സ്വയംഭരണം പിന്തുടരുന്നവരാണെന്നും അവരുടെ ബന്ധങ്ങൾ മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തീവ്രവാദം, ബഹുമുഖ വേദികളിലെ നീതിയുക്തമായ വ്യാപാരം തുടങ്ങിയ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിലും വെല്ലുവിളികളിലും പൊതുവായ ധാരണ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി.
SCO-യുടെ അദ്ധ്യക്ഷപദവിക്കും ടിയാൻജിനിലെ ഉച്ചകോടിക്കും പ്രധാനമന്ത്രി ചൈനയ്ക്ക് പിന്തുണ അറിയിച്ചു. 2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രസിഡന്റ് ഷിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ക്ഷണത്തിന് നന്ദി പറഞ്ഞ പ്രസിഡന്റ് ഷി, ഇന്ത്യയുടെ ബ്രിക്സ് അദ്ധ്യക്ഷതയ്ക്ക് ചൈനയുടെ പിന്തുണയും വാഗ്ദാനം ചെയ്തു.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കായ് ചിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി അദ്ദേഹവുമായി പങ്കുവെക്കുകയും ഇരു നേതാക്കളുടെയും കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് അദ്ദേഹത്തിന്റെ പിന്തുണ തേടുകയും ചെയ്തു. ഇരു നേതാക്കളും തമ്മിൽ എത്തിച്ചേർന്ന ധാരണയ്ക്ക് അനുസൃതമായി ഉഭയകക്ഷി വിനിമയങ്ങൾ വിപുലീകരിക്കാനും ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ചൈനയുടെ ആഗ്രഹം മിസ്റ്റർ കായ് ആവർത്തിച്ചു.
***
NK
(Release ID: 2162471)
Visitor Counter : 2
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada