പ്രധാനമന്ത്രിയുടെ ഓഫീസ്
അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ
Posted On:
29 AUG 2025 7:10PM by PIB Thiruvananthpuram
ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.
ഇതിനായി, ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തെ കെട്ടിപ്പടുക്കുന്നതിലൂടെ, അടുത്ത ദശകത്തിലേക്കുള്ള ലക്ഷ്യങ്ങളും അവയുടെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവയ്പ്പ്കളും ഉൾക്കൊള്ളുന്ന എട്ട് സംയുക്ത പ്രവർത്തന രേഖകൾ ഞങ്ങൾ ഇതിനാൽ രൂപപ്പെടുത്തുന്നു.
(I) അടുത്ത തലമുറയിലെ സാമ്പത്തിക പങ്കാളിത്തം
ലോകത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ, നമ്മുടെ സാമ്പത്തിക, വാണിജ്യ മേഖലകൾ പ്രയോജനപ്പെടുത്താനും, ഇരു രാജ്യങ്ങളിലെയും പരസ്പര പൂരക വിഭവങ്ങളുടെയും വിപണികളുടെയും സാധ്യതകൾ ഉത്തേജിപ്പിക്കാനും ഞങ്ങൾ ഇപ്രകാരം ലക്ഷ്യമിടുന്നു:
* 2022-2026 കാലയളവിൽ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് 5 ട്രില്യൺ ജപ്പാൻ യെൻ പൊതു (JPY), സ്വകാര്യ മേഖലകളിലായി നിക്ഷേപമായും ധനസഹായമായും ലഭിക്കുകയും, അതിൽ നിന്നും നേടിയ പുരോഗതിയെ അടിസ്ഥാനമാക്കി, 10 ട്രില്യൺ ജാപനീസ് യെനിൻറെ സ്വകാര്യ മേഖലാ നിക്ഷേപത്തിന്റെ പുതിയ ലക്ഷ്യം നിശ്ചയിക്കുക;
* ഇന്ത്യ-ജപ്പാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ (CEPA) നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യുക;
* ജാപ്പനീസ് സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ പോലെ ഇന്ത്യയിൽ ഉൽപ്പന്ന ഗുണനിലവാരം ഉയർത്താൻ സഹായിക്കുന്നതിന് ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സര പങ്കാളിത്തം (IJICP) വഴി "മെയ്ക്ക് ഇൻ ഇന്ത്യ" സംരംഭത്തിനായി ഇന്ത്യ-ജപ്പാൻ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക;
* ഇന്ത്യ-ജപ്പാൻ ഫണ്ടിന് കീഴിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുക. ഇന്ത്യയിലെ GIFT സിറ്റിയിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്ററിലേക്ക് ജാപ്പനീസ് കോർപ്പറേഷനുകളെ ആകർഷിക്കുക, ജപ്പാനിലെ പ്രധാന ഇന്ത്യൻ വ്യവസായ അസോസിയേഷനുകൾ, വ്യാപാര നിക്ഷേപ പ്രോത്സാഹന ഏജൻസികൾ എന്നിവയുടെ സാന്നിധ്യം വർധിപ്പിക്കുക;
* പ്രാദേശിക കറൻസി ഇടപാടുകൾ ഉൾപ്പെടെ ജപ്പാനും ഇന്ത്യയും തമ്മിലുള്ള പേയ്‌മെന്റ് സംവിധാനങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുക;
* ജാപ്പനീസ് ചെറുകിട, ഇടത്തരം സംരംഭങ്ങളുമായുള്ള (SME) സഹകരണം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലേക്കുള്ള ജാപ്പനീസ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കടന്നു വരവ് പ്രോത്സാഹിപ്പിക്കുക, ഉൽപ്പാദന വിതരണ മേഖലകളിലെ വ്യത്യസ്ത വ്യവസായങ്ങൾ വികസിപ്പിക്കുക, ഇന്ത്യ-ജപ്പാൻ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഫോറം ആരംഭിക്കുക;
* നയപരമായ സംഭാഷണങ്ങളിലൂടെയും ബിസിനസ് വിനിമയങ്ങളിലൂടെയും ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുകയും കാർഷിക-ബിസിനസ് സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, മാതൃകാ ഫാമുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഇന്ത്യൻ, ജാപ്പനീസ് പാചകരീതികൾക്കായുള്ള പാചക വിദഗ്ധരുടെ സാന്നിധ്യം; കൂടാതെ
* സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കിടയിൽ ഐസിടി സഹകരണവും ബിസിനസ് അവസരങ്ങളും പര്യവേക്ഷണം ചെയ്യുക.
ഗ്ലോബൽ സൗത്തുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും അതിന്റെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി ഞങ്ങളുടെ ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ആഫ്രിക്കയിലെ സുസ്ഥിര സാമ്പത്തിക വികസനത്തിനായുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത സംരംഭത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതിനായി, മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി (മഹാസാഗർ) എന്ന ഇന്ത്യയുടെ ദർശനത്തിന്റെയും, ജപ്പാന്റെ ഇന്ത്യൻ മഹാസമുദ്രം - ആഫ്രിക്ക സാമ്പത്തിക മേഖല സംരംഭം എന്നിവയുടെ കീഴിൽ, ഇന്ത്യയിൽ സ്വകാര്യ മേഖല നയിക്കുന്ന ബിസിനസുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുകയും ദക്ഷിണേഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളുമായുള്ള ബിസിനസ്സ് സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്രമായി ഇന്ത്യയിൽ ജാപ്പനീസ് കമ്പനികളുടെ ശക്തമായ കേന്ദ്രീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
(II) പുതു തലമുറ സാമ്പത്തിക സുരക്ഷാ പങ്കാളിത്തം
നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ, ഒരു ഇന്ത്യ-ജപ്പാൻ സാമ്പത്തിക സുരക്ഷാ സംരംഭം ആരംഭിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഇത് വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിൽ തന്ത്രപരമായ സഹകരണത്തിന് ആക്കം കൂട്ടുന്നു, വിപണി വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും, നൂതന സാങ്കേതികവിദ്യകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. സ്വകാര്യ മേഖലയുമായുള്ള സഹകരത്തിലൂടെ ഇപ്രകാരമാണ് ഇത് സാധ്യമാകുന്നത്:
* അർദ്ധചാലകങ്ങൾ, നിർണായക ധാതുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻ, ശുദ്ധ ഊർജ്ജം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ നൂതന പദ്ധതികൾ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുക. ഇത് തന്ത്രപരമായ വ്യാപാരവും സാങ്കേതികവിദ്യയും ഉൾപ്പെടെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ഗവൺമെന്റും വ്യാപാര സംരംഭകരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ടത്;
* മുകളിൽ സൂചിപ്പിച്ച മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള നയപരമായ വീക്ഷണങ്ങൾ, അറിവുകൾ, മികച്ച രീതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയുടെ പങ്കിടൽ;
* ധാതുവിഭവ മേഖലയിലെ സഹകരണ ധാരണാപത്രം, ഇന്ത്യ-ജപ്പാൻ ഡിജിറ്റൽ പങ്കാളിത്തം 2.0, സെമികണ്ടക്ടർ വിതരണ ശൃംഖലയിലെ പങ്കാളിത്തത്തിനുള്ള ധാരണാപത്രം, അത്തരം മറ്റ് സംവിധാനങ്ങൾ എന്നിവയിലൂടെ ശക്തമായ വിതരണ ശൃംഖലകളിലും വിപണി വൈവിധ്യവൽക്കരണത്തിലും സഹകരണം പ്രോത്സാഹിപ്പിക്കുക;
* JETRO , CII, JCCII എന്നിവയുടെ സാമ്പത്തിക സുരക്ഷാ സഹകരണത്തിനായുള്ള സംയുക്ത പ്രവർത്തന പദ്ധതിയെ പിന്തുണയ്ക്കുന്നതിലൂടെ സ്വകാര്യ മേഖലയിലൂടെയുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക;
* മുകളിൽ പറഞ്ഞ സംയുക്ത പ്രവർത്തന പദ്ധതി യാഥാർഥ്യമാക്കുന്നത്തിനായി തന്ത്രപരമായ വ്യാപാരവും സാങ്കേതികവിദ്യയും ഉൾപ്പെടെ സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യ-ജപ്പാൻ സംഭാഷണത്തിന് കീഴിൽ, സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യ-ജപ്പാൻ സ്വകാര്യ-മേഖലാ സംഭാഷണത്തിന്റെ ആരംഭത്തെ സ്വാഗതം ചെയ്യുന്നു;
* AI- മേഖലയിൽ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും നൂതനവും വിശ്വസനീയവുമായ ഒരു AI ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുമായി ജപ്പാൻ-ഇന്ത്യ AI സഹകരണ സംരംഭം (JAI) നടപ്പിലാക്കൽ; കൂടാതെ
* ശക്തമായ ബാറ്ററി വിപണിയും മികച്ച ആവാസവ്യവസ്ഥയും വളർത്തിയെടുക്കുന്നതിന് ഇന്ത്യ-ജപ്പാൻ ബാറ്ററി വിതരണ ശൃംഖല സഹകരണം പ്രോത്സാഹിപ്പിക്കൽ.
(III) പുതു തലമുറയിലെ ഗതാഗത സംവിധാനങ്ങൾ
ജാപ്പനീസ് നൂതന സാങ്കേതികവിദ്യകളുടെയും ഇന്ത്യൻ പ്രതിഭകളുടെയും ശക്തി ഉപയോഗപ്പെടുത്തി, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, മൊബിലിറ്റി എന്നിവയിൽ സമഗ്ര സഹകരണത്തിനുള്ള ഒരു ചട്ടക്കൂടായി ഞങ്ങൾ പുതു തലമുറ ഗതാഗത മേഖലയിലെ പങ്കാളിത്തം (NGMP) സ്ഥാപിക്കും. ഈ പങ്കാളിത്തത്തിലൂടെ, ഇന്ത്യയിൽ ഈ മേഖലകളിലുള്ള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ പരസ്പര സഹകരണത്തിലൂടെ കണ്ടെത്താനും, 'ലോകത്തിനായി ഇന്ത്യ നിർമ്മിക്കുക' എന്ന ദർശനത്തെ സാധൂകരിക്കത്തക്ക തരത്തിൽ പുതു തലമുറ ഗതാഗത സംവിധാനങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും വികസനം യാഥാർഥ്യമാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഡിജിറ്റൽ, സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതികളിലൂടെ, സുരക്ഷയ്ക്കും ദുരന്ത പ്രതിരോധത്തിനും മുൻഗണന നൽകി, ഇനിപ്പറയുന്ന ഉദാഹരണങ്ങൾ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ, സഹകരണത്തിന് സാധ്യതയുള്ള മേഖലകൾ ഞങ്ങൾ പര്യവേക്ഷണം ചെയ്യും:
* "മെയ്ക്ക് ഇൻ ഇന്ത്യ" പുതു തലമുറ ട്രെയിനുകൾ അനുബന്ധ ഉപകരണങ്ങൾ, ഫങ്ഷണൽ സിഗ്നലിംഗ്, ഓപ്പറേഷണൽ കൺട്രോൾ സിസ്റ്റങ്ങൾ, ഭൂകമ്പ-പ്രതിരോധത്തിനുള്ള സീസ്മിക്-പ്രൂഫിംഗ്, AI-അധിഷ്ഠിത അറ്റകുറ്റപ്പണികളും നിരീക്ഷണവും, റെയിൽവേ മേഖലയിലെ ഊർജ്ജ പരിവർത്തനം, നൂതന മെട്രോ റെയിൽ സംവിധാനങ്ങൾ, മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള അതിവേഗ റെയിൽ സംവിധാനങ്ങൾ, റെയിൽവേ മേഖലയിലെ സഹകരണത്തിലൂടെ നടപ്പിലാക്കും;
* സ്റ്റേഷനുകളുടെ സമഗ്ര വികസനം, യാത്രാ സേവന പ്ലാറ്റ്‌ഫോമുകൾ, ഇന്റർ-സിറ്റി റോഡ് ശ്രിംഖലകൾ, എൻഡ്-ടു-എൻഡ് കണക്റ്റിവിറ്റി എന്നിവയിലൂടെയുള്ള ഗതാഗതാധിഷ്ഠിത വികസനം. ഇതിൽ പേഴ്‌സണൽ റാപ്പിഡ് ട്രാൻസിറ്റ് (PRT) പോലുള്ള ചെറുകിട ഓട്ടോമേറ്റഡ് നഗര ഗതാഗത സംവിധാനങ്ങളും ഉൾപ്പെടുന്നു;
* ഗതാഗതക്കുരുക്ക്, വായു മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന നൂതന മാതൃകകളിലൂടെ സ്മാർട്ട് സിറ്റികളുടെയും സിറ്റി ഡീകാർബണൈസേഷന്റെയും ആസൂത്രണം;
* സോഫ്റ്റ്‌വെയർ സംവിധാനത്താൽ സജ്ജമാക്കപ്പെട്ട വാഹനങ്ങളുടെ ഉപയോഗം ഉൾപ്പെടെ ഗതാഗത മേഖലയിൽ നൂതന ഡാറ്റ സാങ്കേതികവിദ്യകളുടെ പ്രയോഗം , മൊബിലിറ്റി മേഖലയിലെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു;
* ഫോസിൽ ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്നതും പരിസ്ഥിതി സൗഹൃദ ഇന്ധന സംഭരണ സംവിധാനങ്ങൾ ഉള്ളതുമായ വാഹനങ്ങൾ, വിമാനങ്ങൾ, കപ്പലുകൾ, എന്നിവയുടെ നിർമ്മാണം, ഗതാഗത അടിസ്ഥാന സൗകര്യ വികസനം;
* ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവയുടെ വിതരണത്തിനായി കോൾഡ്-ചെയിൻ ലോജിസ്റ്റിക് സേവനങ്ങൾ;
* ദുരന്ത പ്രതിരോധ - നിവാരണ പ്രവർത്തനങ്ങൾ, ഒരു ദുരന്തമുണ്ടായാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ രൂപപ്പെടുത്തൽ തുടങ്ങി നഗര ആസൂത്രണത്തിനും വികസനത്തിനും സഹായിക്കുന്ന തരത്തിലുള്ള 3D നഗര മാതൃകകളുടെ ഉപയോഗപ്പെടുത്തൽ.
മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമായി ഇന്ത്യൻ, ജാപ്പനീസ് കമ്പനികൾ തമ്മിലുള്ള സഹകരണം ഞങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കും. ഇത്തരം നൂതന ഗതാഗത സംവിധാനങ്ങളുടെ രൂപകൽപ്പന, പ്രവർത്തനങ്ങൾ, പരിപാലനം എന്നിവയ്ക്കായി വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിക്കും. ഇതിനായി സാങ്കേതിക പരിശീലനത്തിലൂടെയും മനുഷ്യവിഭവശേഷി കൈമാറ്റത്തിലൂടെയും ഇന്ത്യയിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ മുൻഗണന നൽകും.
അതേസമയം, ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലൂടെയും ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായ് ചട്ടക്കൂട് പോലുള്ള ബഹുമുഖ സംവിധാനങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും ദുരന്ത സാധ്യത കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
(IV) അടുത്ത തലമുറക്കുള്ള പരിസ്ഥിതിയുടെ രൂപപ്പെടുത്തൽ
"ഒരു ഭൂമി, ഒരു ഭാവി" എന്ന നമ്മുടെ ദർശനം പ്രാവർത്തികമാക്കാൻ ഭാവി തലമുറകൾക്കായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ) പ്രോത്സാഹിപ്പിക്കുവാൻ നാം ലക്ഷ്യമിടുന്നു. പരിസ്ഥിതിയുമായി യോജിച്ചുള്ള പ്രവർത്തനം, ഊർജ്ജ പരിവർത്തനം, മാലിന്യ കുറയ്ക്കൽ, നെറ്റ്-സീറോ ലക്ഷ്യങ്ങൾ എന്നിവ കൈവരിക്കുന്നതിനുള്ള സഹകരണം എന്നിവയിലൂടെ ഇത് യാഥാർഥ്യമാകും, അതിനായി:
* മിഷൻ ലൈഫിലൂടെ ഊർജ്ജ സുരക്ഷ, കാർബൺ ബഹിർഗമനം കുറഞ്ഞ സാമ്പത്തിക വളർച്ച, സുസ്ഥിര സമൂഹങ്ങൾ, ജീവിതശൈലികൾ എന്നിവ ഉറപ്പാക്കുക;
* നെറ്റ്-സീറോ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിവിധ പാതകൾ;
* ഇന്ത്യ-ജപ്പാൻ ഊർജ്ജ സംഭാഷണത്തിലൂടെ, ഇന്ത്യ-ജപ്പാൻ ശുദ്ധ ഊർജ്ജ പങ്കാളിത്തത്തിന് കീഴിൽ ഊർജ്ജ സഹകരണം ശക്തിപ്പെടുത്തൽ;
* മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യകൾ, മാലിന്യം വേർതിരിക്കൽ, പുനരുപയോഗ രീതികൾ എന്നിവയിലെ സഹകരണത്തിലൂടെ ഒരു ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക;
* സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ മറികടക്കുന്ന സാങ്കേതികവിദ്യകൾ, സമുദ്ര-തീരദേശ ആവാസവ്യവസ്ഥകളുടെ സംരക്ഷണം, സുസ്ഥിര വന പരിപാലനവും ജൈവവൈവിധ്യ സംരക്ഷണവും, കാർഷിക വനവൽക്കരണത്തിന്റെ പ്രോത്സാഹനവും മുള പോലുള്ള പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം;
* ജോയിന്റ് ക്രെഡിറ്റ് മെക്കാനിസം (JCM ), ഇനിഷ്യേറ്റീവ് ഓഫ് ക്ലീൻ എനർജി മൊബിലിറ്റി ആൻഡ് ഇൻഫ്രാ ഫോർ നെക്സ്റ്റ്-ജനറേഷൻ (ICEMAN), ഗ്രീൻ ഹൈഡ്രജൻ മൂല്യ ശൃംഖല, കാർബൺ ഉദ്വമനത്തിന്റെ തോത് അറിയുന്നതിന് ഉപഗ്രഹ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ സംരംഭങ്ങളിലൂടെ ശുദ്ധമായ ഊർജ്ജത്തിലും ഉദ്‌വമനം, മലിനീകരണം എന്നിവയുടെ കുറയ്ക്കലിലും സഹകരണം;
* ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷൻ (LeadIT) ഗ്രൂപ്പ് പോലുള്ള ബഹുമുഖ പരിസ്ഥിതി സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ.
(V) പുതു തലമുറ സാങ്കേതികവിദ്യയും നൂതനത്വത്തിലെ പങ്കാളിത്തവും
അടിസ്ഥാന ശാസ്ത്രങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വിവിധ മേഖലകളുടെ സഹകരണത്തിനും ശാസ്ത്ര-സാങ്കേതിക കഴിവുകൾ, സ്ഥാപനങ്ങൾ, മനുഷ്യശക്തി എന്നിവ താഴെ വിവരിക്കുന്ന തരത്തിൽ പരസ്പരം പ്രയോജനപ്പെടുത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു:
* ജപ്പാനിലെ സുകുമ്പ KEK യിൽ ഇന്ത്യ സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ ബീംലൈൻ, ക്വാണ്ടം സാങ്കേതികവിദ്യകൾ, ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവയിലൂടെ പുതു തലമുറ ഗവേഷണ പ്രവർത്തനങ്ങൾക്കായി അടിസ്ഥാന ഗവേഷണത്തിൽ സഹകരണം;
* ജപ്പാൻ ആരംഭിച്ച ജപ്പാൻ-ഇന്ത്യ സ്റ്റാർട്ടപ്പ് സപ്പോർട്ട് ഇനിഷ്യേറ്റീവ് (JISSI) വഴി, തുറന്ന നവീകരണം, സാമൂഹിക പ്രശ്‌നപരിഹാരം, നൂതന സാങ്കേതികവിദ്യ, ഡാറ്റ ഉപയോഗം, ഇൻകുബേഷൻ, ധനകാര്യം എന്നിവയിൽ സ്റ്റാർട്ടപ്പ് സഹകരണം, നൂതനാശയ ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കൽ, ഇരു രാജ്യങ്ങളിലും അവരുടെ ബിസിനസ്സ് വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കൽ;
* "ഇന്ത്യ-ജപ്പാൻ ഫണ്ട് ഓഫ് ഫണ്ട്" വഴി AI മേഖലയിലുള്ളവ ഉൾപ്പെടെയുള്ള സ്റ്റാർട്ട്-അപ്പ് കമ്പനികൾക്കായി ഫണ്ട് സമാഹരിക്കുക;
* ഇന്ത്യ-ജപ്പാൻ ഐസിടി സഹകരണ ചട്ടക്കൂടിനു കീഴിൽ ഒരു സംയുക്ത പ്രവർത്തക സമിതി വഴി ഐസിടി സഹകരണം പ്രോത്സാഹിപ്പിക്കുക;
* ചന്ദ്ര ധ്രുവ പര്യവേക്ഷണ ദൗത്യം (LUPEX) ഉൾപ്പെടെയുള്ള ബഹിരാകാശ സാങ്കേതികവിദ്യകളിലെ സഹകരണം മെച്ചപ്പെടുത്തുകയും ബഹിരാകാശ മേഖലയിലെ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും തമ്മിലുള്ള ബന്ധം സുഗമമാക്കുകയും ചെയ്യുക;
* ITER ഉൾപ്പെടെയുള്ള ഫിഷൻ, ഫ്യൂഷൻ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ചർച്ചകൾ, ചെറിയ മോഡുലാർ, അഡ്വാൻസ്ഡ് റിയാക്ടറുകൾ എന്നിവയ്‌ക്കുമായി ബന്ധപ്പെട്ട സംയുക്ത ഗവേഷണം;
* ജി 20 ന്യൂഡൽഹി പ്രഖ്യാപനത്തിൽ ഉൾപ്പെട്ട ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സാങ്കേതികവിദ്യയിലും കാർഷിക ശാസ്ത്രത്തിലും സംയുക്ത ഗവേഷണം, അടുത്ത തലമുറ കൃഷിയെ ശാക്തീകരിക്കുന്നതിനുള്ള നൂതനാശയങ്ങൾ (AI-ENGAGE).
(VI) പുതു തലമുറ ആരോഗ്യ മേഖലയിൽ ഉള്ള നിക്ഷേപം
മെഡിക്കൽ ഗവേഷണ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുക, പകർച്ചവ്യാധികളെയും ഉയർന്നുവരുന്ന ആരോഗ്യ പ്രശ്നങ്ങളെയും നേരിടുക, ജീവൻ രക്ഷാ മരുന്നുകൾ താങ്ങാനാവുന്ന വിലക്ക് ലഭ്യമാക്കുക, വൈദ്യശാസ്ത്രത്തിലെ പരമ്പരാഗത -ബദൽ മേഖലകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നിവയിലൂടെ സാർവത്രിക ആരോഗ്യ പരിരക്ഷ (UHC) കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നിക്ഷേപം നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം:
* ഇന്ത്യയുടെ ആയുഷ്മാൻ ഭാരത് സംരംഭവും ജപ്പാന്റെ ഏഷ്യ ഹെൽത്ത് ആൻഡ് വെൽബീയിംഗ് സംരംഭവും തമ്മിലുള്ള സഹകരണവും, ആഗോള ആരോഗ്യ മേഖലയിലെ സഹകരണവും ശക്തിപ്പെടുത്തുക;
* സംയുക്ത സമിതികളുടെ യോഗങ്ങൾ പതിവായി നടത്തുന്നതിലൂടെ സഹകരണത്തിന്റെ കൂടുതൽ മേഖലകളുടെ തിരിച്ചറിയൽ;
* വയോജന വൈദ്യശാസ്ത്രം, സ്റ്റെം സെൽ തെറാപ്പി, പുനർജനക മരുന്നുകൾ, ജീൻ തെറാപ്പി, സിന്തറ്റിക് ബയോളജി, കാൻസർ ചികിത്സ, ഡിജിറ്റൽ ആരോഗ്യം, നൂതന സാങ്കേതികവിദ്യകളും യന്ത്ര സാമഗ്രികളും ഉപയോഗിച്ചുള്ള രോഗനിർണ്ണയം തുടങ്ങി, ഉയർന്നുവരുന്ന വിവിധ മേഖലകളിലെ സംയുക്ത ഗവേഷണം;
* യുഎച്ച്‌സിയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് "യുഎച്ച്‌സി നോളജ് ഹബ്ബുമായി" സഹകരണം;
* മെഡിക്കൽ സ്ഥാപനങ്ങൾ തമ്മിലുള്ള കൂടുതൽ സഹകരണത്തിലൂടെയും മെഡിക്കൽ പ്രൊഫഷണലുകൾക്കായി ഒരു ഫെലോഷിപ്പ് ആരംഭിക്കുന്നതിലൂടെയും മെഡിക്കൽ പ്രൊഫഷണലുകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക;
•ഇരു രാജ്യങ്ങളിലെയും നിർണായക മരുന്നുകൾ, ജൈവ ശാസ്ത്ര ഘടകങ്ങൾ (API)-കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണം സുഗമമാക്കുകയും മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക;
* ഇന്ത്യയിലെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ജപ്പാനിൽ യോഗ, ധ്യാനം, ആയുർവേദം, സമഗ്ര ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
(VII) പുതു തലമുറയിലെ ജനങ്ങൾ തമ്മിലുള്ള പങ്കാളിത്തം
നമ്മുടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ സാമ്പത്തിക, ജനസംഖ്യാ വെല്ലുവിളികളെ മറികടക്കുന്നതിൽ മാനവ വിഭവശേഷിയുടെ സാധ്യതകൾ സാക്ഷാത്കരിക്കാൻ, ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഇനിപ്പറയുന്ന രീതിയിൽ കൂടുതൽ വികസിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു:
* ഇന്ത്യ-ജപ്പാൻ മാനവ വിഭവശേഷി കൈമാറ്റത്തിനും സഹകരണത്തിനുമായി ഒരു കർമ്മ പദ്ധതി ആരംഭിക്കുക, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരു ദിശകളിലുമായി 5,00,000-ത്തിലധികം ഉദ്യോഗസ്ഥരുടെ കൈമാറ്റം ലക്ഷ്യമിടുന്നു, ഇതിൽ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് 50,000 നൈപുണ്യമുള്ള ഉദ്യോഗസ്ഥരും മികവുള്ള പ്രതിഭകളും ഉൾപ്പെടുന്നു;
* ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഫോർ മാനുഫാക്ചറിംഗ് (JIM), ജാപ്പനീസ് എൻഡോവ്ഡ് കോഴ്സുകൾ (JEC) എന്നിവയുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി, ഇന്ത്യ-നിപ്പോൺ പ്രോഗ്രാം ഫോർ അപ്ലൈഡ് കോംപിറ്റൻസി ട്രെയിനിംഗ് (INPACT) പ്രകാരം ഇന്ത്യയിൽ സൗജന്യ കോഴ്സുകളും തൊഴിൽ പരിശീലന പരിപാടികളും വികസിപ്പിക്കുകയും ജപ്പാനിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്യുക;
* ജപ്പാനിലെ METI യുടെ ഇന്ത്യ-ജപ്പാൻ ടാലന്റ് ബ്രിഡ്ജ് (IJTB) പ്രകാരം ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിഭാ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വെബ്‌സൈറ്റ് ഉൾപ്പെടെ, തൊഴിൽ പ്രോത്സാഹന പരിപാടികൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, തൊഴിൽ സർവേകൾ, വിവര പ്രചരണം എന്നിവ ആരംഭിക്കൽ;
* ജപ്പാനിലെ സകുറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാം, LOTUS പ്രോഗ്രാം, HOPE മീറ്റിംഗുകൾ, MEXT നടത്തുന്ന ഇന്റർ-യൂണിവേഴ്സിറ്റി എക്സ്ചേഞ്ച് പ്രോജക്റ്റ് എന്നിവയിലൂടെ ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം ശക്തിപ്പെടുത്തുകയും EDU-പോർട്ട് ജപ്പാന്റെ മുൻകൈയിലൂടെ വിദ്യാഭ്യാസ സഹകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുക;
* ഇന്ത്യയിലെ ഇ-മൈഗ്രേറ്റ് പോർട്ടൽ, ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ എന്നിവയിലൂടെ സ്ഥാപനങ്ങളുമായുള്ള സഹകരണവും ജോലിസ്ഥലങ്ങളും മെച്ചപ്പെടുത്തൽ;
* ഇരുരാജ്യങ്ങളുടെയും സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിച്ചുകൊണ്ട് കൂടുതൽ ഉഭയകക്ഷി വിനോദസഞ്ചാര പ്രവാഹം സാധ്യമാക്കുക;
* ജാപ്പനീസ് ഭാഷാ അധ്യാപകർക്കുള്ള പരിശീലന സാധ്യതകൾ വികസിപ്പിക്കുന്നതിനൊപ്പം ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസ വിദഗ്ധരെ അയച്ചുകൊണ്ട് കാര്യക്ഷമമായ പാഠ്യപദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിന് പിന്തുണ നൽകുക;
* ഇൻഡ്യാക്കാരായ ജാപ്പനീസ് ഭാഷാ അധ്യാപകരെയും വിദ്യാർത്ഥികളെയും പിന്തുണയ്ക്കുന്നതിനായി "നിഹോംഗോ പങ്കാളികളെ", ജാപ്പനീസ് ഭാഷാ അധ്യാപന സഹായികളെ ഇന്ത്യയിലേക്ക് അയയ്ക്കുന്നു.
(VIII) പുതു തലമുറയിലെ സംസ്ഥാന -പ്രവിശ്യാ പങ്കാളിത്തം
മേൽ പറഞ്ഞ നിരവധി പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഇന്ത്യൻ സംസ്ഥാനങ്ങളും ജാപ്പനീസ് പ്രവിശ്യകളും വഹിച്ച നിർണായക പങ്ക് എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിനായുള്ള കൂടുതൽ സമഗ്രമായ കാഴ്ചപ്പാടിനായി അവരുടെ ശേഷി പ്രയോജനപ്പെടുത്തുന്നതിന് താഴെ വിവരിക്കുന്ന തരത്തിൽ അനുയോജ്യമായ വേദികൾ സൃഷ്ടിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു:
* ഇരുരാജ്യങ്ങൾക്കും പ്രയോജനപ്രദമായ വിഭവങ്ങളുടെ പങ്കുവയ്ക്കലിലും, ചരിത്രപരമായ ബന്ധങ്ങളിലും അധിഷ്ഠിതമായി പുതിയ സിസ്റ്റർ-സിറ്റി, സ്റ്റേറ്റ്-പ്രിഫെക്ചർ പങ്കാളിത്തങ്ങൾ പ്രോത്സാഹിപ്പിക്കുക;
* ഇന്ത്യയിലെയും, ജപ്പാനിലെയും നഗരങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി വർദ്ധിപ്പിക്കൽ;
* ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ, ബിസിനസ് പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക, ഇന്ത്യ-കൻസായ് ബിസിനസ് ഫോറം വഴി പ്രാദേശിക വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുക, അതുപോലെ ഇന്ത്യയ്ക്കും ക്യുഷുവിനും ഇടയിൽ സമാനമായ പ്രവർത്തനങ്ങൾ കണ്ടെത്തുക;
* ഇന്ത്യയിലും ജപ്പാനിലുമുള്ള പ്രാദേശിക അവസരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവര കൈമാറ്റം സാധ്യമാക്കുകയും, വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും പ്രിഫെക്ചറുകളും തമ്മിൽ മികച്ച രീതികളുടെയും, സംബ്രദായങ്ങളുടെയും പങ്കിടൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക;
* ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ജപ്പാൻ വിദേശകാര്യ മന്ത്രാലയവും പ്രതിവർഷം 3 സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും അത് വഴി സംസ്ഥാന-പ്രിഫെക്ചറൽ തല പ്രതിനിധി സംഘങ്ങളുടെ സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുക;
മേൽപ്പറഞ്ഞ എട്ട് മേഖലകളിലൂടെ, നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചതിന്റെ എട്ടാം ദശകത്തിൽ ഇന്ത്യ-ജപ്പാൻ ജനകേന്ദ്രീകൃത പങ്കാളിത്തത്തിന്റെ പരിവർത്തനാത്മക ഘട്ടം ആരംഭിക്കാനും, അതുവഴി നമ്മുടെ വരും തലമുറകൾക്ക് വ്യക്തമായ നേട്ടങ്ങളും അവസരങ്ങളും നൽകാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ജപ്പാൻ പ്രധാനമന്ത്രി ശ്രീ. ഇഷിബ ഷിഗെരുവിന്റെ ക്ഷണപ്രകാരം, ടോക്കിയോയിൽ നടക്കുന്ന ഈ വർഷത്തെ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29-30 തീയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ സന്ദർശിച്ച വേളയിൽ, വരും ദശകത്തേക്കുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഈ രേഖ ഞങ്ങൾ ഇതിനാൽ അംഗീകരിക്കുന്നു.
-SK-
(Release ID: 2162384)
Visitor Counter : 22
Read this release in:
Punjabi
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada