വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് ഫിലിം ബസാർ: ഗോവയിലെ 19-ാമത് പതിപ്പിൽ കോ-പ്രൊഡക്ഷൻ മാർക്കറ്റിന് 20,000 ഡോളർ ക്യാഷ് ഗ്രാന്റ് പ്രഖ്യാപിച്ചു

Posted On: 30 AUG 2025 1:46PM by PIB Thiruvananthpuram

മുംബൈ, ഓഗസ്റ്റ് 30, 2025: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫിലിം മാർക്കറ്റും ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര പ്രചാരണത്തിന്റെ അവിഭാജ്യ ഘടകവുമായ വേവ്സ് ഫിലിം ബസാർ അതിന്റെ 19-ാമത് പതിപ്പിൽ കോ-പ്രൊഡക്ഷൻ മാർക്കറ്റിനായുള്ള അപേക്ഷകൾ ഔദ്യോഗികമായി ക്ഷണിച്ചു. 2025 നവംബർ 20 മുതൽ 24 വരെ ഗോവയിലെ മാരിയറ്റ് റിസോർട്ടിലാണ് പരിപാടി നടക്കുക.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് (IFFI) നടന്നുവരുന്ന ഫിലിം ബസാർ, ഇന്ത്യയെ ഉള്ളടക്കം, സർഗ്ഗാത്മകത, കോ-പ്രൊഡക്ഷൻ എന്നിവയുടെ ആഗോള കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള ഒരു വലിയ തന്ത്രപരമായ കാഴ്ചപ്പാടിന്റെ ഭാഗമായി വേവ്സ് ഫിലിം ബസാർ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ, ദക്ഷിണേഷ്യൻ ചലച്ചിത്ര നിർമ്മാണ പ്രതിഭകളെ അന്താരാഷ്ട്ര പ്രൊഫഷണലുകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന വേദിയായി വേവ്സ് ഫിലിം ബസാർ ഇതിനകം തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, 40-ലധികം രാജ്യങ്ങളിൽ നിന്നായി 1,800-ലധികം പേരെ ആകർഷിച്ച ഈ സംരംഭം ചലച്ചിത്ര വ്യവസായത്തിൽ ഇതിനുള്ള പ്രാധാന്യവും വർധിച്ചുവരുന്ന സ്വാധീനവും എടുത്തു കാണിക്കുന്നു.

വേവ്സ് ഫിലിം ബസാറിന്റെ ഒരു പ്രധാന സവിശേഷതയായ കോ-പ്രൊഡക്ഷൻ മാർക്കറ്റ്, ഫീച്ചർ, ഡോക്യുമെന്ററി പ്രോജക്റ്റുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 2007-ൽ ആരംഭിച്ചതുമുതൽ, കലാപരവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് ഈ വേദി അവസരങ്ങൾ നൽകുന്നു. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രൊഫഷണലുകളെ ഒരുമിപ്പിക്കാനും അന്താരാഷ്ട്ര പങ്കാളിത്തവും സഹകരണപരമായ കോ-പ്രൊഡക്ഷനുകളും വളർത്താനും ഈ മാർക്കറ്റ് ലക്ഷ്യമിടുന്നു.

ദി ലഞ്ച്ബോക്‌സ്, ദം ലഗാകേ ഹൈഷാ, ന്യൂട്ടൺ, ഷിർകോവ: ഇൻ ലൈസ് വി ട്രസ്റ്റ്, ഗേൾസ് വിൽ ബി ഗേൾസ്, ഇൻ ദി ബെല്ലി ഓഫ് എ ടൈഗർ  തുടങ്ങി പ്രശംസ  നേടിയ നിരവധി സിനിമകളുടെ വിജയത്തിന്റെ അഭിവാജ്യ ഭാഗമായി വേവ്‌സ് ഫിലിം ബസാർ മാറിയിട്ടുണ്ട്, ഇത് ആഗോള സിനിമയിലെ അതിന്റെ സ്വാധീനം വ്യക്തമാക്കുന്നു.

2025-ലെ കോ-പ്രൊഡക്ഷൻ മാർക്കറ്റിനുള്ള ക്യാഷ് ഗ്രാന്റ്:

2025-ലെ പതിപ്പിനായി, കോ-പ്രൊഡക്ഷൻ മാർക്കറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പ്രോജക്റ്റുകൾക്കായി വേവ്സ് ഫിലിം ബസാർ ആകെ $20,000 ക്യാഷ് ഗ്രാന്റ് നൽകും, ഇത് ഇനിപ്പറയുന്ന രീതിയിൽ വിതരണം ചെയ്യും:

ഒന്നാം സമ്മാനം: കോ-പ്രൊഡക്ഷൻ മാർക്കറ്റ് ഫീച്ചർ – $10,000

രണ്ടാം സമ്മാനം: കോ-പ്രൊഡക്ഷൻ മാർക്കറ്റ് ഫീച്ചർ – $5,000

പ്രത്യേക ക്യാഷ് ഗ്രാന്റ്: കോ-പ്രൊഡക്ഷൻ മാർക്കറ്റ് ഡോക്യുമെന്ററി – $5,000


 

2024-ൽ ആരംഭിച്ച ക്യാഷ് ഗ്രാന്റ് സംരംഭം, സുപ്രധാന സാമ്പത്തിക സഹായം നൽകുന്നതിലൂടെ സർഗ്ഗാത്മക കാഴ്ചപ്പാടും നിർമ്മാണവും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിടുന്നു. മുൻ പതിപ്പിൽ, പായൽ സേഥി സംവിധാനം ചെയ്ത കുറിഞ്ഞി (ദി ഡിസപ്പിയറിംഗ് ഫ്ലവർ) ഒന്നാം സമ്മാനം നേടി. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത് പ്രമോദ് ശങ്കർ നിർമ്മിച്ച കൊതിയൻ - ഫിഷേർസ് ഓഫ് മെൻ എന്ന സിനിമക്ക് രണ്ടാം സമ്മാനം ലഭിച്ചപ്പോൾ, പ്രാഞ്ജൽ ദുവ സംവിധാനം ചെയ്ത് ബിച്ച്-ക്വാൻ ട്രാൻ നിർമ്മിച്ച ഓൾ ടെൻ ഹെഡ്സ് ഓഫ് രാവണ എന്ന സിനിമ മൂന്നാം സമ്മാനം നേടി.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:

ഫീച്ചർ ഫിലിം പ്രോജക്റ്റുകൾക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബർ 7 ആണ്. ഡോക്യുമെന്ററി പ്രോജക്റ്റുകൾക്കുള്ള  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബർ 13. തിരഞ്ഞെടുക്കപ്പെടുന്ന ചലച്ചിത്ര പ്രവർത്തകർക്ക് നിർമ്മാതാക്കൾ, വിതരണക്കാർ, സെയിൽസ് ഏജന്റുമാർ, സാമ്പത്തിക കാര്യങ്ങൾ ചെയ്യുന്നവർ എന്നിവരുമായി ബന്ധപ്പെടാനും സഹകരണവും കോ-പ്രൊഡക്ഷൻ കരാറുകളും ഉറപ്പിക്കാനും അവസരങ്ങൾ ലഭിക്കും.

വേവ്സ് ഫിലിം ബസാറിന്റെ മറ്റ് പരിപാടികൾ:

കോ-പ്രൊഡക്ഷൻ മാർക്കറ്റിന് പുറമെ, വേവ്സ് ഫിലിം ബസാർ മാർക്കറ്റ് സ്ക്രീനിംഗുകൾ, വ്യൂവിംഗ് റൂം - ഏകദേശം 200 പുതിയതും കാണപ്പെടാത്തതുമായ ഇന്ത്യൻ, ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ ലൈബ്രറി - കൂടാതെ വർക്ക്-ഇൻ-പ്രോഗ്രസ് ലാബ്, നോളജ് സീരീസ്, പ്രൊഡ്യൂസേഴ്സ് വർക്ക്‌ഷോപ്പ്, കൺട്രി പവലിയൻസ്, മാർക്കറ്റ് സ്റ്റാളുകൾ തുടങ്ങി നിരവധി വ്യവസായ കേന്ദ്രീകൃത പരിപാടികളും നടത്തുന്നു. ഈ പ്രവർത്തനങ്ങളെല്ലാം പ്രതിഭകളെ പരിപോഷിപ്പിക്കാനും വ്യവസായപരമായ സംഭാഷണങ്ങൾ വളർത്താനും ദക്ഷിണേഷ്യൻ സിനിമയെ ആഗോള തലത്തിലേക്ക് ഉയർത്താനുമുള്ള വേവ്സ് ഫിലിം ബസാറിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും films.wavesbazaar.com സന്ദർശിക്കുക.

***************


(Release ID: 2162263) Visitor Counter : 20