പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയും ജപ്പാനും തമ്മിലെ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം
Posted On:
29 AUG 2025 7:43PM by PIB Thiruvananthpuram
ഇന്ത്യ, ജപ്പാൻ ഗവൺമെന്റുകൾ (ഇനി മുതൽ ഇരുപക്ഷം എന്ന് പരാമർശിക്കപ്പെടും),
കൂട്ടായ മൂല്യങ്ങളേയും പൊതു താൽപ്പര്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക തന്ത്രപരവും ആഗോളപരവുമായ ഇന്ത്യ - ജപ്പാൻ പങ്കാളിത്തത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും ലക്ഷ്യങ്ങളേയും സ്മരിച്ചും,
നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കുന്ന സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവും സമ്മർദ്ദരഹിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി ഇരു രാജ്യങ്ങളും വഹിക്കേണ്ട അനിവാര്യമായ പങ്കിന് അടിവരയിട്ടും,
തങ്ങളുടെ ഉഭയകക്ഷി സുരക്ഷാ സഹകരണത്തിലെ ശ്രദ്ധേയമായ പുരോഗതിയും സമീപ വർഷങ്ങളിലെ ഇരുപക്ഷത്തിന്റേയും തന്ത്രപരമായ കാഴ്ചപ്പാടുകളുടേയും നയ മുൻഗണനകളുടേയും പരിണാമവും കണക്കിലെടുത്തും,
റിസോഴ്‌സ് എൻഡോവ്‌മെന്റുകളിലേയും (പ്രകൃതി വിഭവങ്ങളും കൃഷി ഭൂമിയും ഉൾപ്പെടെ രാജ്യത്തിന്റെ വിഭവത്തിന് ആധാരമായവ) സാങ്കേതിക ശേഷികളിലേയും തങ്ങളുടെ പരസ്പര പൂരക ശക്തികളെ തിരിച്ചറിഞ്ഞും,
തങ്ങളുടെ ദേശീയ സുരക്ഷയുടേയും തുടർച്ചയായ സാമ്പത്തിക ചലനക്ഷമതയുടേയും താൽപ്പര്യങ്ങൾക്കനുസൃതമായ പ്രായോഗിക സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായും,
ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറത്തും പൊതുവായ ആശങ്കയുള്ള സുരക്ഷാ വിഷയങ്ങളിൽ ആഴത്തിലുള്ള ഏകോപനം തേടിയും,
നിയമവാഴ്ച അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായികൊണ്ടും,
തങ്ങളുടെ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതിനായി സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ഈ സംയുക്ത പ്രഖ്യാപനം അംഗീകരിക്കുന്നു, അതിനുപുറമെ ഇനിപ്പറയുന്നവ ചെയ്യണമെന്നതും അംഗീകരിക്കുന്നു:
1. താഴെപ്പറയുന്ന മേഖലകളിൽ ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ, തങ്ങളുടെ പ്രതിരോധ സേനകൾക്കിടയിലെ പരസ്പര പ്രവർത്തനക്ഷമതയും കൂട്ടായ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പരസ്പരം പ്രതിരോധ ശേഷികൾക്കും സന്നദ്ധതയ്ക്കും സംഭാവന നൽകാൻ ശ്രമിക്കുക:
- (1) സങ്കീർണ്ണതയും ലോകപരിജ്ഞാനവും വർദ്ധിച്ചുവരുന്ന വിശാലമായ മേഖലകളിൽ നമ്മുടെ സേനകൾക്കിടയിൽ ഉഭയകക്ഷി അഭ്യാസങ്ങൾ നടത്തുക, പരസ്പര പങ്കാളിത്തത്തോടെ ബഹുമുഖ അഭ്യാസങ്ങളിൽ ആതിഥേയത്വം വഹിക്കുക.
- (2) സംയുക്ത സേനകൾ തമ്മിലുള്ള സമഗ്രമായ ഇടപെടലിനുള്ള ഒരു പുതിയ കൂടിക്കാഴ്ചാ ചട്ടക്കൂട് സ്ഥാപിക്കുന്നതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തുക.
- (3) ഇന്തോ-പസഫിക്കിലെ മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറെടുക്കുന്നതിനായി ത്രി-സേനാ അഭ്യാസങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുക.
- (4) പ്രത്യേക പ്രവർത്തന യൂണിറ്റുകൾ (സ്‌പെഷ്യൽ ഓപ്പറേഷൻ യൂണിറ്റുകൾ) തമ്മിലുള്ള സഹകരണം
- (5) ലോജിസ്റ്റിക്‌സ് പങ്കിടുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ജപ്പാൻ സ്വയം- പ്രതിരോധ സേനയ്ക്കും ഇന്ത്യൻ സായുധ സേനയ്ക്കും ഇടയിൽ വിതരണങ്ങളുടെയും സേവനങ്ങളുടെയും പരസ്പര വ്യവസ്ഥ സംബന്ധിച്ച ഇന്ത്യ-ജപ്പാൻ കരാറിന്റെ ഉപയോഗം വർദ്ധിപ്പിക്കുക
- (6) ഭീകരവാദത്തിനെതിരായ പോരാട്ടം, സമാധാനപാലന പ്രവർത്തനങ്ങൾ, സൈബർ പ്രതിരോധം തുടങ്ങിയ പരസ്പരം മുൻഗണനകളുള്ള പ്രത്യേക മേഖലകളിൽ സഹകരിക്കാനുള്ള അവസരങ്ങൾ പരിശോധിക്കുക
- (7) ഉയർന്നുവരുന്ന സുരക്ഷാ അപകടസാദ്ധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലുകൾ ഉൾപ്പെടെയുള്ള വിവരങ്ങളുടെ പങ്കിടൽ
- (8) പ്രതിരോധ വേദികളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും പരസ്പരമുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കൽ
- (9) രാസ, ജൈവ, റേഡിയോളജിക്കൽ ഭീഷണികളിൽ നിന്ന് സേനയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കണ്ടെത്തൽ, നിർവീര്യമാക്കൽ, മെഡിക്കൽ പ്രതിരോധ നടപടികൾ, സംരക്ഷണ ഉപകരണങ്ങൾ, പ്രതികരണ തന്ത്രങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാസ, ജൈവ, റേഡിയോളജിക്കൽ പ്രതിരോധത്തിൽ സഹകരിക്കാനുള്ള അവസരങ്ങൾ പര്യവേക്ഷണം പരിശോധിക്കുക
2. തങ്ങളുടെ കൂട്ടായ സമുദ്ര സുരക്ഷാ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ഇന്തോ-പസഫിക് മേഖലയിലെ സമാധാനപരമായ സമുദ്ര അന്തരീക്ഷത്തിനായി ഇനിപ്പറയുന്നവ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ നാവിക, തീരദേശ സംരക്ഷണ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യും:
- (1) ജപ്പാൻ സ്വയം-പ്രതിരോധ സേന, ഇന്ത്യൻ സായുധ സേന, തീരദേശ സംരക്ഷണ സേന എന്നിവയിൽ പെട്ട കപ്പലുകളുടെ പതിവ് സന്ദർശനങ്ങളും പോർട്ട് കോളുകളും പതിവാക്കുക.
- (2) ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ - ഇന്ത്യൻ മഹാസമുദ്ര മേഖല (ഐ.എഫ്.സി-ഐ.ഒ.ആർ), സമുദ്രമേഖല ബോധവൽക്കരണത്തി (മാരിടൈം ഡൊമെയ്ൻ അവയർനെസ്സി) നായുള്ള ഇന്തോ-പസഫിക് പങ്കാളിത്തം (ഐ.പി.എം.ഡി.എ) എന്നിവയിലൂടെ ഒരു പൊതു സമുദ്ര ചിത്രത്തിനായുള്ള മെച്ചപ്പെട്ട സാഹചര്യ അവബോധവും ഉഭയകക്ഷി, മേഖലാ വ്യാപക സഹകരണവും വർദ്ധിപ്പിക്കുക.
- (3) ഏഷ്യയിലെ കപ്പലുകൾക്കെതിരായ കടൽക്കൊള്ളയും സായുധ കൊള്ളയും ചെറുക്കുന്നതിനുള്ള പ്രാദേശിക സഹകരണ കരാർ (റീകാപ്പ്) ഉൾപ്പെടെ, ഉഭയകക്ഷിപരമായും പ്രാദേശികമായുമുള്ള മുൻകൈകളിലൂടേയും വേദികളിലൂടേയും കടലിലെ അന്തർദേശീയ കുറ്റകൃത്യങ്ങളായ കടൽക്കൊള്ള, സായുധ കൊള്ള, മറ്റുള്ളവ എന്നിവയ്ക്കെതിരായ നിയമ നിർവ്വഹണ സഹകരണം മെച്ചപ്പെടുത്തുക.
(4) ഇന്തോ-പസഫിക് മേഖലയിലെ ദുരന്തസാദ്ധ്യത കുറയ്ക്കുന്നതിനും അതിനെതിരെ തയ്യാറെടുക്കുന്നതിനുമായി, വിജ്ഞാനം പങ്കിടൽ, കാര്യ ശേഷി വർദ്ധിപ്പിക്കൽ (ദുരന്ത പ്രതിരോധ ഇൻഫ്രാസ്ട്രക്ചർ, ഏഷ്യൻ ദുരന്ത നിവാരണ കേന്ദ്രം എന്നിവയുൾപ്പെടെ) എന്നിവയിലൂടെയുള്ള ഉഭയകക്ഷി, ബഹുമുഖ സഹകരണം
- (5) ഇന്തോ-പസഫിക് മേഖലയിലേയും അതിനപ്പുറത്തെയും മൂന്നാം രാജ്യങ്ങൾക്ക് അതത് സമുദ്ര സുരക്ഷയിലും സമുദ്ര നിയമ നിർവ്വഹണ സഹായത്തിലും ഏകോപനം
3. ദേശീയ സുരക്ഷയ്ക്ക് നിർണായകമായ മേഖലകളിൽ പ്രതിരോധശേഷി ഉറപ്പാക്കുന്നതിന് തങ്ങളുടെ ഗവൺമെന്റ് സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ പങ്കാളികളും തമ്മിലുള്ള സാങ്കേതിക, വ്യാവസായിക സഹകരണം ഇനിപ്പറയുന്ന വഴികളിലൂടെ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക:
- (1) നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ സുരക്ഷാ ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹ-വികസനത്തിനും സഹ-ഉൽപ്പാദനത്തിനും പരസ്പര പ്രയോജനത്തിനും ഉപയോഗത്തിനുമുള്ള സഹകരണ അവസരങ്ങൾ പരിശോധിക്കുക
- (2) നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ സുരക്ഷാ ആവശ്യങ്ങൾക്ക് പ്രത്യേക കാര്യക്ഷമതകളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവിടങ്ങളിൽ പ്രതിരോധ, സുരക്ഷാ മേഖലയിൽ പതിവ് വ്യവസായ എക്‌സ്‌പോഷർ സന്ദർശനങ്ങൾ നടത്തുക.
- (3) ഇരുപക്ഷത്തിന്റേയും പ്രവർത്തന സമീപനങ്ങളെ ഫലപ്രദമായി പിന്തുണയ്ക്കുന്ന പുതിയ മേഖലകളിലെ സാങ്കേതികവിദ്യ പങ്കിടൽ
- (4) ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യയിലേയും ഉപകരണങ്ങളിലേയും വിതരണ ശൃംഖല ബന്ധങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട കയറ്റുമതി നിയന്ത്രണ നയങ്ങളേയും രീതികളേയും സംബന്ധിച്ചുള്ള പരസ്പര ധാരണ
- (5) തന്ത്രപരമായ മേഖലകളിലെ ദുർബലതകൾ ലഘൂകരിക്കുക, സാമ്പത്തിക സമ്മർദ്ദം, വിപണി ഇതര നയങ്ങൾ, സമ്പ്രദായങ്ങൾ, അവയുടെ ഫലമായുണ്ടാകുന്ന അധിക ശേഷി എന്നിവ പരിഹരിക്കുക, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവ ഉൾപ്പെടെ സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിലെ സഹകരണം
- (6) വിവിധ ഭീഷണികൾക്കെതിരായ തയ്യാറെടുപ്പും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിന് സൈനിക വൈദ്യശാസ്ത്രത്തിലേയും ആരോഗ്യ സുരക്ഷയിലേയും സഹകരണ അവസരങ്ങൾ പരിശോധിക്കുക
- (7) ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) ജപ്പാനിലെ അക്വിസിഷൻ, ടെക്‌നോളജി, ലോജിസ്റ്റിക്‌സ് ഏജൻസിയും (എ.ടി.എൽ.എ) തമ്മിലുള്ള പ്രതിരോധ ഗവേഷണ വികസന സഹകരണം വർദ്ധിപ്പിക്കുക
- (8) പര്യവേക്ഷണം, സംസ്‌കരണം, ശുദ്ധീകരണം എന്നിവയ്ക്കുള്ള വിവര കൈമാറ്റവും സാങ്കേതികവിദ്യയും ഉൾപ്പെടെ നിർണായക ധാതുക്കളുടെ മേഖലയിലെ സഹകരണം
4. പരമ്പരാഗതവും പാരമ്പര്യേതരവുമായ പ്രധാന ഭീഷണികൾക്കെതിരെ അവയുടെ സുരക്ഷാ സഹകരണം സമകാലികമാക്കുന്നതിനും പുതിയതും നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ഉയർത്തുന്ന വെല്ലുവിളികളോടും അവസരങ്ങളോടും പ്രതികരിക്കുന്നതിനും, ഇനിപ്പറയുന്ന വഴികളിലൂടെ ഉൾപ്പെടെ കൂടുതൽ അവസരങ്ങൾ കണ്ടെത്തുക:
- (1) ഭീകരവാദം, തീവ്രവാദം, ഡിജിറ്റൽ മേഖലയിലും ആളില്ലാ സംവിധാനങ്ങളിലുടെയും ആധുനിക വിവര, ആശയവിനിമയ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെയും നടത്തുന്ന സംഘടിത അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെയുള്ളവയെ അറിവ് പങ്കിടുന്നതിലൂടെയും, അനുഭവങ്ങൾ പങ്കിടുന്നതിലൂടെയും ചെറുക്കുക.
- (2) സുരക്ഷയും സമഗ്രതയും ഉറപ്പാക്കിക്കൊണ്ട് നിർമ്മിത ബുദ്ധി (എ.ഐ), റോബോട്ടിക്‌സ്, ക്വാണ്ടം, സെമികണ്ടക്ടർ, ഓട്ടോണമസ് ടെക്‌നോളജി, ഫ്യൂച്ചർ നെറ്റ്വർക്കുകൾ, ബയോടെക്‌നോളജി, സൈബർ സുരക്ഷ തുടങ്ങിയ സാങ്കേതികവിദ്യകളിലെ പുരോഗതിക്കൊപ്പം സംയുക്ത ഗവേഷണ-വികസന, അക്കാദമിക്, വ്യവസായ സഹകരണം പ്രോത്സാഹിപ്പിക്കുക.
- (3) വിവരങ്ങൾ പങ്കിടുന്നതിലൂടെ നിർണായക വിവര അടിസ്ഥാന സൗകര്യങ്ങളുടെ കരുത്ത് ഉൾപ്പെടെയുള്ള തങ്ങളുടെ സൈബർ പ്രതിരോധശേഷി വളർത്തുക.
- (4) ദേശീയ സുരക്ഷ, ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ, ഭൗമനിരീക്ഷണം, ബഹിരാകാശ രംഗത്തെ പരസ്പരം തീരുമാനിക്കപ്പെട്ട മറ്റ് മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട ബഹിരാകാശ സംവിധാനങ്ങളുടെ ഉപയോഗം വികസിപ്പിക്കുക.
- (5) ബഹിരാകാശ അവശിഷ്ടങ്ങളുടെ ട്രാക്കിംഗ്, നിരീക്ഷണം, മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ ബഹിരാകാശ സാഹചര്യ അവബോധ സഹകരണത്തിനായി കൂടിയാലോചനകൾ നടത്തുക.
5. പൊതുവായ പ്രാദേശിക, ആഗോള സുരക്ഷാ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രസക്തമായ ബഹുരാഷ്ട്ര, ബഹുമുഖ ഉടമ്പടി ഗ്രൂപ്പുകളിൽ ഇനിപ്പറയുന്ന വഴികളിലൂടെ ഉൾപ്പെടെ നയങ്ങളും നിലപാടുകളും ഏകോപിപ്പിക്കുകയും ചെയ്യുക:
- (1) ആസിയാൻ കേന്ദ്രീകരണത്തെയും ഐക്യത്തെയും പിന്തുണയ്ക്കുക, ആസിയാൻ നയിക്കുന്ന ചട്ടക്കൂടുകൾ, ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാൻ വീക്ഷണം, അതോടൊപ്പം മേഖലയ്ക്കായുള്ള പരസ്പരം തന്ത്രപരമായ മുൻഗണനകളിലേയ്ക്ക് സംഭാവന ചെയ്യുക, അതായത് ഇന്തോ-പസഫിക് സമുദ്ര മുൻകൈയ്ക്കും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനും (എഫ്.ഒ.ഐ.പി)
(2) ഇന്തോ-പസഫിക് മേഖലയിൽ ദേശീയ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുന്ന വിശ്വസനീയവും, സുസ്ഥിരവും, സ്ഥിരതയുള്ളതും, ഗുണനിലവാരമുള്ളതുമായ അടിസ്ഥാന സൗകര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക.
- (3) ബലപ്രയോഗത്തിലൂടെയോ സമ്മർദ്ദത്തിലൂടെയോ നിലവിലുള്ള സ്ഥിതി മാറ്റാൻ ശ്രമിക്കുന്നതോ അസ്ഥിരപ്പെടുത്തുന്നതോ ഏകപക്ഷീയമോ ആയ നടപടികളെ എതിർക്കുക, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം, നാവിഗേഷൻ സ്വാതന്ത്ര്യം, ഓവർഫ്‌ളൈറ്റ്, ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷനിൽ പ്രതിഫലിക്കുന്ന അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായ കടലിന്റെ മറ്റ് നിയമാനുസൃത ഉപയോഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുക
- (4) ക്വാഡിനുള്ളിലെ സഹകരണം കൂടുതൽ ശക്തമാക്കുകയും ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ക്വാഡിന്റെ സകാരാത്മകവും പ്രായോഗികവുമായ അജൻഡ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക
- (5) സ്ഥിരവും സ്ഥിരമല്ലാത്തതുമായ വിഭാഗങ്ങളുടെ വിപുലീകരണം ഉൾപ്പെടെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ (യു.എൻ.എസ്.സി) പരിഷ്‌കരണം പ്രോത്സാഹിപ്പിക്കുക, വികസിപ്പിച്ച യു.എൻ.എസ്.സിയിൽ സ്ഥിരാംഗത്തിനുള്ള സ്ഥാനാർത്ഥിത്വത്തെ പരസ്പരം പിന്തുണയ്ക്കുക
- (6) അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലുമുള്ള ഭീകരവാദത്തെ അപലപിക്കുക, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഭൗതികവും സാമ്പത്തികവുമായ പിന്തുണ ഉടനടി അവസാനിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക, ഭീകരതയെ ചെറുക്കുന്നതിന് ബഹുമുഖ വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുക, അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ ഐക്യരാഷ്ട്രസഭയെകൊണ്ട് അംഗീകരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക
- (7) ആണവായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലനത്തിനും ആണവ വ്യാപനത്തിനും ആണവ ഭീകരതയ്ക്ക് അന്ത്യം കുറിയ്ക്കുന്നതിനും അതുപോലെ തന്നെ ഷാനൺ മാൻഡേറ്റിന്റെ അടിസ്ഥാനത്തിൽ നിരായുധീകരണത്തെക്കുറിച്ചുള്ള കോൺഫറൻസിൽ വിവേചനരഹിതവും ബഹുമുഖവും അന്താരാഷ്ട്രതലത്തിൽ ഫലപ്രദമായും പരിശോധിക്കാവുന്നതുമായ ഫിസൈൽ മെറ്റീരിയൽ കട്ട്-ഓഫ് ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ ഉടനടി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതിനുമുള്ള നമ്മുടെ പങ്കാളിത്ത പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
- (8) ആഗോള ആണവ വ്യാപന വിരുദ്ധ ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ആണവ വിതരണക്കാരുടെ ഗ്രൂപ്പിൽ ഇന്ത്യയുടെ അംഗത്വത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുക.
6. ഇരുപക്ഷത്തെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ മന്ത്രിതല 2 + 2 യോഗത്തിലൂടെയും വിവിധ ഔദ്യോഗിക സുരക്ഷാ സംഭാഷണങ്ങളിലൂടെയും, ഇനിപ്പറയുന്നതുപോലുള്ള വിവിധ സംവിധാനങ്ങളിലൂടെയും അതായത് താഴേപ്പറയുന്നതുപോലെയുള്ളവയിലൂടെ ഉഭയകക്ഷി കൂടിയാലോചനകളുടെയും വിനിമയങ്ങളുടെയും നിലവിലുള്ള ഘടനയെ പൂരകമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക:
- (1) ഇന്ത്യയും ജപ്പാനും നേരിടുന്ന സുരക്ഷാ സാഹചര്യത്തിന്റെ സമഗ്രമായ വിലയിരുത്തൽ നടത്തുന്നതിനായി തങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ വാർഷിക ആശയവിനിമയം.
- (2) പരസ്പര സാമ്പത്തിക സുരക്ഷയും തന്ത്രപരമായ വ്യവസായങ്ങളിലും സാങ്കേതികവിദ്യയിലും സഹകരണവും വർദ്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തന്ത്രപരമായ വ്യാപാരവും സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ള സാമ്പത്തിക സുരക്ഷയെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും ജപ്പാന്റെ വിദേശകാര്യ വൈസ്-മിനിസ്റ്ററും തമ്മിലുള്ള സംഭാഷണം.
- (3) ജപ്പാൻ സ്വയം പ്രതിരോധ സേനയും ഇന്ത്യൻ സായുധ സേനയും തമ്മിലെ സംയുക്ത, ക്രോസ്-സർവീസ് സഹകരണം ലക്ഷ്യമിട്ടുള്ള ഒരു ഉന്നതതല സംഭാഷണം
- (4) ഇന്ത്യൻ കോസ്റ്റ് ഗാർഡും ജപ്പാൻ കോസ്റ്റ് ഗാർഡും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡിലെ അവരുടെ കമാൻഡന്റുകളുടെ തലത്തിലുള്ള ഒരു യോഗം
- (5) ബിസിനസ്സ് സഹകരണത്തിനുള്ള സാദ്ധ്യതകൾ തിരിച്ചറിയുന്നതിനായി ഇന്ത്യ-ജപ്പാൻ പ്രതിരോധ വ്യവസായ ഫോറം പുനരുജ്ജീവിപ്പിക്കുന്നു.
- (6) സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പുതിയ സഹകരണത്തിനുള്ള ആശയങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിനുമായി ഇന്ത്യയുടെയും ജപ്പാന്റെയും ചിന്താധാരകളുടെ (തിങ്ക് ടാങ്കുകൾ) ഒരു ട്രാക്ക് 1.5 സംഭാഷണം
-SK-
(Release ID: 2162193)
Visitor Counter : 16
Read this release in:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada