പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം

Posted On: 29 AUG 2025 7:06PM by PIB Thiruvananthpuram

ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജ​പ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.

ഇരുപ്രധാനമന്ത്രിമാരും, പരസ്പര വിശ്വാസത്തെയും ബന്ധത്തിന്റെ ആഴത്തെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള തുടർച്ചയായ ഉന്നതതല വിനിമയങ്ങളെയും, മന്ത്രിതല-പാർലമെന്ററി ഇടപെടലുകളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ ദശകത്തിൽ സുരക്ഷ, പ്രതിരോധം, വ്യാപാരം, നിക്ഷേപം, വാണിജ്യം, ശാസ്ത്ര-സാങ്കേതികവിദ്യ, വൈദഗ്ധ്യം, മൊബിലിറ്റി, സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധങ്ങൾ എന്നിങ്ങനെ വിശാലമായ മേഖലകളിലേക്ക് ഈ പങ്കാളിത്തം ഗണ്യമായി വികസിച്ചു. വിവിധ മന്ത്രാലയങ്ങൾ, ഏജൻസികൾ, വകുപ്പുകൾ എന്നിവ തമ്മിൽ ശക്തമായ ഇടപെടലിനും സഹകരണത്തിനും വഴിയൊരുക്കുന്ന 70-ലധികം സംഭാഷണ സംവിധാനങ്ങളും കർമസമിതികളും ഇന്ത്യക്കും ജപ്പാനുമിടയിൽ വിവിധ മേഖലകളിലായി നിലനിൽക്കുന്നുണ്ടെന്നതിൽ ഇരുവരും അഭിനന്ദനം രേഖപ്പെടുത്തി.

ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പ്രധാന ഘട്ടത്തിലാണെന്നും നമ്മുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി പരസ്പരപൂരകമായ ബന്ധം വളർത്തി, വരുംതലമുറകളുടെ സുരക്ഷയും സമൃദ്ധിയും ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുപ്രധാനമന്ത്രിമാരും ഏകാഭിപ്രായം പങ്കിട്ടു. പൊതുവായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും തന്ത്രപരവും ആഗോളവുമായ സവിശേഷ പങ്കാളിത്തം കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും പരസ്പരം വളരെയടുത്തു തുടർന്നും പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. ഇതിനായി, ഇരുപ്രധാനമന്ത്രിമാരും മൂന്നു മുൻ‌ഗണനാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ നടത്തി: നമ്മുടെ പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ, നമ്മുടെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തൽ, നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിലാക്കൽ. സംശുദ്ധ ഊർജം, നിർണായക ധാതുക്കൾ, ഡിജിറ്റൽ പങ്കാളിത്തം, ബഹിരാകാശം, ശാസ്ത്ര സാങ്കേതിക വിദ്യ, സാംസ്കാരിക വിനിമയങ്ങൾ, നയതന്ത്ര പരിശീലനം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സുപ്രധാന രേഖകളിൽ ഒപ്പുവച്ചതിനെ അവർ സ്വാഗതം ചെയ്തു. നേതാക്കൾ ഇനി പറയുന്ന കാര്യങ്ങൾ അംഗീകരിച്ചു:

(i) സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക സുരക്ഷ, ചലനാത്മകത, പരിസ്ഥിതി, സാങ്കേതികവിദ്യയും നവീകരണവും, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, സംസ്ഥാന-പ്രാദേശിക ഭരണസംവിധാന ഇടപെടൽ എന്നീ എട്ടു സ്തംഭങ്ങളിലൂടെ ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തെ മുന്നോട്ടുനയിക്കുന്ന, ഇരുരാഷ്ട്രങ്ങളുടെയും പരിശ്രമങ്ങൾ വിശദീകരിക്കുന്ന, അടുത്ത ദശകത്തേക്കുള്ള സംയുക്ത ദർശനം.

(ii) മേഖലയിലെ സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത്, നമ്മുടെ പ്രതിരോധ-സുരക്ഷ ബന്ധങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തുന്ന സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം;

(iii) അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെ കൈമാറ്റത്തിലൂടെ പ്രതിഭാകൈമാറ്റത്തിനും ജനങ്ങൾ തമ്മി‌ലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള മാർഗരേഖ തയ്യാറാക്കുന്ന ഇന്ത്യ-ജപ്പാൻ മാനവ വിഭവശേഷി വിനിമയത്തിനും സഹകരണത്തിനുമുള്ള കർമപദ്ധതി. ഇതിൽ ഇന്ത്യയിൽനിന്ന് ജപ്പാനിലേക്കുള്ള പരിചയസമ്പന്നരായ 50,000 ഉദ്യോഗസ്ഥരും വൈദഗ്ധ്യമുള്ള വ്യക്തികളും ഉൾപ്പെടുന്നു.

നിർണായക ചരക്കുകളിലും മേഖലകളിലും വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ടെലികമ്മ്യൂണിക്കേഷൻസ്, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ, സെമികണ്ടക്ടറുകൾ, സംശുദ്ധ ഊർജം എന്നിവയ്ക്ക് ഉയർന്ന മുൻഗണന നൽകി നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണം ത്വരിതപ്പെടുത്തുക എന്നിവയുൾപ്പെടെ സാമ്പത്തിക സുരക്ഷയുടെ മേഖലയിൽ ഉഭയകക്ഷി സഹകരണത്തിന് ആക്കം കൂട്ടുന്നതിനായി ഇന്ത്യ-ജപ്പാൻ സാമ്പത്തിക സുരക്ഷാ സംരംഭവും ഇരുപ്രധാനമന്ത്രിമാരും പ്രഖ്യാപിച്ചു. 2024 നവംബറിൽ തന്ത്രപരമായ വ്യാപാരവും സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ള സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള സംഭാഷണം ആരംഭിച്ചതിനെ അവർ അഭിനന്ദിച്ചു. വ്യവസായ-അക്കാദമിക മേഖലകളുമായി ചേർന്ന് തന്ത്രപരമായ മേഖലകളിലെ വ്യക്തമായ ഫലങ്ങളും പദ്ധതികളും തിരിച്ചറിയുന്നതിനായി സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള നയതല കൈമാറ്റങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഇരുപ്രധാനമന്ത്രിമാരും വിദേശകാര്യ മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തി. ഈ സാഹചര്യത്തിൽ, കയറ്റുമതി നിയന്ത്രണ വെല്ലുവിളികൾ പരസ്പരം ലഘൂകരിക്കുന്നതിനൊപ്പം ഉയർന്ന സാങ്കേതിക വ്യാപാരം കൂടുതൽ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കാൻ ഇരുപക്ഷവും ധാരണയായി. തന്ത്രപരമായ മേഖലകളിലെ ചില സഹകരണങ്ങൾ വിശദീകരിക്കുന്ന സാമ്പത്തിക സുരക്ഷാ വസ്തുതാപത്രം ഇരുപക്ഷവും പുറത്തിറക്കി. വിതരണ ശൃംഖല വൈവിധ്യവൽക്കരണത്തിലേക്കും പ്രതിരോധശേഷിയിലേക്കും ഇന്ത്യൻ-ജാപ്പനീസ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സുരക്ഷാ മേഖലയിൽ ബിസിനസ്-ടു-ബിസിനസ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെ ഇരുപ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ബിസിനസ്സ് അവസരങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർണായക ധാതുക്കളുടെ മേഖലയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപക്ഷവും തമ്മിൽ ധാതുവിഭവങ്ങളുടെ മേഖലയിൽ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.

ഡിജിറ്റൽ പ്രതിഭാ കൈമാറ്റം, ഗവേഷണം, വികസനം, സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റ് പങ്കാളിത്തങ്ങൾ എന്നിവയിലൂടെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ സംയുക്ത സഹകരണം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ-ജപ്പാൻ ഡിജിറ്റൽ പങ്കാളിത്തത്തിനു കീഴിൽ ഉണ്ടായ പുരോഗതിയിൽ ഇരുപ്രധാനമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു. ഡിജിറ്റൽ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് സഹകരണം ഉയർത്തുന്ന ഇന്ത്യ-ജപ്പാൻ ഡിജിറ്റൽ പങ്കാളിത്തം 2.0 നെ അവർ സ്വാഗതം ചെയ്തു. ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM-കൾ) ഉൾപ്പെടെ, നിർമിതബുദ്ധിയിൽ ഉഭയകക്ഷി-ബഹുമുഖ സഹകരണം കൂടുതൽ ആഴത്തിലാക്കുക, വ്യവസായ-അക്കാദമിക മേഖലകൾക്കിടയിലുള്ള കൈമാറ്റത്തിനുള്ള വേദികൾ സ്ഥാപിക്കുക, സംയുക്ത ഗവേഷണ പദ്ധതികളെ പിന്തുണയ്ക്കുക, ഇന്ത്യയിലെ ഡാറ്റാ സെന്ററുകളുടെ വികസനത്തിനും പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ജപ്പാൻ-ഇന്ത്യ AI സഹകരണ സംരംഭത്തിന് തുടക്കമിടുമെന്ന് ഇരുപ്രധാനമന്ത്രിമാരും പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 19നും 20നും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന AI സ്വാധീന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി, പ്രധാനമന്ത്രി ഇഷിബയെ ക്ഷണിച്ചു. കൂടാതെ, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണയുടെ പ്രാധാന്യം ഇരുപ്രധാനമന്ത്രിമാരും ഊന്നിപ്പറഞ്ഞു. ജപ്പാൻ-ഇന്ത്യ സ്റ്റാർട്ടപ്പ് സപ്പോർട്ട് ഇനിഷ്യേറ്റീവ് (JISSI) ഉൾപ്പെടെ ഇന്ത്യയിലുള്ള ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഏകാഭിപ്രായം അറിയിക്കുകയും ചെയ്തു.

​ഇന്ത്യ-ജപ്പാൻ പ്രതിരോധ-സമുദ്രസുരക്ഷ സഹകരണം ഉയർന്ന തലത്തിലാണെന്നതിൽ ഇരുപ്രധാനമന്ത്രിമാരും അഗാധമായ സംതൃപ്തി പ്രകടിപ്പിച്ചു. 2024 ഓഗസ്റ്റിൽ ന്യൂഡൽഹിയിൽ നടന്ന വിദേശകാര്യ-പ്രതിരോധ മന്ത്രിമാരുടെ മൂന്നാം 2+2 യോഗത്തെ സ്വാഗതം ചെയ്ത അവർ, ടോക്കിയോയിൽ നാലാം റൗണ്ട് യോഗം എത്രയുംവേഗം നടത്താൻ മന്ത്രിമാർക്കു നിർദേശം നൽകി. 2022 മാർച്ചിലെ അവസാന ഉച്ചകോടിക്കു ശേഷം സൈനികസേവനങ്ങളിലുള്ള വിനിമയങ്ങളിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുമുഖ സൈനികാഭ്യാസമായ മിലാൻ അഭ്യാസത്തിൽ ജപ്പാൻ സമുദ്ര സ്വയം പ്രതിരോധ സേന (JMSDF) പങ്കെടുത്തതിനെയും, ഇന്ത്യൻ വ്യോമസേന ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ബഹുമുഖ സൈനികാഭ്യാസമായ തരംഗ് ശക്തിയിൽ ജാപ്പനീസ് സംഘത്തിന്റെ പങ്കാളിത്തത്തെയും അവർ സ്വാഗതം ചെയ്തു. ജപ്പാൻ വ്യോമ സ്വയം പ്രതിരോധ സേനയും (JASDF) ഇന്ത്യൻ വ്യോമസേനയും (IAF) ചേർന്നു നടത്തിയ ‘വീർ ഗാർഡിയൻ 2023’ ഉഭയകക്ഷി യുദ്ധവിമാനാഭ്യാസത്തിന്റെ ഉദ്ഘാടന പതിപ്പിനെയും 2023-ൽ ഇതാദ്യമായി ഒരു കലണ്ടർ വർഷത്തിൽ മൂന്നു സേനകളുടെയും ഉഭയകക്ഷി അഭ്യാസങ്ങൾ നടത്തിയനെയും അവർ സ്വാഗതം ചെയ്തു. പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതിക സഹകരണത്തിന്റെയും മേഖലയിൽ നിലവിലുള്ള സഹകരണം അംഗീകരിച്ച അവർ, നിലവിലുള്ള സഹകരണത്തിലൂടെ വ്യക്തമായ ഫലങ്ങൾ എത്രയുംവേഗം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താനും ഭാവിയിൽ ഇരുപക്ഷത്തിന്റെയും പ്രവർത്തന സമീപനങ്ങളെ ഫലപ്രദമായി പിന്തുണയ്ക്കുന്നതിനുള്ള പ്രത്യേക മേഖലകൾ തിരിച്ചറിയാനും ഇരുപക്ഷത്തെയും ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകി.

തന്ത്രപരവും ആഗോളവുമായ പ്രത്യേക പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമെന്ന നിലയിൽ സാമ്പത്തിക സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിച്ച്, 2022 മുതൽ അഞ്ച് വർഷത്തിനുള്ളിൽ ജപ്പാനിൽനിന്ന് ഇന്ത്യയിലേക്കുള്ള പൊതു-സ്വകാര്യ നിക്ഷേപത്തിലും ധനസഹായത്തിലും 5 ട്രില്യൺ യെൻ എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതിയെ ഇരുപ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപകരുടെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും വ്യവസായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മറ്റ് നടപടികളും കണക്കിലെടുത്ത ഇരുപ്രധാനമന്ത്രിമാരും, ജപ്പാനിൽനിന്ന് ഇന്ത്യയിൽ സ്വകാര്യ നിക്ഷേപത്തിൽ 10 ട്രില്യൺ യെൻ എന്ന പുതിയ ലക്ഷ്യം നിശ്ചയിച്ചു. ഇന്ത്യയിൽ വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള ജാപ്പനീസ് കമ്പനികളുടെ അപാരമായ സാധ്യതകൾ പ്രധാനമന്ത്രി ഇഷിബ അംഗീകരിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് നിയന്ത്രണ പരിഷ്കാരങ്ങളുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിലും ജാപ്പനീസ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സംഭാവന പ്രധാനമന്ത്രി മോദി അംഗീകരിച്ചു. ഇന്ത്യയിലേക്കുള്ള നിക്ഷേപം സുഗമമാക്കുന്നതിന് നിയന്ത്രണപരവും മറ്റു തരത്തിലുള്ളതുമായ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള ഉദ്ദേശ്യം അദ്ദേഹം ആവർത്തിച്ചു. ഇവ പ്രയോജനപ്പെടുത്താൻ കൂടുതൽ ജാപ്പനീസ് കമ്പനികളെ അദ്ദേഹം ക്ഷണിച്ചു. ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സരാധിഷ്ഠിത പങ്കാളിത്ത(IJICP)ത്തിലൂടെ ജപ്പാൻ വ്യാവസായിക ടൗൺഷിപ്പുകളെ (JIT) പിന്തുണയ്ക്കുന്നതിനും ലോജിസ്റ്റിക്സ്, തുണിത്തരങ്ങൾ, ഭക്ഷ്യസംസ്കരണം, കൃഷി, ഓട്ടോമോട്ടീവ്സ്, വ്യാവസായിക മൂലധന വസ്തുക്കൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME) എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഉഭയകക്ഷിശ്രമങ്ങളെ അവർ അംഗീകരിച്ചു. ഉഭയകക്ഷിവ്യാപാരം കൂടുതൽ ശക്തിപ്പെടുത്താനും വൈവിധ്യമാർന്നതാക്കാനും, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നടപ്പാക്കലിന്റെ പരിശോധനാ പ്രക്രിയ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി. അതിനെ ഭാവിക്കായി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ അംഗീകരിച്ചു.

കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യക്കു ജപ്പാൻ നൽകിയ വികസന സഹകരണ പിന്തുണയിൽ രണ്ടു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. ഇത് ഇന്ത്യയുടെ സാമ്പത്തിക-സാമൂഹ്യ വികസനത്തിനും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.  ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനായുള്ള തുടർച്ചയായ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. ഇത് മേഖലയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായിട്ടുണ്ടെന്നും ഭാവിയിലും അതു മുന്നോട്ടുകൊണ്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഹാർഡ് കണക്റ്റിവിറ്റി, സോഫ്റ്റ് കണക്റ്റിവിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്കു കരുത്തേകുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ ധാരണയായി. അതിലൂടെ, പ്രാദേശിക പങ്കാളികളുമായി വളരെയടുത്തു സഹകരിച്ച്, ആക്ട് ഈസ്റ്റ് ഫോറം (AEF) വഴി ഈ മേഖലയുടെ വലിയ സാധ്യതകൾ തുറന്നുനൽകുകയാണു ലക്ഷ്യമെന്നും  നേതാക്കൾ വ്യക്തമാക്കി.

ഇന്ത്യ-ജപ്പാൻ ബന്ധത്തിലെ പ്രധാന പദ്ധതി എന്ന നിലയിൽ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ ചൂണ്ടിക്കാട്ടി. എത്രയുംവേഗം പ്രവർത്തനങ്ങൾ ആരംഭിക്കാനും ഏറ്റവും പുതിയ ജാപ്പനീസ് ഷിങ്കൻസെൻ സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സഹകരിക്കാനും അവർ ധാരണയായി. 2030-കളുടെ തുടക്കത്തിൽ, ജാപ്പനീസ് സിഗ്നലിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഷിങ്കൻസെന്റെ E10 സീരീസ് അവതരിപ്പിക്കാനുള്ള ജപ്പാന്റെ വാഗ്ദാനത്തെ ഇന്ത്യ അഭിനന്ദിച്ചു. ഇതിനായി, ജാപ്പനീസ് സിസ്റ്റം ഉൾപ്പെടെയുള്ള സിഗ്നൽ സംവിധാനം വേഗത്തിൽ സ്ഥാപിക്കാനും ജനറൽ ഇൻസ്പെക്ഷൻ ട്രെയിൻ (GIT), E5 സീരീസ് ഷിങ്കൻസെൻ റോളിങ് സ്റ്റോക്ക് എ്നനിവയുടെ ഒരു സെറ്റ് കൂടി ​കൊണ്ടുവരുന്നന്നതിനുമാവശ്യമായ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ധാരണയായി.

​ഊർജസുരക്ഷ ഉറപ്പാക്കൽ, സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കൽ, കാലാവസ്ഥാവ്യതിയാനം നേരിടൽ എന്നീ മേഖലകളുടെ പ്രാധാന്യം അംഗീകരിച്ച്, 2022-ൽ ആരംഭിച്ച സംശുദ്ധ ഊർജ പങ്കാളിത്തം അടിസ്ഥാനമാക്കി ഉഭയകക്ഷി ഊർജസഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇരുപ്രധാനമന്ത്രിമാരും വ്യക്തമാക്കി. നെറ്റ്-സീറോ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നത് ഏകപാതയിലൂടെയല്ലെന്നും ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്ത പാതകളിലൂടെയാണെന്നും അവർ ആവർത്തിച്ചു. ഇക്കാര്യത്തിൽ, ജോയിന്റ് ക്രെഡിറ്റിങ് മെക്കാനിസം (JCM) സംബന്ധിച്ച സഹകരണപത്രികയിലും സംശുദ്ധ ഹൈഡ്രജനും അമോണിയയും സംബന്ധിച്ച സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനത്തിലും ഒപ്പുവച്ചതിനെ അവർ സ്വാഗതം ചെയ്തു.

ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ മേഖലയിൽ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങളുടെ പുതിയ തരംഗത്തിനായി മാനവ വിഭവശേഷി നൽകുന്നതിൽ സാമ്പത്തികമായി പ്രയോജനകരമായ പരസ്പരപൂരകത്വം പ്രയോജനപ്പെടുത്താനുള്ള ദൃഢനിശ്ചയം ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. ജപ്പാനിലെ ക്യൂഷു മേഖലയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുംവിധം ഫുകുവോക്കയിൽ ഇന്ത്യൻ കോൺസുലേറ്റ് തുറന്നതിനെ അവർ സ്വാഗതം ചെയ്തു. നിഹോംഗോ പങ്കാളിത്ത പരിപാടിയിലൂടെയും 360 മണിക്കൂർ ദൈർഘ്യമുള്ള അധ്യാപക പരിശീലന കോഴ്‌സിലൂടെയും ഇന്ത്യയിൽ ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസത്തിൽ ഉണ്ടായ പുരോഗതിയെ അവർ അഭിനന്ദിച്ചു. 2016-ൽ ആരംഭിച്ചശേഷം, ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഫോർ മാനുഫാക്ചറിംഗ്, ജാപ്പനീസ് എൻഡോവ്ഡ് കോഴ്‌സുകൾ എന്നിവയുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി, ജാപ്പനീസ് നിർമാണ-പരിപാലന ശേഷിയിൽ പ്രാവീണ്യമുള്ള 30,000 പേരുടെ പ്രതിഭാസഞ്ചയം സൃഷ്ടിച്ച നേട്ടങ്ങളുടെ അടിത്തറയിൽ മുന്നോട്ടു പോകാനുള്ള തീരുമാനവും രണ്ട് പ്രധാനമന്ത്രിമാരും ആവർത്തിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര പ്രവാഹങ്ങളിൽ പ്രതിഫലിക്കുന്നതുപോലെ, പരസ്പരം രാജ്യവും സംസ്കാരവും മനസിലാക്കുന്നതിന്, ഇന്ത്യയുടെയും ജപ്പാന്റെയും ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിൽ രണ്ട് പ്രധാനമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു. “ഹിമാലയത്തെ മൗണ്ട് ഫുജിയുമായി കൂട്ടിയിണക്കൽ” എന്ന വിഷയത്തിൽ, ഏപ്രിൽ 2023-മാർച്ച് 2025 കാലയളവിൽ, ഇന്ത്യ-ജപ്പാൻ വിനോദസഞ്ചാര വിനിമയ വർഷം വിജയകരമായി ആഘോഷിച്ചതിനെ അവർ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ബന്ധങ്ങൾ അടിസ്ഥാനമാക്കി, ഈ മേഖലയിൽ വിനോദസഞ്ചാര വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കാൻ നേതാക്കൾ ധാരണയായി.

ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ശാസ്ത്ര സാങ്കേതിക മേഖലയിലെ ആദ്യ ധാരണാപത്രത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുന്ന 2025, ഇന്ത്യ-ജപ്പാൻ ശാസ്ത്ര സാങ്കേതിക നവീകരണ വിനിമയ വർഷമായി ആഘോഷിക്കുന്നതിൽ ഇരുപ്രധാനമന്ത്രിമാരും സന്തുഷ്ടി പ്രകടിപ്പിച്ചു. അക്കാദമിക് സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത ഗവേഷണ സഹകരണങ്ങളും ഇരുരാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പരസ്പര സന്ദർശനങ്ങളും അവർ സ്വാഗതം ചെയ്തു. കൂടാതെ, LOTUS പരിപാടി, സകുരാ ശാസ്ത്ര വിനിമയ പരിപാടി എന്നിവയുമായി ചേർന്ന് ജാപ്പനീസ് കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിലൂടെ ആരംഭിച്ച പുതിയ വ്യാവസായിസ-അക്കാദമിക സഹകരണങ്ങളെയും നേതാക്കൾ അഭിനന്ദിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും തമ്മിലുള്ള ചാന്ദ്ര ധ്രുവ പര്യവേക്ഷണ (LUPEX) ദൗത്യത്തിൽ ഉണ്ടായ പുരോഗതിയിൽ രണ്ട് പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. സുകുബയിലെ കെഇകെയിൽ ഇന്ത്യൻ ബീംലൈനിൽ അടുത്തിടെ ഒപ്പുവച്ച ധാരണാപത്രം ആറുവർഷത്തേക്ക് കൂടി നീട്ടിയതിനെ അവർ സ്വാഗതം ചെയ്തു. 2025 ജൂൺ 5 ന് നടന്ന ശാസ്ത്ര സാങ്കേതിക സഹകരണത്തിനായുള്ള 11-ാമത് സംയുക്ത സമിതി യോഗത്തിലെ പുരോഗതിയെ ഇരു പ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. പ്രത്യേകിച്ച് ക്വാണ്ടം സാങ്കേതികവിദ്യ, സംശുദ്ധ സാങ്കേതികവിദ്യ, ദുരന്തനിവാരണം, ജൈവസാങ്കേതികവിദ്യ, ഭൗമസ്ഥലപര സാങ്കേതികവിദ്യ തുടങ്ങിയ പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലെ മേഖലകളിൽ കൈവരിച്ച പുരോഗതി അവർ പ്രശംസിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ആഴത്തിലാക്കുന്നതിൽ പ്രാദേശിക ബന്ധങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാർ, ആന്ധ്രാപ്രദേശ് – ടോയാമ, തമിഴ്നാട് – എഹിമെ, ഉത്തർപ്രദേശ് – യമനാഷി,  ഗുജറാത്ത് – ഷിസുവോക എന്നിവ തമ്മിൽ അടുത്തിടെ സ്ഥാപിച്ച സംസ്ഥാന- പ്രാദേശിക ഭരണസംവിധാന പങ്കാളിത്തത്തെയും സ്വാഗതം ചെയ്തു.  കൂടാതെ, ഇന്ത്യയുമായി വ്യാവസായിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാൻസായ് ഏകോപനയോഗം ഉൾപ്പെടെ, കാൻസായ് മേഖലയിലെ പ്രാദേശിക പങ്കാളിത്തവും നേതാക്കൾ സ്വാഗതം ചെയ്തു. കൻസായിയിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ന്റെ വിജയത്തിൽ പ്രധാനമന്ത്രി ഇഷിബയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. കൂടാതെ എക്സ്പോയിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തത്തിന് ജപ്പാൻ നൽകിയ പിന്തുണയെയും അഭിനന്ദിച്ചു. ഇത് സമീപ മാസങ്ങളിൽ സംസ്ഥാന-പ്രാദേശിക ഭരണസംവിധാന പങ്കാളിത്തത്തിന് വലിയ ആക്കം നൽകി. യോകോഹാമയിൽ നടക്കുന്ന ഗ്രീൻ എക്സ് എക്‌സ്‌പോ 2027-ൽ ഇന്ത്യയുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി ഇഷിബ സ്വാഗതം ചെയ്തു.

​നിലവിലുള്ള ആഗോള സാഹചര്യം കണക്കിലെടുത്ത്, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കുമെന്ന് ഇരുപ്രധാനമന്ത്രിമാരും ദൃഢനിശ്ചയം ചെയ്തു, സമാധാനപരവും സമൃദ്ധവും സ്ഥിരതയുള്ളതും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കുള്ള ഉറച്ച പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. പ്രായോഗിക പദ്ധതികളിലൂടെ സ്പഷ്ടമായ നേട്ടങ്ങൾ നൽകി, മേഖലയുടെ സാമ്പത്തിക വികസനത്തിനും സമൃദ്ധിക്കുമുള്ള ശക്തമായ പിന്തുണ അവർ ആവർത്തിച്ചു. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന ക്വാഡ് പോലുള്ള ബഹുരാഷ്ട്ര ചട്ടക്കൂടുകളിലൂടെ മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾക്കിടയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു. ഇക്കാര്യത്തിൽ, ക്വാഡ് നിർണായകവും സ്ഥിരതയുള്ളതുമായ പ്രാദേശിക കൂട്ടായ്മയായി വികസിച്ചതിനെ അവർ സ്വാഗതം ചെയ്തു. ഈ വർഷം അവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ക്വാഡ് നേതൃ ഉച്ചകോടിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.

കിഴക്കൻ ചൈനാ കടലിലെയും ദക്ഷിണ ചൈനാ കടലിലെയും സ്ഥിതിഗതികളിൽ ഇരുപ്രധാനമന്ത്രിമാരും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയ്ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും കടലിനു മുകളിലെ വിമാനയാത്രയ്ക്കും അപകടമുണ്ടാക്കുന്ന ഏകപക്ഷീയ നടപടികൾക്കും, ബലപ്രയോഗത്തിലൂടെയോ സമ്മർദത്തിലൂടെയോ നിലവിലുള്ള സ്ഥിതി മാറ്റാൻ ശ്രമിക്കുന്നതിനുമെത‌ിരെ നേതാക്കൾ ശക്തമായ എതിർപ്പ് ആവർത്തിച്ചു. തർക്ക പ്രദേശങ്ങളുടെ സൈനികവൽക്കരണത്തെക്കുറിച്ചുള്ള ഗുരുതരമായ ആശങ്ക അവർ പങ്കിട്ടു. സമുദ്ര തർക്കങ്ങൾ സമാധാനപരമായും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായും, പ്രത്യേകിച്ച് യുഎൻ സമുദ്ര നിയമ കൺവെൻഷൻ (UNCLOS) അനുസരിച്ച്, പരിഹരിക്കണമെന്ന നിലപാട് അവർ ആവർത്തിച്ചു.

ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസ്ഥിരത സൃഷ്ടിക്കുന്ന ഉത്തരകൊറിയയുടെ വിക്ഷേപണങ്ങളെയും നിരവധി UN സുരക്ഷാസമിതി പ്രമേയങ്ങൾ (UNSCR) ലംഘിച്ചുള്ള ആണവായുധ വികസന ശ്രമങ്ങളെയും ഇരുപ്രധാനമന്ത്രിമാരും അപലപിച്ചു. പ്രസക്തമായ UNSCR-കൾക്കനുസൃതമായി ഉത്തരകൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിനായുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും UNSCR-കൾക്കും കീഴിലുള്ള എല്ലാ ബാധ്യതകളും ഉത്തരകൊറിയ പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൊറിയൻ ഉപദ്വീപിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഭാഷണത്തിലേക്ക് മടങ്ങാൻ അവർ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. മേഖലയിലും അതിനപ്പുറത്തും ഉത്തരകൊറിയയിലേക്കും പുറത്തേക്കും ആണവ-മിസൈൽ സാങ്കേതികവിദ്യകളുടെ വ്യാപനം സംബന്ധിച്ച തുടർച്ചയായ ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. ഉത്തരകൊറിയയിലേക്ക് കൈമാറ്റം ചെയ്യുന്നതോ, ഉത്തരകൊറിയയിൽനിന്ന് എല്ലാ ആയുധങ്ങളും അനുബന്ധ വസ്തുക്കളും വാങ്ങുന്നതോ നിരോധിക്കുന്നത് ഉൾപ്പെടെ ഉപരോധങ്ങൾ നടപ്പാക്കുന്നതിന് UNSCR-കൾക്ക് കീഴിലുള്ള അവരുടെ അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കാൻ എല്ലാ UN അംഗരാജ്യങ്ങളോടും അവർ ആവശ്യപ്പെട്ടു. അപഹരണ പ്രശ്നം ഉടനടി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ആവർത്തിച്ചു.

അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും അക്രമാസക്തമായ തീവ്രവാദത്തെയും ഇരുപ്രധാനമന്ത്രിമാരും അസന്ദിഗ്ധമായും ശക്തമായും അപലപിച്ചു. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അവർ ശക്തമായി അപലപിച്ചു. ജൂലൈ 29-ന് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി നിരീക്ഷണ സംഘം റിപ്പോർട്ടിൽ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ(TRF) കുറിച്ചു പരാമർശിച്ചതും അവർ ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ ഉത്തരവാദിത്വം TRF ഏറ്റെടുത്തതായി പ്രധാനമന്ത്രി മോദി വിശദീകരിച്ചു. പ്രധാനമന്ത്രി ഇഷിബ ഇതിൽ ആശങ്ക പ്രകടിപ്പിച്ചു. നിന്ദ്യമായ ഈ പ്രവൃത്തി നടത്തിയവരെയും അതിന്റെ സംഘാടകരെയും ധനസഹായം നൽകുന്നവരെയും കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. അൽ ഖ്വയ്ദ, ISIS/ഡായ്‌ഷ്, ലഷ്‌കർ-ഇ-തൊയ്ബ (LeT), ജെയ്‌ഷെ-ഇ-മുഹമ്മദ് (JeM) എന്നിവയുൾപ്പെടെ, UN പട്ടികപ്പെടുത്തിയ എല്ലാ ഭീകരസംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കൂട്ടായ നടപടികൾ സ്വീകരിക്കണമെന്നും, ഭീകരരു​ടെ സുരക്ഷിത താവളങ്ങൾ വേരോടെ പിഴുതെറിയാനും, ഭീകരതയ്ക്കു ധനസഹായം നൽകുന്ന മാർഗങ്ങളും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായുള്ള അതിന്റെ ബന്ധവും ഇല്ലാതാക്കാനും, ഭീകരരുടെ അതിർത്തി കടന്നുള്ള നീക്കം തടയാനും ദൃഢനിശ്ചയത്തോടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും​ നേതാക്കൾ ആവശ്യപ്പെട്ടു.

​സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കും (FOIP) ഇന്തോ-പസഫിക് സമുദ്ര സംരംഭവും (IPOI) തമ്മിലുള്ള വളരെയടുത്ത സഹകരണത്തെ രണ്ടു പ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു. ആസിയാൻ ഐക്യത്തിനും കേന്ദ്രീകരണത്തിനുമുള്ള കരുത്തുറ്റ പിന്തുണയും “ഇന്തോ-പസഫിക് സംബന്ധിച്ച ആസിയാൻ കാഴ്ചപ്പാടി (AOIP)”നുള്ള അചഞ്ചലമായ പിന്തുണയും അവർ ആവർത്തിച്ചു.

മ്യാൻമറിൽ പ്രതിസന്ധി വഷളാകുന്നതിൽ പ്രധാനമന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു. അത് പ്രാദേശിക സുരക്ഷ, ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ, രാജ്യാന്തര കുറ്റകൃത്യങ്ങളുടെ വർദ്ധന തുടങ്ങിയ മേഖലകളിൽ പ്രതിഫലിക്കുന്നതായും നേതാക്കൾ നിരീക്ഷിച്ചു. എല്ലാ കക്ഷികളോടും അക്രമ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള സമീപകാല പ്രഖ്യാപനവും തെരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതികളും ഇരുപ്രധാനമന്ത്രിമാരും ചൂണ്ടിക്കാട്ടി. എല്ലാ പങ്കാളികൾക്കും ഇടയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സംഭാഷണത്തിനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്കും അനുവദിക്കുന്ന ജനാധിപത്യ പാതയിലേക്ക് മടങ്ങണമെന്ന് ഇരുപ്രധാനമന്ത്രിമാരും ശക്തമായി ആവശ്യപ്പെട്ടു. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിസന്ധിക്ക് സമഗ്രവും സുസ്ഥിരവും സമാധാനപരവുമായ പരിഹാരം തേടുന്നതിൽ പഞ്ച ആശയ സമവായം പൂർണമായും ഫലപ്രദവുമായി നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് ഉൾപ്പെടെ, ആസിയാന്റെ ശ്രമങ്ങൾക്ക് അവർ ശക്തമായ പിന്തുണ ആവർത്തിച്ചു.

ആഫ്രിക്ക ഉൾപ്പെടെയുള്ള ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണ പദ്ധതികളുടെ പ്രാധാന്യം ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. ആഫ്രിക്കയുമായുള്ള വ്യാപാരത്തിനും നിക്ഷേപത്തിനുമായി വ്യാവസായിക കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യയിൽ വ്യാവസായിക കേന്ദ്രീകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഫ്രിക്കയിൽ സുസ്ഥിര സാമ്പത്തിക വികസനത്തിനായുള്ള ജപ്പാൻ-ഇന്ത്യ സഹകരണ സംരംഭം ആരംഭിച്ചതിനെ അവർ സ്വാഗതം ചെയ്തു. ആഫ്രിക്കൻ വികസനത്തെക്കുറിച്ചുള്ള 9-ാമത് ടോക്കിയോ അന്താരാഷ്ട്ര സമ്മേളനം (TICAD9) വിജയകരമായി വിളിച്ചുകൂട്ടിയതിനെയും അവർ സ്വാഗതം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ആഫ്രിക്കയിലും കണക്റ്റിവിറ്റിയും മൂല്യ ശൃംഖലകളും ശക്തിപ്പെടുത്തുന്നതിനുള്ള ഗണ്യമായ സാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ പങ്കുവച്ചു. ഈ സാഹചര്യത്തിൽ, TICAD 9-ൽ പ്രധാനമന്ത്രി ഇഷിബ പ്രഖ്യാപിച്ച ഇന്ത്യൻ മഹാസമുദ്ര-ആഫ്രിക്കൻ സാമ്പത്തിക മേഖല സംരംഭത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ജപ്പാൻ, ഇന്ത്യ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം എല്ലാ പങ്കാളികൾക്കും അഭിവൃദ്ധി കൊണ്ടുവരുമെന്നതിൽ അവർ ഏകാഭിപ്രായം പ്രകടിപ്പിച്ചു.

UN ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി യുക്രൈനിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് ഇരുപ്രധാനമന്ത്രിമാരും പിന്തുണ പ്രകടിപ്പിച്ചു. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് വിവിധ രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെയും അവർ സ്വാഗതം ചെയ്തു.

​മധ്യപൂർവേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായുള്ള പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. സംയമനം പാലിക്കാനും, പൗരന്മാരെ സംരക്ഷിക്കാനും, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും, സ്ഥിതി കൂടുതൽ വഷളാക്കി പ്രാദേശിക സ്ഥിരതയ്ക്ക് വിട്ടുവീഴ്ച ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അവർ ആഹ്വാനം ചെയ്തു. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ അവർ സ്വാഗതം ചെയ്തു. ഇറാന്റെ ആണവ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുന്നതിനൊപ്പം വെടിനിർത്തൽ തുടരേണ്ടതിന്റെയും പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. ഗാസയിലെ മാനുഷിക സാഹചര്യത്തിൽ നേതാക്കൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. എല്ലാ തടവുകാരുടെയും മോചനവും, അടിയന്തരവും ദീർഘകാലത്തേക്കുമുള്ള യുദ്ധവിരാമവും, വഷളാകുന്ന മനുഷ്യാവകാശ സാഹചര്യം പരിഹരിക്കുന്നതിനുള്ള നടപടികളും സംബന്ധിച്ച് കക്ഷികൾക്കിടയിൽ കരാറിലെത്തേണ്ടതിന്റെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകി. ഈ കാര്യത്തിൽ, മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങൾ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ അവർ സ്വാഗതം ചെയ്തു.

നിലവിലെ ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനായി സ്ഥിരവും സ്ഥിരമല്ലാത്തതുമായ വിഭാഗങ്ങളുടെ വ്യാപനം ഉൾപ്പെടെ, ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ (UNSC) അടിയന്തര പരിഷ്കരണത്തിനായി വളരെയടുത്തു പ്രവർത്തിക്കുന്നത് തുടരാൻ രണ്ട് പ്രധാനമന്ത്രിമാരും തീരുമാനിച്ചു. അന്തർഗവൺമെന്റ്തല ചർച്ചാചട്ടക്കൂടിന് കീഴിൽ കൃത്യമായ ആശയത്തിലൂന്നിയുള്ള ചർച്ചകൾ ആരംഭിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ വ്യക്തമായ ഫലങ്ങൾ കൈവരിക്കുന്നതിനുള്ള  ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള ആവശ്യകതയ്ക്ക് നേതാക്കൾ ഊന്നൽ നൽകി. പരിഷ്കരിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി പരസ്പരസ്ഥാനാർത്ഥിത്വത്തിന് അവർ പരസ്പര പിന്തുണ പ്രകടിപ്പിച്ചു. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആഗോള ഭരണത്തിന് സംഭാവന നൽകുന്ന ഐക്യരാഷ്ട്രസഭയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണത്തിന്റെ ആവശ്യകതയ്ക്കും അവർ അടിവരയിട്ടു.

വിവിധ മേഖലകളിൽ ഇന്ത്യ-ജപ്പാൻ സഹകരണം പുരോഗമിക്കുന്നതിന് വാർഷിക ഉച്ചകോടി സംവിധാനത്തിന്റെ പ്രാധാന്യം രണ്ട് പ്രധാനമന്ത്രിമാരും ആവർത്തിച്ചു. 15-ാമത് വാർഷിക ഉച്ചകോടി, 2014 മുതൽ ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതി വിലയിരുത്താനും നമ്മുടെ അടുത്ത തലമുറയ്ക്കും അതിനുമപ്പുറവും പ്രയോജനപ്പെടുന്ന തുടർച്ചയായ സഹകരണത്തിനുള്ള ചട്ടക്കൂട് സൃഷ്ടിക്കാനും സഹായിച്ചു. 2027-ൽ ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തിലേക്ക് ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നേറുകയാണെന്നും അത് ഉചിതമായ രീതിയിൽ ആഘോഷിക്കുമെന്നും രണ്ട് പ്രധാനമന്ത്രിമാരും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ, ഇരുനേതാക്കളും ഊർജസ്വലമായ കാഴ്ചപ്പാടുകളുടെ കൈമാറ്റം, ആശയങ്ങളുടെയും നയ ശുപാർശകളുടെയും സമഗ്രമായ ഉൾക്കാഴ്ചകൾ, വ്യാവസായിക-ബൗദ്ധിക-ശാസ്ത്ര-സാംസ്കാരിക മേഖലകളിലെ ഇരുരാജ്യങ്ങളിലെയും എല്ലാ പങ്കാളികളുടെയും സജീവമായ പരസ്പര സഹകരണം എന്നിവയെ സ്വാഗതം ചെയ്തു. ജപ്പാൻ സന്ദർശന വേളയിൽ തനിക്കും പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും നൽകിയ ഊഷ്മളതയ്ക്കും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ഇഷിബയോട് നന്ദി പറഞ്ഞു. ഈ വർഷം അവസാനം ആതിഥേയത്വം വഹിക്കുന്ന ക്വാഡ് നേതൃ ഉച്ചകോടിയിൽ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ഇഷിബയെ ക്ഷണിച്ചു. പ്രധാനമന്ത്രി ഇഷിബ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെ അടിത്തറയായി മാറുന്ന ആഴത്തിലുള്ള നാഗരിക ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ഊർജസ്വലമായ ബന്ധങ്ങൾ, പൊതുവായ ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.

 

-SK-


(Release ID: 2162153) Visitor Counter : 18