പ്രധാനമന്ത്രിയുടെ ഓഫീസ്
ജപ്പാനിലെ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
30 AUG 2025 7:34AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജപ്പാനിലെ വിവിധ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. പതിനാറു ഗവർണർമാർ ആശയവിനിമയത്തിൽ പങ്കെടുത്തു.
ഇന്ത്യ-ജപ്പാൻ ബന്ധങ്ങൾ ഇരുരാജ്യങ്ങളുടെയും പുരാതന സാംസ്കാരിക ബന്ധങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് തുടർച്ചയായി അഭിവൃദ്ധി പ്രാപിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന- ആഗോള പങ്കാളിത്തത്തിലെ മുന്നേറ്റം ഉയർത്തിക്കാട്ടി, ടോക്കിയോയെയും ഡൽഹിയെയും ചുറ്റിപ്പറ്റിയുള്ള ബന്ധങ്ങൾക്കപ്പുറം, സംസ്ഥാന-തദ്ദേശഭരണസംവിധാന ഇടപെടലുകൾക്കു പുതിയ ഗതിവേഗം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ, 15-ാമത് വാർഷിക ഉച്ചകോടിയിൽ ആരംഭിച്ച സംസ്ഥാന-തദ്ദേശ ഭരണസംവിധാന പങ്കാളിത്ത സംരംഭത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, കഴിവുകൾ, സുരക്ഷ, സാംസ്കാരിക ബന്ധങ്ങൾ എന്നിവയ്ക്ക് ഉത്തേജനം നൽകും. പുതിയ സംരംഭം പ്രയോജനപ്പെടുത്താനും ഉൽപ്പാദനം, സാങ്കേതികവിദ്യ, നൂതനത്വം, ചലനക്ഷമത, അടുത്തതലമുറ അടിസ്ഥാനസൗകര്യങ്ങൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നീ മേഖലകളിൽ പങ്കാളിത്തം സ്ഥാപിക്കാനും അദ്ദേഹം ഗവർണർമാരോടും ഇന്ത്യൻ സംസ്ഥാന ഗവണ്മെന്റുകളോടും അഭ്യർത്ഥിച്ചു.
ജപ്പാനിലെ ഓരോ തദ്ദേശ ഭരണസംവിധാനത്തിനും അതിന്റേതായ സാമ്പത്തിക-സാങ്കേതിക ശക്തികളുണ്ടെന്നും അതുപോലെ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അവയുടേതായ വൈവിധ്യമാർന്ന കഴിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ വളർച്ചാഗാഥയിൽ പങ്കെടുക്കാൻ ഗവർണർമാരെ ക്ഷണിച്ചു. ഇരുരാജ്യങ്ങളും ഏറ്റെടുത്തിട്ടുള്ള യുവജന-വൈദഗ്ധ്യ വിനിമയ പ്രതിജ്ഞാബദ്ധതകളിൽ സംഭാവനയേകണമെന്നും, ജപ്പാൻ സാങ്കേതികവിദ്യയും ഇന്ത്യൻ വൈദഗ്ധ്യവും പരമാവധി സംയോജിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യ-ജപ്പാൻ വ്യാപാര-വിദ്യാഭ്യാസ-സാംസ്കാരിക ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതിന് ഉപ-ദേശീയ സഹകരണം പ്രധാനമാണെന്ന് ഗവർണർമാർ അഭിപ്രായപ്പെട്ടു.
-SK-
(Release ID: 2162134)
Visitor Counter : 156
Read this release in:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada