ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, ഭരണഘടന (130-ാം ഭേദഗതി) ബില്‍ 2025 ഉള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങളില്‍ തന്റെ വീക്ഷണം പങ്കുവെച്ചു.
Posted On:
25 AUG 2025 3:32PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭരണഘടന (130-ാം ഭേദഗതി) ബില്‍ 2025 ഉള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. രാജ്യത്തെ ഏതെങ്കിലുമൊരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമായി വിശ്വസിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി എന്നിവരെ ഏതെങ്കിലും ഗുരുതര കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും 30 ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കാതിരിക്കുകയും ചെയ്താല്‍ അവരെ സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് ഭരണഘടന (130-ാം ഭേദഗതി) ബില്‍ 2025ല്‍ വ്യവസ്ഥയുണ്ട്. ഇത് സംഭവിച്ചില്ലെങ്കില്‍ അവര്‍ നിയമപരമായി സ്വയമേവ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏതെങ്കിലും ബില്ലോ ഭരണഘടനാ ഭേദഗതിയോ സഭയില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ക്കരുതെന്ന് ശ്രീ ഷാ പറഞ്ഞു.
ഈ ഭരണഘടനാ ഭേദഗതി ഇരുസഭകളുടെയും സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്ന് താന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ ബില്‍ പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും വോട്ടെടുപ്പ് നടക്കുമ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അതില്‍ അവരുടെ അഭിപ്രായങ്ങള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഏതെങ്കിലുമൊരു ബില്ലോ ഭരണഘടനാ ഭേദഗതി ബില്ലോ സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യത്തില്‍ പ്രതിപക്ഷം പ്രകടിപ്പിക്കുന്ന ഉചിതമായ പെരുമാറ്റമല്ലെന്ന് ശ്രീ ഷാ പറഞ്ഞു. രാജ്യത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ബഹളത്തിനും കോലാഹലത്തിനും വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കാത്ത ഈ മാനസികാവസ്ഥ ജനാധിപത്യപരമല്ലെന്നും പ്രതിപക്ഷം അവരുടെ ചെയ്തികള്‍ ഈ രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കേണ്ടിവരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഈ ബില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും എതിരല്ലെന്നും നമ്മുടെ മുഖ്യമന്ത്രിമാരെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഭരണപക്ഷത്തെ ആളുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 30 ദിവസത്തിനുള്ളില്‍ ജാമ്യം അനുവദിച്ചാല്‍ ബില്‍ പ്രകാരം നടപടിയുണ്ടാകില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, വ്യാജ കേസ് ഉണ്ടായാല്‍, അവിടെ ജാമ്യം നല്‍കാന്‍ രാജ്യത്തെ കോടതികളുണ്ട്. ഏത് സാഹചര്യത്തിലും ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ജാമ്യം നല്‍കാന്‍ അവകാശമുണ്ടെന്നും, ജാമ്യം അനുവദിച്ചില്ലെങ്കില്‍ ആ വ്യക്തി രാജിവയ്‌ക്കേണ്ടിവരുമെന്നും ശ്രീ ഷാ പറഞ്ഞു.
ജയിലില്‍ കിടന്ന് ഏതെങ്കിലും മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, മന്ത്രിയോ ഭരണം നടത്തണമോയെന്നും, ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന് നല്ലതാണോയെന്നും അദ്ദേഹം ചോദിച്ചു. 30 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചാല്‍ അവര്‍ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
തടവുശിക്ഷയെന്ന വ്യവസ്ഥ നിലവിലെ സര്‍ക്കാര്‍ ഉണ്ടാക്കിയതല്ലെന്നും, വര്‍ഷങ്ങളായി അത് തുടരുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയ്ക്ക് വ്യവസ്ഥയുള്ള കുറ്റങ്ങളെയാണ് ഗുരുതര കുറ്റകൃത്യങ്ങളായി 130-ാം ഭരണഘടനാ ഭേദഗതിയില്‍ നിര്‍വചിച്ചിരിക്കുന്നതെന്നും, അതിലുള്‍പ്പെട്ട വ്യക്തി രാജിവയ്‌ക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കേസുകളിലോ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലോ കുറ്റാരോപിതരായ മന്ത്രിമാരോ മുഖ്യമന്ത്രിമാരോ പ്രധാനമന്ത്രിമാരോ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണമെന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും പ്രതിനിധിയെ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിച്ചാല്‍, അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യയിലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഇപ്പോഴുമൊരു വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മ്മിക അടിത്തറ നിര്‍ണ്ണയിക്കുന്നതിന് സ്വാതന്ത്ര്യലബ്ധി മുതല്‍ ഈ നിയമം നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി പേരുടെ അംഗത്വം അവസാനിപ്പിക്കുകയും കുറ്റവിമുക്തരാക്കപ്പെട്ടതോടെ അവരെ വീണ്ടും അംഗത്വത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തതായി ശ്രീ ഷാ പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം നിരവധി നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജിവച്ച് ജയിലില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ജയിലില്‍ പോയതിനുശേഷവും രാജിവെക്കാത്ത പ്രവണത ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതായും ശ്രീ. അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടിലെ ചില മന്ത്രിമാരും ഡല്‍ഹിയിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്തരത്തില്‍ രാജിവെച്ചിട്ടില്ല. ഗവ.സെക്രട്ടറി, ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവര്‍ ജയിലില്‍ പോയി ഉത്തരവുകള്‍ വാങ്ങുമോയെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ ഉത്കണ്ഠയും ചര്‍ച്ചയും ഉണ്ടാകണമെന്ന് ശ്രീ ഷാ പറഞ്ഞു.
പ്രധാനമന്ത്രി മോദി തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഈ ഭരണഘടനാ ഭേദഗതിയുടെ പരിധിയില്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഒപ്പം കേസ് നടപടിക്രമ പരിധിയില്‍ നിന്ന് തന്നെയും സ്വയം മാറ്റി നിര്‍ത്തിക്കൊണ്ടാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അന്നത്തെ പ്രധാനമന്ത്രി 39-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയിലിലേക്ക് അയച്ചാല്‍ പ്രധാനമന്ത്രി പോലും രാജിവെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്നെ അവതരിപ്പിച്ചതായി ശ്രീ ഷാ പറഞ്ഞു. കോടതിക്ക് ഉടനടി ഇടപെടേണ്ടിവരുമെന്നതിനാല്‍ ഈ നിയമത്തില്‍ കോടതിയില്‍ കാലതാമസം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ ഗൗരവം നമ്മുടെ കോടതികളും മനസ്സിലാക്കുന്നതിനാല്‍ ഇത് പെട്ടെന്ന് തീരുമാനത്തിലേക്ക് നയിക്കപ്പെടും.
രാജ്യത്തെ ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ കിടന്ന് ഭരണം നടത്താനാവില്ലെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വളരെ വ്യക്തമായി വിശ്വസിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഏതെങ്കിലും മുഖ്യമന്ത്രി ജയിലില്‍ പോകുമെന്നും അപ്പോഴും മുഖ്യമന്ത്രിയായി തുടരുമെന്നും ഭരണഘടന നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഭരണഘടനാ ശില്‍പികള്‍ സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ധാര്‍മ്മിക മൂല്യങ്ങളുടെ നിലവാരം ഇടിഞ്ഞുവീഴാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമം ധാര്‍മ്മിക മൂല്യങ്ങളുടെ നിലവാരത്തിന് ഒരു അടിത്തറ നല്‍കുകയും തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. നമ്മുടെ കോടതികള്‍ സംവേദനക്ഷമം ആണെന്നും ആര്‍ക്കെങ്കിലും സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളപ്പോള്‍, സമയപരിധിക്കുള്ളില്‍ ജാമ്യം നല്‍കുന്ന കാര്യം കോടതികള്‍ തീര്‍ച്ചയായും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ബില്‍ പ്രധാനപ്പെട്ടതാണെന്നും എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം, സംയുക്ത പാര്‍ലമെന്റ് സമിതി (ജെ.പി.സി)ക്ക് മുമ്പാകെ ഒരു പരിഗണനാപരമായ അഭിപ്രായത്തിലെത്തിച്ചേരണമെന്നും ശ്രീ ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നുണ്ടെങ്കിലും പ്രതിപക്ഷം അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും, രാജ്യത്തെ ജനങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും കഴുത്തറ്റം അഴിമതിയില്‍ മുങ്ങിത്താണാല്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും, അവര്‍ ജയിലില്‍ പോകേണ്ടിയും രാജിവെക്കേണ്ടിയും വരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ധാര്‍മ്മികതയുടെ മാനദണ്ഡം തിരഞ്ഞെടുപ്പ് വിജയമോ പരാജയമോ ആയി ബന്ധപ്പെട്ടിട്ടില്ലെന്നും മറിച്ച്, സൂര്യചന്ദ്രന്‍മാരെ പോലെ, എല്ലായ്‌പ്പോഴും അവയുടെ സ്ഥാനത്ത് സ്ഥായിയായി നിലനില്‍ക്കുന്നുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാരിലെ എല്ലാ സഖ്യകക്ഷികളും ഈ നിയമത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നത് ഭരണകക്ഷി മാത്രമല്ലെന്ന് ശ്രീ ഷാ പറഞ്ഞു. ഈ ബില്‍ പാസാകുമെന്നും ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ഇതിനെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ പ്രതിപക്ഷത്തുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
*****
(Release ID: 2160715)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada