പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന 

Posted On: 29 JUL 2025 10:06PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഈ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ, മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, എല്ലാ ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളോടും ഞാൻ ഒരു അഭ്യർത്ഥന നടത്തി. ഈ സമ്മേളനം ഭാരതത്തിന്റെ വിജയങ്ങളുടെ ആഘോഷമാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഭാരതത്തിന്റെ മഹത്വം പാടാനുള്ള ഒരു സമ്മേളനമാണ് ഈ പാർലമെന്റ് സമ്മേളനം.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

'വിജയോത്സവ്' (വിജയാഘോഷങ്ങൾ) എന്ന് ഞാൻ പറയുമ്പോൾ, അത് തീവ്രവാദ ആസ്ഥാനകേന്ദ്രങ്ങ‌ളെ ഭസ്മമാക്കി മാറ്റുന്നതിന്റെ ആഘോഷമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. 'വിജയോത്സവ്' എന്ന് ഞാൻ പറയുമ്പോൾ, അത് 'സിന്ദൂർ' എന്ന പ്രതിജ്ഞ നിറവേറ്റുന്നതിനെക്കുറിച്ചാണ്. 'വിജയോത്സവ്' എന്ന് ഞാൻ പറയുമ്പോൾ, ഇന്ത്യൻ സായുധ സേനയുടെ വീര്യത്തെയും ശക്തിയെയും കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. 'വിജയോത്സവ്' എന്ന് ഞാൻ പറയുമ്പോൾ, 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തെയും ദൃഢനിശ്ചയത്തെയും ആ കൂട്ടായ ഇച്ഛാശക്തിയുടെ വിജയത്തെയും ഞാൻ പരാമർശിക്കുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഈ വിജയത്തിന്റെ അതേ ആവേശത്തോടെ, ഭാരതത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കാൻ ഞാൻ ഈ സഭയിൽ നിന്നിട്ടുണ്ട്, ഭാരതത്തിന്റെ വീക്ഷണകോൺ എന്താണെന്ന് കാണാൻ കഴിയാത്തവർക്ക്, അവർക്ക് നേരെ ഒരു കണ്ണാടി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ഇവിടെ നിന്നിരിക്കുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

140 കോടി പൗരന്മാരുടെ വികാരങ്ങൾക്കൊപ്പം എന്റെ ശബ്ദം ചേർക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ആ വികാരങ്ങളുടെ പ്രതിധ്വനിയാണ്  ഈ സഭയിൽ മുഴങ്ങിക്കേട്ടത് - അതിൽ എന്റെ ശബ്ദം കൂടി ചേർക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഓപ്പറേഷൻ സിന്ദൂർ സമയത്ത് എന്റെ കൂടെ നിൽക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്ത ഈ രാജ്യത്തെ ജനങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. രാജ്യത്തെ പൗരന്മാരോട് ഞാൻ എന്റെ നന്ദി പ്രകടിപ്പിക്കുന്നു, ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ക്രൂരമായ സംഭവത്തിൽ, തീവ്രവാദികൾ അവരുടെ മതം ചോദിച്ചതിന് ശേഷം നിരപരാധികളെ വെടിവച്ചു കൊന്നത് കൊടും ക്രൂരതയാണ് . ഭാരതത്തെ കലാപത്തിന്റെ തീജ്വാലയിൽ മുക്കാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നു അത്. രാജ്യത്ത് കലാപം ഇളക്കിവിടാനുള്ള ഗൂഢാലോചനയായിരുന്നു അത്. ഇന്ന്, രാഷ്ട്രം ഐക്യത്തോടെ ആ ഗൂഢാലോചന പരാജയപ്പെടുത്തിയതിന് ഞാൻ രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഏപ്രിൽ 22 ന് ശേഷം ഞാൻ ഒരു പൊതു പ്രസ്താവന നടത്തി - ലോകം മനസ്സിലാക്കുന്നതിനായി, ഇംഗ്ലീഷിലും കുറച്ച് വാചകങ്ങൾ ഉപയോഗിച്ചു. ഇതാണ് ഞങ്ങളുടെ ദൃഢനിശ്ചയം, തീവ്രവാദികളെ ഭസ്മമാക്കി മാറ്റും, അവരുടെ സൂത്രധാരന്മാർ പോലും ശിക്ഷിക്കപ്പെടുമെന്നും സങ്കൽപ്പിക്കുന്നതിലും അപ്പുറമുള്ള ശിക്ഷ നൽകുമെന്നും ഞാൻ പരസ്യമായി പ്രസ്താവിച്ചു. ഏപ്രിൽ 22 ന് ഞാൻ വിദേശത്തായിരുന്നു. ഞാൻ ഉടനെ തിരിച്ചെത്തി, എത്തിയ ഉടൻ തന്നെ ഒരു യോഗം വിളിച്ചു. ആ യോഗത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി: തീവ്രവാദത്തിനെതിരെ ഖണ്ഡിതമായി പ്രതികരിക്കണം, ഇതാണ് നമ്മുടെ ദേശീയ ദൃഢനിശ്ചയം.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മുടെ സായുധ സേനയുടെ കഴിവുകളിൽ - അവരുടെ ശക്തിയിലും ധൈര്യത്തിലും - ഞങ്ങൾക്ക് പൂർണ്ണ ഉറപ്പും ആത്മവിശ്വാസവുമുണ്ട്. എപ്പോൾ, എവിടെ, എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരത്തോടെ, നടപടിയെടുക്കാൻ സൈന്യത്തിന് സ്വതന്ത്രമായ അധികാരം നൽകി. ഇതെല്ലാം ആ യോഗത്തിൽ വ്യക്തമായി അറിയിക്കുകയും അതിൽ ചിലത് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തീവ്രവാദത്തിന്റെ സൂത്രധാരന്മാർക്ക് ഇന്നും ഉറക്കം നഷ്ടപ്പെടുന്ന വിധത്തിൽ തീവ്രവാദികളെ ശിക്ഷിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.  

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

നമ്മുടെ സൈന്യത്തിന്റെ വിജയത്തിന് പിന്നിലെ ഭാരതത്തിന്റെ കാഴ്ചപ്പാട് സഭയ്ക്കും ഭാരതത്തിലെ ജനങ്ങൾക്കും മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, പഹൽഗാം ആക്രമണത്തിന് ശേഷം ഭാരതം വലിയ നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ സൈന്യം മനസ്സിലാക്കി. പാകിസ്ഥാൻ ആണവ ഭീഷണികൾ പുറപ്പെടുവിക്കാൻ തുടങ്ങി. എന്നിട്ടും, ആസൂത്രണം ചെയ്തതുപോലെ തന്നെ, മെയ് 6 രാത്രിയിലും മെയ് 7 രാവിലെയും -  ഭാരതം ഓപ്പറേഷൻ നടത്തി, പാകിസ്ഥാന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വെറും 22 മിനിറ്റിനുള്ളിൽ, ഏപ്രിൽ 22 ലെ ആക്രമണത്തിന് കൃത്യമായ ലക്ഷ്യത്തിൽ നമ്മുടെ സൈന്യം പകരംവീട്ടി. രണ്ടാമതായി, ബഹുമാനപ്പെട്ട  സ്പീക്കർ സർ, ഞങ്ങൾ മുമ്പ് നിരവധി തവണ പാകിസ്ഥാനുമായി യുദ്ധം ചെയ്തിട്ടുണ്ട്, എന്നാൽ ഇന്ത്യ ഇത്തരമൊരു തന്ത്രം നടപ്പിലാക്കുന്നത് ഇതാദ്യമായിരുന്നു - ഞങ്ങൾ മുമ്പ് ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങളിൽ എത്തിയ ഒന്ന്. പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന തീവ്രവാദ ക്യാമ്പുകൾ ചാരമാക്കി. തൊടാൻ പറ്റാത്തതായി കണക്കാക്കിയിരുന്ന സ്ഥലങ്ങൾ - ബഹവൽപൂർ, മുരിദ്കെ  എന്നിവ നിലംപരിശാക്കി. 

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മുടെ സൈന്യം ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചു. മൂന്നാമതായി, പാകിസ്ഥാന്റെ ആണവ ഭീഷണികൾ ശൂന്യമാണെന്ന് ഞങ്ങൾ തുറന്നുകാട്ടി. ആണവ ഭീഷണി ഇനി പ്രവർത്തിക്കില്ലെന്ന് ഭാരതം തെളിയിച്ചു, അത്തരം തന്ത്രങ്ങൾക്ക് മുന്നിൽ ഭാരതം ഒരിക്കലും വഴങ്ങില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നാലാമതായി, ഭാരതം അതിന്റെ സാങ്കേതിക കഴിവ് പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ ഹൃദയഭാഗത്ത് തന്നെ ഞങ്ങൾ കൃത്യമായ ആക്രമണങ്ങൾ നടത്തി. അവരുടെ വ്യോമതാവള ആസ്തികൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു, ഇന്നും അവരുടെ നിരവധി വ്യോമതാവളങ്ങൾ ഐസിയുവിലാണ്. ഇത് സാങ്കേതികവിദ്യാധിഷ്ഠിത യുദ്ധത്തിന്റെ ഒരു യുഗമാണ്, ഓപ്പറേഷൻ സിന്ദൂർ ആ മേഖലയിലും വിജയിച്ചു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഞങ്ങൾ നടത്തിയ തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിരുന്നില്ലെങ്കിൽ, ഈ സാങ്കേതിക യുഗത്തിൽ ഭാരതത്തിന് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്തതായിരുന്നു. അഞ്ചാമതായി, ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ആദ്യമായി ലോകം 'ആത്മനിർഭർ ഭാരതിന്റെ' (സ്വയംപര്യാപ്ത ഇന്ത്യ) ശക്തി തിരിച്ചറിഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച ഡ്രോണുകളും ഇന്ത്യയിൽ നിർമ്മിച്ച മിസൈലുകളും പാകിസ്ഥാന്റെ മുഴുവൻ പ്രതിരോധ സംവിധാനത്തിന്റെയും ബലഹീനതകൾ തുറന്നുകാട്ടി. 

ബഹുമാനപ്പെട്ട സ്പീക്കർ സർ,

മറ്റൊരു പ്രധാന കാര്യം - ഞാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) സ്ഥാനം പ്രഖ്യാപിച്ചതിന് ശേഷം ശ്രീ രാജീവ് ഗാന്ധിയുടെ കാലത്ത് പ്രതിരോധ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സഹമന്ത്രി  എന്നെ കാണാൻ വന്നു. അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈ ഓപ്പറേഷനിൽ നാവികസേന, കരസേന, വ്യോമസേന എന്നിവ നടത്തിയ സംയുക്ത ഓപ്പറേഷൻ - മൂന്ന് സേനകളുടെ സമന്വയം - പാകിസ്ഥാനെ പൂർണ്ണമായും സ്തംഭിപ്പിച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സർ, 

മുൻപും രാജ്യത്ത് ഭീകരാക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ അക്കാലത്ത്, അത്തരം ആക്രമണങ്ങളുടെ സൂത്രധാരന്മാർ നിസ്സംഗരായിരുന്നു - അവർക്ക് ഒന്നും സംഭവിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ അവർ അടുത്ത നീക്കം ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഇപ്പോൾ, ഒരു ആക്രമണത്തിനുശേഷം, ആ സൂത്രധാരന്മാർക്ക് രാത്രി ഉറങ്ങാൻ കഴിയില്ല. ഭാരതം വരുമെന്നും, ആക്രമിക്കുമെന്നും, തിരിച്ചുവരുമെന്നും അവർക്കറിയാം. ഭാരതം സ്ഥാപിച്ച പുതിയ സാധാരണ അവസ്ഥയാണിത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഭാരതത്തിന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തിയും സാധ്യതയും ലോകം ഇപ്പോൾ കണ്ടിരിക്കുന്നു. സിന്ദൂർ മുതൽ സിന്ധു വരെ, പാകിസ്ഥാനിൽ ഉടനീളം ഭാരതം പ്രവർത്തിച്ചിട്ടുണ്ട്. ഭാരതത്തിൽ ആക്രമണങ്ങൾക്ക് ആസൂത്രണം ചെയ്യുന്നവരും അവരെ സംരക്ഷിക്കുന്ന രാജ്യവും - പാകിസ്ഥാൻ - കനത്ത വില നൽകേണ്ടിവരുമെന്ന് ഓപ്പറേഷൻ സിന്ദൂർ സ്ഥാപിച്ചു. അവർക്ക് ഇനി അത്ര എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഭാരതത്തിന് നേരെ ഒരു ഭീകരാക്രമണം ഉണ്ടായാൽ, നമ്മുടെ സ്വന്തം രീതിയിൽ, നമ്മുടെ സ്വന്തം നിബന്ധനകൾക്കനുസരിച്ച്, നമുക്ക് ഇഷ്ടമുള്ള സമയത്ത് നമ്മൾ പ്രതികരിക്കും. ആണവ ഭീഷണി ഇനി പ്രവർത്തിക്കില്ല. മൂന്നാമതായി, ഭീകരതയെ പിന്തുണയ്ക്കുന്ന ​ഗവൺമെന്റുകളേയും ഭീകരതയുടെ സൂത്രധാരന്മാരെയും തമ്മിൽ ഞങ്ങൾ ഇനി വേർതിരിച്ചു കാണില്ല. 

ബഹുമാനപ്പെട്ട സ്പീക്കർ സർ,

വിദേശനയത്തെക്കുറിച്ചും ആഗോള പിന്തുണയെക്കുറിച്ചും നിരവധി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇന്ന് ഈ സഭയിൽ കാര്യങ്ങൾ വ്യക്തമായി പറയാം: ലോകത്തിലെ ഒരു രാജ്യവും സ്വയം പ്രതിരോധത്തിനായി പ്രവർത്തിക്കുന്നതിൽ നിന്ന് ഭാരതത്തെ തടഞ്ഞില്ല. ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളിൽ, ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചത് മൂന്ന് രാജ്യങ്ങൾ മാത്രമാണ് - മൂന്ന് മാത്രം. ക്വാഡ്, ബ്രിക്സ്, ഫ്രാൻസ്, റഷ്യ, ജർമ്മനി - ഏതെങ്കിലും രാജ്യം പറയുക - ഭാരതത്തിന് വൻതോതിലുള്ള ആഗോള പിന്തുണ ലഭിച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഭാരതത്തിന് ലോകത്തിന്റെ പിന്തുണ ലഭിച്ചു, ആഗോള ശക്തികളുടെ പിന്തുണ, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഭാരതത്തിന്റെ ധീരരായ സൈനികർക്ക് കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ലഭിച്ചില്ല. ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിന് വെറും മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം, കോൺഗ്രസ് നേതാക്കൾ "56 ഇഞ്ച് നെഞ്ചളവ് എവിടെ?" "മോദി എവിടെ പോയി?" "മോദി പരാജയപ്പെട്ടു" എന്ന് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. അവർ ഒരു രാഷ്ട്രീയ പോയിന്റ് നേടിയതുപോലെ അത് ആസ്വദിക്കുന്നതായി തോന്നി. പഹൽഗാമിലെ ക്രൂരമായ കൊലപാതകങ്ങൾക്കിടയിലും അവർ അവരുടെ രാഷ്ട്രീയത്തിന് മൂർച്ച കൂട്ടാൻ ശ്രമിച്ചു. അവരുടെ സ്വാർത്ഥ രാഷ്ട്രീയ നേട്ടങ്ങൾക്കായി അവർ എന്നെ ലക്ഷ്യം വച്ചു, പക്ഷേ അത്തരം പരാമർശങ്ങളും വിലകുറഞ്ഞ രാഷ്ട്രീയ ആക്രമണങ്ങളും രാജ്യത്തിന്റെ സുരക്ഷാ സേനയുടെ ആത്മവീര്യം കെടുത്താൻ മാത്രമേ സഹായിച്ചുള്ളൂ. ചില കോൺഗ്രസ് നേതാക്കൾ ഭാരതത്തിന്റെ കഴിവുകളിലോ അതിന്റെ സായുധ സേനകളിലോ വിശ്വസിക്കുന്നില്ല, അതുകൊണ്ടാണ് അവർ ഓപ്പറേഷൻ സിന്ദൂറിനെ ചോദ്യം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് മാധ്യമങ്ങളിൽ വാർത്തകൾ ലഭിച്ചേക്കാം, പക്ഷേ നിങ്ങൾക്ക് ഒരിക്കലും രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടാനാവില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

മെയ് 10 ന്, ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ നടത്തിയ പ്രവർത്തനങ്ങൾ നിർത്തലാക്കുമെന്ന് ഭാരതം പ്രഖ്യാപിച്ചു. ഇതിനെക്കുറിച്ച് പലതരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിർത്തിക്കപ്പുറത്ത് നിന്ന് പ്രചരിക്കുന്ന അതേ പ്രചാരണമാണിത്. നമ്മുടെ സായുധ സേന പങ്കുവെക്കുന്ന വസ്തുതകൾ അംഗീകരിക്കുന്നതിനേക്കാൾ പാകിസ്ഥാന്റെ തെറ്റായ വിവരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ചിലർക്ക് കൂടുതൽ താൽപ്പര്യം. എന്നാൽ ഭാരതത്തിന്റെ നിലപാട് എപ്പോഴും വ്യക്തമാണ്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ചില പ്രധാന സംഭവങ്ങൾ ഈ സഭയെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോൾ, ഞങ്ങൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു - അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദികളുടെ ലോഞ്ചിംഗ് പാഡുകൾ നശിപ്പിക്കുക എന്നതായിരുന്നു അത്. നമ്മുടെ സൈനികർ രാത്രി മുഴുവൻ ഓപ്പറേഷൻ നടത്തി സൂര്യോദയത്തിന് മുമ്പ് ദൗത്യം പൂർത്തിയാക്കി മടങ്ങി. അത് നേടുക എന്നതായിരുന്നു ലക്ഷ്യം. ബാലകോട്ട് വ്യോമാക്രമണം നടത്തിയപ്പോൾ, ലക്ഷ്യം വ്യക്തമായിരുന്നു - തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ - ഞങ്ങൾ അവ വിജയകരമായി നശിപ്പിച്ചു. ഞങ്ങൾ അതും നേടി. അതുപോലെ, ഓപ്പറേഷൻ സിന്ദൂറിനിടെ, ഞങ്ങൾക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു: ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ - പഹൽഗാം ആക്രമണം ആസൂത്രണം ചെയ്ത സ്ഥലങ്ങൾ, പരിശീലനം, ലോജിസ്റ്റിക്സ്, റിക്രൂട്ട്മെന്റ്, ധനസഹായം എന്നിവ കൈകാര്യം ചെയ്ത സ്ഥലങ്ങൾ - അവ ആക്രമിക്കുക. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഞങ്ങൾ ഈ കേന്ദ്രങ്ങൾ തിരിച്ചറിയുകയും ഭീകരതയുടെ പ്രഭവ കേന്ദ്രത്തിൽ നേരിട്ട് ആക്രമണം നടത്തുകയും ചെയ്തു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇത്തവണയും നമ്മുടെ സായുധ സേന അവരുടെ ലക്ഷ്യങ്ങളിൽ 100% നേടിയെടുത്തു, ഭാരതത്തിന്റെ യഥാർത്ഥ ശക്തി പ്രദർശിപ്പിച്ചു. ചിലർ മനഃപൂർവ്വം വസ്തുതകൾ മറക്കാൻ താൽപ്പര്യപ്പെടുന്നു. പക്ഷേ രാഷ്ട്രം മറക്കുന്നില്ല. മെയ് 6 രാത്രിയിലും മെയ് 7 രാവിലെയുമാണ് ഓപ്പറേഷൻ നടന്നതെന്ന് രാഷ്ട്രം ഓർക്കുന്നു. മെയ് 7 രാവിലെ ഇന്ത്യൻ സൈന്യം ഒരു പത്രസമ്മേളനം നടത്തി, തീവ്രവാദികളെയും അവരുടെ സൂത്രധാരന്മാരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം വ്യക്തമായി പ്രസ്താവിച്ചു. പത്രസമ്മേളനത്തിൽ ഞങ്ങളുടെ ദൗത്യം പൂർത്തിയായി എന്ന് ഞങ്ങൾ വ്യക്തമാക്കി. അതിനാൽ, രാജ്നാഥ് ജി ഇന്നലെ പറഞ്ഞതുപോലെ, ഞാൻ അഭിമാനത്തോടെ ആവർത്തിക്കുന്നു: നമ്മുടെ ലക്ഷ്യങ്ങൾ നേടിയെന്ന് മിനിറ്റുകൾക്കുള്ളിൽ ഭാരതത്തിന്റെ സൈന്യം പാകിസ്ഥാൻ സൈന്യത്തെ അറിയിച്ചു - ഞങ്ങൾ എന്താണ് ചെയ്തതെന്ന് കൃത്യമായി അവരെ അറിയിക്കാനും അവരുടെ പ്രതികരണം അളക്കാനും. ഞങ്ങൾ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം ഞങ്ങൾ നേടിയിരുന്നു. പാകിസ്ഥാൻ വിവേകം കാണിച്ചിരുന്നെങ്കിൽ, തീവ്രവാദികളുമായി പരസ്യമായി സഹകരിക്കുക എന്ന ഗുരുതരമായ തെറ്റ് അവർ ചെയ്യുമായിരുന്നില്ല. പക്ഷേ അവർ ലജ്ജയില്ലാതെ അവരോടൊപ്പം നിൽക്കാൻ തീരുമാനിച്ചു.

അത്തരമൊരു അവസരത്തിനായി ഞങ്ങൾ പൂർണ്ണമായും തയ്യാറായിരുന്നു, കാത്തിരുന്നു. ഭീകരത, ഭീകരതയെ പിന്തുണയ്ക്കുന്നവർ, അതിന്റെ കമാൻഡ് സെന്ററുകൾ എന്നിവ മാത്രമായിരുന്നു ഞങ്ങളുടെ ഏക ലക്ഷ്യം എന്ന് ഞങ്ങൾ ലോകത്തോട് പറഞ്ഞിരുന്നു. ഞങ്ങൾ അത് നേടി. പാകിസ്ഥാൻ തീവ്രവാദികളെ സജീവമായി പിന്തുണയ്ക്കാൻ തീരുമാനിച്ച് യുദ്ധക്കളത്തിൽ പ്രവേശിച്ചപ്പോൾ, ഭാരത് വളരെ ശക്തമായ ഒരു ആക്രമണത്തിലൂടെ പ്രതികരിച്ചു, മെയ് 9 രാത്രിയിലും മെയ് 10 രാവിലെയും നടന്ന സംഭവങ്ങൾ വർഷങ്ങളോളം ഓർമ്മിക്കപ്പെടും.

പാകിസ്ഥാന്റെ എല്ലാ കോണുകളിലും അവർ ഒരിക്കലും സങ്കൽപ്പിക്കാത്തത്ര ശക്തിയോടെ നമ്മുടെ മിസൈലുകൾ ആക്രമണം നടത്തി. പാകിസ്ഥാനെ മുട്ടുകുത്തിച്ചു. പാകിസ്ഥാനിൽ നിന്നുള്ള പ്രതികരണങ്ങൾ നിങ്ങൾ ടിവിയിൽ കണ്ടിരിക്കണം. ഒരാൾ പറഞ്ഞു, "ഞാൻ നീന്തൽക്കുളത്തിൽ ഒന്ന് മുങ്ങുകയായിുന്നു", മറ്റൊരാൾ പറഞ്ഞു, "ഞാൻ ഓഫീസിൽ പോകാനായി തയ്യാറെടുക്കുകയായിരുന്നു - നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തതിനുമുമ്പ്, ഭാരതം ഇതിനകം ആക്രമിച്ചു!" മുഴുവൻ രാജ്യവും കണ്ട, പാകിസ്ഥാനുള്ളിൽ നിന്നും വന്ന,  പ്രസ്താവനകളാണിത്. ഇത്രയും ശക്തമായ ഒരു പ്രഹരം ഏറ്റതോടെ, പാകിസ്ഥാൻ സ്തംഭിച്ചുപോയി. അപ്പോഴാണ് പാകിസ്ഥാൻ വിളിച്ച് നമ്മുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിനോട് (ഡിജിഎംഒ) അഭ്യർത്ഥിച്ചത്: "ദയവായി നിർത്തൂ, ഞങ്ങൾക്ക് മതി, ഞങ്ങൾക്ക് കൂടുതൽ സഹിക്കാൻ കഴിയില്ല. ദയവായി ആക്രമണം നിർത്തുക." പാകിസ്ഥാനിൽ നിന്നുള്ള ഡിജിഎംഒ തലത്തിലുള്ള ആഹ്വാനമായിരുന്നു അത്. പക്ഷേ ഓർക്കുക - മെയ് 7 ലെ പത്രസമ്മേളനത്തിൽ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുത്തതായി ഭാരതം പ്രഖ്യാപിച്ചു, കൂടുതൽ പ്രകോപനങ്ങൾക്ക് വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ വീണ്ടും ആവർത്തിക്കുന്നു: സൈന്യവുമായി ഏകോപിപ്പിച്ച് വികസിപ്പിച്ചെടുത്ത വ്യക്തവും നന്നായി ചിന്തിച്ചതുമായ നയമായിരുന്നു ഇത്. ആ നയം ഇതായിരുന്നു: നമ്മുടെ ലക്ഷ്യം ഭീകരതയും അതിന്റെ സൂത്രധാരന്മാരും അതിന്റെ താവളങ്ങളുമാണ്. ഒന്നാം ദിവസം മുതൽ, ഞങ്ങളുടെ നടപടി തീവ്രമല്ലെന്ന് ഞങ്ങൾ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു. ഞങ്ങൾ പ്രഖ്യാപിച്ചതുപോലെ തന്നെ പ്രവർത്തിച്ചു, അതുകൊണ്ടാണ് ഞങ്ങൾ ആക്രമണം നിർത്തിവച്ചത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഒരു ലോക നേതാവും ഭാരതത്തോട് ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ആവശ്യപ്പെട്ടില്ല. മെയ് 9 ന് രാത്രി, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വൈസ് പ്രസിഡന്റ് എന്നെ ബന്ധപ്പെടാൻ ശ്രമിച്ചു. ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹം എന്നെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഞാൻ എന്റെ സൈനിക നേതൃത്വവുമായി ഒരു കൂടിക്കാഴ്ചയിലായിരുന്നു, അതിനാൽ എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്റെ കോൾ എടുക്കാൻ കഴിഞ്ഞില്ല. പിന്നീട്, ഞാൻ അദ്ദേഹത്തെ തിരികെ വിളിച്ചു. ഞാൻ ചോദിച്ചു, “നിങ്ങൾ പലതവണ വിളിക്കാൻ ശ്രമിച്ചു - എന്താണ് കാര്യം?” പാകിസ്ഥാൻ ഒരു വലിയ ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ഫോണിലൂടെ എന്നോട് പറഞ്ഞു. അതാണ് അദ്ദേഹം എന്നോട് കൈമാറിയ കാര്യം. ഇപ്പോൾ, മനസ്സിലാക്കാൻ ആഗ്രഹിക്കാത്തവർക്ക് മനസ്സിലാകില്ല - പക്ഷേ എന്റെ വ്യക്തമായ പ്രതികരണം ഇതായിരുന്നു: "പാകിസ്ഥാൻ ഒരു ആക്രമണം ആസൂത്രണം ചെയ്യുകയാണെങ്കിൽ, അതിന് വലിയ വില നൽകേണ്ടിവരും. പാകിസ്ഥാൻ ആക്രമിച്ചാൽ, ഞങ്ങൾ അതിലും വലിയ പ്രത്യാക്രമണം നടത്തും." ഞാൻ കൂട്ടിച്ചേർത്തു, "വെടിയുണ്ടകൾക്ക് ഞങ്ങൾ ഷെല്ലുകൾ ഉപയോഗിച്ച് മറുപടി നൽകും." മെയ് 9 രാത്രിയിലായിരുന്നു ഇത് - മെയ് 9 രാത്രിയിലും മെയ് 10 രാവിലെയും ഭാരതം പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. അതായിരുന്നു ഞങ്ങളുടെ പ്രതികരണം. അതായിരുന്നു ഞങ്ങളുടെ ദൃഢനിശ്ചയം. ഇപ്പോൾ ഓരോ ഇന്ത്യൻ പ്രതികരണവും മുമ്പത്തേതിനേക്കാൾ ശക്തമായിരിക്കുമെന്ന് പാകിസ്ഥാൻ പോലും വ്യക്തമായി മനസ്സിലാക്കുന്നു. അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടായാൽ, ഭാരതത്തിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ കഴിയുമെന്ന് അവർക്കറിയാം. അതിനാൽ ഇന്ന്, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ നിന്ന്, ഞാൻ വീണ്ടും ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും സജീവമാണ്. പാകിസ്ഥാൻ വീണ്ടും ധൈര്യപ്പെട്ടാൽ, അതിനെ തകർക്കും വിധമുളള മറുപടി ലഭിക്കും.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇന്നത്തെ ഭാരതം ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കുന്നു. സ്വാശ്രയത്വത്തിന്റെ പാതയിൽ അത് പൂർണ്ണ ശക്തിയോടെയും വലിയ വേഗതയോടെയും മുന്നേറുകയാണ്. ഭാരതം കൂടുതൽ കൂടുതൽ ആത്മനിർഭർ (സ്വാശ്രയം) ആയി മാറുന്നത് മുഴുവൻ രാജ്യത്തിനും കാണാൻ കഴിയും. എന്നാൽ രാജ്യം ഒരു വിചിത്രമായ വൈരുദ്ധ്യത്തിനും സാക്ഷ്യം വഹിക്കുന്നു: ഭാരതം സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുമ്പോൾ, കോൺഗ്രസ് രാഷ്ട്രീയ വിഷയങ്ങളിൽ പാകിസ്ഥാനെ കൂടുതലായി ആശ്രയിക്കുന്നു. ഇന്ന്, ഏകദേശം 16 മണിക്കൂർ നീണ്ടുനിന്ന മുഴുവൻ ചർച്ചയും ഞാൻ കണ്ടു. നിർഭാഗ്യവശാൽ, കോൺഗ്രസിന് പാകിസ്ഥാനിൽ നിന്ന് അവരുടെ പ്രശ്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇന്നത്തെ യുദ്ധത്തിൽ, വിവരങ്ങളും വിവരണങ്ങളും വലിയ പങ്ക് വഹിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉം മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് നമ്മുടെ സേനയുടെ ആത്മവീര്യം തകർക്കാനും പൊതുജനങ്ങൾക്കിടയിൽ അവിശ്വാസം സൃഷ്ടിക്കാനും ശ്രമിക്കുന്ന ആഖ്യാനങ്ങൾ നിർമ്മിക്കപ്പെടുന്നു. നിർഭാഗ്യവശാൽ, കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും പാകിസ്ഥാനിൽ നിന്നുള്ള ഈ പ്രചാരണ യന്ത്രത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മുടെ സായുധ സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ, കോൺഗ്രസ് എന്താണ് ചെയ്തത്? അവർ ഉടൻ തന്നെ സൈന്യത്തോട് തെളിവ് ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്തിന്റെ മാനസികാവസ്ഥ - ജനങ്ങളുടെ ശക്തമായ വികാരം - കണ്ടപ്പോൾ അവർ സ്വരം മാറ്റി. അവർ എന്താണ് പറയാൻ തുടങ്ങിയത്? കോൺഗ്രസ് നേതാക്കൾ പറയാൻ തുടങ്ങി: " എന്താണ് ഈ സർജിക്കൽ സ്ട്രൈക്കിന്റെ പ്രത്യേകത? ഞങ്ങളും അത് ചെയ്തിട്ടുണ്ട്." മൂന്ന് സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയെന്ന് ഒരാൾ അവകാശപ്പെട്ടു. മറ്റൊരാൾ ആറ് നടത്തിയെന്ന് പറഞ്ഞു. മൂന്നാമൻ പതിനഞ്ച് അവകാശപ്പെട്ടു. നേതാവ് വലുതാകുന്തോറും അവർ അവകാശപ്പെട്ടവരുടെ എണ്ണം കൂടും.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

പിന്നെ ബാലകോട്ട് വ്യോമാക്രമണം വന്നു. ഇത്തവണ, അവർക്ക് "ഞങ്ങളും അത് ചെയ്തു" എന്ന് പറയാൻ കഴിഞ്ഞില്ല, കാരണം അത് വളരെ വ്യക്തമായിരുന്നു. പക്ഷേ, പകരം, അവർ ഫോട്ടോഗ്രാഫിക് തെളിവുകൾ ചോദിക്കാൻ തുടങ്ങി. “ഫോട്ടോകൾ കാണിക്കൂ!” “ബോംബുകൾ എവിടെയാണ് പതിച്ചത്?” “എന്താണ് നശിച്ചത്?” “എത്രപേർ കൊല്ലപ്പെട്ടു?” അവർ ചോദിച്ചുകൊണ്ടിരുന്നു - പാകിസ്ഥാൻ കൃത്യമായി ചോദിക്കുന്നത് അതാണ്. പാകിസ്ഥാന്റെ ചോദ്യോത്തര രീതി അവർ പ്രതിധ്വനിപ്പിച്ചു. ഇത് മാത്രമല്ല...

ബഹുമാനപ്പെട്ട സ്പീക്കർ സർ,

പൈലറ്റ് അഭിനന്ദൻ പിടിക്കപ്പെട്ടപ്പോൾ, പാകിസ്ഥാൻ ആഘോഷിക്കുന്നത് സ്വാഭാവികമായിരുന്നു - എല്ലാത്തിനുമുപരി, ഒരു ഇന്ത്യൻ വ്യോമസേന പൈലറ്റ് അവരുടെ കസ്റ്റഡിയിലായിരുന്നു. എന്നാൽ ഇവിടെ ആളുകൾ അടച്ച വാതിലുകൾക്ക് പിന്നിൽ മന്ത്രിച്ചു: “ഇപ്പോൾ മോദി കുടുങ്ങി!” “മോദിക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ കഴിയുമോ എന്ന് നോക്കാം.” “ഇനി മോദി എന്താണ് ചെയ്യുന്നതെന്ന് നോക്കാം.” എന്നാൽ അഭിമാനത്തോടെ, ഇതെല്ലാം കണ്ടിട്ടും: അഭിനന്ദൻ മടങ്ങി - അന്തസ്സോടെ. ഞങ്ങൾ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. തുടർന്ന്, ഈ വിമർശകർ നിശബ്ദരായി. അവർ മനസ്സിലാക്കി - “ഈ മനുഷ്യൻ വളരെ ഭാഗ്യവാനാണ്.” “നമ്മുടെ ഏറ്റവും മികച്ച രാഷ്ട്രീയ ആയുധം നമുക്ക് നഷ്ടപ്പെട്ടു.”

ബഹുമാനപ്പെട്ട സ്പീക്കർ സർ,

പഹൽഗാം ആക്രമണത്തിനുശേഷം, നമ്മുടെ ബിഎസ്എഫ് സൈനികരിൽ ഒരാളെ പാകിസ്ഥാൻ പിടികൂടിയപ്പോൾ, ചിലർ കരുതിയത് ഒരു പ്രധാന പ്രശ്നം പരിഹരിക്കാൻ സാധിച്ചു എന്നാണ് - ഇപ്പോൾ മോദിയെ വളയുമെന്നും ഇത് അദ്ദേഹത്തിന് ഒരു നാണക്കേടായിരിക്കുമെന്നും. അവരുടെ മുഴുവൻ ആവാസവ്യവസ്ഥയും സോഷ്യൽ മീഡിയയിൽ എല്ലാത്തരം വിവരണങ്ങളും പ്രചരിക്കാൻ തുടങ്ങി - ബിഎസ്എഫ് സൈനികന് എന്ത് സംഭവിക്കും? അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് എന്ത്? അദ്ദേഹം തിരിച്ചുവരുമോ? എപ്പോൾ? എങ്ങനെ? നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

ആ ബിഎസ്എഫ് സൈനികനും പൂർണ്ണ ബഹുമാനത്തോടെയും അന്തസ്സോടെയും അഭിമാനത്തോടെയും മടങ്ങി. തീവ്രവാദികൾ കരഞ്ഞു, അവരെ കൈകാര്യം ചെയ്യുന്നവർ നിരാശരായിരുന്നു - അവർ കരയുന്നത് കണ്ട് ഇവിടെയുള്ള ചിലരും അസ്വസ്ഥരായതായി തോന്നുന്നു. ഇപ്പോൾ ശ്രദ്ധിക്കൂ: സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോൾ, അവർ വ്യത്യസ്തമായ ഒരു കളി കളിക്കാൻ ശ്രമിച്ചു - അത് വിജയിച്ചില്ല. വ്യോമാക്രമണത്തിനുശേഷം, അവർ മറ്റൊരു തന്ത്രം പരീക്ഷിച്ചു - അതും പരാജയപ്പെട്ടു. പിന്നീട് ഓപ്പറേഷൻ സിന്ദൂർ വന്നു, അവർ ഒരു പുതിയ തന്ത്രം ആരംഭിച്ചു. അവർ എന്താണ് പറയാൻ തുടങ്ങിയത്? "എന്തുകൊണ്ടാണ് അത് നിർത്തിയത്?" ആദ്യം, എന്തെങ്കിലും നടപടി സ്വീകരിച്ചു എന്ന കാര്യം പോലും അവർ അംഗീകരിച്ചില്ല. ഇപ്പോൾ അവർ ചോദിക്കുന്നു, "എന്തുകൊണ്ടാണ് നിങ്ങൾ അത് നിർത്തിയത്?" എന്തൊരു വൈരുദ്ധ്യം! പ്രസ്താവനകൾ നടത്തുന്നതിൽ വിദഗ്ദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ ആളുകളെ - അവരെക്കുറിച്ച് എന്ത് പറയാൻ കഴിയും? എതിർക്കാൻ നിങ്ങൾക്ക് ഒരു ഒഴികഴിവ് മാത്രം മതി, അതുകൊണ്ടാണ് ഞാൻ മാത്രമല്ല, മുഴുവൻ രാജ്യവും നിങ്ങളെ നോക്കി ചിരിക്കുന്നത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

സായുധ സേനയെ എതിർക്കുന്ന ഈ മനോഭാവം, അവരോടുള്ള നിരന്തരമായ നിഷേധാത്മകത - അതാണ് വളരെക്കാലമായി കോൺഗ്രസിന്റെ സമീപനം. രാജ്യം കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു, പക്ഷേ അവരുടെ ഭരണകാലത്തും, ഇപ്പോഴും, കോൺഗ്രസ് കാർഗിൽ വിജയം സ്വീകരിക്കുകയോ അത് ആഘോഷിക്കുകയോ ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും നന്നായി അറിയാം. അവർ ഒരിക്കലും അതിന് അർഹമായ ബഹുമാനം നൽകിയിട്ടില്ല. ചരിത്രം സാക്ഷ്യപ്പെടുത്തുന്നു, ബഹുമാനപ്പെട്ട സ്പീക്കർ സർ, നമ്മുടെ സൈന്യം ഡോക്ലാമിൽ അവരുടെ വീര്യം പ്രകടിപ്പിക്കുമ്പോൾ, കോൺഗ്രസ് നേതാക്കൾ ചില ആളുകളിൽ നിന്ന് രഹസ്യമായി വിശദീകരണങ്ങൾ സ്വീകരിച്ചിരുന്നു - ഇപ്പോൾ ലോകത്തിന് മുഴുവൻ അതേക്കുറിച്ച് അറിയാം. പാകിസ്ഥാനിൽ നടത്തിയ പ്രസ്താവനകൾ എടുത്ത് ഇവിടെ നമ്മെ എതിർക്കുന്നവരുടെ പ്രസ്താവനകളുമായി താരതമ്യം ചെയ്യുക - കോമയും പൂർണവിരാമവുമടക്കം അവ പൊരുത്തപ്പെടുന്നു. അതിനോട് ഒരാൾക്ക് എന്ത് പറയാൻ കഴിയും? അതെ, നമ്മൾ സത്യം പറയുമ്പോൾ അത് വേദനിപ്പിക്കുന്നു! അവരുടെ ശബ്ദങ്ങൾ പാകിസ്ഥാന്റെ ശബ്ദങ്ങളുമായി പൂർണ്ണമായും യോജിക്കുന്നതായിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കോൺഗ്രസ് പാകിസ്ഥാന് ഫലപ്രദമായി ക്ലീൻ ചിറ്റ് നൽകിയതിൽ രാഷ്ട്രം സ്തബ്ധരായി. ഈ പാർട്ടിയുടെ ധീരത, അവരുടെ ശീലങ്ങൾ മാറിയിട്ടില്ല. പഹൽഗാം ഭീകരർ പാകിസ്ഥാനികളാണെന്നതിന് തെളിവ് നൽകൂ എന്ന് പറയാൻ പോലും അവർ ധൈര്യപ്പെട്ടു. അവർ എന്താണ് പറയുന്നത്? ഇത് ഏത് തരത്തിലുള്ള സമീപനമാണ്? പാകിസ്ഥാനും ഇതേ ആവശ്യം ഉന്നയിക്കുന്നു - കോൺഗ്രസ് ആവശ്യപ്പെടുന്നത് തന്നെയാണ് പാകിസ്ഥാനും ആവശ്യപ്പെടുന്നത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇന്ന്, തെളിവുകൾക്ക് ഒരു കുറവുമില്ലാത്തപ്പോൾ, ലോകത്തിന് എല്ലാം വ്യക്തമായി ദൃശ്യമാകുമ്പോൾ, എന്നിട്ടും അവരുടെ നിലപാട് ഇതുപോലെയായിരിക്കുമ്പോൾ - അത്തരം തെളിവുകൾ ലഭ്യമല്ലായിരുന്നെങ്കിൽ അവർ എന്തുചെയ്യുമായിരുന്നുവെന്ന് സങ്കൽപ്പിക്കുക.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഓപ്പറേഷൻ സിന്ദൂറിന്റെ ഒരു ഭാഗത്തിന് വളരെയധികം ശ്രദ്ധ നൽകുന്നുണ്ട്, അത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ രാഷ്ട്രത്തിന് അതിന്റെ ശക്തി തെളിയിക്കുന്ന ചില മഹത്തായ നിമിഷങ്ങളുണ്ട്. നമ്മുടെ ശ്രദ്ധയും പ്രശംസയും അർഹിക്കുന്ന‌തു കൂടിയാണ്. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനം - ലോകം അതിനെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ മിസൈലുകളെയും ഡ്രോണുകളെയും ചുള്ളിക്കമ്പുകൾ പോലെ തകർത്തു കളഞ്ഞു.

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

ഇന്ന്, മുഴുവൻ രാജ്യത്തെയും അഭിമാനത്താൽ നിറയ്ക്കുന്ന ഒരു വസ്തുത ഞാൻ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. കുറച്ച് ആളുകൾക്ക് എന്ത് തോന്നിയേക്കാമെന്ന് എനിക്കറിയില്ല - പക്ഷേ മുഴുവൻ രാജ്യത്തിനും അത്യധികം അഭിമാനം തോന്നും. മെയ് 9 ന്, പാകിസ്ഥാൻ ഏകദേശം 1,000 മിസൈലുകളും സായുധ ഡ്രോണുകളും ഉപയോഗിച്ച് ഭാരതത്തിനെതിരെ വൻ ആക്രമണം നടത്താൻ ശ്രമിച്ചു - അതെ, ആയിരം. ഈ മിസൈലുകൾ ഭാരതത്തിന്റെ ഏതെങ്കിലും ഭാഗത്ത് പതിച്ചിരുന്നെങ്കിൽ, സങ്കൽപ്പിക്കാനാവാത്ത നാശം സംഭവിക്കുമായിരുന്നു. എന്നാൽ ഭാരതം ആകാശത്ത് വെച്ചു തന്നെ 1,000 മിസൈലുകളും ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചു. ഓരോ പൗരനും ഇതിൽ അഭിമാനിക്കുന്നു. എന്നാൽ ചില കോൺഗ്രസ് നേതാക്കൾ കാത്തിരിക്കുകയായിരുന്നു - എന്തെങ്കിലും തെറ്റ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ച്. മോദി എവിടെയെങ്കിലും പരാജയപ്പെടുമെന്ന്. അദ്ദേഹം കുടുങ്ങിപ്പോകുമെന്ന്. ആദംപൂർ വ്യോമതാവളത്തിൽ ആക്രമണം നടത്തിയെന്ന വ്യാജ അവകാശവാദം പാകിസ്ഥാൻ പോലും പ്രചരിപ്പിച്ചു. ആ നുണ വിൽക്കാൻ അവർ തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ശ്രമിച്ചു. അടുത്ത ദിവസം തന്നെ ഞാൻ ആദംപൂർ സന്ദർശിക്കുകയും ആ നുണ തുറന്നുകാട്ടുകയും ചെയ്തു. അപ്പോഴാണ് അത്തരം നുണകൾ ഇനി പ്രവർത്തിക്കില്ലെന്ന് അവർക്ക് മനസ്സിലായത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

രാഷ്ട്രീയത്തിൽ പുതുതായി വന്നവരും ഭരണത്തിന്റെ കടിഞ്ഞാൺ ഒരിക്കലും വഹിച്ചിട്ടില്ലാത്തവരുമായ ചെറിയ പാർട്ടികളിലെ നമ്മുടെ സഹപ്രവർത്തകരിൽ നിന്ന് അഭിപ്രായങ്ങൾ വരുമ്പോൾ എനിക്ക് മനസ്സിലാകും. എന്നാൽ കോൺഗ്രസ് പാർട്ടി പതിറ്റാണ്ടുകളായി ഈ രാജ്യം ഭരിച്ചു. ഭരണ സംവിധാനങ്ങളെക്കുറിച്ച് അവർക്ക് നന്നായി അറിയാം. അവർ ആ സംവിധാനങ്ങളിൽ നിന്നാണ് പുറത്തുവന്നത്. ഭരണം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർക്ക് പൂർണ്ണമായി അറിയാം. അവർക്ക് അനുഭവമുണ്ട്. എന്നിട്ടും - വിദേശകാര്യ മന്ത്രാലയം ഉടനടി പ്രതികരിക്കുമ്പോൾ, അവർ അത് സ്വീകരിക്കാൻ വിസമ്മതിക്കുന്നു. വിദേശകാര്യ മന്ത്രി അഭിമുഖങ്ങൾ നൽകുന്നു, ആവർത്തിച്ച് സംസാരിക്കുന്നു - പക്ഷേ അവർ അത് അംഗീകരിക്കാൻ വിസമ്മതിക്കുന്നു. ആഭ്യന്തര മന്ത്രി സംസാരിക്കുന്നു, പ്രതിരോധ മന്ത്രി സംസാരിക്കുന്നു, എന്നിട്ടും അവർ ആരെയും വിശ്വസിക്കുന്നില്ല. ഇത്രയും വർഷം ഭരിച്ച ഒരു പാർട്ടി ഇനി രാജ്യത്തിന്റെ സംവിധാനങ്ങളെ വിശ്വസിക്കുന്നില്ലെങ്കിൽ, ഒരാൾ ചിന്തിക്കാൻ നിർബന്ധിതരാകുന്നു - അവർക്ക് എന്ത് സംഭവിച്ചു?

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇപ്പോൾ കോൺഗ്രസിന്റെ ട്രസ്റ്റ് രൂപീകരിച്ചതും രൂപപ്പെടുത്തിയതും പാകിസ്ഥാന്റെ റിമോട്ട് കൺട്രോൾ വഴിയാണെന്ന് തോന്നുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കോൺഗ്രസിന്റെ പുതിയ അംഗങ്ങളിൽ ഒരാൾ - ശരി, നമുക്ക് അദ്ദേഹത്തോട് ക്ഷമിക്കാം, അദ്ദേഹം പുതിയ ആളാണ്. പക്ഷേ, കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തിന് പ്രസ്താവനകൾ എഴുതുകയും അത് വായിച്ചു കേൾപ്പിക്കുകയും ചെയ്യുന്നു, കാരണം അവർക്ക് അത് സ്വയം പറയാൻ ധൈര്യമില്ല. ഓപ്പറേഷൻ സിന്ദൂർ ഒരു നാടകമാണെന്ന് അവർ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചു. തീവ്രവാദികൾ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ആസിഡ് ഒഴിക്കുന്നതിലും കുറവൊന്നുമല്ല ഇത്. ഇതിനെ ഒരു 'നാടകം' എന്ന് വിളിക്കുന്നു - അത് എങ്ങനെയാണ് നിങ്ങളുടെ അഭിപ്രായമാകുന്നത്? കോൺഗ്രസ് നേതാക്കൾ മറ്റുള്ളവരെ ഉറക്കെ വായിക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകളാണിത്.

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

ഇന്നലെ, നമ്മുടെ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവിൽ പഹൽഗാമിലെ അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. എന്നാൽ ഒരാൾ ഉറക്കെ ചിരിച്ചുകൊണ്ട്, "എല്ലാ ദിവസവും കഴിഞ്ഞ് ഇന്നലെ എന്തിനാണ് ഇത് ചെയ്തത്?" എന്ന് ചോദിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി - ഈ ആളുകൾക്ക് എന്താണ് സംഭവിക്കുന്നത്? സാവൻ മാസത്തിലെ ഏതെങ്കിലും വിശുദ്ധ തിങ്കളാഴ്ചയ്ക്കാണോ ഓപ്പറേഷൻ ആസൂത്രണം ചെയ്തത്? അവർക്ക് എന്താണ് സംഭവിച്ചത്? അവർ വളരെ നിരാശരും ഹതാശരുമാണ് - വിരോധാഭാസം എന്തെന്നാൽ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി അവർ ചോദിച്ചുകൊണ്ടിരുന്നു: “ശരി, നിങ്ങൾ ഓപ്പറേഷൻ സിന്ദൂർ ചെയ്തു, പക്ഷേ പഹൽഗാം തീവ്രവാദികളുടെ കാര്യമോ?” ഇപ്പോൾ ആ തീവ്രവാദികളെ കൈകാര്യം ചെയ്തുകഴിഞ്ഞപ്പോൾ, അവർ ചോദിക്കുന്നു: “ഇപ്പോൾ എന്തുകൊണ്ട്?” ബഹുമാനപ്പെട്ട സ്പീക്കറേ, അവർക്ക് എന്താണ് സംഭവിക്കുന്നത്?

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മുടെ വിശുദ്ധ ​ഗ്രന്ഥങ്ങൾ പറയുന്നു:

“ശാസ്ത്രേണ രക്ഷിതേ രാഷ്ടേ ശാസ്ത്ര ചിന്താ പ്രവർത്തതേ” അതായത്: ഒരു രാഷ്ട്രം ആയുധങ്ങളാൽ സംരക്ഷിക്കപ്പെടുമ്പോൾ, അറിവും സംഭാഷണവും അഭിവൃദ്ധി പ്രാപിക്കും. നമ്മുടെ അതിർത്തികൾ ശക്തവും നമ്മുടെ സൈന്യം ജാഗ്രത പുലർത്തുകയും ചെയ്യുമ്പോൾ മാത്രമേ ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കൂ.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കഴിഞ്ഞ ദശകത്തിൽ ഭാരതത്തിന്റെ സായുധ സേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ നേരിട്ടുള്ള തെളിവാണ് ഓപ്പറേഷൻ സിന്ദൂർ. ഇത് അങ്ങനെ സംഭവിച്ചില്ല. കോൺഗ്രസ് ഭരണകാലത്ത്, സായുധ സേനയെ സ്വയംപര്യാപ്തമാക്കുക എന്ന ചിന്ത പോലും ഒരിക്കലും ഉയർന്നുവന്നില്ല. ഇന്നും, "സ്വാശ്രയം" എന്ന പദം പരിഹസിക്കപ്പെടുന്നു - അത് മഹാത്മാഗാന്ധിയിൽ നിന്നാണ് ഉത്ഭവിച്ചതെങ്കിലും. എല്ലാ പ്രതിരോധ ഇടപാടുകളെയും കോൺഗ്രസ് ലാഭത്തിനായുള്ള അവസരമായി കണ്ടിരുന്നു. ചെറിയ ആയുധങ്ങൾക്ക് പോലും, ഭാരതം അവരുടെ ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നൈറ്റ് വിഷൻ ക്യാമറകളും പോലും ലഭ്യമല്ലാത്ത കാലങ്ങളുണ്ടായിരുന്നു. പട്ടിക നീണ്ടതാണ് - ജീപ്പുകൾ മുതൽ ബൊഫോഴ്‌സ് വരെ ഹെലികോപ്റ്ററുകൾ വരെ - ഓരോ ഇടപാടും അഴിമതികളാൽ നശിപ്പിക്കപ്പെട്ടു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മുടെ സായുധ സേനയ്ക്ക് ആധുനിക ആയുധങ്ങൾക്കായി പതിറ്റാണ്ടുകളായി കാത്തിരിക്കേണ്ടിവന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് - ചരിത്രം ഇതിന് സാക്ഷിയാണ് - പ്രതിരോധ നിർമ്മാണത്തിൽ ഭാരതത്തിന്റെ ശബ്ദം ശക്തമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വാളുകളുടെ യുഗത്തിൽ പോലും, ഇന്ത്യൻ വാളുകൾ മികച്ചതായി കണക്കാക്കപ്പെട്ടിരുന്നു. പ്രതിരോധ ഉപകരണങ്ങളിൽ നമ്മൾ മുന്നിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം, നമ്മുടെ ശക്തമായ പ്രതിരോധ നിർമ്മാണ ആവാസവ്യവസ്ഥ ക്രമാനുഗതമായി പൊളിച്ചുമാറ്റി. ഗവേഷണത്തിനും നിർമ്മാണത്തിനുമുള്ള വഴികൾ മനഃപൂർവ്വം തടഞ്ഞു. നമ്മൾ ആ പാതയിൽ തുടർന്നിരുന്നെങ്കിൽ, 21-ാം നൂറ്റാണ്ടിൽ ഓപ്പറേഷൻ സിന്ദൂർ പോലുള്ള ഒന്ന് ഭാരതത്തിന് സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല. നമ്മൾ നടപടിയെടുക്കേണ്ടതുണ്ടെങ്കിൽ, എവിടെ നിന്ന് ആയുധങ്ങൾ ലഭിക്കും? എവിടെ നിന്ന് വിഭവങ്ങൾ കണ്ടെത്തും? ആയുധങ്ങൾ കൃത്യസമയത്ത് എത്തുമോ? വിതരണം പകുതി വഴിയിൽ നിലയ്ക്കുമോ? ഈ ഉത്കണ്ഠയോടെ ജീവിക്കേണ്ടി വന്ന അവസ്ഥയിലാണ് അവർ രാജ്യം വിട്ടത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കഴിഞ്ഞ ദശകത്തിൽ, മെയ്ക്ക് ഇൻ ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ ഈ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഒരു ദശാബ്ദം മുമ്പ്, ഭാരതത്തിലെ ജനങ്ങൾ ഒരു പ്രതിജ്ഞയെടുത്തു: നമ്മുടെ രാജ്യം ശക്തവും സ്വാശ്രയവും ആധുനികവുമാകുമെന്ന്. പ്രതിരോധത്തിലും സുരക്ഷയിലും പരിഷ്കാരങ്ങൾക്കായി ഒന്നിനുപുറകെ ഒന്നായി കൃത്യമായ നടപടികൾ സ്വീകരിച്ചു. നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കി, ഈ ദശകത്തിൽ സൈന്യത്തിൽ വരുത്തിയ തരത്തിലുള്ള പരിഷ്കാരങ്ങൾ - സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു ഇവ. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ (സിഡിഎസ്) നിയമനം ഒരു പുതിയ ആശയമായിരുന്നില്ല. ലോകമെമ്പാടും വിചാരണകൾ നടന്നുകൊണ്ടിരുന്നു, പക്ഷേ ഇന്ത്യയിൽ ഒരിക്കലും തീരുമാനങ്ങൾ എടുത്തില്ല. ഞങ്ങൾ ആ തീരുമാനമെടുത്തു, ഈ സംവിധാനം സ്വീകരിച്ചതിനും അതിനെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചതിനും ഞങ്ങളുടെ മൂന്ന് സായുധ സേനകളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഇന്നത്തെ ഏറ്റവും വലിയ ശക്തി നമ്മുടെ സേനകളുടെ സംയുക്തതയും സംയോജനവുമാണ്. അത് നാവികസേനയായാലും വ്യോമസേനയായാലും കരസേനയായാലും - ഈ സംയുക്തവും സംയോജനവും നമ്മുടെ ശക്തിയെ ഗണ്യമായി വർദ്ധിപ്പിച്ചു. ഫലങ്ങൾ എല്ലാവർക്കും ദൃശ്യമാണ് - ഞങ്ങൾ ഇത് തെളിയിച്ചിട്ടുണ്ട്. പൊതുമേഖലാ പ്രതിരോധ ഉൽ‌പാദന കമ്പനികളിലും ഞങ്ങൾ പരിഷ്കാരങ്ങൾ നടപ്പാക്കി. തുടക്കത്തിൽ, തീപിടുത്തങ്ങൾ, പ്രതിഷേധങ്ങൾ, പണിമുടക്കുകൾ എന്നിവയ്ക്ക് പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. ഇവ ഇപ്പോഴും പൂർണ്ണമായും നിലച്ചിട്ടില്ല. എന്നാൽ ഈ പ്രതിരോധ വ്യവസായങ്ങളിലെ ആളുകൾ, ദേശീയ താൽപ്പര്യം പരമപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ്, പരിഷ്കാരങ്ങൾ സ്വീകരിച്ചു, ഇപ്പോൾ അവർ വളരെ ഉൽ‌പാദനക്ഷമതയുള്ളവരായി മാറിയിരിക്കുന്നു. മാത്രമല്ല, പ്രതിരോധ മേഖല സ്വകാര്യ മേഖലയ്ക്കും തുറന്നുകൊടുത്തു. ഇന്ന്, ഭാരതത്തിന്റെ സ്വകാര്യ മേഖല മുന്നേറുകയാണ്. പ്രതിരോധ മേഖലയിൽ, ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള 27-30 വയസ്സ് പ്രായമുള്ള നമ്മുടെ യുവാക്കളുടെ നേതൃത്വത്തിലുള്ള നിരവധി സ്റ്റാർട്ടപ്പുകൾ സജീവമായി പ്രവർത്തിക്കുന്നു. പല സന്ദർഭങ്ങളിലും, യുവതികൾ ഈ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. ഇന്ന്, നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നു.

ഡ്രോണുകളുടെ കാര്യമെടുത്താൽ - ഇന്ത്യയിൽ നടക്കുന്ന ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നയിക്കുന്നത് ശരാശരി 30–35 വയസ്സ് പ്രായമുള്ള യുവാക്കളാണെന്ന് ഞാൻ പറയും. നൂറുകണക്കിന് ആളുകൾ ഇതിൽ ഏർപ്പെട്ടിട്ടുണ്ട്, അവരുടെ സംഭാവനകളുടെ ശക്തി ഓപ്പറേഷൻ സിന്ദൂരിൽ വ്യക്തമായി അനുഭവപ്പെട്ടു. അവരുടെ എല്ലാ ശ്രമങ്ങളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു, ഞാൻ അവർക്ക് ഉറപ്പ് നൽകുന്നു: മുന്നോട്ട് പോകുക - രാജ്യം ഇപ്പോൾ നിർത്താൻ പോകുന്നില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ എന്നത് വെറുമൊരു മുദ്രാവാക്യമായിരുന്നില്ല. ഞങ്ങൾ ബജറ്റ് വ്യവസ്ഥകൾ കൊണ്ടുവന്നു, നയങ്ങളിൽ മാറ്റം വരുത്തി, ആവശ്യമുള്ളിടത്തെല്ലാം പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഞങ്ങൾ മുന്നോട്ട് പോയത്, ഇന്ന്, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ ഭാരതം അതിവേഗം മുന്നേറുകയാണ്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കഴിഞ്ഞ ദശകത്തിൽ, പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി. പ്രതിരോധ ഉൽപ്പാദനത്തിൽ ഏകദേശം 250% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ, പ്രതിരോധ കയറ്റുമതി 30 മടങ്ങിലധികം വർദ്ധിച്ചു. ഇന്ന്, നമ്മുടെ പ്രതിരോധ കയറ്റുമതി ലോകമെമ്പാടുമുള്ള ഏകദേശം 100 രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ചരിത്രത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്ന ചില സംഭവങ്ങളുണ്ട്. ഓപ്പറേഷൻ സിന്ദൂർ ആഗോള പ്രതിരോധ വിപണിയിൽ ഭാരതത്തിന്റെ പതാക ഉറപ്പിച്ചു സ്ഥാപിച്ചു. ഇന്ത്യൻ ആയുധങ്ങൾക്കായുള്ള ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആഭ്യന്തര വ്യവസായങ്ങളെയും, പ്രത്യേകിച്ച് എംഎസ്എംഇകളെയും ഉത്തേജിപ്പിക്കും. ഇത് നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകും, കൂടാതെ യുവ ഇന്ത്യക്കാർക്ക് ഇപ്പോൾ സ്വന്തം നൂതനാശയങ്ങളിലൂടെ ലോകത്തിന് മുന്നിൽ തങ്ങളുടെ ശക്തി പ്രദർശിപ്പിക്കാൻ കഴിയും - ഇത് ഇപ്പോൾ ഒരു യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നമ്മൾ സ്വീകരിക്കുന്ന നടപടികൾ ഞാൻ കാണുന്നു, ചില ആളുകൾ ഇപ്പോഴും അസ്വസ്ഥരായി കാണപ്പെടുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു - അവരുടെ നിധി കൊള്ളയടിക്കപ്പെട്ടതുപോലെ. ഇത് എങ്ങനെയുള്ള മാനസികാവസ്ഥയാണ്? രാജ്യം അത്തരം ആളുകളെ തിരിച്ചറിയേണ്ടതുണ്ട്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഞാൻ ഇത് പൂർണ്ണമായും വ്യക്തമാക്കട്ടെ - പ്രതിരോധത്തിൽ ഭാരതം സ്വയംപര്യാപ്തമാകുന്നത് നമുക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും നിർണായകമാണ്, പ്രത്യേകിച്ച് ആയുധമത്സരത്തിന്റെ ഈ കാലഘട്ടത്തിൽ. ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട് - ഭാരതം ബുദ്ധന്റെ നാടാണ്, യുദ്ധത്തിന്റെയല്ല. നാം സമൃദ്ധിയും സമാധാനവും ആഗ്രഹിക്കുന്നു, പക്ഷേ നാം ഒരിക്കലും മറക്കരുത് - സമൃദ്ധിയിലേക്കും സമാധാനത്തിലേക്കുമുള്ള പാത ശക്തിയിലൂടെയാണ് കടന്നുപോകുന്നത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മുടെ ഭാരതം ഛത്രപതി ശിവാജി മഹാരാജ്, മഹാരാജ രഞ്ജിത് സിംഗ്, രാജേന്ദ്ര ചോള, മഹാറാണ പ്രതാപ്, ലച്ചിത് ബോർഫുകാൻ, മഹാരാജ സുഹെൽദേവ് എന്നിവരുടെ നാടാണ്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

വികസനത്തിനും സമാധാനത്തിനും വേണ്ടി, ഞങ്ങൾ തന്ത്രപരമായ കഴിവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

ദേശീയ സുരക്ഷയെക്കുറിച്ച് കോൺഗ്രസിന് ഒരിക്കലും ഒരു ദർശനം ഉണ്ടായിരുന്നില്ല - മുമ്പും, തീർച്ചയായി ഇപ്പോഴും. കോൺഗ്രസ് എല്ലായ്പ്പോഴും ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഇന്ന്, ചിലർ ചോദിക്കുന്നത് എന്തുകൊണ്ടാണ് പാക് അധിനിവേശ കശ്മീർ (പാകിസ്ഥാൻ അധിനിവേശ കശ്മീർ) തിരികെ എടുക്കാത്തത് എന്നാണ്. ശരി, ആ ചോദ്യം മറ്റാരോടും ചോദിക്കാവില്ല, എന്നോട് മാത്രമേ ചോദിക്കാൻ കഴിയൂ. പക്ഷേ അത് ചോദിക്കുന്നതിന് മുമ്പ്, ആ ആളുകൾ ഉത്തരം നൽകണം - ആരുടെ ​ഗവൺമെന്റാണ് പാകിസ്ഥാനെ പാക് അധിനിവേശ കശ്മീർ കൈവശപ്പെടുത്താൻ ആദ്യം അനുവദിച്ചത്? ഉത്തരം വ്യക്തമാണ്. നെഹ്‌റു ജിയെക്കുറിച്ച് ഞാൻ പരാമർശിക്കുമ്പോഴെല്ലാം, കോൺഗ്രസും അതിന്റെ മുഴുവൻ ആവാസവ്യവസ്ഥയും അസ്വസ്ഥരാകുന്നു - എന്തുകൊണ്ടെന്ന് എനിക്കറിയില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഞാൻ കേട്ട ഒരു ഈരടിയുണ്ട് - ഞാൻ വൈദഗ്ദ്ധ്യം അവകാശപ്പെടുന്നില്ലെങ്കിലും - അത് ഇങ്ങനെയാണ്: "ലംഹോൻ നെ ഖതാ കി, സാദിയോൻ നെ സസാ പായ്." ("ഒരു നിമിഷത്തെ തെറ്റ് നൂറ്റാണ്ടുകളെ ശിക്ഷയിലേക്ക് നയിച്ചു.") സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ എടുത്ത തീരുമാനങ്ങൾ - രാജ്യം ഇപ്പോഴും അവയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നു. ഇത് പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്, ഞാൻ അത് വീണ്ടും ആവർത്തിക്കും: അക്സായി ചിൻ, ആ മുഴുവൻ പ്രദേശവും തരിശുഭൂമിയായി പ്രഖ്യാപിച്ചു. അതുകൊണ്ടാണ് നമുക്ക് 38,000 ചതുരശ്ര കിലോമീറ്റർ ഭൂമി നഷ്ടപ്പെട്ടത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

എന്റെ ചില പ്രസ്താവനകൾ വേദനാജനകമായേക്കാമെന്ന് എനിക്കറിയാം. എന്നാൽ 1962 നും 1963 നും ഇടയിൽ, കോൺഗ്രസ് നേതാക്കൾ പൂഞ്ച്, ഉറി, നീലം വാലി, കിഷൻഗംഗ - ഇന്ത്യൻ പ്രദേശങ്ങൾ - കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

അതെല്ലാം സമാധാന രേഖയുടെ പേരിലായിരുന്നു. 1966-ൽ, റാൻ ഓഫ് കച്ച് സംഘർഷത്തിനിടെ, അവർ വിദേശ മധ്യസ്ഥത സ്വീകരിച്ചു. അതായിരുന്നു അവരുടെ "ദേശീയ സുരക്ഷാ ദർശനം". തൽഫലമായി, ഭാരതത്തിന് ഏകദേശം 800 ചതുരശ്ര കിലോമീറ്റർ ഭൂമി പാകിസ്ഥാന് വിട്ടുകൊടുക്കേണ്ടിവന്നു. 1965-ലെ യുദ്ധത്തിൽ, നമ്മുടെ സൈന്യം ഹാജി പിർ പാസ് തിരിച്ചുപിടിച്ചു - പക്ഷേ കോൺഗ്രസ് അത് തിരികെ നൽകി. 1971-ൽ, നമ്മുടെ കസ്റ്റഡിയിൽ 93,000 പാകിസ്ഥാൻ സൈനികരും, ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പാകിസ്ഥാൻ ഭൂമിയും നമ്മുടെ നിയന്ത്രണത്തിലായിരുന്നു. നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു. നമ്മൾ വിജയത്തിന്റെ സ്ഥാനത്തായിരുന്നു. കുറച്ചുകൂടി ജ്ഞാനമോ ഇച്ഛാശക്തിയോ ഉണ്ടായിരുന്നെങ്കിൽ, നമുക്ക് പാക് അധിനിവേശ കശ്മീരിനെ തിരിച്ചുപിടിക്കാമായിരുന്നു. അതായിരുന്നു ആ നിമിഷം - അത് പാഴായിപ്പോയി. മാത്രമല്ല, ചർച്ചാ മേശയിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും, അവർക്ക് കർതാർപൂർ സാഹിബ് പോലും തിരികെ ലഭിക്കാൻ കഴിഞ്ഞില്ല! 1974 ൽ ഭാരതം കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് സമ്മാനമായി നൽകി. ഇന്നും നമ്മുടെ മത്സ്യത്തൊഴിലാളികൾ അതിന്റെ പേരിൽ കഷ്ടപ്പെടുന്നു. അവരുടെ ജീവൻ അപകടത്തിലാണ്. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുത്ത് ഭൂമി വിട്ടുകൊടുത്ത എന്ത് കുറ്റകൃത്യമാണ് നിങ്ങൾ ചെയ്തത്? പതിറ്റാണ്ടുകളായി, സിയാച്ചിനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുക എന്ന ആശയം കോൺഗ്രസ് കളിക്കുകയായിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

2014 ൽ രാജ്യം അവർക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ, സിയാച്ചിൻ ഇന്ന് നമ്മോടൊപ്പമുണ്ടാകില്ലായിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇപ്പോൾ, അതേ കോൺഗ്രസ് ആളുകൾ നയതന്ത്രത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അവരുടെ സ്വന്തം നയതന്ത്രത്തെക്കുറിച്ച് ഞാൻ അവരെ ഓർമ്മിപ്പിക്കട്ടെ. 26/11 ലെ ഭീകരമായ മുംബൈ ആക്രമണത്തിനുശേഷം, ഇത്രയും വലിയ ഒരു ഭീകരാക്രമണം പോലും പാകിസ്ഥാനോടുള്ള അവരുടെ സ്നേഹം അവസാനിപ്പിച്ചില്ല. ആക്രമണങ്ങൾക്ക് ഏതാനും ആഴ്ചകൾക്കുശേഷം, വിദേശ സമ്മർദ്ദത്തെത്തുടർന്ന്, കോൺഗ്രസ് ​ഗവൺമെന്റ് പാകിസ്ഥാനുമായുള്ള സംഭാഷണം പുനരാരംഭിച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

26/11 ഭീകരാക്രമണം ഉണ്ടായിട്ടും, കോൺഗ്രസ് ​ഗവൺമെന്റ് ഒരു പാകിസ്ഥാൻ നയതന്ത്രജ്ഞനെ പോലും പുറത്താക്കിയില്ല. അത് മറക്കുക - അവർക്ക് ഒരു വിസ പോലും റദ്ദാക്കാൻ കഴിഞ്ഞില്ല. പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണങ്ങൾ തുടർന്നപ്പോഴും, യു പി എ സർക്കാർ പാകിസ്ഥാനെ "ഏറ്റവും അനുകൂല രാഷ്ട്രം" ആയി നിയമിച്ചു. അവർ ഒരിക്കലും ആ പദവി പിൻവലിച്ചില്ല. ഒരു വശത്ത്, രാജ്യം മുംബൈയ്ക്ക് നീതി ആവശ്യപ്പെട്ടു, മറുവശത്ത്, കോൺഗ്രസ് പാകിസ്ഥാനുമായുള്ള വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാകിസ്ഥാൻ നമ്മുടെ മണ്ണിൽ രക്തം ചൊരിയാൻ തീവ്രവാദികളെ അയച്ചുകൊണ്ടിരുന്നപ്പോൾ, കോൺഗ്രസ് സൗഹൃദം പ്രതീക്ഷിച്ച് "സമാധാന കവിതാ സമ്മേളനങ്ങൾ" - മുഷൈറകൾ - നടത്തുന്ന തിരക്കിലായിരുന്നു. ഭീകരതയുടെ ആ വൺവേ ട്രാഫിക് ഞങ്ങൾ അവസാനിപ്പിച്ചു, സമാധാന ശ്രമങ്ങൾ തെറ്റായി നടത്തി. ഞങ്ങൾ പാകിസ്ഥാന്റെ എംഎഫ്എൻ പദവി റദ്ദാക്കി, വിസകൾ റദ്ദാക്കി, അട്ടാരി-വാഗ അതിർത്തി അടച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഭാരതത്തിന്റെ താൽപ്പര്യങ്ങൾ പണയം വയ്ക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ വളരെക്കാലമായി ഒരു ശീലമാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിന്ധു ജല ഉടമ്പടി. സിന്ധു ജല ഉടമ്പടിയിൽ ആരാണ് ഒപ്പുവച്ചത്? അത് നെഹ്‌റു ജി ആയിരുന്നു. പിന്നെ എന്തിനെക്കുറിച്ചായിരുന്നു പ്രശ്നം? ഭാരതത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളെക്കുറിച്ചായിരുന്നു അത്, നമ്മുടെ സ്വന്തം നദികളിൽ നിന്നുള്ള വെള്ളം. ആയിരക്കണക്കിന് വർഷങ്ങളായി ഈ നദികൾ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്. അവർ ഭാരതത്തിന്റെ ജീവശക്തിയാണ്, ഭാരതത്തെ സമ്പന്നവും ഫലഭൂയിഷ്ഠവുമാക്കുന്നതിൽ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സ്വത്വമായിരുന്ന സിന്ധു നദി - ഭാരതം അങ്ങനെ അറിയപ്പെട്ടു - എന്നാൽ നെഹ്‌റു ജിയും കോൺഗ്രസും സിന്ധു, ഝലം നദികളെക്കുറിച്ചുള്ള തർക്കം ആർക്കാണ് കൈമാറിയത്? ലോക ബാങ്കിന്. എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ അവർ ലോക ബാങ്കിനോട് ആവശ്യപ്പെട്ടു - നമ്മുടേതായ നദികൾ, നമ്മുടേതായ വെള്ളം. സിന്ധു ജല ഉടമ്പടി ഭാരതത്തിന്റെ സ്വത്വത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള പ്രത്യക്ഷവും ഗുരുതരവുമായ വഞ്ചനയായിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇന്നത്തെ യുവാക്കൾ ഇത് കേൾക്കുമ്പോൾ, നമ്മുടെ രാജ്യം ഭരിക്കാൻ അത്തരം ആളുകളാണ് ഉത്തരവാദികളെന്ന് അവർ ഞെട്ടിപ്പോകും. നെഹ്‌റു ജി നയതന്ത്രപരമായി മറ്റെന്താണ് ചെയ്തത്? ഭാരതത്തിൽ നിന്ന് ഒഴുകിയെത്തിയ നദികൾ - ആ വെള്ളത്തിന്റെ 80% പാകിസ്ഥാന് നൽകാൻ അദ്ദേഹം സമ്മതിച്ചു. ഈ വിശാലമായ ഭാരതരാജ്യത്തിന് 20% വെള്ളം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ആരെങ്കിലും ദയവായി എനിക്ക് വിശദീകരിക്കൂ - ഇത് എന്ത് തരത്തിലുള്ള അറിവായിരുന്നു? എന്ത് ദേശീയ താൽപ്പര്യമാണ് നിറവേറ്റിയത്? ഇത് ഏത് തരത്തിലുള്ള നയതന്ത്രമായിരുന്നു? അവർ രാജ്യം വിട്ടത് ഏത് അവസ്ഥയിലാണ്? ഇത്രയും വലിയ ജനസംഖ്യയുള്ള, നമ്മുടെ സ്വന്തം നാട്ടിൽ നിന്ന് ഉത്ഭവിക്കുന്ന നദികളുള്ള - നമുക്ക് 20% വെള്ളം മാത്രം ഉള്ള ഒരു രാജ്യം? ഭാരതത്തെ ശത്രുവായി പരസ്യമായി പ്രഖ്യാപിക്കുകയും ഭാരതത്തെ ശത്രുവായി ആവർത്തിച്ച് വിളിക്കുകയും ചെയ്യുന്ന രാജ്യത്തിന് 80% വെള്ളവും നൽകി. ആ വെള്ളത്തിന്മേൽ ആർക്കാണ് അവകാശം? നമ്മുടെ രാജ്യത്തെ കർഷകർ, നമ്മുടെ പൗരന്മാർ - നമ്മുടെ പഞ്ചാബ്, നമ്മുടെ ജമ്മു കശ്മീർ. ഈ ഒരു തീരുമാനം കാരണം രാജ്യത്തിന്റെ വലിയൊരു ഭാഗം ജലപ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെട്ടു. സംസ്ഥാനങ്ങൾക്കുള്ളിൽ പോലും, അത് വെള്ളത്തിനായുള്ള സംഘർഷങ്ങൾക്കും മത്സരത്തിനും കാരണമായി. നമുക്ക് അവകാശപ്പെട്ട ഒന്നിന്റെ ഗുണങ്ങൾ പാകിസ്ഥാൻ ആസ്വദിച്ചുകൊണ്ടിരുന്നു. ഈ ആളുകൾ ലോകത്തിന് നയതന്ത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ടിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഈ കരാർ ഒപ്പുവെച്ചില്ലായിരുന്നുവെങ്കിൽ, പടിഞ്ഞാറൻ നദികളിൽ നിരവധി വലിയ പദ്ധതികൾ വികസിപ്പിക്കാമായിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ കർഷകർക്ക് ധാരാളം വെള്ളം ലഭിക്കുമായിരുന്നു. കുടിവെള്ളം ലഭ്യമാകുന്നതിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. വ്യാവസായിക വികസനത്തിനായി ഭാരതത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. മാത്രമല്ല, പാകിസ്ഥാന് കനാലുകൾ നിർമ്മിക്കാൻ വേണ്ടി നെഹ്‌റുജി പിന്നീട് കോടിക്കണക്കിന് രൂപ പോലും നൽകി.

ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,

ഇതിലും ഞെട്ടിപ്പിക്കുന്ന കാര്യം - രാജ്യത്തെ അത്ഭുതപ്പെടുത്തുന്നതും - ഇവ മറച്ചുവെച്ചതും അടിച്ചമർത്തപ്പെട്ടതുമാണ്. ഒരു അണക്കെട്ട് നിർമ്മിക്കുമ്പോഴെല്ലാം, അത് വൃത്തിയാക്കുന്നതിന് ഒരു അന്തർനിർമ്മിത സംവിധാനം ഉണ്ട് - സിൽറ്റ്, കളകൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതിനാൽ അണക്കെട്ടിന്റെ ശേഷി കുറയുന്നു. അതിനാൽ ഒരു സിൽറ്റ് നീക്കം ചെയ്യൽ സംവിധാനം സാധാരണയായി സംയോജിപ്പിക്കപ്പെടുന്നു. എന്നാൽ പാകിസ്ഥാന്റെ നിർബന്ധപ്രകാരം നെഹ്‌റുജി അണക്കെട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്യാൻ കഴിയില്ല എന്ന വ്യവസ്ഥ അംഗീകരിച്ചു. സിൽറ്റ് നീക്കം ചെയ്യാൻ അനുവാദമില്ലായിരുന്നു. അണക്കെട്ട് നമ്മുടെ ഭൂമിയിലാണ്, വെള്ളം നമ്മുടേതാണ്, പക്ഷേ തീരുമാനം പാകിസ്ഥാനിലാണ്. സിൽറ്റ് നീക്കം ചെയ്യാൻ അനുവാദമില്ലെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? അതുമാത്രമല്ല - ഞാൻ ഇത് വിശദമായി പഠിച്ചപ്പോൾ, ഒരു അണക്കെട്ടിൽ, ചെളി നീക്കം ചെയ്യാനായി ഉപയോഗിക്കേണ്ട ഗേറ്റ് യഥാർത്ഥത്തിൽ വെൽഡ് ചെയ്തിരിക്കുന്നതായി ഞാൻ കണ്ടെത്തി, അതിനാൽ ആർക്കും അബദ്ധവശാൽ പോലും അത് തുറന്ന് ചെളി നീക്കം ചെയ്യാൻ കഴിയില്ല. പാകിസ്ഥാന്റെ അനുമതിയില്ലാതെ ഭാരതം അതിന്റെ അണക്കെട്ടുകൾ വൃത്തിയാക്കില്ല എന്ന് പാകിസ്ഥാന് നെഹ്‌റുജി എഴുതിക്കൊടുത്തു. ഈ കരാർ രാജ്യത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായിരുന്നു, ഒടുവിൽ, നെഹ്‌റുജിക്ക് തന്നെ ഈ തെറ്റ് സമ്മതിക്കേണ്ടി വന്നു. നിരഞ്ജൻ ദാസ് ഗുലാത്തി എന്ന മാന്യൻ ഈ കരാറിൽ ഉൾപ്പെട്ടിരുന്നു. 1961 ഫെബ്രുവരിയിൽ നെഹ്‌റു തന്നോട് പറഞ്ഞതായി അദ്ദേഹം ഒരു പുസ്തകം എഴുതി, "ഗുലാത്തി, ഈ കരാർ മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വഴി തുറക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നമ്മൾ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്" അദ്ദേഹം പരാമർശിച്ചു. നെഹ്‌റുജി പറഞ്ഞത് ഇതാണ്. നെഹ്‌റുജിക്ക് ഉടനടിയുള്ള ഫലം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടാണ് നമ്മൾ എവിടെയായിരുന്നോ അവിടെ തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ സത്യം, ഈ കരാർ കാരണം, രാഷ്ട്രം ഗണ്യമായി പിന്നോട്ട് പോയി. രാജ്യത്തിന് വലിയ നഷ്ടം സംഭവിച്ചു, നമ്മുടെ കർഷകർക്ക് കേടുപാടുകൾ സംഭവിച്ചു, നമ്മുടെ കൃഷിക്ക് കേടുപാടുകൾ സംഭവിച്ചു. കർഷകന് ഒരു സ്ഥാനവും പ്രാധാന്യവുമില്ലാത്ത നയതന്ത്രം നെഹ്‌റുജിക്ക് മാത്രമേ മനസ്സിലായുള്ളൂ. ഇതാണ് അദ്ദേഹം നമ്മെ ഏൽപ്പിച്ച നിബന്ധന.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

പാക്കിസ്ഥാൻ പതിറ്റാണ്ടുകളായി ഭാരതത്തിനെതിരെ യുദ്ധവും നിഴൽ യുദ്ധവും തുടർന്നു. എന്നാൽ അതിനുശേഷം പോലും, കോൺഗ്രസ് സർക്കാരുകൾ സിന്ധു നദീജല കരാർ പുനഃപരിശോധിക്കുകയോ നെഹ്‌റു ജി ചെയ്ത ഗുരുതരമായ തെറ്റ് തിരുത്തുകയോ ചെയ്തില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

എന്നാൽ ഇപ്പോൾ, ഭാരതം ആ പഴയ തെറ്റ് തിരുത്തി ഉറച്ച തീരുമാനമെടുത്തു. നെഹ്‌റു ജി ചെയ്ത വൻ മണ്ടത്തരം - സിന്ധു നദീജല കരാർ - ദേശീയ താൽപ്പര്യത്തിനും നമ്മുടെ കർഷകരുടെ താൽപ്പര്യത്തിനും വേണ്ടി നിർത്തിവച്ചിരിക്കുന്നു. രാജ്യത്തിന്റെ ക്ഷേമത്തിന് വിരുദ്ധമായ ഈ കരാർ ഇന്നത്തെ രൂപത്തിൽ തുടരാനാവില്ല. രക്തത്തിനും വെള്ളത്തിനും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് ഭാരതം വ്യക്തമാക്കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട  സ്പീക്കർ സർ,

ഇവിടെ ഇരിക്കുന്ന അംഗങ്ങൾ തീവ്രവാദത്തെക്കുറിച്ച് ദീർഘനേരം സംസാരിക്കുന്നു. എന്നാൽ അവർ അധികാരത്തിലിരുന്നപ്പോൾ, ഭരിക്കാൻ അവസരം ലഭിച്ചപ്പോൾ, രാജ്യത്തിന്റെ അവസ്ഥ - അത് എന്തായിരുന്നു - ഇന്നും ജനങ്ങൾ മറന്നിട്ടില്ല. 2014 ന് മുമ്പ് രാജ്യത്ത് നിലനിന്നിരുന്ന അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം - ആളുകൾ ഇപ്പോൾ അത് ഓർക്കുന്നുണ്ടെങ്കിൽ പോലും, അവർ ഇപ്പോഴും വിറയ്ക്കുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമുക്കെല്ലാവർക്കും അത് ഓർമ്മയുണ്ട് - യുവതലമുറയ്ക്ക് അറിയില്ലായിരിക്കാം - പക്ഷേ ഞങ്ങൾ അത് നന്നായി ഓർക്കുന്നു. എല്ലായിടത്തും അറിയിപ്പുകൾ ഉണ്ടായിരുന്നു: നിങ്ങൾ ഒരു റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം, മാർക്കറ്റ്, ക്ഷേത്രം, അല്ലെങ്കിൽ ഏതെങ്കിലും തിരക്കേറിയ സ്ഥലത്ത് പോയാലും, പ്രഖ്യാപനം ഒന്നുതന്നെയായിരിക്കും - "നിങ്ങൾ ശ്രദ്ധിക്കപ്പെടാത്ത ഒരു വസ്തു കണ്ടാൽ, അത് തൊടരുത്, ഉടൻ പോലീസിനെ അറിയിക്കുക. അത് ഒരു ബോംബായിരിക്കാം." 2014 വരെ ഞങ്ങൾ കേട്ടുകൊണ്ടിരുന്ന കാര്യമാണിത്. രാജ്യത്തിന്റെ അവസ്ഥ ഇതായിരുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലും, ഓരോ ഘട്ടത്തിലും ബോംബുകൾ സ്ഥാപിച്ചിരിക്കുന്നതുപോലെ തോന്നി, പൗരന്മാർ സ്വയം സംരക്ഷിക്കേണ്ട ബാധ്യത ഉണ്ടായിരുന്നു. അധികാരികൾ കൈകൾ ഉയർത്തി, പൊതു പ്രഖ്യാപനങ്ങളിലൂടെ അത് പ്രഖ്യാപിച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കോൺഗ്രസിന്റെ ദുർബലമായ ​ഗവൺമെന്റുകൾ കാരണം, രാജ്യത്തിന് നിരവധി ജീവൻ നഷ്ടപ്പെടേണ്ടിവന്നു. നമുക്ക് നമ്മുടെ സ്വന്തം ആളുകളെ നഷ്ടപ്പെടേണ്ടിവന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഭീകരത നിയന്ത്രിക്കാമായിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടയിൽ നമ്മുടെ ​ഗവൺമെന്റ് ഇത് തെളിയിച്ചിട്ടുണ്ട് - ശക്തമായ തെളിവുകളുണ്ട്. 2004 നും 2014 നും ഇടയിൽ നടന്നിരുന്ന ഭീകരാക്രമണങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതുകൊണ്ടാണ് രാഷ്ട്രം അറിയാൻ ആഗ്രഹിക്കുന്നത്: നമ്മുടെ ​ഗവൺമെന്റിന് ഭീകരതയെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, പരിശോധനക്ക് വിധേയമാകാതെ ഭീകരതയെ വളരാൻ അനുവദിക്കാൻ കോൺഗ്രസ് ​ഗവൺമെന്റുകൾക്ക് എന്ത് നിർബന്ധമാണ് ഉണ്ടായിരുന്നത്?

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കോൺഗ്രസ് ഭരണത്തിൻ കീഴിൽ ഭീകരത തഴച്ചുവളർന്നെങ്കിൽ, ഒരു പ്രധാന കാരണം അവരുടെ പ്രീണന രാഷ്ട്രീയമായിരുന്നു, അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയമായിരുന്നു. ഡൽഹിയിൽ ബട്‌ല ഹൗസ് ഏറ്റുമുട്ടൽ നടന്നപ്പോൾ, ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ കണ്ണുകളിൽ കണ്ണുനീർ വന്നു - കാരണം തീവ്രവാദികൾ കൊല്ലപ്പെട്ടു. വോട്ടുകൾ നേടുന്നതിനായി ഈ സന്ദേശം രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രചരിച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

2001-ൽ, രാജ്യത്തെ പാർലമെന്റിനു നേരെ ആക്രമണം നടന്നപ്പോൾ, ഒരു മുതിർന്ന കോൺഗ്രസ് നേതാവ് അഫ്സൽ ഗുരുവിന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

26/11 മുംബൈ ഭീകരാക്രമണം നടന്നു. ഒരു പാകിസ്ഥാൻ ഭീകരനെ ജീവനോടെ പിടികൂടി. പാകിസ്ഥാന്റെ സ്വന്തം മാധ്യമങ്ങളും, ലോകവും പോലും, അയാൾ യഥാർത്ഥത്തിൽ പാകിസ്ഥാനിയാണെന്ന് അംഗീകരിച്ചു. എന്നാൽ പാകിസ്ഥാന്റെ ഇത്രയും ഗുരുതരമായ ഭീകരപ്രവർത്തനത്തിന് മറുപടിയായി കോൺഗ്രസ് പാർട്ടി എന്താണ് ചെയ്തത്? വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി അവർ എന്ത് കളികളാണ് കളിക്കുന്നത്? പാകിസ്ഥാനെ ഉത്തരവാദിത്തപ്പെടുത്തുന്നതിനുപകരം, കോൺഗ്രസ് പാർട്ടി അതിനെ "കാവി ഭീകരത" എന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. ഹിന്ദു ഭീകരതയുടെ സിദ്ധാന്തം ലോകത്തിന് വിൽക്കുന്നതിൽ കോൺഗ്രസ് ഏർപ്പെട്ടിരുന്നു. ഒരു കോൺഗ്രസ് നേതാവ് ഒരു ഉന്നത അമേരിക്കൻ നയതന്ത്രജ്ഞനോട് പോലും ഭാരതത്തിലെ ഹിന്ദു ഗ്രൂപ്പുകൾ ലഷ്കർ-ഇ-തൊയ്ബയേക്കാൾ വലിയ ഭീഷണിയാണെന്ന് പറഞ്ഞു. വാസ്തവത്തിൽ ഇത് പറഞ്ഞതാണ്. പ്രീണനത്തിനായി, ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ ഭാരതത്തിന്റെ ഭരണഘടന ജമ്മു-കാശ്മീരിൽ പൂർണ്ണമായും നടപ്പിലാക്കുന്നത് കോൺഗ്രസ് തടഞ്ഞു. അവർ അത് പുറത്തു നിർത്തി. പ്രീണനത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പേരിൽ കോൺഗ്രസ് ദേശീയ സുരക്ഷയെ ആവർത്തിച്ച് ബലിയർപ്പിച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഭീകരതയുമായി ബന്ധപ്പെട്ട നിയമങ്ങൾ കോൺഗ്രസ് ദുർബലപ്പെടുത്തിയത് പ്രീണനത്തിനുവേണ്ടിയാണ്. ഇന്ന് സഭയ്ക്ക് മുമ്പാകെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ഇതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചിട്ടുണ്ട്, അതിനാൽ ഞാൻ അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഈ സമ്മേളനത്തിന്റെ തുടക്കത്തിൽ, പാർട്ടി താൽപ്പര്യങ്ങളിൽ നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണെങ്കിലും, ദേശീയ താൽപ്പര്യത്തിന്റെ കാര്യത്തിൽ നമ്മുടെ മനസ്സുകൾ ഒന്നിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പറയുകയും ചെയ്തിരുന്നു. പഹൽഗാമിലെ ഭയാനകമായ ദുരന്തം ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിച്ചു; അത് മുഴുവൻ രാജ്യത്തെയും പിടിച്ചുകുലുക്കി. പ്രതികരണമായി, ഞങ്ങൾ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു, സ്വാശ്രയ പ്രചാരണത്തോടൊപ്പം നമ്മുടെ സേനയുടെ ധൈര്യവും രാജ്യമെമ്പാടും ഒരു "സിന്ദൂർ സ്പിരിറ്റ്" സൃഷ്ടിച്ചു. ഭാരതത്തെ പ്രതിനിധീകരിക്കാൻ നമ്മുടെ പ്രതിനിധികൾ ലോകമെമ്പാടും പോയപ്പോൾ ഈ സിന്ദൂർ സ്പിരിറ്റ് ഞങ്ങൾ വീണ്ടും കണ്ടു. ആ സഹപ്രവർത്തകരെയെല്ലാം ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഭാരതത്തിന്റെ നിലപാട് ശക്തവും ക്ഷമാപണത്തിന് ഇടയില്ലാത്തതുമായ രീതിയിൽ നിങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. പക്ഷേ, ഭാരതത്തിന്റെ നിലപാട് ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ടതിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായി സ്വയം കരുതുന്ന ചിലർ അസ്വസ്ഥരാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സങ്കടവും - അതിശയവും തോന്നുന്നു. ചില നേതാക്കളെ സഭയിൽ സംസാരിക്കുന്നതിൽ നിന്ന് പോലും വിലക്കിയിട്ടുണ്ടെന്ന് തോന്നുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരേണ്ട സമയമായി. കുറച്ച് വരികൾ എൻ്റെ മനസ്സിലേക്ക് വരുന്നു, അവയിലൂടെ എൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:

करो चर्चा और इतनी करो, करो चर्चा और इतनी करो,

की दुश्मन दहशत से दहल उठे, दुश्मन दहशत से दहल उठे, 

रहे ध्यान बस इतना ही, रहे ध्यान बस इतना ही, 

मान सिंदूर और सेना का प्रश्नों में भी अटल रहे। 

हमला मां भारती पर हुआ अगर, तो प्रचंड प्रहार करना होगा, 

दुश्मन जहां भी बैठा हो, हमें भारत के लिए ही जीना होगा।

(സംവദിക്കൂ—ധാരാളം സംവദിക്കൂ,

ശത്രു ഭയത്താൽ വിറയ്ക്കുന്നതിനാൽ,

ഒരേയൊരു ചിന്ത മനസ്സിൽ സൂക്ഷിക്കുക—

സിന്ദൂരത്തിന്റെ ബഹുമാനവും നമ്മുടെ സൈന്യത്തിന്റെ വീര്യവും ചോദ്യങ്ങളിൽ പോലും അചഞ്ചലമായി തുടരണം.

ഭാരതമാതാവ് ആക്രമിക്കപ്പെട്ടാൽ, ശക്തമായ തിരിച്ചടി നേരിടേണ്ടിവരും,

ശത്രു എവിടെ ഒളിച്ചാലും നമ്മൾ ഭാരതത്തിനുവേണ്ടി മാത്രം ജീവിക്കണം.)

എന്റെ കോൺഗ്രസ് സഹപ്രവർത്തകരോട് ഞാൻ അഭ്യർത്ഥിക്കുന്നു: ഒരു കുടുംബത്തിന്റെ സമ്മർദ്ദത്തിന് കീഴിൽ പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നത് നിർത്തുക. ഭാരതത്തിന്റെ ഈ വിജയ നിമിഷത്തെ ദേശീയ പരിഹാസത്തിന്റെ നിമിഷമാക്കി മാറ്റരുത്. കോൺഗ്രസ് തങ്ങളുടെ തെറ്റുകൾ തിരുത്തണം. ഇന്ന്, ഈ സഭയിൽ ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു: ഭാരതം ഇപ്പോൾ തീവ്രവാദികളെ അവരുടെ നഴ്സറികളിൽ നിന്ന് ഇല്ലാതാക്കും. പാകിസ്ഥാന് ഭാരതത്തിന്റെ ഭാവി വെച്ച് കളിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല - അത് തുടരുന്നു. ഇത് പാകിസ്ഥാനുള്ള ഒരു അറിയിപ്പ് കൂടിയാണ്: ഭാരതത്തിനെതിരായ ഭീകരതയുടെ പാത അവർ നിർത്തുന്നതുവരെ, ഭാരതം നിർണായക നടപടി സ്വീകരിച്ചുകൊണ്ടിരിക്കും. ഭാരതത്തിന്റെ ഭാവി സുരക്ഷിതവും സമൃദ്ധവുമായിരിക്കും - ഇതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ഈ മനോഭാവത്തോടെ, അർത്ഥവത്തായ ഒരു ചർച്ചയ്ക്ക് എല്ലാ അംഗങ്ങൾക്കും ഞാൻ വീണ്ടും നന്ദി പറയുന്നു. ബഹുമാനപ്പെട്ട സ്പീക്കർ സർ, ഞാൻ ഭാരതത്തിന്റെ നിലപാട് അവതരിപ്പിച്ചു, ഭാരതത്തിലെ ജനങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ചു. ഈ സഭയ്ക്ക് ഞാൻ വീണ്ടും എന്റെ നന്ദി അറിയിക്കുന്നു.

വളരെ നന്ദി.

**** 

SK


(Release ID: 2160452) Visitor Counter : 5