പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു

വികസ്വര ഇന്ത്യയുടെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന വളർച്ചാമാതൃകയായി ഡൽഹിയെ ഞങ്ങൾ പരിവർത്തനം ​ചെയ്യുന്നു: പ്രധാനമന്ത്രി

ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനാണു ഞങ്ങളുടെ നിരന്തരമായ ശ്രമം; ഓരോ നയത്തെയും തീരുമാനത്തെയും നയിക്കുന്നത് ഈ ലക്ഷ്യമാണ്: പ്രധാനമന്ത്രി

പരിഷ്കരണം എന്നാൽ നാമർഥമാക്കുന്നതു മികച്ച ഭരണത്തിന്റെ വികാസം എന്നാണ്: പ്രധാനമന്ത്രി

അടുത്ത തലമുറ GST പരിഷ്കാരങ്ങൾ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ഇരട്ടിനേട്ടങ്ങൾ നൽകും: പ്രധാനമന്ത്രി

ഇന്ത്യയെ കൂടുതൽ ശക്തമാക്കാൻ, ചക്രധാരി മോഹനിൽ(ശ്രീ കൃഷ്ണനിൽ)നിന്നു പ്രചോദനം ഉൾക്കൊള്ളണം; ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ, ചർക്കധാരി മോഹന്റെ (മഹാത്മാഗാന്ധിയുടെ) പാത പിന്തുടരണം: പ്രധാനമന്ത്രി

നമുക്കു തദ്ദേശീയതയ്ക്കായി ശബ്ദമുയർത്താം, ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങളിൽ വിശ്വസിക്കാം; അവ വാങ്ങാം: പ്രധാനമന്ത്രി

Posted On: 17 AUG 2025 3:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.

ഓഗസ്റ്റ് മാസം സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയും നിറങ്ങളാൽ നിറഞ്ഞിരിക്കുന്നുവെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ‘ആസാദീ കാ മഹോത്സവ്’ ആഘോഷങ്ങൾക്കിടയിൽ, ദേശീയ തലസ്ഥാനമായ ഡൽഹി ഇന്നു വികസനവിപ്ലവത്തിനു സാക്ഷ്യം വഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ദ്വാരക അതിവേഗപാതയിലൂടെയും അർബൻ എക്സ്റ്റൻഷൻ റോഡിലൂടെയും ഡൽഹിക്കു മെച്ചപ്പെട്ട സമ്പർക്കസൗകര്യം കൈവന്നതായും ഇതു ഡൽഹി, ഗുരുഗ്രാം, മുഴുവൻ NCR മേഖല എന്നിവിടങ്ങളിലെ ജനങ്ങളുടെ സൗകര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓഫീസുകളിലേക്കും ഫാക്ടറികളിലേക്കും യാത്ര ചെയ്യുന്നത് എളുപ്പമാകുമെന്നും എല്ലാവർക്കും സമയം ലാഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികൾക്കും സംരംഭകർക്കും കർഷകർക്കും ഈ സമ്പർക്കസൗകര്യങ്ങളിൽനിന്നു വലിയ നേട്ടമുണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ആധുനിക റോഡ് അടിസ്ഥാനസൗകര്യ വികസനങ്ങൾക്കു ഡൽഹി-NCRലെ എല്ലാ നിവാസികൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

2025 ഓഗസ്റ്റ് 15-നു ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, സ്വയംപര്യാപ്തത, ആത്മവിശ്വാസം എന്നിവയെക്കുറിച്ചു വിശദമായി സംസാരിച്ച പ്രധാനമന്ത്രി, ‘ഇന്നത്തെ ഇന്ത്യ അഭിലാഷങ്ങൾ, സ്വപ്നങ്ങൾ, പ്രതിജ്ഞകൾ എന്നിവയാൽ നിർവചിക്കപ്പെടുന്നുവെന്നും ലോകം മുഴുവൻ ഇപ്പോൾ അത് അനുഭവവേദ്യമാകുന്ന ഘടകങ്ങളാണെന്നും’ പറഞ്ഞു. ലോകം ഇന്ത്യയെ നോക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യുമ്പോൾ, ആദ്യ നോട്ടം ചെന്നെത്തുന്നതു ദേശീയ തലസ്ഥാനമായ ഡൽഹിയിലാണെന്ന് അദ്ദേഹം പറഞ്ഞു. വികസ്വരവും ആത്മവിശ്വാസവുമുള്ള ഇന്ത്യയുടെ തലസ്ഥാനമാണിതെന്ന് ഏവർക്കും അക്ഷരാർഥത്തിൽ തോന്നുംവിധമുള്ള വളർച്ചാമാതൃകയായി ഡൽഹിയെ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു ശ്രീ മോദി ഊന്നൽ നൽകി.

കഴിഞ്ഞ 11 വർഷമായി, ഈ പുരോഗതി കൈവരിക്കുന്നതിനായി ഗവണ്മെന്റ് വിവിധ തലങ്ങളിൽ പതിവായി പ്രവർത്തിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, സമ്പർക്കസൗകര്യങ്ങളുടെ കാര്യത്തിൽ, കഴിഞ്ഞ ദശകത്തിൽ ഡൽഹി-NCRൽ അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. ഈ മേഖലയിൽ ആധുനികവും വീതിയേറിയതുമായ അതിവേഗപാതകളുടെ സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. “മെട്രോ ശൃംഖലയുടെ കാര്യത്തിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവുമധികം കൂട്ടിയിണക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് ഡൽഹി-NCR” - ശ്രീ മോദി പറഞ്ഞു. നമോ ഭാരത് റാപ്പിഡ് റെയിൽ പോലുള്ള നൂതന സംവിധാനങ്ങൾ ഈ മേഖലയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 11 വർഷമായി ഡൽഹി-NCRലെ യാത്ര മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ സുഗമമാണെന്ന് അദ്ദേഹം പറഞ്ഞു.

​ഡൽഹിയെ ലോകോത്തര നഗരമാക്കി മാറ്റാനുള്ള പ്രതിജ്ഞാബദ്ധത തുടരുകയാണെന്നു സ്ഥിരീകരിച്ച ശ്രീ മോദി, ഇന്ന് ഏവരും ഈ പുരോഗതിക്കു സാക്ഷ്യം വഹിക്കുകയാണെന്നും വ്യക്തമാക്കി. ദ്വാരക അതിവേഗപാത, അർബൻ എക്സ്റ്റൻഷൻ റോഡ് എന്നിവയെക്കുറിച്ചു പരാമർശിച്ച ശ്രീ മോദി, രണ്ടു റോഡുകളും മികച്ച നിലവാരത്തിലാണു നിർമിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. പ്രാന്തപ്രദേശങ്ങളിലൂടെയുള്ള അതിവേഗപാതയ്ക്കുശേഷംവന്ന, അർബൻ എക്സ്റ്റൻഷൻ റോഡ് ഇപ്പോൾ ഡൽഹിയുടെ അടിസ്ഥാനസൗകര്യങ്ങൾക്കും സമ്പർക്കസൗകര്യങ്ങൾക്കുംഗണ്യമായ പിന്തുണ നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അർബൻ എക്സ്റ്റൻഷൻ റോഡിന്റെ പ്രധാന സവിശേഷത ചൂണ്ടിക്കാട്ടി, ഡൽഹിയെ മാലിന്യക്കൂമ്പാരങ്ങളിൽനിന്നു മോചിപ്പിക്കാനും ഇതു സഹായിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ദശലക്ഷക്കണക്കിനു ടൺ മാലിന്യവസ്തുക്കൾ അർബൻ എക്സ്റ്റൻഷൻ റോഡിന്റെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മാലിന്യക്കൂമ്പാരങ്ങൾ കുറയ്ക്കുന്നതിലൂടെ, മാലിന്യങ്ങൾ റോഡുനിർമാണത്തിനായി പുനരുപയോഗിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമീപത്തെ ഭൽസ്വ മാലിന്യനിക്ഷേപയിടം ചൂണ്ടിക്കാണിക്കുകയും അതിന്റെ പരിസരത്തു താമസിക്കുന്ന കുടുംബങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്ത ശ്രീ മോദി, ഡൽഹിവാസികളെ അത്തരം വെല്ലുവിളികളിൽനിന്നു മോചിപ്പിക്കാൻ ഗവണ്മെന്റ് സജീവമായി പ്രവർത്തിക്കുകയാണെന്നു വ്യക്തമാക്കി.

ശ്രീമതി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ ഡൽഹി ഗവണ്മെന്റ് യമുന നദി വൃത്തിയാക്കുന്നതിൽ നിരന്തരം വ്യാപൃതരാണെന്നതിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. യമുനയിൽനിന്ന് ഇതിനകം 16 ലക്ഷം മെട്രിക് ടൺ ചെളി നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഡൽഹിയിൽ 650 DEVI (Delhi Electric Vehicle Interconnector) വൈദ്യുതബസുകൾ നിരത്തിലിറക്കിയതായി ശ്രീ മോദി കൂട്ടിച്ചേർത്തു. നഗരത്തിലെ വൈദ്യുത ബസുകളുടെ എണ്ണം ഉടൻ 2000 കടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭം “ഹരിത ഡൽഹി-സംശുദ്ധ ഡൽഹി” എന്ന സന്ദേശത്തിനു കരുത്തേകുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വർഷങ്ങൾക്കുശേഷമാണു ദേശീയ തലസ്ഥാനമായ ഡൽഹിയിൽ തങ്ങളുടെ കക്ഷി ഗവണ്മെന്റിനു രൂപംനൽകിയതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഡൽഹിയിലെ വികസനത്തിന്റെ വേഗം കുറയാനിടയായതിനു മുൻ ഗവണ്മെന്റുകളെ വിമർശിച്ചു. മുൻ ഗവണ്മെന്റുകൾ ചെയ്ത കുഴപ്പങ്ങളിൽനിന്നു ഡൽഹിയെ കരകയറ്റുക എന്നതു ശ്രമകരമാണെങ്കിലും, നിലവിലെ ഗവണ്മെന്റ് ഡൽഹിയുടെ അഭിമാനവും വികസനവും പുനഃസ്ഥാപിക്കാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിലവിൽ തങ്ങളു​ടെ ഗവണ്മെന്റുകൾ നിലനിൽക്കുന്ന സവിശേഷമായ സാഹചര്യം ശ്രീ മോദി എടുത്തുകാട്ടി. ഇതു മുഴുവൻ മേഖലയും തങ്ങളുടെ പാർട്ടിക്കും നേതൃത്വത്തിനും നൽകിയ വലിയ അനുഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ്, ഡൽഹി-NCRന്റെ വികസനത്തിനു ഗവണ്മെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നു ശ്രീ മോദി പറഞ്ഞു. ചില രാഷ്ട്രീയ കക്ഷികൾക്ക് ഇപ്പോഴും പൊതുജനങ്ങളുടെ വിധി അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനവിശ്വാസത്തിൽനിന്നും അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്നും ഈ കക്ഷികൾ അകന്നുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പു ഡൽഹിയിലെയും ഹരിയാണയിലെയും ജനങ്ങളെ തമ്മിൽ അകറ്റുന്നതിനു ഗൂഢാലോചനകൾ നടന്നതിനെക്കുറിച്ച് ഓർമിപ്പിച്ച പ്രധാനമന്ത്രി, ഹരിയാണ നിവാസികൾ ഡൽഹിയിലേക്കുള്ള ജലത്തിൽ വിഷം കലർത്തുന്നുവെന്ന് ആരോപിച്ചു തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായി പരാമർശിച്ചു. എന്നാൽ, ഡൽഹിയും NCR ആകെയും ഇപ്പോൾ അത്തരം നിഷേധാത്മക രാഷ്ട്രീയത്തിൽനിന്നു മോചിതമായി. NCR-നെ പരിവർത്തനം ചെയ്യാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയം ആവർത്തിച്ചുറപ്പിച്ച പ്രധാനമന്ത്രി, ഈ കാഴ്ചപ്പാടു വിജയകരമായി സാക്ഷാത്കരിക്കപ്പെടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

സൽഭരണം എന്നത് ഞങ്ങളുടെ ഗവണ്മെന്റുകളുടെയും ഞങ്ങളുടെ ഭരണത്തിന്റെയും മുഖമുദ്രയാണ്, ഞങ്ങളുടെ ഭരണത്തിൽ ജനങ്ങളാണ് പരമപ്രധാനം” ശ്രീ മോദി പറഞ്ഞു. പൗരന്മാരുടെ ജീവിതം അനായാസമാക്കുക എന്നതാണ് പാർട്ടിയുടെ നിരന്തര ശ്രമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയുടെ നയങ്ങളിലും തീരുമാനങ്ങളിലും ഈ പ്രതിബദ്ധത പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാധീനമോ ശുപാർശയോ ഇല്ലാതെ ഒരു നിയമനം പോലും സാധ്യമാകാതിരുന്ന കാലമുണ്ടായിരുന്നുവെന്ന് ഹരിയാനയിലെ മുൻകാല ഗവണ്മെന്റുകളെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ ഗവണ്മെന്റിനു കീഴിൽ ഹരിയാനയിൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് പൂർണ്ണമായും സുതാര്യമായ പ്രക്രിയയിലൂടെ ഗവണ്മെന്റ് ജോലികൾ ലഭിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഉദ്യമം അർപ്പണബോധത്തോടെ തുടരുന്ന ശ്രീ നയാബ് സിംഗ് സൈനിയെ അദ്ദേഹം അഭിനന്ദിച്ചു.

ഡൽഹിയിൽ, ഒരുകാലത്ത് സ്ഥിരമായ പാർപ്പിടമില്ലാതെ ചേരികളിൽ താമസിച്ചിരുന്നവർക്ക് ഇപ്പോൾ അടച്ചുറപ്പുള്ള നല്ല വീടുകൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ അത്തരം അവശ്യ സേവനങ്ങൾ ലഭ്യമാക്കി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ പുരോഗതിയെക്കുറിച്ച് പരാമർശിക്കവെ, കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തുടനീളം റെക്കോർഡ് വേഗത്തിൽ റോഡുകൾ നിർമ്മിക്കപ്പെട്ടുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളുടെ പരിവർത്തനം നടന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും, വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം, ചെറിയ നഗരങ്ങളിൽ പോലും ഇപ്പോൾ വിമാനത്താവളങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.ആർ. മേഖലയെ പരാമർശിച്ചുകൊണ്ട്, വിമാനത്താവളങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹിൻഡൺ വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ നിരവധി നഗരങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും, നോയിഡ വിമാനത്താവളത്തിൻ്റെ പണി പൂർത്തിയാകാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യം കാലഹരണപ്പെട്ട സമീപനങ്ങളെ മാറ്റിയത് കൊണ്ടാണ് ഇത്തരത്തിലുള്ള പുരോഗതി സാധ്യമായതെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യത്തിന് ആവശ്യമായ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, അത് നിർമ്മിക്കേണ്ട വേഗതയും മുമ്പ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കിഴക്കൻ, പടിഞ്ഞാറൻ പെരിഫറൽ എക്സ്പ്രസ് വേകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പതിറ്റാണ്ടുകളായി ഡൽഹി-എൻ.സി.ആറിന് ഈ റോഡുകൾ ആവശ്യമായിരുന്നുവെന്ന് തോന്നിയിട്ടുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻ ഗവണ്മെന്റിന്റെ കാലത്ത് ഈ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾക്ക് അനക്കം വെച്ചെങ്കിലും, ജനങ്ങൾ തങ്ങളുടെ പാർട്ടിക്ക് അവസരം നൽകിയപ്പോൾ മാത്രമാണ് യഥാർത്ഥ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും ഹരിയാനയിലും തങ്ങളുടെ ഗവണ്മെന്റ് രൂപീകരിച്ചപ്പോഴാണ് ഈ റോഡുകൾ യാഥാർത്ഥ്യമായതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് ഈ അതിവേഗ പാതകൾ രാജ്യത്തിന് മികച്ച സേവനം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിമാനത്തോടെ വ്യക്തമാക്കി.

വികസന പദ്ധതികളോടുള്ള ഈ നിസ്സംഗത ഡൽഹി-എൻ.സി.ആറിൽ മാത്രം ഒതുങ്ങിയിരുന്നില്ല, മറിച്ച് രാജ്യത്തുടനീളം ഇത് വ്യാപകമായിരുന്നെന്ന് എടുത്തുപറഞ്ഞുകൊണ്ട്, അടിസ്ഥാന സൗകര്യങ്ങൾക്കായി മുമ്പ് അനുവദിച്ചിരുന്ന ബജറ്റ് വളരെ കുറവായിരുന്നെന്നും, അംഗീകാരം ലഭിച്ച പദ്ധതികൾ പോലും പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുമായിരുന്നെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ബജറ്റ് ആറിരട്ടിയിലധികം വർദ്ധിപ്പിച്ചതായി അദ്ദേഹം അടിവരയിട്ടു പറഞ്ഞു. പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും, അതുകൊണ്ടാണ് ദ്വാരക അതിവേഗ പാത പോലുള്ള സംരംഭങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പദ്ധതികളിലെ ഗണ്യമായ നിക്ഷേപം സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല, വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, തൊഴിലാളികൾ മുതൽ എഞ്ചിനീയർമാർ വരെയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്ന് വിശദീകരിച്ചുകൊണ്ട്, നിർമ്മാണ സാമഗ്രികളുടെ ഉപയോഗം അനുബന്ധ ഫാക്ടറികളിലും കടകളിലും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ വികസനങ്ങളുടെ ഫലമായി ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലും തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ മേൽ ഭരണം നടത്തുക എന്നതായിരുന്നു മുമ്പ് ദീർഘകാലം ഭരിച്ചവർ അവരുടെ പ്രധാന ലക്ഷ്യമായി കണ്ടിരുന്നതെന്ന് പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. എന്നാൽ തങ്ങളുടെ പാർട്ടിയുടെ ശ്രമം, പൗരന്മാരുടെ ജീവിതത്തിൽ ഗവമെറ്റിന്റെ സമ്മർദ്ദവും ഇടപെടലുകളും ഇല്ലാതാക്കുക എന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മുൻകാല അവസ്ഥകൾക്ക് ഉദാഹരണമായി അദ്ദേഹം ഡൽഹിയിലെ ശുചീകരണ തൊഴിലാളികളെ ചൂണ്ടിക്കാട്ടി, ശുചിത്വ പരിപാലനത്തിൽ വലിയ ഉത്തരവാദിത്തം വഹിക്കുന്ന അവരോട് അടിമകളോടെന്ന പോലെയാണ് പെരുമാറിയിരുന്നതെന്ന് ഓർമ്മിപ്പിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് അനുസരിച്ച്, മുൻകൂട്ടി അറിയിക്കാതെ ഒരു ശുചീകരണ തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ഒരു മാസം തടവിലിടാൻ വ്യവസ്ഥയുണ്ടെന്ന ഞെട്ടിക്കുന്ന ഒരു സത്യം ശ്രീ മോദി വെളിപ്പെടുത്തി. ഒരു ചെറിയ വീഴ്ചയ്ക്ക് ശുചീകരണ തൊഴിലാളികളെ ജയിലിലടയ്ക്കാൻ കഴിയുന്ന അത്തരം നിയമങ്ങൾക്ക് പിന്നിലെ മാനസികാവസ്ഥയെ പ്രധാനമന്ത്രി ചോദ്യം ചെയ്തു. ഇപ്പോൾ സാമൂഹ്യനീതിയെക്കുറിച്ച് സംസാരിക്കുന്നവർ രാജ്യത്ത് ഇത്തരം നീതിരഹിതമായ നിയമങ്ങൾ നിലനിർത്തിയിരുന്നതായി അദ്ദേഹം വിമർശിച്ചു. ഇത്തരം പിന്തിരിപ്പൻ നിയമങ്ങൾ തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് തങ്ങളുടെ ഗവണ്മെന്റാണെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. ഇത്തരം നൂറുകണക്കിന് നിയമങ്ങൾ ഗവണ്മെന്റ് ഇതിനകം റദ്ദാക്കിക്കഴിഞ്ഞെന്നും ഈ പ്രചാരണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം, പരിഷ്കരണം എന്നാൽ സൽഭരണത്തിന്റെ വിപുലീകരണം എന്നാണ് അർത്ഥം”, പ്രധാനമന്ത്രി പറഞ്ഞു, പരിഷ്കരണങ്ങളിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനജീവിതവും ബിസിനസ്സുകളും  കൂടുതൽ എളുപ്പമാക്കുന്നതിന് വരും ദിവസങ്ങളിൽ നിരവധി പ്രധാന പരിഷ്കാരങ്ങൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “ഈ ശ്രമത്തിന്റെ ഭാഗമായി, ജിഎസ്ടിയിൽ അടുത്ത തലമുറ പരിഷ്കരണം ആസൂത്രണം ചെയ്തിട്ടുണ്ട്. വരുന്ന ദീപാവലിക്ക്, ജിഎസ്ടി പരിഷ്കരണത്തിലൂടെ പൗരന്മാർക്ക് ഇരട്ട ബോണസ് ലഭിക്കും”, ശ്രീ മോദി പറഞ്ഞു. പൂർണ്ണമായ രൂപരേഖ എല്ലാ സംസ്ഥാനങ്ങളുമായി പങ്കുവെച്ചതായി അറിയിച്ചുകൊണ്ട്, ഇന്ത്യാ ഗവൺമെന്റിന്റെ ഈ ഉദ്യമത്തോട് എല്ലാ സംസ്ഥാനങ്ങളും സഹകരിക്കുമെന്ന് ശ്രീ മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ദീപാവലി കൂടുതൽ സവിശേഷമാക്കാൻ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജിഎസ്ടി കൂടുതൽ ലളിതമാക്കാനും നികുതി നിരക്കുകൾ പരിഷ്കരിക്കാനും ഗവണ്മെന്റ് ലക്ഷ്യമിടുന്നുണ്ടെന്ന് കൂട്ടിച്ചേർത്ത പ്രധാനമന്ത്രി, ഈ പരിഷ്കാരത്തിന്റെ പ്രയോജനങ്ങൾ ഓരോ കുടുംബത്തിലും, പ്രത്യേകിച്ച് ദരിദ്രരിലും ഇടത്തരക്കാരിലും എത്തുമെന്ന് എടുത്തുപറഞ്ഞു. എല്ലാ തലത്തിലുമുള്ള സംരംഭകർക്കും വ്യാപാരികൾക്കും ബിസിനസ്സുകാർക്കും ഈ പരിഷ്കരണത്തിൽ നിന്ന് നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് അതിന്റെ പുരാതന സംസ്കാരവും പൈതൃകവുമാണെന്ന് അടിവരയിട്ടുകൊണ്ട്, ഈ സാംസ്കാരിക പൈതൃകം ആഴത്തിലുള്ള ഒരു ജീവിത തത്വശാസ്ത്രത്തെ ഉൾക്കൊള്ളുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ തത്ത്വചിന്തയിൽ, നമുക്ക് "ചക്രധാരി മോഹൻ", "ചർക്കധാരി മോഹൻ" എന്നിവരെ കാണാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാകാലങ്ങളിൽ, ഈ രണ്ട് രൂപങ്ങളുടെയും സത്ത രാഷ്ട്രം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുദർശന ചക്രത്തിന്റെ ശക്തി പ്രകടമാക്കിയ ശ്രീകൃഷ്ണ ഭഗവാനെയാണ് “ചക്രധാരി മോഹൻ” എന്ന് സൂചിപ്പിക്കുന്നതെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, നൂൽനൂൽക്കുന്ന ചർക്കയിലൂടെ സ്വദേശി എന്ന ശക്തിയിലേക്ക് രാഷ്ട്രത്തെ ഉണർത്തിയ മഹാത്മാഗാന്ധിയെയാണ് “ചർക്കധാരി മോഹൻ” എന്ന് സൂചിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

"ഇന്ത്യയെ ശാക്തീകരിക്കാൻ, 'ചക്രധാരി മോഹനിൽ' നിന്ന് (ശ്രീകൃഷ്ണൻ) പ്രചോദനം ഉൾക്കൊള്ളണം. അതുപോലെ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ, നാം 'ചർക്കധാരി മോഹന്റെ' പാത ( മഹാത്മാഗാന്ധി) പിന്തുടരണം", 
'വോക്കൽ ഫോർ ലോക്കൽ' എന്നത് ഓരോ പൗരന്റെയും ജീവിത മന്ത്രമായി മാറണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ ദൗത്യം ഏറ്റെടുക്കാൻ രാഷ്ട്രത്തിന്  ഒരു പ്രയാസവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കാരണം ഇന്ത്യ ഓരോ ദൗത്യവും ദൃഢനിശ്ചയത്തോടെ എടുക്കുമ്പോഴെല്ലാം അത് ലക്ഷ്യപ്രാപ്തിയിൽ എത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് നാശത്തിന്റെ വക്കിലായിരുന്ന ഖാദിയുടെ ഇന്നത്തെ അവസ്ഥയെ ഉദ്ധരിച്ചുകൊണ്ട്, ശ്രീ മോദി രാഷ്ട്രത്തോടുള്ള തന്റെ ആഹ്വാനം ആവർത്തിച്ചു. കൂട്ടായ  ദൃഢനിശ്ചയത്തിലൂന്നിയ പ്രവർത്തനങ്ങളും അതിന്റെ   ഫല പ്രാപ്തിയും നമുക്ക് ദൃശ്യമാണ് .
കഴിഞ്ഞ ദശകത്തിൽ ഖാദി ഉൽപ്പന്നങ്ങളുടെ വിറ്റു വരവ്   ഏഴ് മടങ്ങ് വർദ്ധിച്ചതായി അദ്ദേഹം അറിയിച്ചു. " വോക്കൽ ഫോർ ലോക്കൽ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം)" എന്ന ആശയത്തിൽ ഊന്നിയാണ്  ഇന്ത്യയിലെ ജനങ്ങൾ ഖാദിയെ സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിർമ്മിച്ച മൊബൈൽ ഫോണുകളിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ  പ്രധാനമന്ത്രി ഉയർത്തികാട്ടി. "പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ മിക്ക മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നു. ഇന്ന്, ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾ ആണ് ഉപയോഗിക്കുന്നത്.  ഇന്ത്യ ഇപ്പോൾ പ്രതിവർഷം 30 മുതൽ 35 കോടി വരെ മൊബൈൽ ഫോണുകൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മെയ്ഡ് ഇൻ ഇന്ത്യ യുപിഐ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യൻ നിർമ്മിത റെയിൽ കോച്ചുകൾക്കും എൻജിനുകൾക്കും ഇപ്പോൾ മറ്റ് രാജ്യങ്ങളിൽ പോലും ആവശ്യകത വർദ്ധിച്ചുവരുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. 

റോഡ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ  ഗതാഗത മേഖലയിലെ  അടിസ്ഥാന സൗകര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന്  ഇന്ത്യ ഗതി ശക്തി പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിൽ  1,600 ഓളം വിവിധ ഡാറ്റകൾ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഏതൊരു പദ്ധതി ആരംഭിക്കുന്നതിനും, ആവശ്യമായ പ്രധാനപ്പെട്ട മുഴുവൻ വിവരങ്ങളും ഈ പ്ലാറ്റ്ഫോമിൽ നിന്നും ലഭിക്കുന്നു. ഉദാഹരണത്തിന് വന്യജീവികൾ ഉള്ള മേഖലകൾ, വനമേഖലകൾ, നദികൾ അല്ലെങ്കിൽ, ചാലുകൾ തുടങ്ങിയവയുടെ വിവരങ്ങളും, അതുപോലെ പ്രസക്തമായ എല്ലാ വ്യവസ്ഥകളെപ്പറ്റിയും, നിയന്ത്രണങ്ങളെക്കുറിച്ചും  പ്ലാറ്റ്‌ഫോം തൽക്ഷണ വിവരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം എല്ലാ വിവരങ്ങളും മിനിറ്റുകൾക്കുള്ളിൽ ലഭ്യമാണെന്നും ഇത് പദ്ധതികൾ വേഗത്തിൽ പുരോഗമിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതിശക്തിക്കായി ഒരു പ്രത്യേക സർവകലാശാല ഇപ്പോൾ സ്ഥാപിതമായതായി ശ്രീ മോദി അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ഗതിശക്തി ശക്തവും പരിവർത്തനാത്മകവുമായ ഒരു പാതയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു ദശാബ്ദം മുമ്പ് ഇന്ത്യയിലേക്ക് കളിപ്പാട്ടങ്ങൾ പോലും നാം ഇറക്കുമതി ചെയ്തിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി, " വോക്കൽ ഫോർ ലോക്കൽ(പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം)" എന്ന മുദ്രാവാക്യം  സ്വീകരിക്കാൻ ഇന്ത്യക്കാർ ദൃഢനിശ്ചയം ചെയ്തപ്പോൾ ആഭ്യന്തര കളിപ്പാട്ട ഉത്പാദനം ഗണ്യമായി വർദ്ധിച്ചുവെന്ന് പറഞ്ഞു. അത് മാത്രമല്ല, ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 "നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ, ഇന്ത്യയിൽ നിർമ്മിച്ചത് വാങ്ങുക" എന്ന് പറഞ്ഞുകൊണ്ട്, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ വിശ്വാസം അർപ്പിക്കാൻ എല്ലാ പൗരന്മാരെയും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നമ്മുടെ ഓരോ ആഘോഷങ്ങളിലും, ഉത്സവങ്ങളിലും  പ്രാദേശിക ഉൽപ്പന്നങ്ങൾ സമ്മാനങ്ങൾ ആയും മറ്റും  പ്രിയപ്പെട്ടവരുമായി പങ്കിടാൻ ശ്രീ മോദി എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ നിർമ്മിച്ചതും ഇന്ത്യക്കാർ നിർമ്മിച്ചതുമായ ഉൽപ്പന്നങ്ങൾ  മാത്രം സമ്മാനമായി നൽകാൻ ബോധപൂർവമായ തീരുമാനം എടുക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
 ചില കച്ചവടക്കാർ അല്പം ഉയർന്ന ലാഭം ലക്ഷ്യമിട്ട് വിദേശ നിർമ്മിത വസ്തുക്കൾ വിറ്റിട്ടുണ്ടാകാമെന്നും എന്നാൽ, അവർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാജ്യത്തുടനീളമുള്ള വ്യാപാരികളെയും കച്ചവടക്കാരെയും  അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇനിമുതൽ "വോക്കൽ ഫോർ ലോക്കൽ"  എന്ന മന്ത്രം സ്വീകരിക്കാൻ അവരോട് ആവശ്യപ്പെട്ടു. ഈ ഒരൊറ്റ ചുവടുവെപ്പ് രാജ്യത്തിന് വലിയ ഗുണം ചെയ്യുമെന്നും, വിൽക്കുന്ന ഓരോ ഇനവും ഒരു ഇന്ത്യൻ തൊഴിലാളിയെയോ ദരിദ്ര പൗരനെയോ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 ഓരോ ഉൽപ്പന്നം വിൽക്കുമ്പോഴും അതിൽ നിന്നുമുള്ള പണം ഇന്ത്യയ്ക്കുള്ളിൽ തന്നെ വിനിമയം ചെയ്യപ്പെടുമെന്നും നമ്മുടെ സഹോദരന്മാരായ ഇന്ത്യക്കാർക്ക് അതിന്റെ  പ്രയോജനം ലഭിക്കുമെന്നും ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇത് ഇന്ത്യൻ പൗരന്മാരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ അഭിമാനത്തോടെ വിൽക്കാൻ അദ്ദേഹം കടയുടമകളോട് അഭ്യർത്ഥിച്ചു.
"ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെയും അതിന്റെ ഉത്കൃഷ്ടമായ  ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു തലസ്ഥാനമായി ഡൽഹി ഉയർന്നുവരുന്നു", പുതിയ സെൻട്രൽ സെക്രട്ടേറിയറ്റിന്റെ - കർത്തവ്യ ഭവന്റെ - അടുത്തിടെയുള്ള ഉദ്ഘാടനവും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂർത്തീകരണവും എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കർത്തവ്യ പഥ്, ഇപ്പോൾ അതിന്റെ നവീകരിച്ച രൂപത്തിൽ രാഷ്ട്രത്തിന് മുന്നിൽ ശിരസുയർത്തി  നിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് മണ്ഡപം, യശോഭൂമി തുടങ്ങിയ ആധുനിക സമ്മേളന കേന്ദ്രങ്ങൾ ഡൽഹിയുടെ നിലവാരം ഉയർത്തുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ വികാസങ്ങൾ ഡൽഹിയെ ബിസിനസ്, വാണിജ്യ മേഖലകളിലെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 ഈ സംരംഭങ്ങളുടെ കരുത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്  ഡൽഹി ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനങ്ങളിലൊന്നായി ഉയരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചു. 

കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ അജയ് തംത, ശ്രീ ഹർഷ് മൽഹോത്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത സൗകര്യം വളരെയധികം മെച്ചപ്പെടുത്തുക, യാത്രാ സമയം കുറയ്ക്കുക, ട്രാഫിക് പ്രശ്നങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ, തലസ്ഥാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായി ദ്വാരക എക്സ്പ്രസ് വേയുടെ ഡൽഹി വിഭാഗവും, അർബൻ എക്സ്റ്റൻഷൻ റോഡ്-II (UER-II) ഉം വികസിപ്പിച്ചിട്ടുണ്ട്. ജീവിത സൗകര്യം വർദ്ധിപ്പിക്കുകയും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും ചെയ്യുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

ദ്വാരക എക്സ്പ്രസ് വേയുടെ ഡൽഹിയിലൂടെയുള്ള  10.1 കിലോമീറ്റർ ദൂരം, ഏകദേശം 5,360 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. യശോഭൂമി, ഡിഎംആർസി ബ്ലൂ ലൈൻ, ഓറഞ്ച് ലൈൻ, വരാനിരിക്കുന്ന ബിജ്വാസൻ റെയിൽവേ സ്റ്റേഷൻ, ദ്വാരക ക്ലസ്റ്റർ ബസ് ഡിപ്പോ എന്നിവയിലേക്ക് മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും  ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ ലഭിക്കും. ഈ പദ്ധതിയിൽ താഴെ വിവരിക്കുന്നവ  ഉൾപ്പെടുന്നു:
* പാക്കേജ് I: ശിവ് മൂർത്തി ജംഗ്ഷനിൽ നിന്ന് ദ്വാരക സെക്ടർ-21 ലെ റോഡ് അണ്ടർ ബ്രിഡ്ജ്  വരെ 5.9 കിലോമീറ്റർ.

* പാക്കേജ് II:  ദ്വാരക സെക്ടർ-21 റെയിൽവേ അണ്ടർ ബ്രിഡ്ജ്  മുതൽ ഡൽഹി-ഹരിയാന അതിർത്തി വരെ 4.2 കിലോമീറ്റർ, ഇത് അർബൻ എക്സ്റ്റൻഷൻ റോഡ്-II ലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്നു.
ദ്വാരക എക്സ്പ്രസ് വേയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന സെക്ഷൻ  2024 മാർച്ചിൽ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തിരുന്നു.

5,580 കോടി രൂപ ചെലവിൽ നിർമ്മിച്ച, ബഹദൂർഗഢ്, സോണിപത് എന്നിവിടങ്ങളിലേക്കുള്ള പുതിയ ലിങ്കുകൾക്കൊപ്പം, അർബൻ എക്സ്റ്റൻഷൻ റോഡ്-II (UER-II) ന്റെ അലിപൂർ മുതൽ ഡിചാവോൺ കലാൻ വരെയുള്ള പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ഇന്നർ, ഔട്ടർ റിംഗ് റോഡുകളിലും മുഖർബ ചൗക്ക്, ധൗള കുവാൻ, എൻഎച്ച്-09 തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലും ഈ പാത വരുന്നതോടെ  ഗതാഗതം സുഗമമാക്കും. പുതിയ പാതകൾ  ബഹദൂർഗഢ്, സോണിപത് എന്നിവിടങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകും, വ്യാവസായിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തും, നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കും, എൻസിആറിലെ ചരക്ക് നീക്കം വേഗത്തിലാക്കും.

 

 

***

--SK--

(Release ID: 2157315)