ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പഹൽഗാം ഭീകരാക്രമണത്തിനെതിരെ 'ഓപ്പറേഷൻ സിന്ദൂർ' വഴി ഇന്ത്യ നടത്തിയ ശക്തവും വിജയകരവും നിർണായകവുമായ പ്രതികരണത്തെക്കുറിച്ച് ലോക്‌സഭയിലെ പ്രത്യേക ചർച്ചയിൽ സംസാരിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭീകര ക്യാമ്പുകളെയും ഭീകരരുടെ യജമാനരെയും ഇല്ലാതാക്കി 'ഓപ്പറേഷൻ സിന്ദൂർ'; പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ തുടച്ചുനീക്കി 'ഓപ്പറേഷൻ മഹാദേവ്’

Posted On: 29 JUL 2025 5:23PM by PIB Thiruvananthpuram


പഹൽഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ശക്തവും വിജയകരവും നിർണായകവുമായ 'ഓപ്പറേഷൻ സിന്ദൂർ' പ്രത്യാക്രമണത്തെക്കുറിച്ച്  ഇന്ന് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു.

പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാരെ മതത്തിന്റെ പേരിൽ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച കേന്ദ്ര ആഭ്യന്തര  സഹകരണ മന്ത്രി ശ്രീ അമിത് ഷാ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.  ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ ജനവാസ മേഖലകളില്‍ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ ഇന്ത്യൻ പൗരന്മാർക്കും അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി.

കശ്മീരിലെ ഡാച്ചിഗാമിൽ ഇന്ത്യൻ സൈന്യത്തിന്റെയും സിആർപിഎഫിന്റെയും ജമ്മുകശ്മീർ പൊലീസിന്റെയും സംയുക്ത ദൗത്യമായ ഓപ്പറേഷൻ മഹാദേവിൽ സുലെമാൻ, ഹംസ അഫ്ഗാനി (അഫ്ഗാൻ), സിബ്രാൻ എന്നീ മൂന്ന് ഭീകരരെ വധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി സഭയെ അറിയിച്ചു. പഹൽഗാമിലും ഗഗാംഗീറിലും നടന്ന ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ട ലഷ്കര്‍-ഇ-ത്വയ്ബയുടെ 'എ' വിഭാഗം കമാൻഡറായിരുന്നു സുലെമാനെന്ന് അദ്ദേഹം പറഞ്ഞു. ബൈസരണ്‍ താഴ്‌വരയിൽ  നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ ലഷ്കര്‍-ഇ-ത്വയ്ബ 'എ' വിഭാഗം ഭീകരരായിരുന്നു അഫ്ഗാനും ജിബ്രാനും.  ഈ മൂന്ന് ഭീകരരെയും ഇന്നലെ വധിച്ചു. ഈ വിജയത്തിന് സഭയുടെയും മുഴുവൻ രാജ്യത്തിന്റെയും പേരിൽ ആർമിയുടെ നാലാം പാരാ ബറ്റാലിയന്‍, സിആർപിഎഫ്, ജമ്മുകശ്മീർ പൊലീസ് എന്നിവയിലെ ജവാന്മാരെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.

ഡാച്ചിഗാം മേഖലയില്‍ ഭീകര സാന്നിധ്യത്തെക്കുറിച്ച് 2025 മെയ് 22 ന് ഇന്റലിജൻസ് ബ്യൂറോയ്ക്ക് (ഐബി) ചില വ്യക്തികള്‍ വഴി  വിവരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാന്‍ അൾട്രാ സിഗ്നലുകൾ പിടിച്ചെടുക്കുന്ന രാജ്യത്തെ ഏജൻസികൾ നിർമിച്ച ഡാച്ചിഗാമിലെ  ഉപകരണങ്ങൾ വഴി  മെയ് 22 മുതൽ ജൂലൈ 22 വരെ ഐബിയും സൈന്യവും തുടർച്ചയായ ശ്രമങ്ങൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.

ഈ മൂന്ന് ഭീകരർക്ക് അഭയം നൽകിയവരെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ഇതിനകം അറസ്റ്റ് ചെയ്തതായി ശ്രീ അമിത് ഷാ സഭയെ അറിയിച്ചു.  മൂന്ന് ഭീകരരുടെയും മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിയപ്പോൾ നാലുപേർ ഇവരെ തിരിച്ചറിഞ്ഞുവെന്നും പഹൽഗാമിൽ ഭീകരാക്രമണം നടത്തിയത് ഇവരാണെന്ന് സ്ഥിരീകരിച്ചുവെന്നും  അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പഹൽഗാം ഭീകരാക്രമണ സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകളുടെ എഫ്‌എസ്‌എൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡാച്ചിഗാമിൽ വെച്ച്  ഭീകരരിൽ നിന്ന് കണ്ടെടുത്ത മൂന്ന് റൈഫിളുകളുമായി അവ ഒത്തുനോക്കി. ഇന്നലെ രാത്രി  പ്രത്യേക വിമാനത്തില്‍  ചണ്ഡീഗഡിലേക്ക് കൊണ്ടുപോയ ഈ മൂന്ന് റൈഫിളുകളുടെയും സ്ഥിരീകരണത്തിന് വെടിവെപ്പിലൂടെ  ഒഴിഞ്ഞ ഷെല്ലാവരണങ്ങള്‍ പുറത്തെടുത്തെു.  തുടര്‍ന്ന്  പഹൽഗാം ഭീകരാക്രമണസ്ഥലത്തുനിന്ന് കണ്ടെത്തിയ ഷെല്ലുകൾ റൈഫിള്‍ ബാരലുമായും   ഷെല്ലാവരണങ്ങളുമായും ഒത്തുനോക്കി ഈ മൂന്ന് റൈഫിളുകളുപയോഗിച്ചാണ്  പഹൽഗാമിൽ  നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതായും ശ്രീ അമിത് ഷാ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളുടെ യജമാനന്മാരെ ഇല്ലാതാക്കാൻ പ്രവർത്തിച്ചുവെന്നും രാജ്യത്തെ സൈന്യവും സിആർപിഎഫും ചേര്‍ന്ന് ഇന്നലെ  മൂന്ന് ഭീകരരെയും വധിച്ചുവെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു.  രാജ്യത്തെ സൈന്യത്തിന്റെയും സിആർപിഎഫിന്റെയും ജമ്മുകശ്മീർ പൊലീസിന്റെയും വലിയ സംയുക്ത വിജയമായ ഓപ്പറേഷൻ മഹാദേവില്‍   രാജ്യത്തെ 140 കോടി ജനങ്ങളും അഭിമാനിക്കുന്നു.  ഭീകരാക്രമണത്തിനുശേഷം  നേരിട്ട് പഹൽഗാമിലെത്തി  മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വിദൂരഭാവിയില്‍ പോലും ഇത്തരമൊരു കൃത്യം ചെയ്യാത്തവിധം ഭീകരവാദികളെയും അവരുടെ യജമാനരെയും ഓപ്പറേഷൻ സിന്ദൂറിലൂടെ  പാഠം പഠിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.  

പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-ത്വയ്ബയും അവരുടെ സംഘടനയായ ടിആർഎഫും ഏറ്റെടുത്ത ദിവസം തന്നെ ആക്രമണം എൻ‌ഐ‌എ  അന്വേഷിക്കുമെന്ന് നാം തീരുമാനിച്ചിരുന്നതായി  ശ്രീ അമിത് ഷാ പറഞ്ഞു. ഭീകരവാദ കേസുകൾ ശാസ്ത്രീയമായി അന്വേഷിക്കുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട  ഏജൻസി എന്ന നിലയിൽ വൈദഗ്ധ്യം നേടിയ എൻ‌ഐ‌എയുടെ കുറ്റാന്വേഷണ -  ശിക്ഷാ നിരക്ക് 96 ശതമാനത്തിലധികമാണ്.  പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ഉടൻ തന്നെ എൻ‌ഐ‌എയ്ക്ക് കൈമാറുകയും ഭീകരവാദികള്‍ക്ക് രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനാവാത്തവിധം  സൈന്യവും ബി‌എസ്‌എഫും സി‌ആർ‌പി‌എഫും ജമ്മുകശ്മീർ പൊലീസും  പൂർണ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു.   അന്വേഷണത്തിന്റെ തുടക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും വിനോദസഞ്ചാരികളും  കഴുതയോട്ടക്കാരും  കുതിരസവാരിക്കാരും  ഫോട്ടോഗ്രാഫർമാരും ജീവനക്കാരും  കടയിലെ തൊഴിലാളികളുമടക്കം  ആകെ 1055 പേരെ 3000 മണിക്കൂറിലധികം ചോദ്യം ചെയ്തതായും ഇതെല്ലാം ചിത്രീകരിച്ചതായും ശ്രീ അമിത് ഷാ സഭയെ അറിയിച്ചു. ഇതുവഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി.  ഭീകരർക്ക് അഭയം നൽകിയ ബഷീറിനെയും പർവേസിനെയും  2025 ജൂൺ 22 ന് അഥവാ പഹൽഗാം ഭീകരാക്രമണത്തിന് പിറ്റേ ദിവസം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. 2025 ഏപ്രിൽ 21-ന് രാത്രി 8 മണിക്കാണ് മൂന്ന് ഭീകരരും  എത്തിയതെന്നും അവരുടെ കൈവശം എകെ-47, എം-9 കാർബൈന്‍  തോക്കുകളുണ്ടായിരുന്നെന്നും ഇരുവരും വെളിപ്പെടുത്തിയതായി ശ്രീ അമിത് ഷാ പറഞ്ഞു. ബഷീറിന്റെയും പർവേസിന്റെയും അമ്മ കൊല്ലപ്പെട്ട മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശേഷം എഫ്എസ്എൽ വഴിയും ഇക്കാര്യം സ്ഥിരീകരിച്ചതായും ശ്രീ ഷാ സഭയെ അറിയിച്ചു. ഇവർ മൂന്നുപേരും പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരവാദികളാണെന്നും  ഇവരില്‍നിന്ന് കണ്ടെടുത്ത രണ്ട് എകെ 47, ഒരു എം-9 കാർബൈന്‍ ആയുധങ്ങള്‍ ആക്രമണത്തിൽ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

മൂന്നില്‍  രണ്ട് ഭീകരരുടെ പാകിസ്ഥാൻ വോട്ടർ നമ്പറുകളും റൈഫിളുകളും ലഭ്യമാണെന്നും അവരില്‍നിന്ന്   ലഭിച്ച ചോക്ലേറ്റുകള്‍ പാകിസ്ഥാന്‍ നിര്‍മിതമാണെന്നും  അതിനാല്‍ മൂവരും  പാകിസ്ഥാനികളാണെന്നതിന് എല്ലാ തെളിവുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പഹൽഗാം ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനാണെന്ന് നമ്മുടെ പാര്‍ലമെന്റ് അംഗങ്ങള്‍ സന്ദര്‍ശിച്ച ലോകരാജ്യങ്ങളെല്ലാം അംഗീകരിച്ചതാണ്. 

2025 ഏപ്രിൽ 22 ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തില്‍  26 പേർ കൊല്ലപ്പെട്ടുവെന്ന് ശ്രീ അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. മരിച്ചവരിൽ 25 പേർ ഇന്ത്യൻ പൗരന്മാരും ഒരാൾ നേപ്പാളി പൗരനുമാണ്. ആക്രമണത്തിന് ശേഷം  നേരിട്ട് ശ്രീനഗറിലേക്ക് പോയെന്നും  ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് നിർദേശം നൽകാന്‍ സുരക്ഷാ സേനയുമായും സൈനിക ഏജൻസികളുമായും രാത്രി യോഗം ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23 നും ഏപ്രിൽ 30 നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍  മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) യോഗം ചേര്‍ന്നു. ഏപ്രിൽ 23 ന് ചേര്‍ന്ന യോഗത്തിൽ പ്രധാനമന്ത്രി മോദി കൈക്കൊണ്ട ആദ്യ നടപടി സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. തുടർന്ന് അട്ടാരി വഴി പ്രവർത്തിക്കുന്ന സംയോജിത ചെക്ക്പോസ്റ്റ് അടച്ചുപൂട്ടി. രാജ്യത്തെ പാകിസ്ഥാൻ പൗരന്മാരുടെ സാർക്ക് വിസകൾ താൽക്കാലികമായി നിർത്തിവച്ച് അവരെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പ്രതിരോധ, സൈനിക, നാവിക ഉപദേഷ്ടാക്കളെ അസ്വീകാര്യരായി പ്രഖ്യാപിക്കുകയും അവരുടെ എണ്ണം 55ൽ നിന്ന് 30 ആയി കുറയ്ക്കുകയും ചെയ്തു. ഭീകരവാദികള്‍ എവിടെ ഒളിച്ചിരുന്നാലും അവരെ പരിശീലിപ്പിക്കുന്നവർ എവിടെയാണെങ്കിലും സൈന്യവും ജമ്മുകശ്മീർ പൊലീസും സിആർപിഎഫും ബിഎസ്എഫും  ചേര്‍ന്ന് അവര്‍ക്ക് ഉചിതമായ മറുപടി നൽകുമെന്ന് സിസിഎസ് യോഗം തീരുമാനിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു.

രാജ്യത്തെ സൈന്യം കൈക്കൊണ്ട പ്രത്യാക്രമണ നടപടികളേക്കാൾ സംയമനത്തോടെ  ചെയ്യാവുന്ന മറ്റൊരു പ്രതികരണമില്ലെന്ന് അദ്ദേഹം പറഞ്ഞു.  സൈന്യം ഒമ്പത് ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചപ്പോഴും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഒരു സാധാരണക്കാരൻ പോലും കൊല്ലപ്പെട്ടില്ല.  ‘സർജിക്കൽ സ്ട്രൈക്കി’ലും ‘വ്യോമാക്രമണ’ത്തിലും പാക് അധിനിവേശ കശ്മീരിൽ (പിഒകെ) മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയത്.  പാക് അധിനിവേശ കശ്മീർ (പിഒകെ) ഇന്ത്യയുടേതാണെന്ന് അടിവരയിട്ട ശ്രീ അമിത് ഷാ,  ഇത്തവണ ഓപ്പറേഷൻ സിന്ദൂറിലൂടെ  നാം പാകിസ്ഥാനിലേക്ക് 100 കിലോമീറ്റർ കടന്നുകയറി ഭീകരരെ വധിച്ചുവെന്ന് വ്യക്തമാക്കി. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ നോട്ടപ്പുള്ളികളും അപകടകാരികളുമായ നിരവധി ഭീകരരെ വധിച്ചു. പ്രതിപക്ഷം ഭരിച്ച സമയത്ത്  ഇന്ത്യൻ മണ്ണിലെ  ഭീകരാക്രമണങ്ങൾക്ക് ശേഷം നിരവധി ഭീകരർ ഒളിവിൽ പോയെങ്കില്‍  ഇപ്പോൾ രാജ്യത്തെ സൈന്യം അവരെ ഒന്നൊന്നായി ഇല്ലാതാക്കി.  ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ കുറഞ്ഞത് 125 ഭീകരരെയെങ്കിലും വധിച്ചതായി അദ്ദേഹം അറിയിച്ചു.

ഇന്ത്യ ഭീകരരുടെ ഒളിത്താവളങ്ങളും  ആസ്ഥാനങ്ങളും മാത്രമാണ് ആക്രമിച്ചതെന്നും അത് സ്വയം പ്രതിരോധത്തിന്റെ  അവകാശമാണെന്നും  മെയ് 7 ന് പുലർച്ചെ 1:22 ന് ഇന്ത്യന്‍ ഡിജിഎംഒ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) പാകിസ്ഥാന്‍‍ ഡിജിഎംഒയെ അറിയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.  ഉറി ഭീകരാക്രമണത്തിന് പിന്നാലെ നാം സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തി; പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി നാം വ്യോമാക്രമണം നടത്തി; ഇപ്പോൾ പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രത്യാക്രമണത്തില്‍  പാകിസ്ഥാൻ അതിർത്തിയ്ക്കകത്ത് 100 കിലോമീറ്റർ കടന്ന് ഒന്‍പത് തീവ്രവാദ ഒളിത്താവളങ്ങളും 100-ലധികം ഭീകരവാദികളെയും ഉന്മൂലനം ചെയ്തതായി ശ്രീ ഷാ പറഞ്ഞു.

പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യ  ആക്രമിച്ചതെന്നും  അതിനെ രാജ്യത്തിനുമേല്‍ നടത്തിയ ആക്രമണമായി കണക്കാക്കി ഭീകരവാദവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് പാകിസ്ഥാനെന്നും  ശ്രീ അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഭീകരരുടെ  സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതോടെ സര്‍ക്കാര്‍ സ്പോൺസർ ചെയ്യുന്ന ഭീകരാവാദത്തിന്റെ കേന്ദ്രമാണ് പാകിസ്ഥാനെന്ന് ലോകത്തിന് ബോധ്യപ്പെട്ടു. മെയ് 8 ന് പാകിസ്ഥാൻ ഇന്ത്യയിലെ ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്നും ഒരു ഗുരുദ്വാരയ്ക്ക് കേടുപാടുകൾ വരുത്തുകയും ഒരു ക്ഷേത്രം തകർക്കുകയും ചെയ്തുവെന്നും രാജ്യത്തെെ സാധാരണക്കാർക്ക് ജീവഹാനി സംഭവിച്ചുവെന്നും ശ്രീ ഷാ പറഞ്ഞു. ഇതിന് മറുപടിയായി തൊട്ടടുത്ത ദിവസം ഇന്ത്യൻ വ്യോമസേന പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ നശിപ്പിച്ച് ശക്തമായ തിരിച്ചടി നൽകിയതായും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാൻ നമ്മുടെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. പക്ഷേ നാം ഒരിക്കലും പാകിസ്ഥാനിലെ ജനവാസ മേഖലകൾ ആക്രമിച്ചില്ല. പാകിസ്ഥാന്റെ വ്യോമതാവളങ്ങളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും, ഇത് ആക്രമണങ്ങൾ നടത്താനുള്ള അവരുടെ ശേഷി ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം, പാകിസ്ഥാന് കീഴടങ്ങുകയല്ലാതെ വേറെ മാർഗ്ഗമില്ലാതായെന്നും അതുകൊണ്ടാണ് മെയ് 10 ന് പാകിസ്ഥാൻ DGMO ഇന്ത്യൻ DGMO യെ ഫോണിൽ വിളിച്ചതെന്നും, സംഘർഷം അവസാനിപ്പിക്കാൻ 5 മണിക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഇത്രയും ശക്തമായ നിലയിലാണെങ്കിൽ എന്തുകൊണ്ട് യുദ്ധം തുടർന്നില്ല എന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായി, യുദ്ധത്തിന് വളരെ വലിയ  പ്രത്യാഘാതങ്ങളുണ്ടെന്നും, ഇത് സംബന്ധിച്ച ഏതൊരു തീരുമാനവും ശ്രദ്ധാപൂർവ്വം കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. 1965 ലെ യുദ്ധത്തിൽ, ഹാജി പിർ പോലുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ നാം പിടിച്ചെടുത്തുവെന്നും 1966 ൽ അവ പാകിസ്ഥാന് തിരികെ നൽകിയെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 1971 ലെ യുദ്ധത്തിൽ, നമ്മുടെ പക്കൽ 93,000 പാകിസ്ഥാൻ യുദ്ധത്തടവുകാരുണ്ടായിരുന്നുവെന്നും 15,000 ചതുരശ്ര കിലോമീറ്റർ പാകിസ്ഥാൻ പ്രദേശം നമ്മുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അന്നത്തെ സർക്കാർ ഷിംല കരാർ ഒപ്പുവെക്കുകയും പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ വിസ്‌മരിക്കുകയും ചെയ്തു. ആ സമയത്ത്  പാക് അധീന കശ്മീർ ഏറ്റെടുത്തിരുന്നെങ്കിൽ ഇന്നത്തെ സാഹചര്യം സംജാതമാകുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് അധീന കശ്മീർ ഏറ്റെടുക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നു മാത്രമല്ല, നമ്മുടെ നിയന്ത്രണത്തിലായിരുന്ന 15,000 ചതുരശ്ര കിലോമീറ്റർ ഭൂമി പാകിസ്ഥാന് വിട്ടുകൊടുക്കുകയും ചെയ്‌തെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു. 
1962 ലെ യുദ്ധത്തിൽ എന്താണ് സംഭവിച്ചതെന്നും അക്സായി ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്റർ ചൈനയ്ക്ക് നൽകിയത് എന്തുകൊണ്ടാണെന്നും ശ്രീ അമിത് ഷാ പ്രതിപക്ഷത്തോട് ആരാഞ്ഞു. 

പാകിസ്ഥാന്റെ ഒത്താശയോടെയാണ് തങ്ങളുടെ ഭ
രണകാലത്ത് നടന്ന ഭീകരാക്രമണങ്ങൾ നടന്നതെന്നും, അവ പ്രധാനമായും കശ്മീർ കേന്ദ്രീകൃതമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2014 മുതൽ 2025 വരെ രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടില്ല. നരേന്ദ്ര മോദി സർക്കാർ കാരണമാണ് കശ്മീരിൽ യുവാക്കൾ ഭീകരവാദത്തിലേക്ക് തിരിയാത്തതെന്നും അതുകൊണ്ടാണ് പാകിസ്ഥാനിൽ നിന്ന് ഭീകരരെ ഇറക്കുമതി ചെയ്യേണ്ട  സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

 


മോദി സർക്കാരിന് ജനങ്ങളോടും പാർലമെന്റിനോടും ദേശീയ താത്പര്യങ്ങളോടും മാത്രമാണ് ഉത്തരവാദിത്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 2004 നും 2014 നും ഇടയിൽ കശ്മീരിൽ 7,217 ഭീകരാക്രമണങ്ങൾ നടന്നതായും, 2015 നും 2025 നും ഇടയിൽ 2,150 ഭീകരാക്രമണങ്ങൾ നടന്നതായും, ഇത് ഭീകരവാദ സംഭവങ്ങളിൽ 70 ശതമാനം കുറവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2004 നും 2014 നും ഇടയിൽ 1,770 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും, 2015 നും 2025 നും ഇടയിൽ ഈ എണ്ണം 357 ആയിക്കുറഞ്ഞെന്നും, ഇത് 80 ശതമാനം കുറവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2004 നും 2014 നും ഇടയിൽ 1,060 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും, 2015 നും 2025 നും ഇടയിൽ 542 സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് വീരമൃത്യു വരിച്ചതെന്നും ശ്രീ ഷാ പറഞ്ഞു. നമ്മുടെ സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ട ഭീകരവാദികളുടെ എണ്ണം 123 ശതമാനം വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. അനുച്ഛേദം 370 റദ്ദാക്കിയത് കശ്മീരിലെ ഭീകരവാദ ആവാസവ്യവസ്ഥയെ തകർത്തതായി അദ്ദേഹം പറഞ്ഞു. ഭീകരവാദ ആവാസവ്യവസ്ഥയെ സംരക്ഷിച്ച പ്രതിപക്ഷ സർക്കാരുകളാണ് അനുച്ഛേദം 370 നെയും ദീർഘകാലം സംരക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഭീകര നിർമ്മാർജ്ജന പദ്ധതി, പ്രാദേശിക ആധിപത്യ പദ്ധതി, ബഹുതല  വിന്യാസം എന്നിവ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും സുരക്ഷാ ജയിലുകൾ നിർമ്മിച്ചിട്ടുണ്ടെന്നും, 98 ശതമാനം വിചാരണകളും ഇപ്പോൾ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നടക്കുന്നതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. സുരക്ഷിതമായ ആശയവിനിമയ മാർഗ്ഗങ്ങൾ സൃഷ്ടിച്ചതായും, 702 ഫോൺ വിൽപ്പനക്കാരെ ജയിലിലടച്ചതായും, 2666 സിം കാർഡുകൾ ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ എവിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടാലും അവിടെ തന്നെ സംസ്ക്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഭീകരരുടെ ബന്ധുക്കളെയും പിന്തുണക്കാരെയും തിരഞ്ഞു പിടിച്ച് ജയിലിലടയ്ക്കുകയും അവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുകയും അവർക്ക് നൽകിയ സർക്കാർ കരാറുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ പിന്തുണച്ച 75-ലധികം പേരെ കോടതി ഉത്തരവുകളിലൂടെ സർക്കാർ ജോലികളിൽ നിന്ന് പിരിച്ചുവിട്ടു. ബാർ കൗൺസിൽ ഭീകരരുടെ പിന്തുണക്കാരാൽ നിറഞ്ഞിരുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു, അത് താൽക്കാലികമായി നിർത്തിവച്ചു, പുതിയ ജനകീയ തിരഞ്ഞെടുപ്പ് നടത്തി, നിരവധി സംഘടനകളെ നിരോധിച്ചു. ഒരു പ്രത്യേക യുഎപിഎ കോടതി രൂപീകരിച്ചുകൊണ്ട്, 2022 മാർച്ചിനും 2025 നും ഇടയിൽ ഏകദേശം 2,260 യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തു. 374 കണ്ടുകെട്ടലുകൾ നടന്നു. മുമ്പ്, സംഘടിതമായി കല്ലെറിയുന്ന സംഭവങ്ങൾ ഏറെയായിരുന്നെകിൽ,  ഇപ്പോൾ അവയുടെ എണ്ണം പൂജ്യമായി. മുമ്പ്, പാകിസ്ഥാനിൽ നിന്ന് പണിമുടക്കുകൾ പ്രഖ്യാപിക്കാറുണ്ടായിരുന്നു, കശ്മീർ താഴ്‌വര അടച്ചുപൂട്ടിയിരുന്നു, എന്നാൽ ഇപ്പോൾ പാകിസ്ഥാനിലും താഴ്‌വരയിലും ഉള്ള ആർക്കും ഇത്തരത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. 
മുമ്പ്, താഴ്‌വര വർഷത്തിൽ 132 ദിവസം അടച്ചിട്ടിരുന്നു, എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി സമരങ്ങളുടെ എണ്ണം പൂജ്യമായി കുറഞ്ഞു.  കല്ലേറിൽ എല്ലാ വർഷവും 100-ലധികം പേർ മരിക്കാറുണ്ടായിരുന്നു, ഇപ്പോൾ സാധാരണക്കാരുടെ മരണങ്ങളും പരിക്കുകളും പൂജ്യമായി കുറഞ്ഞു.


ഹുറിയത്ത് നേതാക്കൾക്ക് വിഐപി പരിഗണന ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും, ഹുറിയത്തുമായി ചർച്ചകൾ നടത്തിയിരുന്നതായും, ഹുറിയത്ത് പ്രതിനിധികൾ എത്തുമ്പോൾ അവർക്ക് ചുവപ്പ് പരവതാനി വിരിച്ചിരുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു. എന്നാലിപ്പോൾ ഹുറിയത്തിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചു. അവരുടെ എല്ലാ നേതാക്കളും അഴികൾക്ക് പിന്നിലാണ്. ഹുറിയത്തിനോട് ചർച്ച നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഹുറിയത്ത് ഭീകരരുടെ സംഘടനയാണെന്നും അവരുമായി ചർച്ചയില്ലെന്നും താഴ്‌വരയിലെ യുവാക്കളുമായി നേരിട്ട് സംസാരിക്കുമെന്നും ഉള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നയം സഭയിൽ ആവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് കശ്മീരിലെ തിരഞ്ഞെടുപ്പുകളിൽ ഭയത്തിന്റെ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ 98.3 ശതമാനം പോളിംഗ് നടന്നു. 2019 വർഷത്തിനുശേഷം, ടിആർഎഫ്, പീപ്പിൾ ആന്റി ഫാസിസ്റ്റ് ഫ്രണ്ട്, തെഹ്രീക്-ഉൽ-മുജാഹിദീൻ, ജമാഅത്ത്-ഉൽ-മുജാഹിദീൻ, ബംഗ്ലാദേശ്-ഹിന്ദുസ്ഥാൻ ജമ്മു-കശ്മീർ ഗസ്‌നവി ഫോഴ്‌സ്, ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ്, ഹിസ്ബുൾ തഹ്‌രീർ എന്നിവയുൾപ്പെടെ നിരവധി ഭീകര സംഘടനകളെ  സർക്കാർ നിരോധിച്ചു.

മൈനസ് 43 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പർവ്വതങ്ങളിലും നദികൾക്കും അരുവികൾക്കും സമീപം താമസിച്ചാണ് നമ്മുടെ സൈനികർ രാജ്യത്തെ സംരക്ഷിക്കുന്നതെന്നും, ആരെങ്കിലും നമ്മുടെ പ്രദേശത്ത് പ്രവേശിച്ചാൽ അയാൾ അതിജീവിക്കില്ല, ഒന്നുകിൽ നമ്മൾ അയാളെ അറസ്റ്റ് ചെയ്യും അല്ലെങ്കിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടും എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

 

*****


(Release ID: 2150016)