തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

"പിഎം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) " 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും

Posted On: 25 JUL 2025 1:04PM by PIB Thiruvananthpuram
"പിഎം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) " എന്ന പേരിൽ,  കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച തൊഴിൽ ബന്ധിത പ്രോത്സാഹന (Employment Linked Incentive -ELI) പദ്ധതി,  2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ വികസിത ഭാരത സംരംഭങ്ങളുമായി ബന്ധപ്പെട്ട സമഗ്ര ലക്ഷ്യങ്ങൾക്ക് അനുപൂരകമാണ് ഈ പേര്. കൂടാതെ രാജ്യത്ത് സമഗ്രവും സുസ്ഥിരവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെയും പദ്ധതി പ്രതിഫലിപ്പിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനമേകുക എന്നതാണ്  99,446 കോടി രൂപയുടെ PMVBRY പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൽ 1.92 കോടി ഗുണഭോക്താക്കൾ ആദ്യമായി തൊഴിൽ സേനയിൽ പ്രവേശിക്കുന്നവരായിരിക്കും. 2025 ഓഗസ്റ്റ് 01 നും 2027 ജൂലൈ 31 നും ഇടയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ബാധകമാകുക.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി, ഉത്പാദന മേഖലയിൽ സവിശേഷ ശ്രദ്ധ ചെലുത്തി വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിൽ അധിഷ്ഠിത വികസനത്തിലൂടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ നിർണായക ഘടകമാണിത്.

ഈ പദ്ധതിയ്ക്ക് രണ്ട് ഭാഗങ്ങളുണ്ടാകും, പാർട്ട് എ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവരെ  കേന്ദ്രീകരിച്ചും പാർട്ട് ബി തൊഴിലുടമകളെ കേന്ദ്രീകരിച്ചും:

പാർട്ട് എ: ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രോത്സാഹനം:

EPFO യിൽ രജിസ്റ്റർ ചെയ്ത് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ ലക്ഷ്യം വച്ചുള്ള പാർട്ട് എ പ്രകാരം, രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒരു മാസത്തെ EPF വേതനം വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാർക്ക് അർഹതയുണ്ടായിരിക്കും. ആദ്യ ഗഡു ജീവനക്കാരന്റെ 6 മാസത്തെ സേവനത്തിനു ശേഷവും, രണ്ടാമത്തെ ഗഡു 12 മാസത്തെ സേവനവും ഒരു സാമ്പത്തിക സാക്ഷരതാ പരിപാടി പൂർത്തിയാക്കിയതിനു ശേഷവും നൽകും. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇൻസെന്റീവിന്റെ ഒരു ഭാഗം ഒരു നിശ്ചിത കാലയളവിലേക്ക് ഒരു സേവിംഗ്സ് പദ്ധതിയിലോ നിക്ഷേപ അക്കൗണ്ടിലോ സൂക്ഷിക്കും, പിന്നീട് ജീവനക്കാരന് അത് പിൻവലിക്കാം.

പാർട്ട് ബി: തൊഴിലുടമകൾക്കുള്ള പിന്തുണ:

എല്ലാ മേഖലകളിലും അധിക തൊഴിൽ, പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ അധിക തൊഴിൽ സൃഷ്ടിക്കുകയെന്നതിലാണ് പാർട്ട് ബി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാരുടെ തൊഴിലുടമകൾക്ക് ഇൻസെന്റീവ് ലഭിക്കും. കുറഞ്ഞത് ആറ് മാസമെങ്കിലും സ്ഥിരമായ തൊഴിൽ ലഭിക്കുന്ന ഓരോ അധിക ജീവനക്കാരനും രണ്ട് വർഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ എന്ന കണക്കിൽ തൊഴിലുടമകൾക്ക് സർക്കാർ പ്രോത്സാഹനം നൽകും. നിർമ്മാണ മേഖലയ്ക്ക്, മൂന്നാമത്തെയും നാലാമത്തെയും വർഷങ്ങളിലേക്കും ആനുകൂല്യങ്ങൾ വ്യാപിപ്പിക്കും.

EPFO യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ, കുറഞ്ഞത് ആറ് മാസത്തേക്ക് സ്ഥിര അടിസ്ഥാനത്തിൽ കുറഞ്ഞത് രണ്ട് അധിക ജീവനക്കാരെയോ (50 ൽ താഴെ ജീവനക്കാരുള്ള തൊഴിലുടമകൾ) അഞ്ച് അധിക ജീവനക്കാരെയോ (50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലുടമകൾ) നിയമിക്കേണ്ടതുണ്ട്.

പ്രോത്സാഹന ഘടന ഇപ്രകാരമായിരിക്കും:
 


അധിക ജീവനക്കാരുടെ EPF  വേതന സ്ലാബുകൾ

ഓരോ അധിക ജോലിക്കും തൊഴിലുടമയ്ക്കുള്ള ആനുകൂല്യം (പ്രതിമാസം)

10,000 രൂപ വരെ*

1,000 രൂപ വരെ

10,000 രൂപയിൽ കൂടുതലും 20,000 രൂപ വരെയും

2,000 രൂപ

20,000 രൂപയിൽ കൂടുതൽ (പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളം)

3,000 രൂപ

*10,000 രൂപ വരെ EPF വേതനമുള്ള ജീവനക്കാർക്ക് ആനുപാതികമായ ഇൻസെന്റീവ് ലഭിക്കും.


ഇൻസെന്റീവ് വിതരണത്തിനുള്ള സംവിധാനം:

പദ്ധതിയുടെ പാർട്ട് എ പ്രകാരം ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ  ആധാർ ബ്രിഡ്ജ് പേയ്‌മെന്റ് സിസ്റ്റം (ABPS) ഉപയോഗിച്ച് DBT (നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ) മാതൃകയിലായിരിക്കും. പാർട്ട് ബി പ്രകാരം തൊഴിലുടമകൾക്കുള്ള  സാമ്പത്തിക ആനുകൂല്യങ്ങൾ അവരുടെ പാൻ-ബന്ധിത അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.
 
****

(Release ID: 2148410)