പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു


അഭിമാനകരമായ ജനാധിപത്യത്തിന്റെയും സൗഹൃദരാഷ്ട്രത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതു ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു: പ്രധാനമന്ത്രി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജനാധിപത്യം ജീവിത​രീതിയാണ്: പ്രധാനമന്ത്രി

നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിൽ വേരൂന്നിയ ബന്ധമാണ് ഇന്ത്യയും ട്രിനിഡാഡ് & ടുബേഗോയും പങ്കിടുന്നത്: പ്രധാനമന്ത്രി

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനു ഞങ്ങൾ സ്ത്രീകളുടെ കൈകൾക്കു കരുത്തേകുന്നു: പ്രധാനമന്ത്രി

നമ്മുടെ വികസനം മറ്റുള്ളവരോടുള്ള ഉത്തരവാദിത്വമായി ഞങ്ങൾ കാണുന്നു; കൂടാതെ, ഗ്ലോബൽ സൗത്ത് എപ്പോഴും ഞങ്ങളുടെ മുൻ‌ഗണനയാണ്: പ്രധാനമന്ത്രി

ഗ്ലോബൽ സൗത്ത് ഉയർന്നുവരികയാണ്; പുതിയതും മികച്ചതുമായ ലോകക്രമത്തിനായി അവർ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി

ഗ്ലോബൽ സൗത്തിനായുള്ള ഇന്ത്യയുടെ മാർഗനിർദേശ കാഴ്ചപ്പാടാണു ‘മഹാസാഗർ’: പ്രധാനമന്ത്രി

Posted On: 04 JUL 2025 10:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ [T&T] സംയുക്ത അസംബ്ലിയെ അഭിസംബോധന ചെയ്തു. സെനറ്റ് പ്രസിഡന്റ് വേഡ് മാർക്കിന്റെയും സഭാസ്പീക്കർ ജഗ്ദേവ് സിങ്ങിന്റെയും ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ അഭിസംബോധന. T&T പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു ശ്രീ ​മോദി. ഇന്ത്യ-ട്രിനിഡാഡ് & ടുബേഗോ ഉഭയകക്ഷിബന്ധത്തിലെ നാഴികക്കല്ലായി ഈ വേള മാറി.

മഹത്തായ സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രതിനിധാനംചെയ്ത് അംഗങ്ങൾക്കു പ്രത്യേക ആശംസകൾ നേർന്നു. നാടിന്റെ പരമോന്നത ദേശീയ ബഹുമതി സമ്മാനിച്ചതിന് T&T-യിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഊർജസ്വലതയെക്കുറിച്ചു വിശദീകരിച്ച അദ്ദേഹം, ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ, ഈ സമ്പ്രദായത്തെ ഇന്ത്യ അതിന്റെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും അവിഭാജ്യഘടകമാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. ഈ സമീപനം, ഇന്ത്യയുടെ വൈവിധ്യം വളരാനും അഭിവൃദ്ധി പ്രാപിക്കാനും വിവിധ ആശയങ്ങൾ ഒത്തുചേർന്നു നിലകൊള്ളാനും പാർലമെന്ററി സംവാദങ്ങളും പൊതുചർച്ചകളും സമ്പന്നമാക്കാനും വഴിയൊരുക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

T&T-യുടെ വിജയകരമായ ജനാധിപത്യയാത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ T&T-യിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളാൻ ഇന്ത്യക്കു ഭാഗ്യം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കൂടുതൽ കരുത്താർജിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ജനാധിപത്യരാഷ്ട്രങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി, ഇന്ത്യ സമ്മാനിച്ച സ്പീക്കറുടെ ചെയർ പ്രതിഫലിക്കുന്നതായി വ്യക്തമാക്കിയ പ്രധാനമന്ത്രി, ഉഭയകക്ഷി പാർലമെന്ററി വിനിമയങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. സഭയിൽ ഗണ്യമായ വനിതാ പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സീറ്റുകൾ സംവരണം ചെയ്യാൻ ഇന്ത്യ സ്വീകരിച്ച ചരിത്രപരമായ നടപടി എടുത്തുപറഞ്ഞു. ഇന്ത്യയുടെ താഴേത്തട്ടിലും വനിതകൾ നേതൃത്വം വഹിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ സാഹചര്യത്തിൽ, രാജ്യത്തെ തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനായി തെ​രഞ്ഞെടുക്കപ്പെട്ട ഒന്നരദശലക്ഷം സ്ത്രീകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

മാനവികത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. സമാധാനം കാംക്ഷിക്കുന്ന സമൂഹത്തിനു ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഭീകരതയ്ക്കെതിരായ പോരാട്ടത്തിനു കരുത്തേകാൻ ആഗോള സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള ഭരണപരിഷ്കരണം അനിവാര്യമാണെന്നും ഗ്ലോബൽ സൗത്തിനു യഥാർഥ പരിഗണന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യ-CARICOM ബന്ധത്തിനു കൂടുതൽ കരുത്തേകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ട്രിനിഡാഡിലേക്ക് ഇന്ത്യക്കാർ എത്തിയതിന്റെ 180-ാം വാർഷികാഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദങ്ങളുടെ അടിത്തറയിൽ അധിഷ്ഠിതമാണെന്നും അവ കൂടുതൽ ആഴത്തിലും അഭിവൃദ്ധിയിലും തുടരുമെന്നും ചൂണ്ടിക്കാട്ടി.​ 

****

NK

*


(Release ID: 2142405) Visitor Counter : 2