പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു
കഴിഞ്ഞ 11 വർഷത്തിനിടെ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗതയിൽ നടന്നു: പ്രധാനമന്ത്രി
ആധുനിക അടിസ്ഥാനസൗകര്യങ്ങളൊരുക്കി നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾക്കു രാജ്യം ‘അമൃത് ഭാരത്’ സ്റ്റേഷനുകൾ എന്നു പേരുനൽകി; ഈ ‘അമൃത് ഭാരത്’ സ്റ്റേഷനുകളിൽ നൂറിലധികം എണ്ണം ഇന്നു സജ്ജമായി: പ്രധാനമന്ത്രി
ജലസേചനപദ്ധതികൾ പൂർത്തിയാക്കുന്നതിനൊപ്പം നാം നദീസംയോജനത്തിലും ശ്രദ്ധ ചെലുത്തുന്നു: പ്രധാനമന്ത്രി
മൂന്നു സായുധസേനകൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നമ്മുടെ ഗവണ്മെന്റ് നൽകി; മൂന്നു സേനകളും ചേർന്നു മറികടക്കാനാകാത്ത ‘ചക്രവ്യൂഹം’ സൃഷ്ടിക്കുകയും മുട്ടുകുത്താൻ പാകിസ്ഥാൻ നിർബന്ധിതരാകുകയും ചെയ്തു: പ്രധാനമന്ത്രി
‘സിന്ദൂർ’ ‘ബാരൂദ്’ ആയി മാറുമ്പോൾ എന്താണു സംഭവിക്കുകയെന്നു ലോകവും രാജ്യത്തിന്റെ ശത്രുക്കളും കണ്ടു: പ്രധാനമന്ത്രി
ഭീകരതയ്ക്കെതിരായി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടു മൂന്നു തത്വങ്ങൾ നിർണയിക്കാൻ ‘ഓപ്പറേഷൻ സിന്ദൂറി’നായി: പ്രധാനമന്ത്രി
ഇന്ന് ഇന്ത്യയുടെ നിലപാടു വ്യക്തമാണ്; ഓരോ ഭീകരാക്രമണത്തിനും പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരും; ഈ വില പാകിസ്ഥാൻ സൈന്യവും പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയും നൽകേണ്ടിവരും: പ്രധാനമന്ത്രി
ഇന്ത്യക്കാരുടെ ജീവൻവച്ചു കളിച്ചാൽ ഇനിയതിനു കനത്ത വില പാകിസ്ഥാൻ നൽകേണ്ടിവരും: പ്രധാനമന്ത്രി
Posted On:
22 MAY 2025 1:48PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യമെമ്പാടുമുള്ള എല്ലാ ആദരണീയ വ്യക്തികൾക്കും പൗരന്മാർക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു.
കർണി മാതാവിന്റെ അനുഗ്രഹം തേടിയാണു താൻ പരിപാടിയിൽ എത്തിയതെന്നു ശ്രീ മോദി പറഞ്ഞു. ഈ അനുഗ്രഹങ്ങൾ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയ്ക്കു കൂടുതൽ കരുത്തേകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ₹26,000 കോടി മൂല്യമുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതിന്റെ പശ്ചാത്തലത്തിൽ, ഈ പദ്ധതികൾ രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിവർത്തനാത്മക സംരംഭങ്ങൾക്ക് അദ്ദേഹം പൗരന്മാരെ അഭിനന്ദിച്ചു.
ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങളിലെ വിപുലമായ പരിവർത്തനം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ആധുനികവൽക്കരണത്തോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്കും ഊന്നൽ നൽകി. കഴിഞ്ഞ 11 വർഷത്തിനിടെ റോഡുകൾ, വിമാനത്താവളങ്ങൾ, റെയിൽപ്പാതകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലെ അതിവേഗ പുരോഗതിയിലേക്കു പ്രധാനമന്ത്രി വിരൽചൂണ്ടി. “മുൻവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോൾ അടിസ്ഥാനസൗകര്യ വികസനത്തിൽ ആറുമടങ്ങു കൂടുതൽ നിക്ഷേപം നടത്തുന്നു. ഇതു ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്” – അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തമായ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുഭാഗത്തെ ശ്രദ്ധേയമായ ചെനാബ് പാലം, അരുണാചൽ പ്രദേശിലെ സേല തുരങ്കം, കിഴക്ക് അസമിലെ ബോഗിബീൽ പാലം എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. പടിഞ്ഞാറൻ ഇന്ത്യയുടെ കാര്യത്തിൽ മുംബൈയിലെ അടൽ സേതുവിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, തെക്കൻ മേഖലയിലെ പാമ്പൻ പാലം ഇത്തരത്തിലെ ആദ്യ പാലമാണെന്നും എടുത്തുപറഞ്ഞു.
ഇന്ത്യയുടെ റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കാനുള്ള നിരന്തര ശ്രമങ്ങൾക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകളുടെ ആരംഭം രാജ്യത്തിന്റെ പുതിയ വേഗതയുടെയും പുരോഗതിയുടെയും പ്രതീകങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 70 പാതകളിൽ ഇപ്പോൾ വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ടെന്നും ഇത് ഒറ്റപ്പെട്ട മേഖലകളിലേക്കും ആധുനിക റെയിൽ സൗകര്യം കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 11 വർഷമായി രാജ്യത്തു നടന്ന അതിശയകരമായ അടിസ്ഥാനസൗകര്യവികസനങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറുകണക്കിനു റോഡ് മേൽപ്പാലങ്ങളും അടിപ്പാലങ്ങളും നിർമിക്കുകയും 34,000 കിലോമീറ്ററിലധികം പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുകയും ചെയ്തു. ബ്രോഡ്‌ഗേജ് പാതകളിൽ ആളില്ലാലെവൽ ക്രോസിങ്ങുകൾ പൂർണമായി നീക്കംചെയ്തതിലൂടെ സുരക്ഷയിൽ വലിയ മുന്നേറ്റമുണ്ടായി. ചരക്കുഗതാഗതം സുഗമമാക്കുന്നതിനായി സമർപ്പിത ചരക്ക് ഇടനാഴികളുടെ ദ്രുതഗതിയിലുള്ള വികസനം നടക്കുന്നുണ്ടെന്നും ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി 1300-ലധികം റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കുന്ന നടപടികൾ നടപ്പാക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആധുനികവൽക്കരിച്ച റെയിൽവേ സ്റ്റേഷനുകൾക്ക് ‘അമൃത് ഭാരത്’ സ്റ്റേഷനുകൾ എന്നു പേരു നൽകിയെന്നും അത്തരം നൂറിലധികം സ്റ്റേഷനുകൾ ഇതിനകം പൂർത്തിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക കലയുടെയും ചരിത്രത്തിന്റെയും പ്രദർശനങ്ങളായി വർത്തിക്കുന്ന ഈ സ്റ്റേഷനുകളുടെ ശ്രദ്ധേയമായ പരിവർത്തനത്തിനു സമൂഹമാധ്യമ ഉപയോക്താക്കൾ സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രജപുത്ര പാരമ്പര്യങ്ങളുടെ മഹത്വം പ്രതിഫലിപ്പിക്കുന്ന രാജസ്ഥാനിലെ മാണ്ഡൽഗഢ് സ്റ്റേഷനും, മധുബനി കലാസൃഷ്ടികളോടൊപ്പം ഥാവേവാലി മാതാവിന്റെ പവിത്ര സാന്നിധ്യം ചിത്രീകരിക്കുന്ന ബിഹാറിലെ ഥാവേ സ്റ്റേഷനും ഉൾപ്പെടെയുള്ള ശ്രദ്ധേയമായ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ഓർഛ റെയിൽവേ സ്റ്റേഷൻ ശ്രീരാമന്റെ ദിവ്യസാന്നിധ്യം പ്രതിഫലിപ്പിക്കുന്നു. അതേസമയം ശ്രീരംഗം സ്റ്റേഷന്റെ രൂപകൽപ്പന ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നതാണ്. ഗുജറാത്തിലെ ഡാക്കോർ സ്റ്റേഷൻ രൺഛോഡ് റായിജിയെ ആദരിക്കുന്നു. തിരുവണ്ണാമല സ്റ്റേഷൻ ദ്രാവിഡ വാസ്തുവിദ്യാസങ്കേതങ്ങൾ പിന്തുടരുന്നു. ബേഗംപേട്ട് സ്റ്റേഷൻ കാകതീയ രാജവംശത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യം ഉയർത്തിക്കാട്ടുന്നു. ഇന്ത്യയുടെ ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം, ഈ അമൃത് ഭാരത് സ്റ്റേഷനുകൾ വിവിധ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര വികസനത്തിനും യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വാതിൽ തുറക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ അടിസ്ഥാനസൗകര്യങ്ങളുടെ യഥാർഥ ഉടമകൾ സ്റ്റേഷനുകളായതിനാൽ അവയുടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
അടിസ്ഥാനസൗകര്യങ്ങളിലെ ഗവണ്മെന്റ് നിക്ഷേപം വികസനത്തിനു മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വ്യാപാരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സഹായമേകുമെന്നു ശ്രീ മോദി പറഞ്ഞു. ആയിരക്കണക്കിനു കോടിരൂപ ചെലവഴിക്കുന്നതു തൊഴിലാളികൾ, കടയുടമകൾ, ഫാക്ടറി ജീവനക്കാർ, ട്രക്ക്-ടെമ്പോ പോലുള്ള ഗതാഗത മേഖലയിലെ തൊഴിലാളികൾ എന്നിവർക്കു നേരിട്ടു പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയാകുമ്പോൾ, അതിന്റെ ഗുണഫലം പതിന്മടങ്ങു വർധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്കു കുറഞ്ഞ ചെലവിൽ അവരുടെ ഉൽപ്പന്നങ്ങൾ വിപണികളിലേക്കു കൊണ്ടുപോകാൻ കഴിയും. ഇതു പാഴാക്കൽ കുറയ്ക്കുന്നു. നന്നായി വികസിപ്പിച്ച റോഡുകളും വികസിപ്പിച്ച റെയിൽവേ ശൃംഖലകളും പുതിയ വ്യവസായങ്ങളെ ആകർഷിക്കുകയും വിനോദസഞ്ചാരത്തിനു വലിയ ഉത്തേജനമേകുകയും ചെയ്യുന്നു. അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം ആത്യന്തികമായി ഓരോ വീടിനും ഗുണംചെയ്യും. വളർന്നുവരുന്ന സാമ്പത്തിക അവസരങ്ങളിൽനിന്നു യുവാക്കൾക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ സംസ്ഥാനത്തിനു നൽകുന്ന വലിയ ഗുണഫലങ്ങൾ പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു. ഗ്രാമങ്ങളിലും അതിർത്തിപ്രദേശങ്ങളിലേക്കും ഗുണമേന്മയുള്ള റോഡുകൾ നിർമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, രാജസ്ഥാനിലെ റോഡ് അടിസ്ഥാനസൗകര്യങ്ങളിൽ മാത്രം ഏകദേശം ₹70,000 കോടി നിക്ഷേപിച്ചിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി കേന്ദ്ര ഗവണ്മെന്റ് ഏകദേശം ₹10,000 കോടി ചെലവഴിക്കാൻ പോകുകയാണ്. 2014നു മുമ്പത്തെ കാലയളവിനെ അപേക്ഷിച്ച് 15 ഇരട്ടിയിലധികമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബീക്കാനേറിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഇതു സമ്പർക്കസൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി. കൂടാതെ ആരോഗ്യം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ നിരവധി പുതിയ പദ്ധതികൾ ആരംഭിച്ചതും തറക്കല്ലിട്ടതും രാജസ്ഥാനിലെ നഗര-ഗ്രാമപ്രദേശങ്ങളുടെ സമഗ്രവികസനമാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ യുവാക്കൾക്ക് അവരുടെ സ്വന്തം നഗരങ്ങളിലും പട്ടണങ്ങളിലും വലിയ അവസരങ്ങൾ കണ്ടെത്താനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ നേതൃത്വത്തിൽ രാജസ്ഥാനിലെ വ്യാവസായികപുരോഗതി ത്വരിതഗതിയിലാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമയുടെ ഭരണം വിവിധ മേഖലകളിൽ പുതിയ വ്യാവസായിക നയങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതു ബീക്കാനേർ പോലുള്ള പ്രദേശങ്ങൾക്കു ഗുണം ചെയ്യുമെന്നും പറഞ്ഞു. ബീക്കാനേർ ഭുജിയയും ബീക്കാനേർ രസഗുളയും ആഗോളതലത്തിൽ കൂടുതൽ അംഗീകാരം നേടുമെന്നും സംസ്ഥാനത്തിന്റെ ഭക്ഷ്യ-സംസ്കരണ വ്യവസായത്തിന് ഇതു കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്റെ എണ്ണശുദ്ധീകരണശാല പദ്ധതി അവസാനഘട്ടത്തിലാണെന്നും പെട്രോളിയം അധിഷ്ഠിത വ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായി സംസ്ഥാനത്തെ ഇതു മാറ്റുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അമൃത്‌സർമുതൽ ജാംനഗർവരെയുള്ള ആറുവരി സാമ്പത്തിക ഇടനാഴിയുടെ പ്രാധാന്യവും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ശ്രീഗംഗാനഗർ, ഹനുമാൻഗഢ്, ബീക്കാനേർ, ജോധ്പുർ, ബാർമെർ, ജാലോർ എന്നിവിടങ്ങളിലൂടെയാണ് ഇതു കടന്നുപോകുന്നത്. കൂടാതെ, ഡൽഹി-മുംബൈ അതിവേഗപാതയുടെ രാജസ്ഥാനിലെ ഭാഗം അവസാനഘട്ടത്തിൽ എത്തിയതായും അദ്ദേഹം അറിയിച്ചു. ഈ സമ്പർക്കസൗകര്യ പദ്ധതികൾ സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജസ്ഥാനിൽ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെ ദ്രുതഗതിയിലുള്ള പുരോഗതി ശ്രീ മോദി എടുത്തുപറഞ്ഞു. ഇതു സംസ്ഥാനത്തെ 40,000-ത്തിലധികം പേർക്കു പ്രയോജനപ്പെട്ടു. അവരുടെ വൈദ്യുതി ബില്ലുകൾ ഒഴിവാക്കാനായി. സൗരോർജത്തിലൂടെ വരുമാനം ഉണ്ടാക്കാൻ അവസരവും ലഭിച്ചു. വൈദ്യുതിയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലിലും രാജസ്ഥാന്റെ വൈദ്യുതിവിതരണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു വർധിച്ചുവരുന്ന വൈദ്യുതി ഉൽപ്പാദനം വ്യാവസായിക വളർച്ചയ്ക്കും വലിയ പിന്തുണയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാന്റെ ചരിത്രപരമായ പ്രസക്തിയും പ്രധാനമന്ത്രി ഓർമപ്പെടുത്തി. മരുഭൂപ്രദേശങ്ങളെ ഫലഭൂയിഷ്ഠമായ ഭൂപ്രകൃതിയാക്കി മാറ്റുന്നതിൽ മഹാരാജ ഗംഗാസിങ്ങിന്റെ ദീർഘവീക്ഷണമാർന്ന ശ്രമങ്ങളെ ശ്രീ മോദി അനുസ്മരിച്ചു. വെള്ളം എന്നത് ഈ പ്രദേശത്തിന്റെ ഉന്നമനത്തിൽ നിർണായകമാണെന്നും ബീക്കാനേർ, ശ്രീഗംഗാനഗർ, ഹനുമാൻഗഢ്, പടിഞ്ഞാറൻ രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളുടെ വികസനത്തിൽ അതിനു വലിയ പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നദികളെ ബന്ധിപ്പിക്കുന്നതിനും ജലസേചന പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി ഗവണ്മെന്റ് സജീവമായി പ്രവർത്തിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. പാർവതി-കാളിസിന്ധ്-ചംബൽ നദീസംയോജന പദ്ധതിയുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പദ്ധതി രാജസ്ഥാനിലെ പല ജില്ലകൾക്കും ഗുണം ചെയ്യും. കർഷകർക്കുള്ള കൃഷി അവസരങ്ങൾ മെച്ചപ്പെടുത്തുകയും ഈ പ്രദേശത്തിന്റെ ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യും.
രാജസ്ഥാന്റെ അചഞ്ചലമായ ദേശസ്നേഹ മനോഭാവത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, രാജ്യത്തേക്കാളും അതിലെ ജനങ്ങളേക്കാളും വലുതായി ഒന്നുമില്ലെന്നു വ്യക്തമാക്കി, ഏപ്രിൽ 22-നു നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. വിശ്വാസത്തെ അടിസ്ഥാനമാക്കി നിരപരാധികളായ ജനങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണം അത്യന്തം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ വെടിയൊച്ചയുയർന്നത് 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തെയാണു വേദനിപ്പിച്ചതെന്നും ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ ദൃഢമായ നിലപാട് ഇതിലൂടെ ഊട്ടിയുറപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സായുധസേന നിർണായക മറുപടി നൽകിയതായും സേനയ്ക്കു പൂർണ പ്രവർത്തനസ്വാതന്ത്ര്യം നൽകിയതായും അദ്ദേഹം പറഞ്ഞു. മൂന്നുസേനകളും ചേർന്നു നയിച്ച തന്ത്രപരമായ ഓപ്പറേഷനിലൂടെ പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർക്കപ്പെട്ടതായും, അവരെ കീഴടങ്ങാൻ നിർബന്ധിതരാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു. ഏപ്രിൽ 22-ലെ ആക്രമണത്തിനു മറുപടിയായി, ഇന്ത്യ 22 മിനിറ്റിനുള്ളിൽ തിരിച്ചടിച്ചു. ഭീകരരുടെ ഒമ്പതു പ്രധാന ഒളിത്താവളങ്ങൾ നശിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഈ നടപടി രാജ്യത്തിന്റെ ശക്തി പ്രകടമാക്കി. പവിത്രമായ സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ, അതിന്റെ ഫലവും നിർണായകമായിരിക്കും എന്നതിനു ലോകം ഇതിലൂടെ സാക്ഷ്യം വഹിച്ചു” - പ്രധാനമന്ത്രി പറഞ്ഞു. പ്രധാന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി - അഞ്ചുവർഷംമുമ്പ്, ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം, പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടി രാജസ്ഥാനിലായിരുന്നു. അതുപോലെ, ഇപ്പോൾ നടന്ന ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം, അദ്ദേഹത്തിന്റെ ആദ്യ റാലി രാജസ്ഥാനിലെ ബീക്കാനേറിലാണു നടന്നത്. ഇത് ഈ നാടിന്റെ ആഴത്തിൽ വേരൂന്നിയ വീര്യവും ദേശസ്നേഹവും ഊട്ടിയുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
"ഈ മണ്ണിനെ സാക്ഷിയാക്കി സത്യം ചെയ്യുന്നു, രാജ്യത്തെ വീഴാൻ ഞാൻ അനുവദിക്കില്ല, രാജ്യത്തെ തലകുനിക്കാൻ ഞാൻ അനുവദിക്കില്ല." എന്ന് ചുരുവിൽ നടത്തിയ തന്റെ പ്രസ്താവന ശ്രീ മോദി ഓർമ്മിപ്പിച്ചു. പവിത്രമായ സിന്ദൂരം മായ്ച്ചുകളയാൻ ശ്രമിച്ചവർ തവിടുപൊടിയായി മാറിയെന്നും ഇന്ത്യയുടെ രക്തം ചൊരിഞ്ഞവർ ഇപ്പോൾ അതിന് പൂർണ്ണമായി വില നൽകിയിട്ടുണ്ടെന്നും അദ്ദേഹം രാജസ്ഥാനിലെ പരിപാടിയിൽ സംസാരിക്കവേ പ്രഖ്യാപിച്ചു. ഇന്ത്യ നിശബ്ദത പാലിക്കുമെന്ന് കരുതിയവർ ഇപ്പോൾ ഒളിച്ചിരിക്കുകയാണെന്നും, അവരുടെ ആയുധങ്ങളെക്കുറിച്ച് വീമ്പിളക്കിയവർ ഇപ്പോൾ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ പ്രതികാര നടപടിയല്ല, മറിച്ച് നീതിയുടെ ഒരു പുതിയ രൂപമാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, അത് വെറും രോഷ പ്രകടനമായിരുന്നില്ലെന്നും ഇന്ത്യയുടെ അചഞ്ചലമായ ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രകടനമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ശത്രുവിനെ, നേരിട്ടും നിർണ്ണായകമായും ആക്രമിക്കുന്ന ഒരു ധീരമായ സമീപനമാണ് രാഷ്ട്രം സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. "ഭീകരതയെ തകർക്കുക എന്നത് ഒരു തന്ത്രം മാത്രമല്ല, ഒരു തത്വമാണ്, ഇതാണ് ഇന്ത്യ, ഇതാണ് പുതിയ ഇന്ത്യ", ശ്രീ മോദി ഊന്നിപ്പറഞ്ഞു.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ സ്ഥാപിച്ച മൂന്ന് പ്രധാന തത്വങ്ങൾ പ്രധാനമന്ത്രി വിവരിച്ചു. ഒന്നാമത്തെ തത്വം - ഇന്ത്യയ്‌ക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും നിർണായകമായ തിരിച്ചടി നൽകും. സമയവും രീതിയും വ്യവസ്ഥകളും ഇന്ത്യയുടെ സായുധ സേന തീരുമാനിക്കും. രണ്ടാമതായി, ആണവ ഭീഷണികളിൽ ഇന്ത്യ ഭയപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മൂന്നാമതായി, ഭീകരവാദത്തിന്റെ സൂത്രധാരന്മാരെയും അവരെ പിന്തുണയ്ക്കുന്ന ഗവണ്മെന്റുകളെയും ഇന്ത്യ ഇനി വേറിട്ട് കാണില്ലെന്നും പാകിസ്ഥാന്റെ രാഷ്ട്ര, രാഷ്ട്രേതര പ്രവർത്തകർ തമ്മിലുള്ള വ്യത്യാസം തള്ളിക്കളയുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭീകരതയെ വളർത്തുന്നതിൽ പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടുന്നതിനുള്ള ആഗോള ശ്രമങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും വിദേശ നയ വിദഗ്ധരും ഉൾപ്പെടുന്ന ഏഴ് വ്യത്യസ്ത ഗ്രൂപ്പുകൾ, പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാല സംഘർഷങ്ങളിൽ പാകിസ്ഥാന്റെ അടിക്കടിയുള്ള പരാജയങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഒരിക്കലും അവർക്ക് വിജയിക്കാൻ കഴിയില്ലെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. നേരിട്ടുള്ള യുദ്ധങ്ങളിൽ വിജയിക്കാൻ കഴിയാത്തതിനാൽ, പാകിസ്ഥാൻ വളരെക്കാലമായി ഇന്ത്യക്കെതിരെ ഭീകരവാദത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നു, അക്രമം നടത്തുകയും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പാകിസ്ഥാൻ വിലകുറച്ചുകണ്ടുവെന്ന് പറഞ്ഞ അദ്ദേഹം തന്റെ നേതൃത്വത്തിൽ രാജ്യം ശക്തവും അചഞ്ചലവുമായി നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി. "ഇന്ത്യയ്‌ക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും, പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരും - അവരുടെ സൈന്യവും സമ്പദ്‌വ്യവസ്ഥയും അത് അനുഭവിക്കും," ശ്രീ മോദി പറഞ്ഞു.
ബിക്കാനീറിൽ എത്തിയപ്പോൾ താൻ ഇറങ്ങിയത് നാൽ വിമാനത്താവളത്തിലാണെന്നും, അത് തകർക്കാൻ പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും അതിന് ഒരു പോറൽപോലുമേൽപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കൃത്യമായ സൈനിക നടപടികൾ കാരണം അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാന്റെ റഹിം യാർ ഖാൻ എയർബേസ് ദിവസങ്ങളോളം അടച്ചുപൂട്ടേണ്ടി വന്നെന്നും, അതിന്റെ പ്രവർത്തനങ്ങളെ അത് ഗുരുതരമായി ബാധിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
പാകിസ്ഥാനുമായി വ്യാപാരമോ ചർച്ചയോ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞു. ചർച്ചകൾ പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ, തീവ്രവാദികളെ കയറ്റുമതി ചെയ്യുന്നത് തുടർന്നാൽ സാമ്പത്തിക നാശം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം പാകിസ്ഥാന് നൽകില്ലെന്നും, ഇന്ത്യൻ രക്തം കൊണ്ട് കളിച്ചാൽ അവർക്ക് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ആവർത്തിച്ചു. "ഈ ദൃഢനിശ്ചയം ഇന്ത്യയുടെ പ്രതിബദ്ധതയാണ്, ലോകത്തിലെ ഒരു ശക്തിക്കും അതിനെ വ്യതിചലിപ്പിക്കാൻ കഴിയില്ല,"
" വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സുരക്ഷയും സമൃദ്ധിയും അത്യാവശ്യമാണ്", രാജ്യത്തിന്റെ എല്ലാ കോണുകളും ശക്തിപ്പെടുത്തുമ്പോൾ മാത്രമേ ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ കഴിയുകയുള്ളൂവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സന്തുലിതവും ത്വരിതഗതിയിലുള്ളതുമായ വളർച്ചയുടെ മാതൃകാപരമായ പ്രകടനമാണ് ഈ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ധീരതയുടെ നാട്ടിൽ നിന്ന് പരിപാടിയിൽ സന്നിഹിതരായ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു കിസാൻറാവു ബഗാഡെ, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ, കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ അർജുൻ റാം മേഘ്‌വാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിനും അതിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ ഭാഗമായി, 1100 കോടി രൂപ ചെലവിൽ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 86 ജില്ലകളിലെ 103 പുനർവികസിപ്പിച്ച അമൃത് സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പ്രാദേശിക വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 1,300-ലധികം സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കർണി മാതാ ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടുന്ന ദേഷ്‌നോക്ക് റെയിൽവേ സ്റ്റേഷൻ, ക്ഷേത്ര വാസ്തുവിദ്യയും കമാനവും സ്തംഭങ്ങളും പ്രമേയവും കൊണ്ട് പ്രചോദിതമാണ്. തെലങ്കാനയിലെ ബീഗംപെറ്റ് റെയിൽവേ സ്റ്റേഷൻ കാകതീയ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ബീഹാറിലെ താവെ സ്റ്റേഷനിൽ, 52 ശക്തിപീഠങ്ങളിൽ ഒന്നായ മാ താവെവാലിയെ പ്രതിനിധീകരിക്കുന്നതും മധുബനി ചിത്രങ്ങൾ ചിത്രീകരിക്കുന്നതുമായ വിവിധ ചുവർചിത്രങ്ങളും കലാസൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഡാകോർ സ്റ്റേഷൻ രഞ്ചോദ്രായി ജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇന്ത്യയിലുടനീളമുള്ള പുനർവികസിപ്പിച്ച അമൃത് സ്റ്റേഷനുകൾ ആധുനിക അടിസ്ഥാന സൗകര്യങ്ങളെ സാംസ്കാരിക പൈതൃകവുമായി സംയോജിപ്പിക്കുന്നു, ദിവ്യാംഗർക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് പ്രാധാന്യം നൽകുന്ന സൗകര്യങ്ങളും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിരമായ രീതികളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ റെയിൽവേ അതിന്റെ ശൃംഖലയുടെ 100% വൈദ്യുതീകരണത്തിലേക്ക് നീങ്ങുകയാണ്. ഇത് റെയിൽവേ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നു. ഇതിനനുസൃതമായി, ചുരു-സാദുൽപൂർ റെയിൽ പാതയുടെ (58 കിലോമീറ്റർ) ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു, സൂറത്ത്ഗഡ്-ഫലോഡി (336 കിലോമീറ്റർ); ഫൂലേര-ദേഗന (109 കിലോമീറ്റർ); ഉദയ്പൂർ-ഹിമ്മത്നഗർ (210 കിലോമീറ്റർ); ഫലോഡി-ജയ്‌സാൽമർ (157 കിലോമീറ്റർ), സാംദാരി-ബാർമർ (129 കിലോമീറ്റർ) റെയിൽ പാത വൈദ്യുതീകരണം എന്നിവയും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു.
സംസ്ഥാനത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഉത്തേജനം നൽകുന്ന , 3 വാഹന അടിപ്പാതകളുടെ നിർമ്മാണത്തിനും, ദേശീയ പാതകളുടെ വീതി കൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. രാജസ്ഥാനിലെ 7 റോഡ് പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. 4850 കോടി രൂപയിലധികം ചെലവിലുള്ള റോഡ് പദ്ധതികൾ സുഗമമായ ചരക്കുനീക്കവും യാത്രസൗകര്യവും സാധ്യമാക്കും. ഈ ഹൈവേകൾ ഇന്ത്യ-പാക് അതിർത്തി വരെ നീളുന്നു, ഇത് സുരക്ഷാ സേനകൾക്ക് പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എല്ലാവർക്കും വൈദ്യുതിയും ഹരിതവും ശുദ്ധവുമായ ഊർജ്ജം എന്ന കാഴ്ചപ്പാടിനനുസൃതമായി, ബിക്കാനീറിലും ദിദ്വാന കുച്ചാമനിലെ നാവയിലും ഉള്ള സൗരോർജ്ജ പദ്ധതികൾ, പവർഗ്രിഡ് സിരോഹി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ പാർട്ട് ബി, പവർഗ്രിഡ് മേവാർ ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ പാർട്ട് ഇ എന്നിവയുടെ ട്രാൻസ്മിഷൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഊർജ്ജ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ബിക്കാനീറിലെ സൗരോർജ്ജ പദ്ധതി, പവർഗ്രിഡ് നീമുച്ച്, ബിക്കാനീർ കോംപ്ലക്സിൽ നിന്നുള്ള ട്രാൻസ്മിഷൻ സംവിധാനം, ഫത്തേഗഡ്-II പവർ സ്റ്റേഷനിലെ ട്രാൻസ്ഫോർമേഷൻ ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള ഊർജ്ജ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു, ഇത് ശുദ്ധമായ ഊർജ്ജം നൽകുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യും.
രാജസ്ഥാനിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, വൈദ്യുതി വിതരണം, ആരോഗ്യ സേവനങ്ങൾ, ജലലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി 25 പ്രധാന സംസ്ഥാന ഗവണ്മെന്റ് പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 3,240 കോടിയിലധികം രൂപയുടെ 750 കിലോമീറ്ററിലധികം ദൈർഘ്യമുള്ള 12 സംസ്ഥാന പാതകൾ നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പദ്ധതികളുടെ തറക്കല്ലിടലും സമർപ്പിക്കലും ഇതിൽ ഉൾപ്പെടുന്നു. ഈ പരിപാടിക്ക് കീഴിൽ 900 കിലോമീറ്റർ പുതിയ ഹൈവേകൾ കൂടി വികസിപ്പിക്കും. ബിക്കാനീറിലും ഉദയ്പൂരിലും വൈദ്യുതി പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന രാജ്സമന്ദ്, പ്രതാപ്ഗഡ്, ഭിൽവാര, ധോൽപൂർ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജുൻജുനു ജില്ലയിലെ ഗ്രാമീണ ജലവിതരണം, ഫ്ലൂറോസിസ് ലഘൂകരണ പദ്ധതി, അമൃത് 2.0 പ്രകാരം പാലി ജില്ലയിലെ 7 പട്ടണങ്ങളിലെ നഗര ജലവിതരണ പദ്ധതികളുടെ പുനഃക്രമീകരണം എന്നിവയുൾപ്പെടെ മേഖലയിലെ വിവിധ ജല അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.
***
NK
(Release ID: 2130509)
Read this release in:
Bengali-TR
,
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada