പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനെ അഭിസംബോധന ചെയ്തു

ബിഹാറിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ആശംസകൾ; ഈ വേദി നിങ്ങളുടെ ഏറ്റവും മികച്ചതു പുറത്തെടുക്കുകയും യഥാർഥ കായിക മികവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ: പ്രധാനമന്ത്രി

2036-ൽ നമ്മുടെ രാജ്യത്ത് ഒളിമ്പിക്സ് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഇന്ന് ഇന്ത്യ: പ്രധാനമന്ത്രി

രാജ്യത്തെ കായിക അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു: പ്രധാനമന്ത്രി

കഴിഞ്ഞ ദശകത്തിൽ കായിക ബജറ്റ് മൂന്നു മടങ്ങിലധികം വർധിപ്പിച്ചു; ഈ വർഷത്തെ കായിക ബജറ്റ് ഏകദേശം 4000 കോടി രൂപയാണ്: പ്രധാനമന്ത്രി

രാജ്യത്തു മികച്ച കായികതാരങ്ങളെയും മികച്ച കായിക പ്രൊഫഷണലുകളെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ ഞങ്ങൾ കായികരംഗത്തെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി: പ്രധാനമന്ത്രി



Posted On: 04 MAY 2025 8:02PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കായികതാരങ്ങളെയും പരിശീലകരെയും സ്റ്റാഫ് അംഗങ്ങളെയും അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യമെമ്പാടുമുള്ള കളിക്കാർ അസാധാരണമായ കഴിവുകളും ദൃഢനിശ്ചയവും പ്രകടിപ്പിച്ചതായി പറഞ്ഞു. അവരുടെ സമർപ്പണവും കഠിനാധ്വാനവും എടുത്തുകാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ കായികചൈതന്യത്തിന് അവർ നൽകിയ സംഭാവനകൾ പരാമർശിച്ചു. കായികതാരങ്ങളുടെ ശ്രദ്ധേയമായ കഴിവുകൾക്കും പ്രതിജ്ഞാബദ്ധതയ്ക്കും ഊന്നൽ നൽകിയ പ്രധാനമന്ത്രി, കായികരംഗത്തോടുള്ള അവരുടെ അഭിനിവേശവും മികവിനായുള്ള നിരന്തരമായ പരിശ്രമവും രാജ്യത്തിന്റെ അഭിമാനമുയർത്തുന്നുവെന്നും വ്യക്തമാക്കി. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനിടെ പട്ന, രാജ്ഗീർ, ഗയ, ഭാഗൽപുർ, ബെഗൂസരായ് എന്നിവയുൾപ്പെടെ ബിഹാറിലെ വിവിധ നഗരങ്ങളിൽ നടക്കാനിരിക്കുന്ന വിപുലമായ മത്സരങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ മോദി, വരും ദിവസങ്ങളിൽ ആറായിരത്തിലധികം യുവകായികതാരങ്ങൾ പങ്കെടുക്കുമെന്നും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും പറഞ്ഞു. ഇന്ത്യയിലെ കായികരംഗം ഇപ്പോൾ പ്രത്യേക സാംസ്കാരിക സ്വത്വമായി പരിണമിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം എല്ലാ കായികതാരങ്ങൾക്കും ആശംസകൾ നേർന്നു. “ഇന്ത്യയുടെ കായിക സംസ്കാരം വളരുന്നതിനനുസരിച്ച്, ആഗോള വേദിയിൽ രാജ്യത്തിന്റെ സോഫ്റ്റ്‌പവറും വളരും” - ശ്രീ മോദി പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കു പ്രധാന വേദി നൽകുന്നതിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കായികതാരങ്ങളിൽ തുടർച്ചയായ പുരോഗതിയുടെ പ്രാധാന്യം അടിവരയിട്ട അദ്ദേഹം, കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതിന്റെയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് ഊന്നൽ നൽകി. ഗവണ്മെന്റ്‌നയങ്ങളിൽ ഈ വശത്തിന് എപ്പോഴും മുൻ‌തൂക്കം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഖേലോ ഇന്ത്യയുടെ കീഴിലുള്ള വിവിധ കായിക മത്സരങ്ങളായ സർവകലാശാല ഗെയിംസ്, യൂത്ത് ഗെയിംസ്, വിന്റർ ഗെയിംസ്, പാരാ ഗെയിംസ് തുടങ്ങിയവ വർഷം മുഴുവനും രാജ്യവ്യാപകമായി വിവിധ തലങ്ങളിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ സ്ഥിരതയാർന്ന മത്സരങ്ങൾ, കായികതാരങ്ങളു​ടെ ആത്മവിശ്വാസം വർധിപ്പിക്കുകയും അവരുടെ കഴിവുകളെ മുൻ‌നിരയിലേക്കുയർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിക്കറ്റിൽനിന്നുള്ള ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നന്നേ ചെറുപ്പത്തിൽ ഐ‌പി‌എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിഹാറിന്റെ സ്വന്തം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചു. വൈഭവിന്റെ കഠിനാധ്വാനം നിർണായകമാണെങ്കിലും, വിവിധ മത്സരങ്ങളിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ കഴിവുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നു ശ്രീ മോദി പറഞ്ഞു. ഒരു കായികതാരം എത്രത്തോളം കളിക്കുന്നുവോ അത്രത്തോളം അവർ അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് യുവ കായികതാരങ്ങൾക്ക് ദേശീയ തലത്തിലുള്ള കായികമത്സരങ്ങളുടെ ഓരോ വശവും മനസ്സിലാക്കാനും വിലപ്പെട്ട അനുഭവം നേടാനുമുള്ള അവസരം നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഓരോ പൗരന്റെയും ദീർഘകാല സ്വപ്നമാണെന്ന് പറഞ്ഞ ശ്രീ മോദി, 2036-ൽ രാജ്യത്ത് ഒളിമ്പിക്സ് കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കായികരംഗത്തു രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ഊട്ടിയുറപ്പിച്ചു. സ്കൂൾ തലത്തിൽ കായിക പ്രതിഭകളെ കണ്ടെത്തുന്നന്നതിലും അവർക്ക് ഘടനാപരമായ പരിശീലനം നൽകുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖേലോ ഇന്ത്യ, ടാർഗെറ്റ് ഒളിമ്പിക് പോഡിയം (TOP) പദ്ധതി തുടങ്ങിയ സംരംഭങ്ങൾ കരുത്തുറ്റ കായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതു ബിഹാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായി ആയിരക്കണക്കിന് കായികതാരങ്ങൾക്കു പ്രയോജനം ചെയ്യും. വൈവിധ്യമാർന്ന കായിക ഇനങ്ങൾ അനാവരണം ചെയ്യാൻ കായികതാരങ്ങൾക്ക് അവസരങ്ങൾ നൽകേണ്ടതു പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ കായിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഗത്ക, കളരിപ്പയറ്റ്, ഖോ-ഖോ, മല്ലഖംബ്, യോഗാസനം തുടങ്ങിയ പരമ്പരാഗതവും തദ്ദേശീയവുമായ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയതും വളർന്നുവരുന്നതുമായ കായിക വിനോദങ്ങളിൽ ഇന്ത്യൻ കായികതാരങ്ങളുടെ വർധിച്ചുവരുന്ന സാന്നിധ്യവും ശ്രീ മോദി ചൂണ്ടിക്കാട്ടി. വുഷു, സെപക് തക്രോ, പെൻകാക് സിലാറ്റ്, ലോൺ ബോൾസ്, റോളർ സ്കേറ്റിങ് തുടങ്ങിയ ഇനങ്ങളിൽ സമീപകാലത്തെ പ്രശംസനീയമായ പ്രകടനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 2022 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ ലോൺ ബോൾസിൽ ഇന്ത്യയുടെ വനിതാ ടീം മെഡൽ നേടിയതും ഇന്ത്യയിൽ കായികരംഗത്തിന് ആഗോള അംഗീകാരം നേടിത്തന്നതുമായ ചരിത്ര നിമിഷം അദ്ദേഹം അനുസ്മരിച്ചു.

​ഇന്ത്യയുടെ കായിക അടിസ്ഥാനസൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. കഴിഞ്ഞ ദശകത്തിൽ കായിക ബജറ്റ് മൂന്നിരട്ടിയിലധികം വർധിച്ച് ഈ വർഷം ഏകദേശം ₹4000 കോടിയിലെത്തി. ഇതിൽ പ്രധാന ഭാഗം അടിസ്ഥാനസൗകര്യ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്. ബിഹാറിലെ മൂന്നു ഡസനിലധികം കേന്ദ്രങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം ആയിരത്തിലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിൽനിന്നു ബിഹാറിനു പ്രയോജനം ലഭിക്കുന്നുണ്ട്. സംസ്ഥാന ഗവണ്മെന്റ്‌തലത്തിൽ നിരവധി സംരംഭങ്ങൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഗീറിലും ബിഹാർ കായിക സർവകലാശാല, സംസ്ഥാന കായിക അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും ഖേലോ ഇന്ത്യ മികവിന്റെ സംസ്ഥാന കേന്ദ്രം സ്ഥാപിച്ചതു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പട്ന-ഗയ ഹൈവേയിൽ കായികനഗരത്തിന്റെ നിർമാണം പുരോഗമിക്കുന്നതും ബിഹാറിലെ ഗ്രാമങ്ങളിൽ കായികസൗകര്യങ്ങളുടെ വികസനവും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ കായിക ഭൂപടത്തിൽ ബിഹാറിന്റെ സാന്നിധ്യത്തിനു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കൂടുതൽ കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു.

“കായിക ലോകവും അതുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയും കളിക്കളത്തിനപ്പുറത്തേക്ക് വ്യാപിക്കുകയാണ്. കായികമേഖല യുവാക്കൾക്കു തൊഴിലിനും സംരംഭകത്വത്തിനും പുതിയ വഴികൾ സൃഷ്ടിക്കുന്നു” - ശ്രീ മോദി പറഞ്ഞു. ഫിസിയോതെറാപ്പി, ഡേറ്റ അനലിറ്റിക്സ്, കായിക സാങ്കേതികവിദ്യ, പ്രക്ഷേപണം, ഇ-സ്പോർട്സ്, കാര്യനിർവഹണം തുടങ്ങിയ വളർന്നുവരുന്ന വിവിധ മേഖലകൾ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ പ്രൊഫഷണലുകൾക്ക് പരിശീലകർ, ഫിറ്റ്നസ് പരിശീലകർ, റിക്രൂട്ട്മെന്റ് ഏജന്റുമാർ, ഇവന്റ് മാനേജർമാർ, സ്പോർട്സ് അഭിഭാഷകർ, മാധ്യമ വിദഗ്ധർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ന്, ഒരു സ്റ്റേഡിയം മത്സരങ്ങൾക്കുള്ള വേദി മാത്രമല്ല, ആയിരക്കണക്കിനു തൊഴിലവസരങ്ങളുടെ ഉറവിടമായി മാറിയിരിക്കുന്നു” -  ദേശീയ കായിക സർവകലാശാലകൾ സ്ഥാപിക്കൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ മുഖ്യധാരാ വിദ്യാഭ്യാസത്തിൽ കായിക വിനോദങ്ങളെ സംയോജിപ്പിക്കൽ തുടങ്ങിയ സംരംഭങ്ങളിലൂടെ കായിക സംരംഭകത്വത്തിലെ വളർന്നുവരുന്ന സാധ്യതകൾക്ക് അടിവരയിട്ടു ശ്രീ മോദി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാന്യതയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, കായിക വിനോദങ്ങൾ കൂട്ടായ പ്രവർത്തനം, സഹകരണം, സ്ഥിരോത്സാഹം എന്നിവ എങ്ങനെ വളർത്തുന്നു എന്ന് എടുത്തുകാണിക്കുന്നതായി ചൂണ്ടിക്കാട്ടി. കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ബ്രാൻഡ് അംബാസഡർമാരെന്ന നിലയിൽ ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സത്തയെ പ്രതിനിധാനം ചെയ്യാനും ആവശ്യപ്പെട്ടു. ബിഹാറിൽ നിന്നുള്ള മനോഹരമായ ഓർമകൾ കായികതാരങ്ങൾക്ക് ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവർ ലിറ്റി ചോഖയുടെയും ബിഹാറിലെ പ്രശസ്തമായ മഖാനയുടെയും രുചി ആസ്വദിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പങ്കെടുക്കുന്നവരിൽ മാന്യതയും ദേശസ്നേഹവും ഉയർത്താൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനാകു​മെന്നു പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഏഴാം പതിപ്പിനു തുടക്കം കുറിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ മൻസുഖ് മാണ്ഡവ്യ, ശ്രീമതി രക്ഷാ ഖഡ്സെ, ശ്രീ രാം നാഥ് ഠാക്കുർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Best wishes to the athletes participating in the Khelo India Youth Games being held in Bihar. May this platform bring out your best and promote true sporting excellence. @kheloindia https://t.co/jlOrc6qO1U

— Narendra Modi (@narendramodi) May 4, 2025

 

***

SK


(Release ID: 2126853) Visitor Counter : 22