വിദേശകാര്യ മന്ത്രാലയം
azadi ka amrit mahotsav

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ പൂർണരൂപം (ഫെബ്രുവരി 28, 2025)

Posted On: 28 FEB 2025 3:04PM by PIB Thiruvananthpuram

​ആദരണീയനായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്,

യൂറോപ്യൻ കോളേജ് ഓഫ് കമ്മീഷണേഴ്‌സ്,

പ്രതിനിധികളേ,

മാധ്യമസുഹൃത്തുക്കളേ,

നമസ്‌കാരം!

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെയും കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെയും ഇന്ത്യയിലേക്കുള്ള ഈ സന്ദർശനം അഭൂതപൂർവമാണ്.

ഇത് ഇന്ത്യയിലേക്കുള്ള യൂറോപ്യൻ കമ്മീഷന്റെ ആദ്യ സന്ദർശനം മാത്രമല്ല; ഏതെങ്കിലും രാജ്യത്തു യൂറോപ്യൻ കമ്മീഷൻ നടത്തുന്ന ആദ്യ സമഗ്ര ഇടപെടലുമാണിത്. കൂടാതെ, പുതിയ കമ്മീഷന്റെ ഏറ്റവും പുതിയ കാലയളവിലെ ആദ്യസന്ദർശനങ്ങളിൽ ഒന്നാണിത്. ഈ ചരിത്രവേളയിൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനെയും കോളേജ് ഓഫ് കമ്മീഷണേഴ്‌സിനേയും ഇന്ത്യയിലേക്കു ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യക്കും യൂറോപ്യൻ യൂണിയനുമിടയിലുള്ള രണ്ടു പതിറ്റാണ്ടു നീണ്ട തന്ത്രപരമായ പങ്കാളിത്തം സ്വാഭാവികവും ജൈവികവുമാണ്. വിശ്വാസം, ജനാധിപത്യമൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, സമൃദ്ധിക്കും പൊതുവായ പുരോഗതിക്കും വേണ്ടിയുള്ള പരസ്പര പ്രതിജ്ഞാബദ്ധത എന്നിവയിലാണ് അതിന്റെ കാതൽ കെട്ടിപ്പടുത്തിരിക്കുന്നത്.

ഈ മനോഭാവത്തോടെ, ഇന്നലെയും ഇന്നുമായി വിവിധ മേഖലകളിൽ ഏകദേശം 20 മന്ത്രിതലയോഗങ്ങൾ ഞങ്ങൾ നടത്തി. വിവിധ പ്രാദേശിക-ആഗോള കാര്യങ്ങളിൽ ആത്മാർഥവും അർഥവത്തായതുമായ ചർച്ചകൾ നടന്നു. ഞങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും ത്വരിതപ്പെടുത്താനും നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം, ഹരിതവളർച്ച, സുരക്ഷ, വൈദഗ്ധ്യം, മൊബിലിറ്റി എന്നീ മേഖലകളിലെ സഹകരണത്തിനായി ഞങ്ങൾ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ പരസ്പരപ്രയോജനകരമായ ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കാൻ ഞങ്ങളുടെ സംഘങ്ങളോടു നിർദേശിച്ചിട്ടുണ്ട്. 

സുഹൃത്തുക്കളേ,

നിക്ഷേപ ചട്ടക്കൂടിനു കരുത്തേകുന്നതിന്, നിക്ഷേപ സംരക്ഷണത്തിലും ജിഐ കരാറിലും മുന്നോട്ടുപോകുന്നതിനെക്കുറിച്ചു ചർച്ചകൾ നടന്നിട്ടുണ്ട്. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലയിൽ, വിശ്വസനീയവും സുരക്ഷിതവുമായ മൂല്യശൃംഖലയാണു ഞങ്ങളുടെ പൊതു മുൻഗണന.

സെമികണ്ടക്ടറുകൾ, എഐ, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിങ്, 6 ജി എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനും ഞങ്ങൾ ധാരണയായി. ബഹിരാകാശ ചർച്ചകൾ ആരംഭിക്കാനും ഞങ്ങൾ തീരുമാനിച്ചു.

സുഹൃത്തുക്കളേ,

പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സന്തുലിതാവസ്ഥ ഞങ്ങളുടെ പൊതുവായ പ്രതിജ്ഞാബദ്ധതയാണ്. ഈ ദിശയിലുള്ള ഞങ്ങളുടെ സഹകരണം കരുത്തുറ്റതാണ്. ഹരിത ഹൈഡ്രജൻ വേദിയും ഓഫ്‌ഷോർ പവനോർജ വ്യാവസായിക ഉച്ചകോടിയും നടത്താൻ ഞങ്ങൾ തീരുമാനിച്ചു. വൈദ്യുതവാഹന ബാറ്ററികൾ, മറൈൻ പ്ലാസ്റ്റിക്കുകൾ, ഹരിത ഹൈഡ്രജൻ എന്നിവയിൽ സംയുക്ത ഗവേഷണം നടത്തും. സുസ്ഥിര നഗരവികസനത്തിനായുള്ള സംയുക്ത പദ്ധതിയും നാം മുന്നോട്ടുകൊണ്ടുപോകും.

സമ്പർക്കസൗകര്യമേഖലയിൽ, ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി അഥവാ “IMEEC” മുന്നോട്ടുകൊണ്ടുപോകുന്നതിനു കൃത്യമായ നടപടികൾ സ്വീകരിക്കും. വരുംദിവസങ്ങളിൽ ആഗോള വാണിജ്യം, സുസ്ഥിര വളർച്ച, സമൃദ്ധി എന്നിവയെ നയിക്കുന്ന യന്ത്രമായി “IMEEC” പ്രവർത്തിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

​സുഹൃത്തുക്കളേ,

പ്രതിരോധവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ വളർന്നുവരുന്ന സഹകരണം നമ്മുടെ പരസ്പരവിശ്വാസത്തിന്റെ പ്രതീകമാണ്. സൈബർ സുരക്ഷ, സമുദ്രസുരക്ഷ, ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സഹകരണം നാം മുന്നോട്ടു കൊണ്ടുപോകും.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു. “ഇന്തോ പസഫിക് സമുദ്രസംരംഭത്തി”ന്റെ ഭാഗമാകാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇന്തോ-പസഫിക് മേഖലയിലും ആഫ്രിക്കയിലും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായുള്ള ത്രികോണ വികസനപദ്ധതികളിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും.

സുഹൃത്തുക്കളേ,

ജനങ്ങൾ തമ്മിലുള്ള ബന്ധമാണു ഞങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും കരുത്തുറ്റ സ്വത്ത്. ഇന്ന്, ഞങ്ങൾക്കിടയിൽ അക്കാദമിക-ഗവേഷണ-വ്യവസായ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി പുതിയ കരാറിൽ എത്തിച്ചേർന്നു. ഇന്ത്യയിലെ യുവപ്രതിഭകളും യൂറോപ്പിന്റെ നൂതനാശയങ്ങളും ഒത്തുചേർന്ന് അനന്തമായ സാധ്യതകൾ സൃഷ്ടിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.

യൂറോപ്യൻ യൂണിയന്റെ പുതിയ വിസ കാസ്കേഡ് സംവിധാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയിലെ പ്രഗത്ഭരായ യുവാക്കളുടെ കഴിവുകൾക്കു മെച്ചപ്പെട്ട ചലനാത്മകത പ്രദാനം ചെയ്യും.

ഇന്ന്, 2025നു ശേഷമുള്ള കാലയളവിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തത്തിനായി ഉറച്ചതും ഉത്കൃഷ്ടവുമായ മാർഗരേഖ സൃഷ്ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇതിനു തുടക്കംകുറിക്കും.

ആദരണീയനായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്,

താങ്കളുടെ ഇന്ത്യാസന്ദർശനം നമ്മുടെ പങ്കാളിത്തത്തിന് പുതിയ ഗതിവേഗവും ഊർജവും ഉത്സാഹവും നൽകി. നമ്മുടെ വികസനമോഹങ്ങളെ പ്രാവർത്തികമാക്കുന്ന ഏറ്റവും വലിയ ഉത്തേജകമാണ് ഈ യാത്ര.

അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി താങ്കളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാനുള്ള അവസരത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

വളരെയധികം നന്ദി.

****

SK


(Release ID: 2106969) Visitor Counter : 29