വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

പരീക്ഷാ പേ ചർച്ച 2025 ന്റെ ആദ്യ അധ്യായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു

പരീക്ഷാ പേ ചർച്ച 2025 ന്റെ രണ്ടാം അധ്യായത്തിൽ ദീപിക പദുക്കോൺ പങ്കെടുത്തു

Posted On: 12 FEB 2025 7:35PM by PIB Thiruvananthpuram
2025 ഫെബ്രുവരി 10 ന്, ന്യൂഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ, പരീക്ഷാ പേ ചർച്ചയുടെ (പിപിസി) എട്ടാം പതിപ്പിന്റെ ആദ്യ അധ്യായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു. അനൗപചാരികവും എന്നാൽ ഉൾക്കാഴ്ചയുള്ളതുമായ ഈ സെഷനിൽ, പ്രധാനമന്ത്രി,രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി   വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.  പോഷകാഹാരവും ആരോഗ്യവും; സമ്മർദ്ദത്തെ മറികടക്കൽ; സ്വയം വെല്ലുവിളിക്കൽ; നേതൃത്വപാടവം ; പുസ്തകങ്ങൾക്കപ്പുറം - 360º വളർച്ച; ശുഭ കാര്യങ്ങൾ കണ്ടെത്തൽ തുടങ്ങിയവയെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ പരിപാടിയിൽ പങ്കെടുത്ത 36 വിദ്യാർത്ഥികൾ പ്രധാനമന്ത്രിയിൽ നിന്ന് മനസ്സിലാക്കി . അക്കാദമിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ മറികടക്കുന്നതിനുള്ള വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രായോഗിക തന്ത്രങ്ങളും ഈ സംവേദനാത്മക സെഷൻ വിദ്യാർത്ഥികൾക്ക് നൽകി.

ഇന്ന്, പ്രശസ്ത നടിയും മാനസികാരോഗ്യത്തെ കുറിച്ച് പ്രചോദനം നൽകുന്ന വ്യക്തിയുമായ ദീപിക പദുക്കോൺ രണ്ടാം അധ്യായത്തിൽ പങ്കെടുത്തു.

മാനസികാരോഗ്യ വെല്ലുവിളികളെ എങ്ങനെ ശക്തിയോടെ നേരിടാം എന്നും സ്വന്തം അനുഭവങ്ങളിൽ നിന്ന് നേടിയെടുത്ത വിലപ്പെട്ട പാഠങ്ങളെക്കുറിച്ചും ദീപിക സംസാരിച്ചു. സമ്മർദ്ദം ലഘൂകരിക്കുന്നതിനായി സ്വീകരിക്കുന്ന തന്ത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, മതിയായ ഉറക്കം ലഭിക്കേണ്ടതിന്റെയും, സൂര്യപ്രകാശവും ശുദ്ധവായുവും ലഭിക്കുന്നതിനായി പ്രകൃതിയിൽ സമയം ചെലവഴിക്കേണ്ടതിന്റെയും, ആരോഗ്യകരമായ ഒരു ദിനചര്യ നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ആത്മവിശ്വാസവും ശുഭകരമായ മനോഭാവവുമാണ് വിജയത്തിന് പ്രധാനമെന്ന് അവർ അഭിപ്രായപ്പെട്ടു. പരാജയങ്ങളെ പഠന അവസരങ്ങളായി കാണാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകാൻ ദീപിക അവരെ പ്രേരിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശം - " പ്രകടിപ്പിക്കുക, ഒരിക്കലും അടിച്ചമർത്തരുത്" - ആവർത്തിച്ച ദീപിക ആവശ്യമുള്ളപ്പോൾ സഹായം തേടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികളുമായി ഒരു സംവേദനാത്മക പ്രവർത്തനവും അവർ നടത്തി. അതിലൂടെ വിദ്യാർത്ഥികൾ,അവർ ഓരോരുത്തരുടെയും ശക്തികൾ എഴുതി വേദിയിലെ ഒരു ബോർഡിൽ പിൻ ചെയ്തു.ഇത് സ്വന്തം ശക്തി തിരിച്ചറിയേണ്ടതിന്റെ-  സ്വയം അവബോധത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. 54321 എന്ന പേരിലുള്ള ഒരു പ്രവർത്തന രീതിയിലൂടെ പരീക്ഷാസമയത്ത് ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാതൃകാ സഹായവിദ്യ അവർ തൽസമയം പ്രദർശിപ്പിച്ചു.

പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അവരുടെ സംശയങ്ങൾ ഉന്നയിച്ചു. ദീപിക തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രായോഗിക ഉപദേശങ്ങളും മറുപടിയായി നൽകി. കൂടാതെ, സിബിഎസ്ഇ യുടെ ഒരു അന്താരാഷ്ട്ര സ്കൂളിലെ വിദ്യാർത്ഥിക്ക് ഒരു ചോദ്യം ചോദിക്കാനുള്ള അവസരവും ലഭിച്ചു. ഇത് ചർച്ചയെ കൂടുതൽ വിശാലമായ കാഴ്ചപ്പാടോടെ സമ്പന്നമാക്കി.
 
SKY

(Release ID: 2102565) Visitor Counter : 20