ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാവായി ഇന്ത്യ മാറി ; 2014 ലെ 2 യൂണിറ്റുകളിൽ നിന്ന് ഇന്ന് രാജ്യവ്യാപകമായി 300 ൽ അധികം യൂണിറ്റുകൾ പ്രവർത്തിക്കുന്നു: ശ്രീ. അശ്വിനി വൈഷ്ണവ്

Posted On: 04 FEB 2025 5:03PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന വീക്ഷണം ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി മാറാൻ സഹായിക്കുന്നു.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി തുടങ്ങി ഒരു ദശാബ്ദത്തിനുള്ളിൽ നമ്മുടെ സ്വാശ്രയത്വത്തിന് ആക്കം കൂട്ടുകയും ഉൽപ്പാദനം വർദ്ധിപ്പിക്കുകയും മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ മൊബൈൽ, ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയുടെ ശ്രദ്ധേയമായ പരിവർത്തനം, ഇതുസംബന്ധിച്ച കണക്കുകൾ പങ്കിട്ടുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി 
 
ഇറക്കുമതി മുതൽ സ്വയം പര്യാപ്തത വരെ: മൊബൈൽ നിർമ്മാണത്തിൽ ഇന്ത്യയുടെ ഉയർച്ച
 
മൊബൈൽ, ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ രാജ്യമായി ഇന്ത്യ മാറി. 2014 ൽ ഇന്ത്യയിൽ 2 മൊബൈൽ നിർമ്മാണ യൂണിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് രാജ്യത്ത് 300 ലധികം നിർമ്മാണ യൂണിറ്റുകൾ ഉണ്ട്; ഇത് ഈ സുപ്രധാന മേഖലയുടെ ഗണ്യമായ വികാസം പ്രതിഫലിപ്പിക്കുന്നു .

 
2014 -15 ൽ ഇന്ത്യയിൽ വിൽക്കപ്പെട്ട മൊബൈൽ ഫോണുകളിൽ 26% മാത്രമേ ഇന്ത്യൻ നിർമ്മിതമായിരുന്നുള്ളൂ. ശേഷിക്കുന്നവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ന് രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും 99.2% വും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. മൊബൈൽ ഫോണുകളുടെ നിർമ്മാണ മൂല്യം 2014 സാമ്പത്തിക വർഷത്തിലെ 18,900 കോടിരൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 4,22,000 കോടിരൂപയായി ഉയർന്നു.

 
ഇന്ത്യയിൽ പ്രതിവർഷം 325 മുതൽ 330 ദശലക്ഷത്തിലധികം മൊബൈൽ ഫോണുകൾ നിർമ്മിക്കപ്പെടുന്നു. രാജ്യത്ത്ശരാശരി 100 കോടി മൊബൈൽ ഫോണുകൾ ഉപയോഗത്തിലുണ്ട്. ഇന്ത്യൻ മൊബൈൽ ഫോണുകൾ ആഭ്യന്തര വിപണിയുടെ ആവശ്യകതയെ ഏകദേശം പൂരിതമാക്കിയിട്ടുണ്ട്. അതായത് മൊബൈൽ ഫോണുകളുടെ കയറ്റുമതിയിൽ ഗണ്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. 2014 ൽ നിലവിലില്ലാതിരുന്ന കയറ്റുമതി ഇപ്പോൾ 1,29,000 കോടിരൂപ മൂല്യം കവിഞ്ഞു.
 
ഇലക്ട്രോണിക്സ് ഉൽപാദന മേഖലയിൽ തൊഴിൽ സൃഷ്ടിയുടെ ഒരു ദശകം
 
ഈ മേഖലയുടെ വികാസം ഒരു പ്രധാന തൊഴിൽ ചാലകശക്തി കൂടിയാണ്. ഈ ദശകത്തിൽ ഏകദേശം 12 ലക്ഷം തൊഴിലവസരങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിച്ചു. ഈ തൊഴിലവസരങ്ങൾ നിരവധി കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയർത്തുക മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്കും സംഭാവന നൽകിയിട്ടുണ്ട്.

 
ഈ നാഴികക്കല്ലുകൾ കൈവരിക്കുന്നതിൽ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ചാർജറുകൾ, ബാറ്ററി പായ്ക്കുകൾ, എല്ലാത്തരം മെക്കാനിക്കുകൾ, യുഎസ്ബി കേബിളുകൾ, ലിഥിയം അയൺ സെല്ലുകൾ, സ്പീക്കർ, മൈക്രോഫോണുകൾ, ഡിസ്പ്ലേ അസംബ്ലികൾ, ക്യാമറ മൊഡ്യൂളുകൾ തുടങ്ങിയ സങ്കീർണ്ണവും നിർണായകവുമായ ഘടകങ്ങളുടെയും ഉപ- ഘടകങ്ങളുടെയും ആഭ്യന്തര ഉൽപ്പാദനം ഇത് സാധ്യമാക്കി.

 
മൂല്യ ശൃംഖലയെ കൂടുതൽ വിപുലമാക്കൽ : ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണത്തിലെ മുന്നേറ്റം
 
മൂല്യ ശൃംഖലയിലേക്ക് കൂടുതൽ വിപുലമായി മുന്നേറുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ. അശ്വിനി വൈഷ്ണവ് പറഞ്ഞു.സൂക്ഷ്മ ഘടകങ്ങളുടെയും സെമികണ്ടക്ടറുകളുടെയും ഉൽപ്പാദനത്തിന് കൂടുതൽ ഊന്നൽ നൽകി, അതുവഴി ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിൽ തദ്ദേശീയ വികസനം ഉറപ്പാക്കുന്നു. ഇത് ആഗോളതലത്തിൽ ഒരു മുൻനിര ഇലക്ട്രോണിക്സ് വിപണിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥിതി ശക്തിപ്പെടുത്തും.

 
1950 നും 1990 നും ഇടയിൽ, നിയന്ത്രണ നയങ്ങൾ ഉൽപ്പാദനത്തെ പ്രതിസന്ധിയിലാക്കി. എന്നിരുന്നാലും, മൂല്യ ശൃംഖലയിലേക്ക് കൂടുതൽ വിപുലമായി പ്രവേശിക്കുകയും ഘടകങ്ങളുടെയും ചിപ്പുകളുടെയും ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് 'മെയ്ക്ക് ഇൻ ഇന്ത്യ' ആ പ്രവണതയെ മാറ്റിമറിക്കുന്നു.
 
രാജ്യത്ത് ഒരു സെമികണ്ടക്ടർ നിർമ്മാണ അടിത്തറ സ്ഥാപിക്കുക എന്നത് മെയ്ക്ക് ഇൻ ഇന്ത്യയുടെ ഒരു പ്രധാന ഭാഗമാണ്.ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യ ഇത് നേടാൻ ശ്രമിക്കുന്നു. ഇന്ത്യ സെമികണ്ടക്ടർ ദൗത്യം ആരംഭിച്ചതോടെയും അഞ്ച് പ്രധാന പദ്ധതികൾ അംഗീകരിച്ചതോടെയും, (മൈക്രോൺ, ടാറ്റ ഇലക്ട്രോണിക്സിന്റെ രണ്ട് പദ്ധതികൾ, സിജി പവറിന്റെ ഒരു പദ്ധതി, കെയ്ൻസിന്റെ ഒരു പദ്ധതി)രാജ്യത്ത് സെമികണ്ടക്ടറുകളുടെ ഒരു യഥാർത്ഥ നിർമ്മാണ അടിത്തറ സ്ഥാപിക്കപ്പെടുകയാണ്.
 
പുതിയ സാമ്പത്തിക യുഗത്തെ രൂപപ്പെടുത്തുന്ന മേക്ക് ഇൻ ഇന്ത്യ
 
കളിപ്പാട്ടങ്ങൾ മുതൽ മൊബൈൽ ഫോണുകൾ വരെയും, പ്രതിരോധ ഉപകരണങ്ങൾ മുതൽ ഇലക്ട്രിക് മോട്ടോറുകൾ വരെയും, ഉത്പാദനം ഇന്ത്യയിലേക്ക് തിരികെ വരികയാണ് . ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' വീക്ഷണം . മേക്ക് ഇൻ ഇന്ത്യ പരിപാടി സ്വാശ്രയത്വം വർദ്ധിപ്പിക്കുകയും, ഉൽപ്പാദനം വർദ്ധിപ്പിക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ശക്തിക്ക് ഗണ്യമായ സംഭാവന നൽകുന്നു.
**********************

(Release ID: 2099867) Visitor Counter : 18