ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ബജറ്റ് 2025-26: സുപ്രധാന സവിശേഷതകൾ

Posted On: 01 FEB 2025 1:29PM by PIB Thiruvananthpuram

ഭാഗം - 1 

 

2025-26 ലെ കേന്ദ്ര ബജറ്റ് കേന്ദ്ര ധന - കോർപ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിന്റെ പ്രധാന സവിശേഷതകള്‍  ഇവയാണ്:

 

2025-26 ലെ ബജറ്റ് ആസൂത്രണങ്ങള്‍

 

  • കടമെടുപ്പൊഴികെ ആകെ വരുമാനവും ആകെ ചെലവും യഥാക്രമം  34.96 ലക്ഷം കോടി രൂപയും 50.65 ലക്ഷം കോടി രൂപയുമായി കണക്കാക്കുന്നു.

  • അറ്റ നികുതി വരുമാനം  28.37 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. 

  • ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി കണക്കാക്കുന്നു. 

  • ആകെ വിപണി വായ്പ  14.82 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. 

  • 2025-26 സാമ്പത്തിക വർഷം  11.21 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.1%) മൂലധന ചെലവ് നീക്കിവച്ചിരിക്കുന്നു.

 

വികസനത്തിന്റെ പ്രഥമ പ്രവര്‍ത്തനയന്ത്രമായി കൃഷി

 

പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന - കാർഷിക ജില്ലകൾ വികസിപ്പിക്കുന്ന പദ്ധതി

 

  • സംസ്ഥാനങ്ങളുമായി സഹകരിച്ച് കുറഞ്ഞ ഉൽപ്പാദനക്ഷമതയും മിതമായ വിളതീവ്രതയും ശരാശരിയില്‍ താഴെ വായ്പാ മാനദണ്ഡങ്ങളുമുള്ള 100 ജില്ലകളെ ഉള്‍പ്പെടുത്തി തുടക്കം കുറിയ്ക്കുന്ന ഈ പരിപാടിയിലൂടെ 1.7 കോടി കർഷകർക്ക് പ്രയോജനം ലഭിക്കും.

 

ഗ്രാമീണ സമൃദ്ധിയും പ്രതിരോധശേഷിയും കെട്ടിപ്പടുക്കല്‍ 

 

  • വൈദഗ്ദ്ധ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം എന്നിവയിലൂടെ കാർഷിക മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളുമായി സഹകരിച്ച് ഒരു സമഗ്ര ബഹുതല പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കും. 

  • ആദ്യഘട്ടത്തിൽ 100 വികസ്വര കാർഷിക ജില്ലകളെ ഉള്‍പ്പെടുത്തും. 

 

പയറുവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത  

 

  • തുവരപ്പരിപ്പ്, ഉഴുന്ന്, ചുവന്ന പരിപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പയറുവർഗ്ഗങ്ങളുടെ സ്വയംപര്യാപ്തതയ്ക്കായി ആറുവര്‍ഷ  പ്രത്യേക ദൗത്യം  സർക്കാർ ആരംഭിക്കും.

  • അടുത്ത 4 വർഷം  നാഫെഡും എൻ‌സി‌സി‌എഫും ഈ പയറുവർഗ്ഗങ്ങൾ കർഷകരിൽ നിന്ന് സംഭരിക്കും. 

 

പഴങ്ങൾക്കും പച്ചക്കറികൾക്കും സമഗ്ര പരിപാടി

 

  • ഉൽപ്പാദനം, കാര്യക്ഷമമായ വിതരണം, സംസ്കരണം, കർഷകർക്ക് ന്യായവില എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങളുമായി സഹകരിച്ച് ഒരു സമഗ്ര പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കും. 

 

ബീഹാറില്‍ മഖാന ബോർഡ്

 

  • താമരവിത്തിന്റെ ഉത്പാദനം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിന്  മഖാന ബോർഡ് രൂപീകരിക്കും.

 

ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്ക് ദേശീയ ദൗത്യം

 

  • ഗവേഷണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുക, ഉയർന്ന വിളവ് നൽകുന്ന വിത്തുകളുടെ വികസനവും പ്രചാരണവും, 100-ലധികം വിത്തിനങ്ങളുടെ വാണിജ്യ ലഭ്യത എന്നിവ ലക്ഷ്യമിട്ട് ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായി ദേശീയ ദൗത്യം ആരംഭിക്കും.

 

മത്സ്യമേഖല

 

  • ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയില്‍നിന്നും  പുറംകടലില്‍നിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിര ഉപയോഗത്തിന് സർക്കാർ ചട്ടക്കൂട് നടപ്പാക്കും. 

 

പരുത്തി ഉൽപ്പാദനക്ഷമതയ്ക്ക് പ്രത്യേക  ദൗത്യം

 

  • പരുത്തി കൃഷിയുടെ ഉൽപ്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി സാധ്യമാക്കുന്നതിനും നീളമേറിയ അസംസ്കൃത പരുത്തി ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി അഞ്ചുവർഷ  ദൗത്യം പ്രഖ്യാപിച്ചു.

 

കെസിസി വഴി  മികച്ച വായ്പ

 

  • കെസിസി വഴി നല്‍കുന്ന വായ്പകൾക്ക് പരിഷ്കരിച്ച പലിശയിളവ് പദ്ധതി പ്രകാരം വായ്പാ പരിധി  3 ലക്ഷം രൂപയില്‍നിന്ന്  5 ലക്ഷം രൂപയായി ഉയർത്തും.

 

അസമില്‍  യൂറിയ പ്ലാന്റ്

 

  • അസമിലെ നംരൂപിൽ 12.7 ലക്ഷം മെട്രിക് ടൺ വാർഷിക ശേഷിയുള്ള  യൂറിയ പ്ലാന്റ് സ്ഥാപിക്കും.

 

വികസനത്തിന്റെ രണ്ടാം പ്രവര്‍ത്തനയന്ത്രമായി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍

 

എം.എസ്.എം.ഇ.കളുടെ വർഗീകരണ മാനദണ്ഡങ്ങളിൽ മാറ്റം 

 

  • എല്ലാ എം.എസ്.എം.ഇ.കളുടെയും വർഗീകരണത്തിനുള്ള നിക്ഷേപ പരിധി  2.5 മടങ്ങായും വിറ്റുവരവ് പരിധി  2 മടങ്ങായും വർധിപ്പിക്കും.

 

സൂക്ഷ്മ വ്യവസായങ്ങള്‍ക്ക്  ക്രെഡിറ്റ് കാർഡുകൾ

 

  • ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സൂക്ഷ്മ വ്യാവസായിക സംരംഭങ്ങള്‍ക്ക്   5 ലക്ഷം രൂപ പരിധിയില്‍ പ്രത്യേക ക്രെഡിറ്റ് കാർഡുകൾ; ആദ്യ വർഷം 10 ലക്ഷം കാർഡുകൾ വിതരണം ചെയ്യും. .

 

സ്റ്റാർട്ടപ്പ് ധനസഹായങ്ങള്‍ക്ക് ഫണ്ട് ഓഫ് ഫൻഡ്സ്

 

  • വിപുലീകൃത വ്യാപ്തിയോടെയും 10,000 കോടി രൂപയുടെ പുതിയ സംഭാവനയോടെയും സ്റ്റാർട്ടപ്പ് ധനസഹായങ്ങള്‍ക്ക് ഫണ്ട് ഓഫ് ഫൻഡ്സ് രൂപീകരിക്കും.  

 

പ്രഥമ സംരംഭകര്‍ക്കുള്ള പദ്ധതി

 

  • അടുത്ത 5 വർഷത്തില്‍ 5 ലക്ഷം സ്ത്രീകള്‍ക്കും പട്ടികജാതി - പട്ടികവർഗ വിഭാഗക്കാര്‍ക്കുമായി  2 കോടി രൂപവരെ തവണവ്യവസ്ഥയില്‍  വായ്പ നൽകുന്ന  പുതിയ പദ്ധതി പ്രഖ്യാപിച്ചു.

 

പാദരക്ഷ, തുകൽ മേഖലകൾക്ക് ഉല്പന്ന കേന്ദ്രീകൃത പദ്ധതി  

 

  • രാജ്യത്തെ പാദരക്ഷ, തുകൽ മേഖലകളുടെ ഉൽപ്പാദനക്ഷമത, ഗുണനിലവാരം, മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 22 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനും 4 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനും  1.1 ലക്ഷം കോടിയിലധികം രൂപയുടെ കയറ്റുമതി നേട്ടത്തിനുമായി ഉല്പന്ന കേന്ദ്രീകൃത പദ്ധതി പ്രഖ്യാപിച്ചു.

 

കളിപ്പാട്ട മേഖലയ്ക്കുള്ള നടപടികൾ

 

  • ഉന്നത നിലവാരത്തില്‍ അതുല്യവും, നൂതനവും, സുസ്ഥിരവുമായ കളിപ്പാട്ടങ്ങൾ നിര്‍മിക്കുന്നതിനും ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുമായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

 

ഭക്ഷ്യ സംസ്കരണത്തിന്  പിന്തുണ

 

  • ദേശീയ ഭക്ഷ്യ സാങ്കേതിക, സംരംഭകത്വ, നിര്‍വഹണ കേന്ദ്രം ബീഹാറിൽ  സ്ഥാപിക്കും.

 

നിർമാണ ദൗത്യം - ‘മെയ്ക്ക് ഇൻ ഇന്ത്യ’ യുടെ പ്രോത്സാഹനം 

 

  • ‘മെയ്ക്ക് ഇൻ ഇന്ത്യ’ അഭിവൃദ്ധിപ്പെടുത്തുന്നതിന് ചെറുകിട - വൻകിട - ഇടത്തരം  വ്യവസായങ്ങളെ ഉൾപ്പെടുത്തി  ദേശീയ നിർമാണ ദൗത്യം പ്രഖ്യാപിച്ചു.

 

വികസനത്തിന്റെ മൂന്നാം  പ്രവര്‍ത്തനയന്ത്രമായി നിക്ഷേപം

 

I. ജനങ്ങളിലെ നിക്ഷേപം 

 

സക്ഷം അങ്കണവാടിയും പോഷണ്‍ 2.0-യും 

 

  • പോഷകാഹാര പിന്തുണയുടെ  ചെലവ് മാനദണ്ഡങ്ങൾ ഉചിതമായ രീതിയില്‍ മെച്ചപ്പെടുത്തും. 

 

അടൽ ടിങ്കറിങ് ലാബുകൾ

 

  • അടുത്ത 5 വർഷത്തിനകം  സർക്കാർ സ്‌കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കും.

 

ഗവൺമെന്റ് സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം 

 

  • ഭാരത്‌നെറ്റ് പദ്ധതിയുടെ കീഴിൽ ഗ്രാമപ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍  സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്‌ബാൻഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. 

 

ഭാരതീയ ഭാഷാ പുസ്തക പദ്ധതി

 

  • സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഇന്ത്യൻ ഭാഷാ പുസ്‌തകങ്ങൾ ഡിജിറ്റൽ രൂപത്തില്‍ നൽകുന്നതിന് ഭാരതീയ ഭാഷാ പുസ്തക പദ്ധതി പ്രഖ്യാപിച്ചു.

 

നൈപുണ്യ വികസനത്തിന് ദേശീയ മികവുകേന്ദ്രങ്ങൾ

 

  •  ‘മെയ്ക്ക് ഫോർ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ്’ ആശയത്തില്‍ രാജ്യത്തെ യുവതയെ ഉൽപ്പാദനത്തിനാവശ്യമായ നൈപുണ്യം നല്‍കി സജ്ജരാക്കുന്നതിന് ആഗോള വൈദഗ്ധ്യവും പങ്കാളിത്തവും ഉപയോഗിച്ച് നൈപുണ്യ വികസനത്തിന് 5 ദേശീയ മികവുകേന്ദ്രങ്ങൾ സ്ഥാപിക്കും.


 

ഐഐടികളിലെ ശേഷി വികസനം

 

  • 2014 ന് ശേഷം പ്രവര്‍ത്തനമാരംഭിച്ച 5 ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങളൊരുക്കി 6,500 വിദ്യാർത്ഥികൾക്കുകൂടി പഠനം  സാധ്യമാക്കും. .

 

വിദ്യാഭ്യാസരംഗത്തെ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം

 

  • 500 കോടി രൂപ ചെലവിൽ വിദ്യാഭ്യാസരംഗത്തെ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട  മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

 

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വിപുലീകരണം

 

  • മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും അടുത്ത വർഷം 10,000 അധിക സീറ്റുകൾ ചേര്‍ത്തുകൊണ്ട്  അടുത്ത 5 വർഷത്തില്‍ ആകെ 75000 സീറ്റുകൾ വർധിപ്പിക്കും.

 

എല്ലാ ജില്ലാ ആശുപത്രികളിലും ഡേ-കെയർ അര്‍ബുദ കേന്ദ്രങ്ങള്‍

 

  • അടുത്ത 3 വർഷത്തിനകം  എല്ലാ ജില്ലാ ആശുപത്രികളിലും ഡേ-കെയർ അര്‍ബുദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 2025-26 ൽ 200 കേന്ദ്രങ്ങൾ യാഥാര്‍ത്ഥ്യമാക്കും. 

 

നഗര ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തൽ

 

  • നഗര തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര ഉപജീവനമാർഗത്തിനും സഹായിക്കാന്‍ അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

 

പിഎം സ്വനിധി

 

  • ബാങ്കുകളിൽ നിന്നുള്ള വായ്പകൾ വർധിപ്പിക്കൽ,  30,000 രൂപ പരിധിയില്‍ യുപിഐ ബന്ധിത ക്രെഡിറ്റ് കാർഡുകൾ, ശേഷി വര്‍ധനയ്ക്ക് പിന്തുണ എന്നിവ ഉൾപ്പെടുത്തി പദ്ധതി നവീകരിക്കും.

 

ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ക്ഷേമത്തിന് സാമൂഹ്യ സുരക്ഷാ പദ്ധതി

 

  • ഗിഗ്-തൊഴിലാളികള്‍ക്ക്  തിരിച്ചറിയൽ കാർഡുകൾ, ഇ-ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ, പിഎം ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ ആരോഗ്യ സംരക്ഷണം എന്നിവ സർക്കാർ ക്രമീകരിക്കും.

 

II. സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപം

 

അടിസ്ഥാനസൗകര്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം

 

  • 3 വർഷ പദ്ധതികൾക്കുള്ള നടപടിക്രമങ്ങള്‍ പിപിപി മോഡിൽ  ആസൂത്രണം ചെയ്യാന്‍  അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പ്രോത്സാഹനം.  

 

അടിസ്ഥാനസൗകര്യത്തിന് സംസ്ഥാനങ്ങള്‍ക്ക്  പിന്തുണ

 

  • മൂലധന ചെലവുകൾക്കും പരിഷ്ക്കാരങ്ങളുടെ പ്രോത്സാഹനത്തിനുമായി  സംസ്ഥാനങ്ങൾക്ക് 50 വർഷ പലിശരഹിത വായ്പയ്ക്ക്  1.5 ലക്ഷം കോടി രൂപയുടെ നീക്കിയിരിപ്പ് നിര്‍ദേശിച്ചിരിക്കുന്നു. 

 
2025-30 കാലയളവിലെ ആസ്തി ധനസമ്പാദന പദ്ധതി
 

2025-30 ലേക്കുള്ള രണ്ടാം പദ്ധതിയിൽ പുതുതായി പ്രഖ്യാപിച്ച  പദ്ധതികളിൽ നിന്ന് 10 ലക്ഷം കോടി രൂപയുടെ മൂലധനം സമാഹരിക്കും  .

ജൽ ജീവൻ ദൗത്യം

ആകെ നീക്കിയിരിപ്പ് വർദ്ധിപ്പിച്ചുകൊണ്ട്  ദൗത്യം 2028 വരെ നീട്ടും.

അർബൻ ചലഞ്ച് ഫണ്ട്

' വളർച്ചാ കേന്ദ്രങ്ങളായി നഗരങ്ങൾ ', 'നഗരങ്ങളുടെ സർഗാത്മക പുനർവികസനം', 'ജലവും ശുചിത്വവും' എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട് പ്രഖ്യാപിച്ചു. 2025-26 ൽ 10,000 കോടി രൂപ നീക്കിയിരിപ്പ് ശുപാർശ ചെയ്തു .

വികസിത ഭാരതത്തിനായുള്ള ആണവോർജ്ജ ദൗത്യം

•ആണവോർജ്ജ നിയമത്തിലെയും ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതാ നിയമത്തിലെയും ഭേദഗതികൾ പരിഗണിക്കും .

 •ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണത്തിനും വികസനത്തിനുമായി 20,000 കോടി രൂപ ചെലവിൽ ആണവോർജ്ജ ദൗത്യം സ്ഥാപിക്കും. 2033 ഓടെ തദ്ദേശീയമായി വികസിപ്പിച്ച 5 എസ്എംആറുകൾ പ്രവർത്തനക്ഷമമാകും.

കപ്പൽ നിർമ്മാണം

•കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ നയം പുതുക്കും.

•ഒരു നിശ്ചിത വലുപ്പത്തിന് മുകളിലുള്ള വലിയ കപ്പലുകൾ അടിസ്ഥാന സൗകര്യ  ഹാർമണൈസ്ഡ് മാസ്റ്റർ പട്ടികയിൽ (എച്ച്എംഎൽ) ഉൾപ്പെടുത്തും.

സമുദ്ര വികസന ഫണ്ട്

25,000 കോടി രൂപയുടെ മൂലധനമുള്ള സമുദ്ര വികസന ഫണ്ട് സ്ഥാപിക്കും. 49 ശതമാനം വരെ സർക്കാരും ശേഷിക്കുന്നത് തുറമുഖങ്ങളും സ്വകാര്യ മേഖലയും നൽകും

ഉഡാൻ - പ്രാദേശിക ഗതാഗതവികസന പദ്ധതി

•അടുത്ത 10 വർഷത്തിനുള്ളിൽ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാദേശിക ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനും 4 കോടി യാത്രക്കാരെ ഉദ്ദേശിച്ചും പരിഷ്കരിച്ച ഉഡാൻ പദ്ധതി പ്രഖ്യാപിച്ചു.

•മലയോര മേഖലകൾ, വടക്കുകിഴക്കൻ മേഖല,അഭിലാഷ ജില്ലകൾ എന്നീ ഇടങ്ങളിൽ  ഹെലിപാഡുകളും ചെറിയ വിമാനത്താവളങ്ങളും നിർമ്മിക്കുന്നത് പിന്തുണയ്ക്കും

 ബീഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളം

ബീഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രഖ്യാപിച്ചു.പട്ന വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ബിഹ്തയിൽ ബ്രൗൺഫീൽഡ് വിമാനത്താവളം സ്ഥാപിക്കുന്നതിനും പ്രഖ്യാപനം

മിഥിലാഞ്ചലിൽ പശ്ചിമ കോസി കനാൽ പദ്ധതി

ബീഹാറിലെ പശ്ചിമ കോസികനാൽ ഇആർഎം പദ്ധതിക്ക് സാമ്പത്തിക സഹായം.

ഖനന മേഖലയിലെ പരിഷ്കാരങ്ങൾ

നിർദിഷ്ട ധാതു അയിരുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് നിർണായക ധാതുക്കൾ വീണ്ടെടുക്കുന്നതിനുള്ള നയം കൊണ്ടുവരും.

സ്വാമിഹ് ഫണ്ട് 2

സർക്കാർ, ബാങ്കുകൾ, സ്വകാര്യ നിക്ഷേപകർ എന്നിവയുടെ സംഭാവനയോടെ 1 ലക്ഷം പാർപ്പിട യൂണിറ്റുകൾ കൂടി വേഗത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള 15,000 കോടിരൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു.

തൊഴിൽ അധിഷ്ഠിത വളർച്ച സാധ്യമാക്കുന്ന വിനോദസഞ്ചാരം  

 സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ 'ചലഞ്ച് മോഡിൽ ' രാജ്യത്തെ മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും

III. നൂതനാശയങ്ങളിലെ നിക്ഷേപം

ഗവേഷണം, വികസനം, നൂതനാശയം

ജൂലൈ ബജറ്റിൽ പ്രഖ്യാപിച്ച, സ്വകാര്യ മേഖല നേതൃത്വം നൽകുന്ന ഗവേഷണ, വികസന, നൂതനാശയ സംരംഭം നടപ്പിലാക്കുന്നതിനായി ₹20,000 കോടി അനുവദിക്കും.

ഡീപ് ടെക് ഫണ്ട് ഓഫ് ഫണ്ട്

അടുത്ത തലമുറ സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിക്കുന്നതിനായി ഡീപ് ടെക് ഫണ്ട് ഓഫ് ഫണ്ട് കണ്ടെത്തും

പിഎം ഗവേഷണ ഫെലോഷിപ്പ്

വർദ്ധിച്ച സാമ്പത്തിക പിന്തുണയോടെ ഐഐടികളിലും ഐഐഎസ്‌സിയിലും സാങ്കേതിക ഗവേഷണത്തിനായി 10,000 ഫെലോഷിപ്പുകൾ.

വിളകളുടെ ജേംപ്ലാസം ജീൻ ബാങ്കുകൾ

ഭാവിയിലെ ഭക്ഷ്യ-പോഷക സുരക്ഷയ്ക്കായി 10 ലക്ഷം ജേംപ്ലാസം ശ്രേണികൾ ഉള്ള രണ്ടാമത്തെ ജീൻ ബാങ്ക് സ്ഥാപിക്കും.

ദേശീയ ജിയോസ്പേഷ്യൽ ദൗത്യം

ജിയോസ്പേഷ്യൽ അടിസ്ഥാന സൗകര്യവും ഡാറ്റയും വികസിപ്പിക്കുന്നതിനായി ഒരു ദേശീയ ജിയോസ്പേഷ്യൽ ദൗത്യം പ്രഖ്യാപിച്ചു.

ഗ്യാൻ ഭാരതം മിഷൻ

അക്കാദമിക് സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, ശേഖരണം നടത്തുന്ന സ്വകാര്യ വ്യക്തികൾ എന്നിവരുമായി ചേർന്ന് നമ്മുടെ കൈയെഴുത്തുപ്രതികളുടെ പൈതൃക സമ്പത്തിന്റെ സർവേ, രേഖപ്പെടുത്തൽ , സംരക്ഷണം എന്നിവയ്ക്കായി ഗ്യാൻ ഭാരതം ദൗത്യം ആരംഭിക്കും. ഒരു കോടിയിലധികം കൈയെഴുത്തുപ്രതികൾ പദ്ധതിയുടെ ഭാഗമാകും എന്നും പ്രഖ്യാപനം

 വികസനത്തിന്റെ നാലാമത്തെ  പ്രവര്‍ത്തനയന്ത്രമായി  കയറ്റുമതി

കയറ്റുമതി പ്രോത്സാഹന ദൗത്യം

വാണിജ്യ, എംഎസ്എംഇ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി നേതൃത്വം നൽകുന്ന വിധത്തിൽ, ഓരോ മേഖലയുടെയും മന്ത്രാലയങ്ങളുടെയും ലക്ഷ്യങ്ങൾക്കായി കയറ്റുമതി പ്രോത്സാഹന ദൗത്യം സ്ഥാപിക്കും.

ഭാരത് ട്രേഡ്നെറ്റ്

വ്യാപാര പ്രവർത്തനങ്ങൾ സംബന്ധിച്ച ഇടപാടുകൾ രേഖകൾ ആക്കുന്നതിനും സാമ്പത്തിക പരിഹാരങ്ങൾക്കുമായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോമായി അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള 'ഭാരത് ട്രേഡ്നെറ്റ്' (ബിടിഎൻ) സ്ഥാപിക്കും.

ജിസിസിക്കുള്ള ദേശീയ ചട്ടക്കൂട്

ഉയർന്നുവരുന്ന രണ്ടാംനിര നഗരങ്ങളിൽ ആഗോള ശേഷി കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശമായി ഒരു ദേശീയ ചട്ടക്കൂട് രൂപീകരിക്കും.

 ഊർജമായി പരിഷ്കാരങ്ങൾ: സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങളും വികസനവും

ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ

മുഴുവൻ പ്രീമിയവും ഇന്ത്യയിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി 74 ൽ നിന്ന് 100 ശതമാനമായി ഉയർത്തും.

നാബ്ഫിഡിന്റെ വായ്‌പ്പാ വർദ്ധന സൗകര്യം

അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള കോർപ്പറേറ്റ് ബോണ്ടുകൾക്കായി നാബ്ഫിഡ്  'ഭാഗിക വായ്‌പാ മെച്ചപ്പെടുത്തൽ സൗകര്യം' സ്ഥാപിക്കും .

 ഗ്രാമീൺ ക്രെഡിറ്റ് സ്കോർ

സ്വയം സഹായ സംഘ അംഗങ്ങളുടെയും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെയും വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊതുമേഖലാ ബാങ്കുകൾ 'ഗ്രാമീൺ ക്രെഡിറ്റ് സ്കോർ' ചട്ടക്കൂട് വികസിപ്പിക്കും.

പെൻഷൻ മേഖല

പെൻഷൻ സംവിധാനങ്ങളുടെ നിയന്ത്രണ ഏകോപനത്തിനും വികസനത്തിനുമുള്ള ഒരു ഫോറം രൂപീകരിക്കും.

റെഗുലേറ്ററി പരിഷ്കാരങ്ങൾക്കായുള്ള ഉന്നതതല സമിതി

സാമ്പത്തികേതര മേഖലയിലെ എല്ലാതരം നിയന്ത്രണങ്ങൾ, സർട്ടിഫിക്കേഷനുകൾ, ലൈസൻസുകൾ, അനുമതികൾ എന്നിവയുടെ അവലോകനത്തിനായി റെഗുലേറ്ററി പരിഷ്കാരങ്ങൾക്കായുള്ള ഒരു ഉന്നതതല സമിതി രൂപീകരിക്കും.

സംസ്ഥാനങ്ങളുടെ നിക്ഷേപ സൗഹൃദ സൂചിക

മത്സരാധിഷ്ഠിത- സഹകരണ ഫെഡറലിസത്തിന്റെ മനോഭാവം വർദ്ധിപ്പിക്കുന്നതിനായി 2025 ൽ സംസ്ഥാനങ്ങളുടെ നിക്ഷേപ സൗഹൃദ സൂചിക ആരംഭിക്കും.

ജൻ വിശ്വാസ് ബിൽ 2.0

വിവിധ നിയമങ്ങളിലെ 100 ലധികം വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിനുള്ള ജൻ വിശ്വാസ് ബിൽ 2.0.

 ഭാഗം - 2
 

 പ്രത്യക്ഷ നികുതികൾ

  • പുതിയ നികുതി വ്യവസ്ഥ പ്രകാരം 12 ലക്ഷം രൂപ വരെയുള്ള വരുമാനം (അതായത് മൂലധന നേട്ടം പോലുള്ള പ്രത്യേക നിരക്ക് നൽകേണ്ട വരുമാനം ഒഴികെ പ്രതിമാസം ഒരു ലക്ഷം രൂപ ശരാശരി വരുമാനം) ഉള്ളവർക്ക് വ്യക്തിഗത ആദായനികുതി നൽകേണ്ടതില്ല.
  • 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കാരണം ശമ്പള നികുതിദായകർക്ക് ഈ പരിധി 12.75 ലക്ഷം രൂപയായിരിക്കും.
  • പുതിയ ഘടന മധ്യവർഗത്തിന്റെ നികുതികൾ ഗണ്യമായി കുറയ്ക്കുകയും അവരുടെ കൈകളിൽ കൂടുതൽ പണം അവശേഷിപ്പിക്കുകയും ചെയ്യും. ഇത് ഗാർഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കും.
  • നികുതിദായകർക്കും നികുതി ഭരണനിർവ്വഹണ രംഗത്തുള്ളവർക്കും എളുപ്പത്തിൽ മനസ്സിലാക്കുന്ന വിധത്തിൽ പുതിയ ആദായനികുതി ബിൽ സംബന്ധിച്ച വസ്തുതകൾ വ്യക്തവും നേരിട്ടുള്ളതുമായിരിക്കും. ഇത് നികുതി നിശ്ചിതത്വത്തിനും നിയമവ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും ഇടയാക്കും.
  • ഈ മാറ്റം പ്രാബല്യത്തിലാകുന്നതോടെ പ്രത്യക്ഷനികുതി ഇനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ  വരുമാനക്കുറവ്  ഉണ്ടാകും

 പുതുക്കിയ നികുതി നിരക്ക് ഘടന
പുതിയ നികുതി വ്യവസ്ഥയിൽ, പുതുക്കിയ നികുതി നിരക്ക് ഘടന ഇപ്രകാരമായിരിക്കും:

ലക്ഷം രൂപ വരെ

നികുതി ഇല്ല

4-8 ലക്ഷം

അഞ്ച് ശതമാനം

8-12 ലക്ഷം

10 ശതമനം

12-16 ലക്ഷം

15 ശതമാനം

16-20 ലക്ഷം

20 ശതമാനം

20-24 ലക്ഷം

 

25 ശതമാനം

24 ലക്ഷത്തിന് മുകളിൽ

30 ശതമാനം

 

 

 


ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ടിഡിഎസ്/ടിസിഎസ് യുക്തിസഹമാക്കൽ

  • ടിഡിഎസ് നിരക്കുകളുടെയും പരിധികളുടെയും എണ്ണം കുറച്ചു. ഇതിലൂടെ സ്രോതസ്സിൽ നിന്നുള്ള നികുതി കിഴിവ് (ടിഡിഎസ്) യുക്തിസഹമാക്കും
  • മുതിർന്ന പൗരന്മാരുടെ പലിശയ്ക്ക് നികുതി കിഴിവ് നൽകുന്നതിനുള്ള പരിധി നിലവിലുള്ള 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി.
  • വാടകയുടെ മേലുള്ള ടിഡിഎസിന്റെ വാർഷിക പരിധി 2.40 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപയായി ഉയർത്തി
  • ആര്‍ബിഐയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിനു ((LRS) ) കീഴില്‍ പണമയയ്ക്കുന്നതിന് സ്രോതസില്‍ നിന്നും നികുതി ഈടാക്കാനുള്ള (TCS)  പരിധി ഏഴു ലക്ഷം രൂപയില്‍ നിന്നും പത്തു ലക്ഷം രൂപയായി ഉയര്‍ത്തി.
  • .ഉയര്‍ന്ന ടിഡിഎസിനുള്ള നിബന്ധനകള്‍ പാന്‍ ഇതര ഇടപാടുകള്‍ക്കു മാത്രമേ ബാധകമാകൂ.
  • . സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാനുള്ള അവസാന തീയതി വരെ ടിസിഎസ് പേയ്‌മെന്റ് വൈകുന്ന കേസുകളെ  ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് ഒഴിവാക്കും.


പാലിക്കേണ്ട കാര്യങ്ങള്‍ അനായാസമാക്കി

  • രജിസ്ര്‌ടേഷന്‍ കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നും പത്തു വര്‍ഷമായി ഉയര്‍ത്തിക്കൊണ്ട് ചെറിയ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍/ സ്ഥാപനങ്ങള്‍ എന്നിവ പാലിക്കേണ്ട കാര്യങ്ങള്‍ അനായാസമാക്കി.
  • സ്വയം അധിനിവേശ സ്വത്തുക്കളുടെ വാര്‍ഷിക മൂല്യം പൂജ്യമായി ക്ലെയിം ചെയ്യുന്നതിന്റെ ആനുകൂല്യം ഒരു നിബന്ധനയും കൂടാതെ അത്തരം രണ്ട് സ്വയം അധിനിവേശ സ്വത്തുക്കള്‍ക്ക്  ബാധകമാക്കി.


ബിസിനസ് ചെയ്യുന്നത് അനായാസമാക്കി

  • മൂന്നു വര്‍ഷത്തെ ഒറ്റക്കാലയളവിലേക്കുള്ള അന്താരാഷ്ട്ര ഇടപാടില്‍ തുല്യത നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ അവതരണം.
  • വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിനും അന്താരാഷ്ട്ര നികുതിക്കാര്യങ്ങളില്‍ സ്ഥിരത നല്‍കുന്നതിനുമുള്ള സുരക്ഷിത നിയമങ്ങളുടെ വ്യാപ്തി വിപുലീകരിക്കും.
  • 2024 ഓഗസ്റ്റ് 29 നോ അതിനു ശേഷമോ ദേശീയ സമ്പാദ്യ പദ്ധതിയില്‍ (NSS) നിന്നും വ്യക്തികള്‍ നടത്തുന്ന പിന്‍വലിക്കലുകളുടെ ഒഴിവാക്കല്‍.
  • മൊത്തത്തിലുള്ള പരിധികള്‍ക്കു വിധേയമായി സാധാരണ എന്‍പിഎസ് അക്കൗണ്ടുകള്‍ക്കും എന്‍പിഎസ് വാത്സല്യ അക്കൗണ്ടുകള്‍ക്കു സമാനമായ പരിഗണന ലഭിക്കും.


തൊഴിലും നിക്ഷേപവും

  • ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പദ്ധതികള്‍ക്ക് നികുതി ഉറപ്പ്
  • ഒരു ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്ന ഒരു തദ്ദേശ കമ്പനിക്ക് സേവനങ്ങള്‍ നല്‍കുന്ന പ്രവാസികള്‍ക്കുള്ള അനുമാന നികുതി സംവിധാനം.
  • നിര്‍ദ്ദിഷ്ട ഇലക്ട്രേണിക്‌സ് നിര്‍മ്മാണ യൂണിറ്റുകളിലേക്കുള്ള വിതരണത്തിനായി സാധനസാമഗ്രികള്‍ സംഭരിക്കുന്ന പ്രവാസികള്‍ക്ക് സുരക്ഷിതമായ നികുതി ഉറപ്പു സംവിധാനം.


ഉള്‍നാടന്‍ യാനങ്ങള്‍ക്കു ടണ്ണേജ് നികുതി പദ്ധതി

  • രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി, 2021ലെ ഇന്ത്യന്‍ വെസല്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഉള്‍നാടന്‍ യാനങ്ങള്‍ക്കു നിലവിലുള്ള ടണ്ണേജ് ടാക്‌സ് സ്‌കീമിന്റെ പ്രയോജനം ലഭ്യമാക്കും.
  • സ്റ്റാര്‍ട്ട് അപ് ആനുകൂല്യങ്ങള്‍ക്കായുള്ള തീയ്യതിയില്‍ ഇളവ്
  • 2030 ഏപ്രില്‍ ഒന്നിനു മുന്‍പ് സ്ഥാപിതമായ സ്റ്റാര്‍ട്ട് അപുകള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്ന വിധത്തില്‍ ഇവയുടെ സ്ഥാപനം സംബന്ധിച്ച തീയ്യതിയില്‍ അഞ്ചു വര്‍ഷത്തെ ഇളവ്
 

ബദല്‍ നിക്ഷേപ ഫണ്ടുകള്‍ (എഐഎഫ്)

  • അടിസ്ഥാന സൗകര്യങ്ങളിലും സമാന മറ്റു മേഖലകളിലും നിക്ഷേപം നടത്തുന്ന കാറ്റഗറി I, കാറ്റഗറി II എഐഎഫുകളിലേക്കുള്ള സെക്യൂരിറ്റികള്‍ നിന്നുള്ള ആദായത്തില്‍ നികുതി ചുമത്തുന്നതിനു സ്ഥിരത.
  • സോവറിന്‍, പെന്‍ഷന്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ തീയിതി ദീര്‍ഘിപ്പിക്കല്‍
  • അടിസ്ഥാന സൗകര്യ മേഖലയിലേക്കുള്ള ഫണ്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്, സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലും  പെന്‍ഷന്‍ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിനുള്ള തീയതി അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് 2030 മാര്‍ച്ച് 31 വരെയാക്കി.

പരോക്ഷ നികുതികള്‍

  • വ്യാവസായിക ചരക്കുകള്‍ക്കുള്ള കസ്റ്റംസ് താരിഫ് ഘടന യുക്തിസഹമാക്കി
  • 2025-26ലെ കേന്ദ്ര ബജറ്റ് ഇനിപ്പറയുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു:
    • ഏഴു നികുതി നിരക്കുകള്‍ നീക്കം ചെയ്യുന്നു. 2023-24 ബജറ്റില്‍ നീക്കം ചെയ്ത ഏഴു നികുതി നിരക്കുകള്‍ക്കു പുറമേയാണിത്. ഇതിനു ശേഷം 'പൂജ്യം നിരക്ക് ഉള്‍പ്പടെ എട്ടു നികുതി നിരക്കുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
    • ചില ഇനങ്ങളിലൊഴികെ ഫലപ്രദമായ നികുതി രീതികള്‍, നേരിയതോതില്‍ കുറവുള്ളയിടങ്ങളില്‍, വിശാലമായി നിലനിര്‍ത്തുന്നതിന് ഉചിതമായ സെസ് ഏര്‍പ്പെടുത്തുക.
    • ഒന്നില്‍ കൂടുതല്‍ സെസ് അല്ലെങ്കില്‍ സര്‍ച്ചാര്‍ജ് പിരിക്കരുത്. അതിനാല്‍ സെസിനു വിധേയമായ 82 നികുതി നിരക്കുകളില്‍ സാമൂഹ്യ ക്ഷേമ സര്‍ച്ചാര്‍ജ് ഒഴിവാക്കി.
  • പരോക്ഷ നികുതി ഇനത്തിൽ 2600 കോടി രൂപയുടെ വരുമാനക്കുറവ്  ഉണ്ടാകും.
  • ഔഷധങ്ങള്‍/മരുന്നുകള്‍ എന്നിവയുടെ  ഇറക്കുമതിയില്‍ ഇളവ്
  • 36 ജീവന്‍ രക്ഷാ ഔഷധങ്ങളും മരുന്നുകളും അടിസ്ഥാന കംസ്റ്റസ് ഡ്യൂട്ടിയില്‍ നിന്നും (BCD) പൂര്‍ണ്ണമായും ഒഴിവാക്കി.
  • ആറ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള കംസ്റ്റസ് ഡ്യൂട്ടി അഞ്ചു ശതമാനമാക്കും.
  • ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തുന്ന പേഷ്യന്റ്‌സ് അസിസ്റ്റന്‍സ് പ്രോഗ്രാമുകളിലേക്കുള്ള നിര്‍ദ്ദിഷ്ട മരുന്നുകളും ഔഷധങ്ങളും ബിസിഡിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി; 13 പൂതിയ പേഷ്യന്റ്‌സ് അസിസ്റ്റന്‍സ് പ്രോഗ്രാമുകള്‍ക്കൊപ്പം 37 മരുന്നുകള്‍ കൂടി ചേര്‍ത്തു.
  • ആഭ്യന്തര ഉത്പാദനത്തിനും മൂല്യ വര്‍ദ്ധനയ്ക്കും പിന്തുണ
  • സുപ്രധാന ധാതുക്കള്‍:

കോബാള്‍ട്ട് പൊടി, മാലിന്യം, ലിഥിയം അയണ്‍ ബറ്ററിയുടെ അവശിഷ്ടങ്ങള്‍, ലെഡ്, സിങ്ക് തുടങ്ങി 12 സുപ്രധാന ധാതുക്കളെ ബിസിഡിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി.

 

തുണിത്തരങ്ങള്‍

  • രണ്ടുതരം ഷട്ടില്‍ ലെസ് ലൂമുകളെ ടെക്‌സ്റ്റൈല്‍ യന്ത്രങ്ങളുടെ കൂട്ടത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി.
  • നെയ്ത തുണിത്തരങ്ങളുടെ ബിസിഡി നിരക്ക് ' 10% അല്ലെങ്കില്‍ 20%' എന്നതില്‍ നിന്ന് ' 20%'  അല്ലെങ്കില്‍ കിലോയ്ക്ക് 115 രൂപ, ഏതാണോ ഉയര്‍ന്നത് അത് ബാധകമാക്കി

ഇലക്ടോണിക് സാധനങ്ങള്‍: 

  • ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനല്‍ ഡിസ്‌പ്ലേയില്‍ (IFPD) ബിസിഡി നിരക്ക് 10 % ല്‍ നിന്നും 20 % ആയി വര്‍ദ്ധിപ്പിച്ചു.
  • ഓപ്പണ്‍ സെല്ലിനും മറ്റു ഘടകങ്ങള്‍ക്കും ബിസിഡി 5% ആയി കുറച്ചു.
  • ഓപ്പണ്‍ സെല്ലുകളുടെ ഭാഗങ്ങള്‍ക്ക് ബിസിഡി ഒഴിവാക്കി.

ലിഥിയം അയണ്‍ ബാറ്ററി:

ഇ വി ബാറ്ററി നിര്‍മ്മാണത്തിനുള്ള 35 അധിക നിര്‍മ്മാണ സാധനങ്ങളും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള 28 അധിക നിര്‍മ്മാണ സാധനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

 

ഷിപ്പിംഗ് മേഖല:

  • അസംസ്‌കൃത വസ്തുക്കള്‍, ഘടകങ്ങള്‍, ഉപഭോഗവസ്തുക്കള്‍ അല്ലെങ്കില്‍ കപ്പലുകളുടെ നിര്‍മ്മാണത്തിനുള്ള ഭാഗങ്ങള്‍ എന്നിവയ്ക്ക് ബിസിഡി ഇളവ് മറ്റൊരു പത്തു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.
  • ഷിപ് ബ്രേക്കിംഗിനും ഇതേ രീതി തുടരും.
ടെലികമ്മ്യൂണിക്കേഷന്‍:

കാരിയര്‍ ഗ്രേഡ് ഇഥര്‍നെറ്റ് സ്വിച്ചുകളുടെ ബിസിഡി 20%ല്‍ നിന്നും 10% ആയി കുറച്ചു.


കയറ്റുമതി പ്രോത്സാഹനം

  • കരകൗശല വസ്തുക്കള്‍:
    • കയറ്റുമതിക്കുള്ള സമയപരിധി ആറു മാസത്തില്‍ നിന്നും ഒരു വര്‍ഷമാക്കി, ആവശ്യമെങ്കില്‍ മൂന്നു മാസത്തേക്കു കൂടി നീട്ടി നല്‍കാവുന്നതാണ്.
    • ഡ്യൂട്ടി ഫ്രീ ഇനങ്ങളുടെ പട്ടികയില്‍ ഒന്‍പതെണ്ണം കൂടി ചേര്‍ത്തു.
  • തുകല്‍ മേഖല:
    • വെറ്റ് ബ്ലൂ ലെതറിനെ ബിസിഡിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി.
    • ക്രസ്റ്റ് ലെതറിനെ 20 % കയറ്റുമതി തീരുവയില്‍ നിന്നും ഒഴിവാക്കി.
  • സമുദ്രോത്പന്നങ്ങള്‍
    • ഫ്രോസണ്‍ ഫിഷ് പേസ്റ്റിന്റെ (സുരിമി) യും അതിന്റെ അനുബന്ധ ഉത്പന്നങ്ങളുടെയും നിര്‍മ്മാണത്തിനും കയറ്റുമതിക്കുമുള്ള ബിസിഡി 30%ല്‍ നിന്നും 5% ആയി കുറച്ചു.
    • മത്സ്യ, ചെമ്മീന്‍ തീറ്റകളുടെ നിര്‍മ്മാണത്തിനുള്ള ഫിഷ് ഹൈഡ്രേലേറ്റ്‌സിന്റെ ബിസിഡി 15 % ല്‍ നിന്നും 5% ആയി കുറച്ചു.
  • റെയില്‍വേ ചരക്കുകള്‍ക്കുള്ള ആഭ്യന്തര എംആര്‍ഒകള്‍:
    • അറ്റകുറ്റപ്പണികള്‍ക്കുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ റെയില്‍വേ എംആര്‍ഒകള്‍ക്ക് വിമാനങ്ങള്‍, കപ്പല്‍ എംആര്‍ഒകള്‍ക്കു സമാനമായ പ്രയോജനം ലഭിക്കും.
    • ഇത്തരം സാധനങ്ങളുടെ കയറ്റുമതിക്കുള്ള സമയപരിധി ആറു മാസത്തില്‍ നിന്നും ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കുകയും ഒരു വര്‍ഷത്തേക്കു കൂടി നീട്ടാവുന്ന രീതിയിലാക്കുകയും ചെയ്തു.

വ്യാപാര സൗകര്യം:

  • താത്ക്കാലിക മൂല്യനിര്‍ണ്ണയത്തിനുള്ള സമയപരിധി:
താത്കാലിക മൂല്യനിര്‍ണ്ണയം അന്തിമമാക്കുന്നതിന്, രണ്ടു വര്‍ഷത്തെ സമയപരിധി നിശ്ചയിച്ചിരുന്നത് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാവുന്നതാണ്.
  • സ്വമേധയാ പാലിക്കേണ്ടവ:
ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ചരക്കുകള്‍ ക്ലിയര്‍ ചെയ്ത ശേഷം വിവരങ്ങള്‍ സ്വമേധയാ പ്രഖ്യാപിക്കാനും പിഴ കൂടാതെ പലിശ സഹിതം തീരുവ അടയ്ക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തുന്നു.
  • അന്തിമ ഉപയോഗത്തിനുള്ള ദീര്‍ഘിപ്പിച്ച സമയം:
    • പ്രസക്തമായ നിയമങ്ങള്‍ അനുസരിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ അന്തിമ ഉപയോഗത്തിനുള്ള സമയപരിധി ആറു മാസത്തില്‍ നിന്നും ഒരു വര്‍ഷമാക്കി.
    • അത്തരം ഇറക്കുമതിക്കാര്‍ പ്രതിമാസ സ്റ്റേറ്റ്‌മെന്റിനു പകരം ത്രൈമാസ സ്റ്റേറ്റ്‌മെന്റുകള്‍ മാത്രമേ ഫയല്‍ ഫയല്‍ ചെയ്താല്‍ മതി.

*******


(Release ID: 2098549) Visitor Counter : 64