പ്രധാനമന്ത്രിയുടെ ഓഫീസ്
'സാമൂഹിക ഉൾപ്പെടുത്തലും, പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ ജി 20 സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
Posted On:
18 NOV 2024 9:19PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജി 20 ഉച്ചകോടിയിലെ ഉദ്ഘാടന വേളയിൽ ‘സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ നടന്ന സെഷനെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബ്രസീലിന്റെ ജി20 കാര്യപരിപാടിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ സമീപനം ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ന്യൂഡൽഹി ജി 20 ഉച്ചകോടിയുടെ ജനകേന്ദ്രീകൃത തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇന്ത്യൻ ജി 20 അധ്യക്ഷതയിലെ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന ആഹ്വാനം റിയോ സംഭാഷണങ്ങളിൽ പ്രതിധ്വനിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.
പട്ടിണിയും ദാരിദ്ര്യവും കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ സംരംഭങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ 250 ദശലക്ഷം പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും രാജ്യത്തെ 800 ദശലക്ഷം പേർക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 'അടിസ്ഥാന തത്വങ്ങളിലേക്കുള്ള തിരിച്ചുപോക്കും ഭാവിയിലേക്കുള്ള യാത്രയും' ( Back to Basics and March to Future) അടിസ്ഥാനമാക്കിയുള്ള സമീപനം ഫലം നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. വനിതകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ആഫ്രിക്കയിലും മറ്റും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ ഇന്ത്യ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പശ്ചാത്തലത്തിൽ പട്ടിണിയ്ക്കും ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിയൻ സംരംഭത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ സൃഷ്ടിച്ച ഭക്ഷണം, ഇന്ധനം, വളം പ്രതിസന്ധികൾ ഗ്ലോബൽ സൗത്തിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും അതിനാൽ അവരുടെ ആശങ്കകൾക്ക് പ്രഥമ പരിഗണന നൽകണമെന്നും ശ്രീ മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം ഇവിടെ കാണാം
***
SK
(Release ID: 2074462)
Visitor Counter : 26