പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ (എഇപി) പിന്തുണയോടെ ഇൻഡോ-പസഫിക് സംബന്ധിച്ച ആസിയാന്‍ കാഴ്ചപ്പാടിന്റെ (എഒഐപി) പശ്ചാത്തലത്തില്‍ മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിനുള്ള സംയുക്ത പ്രസ്താവന

Posted On: 10 OCT 2024 5:41PM by PIB Thiruvananthpuram

ഞങ്ങൾ, അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിലെ (ആസിയാന്‍) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും, 2024 ഒക്ടോബര്‍ 10-ന് ലാവോ പിഡിആറിലെ വിയന്റിയനില്‍ 21-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയുടെ വേളയിൽ ഒത്തുകൂടി.

ആസിയാന്‍-ഇന്ത്യ അനുസ്മരണ ഉച്ചകോടിയുടെ ദീർഘവീക്ഷണാത്മക പ്രസ്താവന (2012), ആസിയാന്‍-ഇന്ത്യ സംഭാഷണബന്ധത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസിയാന്‍-ഇന്ത്യ അനുസ്മരണ ഉച്ചകോടിയുടെ ഡല്‍ഹി പ്രഖ്യാപനം (2018), മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കുമായുള്ള ഇന്‍ഡോ-പസഫിക്ക് കാഴ്ചപ്പാടിനെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണത്തില്‍ സഹകരണം സംബന്ധിച്ച ആസിയാന്‍-ഇന്ത്യ സംയുക്ത പ്രസ്താവന (2021), ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന (2022), സമുദ്ര സഹകരണത്തെക്കുറിച്ചുള്ള ആസിയാന്‍-ഇന്ത്യ സംയുക്ത പ്രസ്താവന (2023), പ്രതിസന്ധികളോടുള്ള പ്രതികരണമായി ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും ശക്തിപ്പെടുത്തുന്നതിനുള്ള ആസിയാന്‍-ഇന്ത്യ സംയുക്ത നേതാക്കളുടെ പ്രസ്താവന (2023) എന്നിവയില്‍ പറഞ്ഞവ ഉള്‍പ്പെടെ, 1992ല്‍ സ്ഥാപിതമായതുമുതല്‍ ആസിയാന്‍-ഇന്ത്യ സംഭാഷണ ബന്ധങ്ങളെ നയിച്ച അടിസ്ഥാന തത്വങ്ങള്‍, പൊതുവായ മൂല്യങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയാല്‍ നയിക്കപ്പെടുന്ന ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു,

ആസിയാന് മുന്‍ഗണന നല്‍കുന്ന രാഷ്ട്രീയസുരക്ഷ, സാമ്പത്തികം, സാംസ്‌കാരികം, ജനങ്ങളുമായുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണത്തിലൂടെ ആസിയാന്‍-ഇന്ത്യ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സംഭാവന നല്‍കിയ ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ദശകത്തെ സ്വാഗതം ചെയ്യുന്നു.

ഇൻഡോ-പസഫിക്കിലെ വിവിധ കടലുകളെയും സമുദ്രങ്ങളെയും ഉള്‍ക്കൊള്ളുന്ന, തെക്കുകിഴക്കന്‍ ഏഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള കര-സമുദ്ര പാതകളിലൂടെ സുഗമമാക്കിയ ആഴത്തിലുള്ള നാഗരിക ബന്ധങ്ങളും വിവിധതരത്തിലുള്ള സാംസ്‌കാരിക വിനിമയങ്ങളും അംഗീകരിക്കുന്നു. ഇത് ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന് കരുത്തുറ്റ അടിത്തറയേല്‍കുന്നു.

ആക്ട് ഈസ്റ്റ് നയത്തിന്റെ ദശാബ്ദത്തോടനുബന്ധിച്ച് ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതല്‍ കരുത്തേകുന്നതിനായി 2024ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും സംരംഭങ്ങളെയും സ്വാഗതം ചെയ്യുന്നു.

ആസിയാന്‍-ഇന്ത്യ ഉച്ചകോടി, കിഴക്കനേഷ്യ ഉച്ചകോടി (EAS), ഇന്ത്യയുമായുള്ള മന്ത്രിതലാനന്തര സമ്മേളനം (PMC+1), ആസിയാന്‍ പ്രാദേശിക വേദി (ARF), ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ മീറ്റിങ് പ്ലസ് (ADMM-Plus), വിപുലീകരിച്ച ആസിയാന്‍ മാരിടൈം ഫോറം (EAMF) എന്നിവയുള്‍പ്പെടെ ആസിയാന്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങളിലൂടെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും, ആസിയാന്‍ സംയോജനത്തിനുള്ള പിന്തുണയ്ക്കും, ആസിയാന്‍ സമ്പര്‍ക്കസൗകര്യത്തിനുള്ള 2025ലെ ആസൂത്രണപദ്ധതി (MPAC), ആസിയാന്‍ സംയോജന ഉദ്യമം (IAI), ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്‍ കാഴ്ചപ്പാട് (AOIP) എന്നിവ ഉള്‍പ്പെടെയുള്ള ആസിയാന്‍ സമൂഹനിര്‍മാണ പ്രക്രിയകളെയും വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക വാസ്തുവിദ്യയില്‍ ആസിയാന്‍ കേന്ദ്രീകരണത്തിനും ഐക്യത്തിനുമുള്ള ഇന്ത്യയുടെ പിന്തുണയെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നു.

1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമത്തിന്റെ (UNCLOS) സാര്‍വത്രികവും ഏകീകൃതവുമായ സ്വഭാവത്തിന് ആമുഖത്തില്‍ ഊന്നല്‍ നല്‍കുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ (UNGA) പ്രമേയം A/RES/78/69 കണക്കിലെടുത്ത്, സമുദ്രങ്ങളിലെയും കടലുകളിലെയും എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ട നിയമപരമായ ചട്ടക്കൂട് സമ്മേളനം നിശ്ചയിക്കുന്നുവെന്നും സമുദ്ര മേഖലയിലെ ദേശീയ- പ്രാദേശിക- ആഗോള പ്രവര്‍ത്തനങ്ങൾക്കും സഹകരണത്തിനും അടിസ്ഥാനമെന്ന നിലയില്‍ തന്ത്രപരമായ പ്രാധാന്യമുണ്ടെന്നും അതിന്റെ സമഗ്രത നിലനിര്‍ത്തേണ്ടതുണ്ടെന്നും ആവര്‍ത്തിക്കുന്നു.

പൊതുവായ ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശ്വാസവും ആത്മവിശ്വാസവം, പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലുമുള്ള കരുത്തുറ്റ വിശ്വാസം, നിയമവാഴ്ചയോടും യുഎന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളോടുമുള്ള കൂട്ടായ പ്രതിബദ്ധത എന്നിവയിലൂടെ, മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇൻഡോ-പസഫിക് സംബന്ധിച്ച ആസിയാന്‍ കാഴ്ചപ്പാടിൽ സഹകരണം സംബന്ധിച്ച ആസിയാന്‍-ഇന്ത്യ സംയുക്ത പ്രസ്താവന നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നു.


ഉയർന്നുവരുന്ന ബഹുധ്രുവ ആഗോള രൂപകൽപ്പനയ്ക്കിടയിൽ ആസിയാന്റെ വര്‍ധിച്ചുവരുന്ന ആഗോള പ്രസക്തിയും അതുല്യമായ ഏകോപന ശക്തിയും അംഗീകരിച്ചുകൊണ്ടും, പ്രധാന അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്നതും സജീവവുമായ പങ്ക് രേഖപ്പെടുത്ത‌ിയും ബഹുസ്വരത, യുഎന്‍ ചാര്‍ട്ടറില്‍ പ്രതിപാദിച്ചിരിക്കുന്ന ലക്ഷ്യങ്ങളും തത്വങ്ങളും, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരം എന്നിവ ഉയര്‍ത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുന്നു.

ഇനിപ്പറയുന്നവ പ്രഖ്യാപിക്കുന്നു:

1. സമാധാനം, സ്ഥിരത, സമുദ്ര സുരക്ഷ, മേഖലയിലെ സഞ്ചാര സ്വാതന്ത്ര്യവും സമുദ്രയാത്ര നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം, തടസ്സമില്ലാത്ത നിയമാനുസൃത സമുദ്ര വ്യാപാരം ഉള്‍പ്പെടെ സമുദ്രത്തിന്റെ മറ്റ് നിയമാനുസൃത ഉപയോഗങ്ങള്‍, 1982ലെ UNCLOS ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട തത്വങ്ങൾ, അന്താരാഷ്ട്ര വ്യോമയാന സംഘടന (ICAO), അന്താരാഷ്ട്ര സമുദ്ര സംഘടന (IMO) എന്നിവ ശുപാര്‍ശ ചെയ്ത പ്രസക്തമായ മാനദണ്ഡങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കൽ. ഇക്കാര്യത്തില്‍, ദക്ഷിണ ചൈനാ കടലിലെ കക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം (DOC) പൂർണമായും ഫലപ്രദമായും നടപ്പാക്കുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. കൂടാതെ 1982 ലെ UNCLOS ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദക്ഷിണ ചൈനാ കടലില്‍ ഫലപ്രദവും ഗണ്യവുമായ പെരുമാറ്റച്ചട്ടം (COC) വേഗത്തില്‍ പൂർത്തീകരിക്കുന്നതിനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

2. 2023 ലെ ആദ്യത്തെ ആസിയാന്‍-ഇന്ത്യ സമുദ്ര അഭ്യാസം (AIME), ഭീകരവാദ വിരുദ്ധ ADMM-Plus വിദഗ്ധരുടെ കർമസമിതിയുടെ (2024-2027) സഹ അധ്യക്ഷപദം, 2022 ല്‍ ആസിയാന്‍-ഇന്ത്യ പ്രതിരോധ മന്ത്രിമാരുടെ അനൗപചാരിക യോഗത്തില്‍ പ്രഖ്യാപിച്ച രണ്ട് സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന്റെ (ADMM-Plus) ചട്ടക്കൂടിനുള്ളില്‍ പ്രതിരോധത്തിലും സുരക്ഷയിലും നിലവിലുള്ള സഹകരണം വര്‍ധിപ്പിക്കൽ.

3. സമുദ്ര സുരക്ഷ, ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ, സൈബര്‍ സുരക്ഷ, സൈനിക വൈദ്യശാസ്ത്രം, രാജ്യാന്തര കുറ്റകൃത്യങ്ങള്‍, പ്രതിരോധ വ്യവസായം, മാനുഷിക സഹായം, ദുരന്ത നിവാരണം, സമാധാന പരിപാലനം, കുഴിബോംബ് നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങള്‍, ആത്മവിശ്വാസം വളര്‍ത്തല്‍ നടപടികള്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തൽ. സന്ദര്‍ശനങ്ങള്‍, സംയുക്ത സൈനികാഭ്യാസം, സമുദ്ര അഭ്യാസം, നാവിക കപ്പലുകളുടെ തുറമുഖ സന്ദർശനങ്ങൾ, പ്രതിരോധ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലൂടെ ഇത് കൈവരിക്കാനാകും.

4. സമുദ്ര സഹകരണം സംബന്ധിച്ച ആസിയാന്‍ -ഇന്ത്യ സംയുക്ത പ്രസ്താവന നടപ്പാക്കുക, സമുദ്ര സുരക്ഷ, നീല സമ്പദ്‌വ്യവസ്ഥ, സുസ്ഥിര മത്സ്യബന്ധനം, സമുദ്ര പരിസ്ഥിതി സംരക്ഷണം, സമുദ്ര ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം തുടർന്നുകൊണ്ടുപോകൽ.

5. ആഗോള ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിനും പൊതു ലക്ഷ്യങ്ങളും പൊരുത്തപ്പെടുന്ന സംരംഭങ്ങളും പിന്തുടരുന്നതിനും നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും യുഎന്നിലൂടെയും ബഹുമുഖ പ്രക്രിയകളിലൂടെയും ബഹുമുഖത ശക്തിപ്പെടുത്തുന്നതിനായി പ്രോത്സാഹിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യൽ.

6. AOIP-യും ഇൻഡോ-പസഫിക് സമുദ്ര സംരംഭവും (IPOI) തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലൂടെ മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള AOIP-യിലെ സഹകരണത്തെക്കുറിച്ചുള്ള ആസിയാന്‍-ഇന്ത്യ സംയുക്ത പ്രസ്താവന കെട്ടിപ്പടുക്കൽ.

7. വ്യവസായങ്ങൾ കൂടുതൽ ഫലപ്രദവും ഉപയോക്തൃസൗഹൃദപരവും ലളിതവും വ്യാപാരത്തിന് അനുയോജ്യമാക്കുന്നതിനും നിലവിലെ ആഗോള വ്യാപാര സമ്പ്രദായങ്ങൾക്കു പ്രസക്തമാക്കുന്നതിനും പരസ്പര പ്രയോജനകരമായ ക്രമീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആസിയാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ (AITIGA) അവലോകനം വേഗത്തിലാക്കൽ.

8. സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിന് പരസ്പര താല്‍പ്പര്യമുള്ള മേഖലകളിൽ വിതരണ ശൃംഖലകളിലെ അപായസാധ്യതകള്‍ തിരിച്ചറിയുന്നതിനും സജീവമായി അഭിസംബോധന ചെയ്യുന്നതിനുമുള്ള വിവരങ്ങള്‍ കൈമാറുന്നതിന് വൈവിധ്യമാര്‍ന്നതും സുരക്ഷിതവും സുതാര്യവും അതിജീവനശേഷിയുള്ളതുമായ വിതരണശൃംഖലകള്‍ പ്രോത്സാഹിപ്പിക്കൽ.


9. നിർമിതബുദ്ധി (AI), ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), റോബോട്ടിക്‌സ്, ക്വാണ്ടം കംപ്യൂട്ടിങ്, 6-ജി സാങ്കേതികവിദ്യ, ഡിജിറ്റൽ വിനിമയക്ഷമതയിലും സാമ്പത്തിക സാങ്കേതികവിദ്യയിലും പ്രത്യേക ഊന്നൽ നൽകി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യൽ എന്നിവയുൾപ്പെടെ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ സഹകരിക്കൽ

10. സംയുക്ത പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റൽ ഭാവിക്കായുള്ള ആസിയാൻ-ഇന്ത്യ നിധിയുടെ സമാരംഭത്തെ സ്വാഗതം ചെയ്യുന്നു.

11. ന‌ിർമിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള പുരോഗതിയിലൂടെ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിക്കും വിപുലീകരണത്തിനും സാധ്യതയുണ്ട് എന്നതു കണക്കിലെടുക്കുമ്പോൾ, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നിർമിതബുദ്ധിയുടെ അന്താരാഷ്ട്ര നിർവഹണത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകളിലൂടെയും സുരക്ഷിതവും ഉത്തരവാദിത്വപൂർണവും വിശ്വസനീയവുമായ വിധത്തിൽ ന‌ിർമിതബുദ്ധിയുടെ എല്ലാ സാധ്യതകളും തുറക്കുന്നതിന് സഹകരിക്കുക. ജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിച്ച് ഉത്തരവാദിത്വപൂർണവും ഏവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവുമായ രീതിയിൽ വെല്ലുവിളികൾ പരിഹരിച്ച് പൊതുനന്മയ്ക്കായി നിർമിതബുദ്ധി പ്രയോജനപ്പെടുത്താൻ നാം ശ്രമിക്കണം.

12. സുസ്ഥിര സാമൂഹിക സാമ്പത്തിക വികസനവും സാമ്പത്തിക അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ വിനോദസഞ്ചാരത്തിന്റെ നിർണായക പങ്ക് തിരിച്ചറിയുന്നതിനൊപ്പം സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗങ്ങളിൽ ഒന്ന് എന്ന നിലയിലും, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2025 ആസിയാൻ-ഇന്ത്യ വിനോദസഞ്ചാരവർഷമായി ആഘോഷിക്കാനുള്ള നിർദേശത്തിന് അനുസൃതമായി പ്രവർത്തിക്കുക. ഈ ഉദ്യമത്തിൽ, ആസിയാൻ-ഇന്ത്യ വിനോദസഞ്ചാര സഹകരണ പ്രവർത്തന പദ്ധതി 2023-2027 നടപ്പാക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു; ഒപ്പം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയ്ക്കുള്ള സംയുക്ത പരിപാടികളെ പിന്തുണയ്ക്കുന്നതിനുള്ള ആഴത്തിലുള്ള സഹകരണം പര്യവേക്ഷണം ചെയ്യലും. യാത്രാപങ്കാളികൾക്കിടയിൽ വ്യവസായ ശൃംഖലകളുടെ വിപുലീകരണം, സുസ്ഥിരവും ഉത്തരവാദിത്വമുള്ളതുമായ വിനോദസഞ്ചാര സമ്പ്രദായം, അതുപോലെ വിനോദസഞ്ചാര പ്രവണതകളുടെയും വിവരങ്ങളുടെയും കൈമാറ്റം എന്നിവയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, പ്രതിസന്ധിസമയത്തെ ആശയവിനിമയം മെച്ചപ്പെടുത്തൽ, വിനോദസഞ്ചാര നിക്ഷേപ അവസരങ്ങളുടെ പ്രോത്സാഹനം, ഒപ്പം പ്രധാന വിപണികൾ, ക്രൂയിസ് വിനോദസഞ്ചാരം, വിനോദസഞ്ചാര മാനദണ്ഡങ്ങൾ എന്നിവയുടെ വികസനവും സംയുക്ത പ്രോത്സാഹനവും ഞങ്ങൾ പിന്തുണയ്ക്കുന്നു.

13. ഗവേഷണവും വികസനവും (R&D), പൊതുജനാരോഗ്യ അടിയന്തിര തയ്യാറെടുപ്പ്, ആരോഗ്യപരിപാലന വിദഗ്ധരുടെ പരിശീലനം, മെഡിക്കൽ സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, വാക്സിൻ സുരക്ഷയും സ്വയംപര്യാപ്തതയും, വാക്സിൻ വികസനവും ഉൽപ്പാദനവും, പൊതുവായതും പരമ്പരാഗതവുമായ വൈദ്യശാസ്ത്രം എന്നിവ ഉൾപ്പെടെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിൽ സഹകരണം വർധിപ്പിച്ച് ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ.

14. ജൈവവൈവിധ്യവും കാലാവസ്ഥാവ്യതിയാനവും അടക്കമുള്ള പരിസ്ഥിതിമേഖലയിലെ സഹകരണം വർധിപ്പിക്കൽ. കൂടാതെ 2021-2025 ലെ ഊർജ സഹകരണത്തിനായുള്ള ആസിയാൻ പ്രവർത്തനപദ്ധതിക്ക് അനുസൃതമായി സംശുദ്ധവും പുനരുപയോഗിക്കാവുന്നതും കാർബൺ ബഹിർഗമനം കുറവുളളതുമായ  ഊർജ മേഖലയിലെ സഹകരണവും ഊർജ്ജസുരക്ഷയും ഉറപ്പുവരുത്തും. ഇന്ത്യയുടെ പുനരുപയോഗ ഊർജ മുൻഗണനകളും മറ്റ് ദേശീയ മാതൃകകളും ജൈവ-ചാക്രിക-ഹരിത വികസനം പോലുള്ള മുൻഗണനകളും ഉൾപ്പെടെ,  ഊർജസുരക്ഷാ രംഗത്തെ സഹകരണം.

15. ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യ (CDRI) ചട്ടക്കൂടിലൂടെയും, ദുരന്തനിവാരണ  മാനവികസഹായത്തിനായുള്ള ആസിയാൻ ഏകോപനകേന്ദ്രവും (AHA കേന്ദ്രം), ദേശീയ ദുരന്തനിവാരണ ഏജൻസിയും (NDMA) തമ്മിലുള്ള നിർദിഷ്ട ഉദ്ദേശ്യപത്രത്തിലൂടെയും അറിവ് പങ്കിടലും മികച്ച സമ്പ്രദായങ്ങളും ശേഷി മെച്ചപ്പെടുത്തലും സാങ്കേതിക സഹായവും വഴി ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളും കാലാവസ്ഥാവ്യതിയാനം ചെറുക്കലും പ്രോത്സാഹിപ്പിക്കൽ.

16. ഇൻഡോ-പസഫിക് മേഖലയിൽ തടസ്സമില്ലാത്ത സമ്പർക്കസൗകര്യം ഉറപ്പാക്കുന്നതിനായി ആസിയാൻ സമ്പർക്കസൗകര്യത്തിനായുള്ള 2025-ലെ ആസൂത്രണപദ്ധതിയും (MPAC) അതിന്റെ പിന്തുടർച്ചാരേഖയായ ആസിയാൻ സമ്പർക്കസൗകര്യ തന്ത്രപ്രധാന പദ്ധതിയും (ACSP) ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയവുംമേഖലയ്ക്കായുള്ള സുരക്ഷ-വളർച്ച (സാഗർ) കാഴ്ചപ്പാടിന് കീഴിലുള്ള മേഖലയിലെ ഇന്ത്യയുടെ സമ്പർക്കസൗകര്യ സംരംഭങ്ങളും തമ്മിലുള്ള സമന്വയം പര്യവേക്ഷണം ചെയ്ത്, "സമ്പർക്കസൗകര്യങ്ങൾ കൂട്ടിയിണക്കൽ" എന്ന സമീപനത്തിന് അനുസൃതമായി ആസിയാനും ഇന്ത്യയും തമ്മിലുള്ള സമ്പർക്കസൗകര്യം വർധിപ്പിക്കൽ. ഇന്ത്യ-മ്യാന്മർ-തായ്ലൻഡ് (ഐഎംടി) ത്രികക്ഷി ഹൈവേയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിലൂടെയും പ്രവർത്തനത്തിലൂടെയും കിഴക്കോട്ട് ലാവോ പിഡിആർ, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെയും ഗുണനിലവാരമുള്ളതും സുസ്ഥിരവും ഊർജസ്വലവുമായ അടിസ്ഥാനസൗകര്യങ്ങൾക്കായി സഹകരിക്കുന്നതിലൂടെയും കര, വ്യോമ, സമുദ്ര മേഖലകളിലെ ഗതാഗത മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിലൂടെയുമാണ് ഇതു സാധ്യമാക്കുന്നത്.

17. നിലവിലെ ആഗോള യാഥാർഥ്യങ്ങളോടും ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും പ്രതികരിക്കുന്ന, ജനാധിപത്യപരവും സന്തുലിതവും പ്രാതിനിധ്യപരവും പ്രതികരണശേഷിയുള്ളതുമായ ഉദ്ദേശ്യങ്ങൾക്ക് അവയെ അനുയോജ്യമാക്കുന്നതിനായി, ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര ധനകാര്യ ഘടന, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര വികസന ബാങ്കുകൾ എന്നിവയുൾപ്പെടെ ബഹുമുഖ ആഗോള ഭരണ ഘടനയുടെ സമഗ്രമായ പരിഷ്കരണത്തിനും ബഹുമുഖത ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകി.

18. സമഗ്രവും സന്തുലിതവുമായ അന്താരാഷ്ട്ര കാര്യപരിപാടിക്ക് ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭ ചട്ടക്കൂട് കൺവെൻഷനിലെ (യുഎൻഎഫ്സിസിസി) 'പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങളും അതത് കഴിവുകളും' (സിബിഡിആർ-ആർസി) എന്ന തത്വം പ്രസക്തമായ എല്ലാ ആഗോള വെല്ലുവിളികൾക്കും ബാധകമാണെന്ന് അംഗീകരിച്ച്, ഗ്ലോബൽ സൗത്തിന്റെ ആശങ്കകളോടും മുൻഗണനകളോടും ഇതു പ്രതികരിക്കുന്നു.

19. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐഒആർഎ), ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ (ബിംസ്റ്റെക്), ഇന്തോനേഷ്യ-മലേഷ്യ-തായ്ലൻഡ് ഗ്രോത്ത് ട്രയാംഗിൾ, (ഐഎംടി-ജിടി), സിംഗപ്പൂർ-ജോഹോർ-റിയാവു (സിജോറി) ഗ്രോത്ത് ട്രയാംഗിൾ, ബ്രൂണൈ ദാറുസ്സലാം-ഇന്തോനേഷ്യ-മലേഷ്യ-ഫിലിപ്പീൻസ് ഈസ്റ്റ് ആസിയാൻ വളർച്ചാ മേഖല (ബിംപ്-ഇഎജിഎ), മെകോങ്-ഗംഗ സഹകരണവും (എംജിസി) അയെയവാഡി ചാവോ ഫ്രായ-മെകോങ് സാമ്പത്തിക സഹകരണ തന്ത്രവും (എസിഎംഇസിഎസ്) ഉൾപ്പെടെയുള്ള മെകോങ് ഉപ-പ്രാദേശിക സഹകരണ ചട്ടക്കൂടുകൾ പോലുള്ള ഉപ-പ്രാദേശിക ചട്ടക്കൂടുകളുമായി സമന്വയസാധ്യത പര്യവേക്ഷണം ചെയ്യൽ; ആസിയാന്റെയും ഇന്ത്യയുടെയും സമഗ്രവും പരസ്പരവുമായ വളർച്ചയും വികസനവുമായി ഉപമേഖലാ വളർച്ചയെ യോജിപ്പിച്ചുകൊണ്ട് തുല്യമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആസിയാന്റെയും ഇന്ത്യയുടെയും ശ്രമങ്ങളെ പിന്തുണയ്ക്കൽ.

20. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം പൊതു താൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ തുടർന്നും ഒരുമിച്ചു പ്രവർത്തിക്കുക.

****

NK



(Release ID: 2064029) Visitor Counter : 22